പലസ്തീന്‍ ജനതയോടും അറബ് പ്രശ്നങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കമ്യൂണിസ്റ്റ് തൊഴിലാളി പാര്‍ടികളുടെ അന്താരാഷ്ട്ര അസാധാരണ സമ്മേളനം വിജയകരമായി സംഘടിപ്പിച്ച സിറിയന്‍ സഖാക്കളെ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിന്റെ പേരില്‍ ഞാന്‍ ആദ്യമേ തന്നെ അഭിവാദ്യം ചെയ്യുകയാണ്. പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത് നീതിബോധമുള്ള മനുഷ്യരുടെയെല്ലാം സ്വാഭാവിക വികാരമാണ്. "സ്വാഭാവിക വികാരം'' എന്ന് ഞാന്‍ പറഞ്ഞതിന് കാരണമുണ്ട്. "ഇംഗ്ളണ്ട് ഇംഗ്ളീഷുകാര്‍ക്കും ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കും അവകാശപ്പെട്ടതാണ് എന്ന അതേ അര്‍ത്ഥത്തില്‍ പലസ്തീന്‍ അറബികള്‍ക്ക് അവകാശപ്പെട്ടതാണ്. അറബികള്‍ക്കുമേല്‍ ജൂതന്മാരെ കെട്ടിയേല്‍പ്പിക്കുന്നത് തെറ്റും മനുഷ്യത്വരഹിതവുമാണ്. ഇന്ന് പലസ്തീനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിനെ ഒരു ധാര്‍മ്മിക നീതി സംഹിതയുടെ പേരിലും ന്യായീകരിക്കാനാവില്ല''. 1938 ല്‍ തന്നെ മഹാത്മാഗാന്ധി പറഞ്ഞ വാക്കുകളാണിത്. ഈ വാക്കുകള്‍ ഇന്ന് ഏറെ പ്രസക്തമായിരിക്കുന്നു.
ഇന്ത്യന്‍ ജനത എക്കാലത്തും പലസ്തീന്‍ ലക്ഷ്യത്തെ പിന്തുണച്ചിരുന്നു; പലസ്തീനിലെ നിയമവിരുദ്ധ അധിനിവേശത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു. പലസ്തീന്‍ വിമോചന സംഘടന (പി.എല്‍.ഒ) യെ പലസ്തീന്‍ ജനതയുടെ ഒരേയൊരു പ്രതിനിധിയായി 1974ല്‍ തന്നെ അംഗീകരിച്ച, അറബ് രാഷ്ട്രങ്ങള്‍ക്കു പുറത്തുള്ള, ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 1988ല്‍ പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച ആദ്യ അറബ് ഇതര രാജ്യവും ഇന്ത്യയാണ്. ഗാസയിലും വെസ്റ്റ് ബാങ്കിലും നിയമവിരുദ്ധ അധിനിവേശം തുടരുന്നതിനെ ഇന്ത്യ എക്കാലത്തും എതിര്‍ത്തിരുന്നു. ഈ വികാരത്തോടെയും ചരിത്രപരമായ ഉത്തരവാദിത്വത്തോടെയുമാണ് ഞങ്ങള്‍ പലസ്തീന്‍ ജനതയുടെ പോരാട്ടത്തിന് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നത്. ഇന്ത്യയിലെ കമ്യുണിസ്റ്റുകാര്‍ മാത്രമല്ല, ഇന്ത്യന്‍ ജനത ഒന്നടങ്കം പലസ്തീന്‍ ജനതയ്ക്കൊപ്പമാണ്.
ലെനിന്‍ പ്രസ്താവിക്കുന്നു. "സാമ്രാജ്യത്വം നിലനില്‍ക്കുന്നത് രാഷ്ട്രങ്ങളെ തമ്മില്‍ തല്ലിച്ചുകൊണ്ടാണ്; നിരവധി രാഷ്ട്രങ്ങളെ അത് അടിച്ചമര്‍ത്തുന്നു; അടിച്ചമര്‍ത്തല്‍ വര്‍ദ്ധിപ്പിക്കുകയും വ്യാപിപ്പിക്കുകയുമാണ്''. ലോകസാമ്രാജ്യത്വ ചേരിയുടെ നായകനായ അമേരിക്കയാണ്, അതിന്റെ ചെരുപ്പ് നക്കിയായ ഇസ്രയേലുമായി ചേര്‍ന്ന് മധ്യപൂര്‍വ്വദേശത്തെ ജനങ്ങളെ, പ്രത്യേകിച്ച് പലസ്തീന്‍ ജനതയെ അടിച്ചമര്‍ത്തുന്നത്. യഥാര്‍ത്ഥത്തില്‍ ഇസ്രയേല്‍ അമേരിക്കയുടെ മറുനാടന്‍ താവളമാണ്; ഈ മേഖലയിലാകെ ആധിപത്യം ഉറപ്പിക്കാന്‍ അമേരിക്ക ഉപയോഗിക്കുന്ന ഒരു ഉന്നത സാങ്കേതിക വിദ്യാ കേന്ദ്രമാണത്. പലസ്തീന്‍ ജനതയുടെ ജീവിതവും ജന്മനാട്ടിലുള്ള അവരുടെ അവകാശവും നിഷേധിച്ചുകൊണ്ട് ആ ജനതയ്ക്കെതിരെ ഇസ്രയേല്‍ കിരാതമായ ആക്രമണം അഴിച്ചുവിടുന്നത് ലോക സാമ്രാജ്യത്വത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയോടെയാണ്. നിരവധി ഐക്യരാഷ്ട്ര പ്രമേയങ്ങളെ നഗ്നമായി ലംഘിച്ചുകൊണ്ടാണ് പലസ്തീന്‍ ഭൂപ്രദേശത്തിനുമേലുള്ള നിയമവിരുദ്ധ അധിനിവേശം ഇസ്രയേല്‍ തുടരുന്നത്. പലസ്തീന്‍ ഭൂപ്രദേശങ്ങള്‍ക്കുമേലുള്ള ഇസ്രയേലിന്റെ നിയമവിരുദ്ധ അധിനിവേശവും ഗാസയ്ക്കുനേരെ അടിച്ചേല്‍പിച്ചിരിക്കുന്ന കിരാതമായ ഉപരോധവും പലസ്തീന്‍ ജനതയുടെ ഉപജീവനമാര്‍ഗ്ഗം തന്നെ ഇല്ലാതാക്കിയിരിക്കുകയാണ്. ഇസ്രയേലിന്റെ സമീപനത്തെ എതിര്‍ക്കുന്ന ലോകാഭിപ്രായത്തെ തൃണവല്‍ഗണിച്ചുകൊണ്ട് അവര്‍ തങ്ങളുടെ ആക്രമണനയം തുടരുകയാണ്.
യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് പലസ്തീന്‍ അതോറിറ്റിയുടെ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായും ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും നടത്തിയ കൂടിയാലോചനയെക്കുറിച്ചുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്, അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിക്കാന്‍ ഇസ്രയേല്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിനുപകരം പലസ്തീന്‍ ജനത ഇനിയും കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണം എന്നാണ് അമേരിക്ക ഇപ്പോഴും ആവശ്യപ്പെടുന്നത് എന്നാണ്. ചര്‍ച്ചകള്‍ക്കു പറ്റിയ അയവേറിയ അന്തരീക്ഷം ഉണ്ടാക്കുന്നതിന്റെ പേരില്‍ 'കുടിയേറ്റങ്ങള്‍ പൂര്‍ണമായി മരവിപ്പിക്കണം' എന്ന മുന്‍ നിലപാടില്‍നിന്ന് ഒബാമ പുറകോട്ട് പോയതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇസ്രയേലിനോടുള്ള അമേരിക്കയുടെ നഗ്നമായ പക്ഷപാതത്തെയാണ് ഇതു വെളിപ്പെടുത്തുന്നത്; പലസ്തീന്‍ പ്രശ്നത്തിന് ന്യായമായ പരിഹാരം കാണാന്‍ ഇപ്പോഴും അമേരിക്ക തയ്യാറല്ലെന്നാണ് ഇത് തെളിയിക്കുന്നത്.
അമേരിക്കന്‍ വിദേശ സഹായത്തിന്റെ ഏറ്റവും വലിയ പങ്ക് പറ്റുന്നത് ഇസ്രയേലാണ്. 1949 മുതല്‍ 10,100 കോടി ഡോളറാണ് ഇസ്രയേലിന് സഹായമായി അമേരിക്ക നല്‍കിയത്. അതില്‍ 5300 കോടി ഡോളറും സൈനിക സഹായമാണ്. കഴിഞ്ഞ 20ല്‍ അധികം വര്‍ഷങ്ങളായി സൈനികവും സാമ്പത്തികവുമായ സഹായം എന്ന നിലയില്‍ ഇസ്രയേലിന് പ്രതിവര്‍ഷം അമേരിക്കയില്‍നിന്ന് 300 കോടി ഡോളറാണ് ലഭിക്കുന്നത്. അടുത്ത ഒരു ദശകക്കാലത്തേക്ക് ഇസ്രയേലിന് സൈനിക സഹായമായി 3000 കോടി ഡോളര്‍ ലഭിക്കുമെന്ന് പ്രസ്താവിക്കുന്ന ഒരു ധാരണാപത്രത്തില്‍ ഇസ്രയേലും അമേരിക്കയും 2007ല്‍ ഒപ്പുവെച്ചു. ഈ സഹായധനത്തിന്റെ 74 ശതമാനവും അമേരിക്കന്‍ സൈനികോപകരണങ്ങളും സൈനിക സേവനങ്ങളും വാങ്ങുന്നതിനായി ഉപയോഗിക്കണമെന്ന വ്യവസ്ഥ മാത്രമേയുള്ളൂ. ഗാസയില്‍ ബോംബ് വര്‍ഷിക്കാന്‍ ഉപയോഗിച്ച ആളില്ലാ വിമാനങ്ങള്‍, പലസ്തീന്‍ ജനതയുടെ വീടുകള്‍ ഇടിച്ചുനിരത്തിയ ബുള്‍ഡോസറുകള്‍, തോക്കുകള്‍, ഹെലികോപ്റ്ററുകള്‍, മിസൈലുകള്‍ എന്നിവയെല്ലാം അമേരിക്കന്‍ നിര്‍മ്മിതമാണ്.
അമേരിക്ക ഇസ്രയേലിനു നല്‍കുന്ന സഹായം ആയുധങ്ങളിലും പടക്കോപ്പുകളിലും മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. മറിച്ച് എല്ലാ അന്താരാഷ്ട്ര വേദികളിലും അമേരിക്ക ഇസ്രയേലിനുവേണ്ടി നില്‍ക്കുകയുമാണ്. 1976ല്‍ പലസ്തീന്‍ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരത്തിനുവേണ്ടിയുള്ള സെക്യുരിറ്റി കൌണ്‍സില്‍ പ്രമേയത്തെ അമേരിക്ക ആദ്യമായി വീറ്റോ ചെയ്തു. ഇസ്രയേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പല പ്രാവശ്യം ലംഘിച്ചപ്പോഴും ഇസ്രയേലിനെ തുണയ്ക്കാന്‍ അമേരിക്ക നിരന്തരം ശ്രമിക്കുകയാണ്. അമേരിക്കയുടെ ഈ പിന്തുണയുടെ ബലത്തിലാണ് പൊതുജനാഭിപ്രായത്തെയും ഐക്യരാഷ്ട്രസഭ അംഗീകരിച്ച പല പ്രമേയങ്ങളെയും അവഗണിച്ച് പലസ്തീന്‍ ഭൂപ്രദേശങ്ങള്‍ക്കും പലസ്തീന്‍ ജനതയ്ക്കും എതിരായ ആക്രമണ നയം ഇസ്രയേല്‍ തുടരുന്നത്.
1993നും 1999നും ഇടയ്ക്ക് ഇസ്രയേല്‍ സര്‍ക്കാരും പിഎല്‍ഒയും തമ്മില്‍ ഓസ്ളോ മുതല്‍ കേമ്പ് ഡേവിഡ് വരെ കൂടിയാലോചനകളുടെ ഒരു പരമ്പര തന്നെ നടത്തിയിരുന്നു. ഇരുകക്ഷികളും തമ്മില്‍ പരസ്പര വിശ്വാസത്തിന്റേതായ ബന്ധം വളര്‍ത്തിയെടുക്കുകയാണെങ്കില്‍ കൂടുതല്‍ വലുതും പ്രയാസമേറിയതുമായ പ്രശ്നങ്ങള്‍ക്കുപരിഹാരം കാണാന്‍ കഴിയുമെന്ന അഭിപ്രായമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ചില അടിസ്ഥാന തത്വങ്ങളില്‍ ധാരണയില്‍ എത്തുകയും ചെയ്തു (1) വളരെ കുറഞ്ഞ ദൈര്‍ഘ്യം മാത്രമേ ഇടക്കാലഘട്ടത്തിന് പാടുള്ളൂ (2) ശാശ്വത പദവി സംബന്ധിച്ച കൂടിയാലോചകളുടെ അനന്തര ഫലത്തെക്കുറിച്ച് ഒരു മുന്‍വിധിയും പാടില്ല (3) ബലപ്രയോഗത്തിലൂടെ ഭൂപ്രദേശങ്ങളൊന്നും പിടിച്ചെടുക്കാന്‍ പാടില്ലെന്നും അധിനിവേശ പ്രദേശങ്ങളില്‍നിന്നും ഇസ്രയേല്‍ ക്രമേണ സൈന്യത്തെ പിന്‍വലിക്കണമെന്നുമുള്ള "242, 338 എന്നീ സെക്യുരിറ്റി കൌണ്‍സില്‍ പ്രമേയങ്ങള്‍ നടപ്പില്‍ വരത്തക്കവിധം'' അന്തിമ പരിഹാരം. ഈ കാലഘട്ടത്തിലുടനീളം ഇസ്രയേല്‍ ഈ കരാറുകളെ അക്ഷരാര്‍ത്ഥത്തില്‍ ലംഘിക്കുകയായിരുന്നു. അന്താരാഷ്ട്ര നിയമങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ലംഘിക്കുന്നതും ഇസ്രയേല്‍ തുടരുകയാണ്. ഇതിനെല്ലാം അമേരിക്കയുടെ പരിപൂര്‍ണ്ണ പിന്തുണയാണുള്ളത്. കാരണം, പലസ്തീന്‍ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്ന കാര്യത്തില്‍ അമേരിക്കയ്ക്ക് അല്‍പവും താല്‍പര്യമില്ല.
1967 ജൂണ്‍ 4 മുതല്‍ ഇസ്രയേല്‍ കയ്യടക്കിവെച്ചിട്ടുള്ള വെസ്റ്റ് ബാങ്കിലെയും ഗാസാ മുനമ്പിലെയും പലസ്തീന്‍ പ്രദേശങ്ങളില്‍ കിഴക്കന്‍ ജെറുസലേം തലസ്ഥാനമാക്കി സ്വതന്ത്ര പരമാധികാര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് അംഗീകരിക്കാന്‍ ഇസ്രയേല്‍ സന്നദ്ധമല്ല. ഇസ്രയേല്‍ ഈ ആവശ്യം വകവച്ചുകൊടുക്കുന്നില്ല എന്നു മാത്രമല്ല, പലസ്തീന്‍ പ്രദേശങ്ങളിലേക്കുള്ള അവരുടെ കടന്നുകയറ്റ നയം തുടരുകയുമാണ്; അവരുടെ നിയന്ത്രണത്തിലുള്ള ഭൂവിസ്തൃതി വര്‍ദ്ധിപ്പിക്കുകയുമാണ്; ഐതിഹാസികമായ പലസ്തീന്‍ ഭൂപ്രദേശത്തിന്റെ 78 ശതമാനത്തിനും 88 ശതമാനത്തിനും ഇടയ്ക്ക് ഇന്ന് ഇസ്രയേലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് തങ്ങളുടെ മാതൃഭൂമിയിലും സ്വത്തിലും അവകാശമുണ്ടെന്ന് അസന്ദിഗ്ധമായി പ്രസ്താവിക്കുന്ന യുഎന്‍ പൊതുസഭ പ്രമേയം 194 അംഗീകരിക്കാനും ഇസ്രയേല്‍ തയ്യാറല്ല. അതിനുപകരം, ഇസ്രയേല്‍ ഇപ്പോള്‍, 663 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു ഭിത്തി, 1967ലെ അവരുടെ അതിര്‍ത്തിയുടെ രണ്ടിരട്ടി ദൈര്‍ഘ്യമുള്ള ഒരു വര്‍ണ വിവേചന ഭിത്തി, നിര്‍മ്മിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
ലോകമൊന്നടങ്കം പുതുവര്‍ഷപ്പുലരിയിലേക്ക് ഉണര്‍ന്ന് എണീക്കുമ്പോള്‍ ഗാസയിലെ പലസ്തീന്‍ ജനത ഇസ്രയേല്‍ അഴിച്ചുവിടുന്ന കൊലപാതകങ്ങളിലേക്കും അക്രമ പേക്കൂത്തുകളിലേക്കുമാണ് ഉണര്‍ന്നെണീക്കുന്നത്. 1400 പലസ്തീന്‍ പൌരന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടു; ശതകോടിക്കണക്കിന് വിലയുള്ള സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടു. ഐക്യരാഷ്ട്രസഭ രൂപീകരിച്ച വസ്തുതാന്വേഷണ സമിതിയുടെ സമീപകാലത്തെ റിപ്പോര്‍ട്ട് ഇസ്രയേലിനെതിരായ ഒരു കുറ്റപത്രമായാണ് പുറത്തുവന്നത്.
'കൊല്ലപ്പെട്ട നൂറുകണക്കിന് ആളുകള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കലും' നീതി ഉറപ്പാക്കലും കേവലം ഒരു മാനുഷിക കടമ മാത്രമല്ല; അതിലുപരി ഒരു രാഷ്ട്രീയ കടമ കൂടിയാണ്. അടിസ്ഥാനപരമായും ഇതൊരു സാമ്രാജ്യത്വവിരുദ്ധ കടമയാണ് - ഈ നശീകരണങ്ങള്‍ക്ക് ഉത്തരവാദികളായ അമേരിക്കയെയും ഇസ്രയേലിനെയും മദ്ധ്യപൂര്‍വ്വദേശത്തെ അവരുടെ ദുഷ്ട പദ്ധതികളെയും തുറന്നു കാണിക്കുകയെന്ന സാമ്രാജ്യത്വ വിരുദ്ധ കടമ. പലസ്തീന്‍ ജനതയ്ക്ക് അവകാശപ്പെട്ട മാതൃഭൂമിക്കുവേണ്ടിയുള്ള പോരാട്ടവും കൂടിയാണിത്. പലസ്തീന്‍ ജനതയുടെ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനായി ലോക പൊതുജനാഭിപ്രായം സംഘടിപ്പിക്കുന്നതും എല്ലാ പലസ്തീന്‍കാരുടെയും ഐക്യത്തിനായി അഭ്യര്‍ത്ഥിക്കുന്നതും സാര്‍വദേശീയ കമ്യൂണിസ്റ്റ് തൊഴിലാളിപാര്‍ടികളുടെയാകെ ഉത്തരവാദിത്വമാണ്.
ഇസ്രയേല്‍ സര്‍ക്കാരിന്റെ അസാന്മാര്‍ഗികവും അധാര്‍മ്മികവുമായ നടപടികളെ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) അപലപിക്കുന്നു; പൊരുതുന്ന പലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം പാര്‍ടി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു. നിയമവിരുദ്ധ അധിനിവേശത്തില്‍നിന്നും ഇസ്രയേല്‍ പിന്മാറുകയും പലസ്തീന്‍ പൌരന്മാരുടെ അവകാശങ്ങളും അന്താരാഷ്ട്ര നിയമങ്ങളും അവര്‍ അംഗീകരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ കലങ്ങി മറിഞ്ഞ മദ്ധ്യപൂര്‍വ്വദേശത്ത് യഥാര്‍ത്ഥ സമാധാനം ഉറപ്പാക്കാന്‍ കഴിയൂ. മധ്യപൂര്‍വ്വദേശത്തെ അസ്ഥിരപ്പെടുത്തുന്ന സാമ്രാജ്യത്വശക്തികളുടെയും അവരുടെ ചെരുപ്പുനക്കി ഇസ്രയേലിന്റെയും എല്ലാ നീക്കങ്ങളെയും സിപിഐ എം തുടര്‍ന്നും എതിര്‍ക്കും.
മധ്യപൂര്‍വ്വദേശത്തെ ജനങ്ങളോട് പൊതുവിലും പലസ്തീന്‍ ജനതയോട് പ്രത്യേകിച്ചും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുള്ള ഒരു പ്രവര്‍ത്തന പരിപാടി നിര്‍ദ്ദേശിക്കാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്. വംശീയ വിവേചനത്തിനെതിരായ ശക്തമായ പൊതുജനാഭിപ്രായം കാരണം ദക്ഷിണാഫ്രിക്കയിലെ വംശീയ വിവേചന വാഴ്ചയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചിരുന്ന ഒരു രാജ്യത്തുനിന്നാണ് ഞാന്‍ വരുന്നത്. വംശീയ വിവേചനത്തിനെതിരായ ഞങ്ങളുടെ ശക്തമായ പ്രതിബദ്ധത വെളിപ്പെടുത്താന്‍ ഞങ്ങളുടെ പാസ്പോര്‍ട്ടുകളില്‍ "ദക്ഷിണാഫ്രിക്കയില്‍ പ്രാബല്യമുണ്ടാവില്ല'' എന്ന് രേഖപ്പെടുത്തിയിരുന്നു. ഇസ്രയേലിനോടുള്ള സമീപനവും ഇതുതന്നെയായിരുന്നു. വളരെ അടുത്ത കാലത്തായാണ് ഇസ്രയേലുമായി ഞങ്ങളുടെ രാജ്യം നയതന്ത്ര ബന്ധം സ്ഥാപിച്ചത്. ഈ ഘട്ടത്തില്‍ നിങ്ങള്‍ എല്ലാപേരും അംഗീകരിക്കുകയാണെങ്കില്‍, ഇസ്രയേലി ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാനും സാമൂഹികമായും സാമ്പത്തികമായും ഇസ്രയേലിനുമേല്‍ ബഹിഷ്കരണം ഏര്‍പ്പെടുത്താനും ആഹ്വാനം ചെയ്യുന്നതിനെക്കുറിച്ച് നമുക്ക് ആലോചിക്കാവുന്നതാണ്. ഇസ്രയേലുമായുള്ള ഇടപാടുകളെയും ബന്ധങ്ങളെയും കുറിച്ച് വീണ്ടു വിചാരം നടത്താന്‍ നമ്മുടെയെല്ലാം സര്‍ക്കാരുകള്‍ക്കുമേല്‍ നമുക്ക് സമ്മര്‍ദ്ദം ചെലുത്താം.
ഈ നിര്‍ദ്ദേശത്തെക്കുറിച്ച് ഈ സമ്മേളനം അനുകൂലമായി പരിഗണിക്കുമെന്ന ശുഭപ്രതീക്ഷയോടെ, ഈ അസാധാരണ സമ്മേളനം വിജയകരമായി സംഘടിപ്പിച്ച സിറിയന്‍ സഖാക്കളെ ഞാന്‍ ഒരിക്കല്‍ കൂടി അഭിവാദ്യം ചെയ്യുന്നു.
*
സീതാറാം യെച്ചൂരി കടപ്പാട്: ചിന്ത വാരിക ഒക്ടോബര്‍ 16, 2009
Subscribe to:
Post Comments (Atom)
2 comments:
പലസ്തീന്‍ ജനതയോടും അറബ് പ്രശ്നങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കമ്യൂണിസ്റ്റ് തൊഴിലാളി പാര്‍ടികളുടെ അന്താരാഷ്ട്ര അസാധാരണ സമ്മേളനം വിജയകരമായി സംഘടിപ്പിച്ച സിറിയന്‍ സഖാക്കളെ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിന്റെ പേരില്‍ ഞാന്‍ ആദ്യമേ തന്നെ അഭിവാദ്യം ചെയ്യുകയാണ്. പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത് നീതിബോധമുള്ള മനുഷ്യരുടെയെല്ലാം സ്വാഭാവിക വികാരമാണ്. "സ്വാഭാവിക വികാരം'' എന്ന് ഞാന്‍ പറഞ്ഞതിന് കാരണമുണ്ട്. "ഇംഗ്ളണ്ട് ഇംഗ്ളീഷുകാര്‍ക്കും ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കും അവകാശപ്പെട്ടതാണ് എന്ന അതേ അര്‍ത്ഥത്തില്‍ പലസ്തീന്‍ അറബികള്‍ക്ക് അവകാശപ്പെട്ടതാണ്. അറബികള്‍ക്കുമേല്‍ ജൂതന്മാരെ കെട്ടിയേല്‍പ്പിക്കുന്നത് തെറ്റും മനുഷ്യത്വരഹിതവുമാണ്. ഇന്ന് പലസ്തീനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിനെ ഒരു ധാര്‍മ്മിക നീതി സംഹിതയുടെ പേരിലും ന്യായീകരിക്കാനാവില്ല''. 1938 ല്‍ തന്നെ മഹാത്മാഗാന്ധി പറഞ്ഞ വാക്കുകളാണിത്. ഈ വാക്കുകള്‍ ഇന്ന് ഏറെ പ്രസക്തമായിരിക്കുന്നു.
സഗാവേ... ഹാന്‍ വംശജരുടെ അധിനിവേശം മൂലം ബുദ്ധിമുട്ടുന്ന ടിബറ്റുകരൊടും വേണം ഈ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കല്‍
Post a Comment