ആം ആദ്മിയുടെ പേരില്‍ ആണയിട്ടാണ് മന്‍മോഹന്‍ സിങ്ങും സംഘവും 14-ാം ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബജറ്റില്‍ ധനമന്ത്രി സാമൂഹ്യമേഖലയെ കുറിച്ച് സ്ഥാനത്തും അസ്ഥാനത്തും കുറെ പരാമര്‍ശങ്ങളും നടത്തി. ബാങ്കുദേശസാല്‍ക്കരണത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു. കമ്പോളത്തിനീ വാചകമടി രസിച്ചില്ല. ദല്ലാളന്മാര്‍ ഓഹരികളുടെ വിലയിടിച്ചു. ഉടന്‍ പ്രഖ്യാപനങ്ങളായി. ആം ആദ്മിയെ പെട്ടെന്ന് മറന്നു. ഓഹരിവില്പന, വിദേശനിക്ഷേപം, ബാങ്കുലയനം, തുടങ്ങി ദലാള്‍ തെരുവിന്റെ ഇഷ്ടവിഭവങ്ങള്‍ ഒന്നൊന്നായി അദ്ദേഹം വിളമ്പി. കമ്പോളം ആര്‍ത്തുല്ലസിച്ചു. ധനമന്ത്രി ഊറിച്ചിരിച്ചു. പാവം ആംആദ്മിക്ക് മാത്രം ഇതൊന്നും അത്ര മനസ്സിലായില്ല.
ഇന്ത്യയിലെ ബിസിനസ് പത്രങ്ങളാകെ ധനകമ്മിയെ വിമര്‍ശിക്കുകയാണ്. എന്തിനാണിങ്ങനെ ഗവണ്‍മെന്റ് കടം വാങ്ങി ചിലവിടുന്നത്? സര്‍ക്കാര്‍ കടപ്പത്രമിറക്കിയാല്‍ കമ്പോളത്തില്‍ പലിശകൂടും. സ്വകാര്യ മേഖലയല്ലേ പണം ചിലവിടേണ്ടത്? അവരുടെ ഇടം സര്‍ക്കാര്‍ എന്തിന് കയ്യേറുന്നു? ഇങ്ങനെ പോകുന്നു ചോദ്യങ്ങള്‍. അതായത് ഗവണ്‍മെന്റ് സ്വയം ചുരുങ്ങണം. ഒതുങ്ങണം. സ്വകാര്യമേഖലയെ വളരാന്‍ അനുവദിക്കണം. അവരെ വിശ്വസിക്കണം. അവരാണ് സമര്‍ത്ഥന്മാര്‍. ചെറിയ ഗവണ്‍മെന്റ് മതി. ഗവണ്‍മെന്റ് അധികം ഭരിക്കരുത്. ഏറ്റവും കുറച്ച് ഭരിച്ചാല്‍ അത്രയും നല്ലത്. ഹെന്‍ട്രി ഡേവിഡ് തോറോയുടെ പ്രശസ്തമായ ചൊല്ലുണ്ട് :
"That government is best which governs the least''
അക്കാലത്ത് ആരുമതേറ്റു പിടിച്ചില്ല. റീഗണും താച്ചറുമാണ് തോറോയുടെ ശാസന ശിരസ്സാ വഹിച്ചത്. ഇപ്പോള്‍ നമ്മുടെ സര്‍ക്കാരും ചെറിയ ഗവണ്‍മെന്റിനുവേണ്ടി സ്വയം ത്യജിക്കുന്നു.
പ്രത്യയശാസ്ത്ര ദുര്‍വാശി
ഇവിടെ ഒന്നം സംഭവിച്ചിട്ടില്ല എന്ന മട്ടിലാണ് കേന്ദ്രസര്‍ക്കാരിന്റെ പെരുമാറ്റം. അമേരിക്കയും യൂറോപ്പുമായി ഞങ്ങള്‍ ബന്ധം വിടര്‍ത്തിയിരുന്നുവെന്നാണ് വിശദീകരണം. അതാണ് Decoupling സിദ്ധാന്തം. ശരിയാണ്; ബാങ്കിംഗ്, ധനകാര്യമേഖലയെ ആഗോള സുനാമി കാര്യമായി ബാധിച്ചില്ല. പൊതുമേഖലാ ബാങ്കുകളും എല്‍.ഐ.സി.യും ജി.ഐ.സി.യും റിസര്‍വ്വ് ബാങ്കും എല്ലാം ചേര്‍ന്നാണീ പ്രതിരോധം തീര്‍ത്തത്. അതിന്റെ ക്രെഡിറ്റും തെരഞ്ഞെടുപ്പില്‍ യു.പി.എ. സര്‍ക്കാര്‍ കീശയിലാക്കി. ദുരന്തം തടഞ്ഞുനിര്‍ത്തിയ തൊഴിലാളി സംഘടനയെ സര്‍ക്കാര്‍ ഇപ്പോള്‍ ശിക്ഷിക്കാനൊരുങ്ങുകയാണ്. അതിനെതിരെയായിരുന്നു ആഗസ്റ്റ് 6, 7 തീയതികളിലെ പണിമുടക്ക്.
തറവാട്ടിലെ വെള്ളവും സ്വര്‍ണ്ണവും പിഞ്ഞാണങ്ങളും എടുത്ത് വിറ്റ് ധനകമ്മി കുറയ്ക്കാനാണ് ഗവണ്മെന്റ് ഉദ്ദേശിക്കുന്നത്. വില്പനക്ക് പുതിയ പേരു കണ്ടെത്തികഴിഞ്ഞു. സ്വകാര്യവത്കരണത്തെ ജനങ്ങള്‍ വെറുക്കുന്നു. അതുകൊണ്ട് "പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്ക് പങ്കാളിത്തം നല്‍കുന്നു.'' പൊതു-സ്വകാര്യപങ്കാളിത്തം; എന്തുപേരുപറഞ്ഞാലും കോര്‍പ്പറേറ്റുകള്‍ക്ക് സൌഭാഗ്യം. ലാഭം കൊയ്യുന്ന കമ്പനികളും അവര്‍ക്കു സ്വന്തമാക്കാം.ഇത് സര്‍ക്കാരിന്റെ പ്രത്യയശാസ്ത്ര ദുര്‍വാശിയാണ്. പ്രത്യയശാസ്ത്രമെന്നത് മുമ്പ് ഇടതുപക്ഷത്തെയും തൊഴിലാളികളെയും ആക്ഷേപിക്കാന്‍ സദാ ഉപയോഗിക്കുന്ന പ്രയോഗമായിരുന്നു. ഇപ്പോള്‍ പ്രത്യയശാസ്ത്രശാഠ്യം ഗവണ്‍മെന്റിനാണ്. ദുരനുഭവങ്ങള്‍ അവരെ പിന്തിരിപ്പിക്കുന്നില്ല. വിഷമുപയോഗിച്ച് വിഷചികിത്സ നടത്തുകയാണവര്‍. ഇരുപതു കൊല്ലം അമേരിക്കയില്‍ ഫെഡറല്‍ റിസര്‍വ്വിന്റെ മേധാവിയായിരുന്ന അല്ലന്‍ ഗ്രീന്‍സ്പാനെ അനുകരിക്കാനാണിപ്പോള്‍ ഡി. സുബ്ബറാവുവും പ്രണാബ് മുഖര്‍ജിയും മത്സരിക്കുന്നത്. അല്ലന്‍ ഗ്രീന്‍സ്പാനെ തോളിലേറ്റി നടന്ന മാക്രോ ഇക്കണോമിസ്റുകളും സൈദ്ധാന്തികരും ഇപ്പോള്‍ വിചാരണ നേരിടുകയാണ്. ഗ്രീന്‍സ്പാന് മരണമില്ലെന്ന് പറഞ്ഞു നടന്നവരുണ്ട്. ഗ്രീന്‍സ്പാന്‍ മരിച്ചാല്‍ മൃതശരീരം താങ്ങിനിര്‍ത്തി ചില്ലുകൂട്ടില്‍ സൂക്ഷിക്കേണ്ടിവരുമെന്ന് ഒബാമയുടെ എതിര്‍സ്ഥാനാര്‍ത്ഥി ജോണ്‍ മക്കെയിന്‍ പറയുമായിരുന്നു. എന്താണ് ഗ്രീന്‍സ്പാന്‍ തന്ത്രം? ഏറ്റവും കൂടുതല്‍ കാലം ഏറ്റവും കുറഞ്ഞ പലിശ നടപ്പാക്കി. വായ്പകളില്‍ നിന്ന് കൃത്രിമമായ സമൃദ്ധി സൃഷ്ടിച്ചു. കടം വാങ്ങി ഉത്സവമാഘോഷിച്ചു. വില്‍ക്കാനാവാത്ത കെട്ടിടങ്ങളും ആളൊഴിഞ്ഞ ഷോപ്പിംഗ് മാളുകളും പണിതുകൂട്ടി. പണയവസ്തുവിന്റെ വിലയേക്കാള്‍ നൂറിരട്ടി വായ്പ കൊടുത്തു. ചൂതാട്ടക്കാരെ കയറൂരിവിട്ടു.
പലിശ കുറക്കാന്‍ തന്നെയാണ് ഡി. സുബ്ബറാവുവും ബാങ്കുകളെ ഉപദേശിക്കുന്നത്. ഒ.പി. ഭട്ട് പോലും ഇപ്പോള്‍ വഴങ്ങുന്നില്ല. യൂണിയന്‍ ബാങ്കിന്റേയും സെന്‍ട്രല്‍ ബാങ്കിന്റേയും ചെയര്‍മാന്‍മാരും പഞ്ചാബ് നാഷണല്‍ ബാങ്ക് എം.ഡി.യും ഇനിയും പലിശ കുറക്കാന്‍ തയ്യാറല്ല. ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ബാങ്ക്, ദേനാ ബാങ്ക് മേധാവികള്‍ 'വരട്ടെ' യെന്നാണ് പറയുന്നത്. യൂക്കോ ബാങ്ക് ചെയര്‍മാന്‍ എസ്.കെ.ഗോയല്‍ മാത്രമാണ് ഇതുവരെ 'യെസ്' മൂളിയത്.
ക്രിസില്‍ റേറ്റിംഗ് സ്ഥാപനം ഈയിടെ ഇന്ത്യന്‍ ബാങ്കുകളുടെ കിട്ടാക്കടം വര്‍ദ്ധിച്ചേക്കുമെന്ന് വിലയിരുത്തി. 2008 മാര്‍ച്ചില്‍ കിട്ടാക്കടം 2.3% ആയിരുന്നു. 55,000 കോടി രൂപ. 31-03-2011-ല്‍ അത് 5% ആയി വര്‍ദ്ധിച്ച് 1,90,000 കോടിയാകും. ഇത് ബാങ്കുകളുടെ ലാഭം ഇടിക്കും. പക്ഷെ ധനകാര്യസഹമന്ത്രിക്ക് ഈ റേറ്റിംഗ് ഇഷ്ടപ്പെട്ടില്ല. "ഇത് സംഭവിക്കുകയില്ല'' - അദ്ദേഹം പറഞ്ഞു. വായ്പയുടെ ഗുണമേന്മ കാത്തുസൂക്ഷിച്ചാല്‍ മാത്രം മതി, കിട്ടാക്കടം കുറയ്ക്കാനെന്നാണ് പുതിയ മന്ത്രി രാംനാരായണ്‍ മീണയുടെ പണ്ഡിതമതം.
കിട്ടാക്കടം കൂടുതലും കോര്‍പ്പറേറ്റ് മേഖലയിലായിരിക്കുമെന്നും ക്രിസില്‍ പറഞ്ഞു. ഇതായിരിക്കാം മന്ത്രിയെ ചൊടിപ്പിച്ചത്.
ഒരു വിചാരണ
പാശ്ചാത്യനാടുകളില്‍ മോഡേണ്‍ ഫൈനാന്‍സ് തിയറിയെക്കുറിച്ച് വീണ്ടുവിചാരം നടക്കുകയാണ്. നമ്മുടെ ഭാഷാപത്രങ്ങളും ബിസിനസ് പത്രങ്ങളും ഈ സംവാദം മറച്ചുവെക്കുന്നു.
എം.ബി.എ. സിലബസ് പരിഷ്കരിക്കേണ്ട സമയമായെന്ന് അമേരിക്കയിലെ ടക്ക് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. പോള്‍ ഡാനോസ് വാദിക്കുന്നു. ധാര്‍മ്മികതയുടെ നിര്‍വ്വചനം മാറ്റണം. വിദ്യാര്‍ത്ഥികളെ ചോദ്യം ചോദിക്കാനും ഉത്തരം ആവശ്യപ്പെടാനും പഠിപ്പിക്കണം. തകര്‍ന്ന് സ്വകാര്യകമ്പനിമേധാവികള്‍ പലരും എം.ബി.എ.ക്കാരായിരുന്നു. തെറ്റായ ശിക്ഷണമാണ് അവരെ പിഴപ്പിച്ചത്.34 വര്‍ഷത്തിലാദ്യമായി മൈക്രോസോഫ്റ്റിന്റെ വരുമാനം കുറഞ്ഞു. ബില്‍ഗേറ്റ്സിന് ഇതൊരു ദുരന്തവര്‍ഷമാണത്രെ. ന്യുയോര്‍ക്കിലെ മണ്‍റോ കോളേജില്‍ നിന്ന് ബിരുദമെടുത്ത ട്രീനാ തോപ്സണ്‍ (27) തൊഴില്‍ ലഭിക്കാത്തതിന് കോടതി കയറിയ വാര്‍ത്ത ഈയിടെ പുറത്തുവന്നു. ട്യൂഷന്‍ ഫീസായി ചിലവിട്ട എഴുപതിനായിരം ഡോളര്‍ കോളേജ് തിരിച്ചുനല്‍കണമെന്നാണ് അപേക്ഷ. 2009-ല്‍ ബിരുദമെടുത്ത 20% പേര്‍ക്കുമാത്രമെ തൊഴില്‍ നേടാനായുള്ളുവെന്ന് കോളേജുകളുടെ ദേശീയസംഘടനയും സമ്മതിക്കുന്നു. 1933-ല്‍ സ്ഥാപിതമായ മണ്‍റോ കോളേജിന് ഇത് പുത്തന്‍ അനുഭവമാണ്.
"ധനശാസ്ത്രത്തിന് എന്തുപറ്റി?''
18-07-2009-ലെ 'ദ ഇക്കണോമിസ്റ്റ്' വാരികയിലെ ഒരു പ്രധാന ലേഖനത്തിന്റെ ശീര്‍ഷകമാണിത്. പഴയ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ സാമൂഹ്യശാസ്ത്രത്തെ എങ്ങനെ പരിഷ്കരിക്കണമെന്നാണ് ലേഖനം ചര്‍ച്ച ചെയ്യുന്നത്. ധനശാസ്ത്രജ്ഞന്മാര്‍ മുപ്പത് വര്‍ഷം കൊണ്ട് അഹങ്കാരികളായി മാറി. ഓഹരിമൂല്യം കൃത്യമായി പ്രവചിക്കാന്‍ കഴിയുന്ന 'ഒരു കുല റോക്കറ്റ് ശാസ്ത്രജ്ഞന്മാര്‍ ഞങ്ങളുടെ പക്കലുണ്ട്' എന്ന അഹംഭാവമായിരുന്നു അവര്‍ക്ക്. ആള്‍ജിബ്രയും കാല്‍ക്കുലസും ടിഗ്ഗണോമിട്രിയും ചേര്‍ത്ത് ഇക്കണോമിക്സിനെ ഇക്കണോമിട്രിക്സാക്കി മാറ്റി. ക്വാണ്ടിറ്റേറ്റീവ് തീയറിയുടെ പേരില്‍ പലരും നോബല്‍ സമ്മാനം നേടിയെടുത്തു.
എല്ലാം വ്യര്‍ത്ഥമായിപ്പോയെന്ന് പോള്‍ ക്രൂഗ്മാന്‍ സമ്മതിക്കുന്നു. മൂന്ന് പതിറ്റാണ്ട് പ്രചരിപ്പിച്ച വാദങ്ങളും പ്രബന്ധങ്ങളും ഉപയോഗശൂന്യവും ഉപദ്രവകരവുമായി മാറി. (Spectacularly useless at best and positively harmful at worst). ആഗോളസാമ്പത്തിക പ്രതിസന്ധിയില്‍ പൊട്ടിയത് വായ്പാകുമിളയല്ല, ധനശാസ്ത്രത്തിനു ചുറ്റും കെട്ടിപ്പൊക്കിയ പ്രതിച്ഛായ തന്നെയാണെന്ന് 'ദി ഇക്കണോമിസ്റ്റ്' രേഖപ്പെടുത്തുന്നു. ധനശാസ്ത്രത്തെ സംബന്ധിച്ച് ലോകം അറിയുന്ന പലതും സംശയത്തിന്റെ കരിനിഴലിലായിരിക്കുന്നുവെന്ന് അമേരിക്കന്‍ ചരിത്രകാരന്‍ ബാരി ഈഷന്‍ഗ്രീന്‍ അഭിപ്രായപ്പെടുന്നു. റോബര്‍ട്ട് ലൂക്കോസിന്റെ നേതൃത്വത്തിലുള്ള മാക്രോ ഇക്കണോമിസ്റുകളെ കുറിച്ച് മുഖ്യമായും മൂന്നു വിമര്‍ശനങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്.
1) പ്രതിസന്ധിക്ക് കാരണം അവരാണ്. മനുഷ്യന്‍ പണത്തിനു മുമ്പില്‍ യുക്തിഭദ്രമായി ചിന്തിച്ച് പെരുമാറുമെന്ന അവരുടെ സിദ്ധാന്തമാണ്. Efficient Market Hypothesis ന്റെ വക്താക്കളെ Rational Fools എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ലേമാന്‍ ബ്രദേഴ്സ് നിലംപതിക്കുന്നതിന്റെ തലേന്ന് വരെ മ്യൂച്വല്‍ ഫണ്ട് മാനേജര്‍മാര്‍ ഓഹരിമൂല്യത്തെക്കുറിച്ച് വീമ്പിളക്കുകയായിരുന്നു. ഉന്നതരായ ഹെഡ്ജ് ഫണ്ടുകളും മ്യൂച്വല്‍ ഫണ്ടുകളും ബേര്‍ണി മഡോഫിന്റെ പോണ്‍സി പദ്ധതിയില്‍ ചേര്‍ന്ന് കൈ പൊള്ളിച്ചവരാണ്. (ഇന്ന് മഡോഫ് 150 വര്‍ഷത്തെ ശിക്ഷാവിധി ഏറ്റുവാങ്ങി ജയിലിലാണ്. 65 ബില്യണ്‍ ഡോളര്‍ തട്ടിപ്പ് നടത്തിയ കുറ്റത്തിന്). പോള്‍ ക്രൂഗ്മാനും ആന്‍ഡ്രൂ ഷെയ്ഫറുമൊഴികെ മറ്റാരും ഇതിലെ ചതിക്കുഴികള്‍ തിരിച്ചറിഞ്ഞില്ല. ഉയര്‍ന്ന പ്രതിഫലം പറ്റി റിസ്ക് എടുത്ത് ഊഹവ്യാപാരം നടത്തുന്ന കമ്പനി മേധാവികളെകുറിച്ച് ജോസഫ് സ്റിഗ്ലിറ്റ്സ് തന്റെ 'അലറുന്ന തൊണ്ണൂറുകള്‍' (The Roaring Nineties) ല്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
2)രണ്ടാമത്തെവിമര്‍ശനം പ്രതിസന്ധി മൂടിവെച്ചു എന്നതാണ്. യേല്‍ യൂണിവേഴ്സിറ്റിയിലെ റോബര്‍ട്ട് ഷില്ലറും ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ നൌറിയല്‍ റൂബിനിയും മാത്രമാണ് അപവാദം. എല്ലാം ശുഭകരമായി നടക്കുന്നുവെന്ന അന്ധമായ വിശ്വാസമായിരുന്നു മാക്രോ ഇക്കണോമിസ്റുകള്‍ക്ക്.
3)പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതിനുശേഷവും ധനശാസ്ത്രജ്ഞന്മാര്‍ ഇരുട്ടില്‍ തപ്പുകയാണ്. ധനനയമോ പണനയമോ എന്ന് അവരിപ്പോഴും തര്‍ക്കിക്കുകയാണ്. കേന്ദ്രബാങ്കിനെകൊണ്ട് Monetary Policy യില്‍ മാറ്റം വരുത്തി, പലിശനിരക്കും, സ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോയും കാഷ് റിസര്‍വ്വ് റേഷ്യോയും റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളും തിരുത്തി, പണലഭ്യത കൂട്ടിയും കുറച്ചും പ്രശ്നം പരിഹരിക്കാമെന്ന് ഒരു കൂട്ടര്‍, ഇവര്‍ ഒരുപക്ഷെ സര്‍ക്കാര്‍ വിരുദ്ധരാവാം.
മറ്റൊരു കൂട്ടരാവട്ടെ സര്‍ക്കാര്‍ കടപ്പത്രമിറക്കി, പണം സ്വരൂപിച്ച് ചിലവിട്ട് പ്രശ്നം പരിഹരിക്കാമെന്ന് പറയുന്നു. ഇത് സര്‍ക്കാരിന്റെ പങ്ക് വലുതാക്കുന്നു. ശുദ്ധവാദികളും (Purists) കെയ്ന്‍സ് പ്രഭുവിന്റെ ശിഷ്യന്മാരും തമ്മിലുള്ള സൌന്ദര്യപിണക്കമാണിത്.
ചുരുക്കത്തില്‍, ലേഖനം ഉപസംഹരിക്കുന്നത് ധനശാസ്ത്രജ്ഞന്മാര്‍ കമ്പോളത്തെ പുകഴ്ത്തുമ്പോള്‍ കമ്പോളത്തിനു ചുറ്റുമുള്ള സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ കൂടി വിലയിരുത്തണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ്. ഗ്രന്ഥശാലയിലും ക്ളാസ് മുറിയിലും ഒതുങ്ങി ഒരു സാമൂഹ്യശാസ്ത്രത്തിന് നിലനില്‍ക്കാനാവില്ല.
സ്വകാര്യമേഖലയാണ് പ്രശ്നം
നോബല്‍ സമ്മാനജേതാവായ പോള്‍ സാമുവല്‍ സണ്‍ Capitalism Needs s spender of the last resort എന്ന് ഈയിടെ പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്. കേന്ദ്രബാങ്കുകളെ Lender of the last resort എന്ന് വിശേഷിപ്പിക്കുന്നതുപോലെയാണ് പോള്‍ സാമുവല്‍സണ്‍ ഗവണ്‍മെന്റിന്റെ പ്രാധാന്യം വിവരിക്കുന്ന പുതിയ പ്രയോഗവുമായി രംഗത്തു വരുന്നത്.
അമേരിക്കയെ ദുരന്തത്തിന്റെ പാരമ്യത്തില്‍ നിന്ന് രക്ഷിച്ചത് ആര് എന്ന ചോദ്യത്തിന് ഈയിടെ പോള്‍ ക്രൂഗ്മാന്‍ ഉത്തരം കണ്ടെത്തുന്നുണ്ട്. ഒബാമ സര്‍ക്കാര്‍ വലിയ ഗവണ്‍മെന്റിന്റെ മൂല്യം തിരിച്ചറിഞ്ഞ് ഇടപെട്ടതുകൊണ്ട്.
റോണാള്‍ഡ് റീഗര്‍ 1981-ല്‍ പറഞ്ഞപ്രകാരമായിരുന്നു.
"നമ്മുടെ പ്രശ്നങ്ങള്‍ക്ക് ഗവണ്‍മെന്റ് ഒരു പരിഹാരമല്ല; ഗവണ്‍മെന്റാണ് പ്രശ്നം''
ഇപ്പോള്‍ പോള്‍ ക്രൂഗ്മാന്‍ പറയുന്നു.
"സ്വകാര്യ മേഖലയാണ് പ്രശ്നം; ഗവണ്‍മെന്റാണ് പരിഹാരം''
ഇന്ത്യന്‍ ഭരണാധികാരികള്‍ ഈ സത്യം തിരിച്ചറിയാന്‍ എത്രനാള്‍ പിടിക്കും??
*
കെ.വി. ജോര്‍ജ്
Subscribe to:
Post Comments (Atom)
1 comment:
ആം ആദ്മിയുടെ പേരില്‍ ആണയിട്ടാണ് മന്‍മോഹന്‍ സിങ്ങും സംഘവും 14-ാം ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബജറ്റില്‍ ധനമന്ത്രി സാമൂഹ്യമേഖലയെ കുറിച്ച് സ്ഥാനത്തും അസ്ഥാനത്തും കുറെ പരാമര്‍ശങ്ങളും നടത്തി. ബാങ്കുദേശസാല്‍ക്കരണത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു. കമ്പോളത്തിനീ വാചകമടി രസിച്ചില്ല. ദല്ലാളന്മാര്‍ ഓഹരികളുടെ വിലയിടിച്ചു. ഉടന്‍ പ്രഖ്യാപനങ്ങളായി. ആം ആദ്മിയെ പെട്ടെന്ന് മറന്നു. ഓഹരിവില്പന, വിദേശനിക്ഷേപം, ബാങ്കുലയനം, തുടങ്ങി ദലാള്‍ തെരുവിന്റെ ഇഷ്ടവിഭവങ്ങള്‍ ഒന്നൊന്നായി അദ്ദേഹം വിളമ്പി. കമ്പോളം ആര്‍ത്തുല്ലസിച്ചു. ധനമന്ത്രി ഊറിച്ചിരിച്ചു. പാവം ആംആദ്മിക്ക് മാത്രം ഇതൊന്നും അത്ര മനസ്സിലായില്ല.
Post a Comment