നവോത്ഥാനം ഒരു നിര്‍വചനത്തിന് ഒതുങ്ങുന്ന ആശയമോ പ്രസ്ഥാനമോ അല്ല. അത് സമൂഹത്തെ നിലനിര്‍ത്തുന്ന അടിസ്ഥാന ധാരയാണ്, നിരന്തര പ്രക്രിയയാണ്. അത് എക്കാലവും നടന്നുവരുന്നു. നവോത്ഥാനത്തിന്റെ അസ്തമനം സമൂഹത്തിന്റെതന്നെ അസ്തമനമാണ്.
ഇതൊരു വസ്തുതയാണെങ്കിലും ചില ചില അറിവടയാളങ്ങള്‍ മാനവചരിത്രത്തില്‍ എടുത്തുപറയേണ്ടവയായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉല്പാദന-വിതരണ-വിനിമയ ബന്ധങ്ങളുടെ വളര്‍ച്ചയോടനുബന്ധിച്ച് അവയുടെ ഘടനയുടെ മാറ്റത്തിനു വിധേയമായി സമൂഹത്തിന്റെ അധികാരഘടനയില്‍ വരുന്ന നിര്‍ണായകമായ, വിപ്ലവകരമായ എടുത്തുചാട്ടങ്ങളാണ് ഇവ. സമൂഹത്തിന്റെ അധികാരഘടന കീഴ്മേല്‍ മറിയുന്ന ഇത്തരം ഘട്ടങ്ങള്‍ സാമൂഹ്യചരിത്രത്തില്‍ ഏറെ നിര്‍ണായകമാണ്. സമൂഹത്തിന്റെ പൊതുഘടന ഇത്രയേറെ പ്രക്ഷുബ്ധമാകുന്ന മറ്റൊരു ഘട്ടവും ഇല്ലതന്നെ. ഒരുഭാഗത്ത് ശിഥിലമാകുന്ന പഴയ സാമൂഹ്യഘടന, മറുഭാഗത്ത് പിറന്നുവീഴുന്ന പുതിയ സാമൂഹ്യഘടന. എന്ത് ചെയ്യണമെന്നറിയാതെ, എന്തിനെ പിന്തുണക്കണമെന്നറിയാതെ വിഹ്വലമാകുന്ന സമൂഹ മനഃസാക്ഷി. ഇത്തരം സന്ദര്‍ഭങ്ങളില്‍, പിറന്നുവീഴുന്ന ധാര്‍മികതയെ സമൂഹത്തിന്റെ പൊതുമൂല്യമാക്കി ഉയര്‍ത്താനും പഴയത് തകര്‍ന്നടിയുന്നത് ചരിത്രഗതിയുടെ അനിവാര്യതയാണെന്ന് ബോധ്യപ്പെടുത്താനും സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ ശ്രമിക്കുന്നു. അവരുടെ പ്രവര്‍ത്തനമാണ് ജനമനസ്സുകളെ ഇളക്കിമറിക്കുന്നതും അവരെ തുടര്‍ച്ചയുടെ ഭാഗമാക്കുന്നതും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ സമസ്ത തലങ്ങളിലും പുതിയ ഉണര്‍വുകള്‍ വാരിവിതറുന്നു. ഈ ഉണര്‍വുകളെയാണ് നവോത്ഥാനം എന്നുപറയുന്നത്. ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍, ഉല്പാദന-വിതരണ-വിനിമയ ബന്ധങ്ങളുടെ വളര്‍ച്ചയുടെ ഫലമായി സമൂഹത്തിന്റെ അധികാര ഘടനയിലുണ്ടാകുന്ന മാറ്റങ്ങളെ സഹ്യമാക്കുന്ന, സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ പ്രവര്‍ത്തന ഫലമായുണ്ടാകുന്ന സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ മനുഷ്യകേന്ദ്രിത ഉണര്‍വിനെ നവോത്ഥാനമെന്നു പറയാം.
ഈ അടിത്തറയില്‍നിന്നുകൊണ്ട് ഇന്ത്യയെ പഠിക്കുമ്പോള്‍, ലഭ്യമായ തെളിവുകളുടെ പശ്ചാത്തലത്തില്‍, ആദ്യത്തെ നവോത്ഥാനഘട്ടം ബൌദ്ധകാലഘട്ടവും ആദ്യത്തെ നവോത്ഥാന നായകന്‍ ഗൌതമബുദ്ധനുമാണെന്നു പറയാം. ഗോത്രവ്യവസ്ഥയുടെ ധാര്‍മികമൂല്യങ്ങളെ നിലനിര്‍ത്താനുള്ള വ്യഗ്രത, പുരോഹിത മേധാവിത്വത്തിനെതിരെ പ്രതികരിക്കാനുള്ള ആര്‍ജവം, മാറ്റം അനിവാര്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതോടൊപ്പം ശക്തിപ്പെട്ടുകൊണ്ടിരുന്ന ഇന്ത്യന്‍ ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ അധികാരഘടനയായ നാടുവാഴിത്തത്തെ പിന്‍പറ്റുന്ന പ്രവണത ഇതെല്ലാം കൂടിച്ചേര്‍ന്ന ധാരകളാണ് ബൌദ്ധ ദര്‍ശനത്തിന്റെ ശക്തിയും ദൌര്‍ബല്യവുമെന്നു പറയാം. ബുദ്ധദര്‍ശനം മുന്നോട്ടുവച്ച പ്രതീത്യസമുത്പാദം അല്ലെങ്കില്‍ ക്ഷണികവാദം അത്യന്തം വിപ്ലവാത്മകമായിരുന്നു. ജഗത്ത്, സമൂഹം, മനുഷ്യന്‍ എന്നിങ്ങനെ സകലതും നിമിഷംപ്രതി മാറിക്കൊണ്ടിരിക്കുന്നതാണെന്ന് അത് ഉദ്ഘോഷിച്ചു. എന്നാല്‍ അക്കാലം മടങ്ങിവരാത്തവിധത്തില്‍ കഴിഞ്ഞുപോയി എന്ന ചിന്തയില്‍ മുഴുകിയിരിക്കാതെ മാറ്റങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാനും സമൂഹപരിവര്‍ത്തനത്തിനുവേണ്ടി സദാ സന്നദ്ധരായിരിപ്പാനും അത് ആഹ്വാനംചെയ്തു. ഡോ. എസ് രാധാകൃഷ്ണന്‍ ചൂണ്ടിക്കാണിച്ചതുപോലെ "സഹജമായി മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്ന സംഭവഗതികള്‍ക്ക് ബുദ്ധന്‍ ഗതിവേഗം കൂട്ടുകയാണ് ചെയ്തത് എന്നു പറഞ്ഞാല്‍ തെറ്റാവുകയില്ല. അദ്ദേഹം തന്റെ കാലത്തിന്റെ ചൈതന്യത്തെ കേന്ദ്രീകരിച്ചു. അന്നത്തെ തത്വചിന്തകന്മാരുടെ ദുര്‍ബലവും ക്രമഹീനവുമായ വികാരങ്ങള്‍ക്ക് ഒരു പൊതുഭാഷ നല്‍കി. പെട്ടന്നദ്ദേഹം ആ യുഗധര്‍മത്തിന്റെ വ്യാഖ്യാതാവും പ്രവാചകനുമായിത്തീര്‍ന്നു.'' (ഭാരതീയദര്‍ശനം, മാതൃഭൂമി, കോഴിക്കോട്, ഭാഗം 1 പുറം 327)
എന്നാല്‍ ഇന്ന് നവോത്ഥാനം എന്നു പറയുമ്പോള്‍ ബുദ്ധനോ, മഹാവീരനോ ഒന്നുമല്ല നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്. 13-14 നൂറ്റാണ്ടുകളില്‍ ഇറ്റലിയില്‍ ആരംഭിച്ച് യൂറോപ്പിലാകെ പടര്‍ന്നുപിടിച്ച് 19-ാം നൂറ്റാണ്ടുകൂടി ലോകസാഹചര്യങ്ങളെത്തന്നെ കീഴ്മേല്‍മറിച്ച ഒരു വലിയ പ്രസ്ഥാനവും അതിന് അടിത്തറയിട്ട മനുഷ്യകേന്ദ്രിതമായ ഉണര്‍വുകളുമാണ് ഇന്ന് നവോത്ഥാനം എന്നു പറയുമ്പോള്‍ നാം അര്‍ഥമാക്കുന്നത്.
ഫ്യൂഡല്‍ സാമൂഹ്യസാഹചര്യം ഭൂമികേന്ദ്രിതമായ ഉല്പാദനവ്യവസ്ഥയുടെ കാലഘട്ടമാണ്. അടിമ-ഉടമ വ്യവസ്ഥയെ പകരംവെച്ചതും മുതലാളിത്തത്തിനുമുമ്പ് നിലവിലിരുന്നതുമായ സാമൂഹ്യ-സാമ്പത്തിക സംവിധാനമാണ് ഫ്യൂഡലിസം. ഫ്യൂഡല്‍ പ്രഭുവിന് ഭൂമിയുടെ മേലുള്ള ഉടമസ്ഥതയും ആ ഭൂമിയില്‍ ഉല്പാനം നടത്തുന്ന കര്‍ഷകരുടെമേലുള്ള ഭാഗികമായ ഉടമസ്ഥതയുമാണ് ഫ്യൂഡലിസത്തിന്റെ അടിസ്ഥാനം. ഫ്യൂഡല്‍ പ്രഭുവിനെ വ്യക്തിപരമായി ആശ്രയിക്കുന്ന അടിയാള കര്‍ഷകരുടെമേലുള്ള ചൂഷണമാണ് ഫ്യൂഡലിസത്തിന്റെ മുഖമുദ്ര.
എന്നാല്‍ ഫ്യൂഡല്‍ സാമൂഹ്യ വ്യവസ്ഥക്കുള്ളില്‍ വളര്‍ന്നുകൊണ്ടിരുന്ന ഉല്പാദന-വിതരണ-വിനിമയബന്ധങ്ങള്‍ മറ്റൊരു ഘട്ടത്തിലെത്തിയപ്പോള്‍ ഭൂമിയുടെ സ്ഥാനത്ത് ചെറുതും വലുതുമായ വ്യവസായ കേന്ദ്രങ്ങളെ പ്രതിഷ്ഠിച്ചു. അടിമയും അടിയാനും കുടിയാനുമെല്ലാം അരങ്ങൊഴിഞ്ഞു. അധ്വാനശക്തി വില്‍ക്കാനും വിലപേശാനുമുള്ള സ്വാതന്ത്ര്യത്തോടുകൂടിയ തൊഴിലാളി നിലവില്‍ വന്നു. ഇതിനെല്ലാം അടിത്തറയിട്ടത് ശാസ്ത്ര-സാങ്കേതികവിദ്യയുടെ ചിറകിലേറി യൂറോപ്യന്‍ നാടുകളില്‍ അരങ്ങേറിയ വ്യാവസായിക വിപ്ലവമായിരുന്നു.
സാമൂഹ്യ ഘടനയില്‍, സാമൂഹ്യ-സാംസ്കാരിക മൂല്യങ്ങളില്‍ അടിമുടി വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഈ കാലഘട്ടം സാക്ഷ്യംവഹിച്ചു. പ്രകൃത്യതീതമായ ശക്തിയില്‍ ഈശ്വരനില്‍ കേന്ദ്രീകരിച്ചിരുന്ന മനുഷ്യചേതന ഈശ്വരന്റെ മരണം പ്രഖ്യാപിച്ചുകൊണ്ടാണ് മനുഷ്യകേന്ദ്രിതമായ പുതിയ ഉണര്‍വുകളെ സമൂഹത്തിനു പ്രദാനംചെയ്തത്. സാമൂഹ്യമാറ്റം അപ്രതിരോധ്യമാണ്. എന്നാല്‍ ആ മാറ്റത്തിനുവേണ്ടി കാത്തിരിക്കേണ്ട ആവശ്യമില്ല. സാമൂഹ്യമാറ്റ പ്രക്രിയയില്‍ ബോധപൂര്‍വം ഇടപെടാനും സ്വന്തം ഇച്ഛാനുസാരേണ പ്രപഞ്ചത്തെ മാറ്റിത്തീര്‍ക്കാനും മനുഷ്യനു കഴിയുമെന്ന് പുതിയ യുഗം ഉറക്കെ പ്രഖ്യാപിച്ചു. സ്വാഭാവികമായും മനുഷ്യനുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലും പുതിയ ഉണര്‍വ് പ്രത്യക്ഷപ്പെട്ടു. എംഗല്‍സ് രേഖപ്പെടുത്തിയതുപോലെ.
"....ജര്‍മന്‍കാരായ നമ്മള്‍ 'റിഫോര്‍മേഷന്‍' എന്നു വിളിക്കുന്ന ആ മഹത്തായ കാലഘട്ട(ത്തെ) ....ഫ്രഞ്ചുകാര്‍.....'നവോത്ഥാനം' (റെനായ്സാന്‍സ്) എന്നും ഇറ്റലിക്കാര്‍ 'ചിന്‍ക്വിച്ചെന്റെ' എന്നും വിളിക്കുന്നു. എന്നാല്‍ ആ പേരുകളൊന്നുംതന്നെ ആ കാലഘട്ടത്തിന്റെ അര്‍ഥം പൂര്‍ണമായി പ്രകാശിപ്പിക്കുന്നില്ല. പതിനഞ്ചാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ഥത്തില്‍ ആരംഭിച്ച കാലഘട്ടമാണത്. നഗരവാസികളുടെ പിന്തുണയോടെ രാജാക്കന്മാര്‍ നാടുവാഴി പ്രഭുക്കളുടെ അധികാരശക്തിയെ തകര്‍ത്തു. മുഖ്യമായും ദേശീയ ജനവിഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയ വമ്പിച്ച രാജാധിപത്യരാജ്യങ്ങള്‍ അവര്‍ സ്ഥാപിച്ചു. അവയ്ക്കുള്ളിലാണ് ആധുനിക യൂറോപ്യന്‍ രാഷ്ട്രങ്ങളും ആധുനിക ബൂര്‍ഷ്വാ സമൂഹവും വളര്‍ന്നുവന്നത്.... അത് കലാപകാരികളായ കര്‍ഷകരെ അരങ്ങത്തേക്കു കൊണ്ടുവന്നുവെന്നു മാത്രമല്ല ചെങ്കൊടി കൈയിലും സാധനങ്ങള്‍ പൊതുവുടമയിലാക്കണമെന്ന ആവശ്യം നാവിന്‍തുമ്പത്തുമുള്ള ആധുനികതൊഴിലാളിവര്‍ഗത്തിന്റെ പ്രാരംഭകരെക്കൂടി അവരുടെ പിന്നാലെ രംഗത്തിറക്കി.... അതിന്റെ ഭാസുരരൂപങ്ങളുടെ മുമ്പില്‍ മധ്യയുഗത്തിന്റെ പ്രേതങ്ങള്‍ തിരോധാനം ചെയ്തു. ഇറ്റലിയില്‍ കല സ്വപ്നത്തില്‍പോലും സങ്കല്‍പ്പിക്കാനാവാത്തവണ്ണം തഴച്ചുവളര്‍ന്നു... ഇറ്റലിയിലും ഫ്രാന്‍സിലും ജര്‍മനിയിലും പുതിയൊരു സാഹിത്യം ഉയര്‍ന്നുവന്നു. അതായിരുന്നു ആദ്യത്തെ ആധുനികസാഹിത്യം.... പഴയ ലോകത്തിന്റെ സീമകള്‍ ഭേദിക്കപ്പെട്ടു... മനുഷ്യമനസ്സുകളുടെമേല്‍ പള്ളിക്കുണ്ടായിരുന്ന സര്‍വാധിപത്യം തകര്‍ക്കപ്പെട്ടു... സ്വതന്ത്രചിന്തയുടെ ഉന്മേഷദായകമായ ഒരു ചൈതന്യം കൂടുതല്‍ കൂടുതല്‍ വേരൂന്നി.... മാനവരാശി അതുവരെ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും മഹത്തായ പുരോഗമന വിപ്ലവമായിരുന്നു അത്. അതികായന്മാരെ-ചിന്താശക്തിയിലും വികാരപരതയിലും സ്വഭാവബലത്തിലും സാര്‍വത്രികതയിലും പാണ്ഡിത്യത്തിലും അതികായന്മാരായിട്ടുള്ളവരെ ആവശ്യമായി വരികയും സൃഷ്ടിക്കുകയും ചെയ്ത ഒരു കാലമായിരുന്നു അത്. ബൂര്‍ഷ്വാസിയുടെ ആധുനികവാഴ്ചക്ക് അടിത്തറയിട്ടവരെ ബൂര്‍ഷ്വാപരിമിതികള്‍ തൊട്ടുതീണ്ടിയിരുന്നില്ല. നേരെമറിച്ച് ആ കാലഘട്ടത്തിന്റെ സാഹസിക സ്വഭാവം അവരെ വിവിധ തോതുകളില്‍ ആവേശംകൊള്ളിക്കുകയാണ് ചെയ്തത്. വിപുലമായി സഞ്ചരിക്കുകയും നാലഞ്ചു ഭാഷകള്‍ സംസാരിക്കുകയും പല രംഗങ്ങളിലും ശോഭിക്കുകയും ചെയ്യാത്തവരായിട്ടാരുംതന്നെ അന്ന് ജിവിച്ചിരുന്ന പ്രമുഖന്മാരുടെ കൂട്ടത്തിലുണ്ടായിരുന്നില്ലെന്നു പറയാം.'' (പ്രകൃതിയുടെ വൈരുദ്ധ്യാത്മകത, പ്രോഗ്രസ് പബ്ളിഷേഴ്സ്, മോസ്കോ, 1983. മുഖവുര 24-26).
ഈ നവോത്ഥാനത്തിന്റെ സന്ദേശം ഇന്ത്യയിലേക്ക് കടന്നുവരുന്നത് ബ്രിട്ടീഷുകാരുടെ വരവോടെ ആണെന്നു പറയാം. റെയില്‍-റോഡ് ഗതാഗതപരിഷ്കരണം, വന്‍കിട വ്യവസായങ്ങളുടെ ആവിര്‍ഭാവം, ആധുനിക വിദ്യാഭ്യാസ വ്യാപനം എന്നിവ നാളതുവരെ നിലനിന്നിരുന്ന ഭൂമി-ജാതികേന്ദ്രിതമായ ഇന്ത്യന്‍ ഫ്യൂഡലിസത്തെ -ഇന്ത്യന്‍ ചാതുര്‍വര്‍ണ്യവ്യവസ്ഥയെ- അതുപോലെ തുടരാന്‍ സാധ്യമല്ലാതാക്കി. പുതിയ തൊഴിലാളിയും മുതലാളിയും വ്യവസായങ്ങളും ഇന്ത്യയുടെ സമ്പദ്ഘടനയെയും മാറ്റിമറിച്ചു. തദ്ദേശീയമായ ദാര്‍ശനിക ധാരകളുടെ പിന്തുണയോടെ ആരംഭിച്ച മനുഷ്യകേന്ദ്രിതമായ നവോത്ഥാന പ്രസ്ഥാനങ്ങള്‍ പുതിയ സാഹചര്യത്തില്‍ ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്റെ ഊര്‍ജമുള്‍ക്കൊണ്ടുകൊണ്ട് കൂടുതല്‍ ശക്തിപ്പെട്ടു.
ഇന്ത്യയില്‍ രൂപപ്പെട്ട നവോത്ഥാന പ്രസ്ഥാനത്തിന്റെ ചരിത്രമെഴുതിയവര്‍ 'ട്രാന്‍സിഷണല്‍' എന്നും 'അക്കല്‍ച്ചറേറ്റീവ്' എന്നും രണ്ട് ധാരകളെ തിരിച്ചറിയുന്നുണ്ട്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ തദ്ദേശീയമായ ദാര്‍ശനികധാരകളെ ഊര്‍ജസ്രോതസ്സാക്കി രൂപപ്പെട്ട നവോത്ഥാനധാരകളെ ട്രാന്‍സിഷണല്‍ എന്നും കൊളോണിയല്‍ പശ്ചാത്തലമുള്ള പാശ്ചാത്യസിദ്ധാന്തങ്ങളെ പിന്‍പറ്റിക്കൊണ്ട് രൂപപ്പെട്ട നവോത്ഥാനധാരകളെ അക്കല്‍ച്ചറേറ്റീവ് എന്നും പറയുന്നു. ഈ രണ്ടു ധാരകളും ഇടകലര്‍ന്നുകൊണ്ടാണ് അവസാന ഘട്ടത്തില്‍ ഇന്ത്യന്‍ നവോത്ഥാനം മുന്നോട്ടുപോയത്. എന്നാല്‍ സമൂഹത്തിന്റെ അധികാരഘടനയെയും സാമ്പത്തികഘടനയെയും അടിമുടി ഉടച്ചുവാര്‍ക്കുവാന്‍ ബാധ്യതപ്പെട്ട (യൂറോപ്പില്‍ അതാണ് ബൂര്‍ഷ്വാ ജനാധിപത്യവിപ്ലവം സാക്ഷാല്‍കരിച്ചത്) പുതിയ മുതലാളിത്തം ഇന്ത്യയില്‍, എന്നാല്‍, ദൌത്യം പൂര്‍ണമാക്കിയില്ല.
മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ബ്രിട്ടീഷ് ഭരണാധികാരികള്‍ ഇന്ത്യന്‍ മുതലാളിത്ത വ്യവസ്ഥയുടെ വളര്‍ച്ചക്ക് വഴിയൊരുക്കിയെങ്കിലും അധികാരം നിലനിര്‍ത്തുന്നതിനുവേണ്ടി അവര്‍ ഇന്ത്യന്‍ ഫ്യൂഡലിസവുമായി സന്ധിചെയ്യുകയാണുണ്ടായത്. പിന്നീട് ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ പരിസമാപ്തിയെന്ന നിലയില്‍ ബ്രിട്ടീഷ് ബൂര്‍ഷ്വാസിയില്‍നിന്ന് ഇന്ത്യന്‍ ബൂര്‍ഷ്വാസിയിലേക്ക് അധികാരം കൈമാറിയെങ്കിലും പുത്തന്‍ ഭരണാധികാരികളായി രംഗമേറിയ ഇന്ത്യന്‍ ബൂര്‍ഷ്വാസിയും ഇന്ത്യയില്‍ ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവത്തിന്റെ കടമകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ഒരു താല്‍പ്പര്യവും കാണിച്ചില്ല. മാത്രമല്ല. ബ്രിട്ടീഷ് ഭരണാധികാരികളെപ്പോലെ അവരും ഇന്ത്യന്‍ ഭൂപ്രഭുത്വവുമായി -ജാതി ജന്മി നാടുവാഴി മേധാവിത്വവുമായി - രമ്യമായ ഒത്തുതീര്‍പ്പിന് വ്യാപൃതരാവുകയാണ് ചെയ്തത്.
ഇ എം എസ് രേഖപ്പെടുത്തുന്നു: "പാശ്ചാത്യരാജ്യങ്ങളിലെയും ഇന്ത്യയിലെയും നവോത്ഥാന പ്രസ്ഥാനങ്ങള്‍ തമ്മില്‍ മൌലികമായ ഒരു വ്യത്യാസമുണ്ടായിരുന്നു. സാമൂഹികവും സാംസ്കാരികവുമെന്നപോലെ രാഷ്ട്രീയംകൂടിയായ ഒരു പ്രസ്ഥാനമായിരുന്നു പാശ്ചാത്യരാജ്യങ്ങളിലെ നവോത്ഥാനം. 1649 ലെ ഇംഗ്ളീഷ് വിപ്ലവം, 1789 ലെ ഫ്രഞ്ച് വിപ്ലവം, അതിനേതാനും വര്‍ഷംമുമ്പ് അമേരിക്കയില്‍ നടന്ന സ്വാതന്ത്ര്യസമരവും ആദ്യത്തെ ഫ്രഞ്ച് വിപ്ലവത്തെത്തുടര്‍ന്ന് യൂറോപ്പിലാകെനടന്ന വിപ്ലവങ്ങളും ഇതെല്ലാം പാശ്ചാത്യരാജ്യങ്ങളിലെ നവോത്ഥാനത്തിന്റെ ഭാഗമാണ്. ഇന്ത്യയിലാകട്ടെ രാംമോഹനെപ്പോലുള്ള നവോത്ഥാന നേതാക്കളുടേതിന്റെ അടുത്ത തലമുറക്കാര്‍ മാത്രമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് രൂപംനല്‍കിയത്. ആ സംഘടനയുടെതന്നെ ആദ്യഘട്ടത്തില്‍ ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ മുമ്പില്‍ നിവേദനങ്ങള്‍ സമര്‍പ്പിക്കുന്ന ഒരു സംഘടനയായി അതു തുടര്‍ന്നു. ആദ്യം തിലകനെപ്പോലുള്ളവരുടെയും പിന്നീട് ഗാന്ധിജിയുടെയും നേതൃത്വത്തിലാണ് ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഒരു ബഹുജനപ്രസ്ഥാനം ഉയര്‍ന്നുവന്നത്. അപ്പോഴും അത് ബഹുജന വിപ്ലവപ്രസ്ഥാനമായിരുന്നില്ല.... (അതുകൊണ്ടുതന്നെ) നവോത്ഥാനനായകന്മാര്‍ സാംസ്കാരികവും സാമൂഹ്യ പരിഷ്കാരപരവുമായ പ്രസ്ഥാനങ്ങളില്‍ ഒതുങ്ങിനിന്നു.'' (ഇ എം എസ്സിന്റെ ഡയറി, ചിന്ത പബ്ളിഷേഴ്സ്, തിരുവനന്തപുരം, ഒന്നാം വാള്യം 1996. പുറം. 226-27)
അതുകൊണ്ടുതന്നെ, മാറ്റത്തിന്റെ സന്ദേശവാഹകരായ ജനവിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ സാഹചര്യത്തില്‍ ചെയ്തുതീര്‍ക്കാനുള്ള കടമകള്‍ ഏറെയത്രെ. ഫ്യൂഡല്‍ ഭൂപ്രഭുത്വത്തോടും ഈശ്വരകേന്ദ്രിതമായ അതിന്റെ മൂല്യങ്ങളോടും മാത്രമല്ല, സാമ്രാജ്യത്വത്തോടും അതിന്റെ മൂല്യങ്ങളോടുംകൂടി പടപൊരുതി മുന്നേറിയ ഇന്ത്യന്‍ നവോത്ഥാനത്തിന്റെ യഥാര്‍ഥശക്തിയെ മുന്നോട്ടു നയിക്കുക എന്ന ബാധ്യത സാക്ഷാത്കരിക്കുമ്പോള്‍ മാത്രമേ ഇന്ത്യന്‍ നവോത്ഥാനം അതിന്റെ യഥാര്‍ഥ തനിമയില്‍ ജനകീയമാകുകയുള്ളു.
*
ഡോ. ധര്‍മരാജ് അടാട്ട് കടപ്പാട്: ദേശാഭിമാനി വാരിക
Subscribe to:
Post Comments (Atom)
1 comment:
നവോത്ഥാനം ഒരു നിര്‍വചനത്തിന് ഒതുങ്ങുന്ന ആശയമോ പ്രസ്ഥാനമോ അല്ല. അത് സമൂഹത്തെ നിലനിര്‍ത്തുന്ന അടിസ്ഥാന ധാരയാണ്, നിരന്തര പ്രക്രിയയാണ്. അത് എക്കാലവും നടന്നുവരുന്നു. നവോത്ഥാനത്തിന്റെ അസ്തമനം സമൂഹത്തിന്റെതന്നെ അസ്തമനമാണ്.
ഇതൊരു വസ്തുതയാണെങ്കിലും ചില ചില അറിവടയാളങ്ങള്‍ മാനവചരിത്രത്തില്‍ എടുത്തുപറയേണ്ടവയായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉല്പാദന-വിതരണ-വിനിമയ ബന്ധങ്ങളുടെ വളര്‍ച്ചയോടനുബന്ധിച്ച് അവയുടെ ഘടനയുടെ മാറ്റത്തിനു വിധേയമായി സമൂഹത്തിന്റെ അധികാരഘടനയില്‍ വരുന്ന നിര്‍ണായകമായ, വിപ്ലവകരമായ എടുത്തുചാട്ടങ്ങളാണ് ഇവ. സമൂഹത്തിന്റെ അധികാരഘടന കീഴ്മേല്‍ മറിയുന്ന ഇത്തരം ഘട്ടങ്ങള്‍ സാമൂഹ്യചരിത്രത്തില്‍ ഏറെ നിര്‍ണായകമാണ്. സമൂഹത്തിന്റെ പൊതുഘടന ഇത്രയേറെ പ്രക്ഷുബ്ധമാകുന്ന മറ്റൊരു ഘട്ടവും ഇല്ലതന്നെ. ഒരുഭാഗത്ത് ശിഥിലമാകുന്ന പഴയ സാമൂഹ്യഘടന, മറുഭാഗത്ത് പിറന്നുവീഴുന്ന പുതിയ സാമൂഹ്യഘടന. എന്ത് ചെയ്യണമെന്നറിയാതെ, എന്തിനെ പിന്തുണക്കണമെന്നറിയാതെ വിഹ്വലമാകുന്ന സമൂഹ മനഃസാക്ഷി. ഇത്തരം സന്ദര്‍ഭങ്ങളില്‍, പിറന്നുവീഴുന്ന ധാര്‍മികതയെ സമൂഹത്തിന്റെ പൊതുമൂല്യമാക്കി ഉയര്‍ത്താനും പഴയത് തകര്‍ന്നടിയുന്നത് ചരിത്രഗതിയുടെ അനിവാര്യതയാണെന്ന് ബോധ്യപ്പെടുത്താനും സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ ശ്രമിക്കുന്നു. അവരുടെ പ്രവര്‍ത്തനമാണ് ജനമനസ്സുകളെ ഇളക്കിമറിക്കുന്നതും അവരെ തുടര്‍ച്ചയുടെ ഭാഗമാക്കുന്നതും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ സമസ്ത തലങ്ങളിലും പുതിയ ഉണര്‍വുകള്‍ വാരിവിതറുന്നു. ഈ ഉണര്‍വുകളെയാണ് നവോത്ഥാനം എന്നുപറയുന്നത്. ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍, ഉല്പാദന-വിതരണ-വിനിമയ ബന്ധങ്ങളുടെ വളര്‍ച്ചയുടെ ഫലമായി സമൂഹത്തിന്റെ അധികാര ഘടനയിലുണ്ടാകുന്ന മാറ്റങ്ങളെ സഹ്യമാക്കുന്ന, സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ പ്രവര്‍ത്തന ഫലമായുണ്ടാകുന്ന സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ മനുഷ്യകേന്ദ്രിത ഉണര്‍വിനെ നവോത്ഥാനമെന്നു പറയാം.
Post a Comment