ചരിത്രഗവേഷണത്തെ അക്കാദമിക് നിസ്സംഗതകളില്‍ തളച്ചിടാതെ സാമൂഹികവ്യവഹാരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധനാണ് ഡോ. കെ എന്‍ പണിക്കര്‍. സാമൂഹിക, രാഷ്ട്രീയ പരിവര്‍ത്തനങ്ങളെ ചരിത്രപരമായ ഉള്‍ക്കാഴ്ചയോടെ അദ്ദേഹം വിശകലനം ചെയ്യുന്നു. ഹിന്ദുവര്‍ഗീയതക്കെതിരായ പോരാട്ടത്തിന്റെ സാംസ്കാരിക-രാഷ്ട്രീയമുന്നണിയില്‍ ഡോ. പണിക്കര്‍ ധീരതയോടെ നിലയുറപ്പിച്ചിരിക്കുന്നു. ചരിത്രത്തിന്റെ ദുരുപയോഗത്തെ ജാഗ്രതയോടെ എതിര്‍ക്കുന്നതില്‍ അദ്ദേഹം മുന്‍നിരയിലുണ്ട്.
സംസ്കാരത്തിനും ചരിത്രത്തിനും രാഷ്ട്രീയത്തിനും ഒന്നുപോലെ പ്രാധാന്യം നല്‍കുന്ന പണിക്കര്‍മാഷിന്റെ സംഭാവനകള്‍ വിദ്യാഭ്യാസ മേഖലയിലും നിസ്തുലമാണ്. ഡല്‍ഹി ജെഎന്‍യുവിലെ ചരിത്രവിഭാഗം തലവന്‍, സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിന്റെ ഡീന്‍ എന്നീ നിലകളിലും കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലറായും ഡോ. പണിക്കര്‍ കര്‍മധീരതയോടെ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കേരള കൌണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ അധ്യക്ഷനും സംസ്ഥാന ഉന്നതവിദ്യാഭ്യാസ സമിതിയുടെ ഉപാധ്യക്ഷനുമാണ്.
തിളച്ചുമറിയുന്ന ചരിത്രംപോലെ സംഭവബഹുലമാണ് ഡോ. പണിക്കരുടെ ജീവിതം. ചരിത്രപ്രസിദ്ധമായ ഗുരുവായൂരില്‍ 1936ല്‍ ജനിച്ചു. ബാല്യം മുതല്‍ വായനയുടെയും പഠനത്തിന്റെയും വഴികളില്‍ നിസ്തന്ദ്രം സഞ്ചരിച്ചു. ശാസ്ത്രവിദ്യാര്‍ഥിയായിരിക്കെ തന്നെ വിപുലമായ വായനയിലൂടെ സാമൂഹികശാസ്ത്രത്തിന്റെ സാധ്യതകളില്‍ ആകൃഷ്ടനായി. പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് രസതന്ത്രത്തിലും ആംഗലേയസാഹിത്യത്തിലും ബിരുദം നേടി. ഉപരിപഠനത്തിനായി ജെയ്പുരിലേക്ക് പോയി.
രാജസ്ഥാന്‍ സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തില്‍ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും സമ്പാദിച്ചു. ഡല്‍ഹി സര്‍വകലാശാലയിലാണ് അധ്യാപനത്തിന് തുടക്കംകുറിച്ചത്. തുടര്‍ന്ന് ജെഎന്‍യുവില്‍ ചേര്‍ന്നു. അവിടെനിന്നുള്ള യാത്ര രാജ്യത്തിന്റെ സമകാലചരിത്രവുമായി ഇഴചേര്‍ന്നിരിക്കുന്നു.
ഇപ്പോള്‍ തിരുവനന്തപുരത്ത് ഉള്ളൂര്‍ പ്രശാന്ത് നഗറില്‍ താമസിക്കുന്ന ഡോ. പണിക്കര്‍ തന്റെ ഉത്തരവാദിത്തങ്ങളിലും യാത്രകളിലും സദാ വ്യാപൃതനാണ്. ഇതിനിടയിലും 'ദേശാഭിമാനി'യോട് സാമാന്യം ദീര്‍ഘമായി സംസാരിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തി. സംഭാഷണത്തിന്റെ പൂര്‍ണരൂപം ചുവടെ.
? കേരളത്തില്‍ വലതുപക്ഷ സാംസ്കാരികത ശക്തിയാര്‍ജിച്ചുവരികയാണെന്ന് മാഷ് നേരത്തെതന്നെ നിരീക്ഷിച്ചിട്ടുണ്ട്. ഇത്തരമൊരു പ്രവചനം നടത്താന്‍ കണ്ടെത്തിയ കാരണങ്ങളും ലക്ഷണങ്ങളും ഏതൊക്കെയാണ്.
കേരളത്തിന്റെ സാമൂഹിക അവസ്ഥ ആലോചിക്കുകയാണെങ്കില്‍ ചരിത്രപരമായി ഒരു ഇടതുപക്ഷ അവബോധം വളര്‍ന്നുവന്ന ഒന്നാണ്. ഇതു നമ്മുടെ സ്വാതന്ത്ര്യസമരകാലം മുതല്‍ കാണാന്‍ കഴിയും. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിനുള്ളില്‍ ഇടതുപക്ഷചായ്‌വ് കേരളത്തില്‍ പ്രകടമായിരുന്നു. അത്തരത്തില്‍ ഇടതുപക്ഷ വീക്ഷണം സ്വാതന്ത്ര്യലബ്ധിക്കുശേഷവും നിലനില്‍ക്കുകയും വളര്‍ന്നുവരികയും ചെയ്തു. അതുകൊണ്ട് കേരളത്തിലെ വ്യവഹാരമണ്ഡലത്തില്‍ ഇടതുപക്ഷ ചായ്‌വ്, ആശയങ്ങള്‍, പദാവലി എന്നിവ വളര്‍ന്നുവന്നതായി കാണാന്‍ കഴിയും. ഇതു സമൂഹത്തിലാകെ ഉണ്ടായിരുന്ന പ്രത്യേകതയാണ്; ഇടതുപക്ഷ പാര്‍ടികളുടെ ഇടയില്‍ മാത്രമല്ല. പൊതുവില്‍ ഇങ്ങനെയൊരു സ്വാഭാവം ഉണ്ടായിരുന്നു. ഇടതുപക്ഷ ധൈഷണിക വ്യവഹാരത്തിന്റെ സ്വാധീനമാണ് ഇതിനൊരു കാരണമെന്ന് പറയാം. ഇതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അംശം ഇടതുപക്ഷ സാംസ്കാരികതയാണ്. നമ്മുടെ സാഹിത്യത്തിലും കലകളിലും സാമൂഹിക ചിന്തയിലും ഒക്കെ ഇടതുപക്ഷസാമൂഹികബോധത്തിന്റെ അംശമുണ്ട്. ഇതു മലയാളിയുടെ സെന്‍സിറ്റീവിറ്റിയെ വളരെ കാര്യമായി സ്വാധീനിച്ച ഒന്നാണ്. ഇതില്‍നിന്ന് വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ഈ വ്യതിയാനം ബോധപൂര്‍വം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇടതുപക്ഷ അവബോധത്തേയും സാംസ്കാരികതയേയും പുറംതള്ളാനുള്ള ശ്രമം. ഈ പ്രവണതയ്ക്ക് രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ മാനങ്ങളുണ്ട്. ഈ മാറ്റം ഇടതുപക്ഷ സാംസ്കാരികതയില്‍നിന്നും സാമൂഹിക അവബോധത്തില്‍നിന്നും വലതുപക്ഷ സാംസ്കാരികതയിലേക്കും സാമൂഹിക ബോധത്തിലേക്കുമുള്ള മാറ്റമാണ്. ഇതു കേരളസമൂഹത്തില്‍ സംഭവിച്ച പരിവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്.
ഒന്നാമതായി, മുതലാളിത്തത്തിന്റെ വളര്‍ച്ചയും അതുമായി കണ്ണിചേര്‍ന്നുണ്ടായ മധ്യവര്‍ഗത്തിന്റെ രൂപീകരണവും. ഇതു രണ്ടിന്റെയും അടിത്തറയിലാണ് വലതുപക്ഷ സാംസ്കാരികത വളര്‍ന്നുവന്നത്. രാഷ്ട്രീയമായി പറയുകയാണെങ്കില്‍ ഈ വ്യതിയാനത്തിന്റെ ആദ്യഘട്ടമായി തിരിച്ചറിയാന്‍ കഴിയുന്നത് വിമോചനസമരത്തെയാണ്. വിമോചനസമരം ജനാധിപത്യ ആശയങ്ങളെയല്ല പ്രതിനിധാനം ചെയ്തത്. ജനവിരുദ്ധതാല്‍പര്യങ്ങളെയാണ് അത് മുന്നോട്ടുവെച്ചത്. ജനാധിപത്യവിരുദ്ധവും ജനകീയതാല്പര്യങ്ങളെ പിറകോട്ട് അടുപ്പിക്കുകയും ചെയ്യുന്ന ഒരു കാഴ്ചപ്പാടിന് അത് ശക്തി പകര്‍ന്നു.
അതിനുശേഷം പടിപടിയായി വലതുപക്ഷ സാംസ്കാരികതയുടെ സ്വാധീനം വര്‍ധിച്ചുവരികയും ഇടതുപക്ഷ ആശയഗതിയെ നേരിടാനുള്ള ശക്തിയാര്‍ജിക്കുകയും ചെയ്തു. കേരളത്തില്‍ വളരെയധികം സ്വാധീനമുള്ള ഒരു മേഖലയാണ് സാഹിത്യ, സാംസ്കാരിക രംഗങ്ങള്‍. ഇവയില്‍നിന്ന് വലതുപക്ഷ സാംസ്കാരികതയുടെ ശബ്ദം വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്നു. ഈ ശബ്ദത്തില്‍ വര്‍ഗീയതയുടെ നിഴലാട്ടവും മുതലാളിത്തത്തിന്റെ സ്വാധീനവും തിരിച്ചറിയാന്‍ വിഷമമില്ല. ഇടതുപക്ഷ സാംസ്കാരികഅവബോധം ദുര്‍ബലവും അവ്യക്തവുമായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
? ഉപഭോക്തൃ സമൂഹമായി കേരളം പരിണമിച്ചത് വലതുപക്ഷ സാംസ്കാരികതയ്ക്ക് ശക്തി പകര്‍ന്നുവോ
വലതുപക്ഷ സാംസ്കാരികതയുടെ ഒരു രൂപമാണ് ഉപഭോക്തൃ സമൂഹം. ഉപഭോഗസംസ്കാരവും ഉപഭോക്ത്യ സമൂഹവും അമിതമായ വാണിജ്യവല്‍ക്കരണവും ഇതിന്റെ പ്രകടമായ രൂപങ്ങളാണ്. വാണിജ്യവല്‍ക്കരണത്തിന്റെ ഏറ്റവും നല്ല ഉദാഹരണം മതമാണ്. ഈ നൂറ്റാണ്ടില്‍ മതത്തിന് സംഭവിച്ച ഏറ്റവും വലിയ പരിവര്‍ത്തനം അതൊരു കച്ചവടച്ചരക്കായി മാറിയിരിക്കുന്നു എന്നതാണ്. മതസംഘടനകളും അവ സംഘടിപ്പിക്കുന്ന പരിപാടികളും ഇന്ന് പൊതുമണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. തല്‍ഫലമായി മതനിരപേക്ഷസ്വഭാവമുള്ള പൊതുമണ്ഡലം നാമാവശേഷമായി മാറിക്കൊണ്ടിരിക്കയാണ്. ഉദാഹരണത്തിന്, ഇന്ത്യയിലാകെ പ്രചാരം സിദ്ധിച്ചുകൊണ്ടിരിക്കുന്ന തീര്‍ഥാടനവിനോദസഞ്ചാരം ശ്രദ്ധിക്കുക. വലതുപക്ഷ സാംസ്കാരികതയെ മുന്നോട്ടുനയിക്കുന്നതില്‍ ഏറെ സ്വാധീനം ചെലുത്തിയ പ്രതിഭാസമാണിത്.
? മാഷിന്റെ തലമുറയില്‍നിന്നും തുടര്‍ന്നുവന്ന തലമുറകളില്‍നിന്നും വ്യത്യസ്തമായി ഇന്നത്തെ ചെറുപ്പക്കാര്‍ മത-സമുദായ കാര്യങ്ങളില്‍ സജീവമായി വ്യാപരിക്കുന്നു. പണ്ടൊക്കെ യുവാക്കള്‍ക്ക് ജാതി-മതസംഘടനകളുടെ നേതൃത്വം ഏറ്റെടുക്കാന്‍ ലജ്ജയുണ്ടായിരുന്നു. ഇന്ന് അഭിമാനത്തോടെയാണ് പലരും ഇടുങ്ങിയ ചിന്താഗതിയോടെ ജാതി-സമുദായ സംഘടനകളുടെ മുന്നണിയില്‍ നില്‍ക്കുന്നത്.
വലതുപക്ഷ സാംസ്കാരികതയുമായി ബന്ധപ്പെട്ടതാണെങ്കിലും ഇത് നമ്മുടെ സമൂഹത്തില്‍ ആകെയുണ്ടായ ഒരു മൂല്യച്യുതിയുടെ പരിണതഫലമാണ് എന്ന് തിരിച്ചറിയണം. യുവതലമുറ മാനസികമായി വളരെ വലിയ അനിശ്ചിതത്വത്തിലാണ് ഇന്നു ജീവിക്കുന്നത്. വിദ്യാലയത്തിലെ പ്രവേശനം മുതല്‍ ജോലിയില്‍വരെ ഈ അനിശ്ചിതത്വം നിലനില്‍ക്കുന്നു. മുമ്പുള്ള തലമുറ നവോത്ഥാനത്തിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും സ്വാധീനംകൊണ്ട് യുക്തിഭദ്രമായ രീതിയില്‍ വ്യക്തിഗതമായ പ്രശ്നങ്ങളെയും സാമൂഹികപ്രശ്നങ്ങളെയും അഭിമുഖീകരിച്ചു. അതുകൊണ്ടു തന്നെ അവര്‍ക്ക് നേരിടേണ്ടിവന്നിരുന്ന പ്രതിസന്ധി വളരെ രൂക്ഷമായിരുന്നില്ല. അതില്‍നിന്ന് വ്യത്യസ്തമായി അനിശ്ചിതത്വത്തില്‍ വലയുന്ന യുവാക്കള്‍ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊണ്ടാടുന്ന ജാതിമത സംഘടനകളില്‍ സമാശ്വാസത്തിനായി ചേക്കേറുന്ന അവസ്ഥാവിശേഷമാണ് നമുക്ക് കാണാന്‍ കഴിയുന്നത്. അവര്‍ക്ക് ഒരു താങ്ങ് ആവശ്യമാണ്. ജാതിമതസംഘടനകളും അവരുടെ വൈകാരിക സഹായവും അവര്‍ക്ക് പ്രതിസന്ധികളെ നേരിടാനുള്ള വഴിയൊരുക്കുന്നു. ഇത് ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രപ്രചാരണ-സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ദൌര്‍ബല്യംകൊണ്ടുകൂടിയാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
? മാഷിന്റെ വ്യക്തിജീവിതത്തിലേക്ക് കടക്കുമ്പോള്‍, ചെറുപ്പത്തില്‍ കഥകള്‍ എഴുതിയിരുന്നു. വളരെ റൊമാന്റിക്കായ കഥകള്‍. 'സ്വപ്നങ്ങള്‍, യാഥാര്‍ഥ്യങ്ങള്‍' എന്ന കഥാസമാഹാരം മംഗളോദയം പ്രസിദ്ധീകരിക്കുകയും ചെയ്തു. സ്ത്രീ-പുരുഷബന്ധം അതിമനോഹരമായി ചിത്രീകരിക്കുന്ന കഥകളാണ് അതിലുള്ളത്. സയന്‍സ് വിദ്യാര്‍ഥിയായിരുന്ന മാഷിന് വൈദ്യശാസ്ത്രപഠനത്തിന് പോകാന്‍ താല്പര്യമുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. എത്തിയത് ചരിത്രപഠനമേഖലയിലും. കഥകള്‍ എഴുതിയിരുന്ന, മെഡിക്കല്‍ ഡോക്ടറാകാന്‍ ആഗ്രഹിച്ച മാഷ് ചരിത്രപഠനം എങ്ങനെ ആസ്വദിച്ചു. ചരിത്രഗവേഷണത്തില്‍ ഇത്രയും താല്പര്യം എങ്ങനെ ജനിച്ചു...
ഞാന്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു. സയന്‍സില്‍ താല്പര്യവും ഉണ്ടായിരുന്നു. ഡോക്ടറാകാന്‍ സ്വയം ആശിച്ചിരുന്നതായി ഓര്‍ക്കുന്നില്ല. സാധാരണ എന്നപോലെ കുടുംബത്തിന്റെ ആഗ്രഹവും ആശയവും ആയിരുന്നു അത്. സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന സമയത്തേ ചരിത്രപുസ്തകങ്ങള്‍ വായിച്ചു. ചരിത്രത്തെക്കുറിച്ചുള്ള ലേഖനപരമ്പര മദിരാശിയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജയകേരളത്തില്‍ എഴുതുകയുണ്ടായി. ധാരാളം വായിക്കുമായിരുന്നു. പ്രത്യേകിച്ച്, സാഹിത്യവും ചരിത്രവും സാമൂഹികശാസ്ത്രവും-മാര്‍ക്സിസം ഉള്‍പ്പടെ വായിച്ചതുമാണ് സയന്‍സിലുള്ള താല്പര്യം ഇല്ലാതാക്കുകയും ചരിത്രം പഠിക്കുന്നത് സമൂഹത്തെ മനസ്സിലാക്കാനുള്ള നല്ല വഴിയാണെന്ന തിരിച്ചറിവ് സൃഷ്ടിക്കുകയും ചെയ്തത്. അങ്ങനെയാണ് ചരിത്രത്തില്‍ എത്തിയത്.
? ഇതു സംബന്ധിച്ച് ബാല്യത്തിലുണ്ടായ സവിശേഷമായ എന്തെങ്കിലും അനുഭവം ഓര്‍ക്കുന്നുണ്ടോ
സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ വായിച്ചതും ആസ്വദിച്ചതുമായ ചരിത്രഗ്രന്ഥങ്ങള്‍ ഓര്‍മയിലുണ്ട്. പത്താം ക്ളാസില്‍ പഠിക്കുന്ന കാലത്ത് എന്റെ ഒരു അധ്യാപകനുണ്ടായിരുന്നു. ശങ്കരനാരായണന്‍ എന്നായിരുന്നു പേര്. ഐക്യകേരളത്തിലെ ആദ്യഎംഎല്‍എമാരില്‍ ഒരാളായിരുന്ന കോരുമാസ്റ്ററുടെ മകന്‍. അദ്ദേഹത്തിന്റെ വീട് എന്റെ വീട്ടില്‍നിന്ന് അധികം അകലെയായിരുന്നില്ല. ശങ്കരനാരായണ്‍മാഷിന്റെ വീട്ടില്‍ നല്ലൊരു ലൈബ്രറിയുണ്ടായിരുന്നു. ഞാന്‍ അവിടെനിന്ന് പുസ്തകങ്ങള്‍ എടുത്ത് വായിക്കുമായിരുന്നു. പത്താംക്ളാസ് പരീക്ഷ എഴുതിനില്‍ക്കവെ നെഹ്റുവിന്റെ ആത്മകഥ ഉള്‍പ്പടെയുള്ള മൂന്ന് പുസ്തകങ്ങള്‍ അദ്ദേഹം എനിക്ക് വായിക്കാന്‍ തന്നു. ഡിസ്കവറി ഓഫ് ഇന്ത്യയും ഗ്ളിംസസ് ഓഫ് വേള്‍ഡ് ഹിസ്റ്ററിയുമായിരുന്നു മറ്റു രണ്ട് ഗ്രന്ഥങ്ങള്‍. സമൂഹത്തെക്കുറിച്ചുള്ള വളരെ വലിയ കാഴ്ചപ്പാട് നെഹ്റുവില്‍ എങ്ങനെ രൂപപ്പെട്ടുവെന്ന് മനസ്സിലാക്കാന്‍ ഈ ഗ്രന്ഥങ്ങള്‍ എന്നെ സഹായിച്ചു. ഈ ഗ്രന്ഥങ്ങള്‍ സ്വാധീനിച്ചതുകൊണ്ടായിരിക്കാം ഞാന്‍ നെഹ്റുവിന്റെ വലിയ ആരാധകനായി മാറിയത്.
അതിനുശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് സാഹിത്യഗ്രന്ഥങ്ങള്‍-ഇംഗ്ളീഷിലെയും മലയാളത്തിലെയും- വളരെയേറെ വായിക്കുകയുണ്ടായി. ഇംഗ്ളീഷ് ഗ്രന്ഥങ്ങള്‍ വായിക്കാന്‍ എന്നെ സഹായിച്ചത് കോളേജിലെ ഇംഗ്ളീഷ് അധ്യാപകനായിരുന്ന ശ്രീധരന്‍ മാസ്റ്ററായിരുന്നു. ഈ വായനയുടെ ഫലമായി സാമൂഹികപ്രശ്നങ്ങളോട് സംവദിക്കാനുള്ള കഴിവും അഭിരുചിയും വളര്‍ന്നുവന്നുവെന്നാണ് ആ കാലഘട്ടത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് തോന്നുന്നത്.
? ഉപരിപഠനത്തിനായി ജെയ്പുരിലേക്ക് പോകാനിടയായ സാഹചര്യം എന്തായിരുന്നു.
എനിക്ക് രണ്ട് വയസ്സുള്ളപ്പോള്‍ ച്ചതും എന്റെ രക്ഷിതാക്കളും ജ്യേഷ്ഠന്മാരായിരുന്നു. എന്റെ മൂത്ത സഹോദരന്‍ അക്കാലത്ത് രാജസ്ഥാനിലാണ് ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ കൂടെയാണ് ജെയ്പുരിലേക്ക് പോയതും ബിരുദാനന്തരബിരുദ പഠനത്തിന് പ്രവേശനം നേടിയതും.
? പിഎച്ച്ഡി എടുത്തത് ബ്രിട്ടീഷ് ഇന്ത്യയിലെ റസിഡന്‍സിസമ്പ്രദായത്തെക്കുറിച്ചുള്ള ഗവേഷണത്തില്‍ ആയിരുന്നല്ലോ. അതിലേക്ക് വന്നത് എങ്ങനെയാണ്...
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പഠനമാണ് അതില്‍ എത്തിച്ചത്. റസിഡന്‍സി സമ്പ്രദായം വഴിയാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നാട്ടുരാജ്യങ്ങളെ അടക്കിനിര്‍ത്തിയത്. അതിനെക്കുറിച്ചുള്ള പഠനത്തിന് ഒരു പരിധിയോളം കാരണം എന്റെ അധ്യാപകന്റെ സ്വാധീനമായിരുന്നു. പ്രഗത്ഭ അധ്യാപകനായിരുന്ന ഡോ. വി പി എസ് രഘുവംശി എന്റെ ഗുരുവാണ്. അദ്ദേഹത്തിന്റെ ഗവേഷണമേഖല സാമൂഹികചരിത്രം ആയിരുന്നുവെങ്കില്‍ക്കൂടി ഇന്ത്യയുടെ കൊളോണിയല്‍ കാലഘട്ടത്തെയും സാതന്ത്ര്യസമരത്തെയും സംബന്ധിച്ച് ഗ്രന്ഥങ്ങള്‍ എഴുതുകയുണ്ടായി. ബ്രിട്ടീഷുകാര്‍ ഇന്ത്യയെ അടക്കിഭരിച്ച രീതിയെക്കുറിച്ച് വളരെ അവഗാഹമുള്ള കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. അവയിലൊന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ നാട്ടുരാജ്യങ്ങളില്‍ ഇടപെട്ടതിനെക്കുറിച്ചാണ്. അവ ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥയെ എങ്ങനെ ദുര്‍ബലമാക്കി എന്നതുമാണ്. അതിന്റെ ഒരു വശമാണ് എന്റെ ആദ്യഗവേഷണ വിഷയം.
? ചരിത്രപഠനത്തിന്റെയും ഗവേഷണത്തിന്റെയും സൈദ്ധാന്തികമായ അറിവുകള്‍ ഉപയോഗിച്ച് മാഷ് രാഷ്ട്രീയമാറ്റങ്ങളെ പ്രായോഗികമായി വിശകലനം ചെയ്യാന്‍ തുടങ്ങിയത് ജെഎന്‍യുവില്‍ വന്ന കാലം മുതലാണ് എന്ന് വിലയിരുത്തുന്നത് ശരിയാണോ
ശരിയാണ്. ആദ്യകാലത്തുതന്നെ ഇടതുപക്ഷ സ്വാഭാവമുള്ള രാഷ്ട്രീയ കാഴ്ചപ്പാട് എനിക്കുണ്ടായിരുന്നു. എങ്കില്‍ക്കൂടി ചരിത്രപഠനവും ഗവേഷണവും രാഷ്ട്രീയഅവബോധവുമായി ബന്ധപ്പെടുന്നത് ജെഎന്‍യു കാലഘട്ടം മുതലാണ്. ഡല്‍ഹി സര്‍വകലാശാലയില്‍ പഠിപ്പിച്ചിരുന്ന കാലം മുതല്‍ അത്തരമൊരു കാഴ്ചപ്പാടിലേക്കുള്ള മാറ്റം വ്യക്തമായിരുന്നുവെങ്കില്‍ക്കൂടി ജെഎന്‍യുവിലെ ധൈഷണികസാഹചര്യവും സഹപ്രവര്‍ത്തകരുമായി സാധ്യമായിരുന്ന നിരന്തരമായ സംവാദങ്ങളും ബൌദ്ധികമായ വ്യക്തത നേടാന്‍ സഹായിച്ചു എന്നു പറയാം. ആ കാലഘട്ടത്തിലാണ് വര്‍ഗീയതയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് രൂപംകൊള്ളുന്നത്. ഇന്ത്യയുടെ ധൈഷണിക ചരിത്രത്തെക്കുറിച്ചുള്ള ഗവേഷണവും അധ്യാപനവും ഇക്കാര്യത്തില്‍ വളരെയേറെ സഹായിച്ചിട്ടുണ്ട്.
? അടിയന്തരാവസ്ഥയില്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ജെഎന്‍യുവിലെ അധ്യാപകരും വിദ്യാര്‍ഥികളും ഉജ്വലമായ ചെറുത്തുനില്‍പ്പാണ് നടത്തിയത്. പലരും മുട്ടിലിഴഞ്ഞപ്പോള്‍ ആര്‍ജവത്തോടെ പ്രതികരിക്കാന്‍ ജെഎന്‍യു ക്യാമ്പസിന് കഴിഞ്ഞു. ഇതിന്റെ അനുഭവങ്ങള്‍ വ്യക്തമാക്കാമോ
അടിയന്തരാവസ്ഥക്കാലത്ത് ജെഎന്‍യു അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഇടയില്‍ വിവിധ പ്രതികരണങ്ങള്‍ ഉണ്ടായി. വളരെ വലിയ ചെറുത്തുനില്‍പ്പുണ്ടായി എന്ന് എനിക്ക് തോന്നുന്നില്ല. സര്‍വകലാശാല ഹോസ്റ്റലില്‍ പൊലീസ് തെരച്ചില്‍ നടത്തുകയും കുറെയേറെ വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്യുകയുമുണ്ടായി. അക്കാലത്ത് അധ്യാപകസംഘടന സജീവമായിരുന്നില്ലെങ്കിലും ചര്‍ച്ചകളും പ്രതിഷേധങ്ങളുമൊക്കെ അക്കാദമിക് സമൂഹത്തില്‍ സംഭവിച്ചിരുന്നു. ഞങ്ങള്‍, ചരിത്രവിഭാഗത്തിലെ പ്രൊഫ. ബിപിന്‍ ചന്ദ്രയും ഹര്‍ബന്‍സ് മുഖിയയും ഞാനുമൊക്കെ ചേര്‍ന്ന് സ്റ്റഡി ക്ളാസുകള്‍ സംഘടിപ്പിച്ചു. ജെഎന്‍യുവിന് അടുത്തുള്ള കോളനികളിലായിരുന്നു രാത്രികളില്‍ സ്റ്റഡിക്ളാസുകള്‍ നടത്തിയിരുന്നത്. ഇടതുപക്ഷ പാര്‍ടികളുടെ രാഷ്ട്രീയലഘുലേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ ക്ളാസുകള്‍. അവ ഏകദേശം ഒരു കൊല്ലം നീണ്ടുനിന്നു. അതിനുശേഷം പൊലീസ്ചാരന്മാര്‍ നുഴഞ്ഞുകയറിയതുകൊണ്ട് ക്ളാസ് പിരിച്ചുവിടേണ്ടിവന്നു. ഈ കാലഘട്ടവുമായി ബന്ധപ്പെട്ട ഒരു സംഭവം എനിക്ക് ഓര്‍മവരുന്നത് അടിയന്തരാവസ്ഥയ്ക്കുശേഷമുള്ളതാണ്. സര്‍വകലാശാലയുടെ ചാന്‍സലര്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയായിരുന്നു. അവര്‍ സര്‍വകലാശാല സന്ദര്‍ശിച്ചപ്പോള്‍ വളരെ പുതുമയുള്ള രീതിയില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി. പ്രധാനമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ സദസ്സിലുണ്ടായിരുന്ന ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും ഇറങ്ങിപ്പോയി. അതിനുശേഷം സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍നിന്ന് അവരെ മാറ്റുകയും ചെയ്തു.
? സംഘപരിവാറിന്റെ വര്‍ഗീയഅജണ്ടയുടെ വിപത്ത് മുന്‍കൂട്ടി ബോധ്യപ്പെട്ടവരില്‍ തന്നെ മാഷ് മുന്നിലായിരുന്നു. മാഷിനെതിരെ സംഘപരിവാര്‍ തീക്ഷ്ണമായി പ്രതികരിക്കുകയും ചെയ്തു. മാഷ് എഡിറ്ററായ 'ടുവേര്‍ഡ്സ് ഫ്രീഡ'ത്തിന്റെ ഒന്നാം വാള്യം പ്രസിദ്ധീകരണം എന്‍ഡിഎ സര്‍ക്കാര്‍ തടഞ്ഞു. അടിയന്തരാവസ്ഥയ്ക്കുശേഷം ജെഎന്‍യു ചരിത്രവിഭാഗം രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായി. ഇതിന്റെയൊക്കെ പശ്ചാത്തലം എന്തായിരുന്നു
ഹിന്ദുവര്‍ഗീയതയ്ക്ക് എതിരെവളരെ ശക്തമായി ശബ്ദമുയര്‍ത്തിയ ചരിത്രമാണ് ജെഎന്‍യുവിനുള്ളത്; പ്രത്യേകിച്ച് ചരിത്രവിഭാഗം അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും. ഇതിന്റെ തുടക്കം രാമജന്മഭൂമി പ്രശ്നവുമായി ബന്ധപ്പെട്ടാണ്. അക്കാലത്ത് ഞാന്‍ ചരിത്രവിഭാഗത്തിന്റെ അധ്യക്ഷനായിരുന്നു. അന്ന് കുറച്ച് വിദ്യാര്‍ഥികള്‍ ഈ വിവാദത്തിന്റെ ചരിത്രപശ്ചാത്തലം എന്താണെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. അതേതുടര്‍ന്ന് ചരിത്രവിദ്യാര്‍ഥികളുടെ ഒരു വിശദീകരണയോഗം ഞങ്ങള്‍ വിളിച്ചുകൂട്ടി. ആ യോഗത്തില്‍ സര്‍വകലാശാലയിലെ മുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. അവിടെ ഉയര്‍ന്നുവന്ന ഒരു ആവശ്യം രാമജന്മഭൂമിയെന്ന് സംഘപരിവാര്‍ അവകാശപ്പെടുന്ന സ്ഥലത്തിന്റെ ചരിത്രത്തെക്കുറിച്ച് ആധികാരികമായി ഒരു ലഘുലേഖ അധ്യാപകര്‍ രചിച്ച് പ്രസിദ്ധീകരിക്കണമെന്നതായിരുന്നു. തത്ഫലമായാണ് Political Abuse Of History എന്ന ലഘുലേഖ തയ്യാറാക്കി ഞങ്ങള്‍ പ്രസിദ്ധീകരിച്ചത്. അതിന്റെ ലക്ഷക്കണക്കിന് കോപ്പികള്‍ വിവിധ ഭാഷകളില്‍ ഇന്ത്യയിലാകെ വിതരണം ചെയ്യുകയുണ്ടായി.
ഹിന്ദുവര്‍ഗീയവാദികള്‍ ഈ ലഘുലേഖയിലെ വാദഗതികള്‍ക്ക് മറുപടി പറയുന്നതിനുപകരം തികച്ചും ഫാസിസ്റ്റ് രീതിയില്‍ അവ കത്തിച്ചുകളയുകയാണ് ചെയ്തത്. ഇതിനു മുന്‍കൈ എടുത്ത വ്യക്തി എന്ന നിലയില്‍ ഞാന്‍ സംഘപരിവാറിന്റെ നോട്ടപ്പുള്ളിയായി. ഡല്‍ഹിയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കവെ ബിജെപിയുടെ ഒരു തലമുതിര്‍ന്ന നേതാവ് എന്റെയും പ്രൊഫ. റൊമില ഥാപ്പറുടെയും തൊലിയുരിക്കണമെന്ന് ആഹ്വാനം ചെയ്യുകയുണ്ടായി. എന്റെ ഗ്രന്ഥം നിരോധിച്ചത് ഇതിന്റെ തുടര്‍ച്ചയാണ്. ജെഎന്‍യു ആ കലാഘട്ടത്തില്‍ വര്‍ഗീയതയ്ക്ക് എതിരായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വ്യാപകമായി ഏറ്റെടുത്ത ഒരു സ്ഥാപനമായിരുന്നു. അതിനു പ്രധാനമായും ശക്തി പകര്‍ന്നത് വിദ്യാര്‍ഥികളാണ്. ഞാന്‍ 2000ല്‍ ജെഎന്‍യു വിട്ട് കേരളത്തിലേക്ക് വരുമ്പോള്‍ ജെഎന്‍യുവിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ സ്നേഹപൂര്‍വം അന്ന് യാത്രയാക്കിയത് വര്‍ഗീയതയെക്കുറിച്ചുള്ള ഒരു പൊതുസമ്മേളനത്തിലൂടെയായിരുന്നു. രാത്രി ഒരു മണി വരെ നീണ്ടുനിന്ന ആ പരിപാടി വികാരഭരിതമായ സന്ദര്‍ഭമായിരുന്നു എനിക്ക്.
? കേരളത്തിലെ വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ സമൂഹം വേണ്ടത്ര പിന്തുണ നല്‍കുന്നില്ലല്ലോ. പുരോഗമനപരമായ പരിഷ്കാരങ്ങളോട് പൊതുസമൂഹം പുറംതിരിഞ്ഞു നില്‍ക്കുന്നത് അപകടകരമായ സ്ഥിതിവിശേഷമല്ലേ
കേരളത്തിലെ പൊതുമണ്ഡലത്തിന്റെ സ്വഭാവം മൌലികമായ രീതിയില്‍ തന്നെ മാറിയിരിക്കുന്നു. ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ മലയാളിയുടെ മനസ്സില്‍ സമൂഹം നിലനില്‍ക്കുന്നു എന്നു തോന്നുന്നില്ല. വ്യക്തിതാല്പര്യങ്ങളാണ് നിറഞ്ഞുനില്‍ക്കുന്നത്. ഉപഭോഗതൃഷ്ണയും ധനസമാഹരണശേഷിയുമാണ് ഇന്ന് സമൂഹത്തിലെ മൂല്യങ്ങള്‍. അത് ഏതെങ്കിലും വിഭാഗത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. സാമ്പത്തികമായി കഴിവില്ലാത്തവരില്‍പോലും ഈ മൂല്യങ്ങള്‍ അഗാധമായ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു. ഗൌരവമായി സമീപിക്കേണ്ട രാഷ്ട്രീയപ്രശ്നങ്ങളെ ഒരുതരം നിസ്സംഗതയോടെയാണ് മലയാളി നോക്കിക്കാണുന്നത്. വ്യക്തിതാല്പര്യങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍ മാത്രമാണ് പലരും ശബ്ദമുയര്‍ത്താന്‍ തയ്യാറാകുന്നത്. ഇതു വ്യക്തികളുടെ തലത്തില്‍ മാത്രം സംഭവിക്കുന്നതാണ് എന്നു തോന്നുന്നില്ല. രാഷ്ട്രീയകക്ഷികളും സാമൂഹികസംഘടനകളും ഏറെക്കുറെ ചിന്തിക്കുന്നത് വിഭാഗീയമായ രീതിയിലാണ്. സമൂഹത്തിന്റെ താല്‍പര്യത്തെക്കാള്‍ കക്ഷികളുടെ താല്‍പര്യവും സമുദായങ്ങളുടെ താല്പര്യവും മുന്‍പന്തിയില്‍നിലനില്‍ക്കുന്നു. ഇതില്‍നിന്നൊരു വ്യതിയാനം ഉണ്ടായാല്‍ മാത്രമേ ഒരുപക്ഷേ കേരളസമൂഹത്തിന് മുന്നേറാന്‍ കഴിയൂ എന്നതാണ് യാഥാര്‍ഥ്യം.
? മാഷിന്റെ പുതിയ പ്രസിദ്ധീകരണങ്ങള്‍...
നിരോധിച്ച 'ടുവേര്‍ഡ്സ് ഫ്രീഡം' പുസ്തകത്തിന്റെ രണ്ടാംഭാഗം ഉടന്‍ പുറത്തിറങ്ങും. എന്റെ ലേഖനസമാഹാരങ്ങളുടെ സമ്പൂര്‍ണകൃതി തയ്യാറായിട്ടുണ്ട്. മലയാളത്തില്‍ ചരിത്രപഠനങ്ങളുടെ ഒരു സമാഹാരം അടുത്തുതന്നെ പുറത്തിറങ്ങുന്നു. സാഹിത്യത്തെയും സംസ്കാരത്തെയും കുറിച്ചുള്ള മറ്റൊരു ഗ്രന്ഥവും.
ഞാന്‍ കുറേക്കൊല്ലമായി ഗവേഷണം നടത്തുന്ന "ആധുനിക ഇന്ത്യയുടെ ധൈഷണിക ചരിത്രം'' ഇനി പ്രസിദ്ധീകരിക്കാനുള്ള പ്രധാന പുസ്തകമാണ്.
? കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെ ചിലര്‍ അസഹിഷ്ണുതയോടെ കാണുന്നതിന് പിന്നിലുള്ള ചേതോവികാരം എന്തായിരിക്കാം. പണ്ടേ നടപ്പാക്കേണ്ട കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ തന്നെ മുറവിളി ഉയരുന്നു. വിമര്‍ശകരുടെ വികാരത്തെ എങ്ങനെ കാണുന്നു
സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ ചെയ്യാന്‍ ശ്രമിക്കുന്നത് ഉന്നതവിദ്യാഭ്യാസരംഗത്ത് പുതിയ പരിപ്രേക്ഷ്യവും സംസ്കാരവും സൃഷ്ടിക്കാനാണ്. കേരളത്തില്‍ ഉന്നതവിദ്യാഭ്യാസം ലഭിക്കുന്നവരുടെ എണ്ണം താരതമ്യേന കൂടുതലാണെങ്കിലും വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ കുറവാണെന്നത് പരക്കെ ബോധ്യമുള്ള കാര്യമാണ്. കാരണം, 60 വര്‍ഷമായി നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗം നിശ്ചലമാണ്. രാജ്യത്തിനകത്തും പുറത്തും വളരെ വലിയ മാറ്റങ്ങളുണ്ടായി. പക്ഷേ, നമുക്ക് അവയില്‍ പലതും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയിലാകട്ടെ അഞ്ചു വര്‍ഷമായി ഉന്നതവിദ്യാഭ്യാസത്തിന്റെ മൂല്യം ഉയര്‍ത്താനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. ഈ സാഹചര്യത്തിലാണ് രണ്ടുവര്‍ഷം മുമ്പ് കേരളത്തിലും ശ്രമം തുടങ്ങിയത്. സിലബസും കരിക്കുലവും മാറ്റാനുള്ള ശ്രമം മാത്രമല്ല നടക്കുന്നത്. ഘടനാപരമായി തന്നെ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ശ്രമം. ഇതിനുള്ള തയ്യാറെടുപ്പ് രണ്ടുവര്‍ഷമായി നടക്കുന്നു. ഇതിന്റെ ഭാഗമായി ശില്‍പ്പശാലകള്‍, ചര്‍ച്ചകള്‍, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ നടത്തി. അതുകൊണ്ട് വേണ്ടത്ര തയ്യാറെടുപ്പില്ലാതെയാണ് പരിഷ്കാരമെന്ന ആരോപണം ശരിയല്ല. കോളേജുകളെ ക്ളസ്റ്ററുകളായി തിരിച്ച് സ്രോതസ്സുകള്‍ ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്താനാണ് ശ്രമം. ഈ പുതിയ സമ്പ്രദായം സ്വാഭാവികമായും നിക്ഷിപ്ത താല്പര്യക്കാര്‍ക്ക് സ്വീകാര്യമല്ല. എതിര്‍പ്പ് വരുന്നത് നിക്ഷിപ്ത താല്പര്യക്കാരില്‍നിന്നാണ്. പിന്നെ, മാറ്റങ്ങള്‍ വരുമ്പോള്‍ സ്വാഭാവികമായ ആശങ്ക ഉണ്ടാകുന്നവരുണ്ട്. എതിര്‍ക്കാന്‍ പുറത്തുപറയുന്ന കാരണങ്ങള്‍ തീരെ ശരിയല്ല. ഭാഷാപഠനത്തിന്റെ പ്രാധാന്യം കുറച്ചിട്ടില്ല. പുതിയ പരിപ്രേക്ഷ്യത്തോടെ ഭാഷാപഠനം സാധ്യമാക്കുകയാണ് ചെയ്തിട്ടുള്ളത്. സാഹിത്യത്തോടൊപ്പം സാംസ്കാരികപഠനവും തര്‍ജുമയും മറ്റും പരിശീലിപ്പിക്കും. ഭാഷാപഠനം സാഹിത്യാസ്വാദനം മാത്രമല്ലല്ലോ? സ്പെഷ്യലൈസേഷന്‍ കുറയുമെന്ന ആശങ്കയുമുണ്ട്. എന്നാല്‍ സ്പെഷ്യലൈസേഷന്‍ കൂടുതല്‍ ശക്തമാക്കുന്ന ഒന്നാണ് പുതിയ സമ്പ്രദായം. വിവിധ വിഷയങ്ങളുടെ കൂടിച്ചേരലിലൂടെയാണ് ഇന്ന് വിജ്ഞാനോല്‍പാദനം സാധ്യമാകുന്നത്. അതിന് വിദ്യാര്‍ഥികളെ ധൈഷണികമായി സജ്ജമാക്കുന്നതാണ് പുതിയ വിദ്യാഭ്യാസരീതി.
? മാഷിന്റെ കുടുംബം.
ഭാര്യ ഉഷ. രാജസ്ഥാന്‍ സ്വദേശിയാണ്. ജയ്പുരില്‍ സഹപാഠിയായിരുന്നു. രണ്ടുപെണ്‍മക്കള്‍. രണ്ടുപേരും വിവാഹിതരായി. മൂത്തമകള്‍ രാഗിണി ഡല്‍ഹിയിലും ഇളയയാള്‍ ശാലിനി ബംഗളൂരുവിലും താമസിക്കുന്നു.
? ഡല്‍ഹിയില്‍ അങ്ങേയറ്റം വികാരനിര്‍ഭരമായ യാത്രയയപ്പാണ് മാഷിന് ലഭിച്ചത്. കേരളത്തില്‍ മടങ്ങിവന്നശേഷമുള്ള പ്രവര്‍ത്തനങ്ങളില്‍ മാഷ് സംതൃപ്തനാണോ
ഞാന്‍ പ്രതീക്ഷിക്കാത്ത, ആഗ്രഹിക്കാത്ത ഒരന്തരീക്ഷമാണ് കേരളത്തില്‍ അഭിമുഖീകരിച്ചത്. ആര്‍എസ്എസുകാരുടെ എതിര്‍പ്പ് സ്വാഭാവികമാണ്. പക്ഷേ, ചില മതേതരകക്ഷികളില്‍നിന്നും വ്യക്തികളില്‍നിന്നുമുണ്ടായ എതിര്‍പ്പ് അത്ഭുതപ്പെടുത്തി. കേരളത്തിലേക്കുള്ള എന്റെ തിരിച്ചുവരവ് ചില ബുദ്ധിജീവികളെയും ചരിത്രകാരന്മാരെയും അലോസരപ്പെടുത്തിയതായി തോന്നി. അവരില്‍ ചിലര്‍ അസഭ്യമായ ഭാഷ ഉപയോഗിക്കാന്‍ പോലും മടി കാട്ടിയില്ല.
എന്നാല്‍ കേരളത്തില്‍ വന്നശേഷം ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയുണ്ട്. കാലടി സംസ്കൃത സര്‍വകലാശാലയില്‍ പല പുതിയ കാര്യങ്ങളും ചെയ്യാന്‍ സാധിച്ചു. ഞാന്‍ ചെല്ലുമ്പോള്‍ സര്‍വകലാശാലയുടെ പൂര്‍ണസ്വഭാവം സിദ്ധിക്കാത്ത ഒരു സ്ഥാപനമായിരുന്നു അത്. സര്‍വകലാശാലയ്ക്ക് ആവശ്യമായ അക്കാദമിക് സ്വഭാവവും ചട്ടക്കൂടും സൃഷ്ടിക്കാനായിരുന്നു ശ്രമം. ഒരു അതിര്‍ത്തിയോളം അത് ചെയ്യാന്‍ സാധിച്ചതില്‍ സംതൃപ്തിയുണ്ട്. അക്കാര്യത്തില്‍ അധ്യാപകരുടെ വലിയ പങ്കാളിത്തം ഉണ്ടായി. ഗുണപരമായ മാറ്റമാണ് ഞാന്‍ നിര്‍ദേശിച്ചതെന്ന് അവര്‍ വിശ്വസിച്ചു. വിദ്യാര്‍ഥികളുടെ പിന്തുണയും ലഭിച്ചു. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്നു, അന്ന് കേരളം ഭരിച്ച സര്‍ക്കാരിന്റെ പിന്തുണ ഉണ്ടായിരുന്നെങ്കില്‍. പക്ഷേ, സര്‍ക്കാര്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാനാണ് ശ്രമിച്ചത്. വാസ്തവത്തില്‍ അന്നത്തെ സര്‍ക്കാര്‍ ഒരു സിന്‍ഡിക്കേറ്റ് യോഗം പോലും നടക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ് സൃഷ്ടിച്ചത്. ഒരു സിന്‍ഡിക്കേറ്റ് അംഗം സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് യോഗങ്ങളില്‍ പങ്കെടുക്കാത്തതെന്ന് എഴുതിത്തരുകയുണ്ടായി.ഇന്ന് ചില നേതാക്കള്‍ സര്‍വകലാശാലകളുടെ സ്വയംഭരണത്തെക്കുറിച്ച് വാചാലരാകുമ്പോള്‍ അതിനെ ഒരു തമാശയായി മാത്രമേ കണക്കാക്കാനാകൂ. നിയമസഭയുടെ പ്രതിനിധിയായിരുന്ന എംഎല്‍എ സിന്‍ഡിക്കേറ്റ് യോഗങ്ങള്‍ തടസ്സപ്പെടുത്താന്‍ എല്ലാ ശ്രമവും നടത്തിയിരുന്നു. ഈ പ്രതിബന്ധങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും സര്‍വകലാശാലയിലെ അക്കാദമിക് ജീവിതത്തിന് പുതിയ ദിശാബോധം നല്‍കാന്‍ കഴിഞ്ഞു. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സഹകരണവും പങ്കാളിത്തവും വഴിയാണ് ഇത് സാധ്യമായത്.
കേരളത്തില്‍ വന്നശേഷമുള്ള മറ്റൊരു പ്രധാനപ്പെട്ട പ്രവര്‍ത്തനം വര്‍ഗീയതയ്ക്ക് എതിരായുള്ള പ്രചാരണവുമായി ബന്ധപ്പെട്ടതാണ്. വര്‍ഗീയശക്തികള്‍ കത്തിനിന്നിരുന്ന കാലഘട്ടമായിരുന്നു അത്. അവര്‍ എന്നെ നിരന്തരം ആക്രമിച്ചതില്‍ അത്ഭുതമില്ല. അവരുടെ നേതാക്കളില്‍ ചിലര്‍ വ്യാജപ്രചാരണം നടത്താന്‍ ശ്രമിച്ചത് അത്ഭുതകരമല്ല. അന്ന് ഫാസിസത്തിനെതിരായി സംഘടിപ്പിച്ച ഒരുപാട് യോഗങ്ങളിലും ശില്‍പ്പശാലകളിലും പങ്കെടുത്തുകൊണ്ട് ഒരു മതേതര അവബോധം സൃഷ്ടിക്കാനുള്ള ശ്രമത്തില്‍ പങ്കാളിയായി. അത് കേരളസമൂഹത്തിന്റെ ആരോഗ്യകരമായ അവബോധരൂപീകരണത്തില്‍ നിസ്സാരമല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ടെന്ന് കരുതുന്നു. കേരളത്തില്‍ ഏറ്റെടുത്ത ഏറ്റവും പ്രധാനമായ പ്രവര്‍ത്തനം ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതാണ്. ഉന്നതവിദ്യാഭ്യാസത്തിന്റെ സ്വഭാവത്തെയും നിലവാരത്തെയും കുറിച്ച് ആരോഗ്യകരമായ ഒരു ചര്‍ച്ച ആരംഭിക്കാന്‍ കഴിഞ്ഞുവെന്നത് സന്തോഷകരമാണ്. അതില്‍നിന്ന് ഒരു പുതിയ വിദ്യാഭ്യാസ അന്തരീക്ഷവും സംസ്കാരവും ഉരുത്തിരിയാനുള്ള സാധ്യതയുണ്ടെന്ന് തോന്നുന്നു. .
*
സാജന്‍ എവുജിന്‍ കടപ്പാട്: ദേശാഭിമാനി ഓണപ്പതിപ്പ്
Subscribe to:
Post Comments (Atom)
1 comment:
കേരളത്തിന്റെ സാമൂഹിക അവസ്ഥ ആലോചിക്കുകയാണെങ്കില്‍ ചരിത്രപരമായി ഒരു ഇടതുപക്ഷ അവബോധം വളര്‍ന്നുവന്ന ഒന്നാണ്. ഇതു നമ്മുടെ സ്വാതന്ത്ര്യസമരകാലം മുതല്‍ കാണാന്‍ കഴിയും. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിനുള്ളില്‍ ഇടതുപക്ഷചായ്‌വ് കേരളത്തില്‍ പ്രകടമായിരുന്നു. അത്തരത്തില്‍ ഇടതുപക്ഷ വീക്ഷണം സ്വാതന്ത്ര്യലബ്ധിക്കുശേഷവും നിലനില്‍ക്കുകയും വളര്‍ന്നുവരികയും ചെയ്തു. അതുകൊണ്ട് കേരളത്തിലെ വ്യവഹാരമണ്ഡലത്തില്‍ ഇടതുപക്ഷ ചായ്‌വ്, ആശയങ്ങള്‍, പദാവലി എന്നിവ വളര്‍ന്നുവന്നതായി കാണാന്‍ കഴിയും. ഇതു സമൂഹത്തിലാകെ ഉണ്ടായിരുന്ന പ്രത്യേകതയാണ്; ഇടതുപക്ഷ പാര്‍ടികളുടെ ഇടയില്‍ മാത്രമല്ല. പൊതുവില്‍ ഇങ്ങനെയൊരു സ്വാഭാവം ഉണ്ടായിരുന്നു. ഇടതുപക്ഷ ധൈഷണിക വ്യവഹാരത്തിന്റെ സ്വാധീനമാണ് ഇതിനൊരു കാരണമെന്ന് പറയാം. ഇതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അംശം ഇടതുപക്ഷ സാംസ്കാരികതയാണ്. നമ്മുടെ സാഹിത്യത്തിലും കലകളിലും സാമൂഹിക ചിന്തയിലും ഒക്കെ ഇടതുപക്ഷസാമൂഹികബോധത്തിന്റെ അംശമുണ്ട്. ഇതു മലയാളിയുടെ സെന്‍സിറ്റീവിറ്റിയെ വളരെ കാര്യമായി സ്വാധീനിച്ച ഒന്നാണ്. ഇതില്‍നിന്ന് വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ഈ വ്യതിയാനം ബോധപൂര്‍വം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇടതുപക്ഷ അവബോധത്തേയും സാംസ്കാരികതയേയും പുറംതള്ളാനുള്ള ശ്രമം. ഈ പ്രവണതയ്ക്ക് രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ മാനങ്ങളുണ്ട്. ഈ മാറ്റം ഇടതുപക്ഷ സാംസ്കാരികതയില്‍നിന്നും സാമൂഹിക അവബോധത്തില്‍നിന്നും വലതുപക്ഷ സാംസ്കാരികതയിലേക്കും സാമൂഹിക ബോധത്തിലേക്കുമുള്ള മാറ്റമാണ്. ഇതു കേരളസമൂഹത്തില്‍ സംഭവിച്ച പരിവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്.
Post a Comment