Sunday, October 18, 2009

മനുഷ്യവികസനത്തിന്റെ പാത = സോഷ്യലിസം

'ജനങ്ങളില്‍ നമുക്ക് വിശ്വാസമുണ്ടെങ്കില്‍, മനുഷ്യസമൂഹത്തിന്റെ ലക്ഷ്യം പൊതുവായ മനുഷ്യവികസനം ഉറപ്പാക്കുക എന്നതാണെങ്കില്‍, തെരഞ്ഞെടുക്കാന്‍ നമ്മുടെ മുന്നിലുള്ള വഴിയും വ്യക്തമാണ്-ഒന്നുകില്‍ സോഷ്യലിസം, അല്ലെങ്കില്‍ കാട്ടാളത്തം.'

ഈ വരികളോടെയാണ് മൈക്കള്‍ എ. ലെബോവിറ്റ്സ് തന്റെ ലഘുലേഖ അവതരിപ്പിക്കുന്നത്. കാനഡയില്‍ വാന്‍കൂവര്‍ സൈമണ്‍ ഫ്രേസര്‍ യൂണിവേഴ്സിറ്റിയിലെ എക്കണോമിക്സ് പ്രൊഫസര്‍ ലോകമാകെ ചര്‍ച്ചചെയ്യപ്പെടണമെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ലഘുലേഖയുടെ സംഗ്രഹമാണിത്. വെനിസ്വലന്‍ഭരണഘടനയുടെ പരിശോധനയുമായി ബന്ധപ്പെടുത്തിയാണ് ശ്രീ. ലെബോവിറ്റ്സ് ഇതു രചിച്ചിട്ടുള്ളത്.

എന്തൊക്കെയാണ് നമുക്ക് വേണ്ടത്?

എന്തൊക്കെ നേടാന്‍ കഴിയുമോ അതൊക്കെ നമുക്ക് നേടേണ്ടതുണ്ട്. അത് നമുക്ക് മാത്രമല്ല, നമ്മുടെ കുടുംബങ്ങള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കുമൊക്കെ നേടിയെടുക്കാനുള്ള കഴിവാര്‍ജ്ജിക്കാനാകണം. ഓരോരുത്തര്‍ക്കും അവരുടെ ആവശ്യത്തിനനുസരിച്ച വികസനം ഉറപ്പാക്കാന്‍ കഴിയണം.

വികസനത്തിന്റെ അവശ്യഘടകങ്ങള്‍

ഇതില്‍ പ്രധാനമായും രണ്ടു കാര്യങ്ങളുണ്ട് ഒന്നാമത്തേത് ആവശ്യത്തിന് ഭക്ഷണം, നല്ല ആരോഗ്യം, വിദ്യാഭ്യാസം, സ്വയം തീരുമാനമെടുക്കാനുള്ള അവസരങ്ങള്‍ എന്നിവയാണ്. ആരോഗ്യം നഷ്ടപ്പെട്ട, വിദ്യാഭ്യാസമില്ലാത്ത, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് എങ്ങനെയാണ് അവരുടെ കഴിവുകള്‍ വികസിപ്പിക്കാനാവുക? എല്ലാവര്‍ക്കും ഒരുപോലെയുളള വികസനം സാധ്യമല്ല. വ്യക്തിത്വവികസനവും കഴിവുകളും ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്.

വേണ്ടത് വികസനത്തിന് അവസരങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു സമൂഹം

പൂര്‍ണമായ മനുഷ്യവികസനം ലക്ഷ്യമിടുന്ന ഒരുസമൂഹമാണ് സോഷ്യലിസ്റ്റുകള്‍ എപ്പോഴും ലക്ഷ്യമിടുന്നത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യം തയ്യാറാക്കിയ കരടില്‍ ഏംഗല്‍സ് ഇങ്ങനെ ചോദിച്ചു. 'എന്താണ് കമ്മ്യൂണിസത്തിന്റെ ലക്ഷ്യം?' മറുപടിയും അദ്ദേഹം പറഞ്ഞു. 'സമൂഹത്തിലെ ഓരോ അംഗത്തിനും അവന്റെ കഴിവുകള്‍ വികസിപ്പിക്കാനും അതിന്റെ അടിസ്ഥാന ഘടനയ്ക്കു കോട്ടംതട്ടാതെ പരിപൂര്‍ണ സ്വാതന്ത്ര്യം ഉറപ്പാക്കാനും കഴിയുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതാണ്.' ഒടുവില്‍ മാര്‍ക്സ് അതിനെ ഇപ്രകാരം സ്വാംശീകരിച്ചു. 'ഓരോരുത്തരുടെയും സ്വതന്ത്രവികസനത്തിലൂടെ എല്ലാവരുടെയും സ്വതന്ത്രവികസനം ഉറപ്പാക്കുന്ന ഒരു കൂട്ടായ്മ'. ചുരുക്കത്തില്‍, നമ്മുടെ ലക്ഷ്യം ചിലര്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ കഴിയുന്നതും മറ്റുള്ളവര്‍ക്ക് അവസരം നിഷേധിക്കപ്പെടുന്നതുമല്ല, ഒരു മനുഷ്യ കുടുംബമെന്നനിലയില്‍ പരസ്പരാശ്രിതത്വത്തിലൂന്നിയ, എല്ലാവരുടെയും വികസനം ഉറപ്പാക്കുന്ന സമൂഹമാണ്.

മനുഷ്യവികസനം എവിടെനിന്നു വരുന്നു?

അത് ആകാശത്തുനിന്നു പൊട്ടിവീഴുന്ന ഒരു സമ്മാനമല്ല. വിപ്ലവകരമായ പ്രവര്‍ത്തനത്തിലൂടെ ആര്‍ജ്ജിക്കുന്നതാണ്. മാര്‍ക്സ് പറഞ്ഞപോലെ മനുഷ്യന്റെ സജീവപ്രവര്‍ത്തനത്തിലൂടെയോ മാറ്റങ്ങളിലൂടെയോ സാഹചര്യങ്ങളില്‍വരുന്ന മാറ്റത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന ആകസ്മികതയാണത്. ഈ പരിവര്‍ത്തനം സംഭവിക്കുന്നത് നമ്മുടെ പ്രവര്‍ത്തനങ്ങളിലൂടെയും സമരങ്ങളിലൂടെയുമാണ്. നമ്മുടെ ഉല്പാദനരീതികള്‍ (തൊഴില്‍ സ്ഥലത്തും സാമൂഹ്യകൂട്ടായ്മയിലും വീട്ടിലും) നമ്മുടെ പ്രവര്‍ത്തനത്തില്‍ മറ്റുള്ളവരുമായുള്ള ഇടപെടലുകള്‍, നാം നമ്മെ ഭരിക്കുന്ന രീതിയില്‍ (അല്ലെങ്കില്‍ മറ്റുള്ളവര്‍ നമ്മെ ഭരിക്കുന്ന രീതിയില്‍) ഇതെല്ലാമാണ് നമ്മെ നാമാക്കുന്നത്. ചുരുക്കത്തില്‍ നാം നമ്മുടെ പ്രവര്‍ത്തനങ്ങളുടെ ഉല്‍പ്പന്നമാണ്.

ബൊളിവേറിയന്‍വിപ്ലവം പ്രദാനംചെയ്ത പൊതുബോധം

വെനിസ്വലയിലെ ബൊളിവേറിയന്‍ ഭരണഘടനയുടെ കേന്ദ്രബിന്ദുവാണ് താനെന്ന ആശയം ഓരോ വെനിസ്വലക്കാരനും ഉള്‍ക്കൊള്ളണം. മൊത്തത്തിലുള്ള മനുഷ്യവികസനം ഉറപ്പാക്കുമെന്ന് അതിലെ 299-ാം വകുപ്പ് പറയുന്നു. ഓരോ വ്യക്തിക്കും സ്വതന്ത്രമായ വികസനത്തിനും വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാനും വകുപ്പ് 20 വ്യവസ്ഥചെയ്യുന്നു. സര്‍ഗാത്മകമായ കഴിവുകള്‍ ഓരോ വ്യക്തിക്കും അവനവന്റെ വ്യക്തിത്വത്തിനുപയുക്തമായ രീതിയില്‍ വളര്‍ത്തിയെടുക്കുവാന്‍ കഴിയുന്ന ഒരു ജനാധിപത്യസമൂഹം വകുപ്പ് 102 ഉറപ്പുനല്‍കുന്നു. മനുഷ്യവികസനമെന്ന ആശയം ഭരണഘടനയിലാകെ നിറഞ്ഞുനില്‍ക്കുന്നു.

കൂടാതെ ഓരോ വ്യക്തിയും അവന്റെ യുക്തിയും ശേഷിയും എങ്ങനെ വികസിപ്പിക്കണമെന്നും ഭരണഘടന സൂചിപ്പിക്കുന്നു. പൊതുവിഷയങ്ങളുടെ മാനേജ്‌മെന്റും നിയന്ത്രണവും കൈയ്യാളുന്നതില്‍, അവ മുന്നോട്ടുകൊണ്ടു പോകുന്നതില്‍ എല്ലാവരുടെയും കൂട്ടായതും വ്യക്തിപരവുമായ പങ്കാളിത്തം ഉറപ്പാക്കുമെന്ന് വകുപ്പ് 62 പ്രഖ്യാപിക്കുന്നു.

ഇത്തരത്തിലുള്ള ജനാധിപത്യ, പങ്കാളിത്തനേതൃപരമായ സമൂഹമാണ് സാമ്പത്തികരംഗത്തും ഭരണഘടന വിഭാവനം ചെയ്യുന്നത്. വകുപ്പ് 70 സ്വയംഭരണം, സംയുക്തഭരണം, എല്ലാ വിധത്തിലുമുള്ള നവീകരണം എന്നിവ ഉറപ്പാക്കുന്നു.

1999ലെ ഭരണഘടനയില്‍ പ്രതിഫലിക്കുന്നത് അന്നത്തെ ബലാബലത്തിന്റെ ഒളിമിന്നലാണ്. എന്നാല്‍ ഭരണഘടന ലക്ഷ്യംവെക്കുന്നത് മനുഷ്യവികസനം മാത്രമല്ല. മുന്‍ഭരണഘടനയ്ക്ക് ഉറപ്പുനല്‍കിയ മുതലാളിത്തസ്ഥാപനങ്ങള്‍ക്കുള്ള പിന്തുണ അതു നിലനിര്‍ത്തുന്നു. ഉല്പാദനോപാധികളുടെ സ്വകാര്യഉടമസ്ഥതയ്ക്ക് ഗ്യാരണ്ടി നല്കുന്നു (വകുപ്പ് 115) വളര്‍ച്ചയും തൊഴിലും വര്‍ധിപ്പിക്കുന്നതില്‍ സ്വകാര്യസംരംഭങ്ങള്‍ക്കുള്ള പങ്ക് എടുത്തുപറയുന്നു (വകുപ്പ് 299). കൂടാതെ സ്വകാര്യസംരംഭകരെ പ്രോല്‍സാഹിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നു (വകുപ്പ് 112).

ഒപ്പംതന്നെ ധനമൂലധനത്തിന്റെ വക്താക്കള്‍ മുന്നോട്ടുവച്ച നിയോലിബറല്‍ നയങ്ങള്‍-കേന്ദ്ര ബാങ്കിന്റെ സ്വതന്ത്രസ്വഭാവം, തുടങ്ങിയവ ഭരണഘടനയില്‍പ്പെടുത്തിയിരിക്കുന്നു. രാജ്യത്തിന്റെ നിര്‍ണ്ണായകസാമ്പത്തികതീരുമാനങ്ങള്‍, രാജ്യത്തെ സര്‍ക്കാരല്ല, തങ്ങളുടെ അധീനതയിലുള്ള ബാങ്കുകളാണ് തീരുമാനിക്കേണ്ടതെന്നാണ് സാമ്രാജ്യത്വം ശഠിച്ചത്. മുതലാളിത്ത അംശങ്ങളും, പൂര്‍ണമായ മനുഷ്യവികസനസാധ്യതകളും അന്നത്തെ ബലാബലത്തിന് അനുസൃതമായി സമന്വയിച്ച ഒന്നാണ് 1999ലെ ബൊളിവേറിയന്‍ഭരണഘടന. ഇവ രണ്ടും ഐക്യപ്പെടുമോ? മുതലാളിത്തത്തിന്‍ കീഴില്‍ മൊത്തത്തിലുള്ള മനുഷ്യവികസനം സാധ്യമാണോ?

മുതലാളിത്തത്തിന്റെ നീതിശാസ്ത്രം

മുതലാളിത്തത്തില്‍ മുന്‍കൈ മൂലധനത്തിനാണ്. അതു മുന്നോട്ടുവെയ്ക്കുന്ന നീതിശാസ്ത്രം മനുഷ്യരാശിയുടെ ആവശ്യങ്ങള്‍ക്കും അതിന്റെ വികസനത്തിനും എതിരാണ്. മുതലാളിത്തത്തില്‍ ഉല്പാദനത്തിന്റെ ഉദ്ദേശം മൂലധനത്തിന്റെ ലക്ഷ്യമായ ലാഭമാണ്. മനുഷ്യനും പ്രകൃതിയും ആ ലക്ഷ്യം നേടാനുള്ള ഉപാധിമാത്രമാണ്.

മുതലാളിയും തൊഴിലാളിയും

മുതലാളിത്ത ഉല്പാദനബന്ധം നമുക്കൊന്നു പരിശോധിക്കാം. ഇതില്‍ രണ്ടു കേന്ദ്രങ്ങളുണ്ട്. മുതലാളിയുടെ ഭാഗവും തൊഴിലാളിയുടെ ഭാഗവും. ഒരുഭാഗത്ത് സ്വത്തുടമസ്ഥരായ മുതലാളിമാര്‍. അവര്‍ ഉല്പാദനോപാദികളുടെ ഉടമസ്ഥരാണ്. അവരുടെ വ്യഗ്രത സ്വന്തം സ്വത്ത് വര്‍ദ്ധിപ്പിക്കുന്നതിലാണ്. മുതലാളി മൂല്യം വര്‍ദ്ധിപ്പിച്ച് മിച്ചമൂല്യം കൈക്കലാക്കുന്നു.

മറുഭാഗത്താണ് തൊഴിലാളി നില്ക്കുന്നത്. അവന്റെ കൈവശം അവനാവശ്യമായ വസ്തുക്കള്‍ ഉല്പാദിപ്പിക്കാനുള്ള ഉല്പാദനോപാധികളില്ല. അതിനാല്‍ ഉല്പന്നങ്ങളുണ്ടാക്കി മാര്‍ക്കറ്റില്‍ വില്ക്കാനോ കൈമാറാനോ കഴിയില്ല. അപ്പോള്‍ തൊഴിലാളികള്‍ക്ക് വേണ്ട ഉല്പന്നങ്ങള്‍ അവന് എവിടെ നിന്നാണ് കിട്ടുക? കൈവശമുള്ള ഏകവസ്തുവായ തൊഴില്‍ചെയ്യാനുള്ള കഴിവ് വിറ്റുകൊണ്ട്. അത് അവന് ഇഷ്ടമുള്ളയാള്‍ക്ക് വില്ക്കാം. വില്ക്കണോ, വില്ക്കാതിരിക്കണോ എന്ന തിരഞ്ഞെടുപ്പ് പക്ഷേ, അവന് നടത്താന്‍ കഴിയില്ല. കാരണം അതു വില്ക്കാതെ അവന് നിലനില്‍ക്കാന്‍ കഴിയില്ല, എന്നതുതന്നെ. ഉല്പാദനശക്തി വിറ്റ പ്രതിഫലംകൊണ്ട് അവന് വേണ്ടസാധനങ്ങള്‍ വാങ്ങി ജീവിക്കുന്ന തൊഴിലാളിയെയാണ് മുതലാളിത്തത്തിനുവേണ്ടത്.

അദ്ധ്വാനശക്തിയുടെ വില്പന

ഉല്പാദനോപാധികള്‍ ഉല്‍പാദകനില്‍നിന്ന് മാറ്റിയതുകൊണ്ടുമാത്രം അദ്ധ്വാനശക്തിയുടെ വില്പന ഒഴിവാകുന്നില്ല. തൊഴിലാളിയെ ഉല്പാദനോപാധികളില്‍നിന്ന് മാറ്റിനിര്‍ത്തിയെന്ന് കരുതുക. പിന്നീടുള്ളത് രണ്ട് സാധ്യതകളാണ്.

1. തൊഴിലാളി അവന്റെ അദ്ധ്വാനശക്തി ഉല്പാദനോപാധിയുടെ ഉടമസ്ഥന് വില്‍ക്കണം.
2. തൊഴിലാളി ഉല്പാദനോപാധികള്‍ ഉടമസ്ഥനില്‍നിന്ന് വാടകയ്ക്ക് എടുക്കണം.

ആദ്യം പറഞ്ഞ വ്യവസ്ഥയാണ് മുതലാളിത്തഉല്പാദനത്തിന്റെ സാഹചര്യം സൃഷ്ടിക്കുന്നത്. അതേപ്പറ്റി ഇനി വിശദീകരിക്കാം.

ഈ സാധ്യതകളില്‍ ഏതാണ് വേണ്ടതെന്ന് ആരാണ് തീരുമാനിക്കുന്നത്? ഉല്പാദനോപാധിയുടെ ഉടമസ്ഥന്‍, അതായത് മുതലാളിതന്നെ. ഉല്പാദനോപാധിയുടെ ഉടമസ്ഥത തീരുമാനമെടുക്കാനുള്ള അധികാരം ഉറപ്പാക്കുന്നു. ഉല്പാദനം സ്വന്തം നിയന്ത്രണത്തില്‍മതിയെന്ന് മുതലാളി തീരുമാനിച്ചാല്‍ തൊഴിലാളിയുടെ മുന്നില്‍ ഒരുവഴിയേയുള്ളു. അധ്വാനശക്തി വിറ്റ് ജീവിക്കുക.

പക്ഷേ, എന്തിനാണ് മുതലാളി അധ്വാനശക്തി വാങ്ങുന്നത്. അത് വിലയ്ക്കുവാങ്ങാതെ മുതലാളിക്ക് ലാഭം വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ല എന്നതുകൊണ്ടുതന്നെ. ഒരിക്കല്‍ അവ വാങ്ങിക്കഴിഞ്ഞാല്‍ ലാഭം വര്‍ദ്ധിപ്പിക്കാനായി അവന്റെമേല്‍ സമ്മര്‍ദ്ദം കൊണ്ടുവരാന്‍ മുതലാളിക്ക് കഴിയുന്നു.

മൂലധനവും തൊഴിലാളിയും തമ്മിലുള്ള കമ്പോളകൈമാറ്റം

രണ്ടുകക്ഷികളാണ് ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളത്. പണത്തിന്റെ ഉടമസ്ഥനും അധ്വാനശക്തിയുടെ ഉടമസ്ഥനും. തൊഴിലാളിക്ക് പണം ആവശ്യമുണ്ട്. മുതലാളിക്ക് തൊഴിലാളിയുടെ അധ്വാനശക്തിയാണാവശ്യം. സ്വതന്ത്ര കൈമാറ്റംപോലെ തോന്നിക്കുന്ന ഒരിടപാടിന്റെ സാഹചര്യമിവിടെയുണ്ട്. മാര്‍ക്കറ്റിലെ ഈ ഇടപാടു ചൂണ്ടിക്കാട്ടി അധികംപേരും പറയും, ഇതാ സ്വതന്ത്രകൈമാറ്റം. ആരും നിങ്ങളെ നിര്‍ബന്ധിക്കുന്നില്ല, സ്വീകരിക്കുകയോ പട്ടിണികിടക്കുകയോ ആവാം.

ചരക്കിന്റെ വില്പനയും ഈ കൈമാറ്റവും തമ്മില്‍ എന്താണ് വ്യത്യാസം?

തൊഴിലാളിയെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് അധ്വാനശക്തി വിറ്റേ തീരൂ. കര്‍ഷകന്റെയും കൈവേലക്കാരന്റെയും സ്ഥിതിയും ഇതുതന്നെ. തുടര്‍ന്ന് സംഭവിക്കാന്‍പോകുന്നതിനെപ്പറ്റി മാര്‍ക്സ് ഇങ്ങനെ പറഞ്ഞു. "നേരത്തേ പണത്തിന്റെ ഉടമയായിരുന്നയാള്‍ മുതലാളിയായി മുന്നിലെത്തുന്നു. അധ്വാനശക്തിയുടെ ഉടമ അവന്റെ തൊഴിലാളിയായി മാറുന്നു.'' എന്നിട്ടവരെവിടേക്കാണ് പോകുന്നത്? അവര്‍ തൊഴില്‍സ്ഥലത്ത് പ്രവേശിക്കുന്നു. മുതലാളി താന്‍ വിലയ്ക്കുവാങ്ങിയ സ്വത്തിന്റെ അവകാശം വിനിയോഗിക്കുന്നു.ഉല്പാദനരംഗത്ത് മൂലധനം തൊഴിലാളിയെ നിയന്ത്രിക്കുന്നു

മുതലാളിത്തബന്ധത്തില്‍ രണ്ട് കാര്യങ്ങള്‍ ഉല്പാദനപ്രക്രിയയില്‍ സംഭവിക്കുന്നു. തൊഴിലാളി, മുതലാളിയുടെ നിര്‍ദ്ദേശാനുസരണം, അവന്റെ മേല്‍നോട്ടത്തിനും നിയന്ത്രണത്തിനും വിധേയമായി പണിയെടുക്കുന്നു. ഉല്പാദനത്തിന്റെ സ്വഭാവം തീരുമാനിക്കപ്പെടുന്നത് ലക്ഷ്യത്തിനനുസൃതമായാണ് (അതായത് ലാഭം) നിര്‍ദ്ദേശങ്ങളും ഉത്തരവുകളും മുകളില്‍നിന്ന്
വരുന്നു. ഇവിടെ മാര്‍ക്കറ്റില്ല. അധികാരം ഉള്ളവനെയും ഇല്ലാത്തവനെയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍വരമ്പില്ല. ആജ്ഞാപിക്കപ്പെടുന്നതെന്തോ, അതു നടപ്പാക്കപ്പെടുന്ന ഈ സംവിധാനത്തില്‍ തൊഴില്‍ശാലയില്‍ നടക്കുന്നത് മുതലാളിയുടെ ഏകാധിപത്യമാണ്.

എന്തുകൊണ്ടാണ് തൊഴിലാളിക്കുമേല്‍ മുതലാളിക്ക് ആധിപത്യം കിട്ടുന്നത് ?

തൊഴിലാളികളുടെ പണിയെടുക്കാനുള്ള കഴിവ് മുതലാളി വിലയ്ക്കുവാങ്ങി എന്നതുകൊണ്ടുതന്നെ.

സ്വത്തവകാശമില്ലാത്ത തൊഴിലാളി

തന്റെ അദ്ധ്വാനത്തിലൂടെ തൊഴിലാളി ഉല്പാദിപ്പിക്കുന്ന ഉല്പന്നത്തിനുമേല്‍ അവന് ഒരവകാശവുമില്ല എന്നതാണ് മുതലാളിത്ത ഉല്പാദനത്തിന്റെ രണ്ടാമത്തെ പ്രത്യേകത. തനിക്ക് അവകാശം ഉന്നയിക്കാന്‍ കഴിയുമായിരുന്ന ഏകവസ്തു അവന്‍ ആദ്യംതന്നെ മുതലാളിക്ക് വിറ്റുകഴിഞ്ഞു. ഒരു സഹകരണസ്ഥാപനത്തില്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നത്തിന്മേല്‍ അതില്‍ പങ്കാളികളായവര്‍ക്കെല്ലാം അവകാശമുണ്ട്. ഒരു മുതലാളിത്തസ്ഥാപനത്തിലെ തൊഴിലാളി കഠിനമായി പണിയെടുക്കുകയും ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിനനുസൃതമായി മുതലാളിയുടെ സ്വത്തിന്റെ മൂല്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് മുതലാളിത്തഉല്പാദനത്തില്‍ തൊഴില്‍ശക്തിയുടെ വില്പന സുപ്രധാനമായി മാറുന്നത്.

കൂലിത്തൊഴിലാളികളുടെ ചൂഷണം

മുതലാളിയുടെ കണ്ണ് മിച്ചമൂല്യത്തിലാണ്. അതിനാല്‍ എത്രത്തോളം മിച്ചമൂല്യം സൃഷ്ടിക്കാന്‍ കഴിയുമോ, അത്രത്തോളം അധ്വാനശക്തി മാത്രമേ അയാള്‍ വാങ്ങുകയുള്ളൂ. മുതലാളി നടത്തുന്ന ബിസിനസ് ഒരു ജീവകാരുണ്യ പ്രവര്‍ത്തനമല്ലല്ലോ.

മിച്ചമൂല്യം എങ്ങനെയാണ് സൃഷ്ടിക്കുന്നതെന്ന് മനസ്സിലാക്കാന്‍ തന്റെ അപ്പോഴത്തെ ജീവിതനിലവാരം നിലനിര്‍ത്തി ജീവിക്കാന്‍ ഒരു തൊഴിലാളിക്ക് എന്തൊക്കെയാണ് വേണ്ടത് എന്നു കണക്കാക്കണം. അതാണ് ശരാശരി യഥാര്‍ത്ഥവേതനം. സമൂഹത്തിലെ പൊതുഉല്പാദനക്ഷമതയെ അടിസ്ഥാനമാക്കി ഈ യഥാര്‍ത്ഥവേതനം നേടാന്‍ പ്രതിദിനം എത്ര മണിക്കൂര്‍ ഒരു തൊഴിലാളി ജോലിയെടുക്കണമെന്ന് കണക്കാക്കാന്‍ കഴിയും. ഉദാഹരണത്തിന് ഒരു പ്രത്യേകഘട്ടത്തില്‍ ദിവസം 6 മണിക്കൂര്‍ നേരത്തെ ശരാശരി അധ്വാനം അവശ്യഅധ്വാനമാണെന്ന് കരുതുക. ഈ 6 മണിക്കൂറിലെ അധ്വാനംകൊണ്ട് യഥാര്‍ത്ഥവേതനത്തിന് തുല്യമായ ഉല്പാദനം അയാള്‍ നടത്തുന്നു എന്നാണതിനര്‍ത്ഥം.

ഇങ്ങനെ യഥാര്‍ത്ഥവേതനത്തിനു തുല്യമായ സമയം മാത്രം തൊഴിലാളി പണിയെടുക്കുന്ന ഒരു സാഹചര്യം മുതലാളിയുടെ മുന്നിലില്ല. അയാള്‍ക്കുവേണ്ടത് മിച്ചഅധ്വാനമാണ്. അതായത് അവശ്യഅധ്വാനത്തിന്റെ പരിധികടന്ന് തൊഴിലാളി ചെയ്യുന്ന അധികഅധ്വാനമാണ്; മുതലാളി നല്‍കുന്ന വേതനത്തിന് തുല്യമായി തൊഴിലാളി നല്‍കുന്ന അധ്വാനത്തിന് മുകളിലുള്ള തൊഴിലാളിയുടെ അധ്വാനമാണ്. ഉല്പാദനത്തിന്റെ നിയന്ത്രണവും ഉല്പാദനത്തിനു മുകളില്‍ തനിക്കുള്ള ആധിപത്യവും മറ്റും ഉപയോഗിച്ച് താന്‍ നല്‍കുന്ന വേതനത്തേക്കാള്‍ അധികരിച്ച മൂല്യം തൊഴിലാളി കൂട്ടിച്ചേര്‍ക്കുമെന്ന് മുതലാളി ഉറപ്പാക്കും. തൊഴിലാളി മൊത്തത്തില്‍ ചിലവഴിക്കുന്ന അധ്വാനശക്തിയും അവന് യഥാര്‍ത്ഥത്തില്‍ നല്‍കപ്പെടുന്ന വേതനവും തമ്മിലുള്ള വ്യത്യാസമാണ് ചൂഷണം. ഈ വ്യത്യാസത്തെ പിടിച്ചുവെക്കപ്പെട്ട അധ്വാനത്തിന്റെ വില എന്നും വിശേഷിപ്പിക്കാം.

മൂലധനത്തിന്റെ ചലനനിയമങ്ങള്‍

ഒരു ദിവസത്തെ അധ്വാനം അതായത് 6 മണിക്കൂര്‍-അവശ്യാധ്വാനമാണെങ്കില്‍ അവിടെ മിച്ച അധ്വാനമില്ല. അപ്പോള്‍ മിച്ചമൂല്യം സൃഷ്ടിക്കാനായി എന്താണ് മുതലാളി ചെയ്യുക? തൊഴിലാളിക്ക് ഇപ്പോള്‍ നല്‍കുന്ന വേതനം വെട്ടിക്കുറയ്ക്കുന്നതാണ് ഒരു മാര്‍ഗ്ഗം. യഥാര്‍ത്ഥവേതനം താഴ്ത്തുമ്പോള്‍ അത്രയും വേതനം സൃഷ്ടിക്കാന്‍ വേണ്ടിവരുന്ന അധ്വാനത്തിന്റെ സമയവും താഴും. 6 മണിക്കൂര്‍ അവശ്യഅധ്വാനത്തിന്റെ സ്ഥാനത്ത് ഇപ്പോള്‍ 4 മണിക്കൂര്‍ അവശ്യഅധ്വാനം മതിയാകും. 6 മണിക്കൂര്‍ അധ്വാനദിവസത്തില്‍ 2 മണിക്കൂര്‍ മിച്ചഅധ്വാനമായി മാറുന്നു. ഇതാണ് മിച്ചമൂല്യഉല്പാദനത്തിന്റെ അടിസ്ഥാനം.

മറ്റൊരു മാര്‍ഗ്ഗവും മുതലാളിയുടെ മുന്നിലുണ്ട്. ഉല്പാദനരംഗത്ത് തനിക്കുള്ള ആധിപത്യമുപയോഗിച്ച് അയാള്‍ തൊഴിലാളിയുടെ ജോലി വര്‍ദ്ധിപ്പിക്കുന്നു. അതിനായി സാധ്യമുള്ളത്ര തൊഴില്‍സമയം വര്‍ധിപ്പിക്കുന്നു. അധ്വാനസമയം 10 മണിക്കൂറായാലോ. വളരെ നന്ന്. കാരണം ഇപ്പോള്‍ അവശ്യ അധ്വാനം 4 മണിക്കൂറും മിച്ചഅധ്വാനം 6 മണിക്കൂറുമായി. അധ്വാനസമയം 12 മണിക്കൂറായാല്‍ അതിലും നന്നായി. ലഭിക്കുന്ന വേതനത്തിനുപരിയായി തൊഴിലാളി മുതലാളിക്കുവേണ്ടി പണിയെടുക്കുന്നു, അയാളുടെ മൂലധനം വളരുന്നു. തൊഴില്‍രീതി കൂടുതല്‍ തീക്ഷ്ണമാക്കി അധ്വാനം പിഴിഞ്ഞെടുക്കുന്നതാണ് മറ്റൊരു രീതി. ഒരു നിമിഷംപോലും പാഴാക്കാതെ ഇടതടവില്ലാതെ കഠിനമായി ജോലിചെയ്യിക്കുന്നു.

ഇങ്ങനെ ചെയ്യുന്നതിന് മൂലധനത്തിന് അതിന്റേതായ സ്വാഭാവിക ന്യായവാദമുണ്ട്. മൂലധനത്തില്‍ അന്തര്‍ലീനമായ പ്രവണത തൊഴിലാളിയുടെ ചൂഷണം വര്‍ധിപ്പിക്കുന്നതുതന്നെയാണ്. ഒന്നുകില്‍ യഥാര്‍ത്ഥവേതനം കുറയും. അല്ലെങ്കില്‍ അധ്വാനസമയം വര്‍ദ്ധിപ്പിക്കും. ഈ രണ്ടുരീതിയിലും മിച്ചഅധ്വാനവും ചൂഷണത്തിന്റെ തോതും ഉയരും. മാര്‍ക്സ് പറഞ്ഞു:

"വേതനം കഴിയുന്നത്ര ചുരുക്കാനും അധ്വാനസമയം കഴിയുന്നത്ര വര്‍ദ്ധിപ്പിക്കാനും മുതലാളി അനുസ്യൂതം ശ്രമിച്ചുകൊണ്ടിരിക്കും. തൊഴിലെടുക്കുന്നവന്‍ തുടര്‍ച്ചയായി എതിര്‍ദിശയിലുള്ള സമ്മര്‍ദ്ദം ശക്തമാക്കുകയും ചെയ്യും.''

വര്‍ഗ്ഗസമരം

ചുരുക്കത്തില്‍ മുതലാളിത്തരാജ്യങ്ങളില്‍ തൊഴില്‍ തീക്ഷ്ണമാക്കിയും വേതനം കുറച്ചും തൊഴില്‍സമയം നീട്ടാന്‍ മൂലധനം ശ്രമിക്കുമ്പോള്‍ സമയം കുറയ്ക്കാനും വേതനം കൂട്ടാനും തൊഴിലാളി സമരത്തിലേര്‍പ്പെടുന്നു. മൂലധനത്തിന്റെ ഭാഗത്തുനിന്നും സമരം ഉള്ളതുപോലെ തൊഴിലാളിയുടെ ഭാഗത്തുനിന്നും തന്റെ വര്‍ഗതാല്പര്യത്തിനുവേണ്ടിയുള്ള സമരം നടക്കുന്നു. ഉദാഹരണത്തിന് തൊഴില്‍ദിവസത്തിന്റെ കാര്യമെടുക്കുക. തങ്ങള്‍ക്ക് കൂടുതല്‍ സമയം വേണമെന്ന് തൊഴിലാളി എന്തുകൊണ്ടാണ് ആവശ്യപ്പെടുന്നത്? മാര്‍ക്സ് പറഞ്ഞു. "സമയം മനുഷ്യ വികസനത്തിനുള്ള കേന്ദ്രസ്ഥാനമാണ്. ജീവിതകാലം മുഴുവന്‍ തനിക്കായി മാറ്റിവെക്കാന്‍ സമയം ലഭിക്കാത്ത, ഉറക്കം, ഭക്ഷണം തുടങ്ങിയ കേവലആവശ്യങ്ങള്‍ക്കുശേഷം ബാക്കിയുള്ള സമയം മുഴുവന്‍ മുതലാളിക്ക് അടിയറവെക്കുന്ന ഒരു വ്യക്തി ഭാരം ചുമക്കുന്ന ഒരു മൃഗത്തിന് തുല്യനാണ്.''

വേതനവര്‍ധനവിനുള്ള സമരത്തിന്റെ സ്ഥിതിനോക്കാം. തൊഴിലാളിക്ക് തീര്‍ച്ചയായും ശാരീരികനിലനില്പിനുവേണ്ടിയുള്ള അനിവാര്യആവശ്യങ്ങളുണ്ട്. അതുകൂടാതെ മറ്റാവശ്യങ്ങളും അവനുണ്ട്. ഉദാഹരണത്തിന് സാമൂഹ്യ ആവശ്യങ്ങള്‍. മാര്‍ക്സ് പറഞ്ഞു: "(തൊഴിലാളിയുടെ) സാമൂഹ്യമായ പങ്കാളിത്തം, സാംസ്കാരികസംതൃപ്തി, അവന്റെ ഇഷ്ടങ്ങള്‍ നേടാനുള്ള അവസരം തുടങ്ങിയവ അതിലുള്‍പ്പെടുന്നു. അവന് ന്യൂസ് പേപ്പര്‍ വാങ്ങണം, പ്രസംഗങ്ങള്‍ കേള്‍ക്കണം, കുട്ടികളെ പഠിപ്പിക്കണം, അവന്റെ അഭിരുചികള്‍ വികസിപ്പിക്കണം: ഇതൊക്കെയുണ്ട്. ഇതെല്ലാം തൊഴിലാളിയുടെ വികസന ആവശ്യവുമായി ബന്ധപ്പെട്ടതാണ്.

പക്ഷേ, തൊഴിലാളികളുടെ ഇത്തരം ആവശ്യങ്ങളൊന്നും മൂലധനത്തിന് പ്രശ്നമല്ല. അതിന്റെ കാരണവും വ്യക്തമാണ്. തൊഴില്‍സമയം കുറയ്ക്കുന്നതും വേതനം വര്‍ധിപ്പിക്കുന്നതും മിച്ചഅധ്വാനത്തില്‍ കുറവുണ്ടാക്കും. കുറഞ്ഞ മിച്ചമൂല്യമെന്നാല്‍ കുറഞ്ഞ ലാഭമെന്നാണതിനര്‍ത്ഥം.

ഗാര്‍ഹികമായ അവശ്യഅധ്വാനം

കഴിയുന്നത്ര കുറഞ്ഞ അവശ്യഅധ്വാനമാണ് മൂലധനത്തിനാവശ്യമെന്ന് നാം കണ്ടു. പക്ഷേ, ഒരു പ്രത്യേകതരം അവശ്യഅധ്വാനം കൂട്ടാനും മൂലധനം താല്പര്യം കാണിക്കുന്നുണ്ട്. വേതനം നല്‍കേണ്ടതില്ലാത്ത അവശ്യഅധ്വാനമാണത്. വിഭവങ്ങള്‍ വാങ്ങിക്കഴിഞ്ഞാല്‍ തൊഴിലാളിക്ക് ഉപയോഗിക്കുന്നതിനു മുമ്പ് അവ പാകപ്പെടുത്തേണ്ട കാര്യം മാര്‍ക്സ് ശ്രദ്ധിച്ചിരുന്നു. വാങ്ങിയ ഭക്ഷ്യവസ്തു പാകം ചെയ്യുന്നതുപോലെയുള്ള അവശ്യം ആവശ്യമായ കാര്യങ്ങളെപ്പറ്റിയും പറഞ്ഞിട്ടുണ്ട്. എത്ര അധ്വാനം നിങ്ങള്‍ വീട്ടില്‍ചെലവഴിക്കുന്നുവോ, അത്രയും കുറച്ചുപണം പുറത്തുനിന്നും സാധനങ്ങള്‍ വാങ്ങാന്‍ ചിലവഴിച്ചാല്‍ മതിയാകുമെന്നാണ് ഇതേപ്പറ്റി മാര്‍ക്സ് പറഞ്ഞത്.

ഓരോരുത്തരും വീട്ടില്‍ ചിലവഴിക്കുന്ന ഈ അധ്വാനം അദൃശ്യമാണ്. എന്തുകൊണ്ട്?

മൂലധനത്തിന് ഇതിന് പ്രതിഫലം നല്‍കേണ്ടതില്ല. ഈ ജോലിയില്‍ ഭൂരിഭാഗവും ചെയ്യുന്നത് സ്ത്രീകളാണ്. പൊതുവില്‍ ഈ ജോലികളുടെ വില നിശ്ചയിക്കുകയോ അതിനെ അംഗീകരിക്കുകയോ ചെയ്യുന്നില്ല. വീടിനുള്ളിലെ ഈ ജോലികള്‍ പൂര്‍ത്തീകരിക്കാതെ മൂലധനത്തിന് തൊഴില്‍ മാര്‍ക്കറ്റില്‍നിന്ന് തൊഴിലാളികളെ കിട്ടില്ല. (ഈ അധ്വാനത്തെ ബൊളിവേറിയന്‍ഭരണഘടന അംഗീകരിക്കുന്നുണ്ട്. മൂല്യം വര്‍ധിപ്പിക്കുകയും സാമൂഹ്യക്ഷേമവും സമ്പത്തും സൃഷ്ടിക്കുകയും ചെയ്യുന്ന സാമ്പത്തികപ്രവര്‍ത്തനമായി ഇതിനെ വകുപ്പ് വിശേഷിപ്പിക്കുന്നു)

അദൃശ്യമായ ഈ അധ്വാനത്തിന് വേതനം നല്‍കുന്നില്ലെങ്കിലും മൂലധനത്തിന് അതിന്റെ ഗുണം കിട്ടുന്നുണ്ട്. സൌജന്യവീട്ടുജോലി വര്‍ധിക്കുന്നതിനനുസരിച്ച് വേതനം കുറയുന്നു. സ്ത്രീകള്‍ ജോലി ചെയ്യുന്നതിലൂടെ പുരുഷന്മാര്‍ക്ക് ലഭിക്കുന്ന അധികസമയം മുതലാളി ജോലിസമയമാക്കുന്നു. വീട്ടുജോലിയുടെ ഭാരം എത്ര വര്‍ദ്ധിക്കുന്നുവോ അത്രയും ലാഭം മൂലധനം കരസ്ഥമാക്കുകയും ചെയ്യുന്നു. ഇതിന് ഒരു മറുവശവുമുണ്ട്. പുരുഷ-സ്ത്രീതൊഴിലാളികളുടെ വേതനം കുറയുന്നതിനനുസൃതമായി വീട്ടുകാര്യങ്ങള്‍ നടത്തല്‍ കഷ്ടകരമായി മാറുന്നു.

മൂലധനത്തിന്റെ നീതിശാസ്ത്രവും മനുഷ്യവികസനത്തിന്റെ നീതിശാസ്ത്രവും വിപരീതദിശയിലാണ് നീങ്ങുന്നതെന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. പരിസ്ഥിതിയുടെ കാര്യമെടുക്കുക. ജീവിതം നിലനിര്‍ത്തുന്നതിന് പ്രകൃതിയോടൊത്തു നീങ്ങേണ്ടതും ആരോഗ്യകരമായ അന്തരീക്ഷം നിലനിര്‍ത്തേണ്ടതും ആവശ്യമാണ്. മൂലധനത്തെ സംബന്ധിച്ചിടത്തോളം പ്രകൃതി, മനുഷ്യനെന്നപോലെ ലാഭമുണ്ടാക്കാനുള്ള ഒരുപകരണമാണ്. പ്രകൃതിയെയും ഭൂമിയെയും മനുഷ്യരാശിയുടെ വീക്ഷണത്തില്‍ വിലയിരുത്തിയാല്‍ മുതലാളിത്തഉല്പാദനമാകെ പെട്ടെന്നുള്ള ലാഭംമാത്രം ലക്ഷ്യമിടുന്നതിനാല്‍ പരിസ്ഥിതിക്കെതിരാണെന്ന് കാണാം."സമ്പത്തിന്റെ യഥാര്‍ത്ഥസ്രോതസ്സുകളായ മണ്ണിനെയും മനുഷ്യനെയും ഒരുപോലെ നശിപ്പിച്ചുകൊണ്ട് മുതലാളിത്തം വളരുന്നു'' മാര്‍ക്സ് ചൂണ്ടിക്കാട്ടി.

മൂലധനത്തിന്റെ നീതിശാസ്ത്രം ഫലത്തില്‍ മനുഷ്യവികസനത്തിന്റെ നീതിശാസ്ത്രത്തിന് തികച്ചും എതിരാണ്. തൊഴിലാളിക്ക് അവന്റെ സ്വന്തം വികസനത്തിന് മുതലാളിത്തത്തിന്റെ ലക്ഷ്യത്തെ എതിര്‍ത്തേ കഴിയൂ. മൂലധനവും തൊഴിലാളിയും വിരുദ്ധദിശയില്‍ നീങ്ങുമ്പോള്‍ ഈ വ്യവസ്ഥയില്‍ ആരാണ് അതിന്റെ ഫലം നിര്‍ണ്ണയിക്കുന്നത്?

ഐക്യവും വിയോജിപ്പും-ഐക്യമാണ് തൊഴിലാളികളുടെ തന്ത്രം

ഉത്തരം ഒന്നേയുള്ളൂ. സമരം. വേതനവും ജോലിസമയവുമെല്ലാം ആപേക്ഷികമായി രണ്ടുവശത്തിന്റെയും ബലാബലത്തെ ആശ്രയിച്ചിരിക്കുന്നു. തൊഴിലാളിക്ക് അവന്റെ ആവശ്യങ്ങള്‍ നേടാനായി മൂലധനത്തിനെതിരായ ഐക്യം രൂപപ്പെടുത്തേണ്ടതുണ്ട്. അതിനായി തങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങളും മത്സരവും അതിജീവിക്കേണ്ടതുണ്ട്. ഭിന്നത അവരെ ക്ഷീണിപ്പിക്കും. പരസ്പരം മത്സരിക്കുമ്പോള്‍ മൂലധനത്തിനെതിരെയുള്ള സമരം നടക്കില്ല. വേതനം കുറയ്ക്കാനും ജോലിസമയം കൂട്ടാനുമുള്ള പ്രവണത വര്‍ദ്ധിക്കും.

തൊഴിലാളികളെ ഭിന്നിപ്പിക്കല്‍-മൂലധനത്തിന്റെ തന്ത്രം

തൊഴിലാളിക്കിടയിലെ ഭിന്നത രൂക്ഷമാക്കി അവരെ അകറ്റാന്‍ മൂലധനം എന്തും ചെയ്യും. മുതലാളി കുടിയേറ്റക്കാരെയും ദരിദ്രജനങ്ങളെയുംകൊണ്ടുവന്ന് കുറഞ്ഞകൂലിക്ക് പണിചെയ്യിക്കും. സ്ഥാപനം അടച്ചുപൂട്ടിയും മറ്റു ദരിദ്രരാജ്യങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചും സംഘടനകളെ നിരോധിച്ചും തകര്‍ക്കാന്‍ ശ്രമിക്കും. മൂലധനത്തിന്റെ വീക്ഷണത്തില്‍ ഇതെല്ലാം തികച്ചും ന്യായയുക്തമാണ്. വംശീയതയും ലൈംഗികതയുമൊക്കെ തൊഴിലാളിയെ ഭിന്നിപ്പിക്കാന്‍ അവരുപയോഗിക്കും.

പത്തൊമ്പതാംനൂറ്റാണ്ടില്‍ ഇംഗ്ളണ്ടിലെ ഇംഗ്ളീഷ്, ഐറിഷ് തൊഴിലാളികള്‍ക്കിടയിലുള്ള ശത്രുതയെ അവരുടെ ദൌര്‍ബല്യമായാണ് മാര്‍ക്സ് വിശേഷിപ്പിച്ചത്. "ഇതാണ് മുതലാളി വര്‍ഗം അവരുടെ അധികാരം നിലനിര്‍ത്തുന്നതിന്റെ രഹസ്യം. ആ വര്‍ഗ്ഗത്തിന് അവരെപ്പറ്റി പരിപൂര്‍ണബോധ്യമുണ്ട്.''

അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കി കുടുംബത്തെ രക്ഷിച്ച് ഭാവിക്ക് രൂപം നല്‍കാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ സുരക്ഷിതത്വം തൊഴിലാളിയുടെ ആവശ്യമാണെങ്കില്‍ മൂലധനത്തിന്റെ ആവശ്യം ഇതിനു കടകവിരുദ്ധമാണ്. നിലനില്പ് എത്രപരിതാപകരമാണോ അത്രകണ്ട് തൊഴിലാളിക്ക് മൂലധനത്തെ ആശ്രയിക്കേണ്ടിവരുന്നു. തൊഴില്‍ നഷ്ടപ്പെടുമെന്ന നിലയില്‍, ഉപേക്ഷിക്കപ്പെടുമെന്ന ഭീതിയില്‍ ഭാവിയെക്കുറിച്ചാലോചിച്ച് വ്യാകുലപ്പെടുന്ന തൊഴിലാളിയെയാണ് മൂലധനത്തിനു വേണ്ടത്. മറ്റു ആനുകൂല്യങ്ങളൊന്നും ചോദിക്കാതെ കുറഞ്ഞശമ്പളം വാങ്ങി കൂടുതല്‍ അധ്വാനിക്കുന്ന താല്ക്കാലിക, പാര്‍ട് ടൈം തൊഴിലാളിയെയാണ് മൂലധനം ആഗ്രഹിക്കുന്നത്.

ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നു

വേതനം വെട്ടിക്കുറയ്ക്കുന്നതും, ജോലിസമയം വര്‍ദ്ധിപ്പിക്കുന്നതും തൊഴിലാളി എതിര്‍ക്കുമെന്നതിനാല്‍ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ മുതലാളിമാര്‍ ഇതരമാര്‍ഗ്ഗങ്ങള്‍ തേടുന്നു. അവര്‍ യന്ത്രങ്ങളേര്‍പ്പെടുത്തുന്നു. ഉല്പാദനക്ഷമത വര്‍ദ്ധിപ്പിച്ചാല്‍ നല്‍കിക്കൊണ്ടിരിക്കുന്ന കുറഞ്ഞവേതനംകൊണ്ടു തന്നെ ഉല്പാദനം എത്രയോ വര്‍ദ്ധിപ്പിക്കാന്‍ കഴിയും. അതിനാല്‍ മുതലാളി ഉത്പാദനക്ഷമത വര്‍ദ്ധിപ്പിച്ച് അവശ്യഅധ്വാനം കുറച്ച് ചൂഷണത്തിന്റെ നിരക്ക് വര്‍ധിപ്പിക്കുന്നു.

മൂലധനവും തൊഴിലാളിയും തമ്മിലുള്ള സമരം മുതലാളിമാര്‍ ഉല്പാദനരീതി വിപ്ലവകരമാക്കുന്നതിലേക്കാണ് എത്തിക്കുക. ശാസ്ത്രത്തിന്റെ മുന്നേറ്റവും സാമൂഹ്യമായ ബുദ്ധിശക്തിയും ഉല്പാദനത്തിന്റെ കുതിച്ചുചാട്ടത്തിന് വഴിവെക്കുന്നു. ലോകത്തെ ദാരിദ്ര്യം തുടച്ചുനീക്കാനും ജോലിസമയം കുറയ്ക്കാനും അത് മനുഷ്യവികസനത്തിന് പ്രയോജനപ്പെടുത്താനുമുള്ള അപാരസാദ്ധ്യതയിലേക്കാണ് അത് വഴിതുറക്കുന്നത്. ഓര്‍ക്കുക; ഇതൊന്നും മുതലാളിയുടെ ലക്ഷ്യമല്ല. പുതിയ ഉല്പാദനരീതി കൊണ്ടുവരുന്നതിന്റെ ഉദ്ദേശവും അതല്ല. മിച്ച അദ്ധ്വാനം വര്‍ദ്ധിപ്പിച്ച് ചൂഷണത്തോത് കൂട്ടുക എന്നതു മാത്രമാണ്.

ഉല്പാദനക്ഷമത വര്‍ദ്ധിപ്പിച്ച്, ഉല്പാദനച്ചെലവ് കുറയുമ്പോള്‍ കിട്ടുന്ന നേട്ടത്തിന്റെ ഫലം എന്തുകൊണ്ട് തൊഴിലാളിക്ക് കിട്ടുന്നില്ല? നേട്ടം മൂലധനം എങ്ങനെയാണ് കൈക്കലാക്കുന്നത്?

ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്ന മുറയ്ക്ക് ഉല്പന്നവില കുറഞ്ഞ് ഉല്പന്നം ആകാശത്തുനിന്ന് പൊട്ടിവീണിരുന്നെങ്കില്‍ ഇപ്പോള്‍ കിട്ടുന്ന വേതനം കൊണ്ട് കൂടുതല്‍ വാങ്ങാന്‍ തൊഴിലാളിക്ക് കഴിഞ്ഞേനെ. പക്ഷേ, ഉല്പന്നം ആകാശത്തുനിന്നും വീഴുന്നില്ല. ഉല്പാദനക്ഷമത വര്‍ധിക്കുന്നത് മൂലധനം ഏര്‍പ്പെടുത്തുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ്. വിഭാഗീയത വര്‍ധിപ്പിച്ച് തൊഴിലാളിയെ ദുര്‍ബലപ്പെടുത്തുന്നതും അതിലൊന്നാണ്. ഉദാഹരണത്തിന് പുതിയ യന്ത്രം വരുന്ന മുറക്ക് പുറത്താകുന്ന ഓരോ തൊഴിലാളിയും റിസര്‍വ് പട്ടാളമായി മാറുകയാണ്. തൊഴിലില്‍നിന്ന് പുറത്താക്കപ്പെട്ടവന്‍ തൊഴില്‍രഹിതനുമായി മത്സരിക്കുന്നു. ഈ റിസര്‍വ്പട്ടാളത്തിന്റെ സാന്നിദ്ധ്യം ജോലിസ്ഥലത്ത് അച്ചടക്കം അടിച്ചേല്പിക്കാന്‍ മൂലധനത്തെ സഹായിക്കുന്നു. മാത്രമല്ല, അത് വേതനം പിടിച്ചുനിര്‍ത്തി ലാഭം കൂട്ടാനും സഹായിക്കുന്നു. ഒരു തൊഴിലാളി പുറത്താക്കപ്പെട്ടുവെന്ന് കരുതുക. അയാള്‍ക്ക് വീണ്ടും അവിടെ ജോലി ലഭിക്കുന്നു. വളരെ കുറഞ്ഞ വേതനത്തിലായിരിക്കുമെന്നു മാത്രം.

സംരക്ഷിതതൊഴിലാളികളെ ഒഴിവാക്കി മൂലധനം ഇതരരാജ്യങ്ങളിലേക്ക് പലായനം ചെയ്യുമ്പോഴും സംഭവിക്കുന്നത് ഇതുതന്നെയാണ്. റിസര്‍വ്പട്ടാളം വികസിക്കുന്നു എന്നതുമാത്രമല്ല, സംഘടിച്ച് സമരംചെയ്യുന്ന തൊഴിലാളിക്ക് ഉല്പാദനക്ഷമത ഉയരുമ്പോഴും അവന്റെ യഥാര്‍ത്ഥവേതനം വര്‍ധിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകുന്നു. ഇപ്രകാരം ചൂഷണത്തിന്റെ അളവ് വര്‍ധിച്ചുകൊണ്ടേയിരിക്കുമെന്ന് മാര്‍ക്സ് കണ്ടു. യഥാര്‍ത്ഥവേതനം വര്‍ധിച്ചുകൊണ്ടിരുന്നാല്‍പോലും തൊഴിലാളിയുടെ ജീവിതാവസ്ഥയും മുതലാളിയുടെ ജീവിതാവസ്ഥയും തമ്മിലുള്ള വിടവ് വര്‍ധിച്ചുകൊണ്ടേയിരിക്കും.

പ്രധാനപ്രശ്നം ചൂഷണമല്ല. മുതലാളിത്തത്തിന്റെ പ്രധാനതകരാറ് വരുമാനവിതരണത്തിലെ അസന്തുലിതത്വമാണ്. തൊഴിലാളി ഉണ്ടാക്കുന്ന വരുമാനത്തില്‍ കുറച്ചുമാത്രമേ അവന് കിട്ടുന്നുള്ളൂ; അതുകൊണ്ട് അത് മോശം എന്ന ധാരണ തെറ്റാണ്. അതുമാത്രമായിരുന്നു തകരാറെങ്കില്‍ തൊഴിലാളിക്ക് ഗുണകരമായ രീതിയില്‍ വരുമാനവിതരണം മാറ്റി പ്രശ്നം പരിഹരിക്കാമായിരുന്നു. അതിന് സംഘടനകളെ ശക്തിപ്പെടുത്തി, നിയമനടപടികളിലൂടെ മൂലധനത്തിനുമേല്‍ നിയന്ത്രണംകൊണ്ടുവന്ന്, എല്ലാവര്‍ക്കും തൊഴിലിന് സൌകര്യമുണ്ടാക്കി പരിഹാരമുണ്ടാക്കാന്‍ കഴിയുമായിരുന്നു.

ആ പരിഹാരം പക്ഷേ, താല്ക്കാലികമായിരിക്കും. മൂലധനം ഒരിക്കലും ഉറങ്ങുന്നില്ല. എന്ന പ്രധാനസംഗതി നാം ഓര്‍ക്കണം. സാമ്പത്തികമോ രാഷ്ട്രീയമോ ആയ നടപടികളിലൂടെ തൊഴിലാളിയുണ്ടാക്കിയ നേട്ടം തകര്‍ക്കാനുള്ള ശ്രമം അത് അനവരതം തുടര്‍ന്നുകൊണ്ടിരിക്കും. തൊഴിലാളിയെ ഭിന്നിപ്പിക്കാന്‍, പരസ്പരം ശത്രുക്കളാക്കാന്‍, തൊഴില്‍ തീക്ഷ്ണമാക്കാന്‍, വേതനം കുറയ്ക്കാന്‍ വേണ്ട നടപടികളെല്ലാം തുടരും. നേട്ടങ്ങളുണ്ടാക്കാനുള്ള ശക്തി തൊഴിലാളി ആര്‍ജ്ജിച്ച രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കാലഘട്ടത്തില്‍പോലും അങ്ങനെയുണ്ടാക്കിയ നേട്ടത്തെ താല്ക്കാലികമായി കണ്ട് അതിനെ മറികടക്കാനുള്ള തന്ത്രമാണ് പയറ്റിയത്. അതിനുള്ള പ്രതിരോധം വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ്. അതിന് കഴിയുംവിധം എവിടെ നിക്ഷേപിക്കണമെന്നും എങ്ങനെ നിക്ഷേപിക്കണമെന്നും കണക്കാക്കി കൈവശമുള്ള അധികാരം പ്രയോഗിക്കുകയാണ് (സുവര്‍ണ്ണകാലം എന്നുവിശേഷിപ്പിക്കപ്പെട്ട ഘട്ടത്തില്‍ ചെയ്തതുപോലെ). സാമ്പത്തികവികസനത്തിന്റെ അടിസ്ഥാനമെന്ന നിലയില്‍ വിവിധരാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയ 'ക്ഷേമരാഷ്ട്രം', 'ഇറക്കുമതി പകരംവെക്കല്‍' മാതൃകകള്‍ അന്തര്‍ലീനമായ അധികാരമുപയോഗിച്ച് മൂലധനം തകര്‍ത്തിരിക്കുന്നു.

അസന്തുലിതത്വവും ചൂഷണവും കുറയ്ക്കുന്നതിലുണ്ടായ നേട്ടം താല്ക്കാലികമാണ് എന്നതല്ല പ്രശ്നം. തൊഴിലാളിയുടെ ശമ്പളം കുറവോ കൂടുതലോ എന്നതുമല്ല. അടിമകള്‍ക്കു നല്‍കുന്ന റേഷന്‍കുറവോ കൂടുതലോ എന്നതുമല്ല. നമുക്ക് പരിശോധിക്കേണ്ടത് മുതലാളിത്തഉല്പാദനരീതിയെയാണ് മുതലാളിത്തം പടച്ചുവിടുന്ന പ്രത്യേകതരം തൊഴിലാളിയെയാണ്.

എങ്ങനെ മുതലാളിത്തഉല്പാദനം തൊഴിലാളിയെ അധഃപതിപ്പിക്കുന്നു

മൂലധനത്തിന്റെ അധികാരവും ലക്ഷ്യവുമാണ് മുതലാളിത്തഉല്പാദനരീതി നിശ്ചയിക്കുന്നതെന്ന് നാം കണ്ടു. തൊഴിലാളിയുണ്ടാക്കുന്ന ഉല്പന്നം മൂലധനത്തിന്റെ സ്വത്താണെന്നും നമുക്കറിയാം. ഈ ഉല്പന്നം തന്റെ അധ്വാനത്തിന്റെ ഫലമാണ് എന്ന കാര്യം തൊഴിലാളി പക്ഷേ, തിരിച്ചറിയുന്നില്ല. മറിച്ച് യന്ത്രം, ടെക്നോളജി തുടങ്ങി സാമൂഹ്യവിജ്ഞാനം ഉള്‍പ്പെടെയുള്ള പൊതുവായ ഉല്പാദനശക്തികള്‍ മൂലധനമായും അവയൊക്കെ സംഭാവനചെയ്തത് മുതലാളിയാണെന്നുമാണ് തൊഴിലാളിക്കു തോന്നുക. അതേ ഉല്പന്നങ്ങളെ തൊഴിലാളിക്ക് എതിരാക്കുന്നു. അവ മൂലധനത്തിന്റെ ശക്തിയായി തൊഴിലാളിക്ക് മുകളില്‍ നിലകൊള്ളുന്നു. ഇവിടെ എന്താണ് സംഭവിച്ചത്? തൊഴിലാളി അവന്റെ സൃഷ്ടിപരമായ ശക്തി മുതലാളിക്ക് വിറ്റതിനാല്‍ ആ ശക്തി ഇപ്പോള്‍ മൂലധനത്തിന്റെ ശക്തിയായി സ്ഥാപിക്കപ്പെടുകയും, അതേ ശക്തി ഇപ്പോള്‍ ഒരു ബാഹ്യശക്തിയെന്നപോലെ തൊഴിലാളിയെ വെല്ലുവിളിക്കുകയും ചെയ്യുന്നു എന്നാണ് ഈ പ്രക്രിയയെ ലളിതമായി മാര്‍ക്സ് വിശദീകരിച്ചത്.

സമ്പത്തിന്റെ ലോകം, മനുഷ്യപ്രവര്‍ത്തനത്താല്‍ സൃഷ്ടിക്കപ്പെട്ട ലോകം ഇപ്പോള്‍ തൊഴിലാളിയുടെ മുന്നില്‍ അവനെ ഭരിക്കുന്ന ഒരന്യലോകമാണ്. മുതലാളിത്തത്തില്‍ തൊഴിലാളിയെ സംബന്ധിച്ചിടത്തോളം ഉല്പാദിപ്പിക്കുക എന്നത് പൂര്‍ണ്ണമായും അടിയറവ് പറയുന്ന, പൂര്‍ണമായും അന്യവത്ക്കരിക്കപ്പെടുന്ന, എല്ലാ മാനുഷികതയും ബലികഴിക്കപ്പെടുന്ന അന്ത്യമായിത്തീരുന്നു. അതിന്റെ ഫലമോ? നമ്മുടെ ജീവിതത്തിന്റെ ശൂന്യതയില്‍ ഉപഭോഗവസ്തുക്കള്‍ നാം കുത്തിനിറയ്ക്കുന്നു. മുതലാളിത്തം സൃഷ്ടിക്കുന്ന യഥാര്‍ത്ഥത്തില്‍ അന്യവത്ക്കരിക്കപ്പെട്ട ആവശ്യങ്ങള്‍ പണംകൊണ്ട് പരിഹരിക്കുകയല്ലാതെ മറ്റെന്താണ് നമുക്ക് ചെയ്യാന്‍ കഴിയുക?

ഉപഭോഗത്വര വര്‍ദ്ധിപ്പിച്ച് ജനങ്ങളെ നശിപ്പിക്കുന്നത് മുതലാളിത്തത്തിന്റെ വിവിധ മാര്‍ഗ്ഗങ്ങളിലൊന്നുമാത്രമാണ്. തൊഴിലാളിയെ ശിഥിലീകരിച്ച്, ദാരിദ്ര്യത്തിലാഴ്ത്തി ശരീരവും മനസ്സും സങ്കുചിതമാക്കി ജീവിതകാലമാകെ ഒരു പ്രത്യേക പ്രവര്‍ത്തിക്കുവേണ്ടി കൈയ്യും കാലും കെട്ടിയിട്ട് നടത്തുന്ന മുതലാളിത്തഉല്പാദനരീതിയിലെ തൊഴില്‍വിഭജനത്തിന്റെ പ്രത്യേക സവിശേഷത 'മൂലധന'ത്തില്‍ മാര്‍ക്സ് വിവരിച്ചിട്ടുണ്ട്. മുതലാളിത്തത്തില്‍ യന്ത്രങ്ങളുടെ വ്യാപനം തൊഴിലാളിക്ക് രക്ഷനല്‍കിയോ? ഇല്ലെന്നാണ് മാര്‍ക്സ് പറഞ്ഞത്. "ഉല്പാദനപ്രക്രിയയില്‍ കായികമായ ഉത്പാദനത്തില്‍നിന്നും ബൌദ്ധികമായ കഴിവുകളുടെ വേര്‍പെടുത്തല്‍ പൂര്‍ത്തീകരിക്കുകയാണതു ചെയ്തത്. അങ്ങനെ തലയും കൈയ്യും വ്യത്യസ്തമായി, പരസ്പരം ശത്രുക്കളായി, ശാരീരികവും ബൌദ്ധികവുമായ പ്രവര്‍ത്തനത്തില്‍ സ്വാതന്ത്ര്യത്തിന്റെ അവസാനത്തെ കണികവരെ ചോര്‍ന്നുപോയി.

ഇതെങ്ങനെ സംഭവിച്ചു? മുതലാളിത്തം കൊണ്ടുവന്ന ടെക്നോളജിയും ഉല്പാദനത്തിനുപയോഗിച്ച ടെക്നിക്കുകളും ലാഭമെന്ന ഒരൊറ്റ ലക്ഷ്യത്തിലധിഷ്ഠിതമായിരുന്നു. തൊഴിലാളിക്ക് അവന്റേതായ ലക്ഷ്യമുള്ളതുകൊണ്ടും അതിനായി അവന്‍ പ്രക്ഷോഭം കൂട്ടുമെന്നതിനാലും ഇതിനെ എങ്ങനെ നേരിടാമെന്ന ചിന്തയോടെയാണ് എല്ലാ ടെക്നിക്കുകള്‍ക്കും മൂലധനം രൂപംനല്‍കുന്നത്. ഈ ലക്ഷ്യത്തോടെയുള്ള ഉല്പാദനരീതി നിഷ്പക്ഷമാവില്ല. "തൊഴിലാളിയുടെ മാനസികവും ശാരീരികവുമായ കഴിവുകള്‍ വളര്‍ത്താന്‍ അതനുവദിക്കില്ല. മറിച്ച് ഉല്പാദനവികസനത്തിന്റെ എല്ലാ സാമഗ്രികളും തൊഴിലാളിയെ മനുഷ്യന്റെ ഒരു ചെറുതുണ്ടാക്കി ചുരുക്കി അവനെ അപഹാസ്യനാക്കുന്നു. അധ്വാനപ്രക്രിയയിലെ ബൌദ്ധികസാധ്യതകളില്‍നിന്ന് അന്യവത്ക്കരിക്കുന്നു.''

മുതലാളിത്തഉല്പാദനം മനുഷ്യരെ വരിഞ്ഞുമുറുക്കുകയാണ്. അതുകൊണ്ടാണ് തൊഴില്‍സ്ഥലം ഒരു ദുരിതക്കയമായി അനുഭവപ്പെടുന്നത്. മനുഷ്യവികസനംകൊണ്ട് ലാഭം കിട്ടിയിരുന്നെങ്കില്‍ മൂലധനം അതിനു സഹായകമായ പരിവര്‍ത്തനങ്ങളേര്‍പ്പെടുത്തി സ്വാഗതം ചെയ്യുമായിരുന്നു. ഉല്പാദകനായ തൊഴിലാളിക്ക് വളരാനോ തൊഴിലില്‍ ആനന്ദം കണ്ടെത്താനോ കഴിയുന്ന ടെക്നോളജിയില്‍ മൂലധനത്തിന് താല്പര്യമില്ല. ടെക്നോളജിയും പുതിയയന്ത്രങ്ങളും വരുമ്പോള്‍ പുറത്താകുന്നവരെക്കുറിച്ച് അതിനൊരു പരിഗണനയുമില്ല. നിങ്ങളുടെ അറിവുകള്‍ നശിക്കുകയാണെങ്കില്‍, നിങ്ങളുടെ തൊഴില്‍ അപ്രത്യക്ഷമാകുന്നുവെങ്കില്‍ അങ്ങനെയായിക്കൊള്ളട്ടെ.

മൂലധനം നേടുന്നു. നിങ്ങള്‍ക്ക് നഷ്ടമുണ്ടാകുന്നു.

"മുതലാളിത്തവ്യവസ്ഥയില്‍ തൊഴിലാളിയുടെ സാമൂഹ്യമായ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള സര്‍വ്വമാര്‍ഗ്ഗങ്ങളും പ്രയോഗിക്കപ്പെടുന്നത് ഓരോ തൊഴിലാളിയുടെയും ചെലവിലാണ്'' എന്നാണ് ഇതേപ്പറ്റി മാര്‍ക്സ് പറഞ്ഞത്. അതിനാല്‍ താന്‍ നടത്തുന്ന സമരത്തിലൂടെ തൊഴിലാളി നേട്ടങ്ങളുണ്ടാക്കിയാല്‍ അതിനോട് പ്രതികരിക്കാനുള്ള മാര്‍ഗ്ഗം മൂലധനം കണ്ടെത്തും. അതിനുവേണ്ട ആയുധങ്ങള്‍ അവരുടെ കൈവശമുണ്ട്. അവരതു പ്രയോഗിക്കുമ്പോള്‍ തൊഴിലാളി എതിര്‍ക്കും. വളര്‍ച്ചക്കെതിരായ തടസ്സങ്ങള്‍ തട്ടിനീക്കി മൂലധനം ഉല്പാദനരംഗത്തെ ആധിപത്യം തുടരും.

ആ ലക്ഷ്യത്തോടെ കൂടുതല്‍ കൂടുതല്‍ മിച്ചമൂല്യം ഉറപ്പാക്കുന്ന ചരക്കുകള്‍ ഉല്പാദിപ്പിക്കും. അവിടെയും മുതലാളിത്തത്തില്‍ അന്തര്‍ലീനമായ ഒരു വൈരുദ്ധ്യം കടന്നുവരും. മിച്ചമൂല്യമുള്ള ഈ ചരക്കുകള്‍ മുതലാളിക്കാവശ്യമില്ല. അവരത് ഉപയോഗിക്കുന്നുമില്ല. അവ വിറ്റ് അതിലടങ്ങിയ യഥാര്‍ത്ഥ മിച്ചമൂല്യം പോക്കറ്റിലാക്കുകയെന്ന ലക്ഷ്യമേയുള്ളൂ.

മാര്‍ക്കറ്റ് അടിത്തട്ടില്ലാത്ത ഒരു ഗര്‍ത്തമല്ല. ചരക്കിന്റെ ചംക്രമണമേഖലയില്‍ പ്രതിബന്ധം സൃഷ്ടിക്കുന്ന ഘടകമാണ് മാര്‍ക്കറ്റിന്റെ വൈപുല്യം. മിച്ചമൂല്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കണമെങ്കില്‍ മാര്‍ക്കറ്റ് വിപുലീകരിച്ചുകൊണ്ടിരിക്കണം. ഇല്ലെങ്കില്‍ ചരക്ക് ഉല്പാദിപ്പിക്കേണ്ട കാര്യമില്ലല്ലോ. അതിനാല്‍ ചരക്കിന്റെ തുടര്‍ച്ചയായ ചംക്രമണം ഉറപ്പാക്കിയേ തീരൂ.

ആവശ്യങ്ങള്‍ കൂടുതല്‍ പേരിലേക്ക് പടര്‍ത്തി മാര്‍ക്കറ്റ് വികസിപ്പിക്കലാണ് അതിലുള്ള മാര്‍ഗ്ഗം. ഈ മൂലധനസങ്കല്പമാണ് ലോകമാര്‍ക്കറ്റ് സൃഷ്ടിക്കുന്നതിലേക്കെത്തിക്കുന്നത്. അതിനായി പരിമിതികളും പ്രതിബന്ധങ്ങളും മുറിച്ചുകടക്കേണ്ടതുണ്ട്. മാര്‍ക്കറ്റിനായി ലോകമാകെ അടക്കിഭരിക്കാന്‍ വെമ്പല്‍കൊള്ളുന്ന മൂലധനം എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റുന്നു.

ഈ ഉദ്യമത്തില്‍ പ്രധാനപങ്ക് നിര്‍വ്വഹിക്കുന്നത് മാധ്യമങ്ങളാണ്. ദേശീയ സംസ്കാരങ്ങളുടെയും ചരിത്രങ്ങളുടെയും പ്രത്യേക സവിശേഷതകള്‍ക്ക് മൂലധനം പുല്ലുവിലപോലും കല്പിക്കുന്നില്ല. മാധ്യമങ്ങളിലൂടെ മൂലധനത്തിന്റെ നീതിശാസ്ത്രം പരത്തി നിലവാരങ്ങളും ആവശ്യങ്ങളുമെല്ലാം ഏകതാനമെന്ന തോന്നല്‍ എല്ലായിടത്തും ഒരുപോലെ സൃഷ്ടിച്ച് ലോകത്തെയാകെ കൈയ്യടക്കുന്നു. ഒരേ വാണിജ്യപരസ്യങ്ങള്‍, ഒരേ ചരക്കുകള്‍, ഒരേ സംസ്കാരം. തനതായ സംസ്കാരവും ചരിത്രവും മൂലധനത്തിന്, മാര്‍ക്കറ്റിന് പ്രതിബന്ധമാണ്.

പുതിയആവശ്യങ്ങള്‍ സൃഷ്ടിച്ച് മാര്‍ക്കറ്റ് വികസിപ്പിക്കലാണ് മൂലധനം സ്വീകരിക്കുന്ന മറ്റൊരു രീതി. ഉപഭോഗം വര്‍ധിപ്പിക്കണമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധ്യമായതെല്ലാം മുതലാളി ചെയ്യുന്നു. അതിനായി വസ്ത്രങ്ങള്‍ക്ക് മായികപരിവേഷം നല്‍കുന്നു. തുടര്‍ച്ചയായ പ്രചരണത്തിലൂടെയും മറ്റും പുതിയ ആവശ്യങ്ങള്‍ക്കുള്ള പ്രചോദനം സൃഷ്ടിക്കുന്നു. ഇത് പുതിയ കാര്യമല്ല. മുതലാളിത്തഉല്പാദനം താരതമ്യേന അവികസിതമായിരുന്ന പത്തൊമ്പതാംനൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തില്‍തന്നെ മാര്‍ക്സ് ഇത് ചൂണ്ടിക്കാട്ടിയതാണ്. ഇരുപതാംനൂറ്റാണ്ടിലെ തികച്ചും മുതലാളിത്തരീതിയിലുള്ള ഉല്പാദനരീതി ഇത്തരം വിറ്റഴിക്കല്‍തന്ത്രം അനിവാര്യമാക്കിയിട്ടുണ്ട്. ഉല്പാദനക്ഷമതയില്‍ വന്ന വര്‍ധനവു മാത്രമല്ല ഇതിനു കാരണം. ചൂഷണത്തിന്റെ തോത് വര്‍ദ്ധിപ്പിച്ച് കൂടുതല്‍ മിച്ചമൂല്യം നേടുന്നതില്‍ മൂലധനം നേടിയ വിജയമാണ് ഇതിലടങ്ങിയിട്ടുള്ള കേന്ദ്രപ്രശ്നം.

വേതനം കുറഞ്ഞ രാജ്യങ്ങളിലേക്ക് നീങ്ങി, അവിടെനിന്നും ചരക്കുല്പാദിപ്പിച്ച് വികസിതരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിലൂടെ ഉല്പാദനക്ഷമതയും യഥാര്‍ത്ഥവേതനവും തമ്മിലുള്ള വിടവ് വര്‍ദ്ധിച്ചുവരുന്നു. ലോകമാകെ അതിലൂടെ ചൂഷണത്തിന്റെ തോതും വര്‍ദ്ധിക്കുകയാണ്. ചരക്കുകളുടെ ചംക്രമണവും വില്പനയും ശക്തിപ്പെടുകയാണ് എന്നിതു കാണിക്കുന്നു. ഈ രംഗത്ത് മൂലധനത്തിന് ലഭിച്ചനേട്ടങ്ങളുണ്ടാക്കുന്നതിന് പുതിയ ആവശ്യങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ ഒഴുക്കുന്ന പണം എത്രയെന്ന് നോക്കിയാല്‍ മതിയാകും.

പ്രൊഫഷണല്‍ അത്‌ലറ്റുകള്‍ക്ക് നല്‍കുന്ന പ്രതിഫലം നോക്കൂ. മാനം മുട്ടുന്ന പ്രതിഫലം പരസ്യഇനത്തില്‍ നല്‍കുകയാണ്. എത്രയാളുകള്‍ ടിവിയില്‍ സ്പോര്‍ട്സ് രംഗങ്ങള്‍ വീക്ഷിക്കുന്നുവോ അതിനനുസൃതമായി മാധ്യമമുതലാളി പരസ്യനിരക്കു വര്‍ധിപ്പിക്കുന്നു. കഴിയുന്നത്ര മിച്ചമൂല്യം തട്ടിയെടുക്കല്‍ ലക്ഷ്യമായതിനാല്‍ ചരക്കുമുതലാളി അതു നല്‍കാന്‍ നിര്‍ബന്ധിതനാണുതാനും. ഇത്തരുണത്തില്‍ 'നൈക്ക് ' ഷൂസുണ്ടാക്കുന്ന സ്ത്രീകള്‍ക്കു നല്‍കുന്ന കുറഞ്ഞ ശമ്പളവും അതിന്റെ മേന്മ അംഗീകരിക്കുന്ന പരസ്യത്തിന് അത്‌ലറ്റിന് നല്‍കുന്ന പ്രതിഫലവും തമ്മിലുള്ള നീതിരഹിതമായ അന്തരം ശ്രദ്ധേയമാണ്. ഇവ തമ്മിലുള്ള ജൈവപരമായ ബന്ധം വിരല്‍ചൂണ്ടുന്നത് തൊഴിലാളിയുടെ അതിഭീമമായ ചൂഷണത്തിലേക്കാണ്.

ചൂഷണം നടക്കുന്നത് ഉല്പാദനമേഖലയില്‍ മാത്രമല്ല, ചരക്കിലെ മിച്ചമൂല്യം പണമാക്കി മാറ്റാന്‍ ആവശ്യത്തിനുള്ള ത്വര വര്‍ധിപ്പിച്ചതുകൊണ്ടുമാത്രമായില്ല. അവ വില്‍ക്കാനുള്ള ആളുകളെ കണ്ടെത്തുകയും വേണം. അതിന് എത്ര ചുരുക്കണമോ അത്രയും ചുരുക്കി ചിലവാക്കാനേ മുതലാളി മുതിരുകയുള്ളൂ. വില്പനരംഗത്തും കഴിയുന്നത്ര തൊഴിലാളിയെ ചൂഷണം ചെയ്യാനാവും ശ്രമം.

കാഷ്വല്‍, പാര്‍ട്ട് ടൈം, അവശവിഭാഗം തൊഴിലാളികളെ ചൂഷണം ചെയ്ത് ഈ ജോലി നടത്തിയെടുക്കുന്നു. ഈ വിഭാഗങ്ങളെല്ലാം പരസ്പരബന്ധമില്ലാത്ത പല തട്ടുകളിലുള്ളവരായതിനാല്‍ മൂലധനത്തിനെതിരെ സംഘടിക്കുക വിഷമകരമാണ്. അവര്‍ പരസ്പരം മത്സരിക്കുകയാവും ചെയ്യുക, തൊഴിലില്ലായ്മ രൂക്ഷമാകുമ്പോള്‍ ഈ മത്സരവും വര്‍ധിക്കും. അപ്പോള്‍ അവരുടെ വേതനം ഇടിച്ചുതാഴ്ത്തുന്നത് എളുപ്പമാവും. ഒപ്പം വില്പനയുടെ റിസ്കും അവരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ കഴിയും.

ഇന്‍ഫോര്‍മല്‍ തൊഴിലാളികള്‍

തൊഴിലില്ലാത്ത അതിവിപുലമായ റിസര്‍വ്പട്ടാളത്തെയുപയോഗിച്ച് വില്പനയുടെ ചക്രം തിരിക്കാന്‍ മൂലധനത്തിന് കഴിയുന്നു. ഇവരും മുതലാളിത്തഉല്പാദനത്തിന്റെയും ചംക്രമണത്തിന്റെയും കണ്ണിയാണ്. എന്നാല്‍ ഇവര്‍ക്ക് അംഗീകരിക്കപ്പെട്ട തൊഴിലാളിക്ക് കിട്ടുന്ന ആനുകൂല്യമോ ജോലിസുരക്ഷിതത്വമോ ഇല്ല. അവര്‍ ഒരുതരം സ്വതന്ത്രപ്രവര്‍ത്തകരാണ് (അവരങ്ങനെയാണെന്ന് സ്വയംകരുതുകയും ചെയ്യുന്നു. ആ തോന്നല്‍മൂലധനത്തിന്റെ മറ്റൊരു ഗംഭീരനേട്ടമാണ്) ഇവര്‍ മുതലാളിയെയും മുതലാളി ഇവരെയും ആശ്രയിക്കുന്നുണ്ട്. ഈ തൊഴിലാളികള്‍ പരസ്പരം മത്സരിക്കുന്നതു കൂടാതെ ഈ മേഖലയിലെ അംഗീകൃതതൊഴിലാളികളുമായും മത്സരത്തിലേര്‍പ്പെടുന്നു. ഇതിന്റെയെല്ലാം നേട്ടം ചെന്നെത്തുന്നത് മുതലാളിയുടെ കീശയിലും.

മുതലാളിത്തം എന്തുകൊണ്ട് കുഴപ്പം നേരിടുന്നു

മിച്ചമൂല്യം വര്‍ധിപ്പിക്കുന്നതിന് മാര്‍ക്കറ്റ് വികസിപ്പിക്കാന്‍ മൂലധനം തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. പക്ഷേ എപ്പോഴുമതില്‍ വിജയിച്ചുകൊള്ളണമെന്നില്ല. സാധ്യതയ്ക്കപ്പുറം മിച്ചമൂല്യം നേടാനുള്ള വ്യഗ്രതയില്‍ ഉല്പാദനം വര്‍ധിപ്പിച്ചുകൊണ്ടിരിക്കാനുള്ള പ്രവണത മൂലധനത്തിനുണ്ട്. ഉല്പാദനരംഗത്തെ ഈ പ്രവര്‍ത്തനം ചംക്രമണരംഗത്ത് തിരിച്ചടിയായി അതിനെ വേട്ടയാടുന്നു. അപ്പോള്‍ മിച്ചഅധ്വാനത്തില്‍നിന്നും അവശ്യഅധ്വാനം കഴിയുന്നത്ര കുറയ്ക്കാന്‍ ശ്രമം നടക്കും. അതിനൊപ്പം കൈമാറ്റരംഗത്ത് തടസങ്ങള്‍ സൃഷ്ടിക്കാനും ശ്രമിക്കും. തൊഴിലിന്റെ ഉല്പാദനക്ഷമതയ്ക്കനുസൃതമായി തൊഴിലാളിയുടെ ഉപഭോഗം ഉയരുന്നില്ലെങ്കില്‍ അമിതോല്പാദനമായിരിക്കും ഫലം'' മാര്‍ക്സ് ചൂണ്ടിക്കാട്ടി.

വികസിതമൂലധനത്തിന്റെ അടിസ്ഥാനവൈരുദ്ധ്യമാണ് അമിതോല്പാദനം. മാര്‍ക്കറ്റിന്റെ യഥാര്‍ത്ഥപരിമിതിക്ക് ഒരു പരിഗണനയും കല്പിക്കാതെ പണം നല്‍കി വാങ്ങാനുള്ള കഴിവുമായി ആവശ്യത്തെ ബന്ധപ്പെടുത്താതെയാണ് ഉല്പാദനം നടക്കുന്നത്. അതിനാല്‍ ഉപഭോഗത്തിന്റെ സാധ്യതയിലുള്ള പരിമിതികളും എല്ലാതടസവും തട്ടിനീക്കി മുന്നേറാന്‍ ശ്രമിക്കുന്ന ഉല്പാദനവും തമ്മില്‍ നിരന്തരമായി സംഘര്‍ഷം തുടര്‍ന്നുകൊണ്ടിരിക്കും.

കുഴപ്പവും ഉല്പാദനമേഖലയും

അസന്തുലിതത്വത്തിന്റെ ആദ്യസൂചന വരുന്നത് മിച്ചമൂല്യം സൃഷ്ടിക്കാനുള്ള കഴിവും, അത് കൈവശപ്പെടുത്താനുള്ള കഴിവും തമ്മില്‍ മുതലാളിമാര്‍ക്കിടയില്‍ ശക്തമായ മത്സരം നടക്കുമ്പോഴാണ്. മാര്‍ക്കറ്റിന്റെ സാധ്യതയ്ക്കപ്പുറം വളരെയേറെ മൂലധനം അടിഞ്ഞുകൂടിയിരിക്കുന്നു, അഥവാ നിക്ഷേപിച്ചിരിക്കുന്നു എന്നാണ് അത് കാണിക്കുന്നത്. ഇതിന്റെ ആത്യന്തികഫലമാണ് കുഴപ്പം. ചരക്കുകള്‍ വിറ്റഴിക്കപ്പെടുന്നില്ല. മുതലാളിത്തത്തില്‍ വില്ക്കാന്‍ കഴിയില്ലെങ്കില്‍ ലാഭം കിട്ടില്ലെങ്കില്‍ ഉല്പാദിപ്പിക്കേണ്ടതില്ല. ഉല്പാദനം വെട്ടിക്കുറയ്ക്കും. തൊഴിലാളികളെ ലേ ഓഫ് ചെയ്യും.

ഈ മുതലാളിത്തകുഴപ്പം മുതലാളിത്തത്തിന്റെ സഹജസ്വഭാവം വെളിപ്പെടുത്തുന്നു. സാമൂഹ്യമായി വികാസം പ്രാപിച്ച ജനങ്ങളുടെ ആവശ്യമനുസരിച്ചല്ല ലാഭത്തിന്റെ അടിസ്ഥാനത്തിലാണ് ഉല്പാദനത്തിന്റെ സ്വഭാവവും അളവും നിശ്ചയിക്കപ്പെടുന്നത്. ഉപയോഗിക്കപ്പെടാത്ത വിഭവങ്ങളും തൊഴിലില്ലാത്ത ജനങ്ങളും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാത്ത ജനവിഭാഗങ്ങളും ഒപ്പം ഉല്പാദിപ്പിക്കുവാന്‍ കഴിയാത്ത അവസ്ഥയും ഒന്നിച്ചുനില്‍ക്കുന്ന മറ്റേതൊരു സാമ്പത്തികവ്യവസ്ഥയുണ്ട് ? ലോകത്തില്‍ ഒരുഭാഗത്ത് ജനങ്ങള്‍ പട്ടിണിയിലാണ്ടുകിടക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് ഭക്ഷ്യത്തിന്റെ ധാരാളിത്തവും അമിതോല്പാദനമെന്ന പരാതിയും ഒന്നിച്ചു നിലനില്‍ക്കുന്ന മറ്റേതൊരു സാമ്പത്തികവ്യവസ്ഥയാണുള്ളത്?

പക്ഷേ, ഇത്തരം കുഴപ്പങ്ങള്‍ വ്യവസ്ഥിതിയെത്തന്നെ ചോദ്യം ചെയ്യുന്നിടത്തേക്ക് ജനങ്ങളെ എത്തിക്കുന്നില്ല. മുതലാളിത്തത്തിന്റെ പ്രത്യേകതകളായ വര്‍ദ്ധിച്ച ജോലി ദിവസം, വേതനം, സേവനവ്യവസ്ഥകള്‍, തൊഴിലില്ലായ്മ, പരിസ്ഥിതിയുടെ നാശം, ദേശീയസംസ്കാരങ്ങളുടെ തകര്‍ച്ച, പരമാധികാരം ഇവക്കെതിരായൊക്കെ അവര്‍ സമരംചെയ്യുന്നു. വ്യവസ്ഥയുടെ പാത എങ്ങോട്ടാണ് നയിക്കുന്നതെന്ന് വ്യക്തമാകാത്തിടത്തോളം കാലം കേവലം ഭേദപ്പെട്ട മനുഷ്യമുഖമുള്ള മുതലാളിത്തത്തിനു വേണ്ടിയാവും ജനങ്ങളുടെ സമരം.

മൂലധനത്തിനു വേണ്ടത് അത്തരമൊരു ഭേദപ്പെട്ട മുതലാളിത്തമല്ല. ജനങ്ങള്‍ മുതലാളിത്തം അവസാനിപ്പിക്കാന്‍ ശ്രമിക്കാതെ ആ വ്യവസ്ഥയ്ക്കുള്ളില്‍ നീതിപൂര്‍ണമായ സംവിധാനത്തിനു വേണ്ടി സമരം ചെയ്താലും അത് മുതലാളിയുടെ ലാഭത്തെ ബാധിക്കും.

"എത്രത്തോളമാകാമോ, അത്രയധികം മാര്‍ക്കറ്റും ആവശ്യത്തിനുമാത്രം ഭരണകൂടവും; ഇതാണ് മൂലധനത്തിന്റെ ലക്ഷ്യം. വളരുന്ന ബൂര്‍ഷ്വാസിക്ക് ഭരണകൂട അധികാരം ആവശ്യമാണ് '' മാര്‍ക്സ് പറഞ്ഞു. സ്വാഭാവികമായി, സ്വയമേവ പുനരുത്പാദിപ്പിക്കപ്പെടേണ്ട മൂലധനത്തിന്റെ എല്ലാ ഘടകങ്ങളും അതിന് ലഭ്യമല്ല. മുതലാളിത്തത്തിന് വളരാന്‍ വേണ്ട സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്നതിന് സമൂഹത്തെ എല്ലാ ഘടകങ്ങളെയും ഭരണകൂടത്തിന്റെ അധികാരമുപയോഗിച്ച് കീഴ്പ്പെടുത്തണം. ഉദാഹരണത്തിന് അവര്‍ ഈ അധികാരമുപയോഗിച്ച് കൂലിത്തൊഴില്‍ സംവിധാനത്തിനുവേണ്ടിയുള്ള അച്ചടക്കം അംഗീകരിക്കുവാന്‍ തൊഴിലാളിയെ നിര്‍ബന്ധിക്കുന്നു.

മുതലാളിത്തം സൃഷ്ടിക്കുന്ന സാമാന്യബോധം

പൂര്‍ണമായ മുതലാളിത്ത ഉല്പാദനം വികസിക്കുന്നതോടെ ഭരണകൂടത്തിന് മൂലധനത്തിനുവേണ്ടി ഇടപെടേണ്ട സാഹചര്യം കുറയുമെന്ന് മാര്‍ക്സ് നിരീക്ഷിക്കുകയുണ്ടായി. പൂര്‍ണവികാസത്തിലെത്തിയ മുതലാളിത്തഉല്പാദനം തൊഴിലാളിക്കുമേല്‍ മുതലാളിയുടെ അധീശത്വം അടിച്ചേല്‍പ്പിക്കും. തൊഴിലാളിയുടെ റിസര്‍വ്പട്ടാളത്തില്‍ വരുന്ന കുറവ് ഉല്പാദനഘട്ടങ്ങളില്‍ സാധാരണനിലയില്‍ത്തന്നെ നികത്തപ്പെടുമെന്നതിനാല്‍ മൂലധനത്തിന്റെ ഭരണം അംഗീകരിക്കാന്‍ തൊഴിലാളിയെ നിര്‍ബന്ധിക്കുന്നതിന് മാര്‍ക്കറ്റ്തന്നെ ധാരാളമാണ്. അങ്ങനെ "മൂലധനം നേരിട്ട് എല്ലാ പ്രതിരോധങ്ങളും തകര്‍ത്ത് വിദ്യാഭ്യാസം, പാരമ്പര്യം, ശീലം എന്നിവയിലെല്ലാം ഉല്പാദനരീതിക്ക് ആവശ്യമായവിധം സ്വാഭാവികമാണ് ഈ നിയമങ്ങളെന്നു കരുതുന്ന ഒരു തൊഴിലാളിവര്‍ഗ്ഗത്തെ സൃഷ്ടിക്കുന്നു.''

ഭരണകൂടം: മുതലാളിത്തത്തിന്റെ അവസാനആയുധം

എങ്കിലും തൊഴിലാളികള്‍ പ്രക്ഷോഭം നടത്തും എതിര്‍ക്കും. കണക്കാക്കിയ ലാഭം ഉറപ്പാക്കാന്‍ മാര്‍ക്കറ്റ് കൊണ്ടുമാത്രം എപ്പോഴും കഴിയണമെന്നില്ല. അപ്പോള്‍ മൂലധനം ഭരണകൂടത്തെ, ആവശ്യാനുസരണം ആശ്രയിക്കുന്നു. ട്രേഡ് യൂണിയനെ തകര്‍ക്കാന്‍, ജനാധിപത്യത്തിന്റെ നാട്യങ്ങള്‍ വലിച്ചെറിയാന്‍, ഫാസിസത്തെ പുല്‍കാന്‍, സ്റ്റേറ്റിന്റെ അടിച്ചമര്‍ത്താനുള്ള കഴിവും നിയമങ്ങളും പ്രയോഗിക്കുന്നു.

സാമ്രാജ്യത്വത്തിന്റെ അടിസ്ഥാനം

സാമ്രാജ്യത്വത്തിന്റെ അടിസ്ഥാനം ലാഭം തേടിയുള്ള മൂലധനത്തിന്റെ പ്രയാണം തന്നെയാണ്. കുറഞ്ഞ വിലയ്ക്കുള്ള അസംസ്കൃതവസ്തുക്കളും ഉല്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റിനുമൊപ്പം ചൂഷണംചെയ്യാന്‍ കഴിയുന്ന തൊഴിലാളികളെയും മൂലധനം തേടുന്നു. ഏറ്റവും ദുര്‍ബലരായ ഏറ്റവും കുറഞ്ഞ കൂലിക്ക് പണിയെടുക്കാന്‍ സന്നദ്ധതയുള്ള ഒറ്റപ്പെട്ടവരെയാണ് ഇങ്ങനെ ഉപയോഗപ്പെടുത്തുക.

പ്രത്യക്ഷമായി ഭരണകൂടം രംഗത്തുവരാതെ സമ്മര്‍ദ്ദങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയുന്ന വിവിധ ആയുധങ്ങള്‍ മൂലധനത്തിന്റെ കൈവശമുണ്ട്. മാര്‍ക്കറ്റിന്റെ മായാജാലത്തെക്കുറിച്ചുള്ള ആശയങ്ങള്‍ എങ്ങനെ, എവിടെ നിന്നാണ് വരുന്നത് ? സാമ്പത്തികശാസ്ത്രവിഭാഗങ്ങളില്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുന്ന സാമ്പത്തികശാസ്ത്രകാരന്മാര്‍ക്കല്ല ഗവേഷണത്തിന് സര്‍ക്കാരിന്റെയും മൂലധനത്തിന്റെയും സാമ്പത്തികസഹായം കിട്ടുന്നത്. ആശയങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മാര്‍ക്കറ്റില്‍ നടത്തുന്ന ഏതൊരു ഇടപെടലും വന്‍ദുരന്തത്തിലേക്ക് നയിക്കുമെന്നും ഭരണകൂടം ഇടപെടാന്‍ നടത്തുന്ന ശ്രമം കുഴപ്പം വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ സ്ഥാപിക്കുന്നു. ഇതിനോട് യോജിക്കാത്തവര്‍ 'കൊള്ളാത്ത സാമ്പത്തികശാസ്ത്രജ്ഞന്‍'മാരായി വിശേഷിപ്പിക്കപ്പെടും. അവര്‍ കാര്യമായ പണിയില്ലാതെ പിന്‍നിരയിലേക്ക് തള്ളപ്പെടും. നിരന്തരം, മാധ്യമങ്ങളിലൂടെ മറ്റു ബദലില്ല എന്ന് അലറിവിളിച്ചുകൊണ്ടിരിക്കുന്നവരുടെ ശബ്ദം മുഴങ്ങിക്കൊണ്ടിരിക്കും. മാര്‍ക്കറ്റിന് ബദലില്ല. ദരിദ്രരാജ്യങ്ങളുടെ മുന്നില്‍ ബദലില്ല. എല്ലാവര്‍ക്കും അഭികാമ്യമായത് ഒരു വഴിമാത്രം. മാര്‍ക്കറ്റിന്റെ ആജ്ഞകള്‍ അംഗീകരിക്കുക.

ആശയങ്ങളുടെ ബലത്തെ ആശ്രയിക്കുന്നതിന് ആര്‍ക്കും മൂലധനത്തെകുറ്റപ്പെടുത്താന്‍ കഴിയില്ല. മാര്‍ക്കറ്റിന്റെ ആജ്ഞകള്‍ നടപ്പിലാക്കുമെന്നുറപ്പുള്ള സ്ഥാപനങ്ങള്‍ ഭരണകൂടം സൃഷ്ടിക്കും. അങ്ങനെയാണ് ഐ.എം.എഫും ലോകബാങ്കും ലോകവ്യാപാരസംഘടനയും സ്വതന്ത്രവ്യാപാരകരാറുകളെന്നുവിശേഷിക്കപ്പെടുന്ന കെട്ടുപാടുകളുമുണ്ടാവുന്നത്. എതിരായി ചിന്തിക്കുന്നവരെ നശിപ്പിച്ചും സ്വതന്ത്രനയം ആവിഷ്കരിച്ചു നടപ്പാക്കുന്ന രാജ്യങ്ങളെ തകര്‍ത്തും മൂലധനത്തിന്റെ ആധിപത്യം ഉറപ്പാക്കുകയാണ്.

സ്വതന്ത്രവും സ്വയംഭരണാധിഷ്ഠിതവുമായ കേന്ദ്രബാങ്കുകള്‍ ?

ഇത്തരം അനേകം സ്ഥാപനങ്ങളെ ഉപയോഗിച്ച് നിയോ ലിബറല്‍ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. മൂലധനത്തിന്റെ നീക്കത്തിനുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റുന്നു. തൊഴിലാളിക്കും ഉപഭോക്താവിനും പൌരന്മാര്‍ക്കും സംരക്ഷണം നല്‍കുന്ന എല്ലാ നിയമങ്ങളും ഉപേക്ഷിക്കുന്നു. ഒപ്പം മൂലധനത്തിനനുകൂലമായി ഭരണകൂടത്തിന്റെ അധികാരം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

സാമ്രാജ്യത്വവും കോളനിരാജ്യങ്ങളും

ഇതുകൊണ്ടൊന്നും സ്വന്തംവികസനത്തിനുവേണ്ടി നിലകൊള്ളുന്ന ജനങ്ങളുടെ പ്രക്ഷോഭത്തെ തടയാന്‍ കഴിയില്ല. അപ്പോള്‍ സാമ്രാജ്യത്വഭരണകൂടത്തെയുപയോഗിച്ച് പട്ടാളത്തിന്റെ സഹായത്തോടെ ഇടപെടുന്നു. കൊളോണിയല്‍, സാമന്തഭരണകൂടങ്ങള്‍ക്ക് സാമ്പത്തികസഹായം അടക്കം നല്‍കി മുതലാളിത്തസംവിധാനം നിലനിര്‍ത്താന്‍ മൂലധനം രംഗത്തെത്തുന്നു.

കൊളോണിയല്‍രാജ്യങ്ങളിലെ പ്രാദേശികഅധികാരകേന്ദ്രങ്ങളെയും വമ്പന്‍ പ്രമാണിമാരെയും സ്വാധീനിച്ച് മാര്‍ക്കറ്റ് നിലനിര്‍ത്തി മൂലധനതാല്പര്യം സംരക്ഷിക്കാന്‍ ഭരണകൂടത്തിന് എല്ലാ സഹായവും ചെയ്യുന്നു. കൃഷിക്കാരനെ ഭൂമിയില്‍നിന്ന് അടര്‍ത്തിമാറ്റി ആ ഭൂമി പ്രത്യേക സാമ്പത്തികമേഖലയാക്കുന്നു. ആഗോളമൂലധനഉപകരണങ്ങളുടെ പ്രയോഗത്തിലൂടെ ആവശ്യമായ തൊഴിലാളിയുടെ റിസര്‍വ്പട്ടാളത്തെ സൃഷ്ടിക്കുന്നു. ഇതിനെതിരായ എല്ലാപ്രതിരോധത്തെയും ഭരണകൂടഉപകരണങ്ങളുപയോഗിച്ച് തകര്‍ക്കുന്നു. കൊളോണിയല്‍ ഭരണകൂടം പരാജയപ്പെടുന്നിടത്ത് സാമ്രാജ്യത്വം നേരില്‍ ഇടപെടുന്നു.

ആക്രമണകാരിയായ സാമ്രാജ്യത്വതേരോട്ടം നിലയ്ക്കുന്നില്ല. അതിന്റെ നികൃഷ്ടതയുടെ ചരിത്രം തുടരുകയാണ്. അതിരുകളില്ലാത്ത ക്രൂരത, സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്ന ആരെയും സ്വന്തം ചവിട്ടടിയിലാക്കി ഞെരിച്ചുകൊല്ലുന്ന ക്രൂരത എന്നാണ് ചെഗുവേര ഇതിനെ വിശേഷിപ്പിച്ചത്.

സാമ്രാജ്യത്വത്തിന്റെ സത്ത

മൂലധനത്തിന്റെ ആക്രാന്തപ്രവര്‍ത്തനങ്ങളുടെ അന്തര്‍ലീനാംശമാണ് സാമ്രാജ്യത്വം. വിവിധരാജ്യങ്ങളിലെ മുതലാളിമാര്‍ തമ്മിലുള്ള മത്സരം മറ്റുരാജ്യങ്ങളെ അവരുടെ കോളനികളാക്കി മാറ്റുന്നതിലെത്തി. സാമ്രാജ്യത്വരാജ്യങ്ങള്‍ തമ്മിലുള്ള മത്സരത്തിലുമെത്തി. എന്നാല്‍ ഇവിടെയും അടിസ്ഥാനവൈരുദ്ധ്യം മൂലധനവും തൊഴിലാളിയും തമ്മിലാണ്. സാമ്രാജ്യത്വഭരണകൂടങ്ങളും കോളനിരാജ്യങ്ങളിലെ ഉല്പാദകരും തമ്മിലാണ്. സാമ്രാജ്യത്വഭരണകൂടങ്ങളുടെ താല്പര്യം എപ്പോഴും ഒന്നുതന്നെ.

മുതലാളിത്തം സൃഷ്ടിക്കുന്ന ജനതതിയെ നോക്കൂ. ഉല്പാദനപ്രക്രിയയില്‍ അത് ജനങ്ങളെ ഞെരുക്കുകയാണ്. ലാഭമെന്ന ഏകലക്ഷ്യത്തിലേക്ക് ചുരുക്കി മറ്റു കഴിവുകളെ നശിപ്പിക്കുകയാണ്. ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത് മുതലാളിത്തത്തിന്റെ വിഷമവൃത്തമാണ്. ഉല്പാദനോപാധികളില്‍നിന്നും മാറ്റിനിര്‍ത്തപ്പെടുകയും ഒപ്പം ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തതുമായ ജനങ്ങള്‍. തൊഴില്‍ശക്തി വില്‍ക്കാനായി തൊഴില്‍കമ്പോളത്തില്‍ പോകേണ്ടിവരികയും അതേ തരക്കാരായ നിര്‍ഭാഗ്യരുമായി മത്സരിക്കേണ്ടിവരികയും ചെയ്യുന്ന ജനങ്ങള്‍ മുതലാളിത്തഉല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ട് സ്വയം ദരിദ്രവല്‍ക്കരിക്കപ്പെടുകയും അതിനാല്‍ ഉപഭോഗവും ആവശ്യവും പരിമിതപ്പെടുത്താന്‍ നിര്‍ബന്ധിതരായ ജനങ്ങള്‍. വിദേശവസ്തുക്കള്‍ ഉപഭോഗം ചെയ്യുകയും ഇപ്പോള്‍ അതിനു കഴിയാതെ മൂലധനം നിശ്ചയിക്കുന്ന ലക്ഷ്യത്തിനായി പണിയെടുക്കേണ്ടിവരുന്നവര്‍. പരസ്പരബന്ധിതമായ ഒരു വിഷമവൃത്തമാണിത്. മൊത്തമായല്ലാതെ ഒന്നിനെ മാത്രമായി മാറ്റാന്‍ കഴിയാത്ത അവസ്ഥ.

വിഷമവൃത്തം വളരുകയാണ്

മൂലധനം വികസിക്കാന്‍ ശ്രമിക്കുന്നതനുസരിച്ച് ഈ വൃത്തവും വളരുകയാണ്. കൂടുതല്‍ മിച്ചമൂല്യത്തിന് ഉല്പാദനരീതി മാറ്റി ചൂഷണം വര്‍ദ്ധിപ്പിക്കുന്നു. ഉല്പാദനം വീണ്ടും വികസിപ്പിക്കുന്നു, പുതിയ ഉല്പ്പന്നം വീണ്ടും ഉണ്ടാക്കുന്നു. അവ വിറ്റഴിക്കാന്‍ കൃത്രിമമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നു. ജനങ്ങളെ ഉപഭോഗവസ്തുക്കളുടെ അടിമയാക്കുന്നു. മൂലധനത്തിന്റെ അടിമത്വം വര്‍ദ്ധിപ്പിക്കുന്നു.

ഇത് എവിടെവരെ? ഇത് എത്രകാലം തുടരും? ലോകത്ത് വളരെ ഉയര്‍ന്ന ഉപഭോഗനിലവാരമുള്ള സ്ഥലങ്ങളിലെ രീതി എല്ലായിടത്തും പകര്‍ത്തുക അസാധ്യമാണ്. ഭൂമിക്ക് താങ്ങാന്‍ കഴിയാത്ത നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ആഗോളതാപനം, അവശ്യജീവിതോപാധികളുടെ വര്‍ദ്ധിക്കുന്ന കമ്മി ഇതൊക്കെ സൂചനയാണ്. ഇന്നല്ലെങ്കില്‍ നാളെ ഇവയെല്ലാം അതിന്റെ പാരമ്യതയില്‍ എത്തും. അവിടേക്ക് എത്തുംമുമ്പുതന്നെ വിഭവങ്ങളുടെ മേലുള്ള ആധിപത്യം ആര്‍ക്കെന്ന ചോദ്യം ഉയര്‍ന്നുവരും. എണ്ണയും ലോഹങ്ങളും വെള്ളവുമെല്ലാം വികസിതസമ്പന്നരാഷ്ട്രങ്ങള്‍ കൈയ്യടക്കാനും വെച്ചുപുലര്‍ത്താനും അനുവദിക്കാമോ? വികസ്വര-അവികസിതരാജ്യങ്ങള്‍ക്ക് ഇതില്‍ ഭേദപ്പെട്ട പങ്ക് കൈക്കലാക്കാന്‍ കഴിയുമോ? മറ്റുള്ളവര്‍ അനുഭവിക്കുന്ന ഉയര്‍ന്ന ജീവിതനിലവാരം കാണുന്ന ലോകത്തെങ്ങുമുള്ള ദരിദ്രവല്‍ക്കരിക്കപ്പെട്ട പാവപ്പെട്ട ഉല്പാദകന്‍ സംസ്കാരത്തിന്റെ സദ്ഫലങ്ങള്‍ക്ക് തനിക്ക് അര്‍ഹതയില്ലെന്ന നിലപാട് അംഗീകരിക്കുമോ? ഇതെല്ലാം മാര്‍ക്കറ്റിന് വിട്ട് അവര്‍ വെറുതെയിരിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? തീര്‍ച്ചയായും ഇവിടെ മൂലധനം 'ആവശ്യമുള്ളിടത്തോളം ഭരണകൂടത്തെ' ഉപയോഗിക്കും.

ഈ കാട്ടാളത്തത്തിന്റെ ബീഭത്സത ലോകത്തെ വേട്ടയാടുകയാണ്. ആര്‍ക്കെങ്കിലും മനുഷ്യവികസനത്തിന്റെ പാതയാണ് മുതലാളിത്തമെന്നു ചിന്തിക്കാന്‍ കഴിയുമോ? തീര്‍ച്ചയായും അതിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കാന്‍ കഴിയുന്ന കുറേപേര്‍ക്ക് അതു കഴിയും. ഭൂരിപക്ഷം ജനങ്ങള്‍ക്കും അതിനുകഴിയില്ലെന്ന് ഉറപ്പാണ്.

സോഷ്യലിസവും മനുഷ്യവികസനവും

ഒരു ബദല്‍ മാത്രമേ മുന്നിലുള്ളു. അറിഞ്ഞും അറിയാതെയും ഈ ബദലിനായി ജനങ്ങള്‍ നിലകൊണ്ടിട്ടുണ്ട്. മുതലാളിത്തത്തിന്റെ നീതിശാസ്ത്രത്തെ എതിര്‍ക്കുമ്പോള്‍, സാമൂഹ്യനീതിക്കുവേണ്ടി നിലകൊള്ളുമ്പോള്‍, തൊഴില്‍നിലവാരം ഉയര്‍ത്താന്‍, വേതനം വര്‍ദ്ധിപ്പിക്കാന്‍, വര്‍ണവിവേചനം ഇല്ലാതാക്കാന്‍, പരിസ്ഥിതി സംരക്ഷിക്കാന്‍, ആരോഗ്യവും വിദ്യാഭ്യാസവും പാര്‍പ്പിടവും ഉറപ്പാക്കാന്‍ സമരംചെയ്യുമ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും ഇതു നാം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.

നാം നടത്തുന്ന സംയുക്തപ്രക്ഷോഭങ്ങളിലൂടെ നാമെല്ലാം ഒന്നാണെന്നും നമുക്ക് യോജിച്ചു നീങ്ങേണ്ടതുണ്ടെന്നും നമ്മുടെയെല്ലാം സ്വതന്ത്രമായ വികസനമാണ് നമ്മുടെ കൂട്ടായവികസനത്തിന്റെ അടിസ്ഥാനമെന്നുമുള്ള ധാരണയില്‍ നാമെത്തിയിട്ടുണ്ട്. സ്നേഹവും ഐക്യദാര്‍ഢ്യവും മനുഷ്യകുലമാകെ ഒന്നാണെന്ന ബോധവും അടിസ്ഥാനപ്പെടുത്തിയ ഒരു ബദല്‍സമൂഹമാണ് വേണ്ടത്. 'മനുഷ്യര്‍ക്കിടയിലുള്ള യഥാര്‍ത്ഥ വ്യത്യസ്തതകളില്‍ അടിയുറച്ച, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ഐക്യം' (മാര്‍ക്സ്)

ചിന്തയ്ക്കും പ്രവൃത്തിക്കും ഇടയിലുള്ള അതിര്‍വരമ്പ് എവിടെ നിന്നാണ് തുടങ്ങേണ്ടതെന്നും സമൂഹം, തൊഴില്‍സ്ഥലം, വീട് എന്നിങ്ങനെ എവിടെയാണ് നമുക്കുമേല്‍ അധീശത്വം വേണ്ടതെന്നും, കഴിവുകള്‍ വികസിപ്പിക്കുന്നതില്‍ എവിടെയാണ് അസമത്വമുള്ളതെന്നും ഭരണകൂടം തീരുമാനിക്കുന്ന ഒരു സമൂഹമായിരിക്കില്ല ബൊളിവേറിയന്‍ഭരണഘടന അംഗീകരിക്കുന്നതുപോലെ മനുഷ്യവികസനത്തിനുള്ള ബദല്‍ജനാധിപത്യത്തിലധിഷ്ഠിതമായ പങ്കാളിത്തസംരംഭകസമൂഹമായിരിക്കും.

സമ്പന്നനായ മനുഷ്യനെ സൃഷ്ടിക്കാം

തങ്ങളുടെ ഗോത്രങ്ങളില്‍, തൊഴില്‍സ്ഥലങ്ങളില്‍, ഇതര സാമൂഹ്യ സ്ഥാപനങ്ങളിലടക്കം നടത്തുന്ന വിപ്ലവകരമായ പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് മാര്‍ക്സ് വിശേഷിപ്പിച്ച 'സമ്പന്നനായ മനുഷ്യനെ', മുതലാളിത്തം സൃഷ്ടിച്ച ദരിദ്രനായ, വരിഞ്ഞുമുറുക്കപ്പെട്ട മനുഷ്യന്റെ സ്ഥാനത്ത് കഴിവുകളിലും ആവശ്യങ്ങളിലും സമ്പന്നനായ മനുഷ്യനെ സൃഷ്ടിക്കാന്‍ കഴിയും.

അക്രമോത്സുകമുതലാളിത്തഭരണകൂടത്തിന്റെയും ഏകാധിപത്യമുതലാളിത്തതൊഴില്‍സ്ഥലത്തിന്റെയും സ്ഥാനത്ത് പകരംവയ്ക്കപ്പെടുന്ന വിപ്ലവകരമായ ജനാധിപത്യത്തിനേ ഇത്തരം സമ്പന്നനായ മനുഷ്യനെ സൃഷ്ടിക്കാനുള്ള സൌകര്യമൊരുക്കാന്‍ കഴിയൂ. പ്രയോഗത്തില്‍നിന്നും നടപ്പില്‍ വരുന്ന ജനാധിപത്യം, അയല്‍ക്കൂട്ടങ്ങളുടെ, ഗോത്രത്തിന്റെ, എല്ലാം കൂടിച്ചേരുന്ന ജനങ്ങളുടെ ജനാധിപത്യത്തിലേക്കുള്ള വിപ്ലവകരമായ പരിവര്‍ത്തനമാണത്.

സോഷ്യലിസമെന്ന അടിസ്ഥാനത്രികോണം

സമൂഹത്തിന്റെയും തൊഴിലാളിയുടെയും കഴിവുകളും ആവശ്യങ്ങളും മനസ്സിലാക്കി ഉല്പാദനത്തെയും അതുമായി ബന്ധപ്പെട്ടവരെയും കൂട്ടിയിണക്കിവേണം ഈ വിപ്ലവജനാധിപത്യം നടപ്പിലാക്കേണ്ടത്.

സമൂഹത്തിന്റെ ആവശ്യങ്ങള്‍ കണക്കിലെടുത്തുള്ള ഉല്പാദനത്തില്‍ ഒഴിവാക്കാനാത്ത ഒരു മുന്നുപാധിയുണ്ട്. മനുഷ്യഉല്പന്നങ്ങളുടെ മേല്‍ വ്യക്തിയുടെയോ ഗ്രൂപ്പിന്റെയോ ഭരണകൂടത്തിന്റെയോ കുത്തക സാധ്യമല്ല. ഉല്പാദനോപകരണങ്ങളുടെമേല്‍ സൌജന്യ ഉടമസ്ഥതയായിരിക്കും. പ്രസിഡന്റ് ഹ്യൂഗോ ഷാവെസ് അതിനെ 'സോഷ്യലിസത്തിന്റെ എലിമെന്ററി ട്രയാംഗിള്‍' എന്നാണ് വിശേഷിപ്പിച്ചത്. 1. ഉല്പാദനോപകരണങ്ങളുടെ സാമൂഹ്യഉടമസ്ഥതയുടെ അടിസ്ഥാനത്തില്‍. 2. തൊഴിലാളിയുടെ നേതൃത്വത്തിലുള്ള സാമൂഹ്യഉല്പാദനം. 3. സമൂഹത്തിന്റെ ആവശ്യങ്ങളും സാമൂഹ്യലക്ഷ്യങ്ങളും നിറവേറ്റല്‍. ഇതിലെ ഓരോ ഘടകവും പ്രത്യേകം പരിശോധിക്കാം.

ഉല്പാദനോപകരണങ്ങളുടെ സാമൂഹ്യഉടമസ്ഥത

മുതലാളിയുടെയോ വ്യക്തിയുടെയോ ഉദ്യോഗസ്ഥമേധാവികളുടെയോ സ്വകാര്യലക്ഷ്യങ്ങളുടെ സ്ഥാനത്ത് സമൂഹത്തിന്റെ പൊതുആവശ്യത്തിലധിഷ്ഠിതമായ ഉല്പാദനക്ഷമത ഉറപ്പാക്കാന്‍ ഇതനിവാര്യമാണ്. സാമൂഹ്യഉടമസ്ഥതയെന്നത് ഭരണകൂടത്തിന്റെ ഉടമസ്ഥതയല്ല. ഭരണകൂടത്തിന്റെ മുതലാളിത്തസ്ഥാപനങ്ങളോ ചില വ്യക്തികള്‍ ചേര്‍ന്നുനടത്തുന്നവയോ അവയില്‍ ചില തൊഴിലാളികള്‍ക്ക് പങ്കോ ഉണ്ടാകാം. സാമൂഹ്യഉടമസ്ഥത ഉദാത്തമായ ജനാധിപത്യമാണ്. ജനങ്ങള്‍ അതിലെ അംഗങ്ങളും ഒപ്പം ഉല്പാദകരും സാമൂഹ്യഅധ്വാനത്തിന്റെ ഫലമെന്തായിരിക്കുമെന്ന് തീരുമാനിക്കുന്നവരുമാണ്.

സാമൂഹ്യഉല്പാദനവും സംഘടിതതൊഴിലാളികളും

തൊഴിലാളികള്‍ സംഘടിപ്പിക്കുന്ന സാമൂഹ്യഉല്പാദനം ഉല്പാദകര്‍ക്കിടയില്‍ സഹകരണത്തിന്റെയും ഐക്യത്തിന്റെയും ഒരു പുതിയബന്ധം അരക്കിട്ടുറപ്പിക്കുന്നു. മുതലാളിത്തഉല്പാദനത്തില്‍നിന്ന് വ്യത്യസ്തമായി തൊഴിലാളിയുടെ ശരീരവും മനസ്സും വരിഞ്ഞുമുറുക്കുന്ന, കായികവും ബൌദ്ധികവുമായ പ്രവൃത്തികളില്‍ സ്വാതന്ത്യത്തിന്റെ കണികപോലും അനുവദിക്കാത്ത, തലയും കൈയ്യും വേര്‍തിരിച്ചുനിര്‍ത്തുന്ന ഒന്നായിരിക്കില്ല. തൊഴിലാളികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതില്‍ നിന്നും തടയുകയും തൊഴില്‍സ്ഥലത്ത് ചിന്തയും പ്രവൃത്തിയും കൂട്ടിയോജിപ്പിക്കാന്‍ അവസരമില്ലാതെ വരികയും ചെയ്യുമ്പോള്‍ അവര്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട, ഉല്പന്നങ്ങള്‍ ഉപഭോഗം ചെയ്യുന്നവര്‍ മാത്രമായി മാറുന്നു. മറ്റാരെങ്കിലും അത് തീരുമാനിക്കുന്ന അവസ്ഥയുണ്ടാകും.

സമൂഹത്തിന്റെ ആവശ്യങ്ങളും ഉദ്ദേശ്യങ്ങളും പൂര്‍ത്തീകരിക്കല്‍

മനുഷ്യകുടുംബത്തിലെ അംഗങ്ങളെന്ന നിലയില്‍ മൊത്തംജനതയുടെ ആവശ്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഉല്പാദനപ്രവര്‍ത്തനം ആവിഷ്ക്കരിച്ച് സമൂഹത്തിലെ എല്ലാവര്‍ക്കും സംതൃപ്തി നല്‍കുന്ന രീതിയാണിത്. വ്യക്തി താല്പര്യത്തില്‍നിന്നുയര്‍ന്ന് സമൂഹമെന്ന ചിന്തയിലേക്ക് പോകേണ്ടതിന്റെ പ്രാധാന്യം ഇത് ബോധ്യപ്പെടുത്തുന്നു. മത്സരത്തിന്റെ സ്ഥാനത്ത് കൂട്ടായ്മയെ അത് പകരംവെക്കുന്നു. ആല്‍ബ പരിപാടിപോലെ (ആല്‍ബ-ബൊളിവേറിയന്‍ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ അമേരിക്കാസ്) ജനങ്ങള്‍ക്കിടയില്‍ ഐക്യാര്‍ഢ്യവും ഒപ്പംതന്നെ ഓരോരുത്തരും വ്യത്യസ്തമായ ഉല്പാദനവും നടത്തുന്ന പരിപാടി നടപ്പിലാക്കും.

ഈ ഐക്യദാര്‍ഢ്യമെന്ന സങ്കല്പം സുപ്രധാനമാണ്. ഓരോരുത്തര്‍ക്കും പരിധിയേതുമില്ലാതെ ഉപഭോഗം നടത്താം എന്നതല്ല, തൊഴിലാളിയുടെ സ്വന്തംവികസനത്തിന്റെ പ്രാധാന്യം നാം അംഗീകരിക്കുന്നു എന്നതാണ് മുഖ്യഘടകം. കൂട്ടായ്മയുടെ നേട്ടങ്ങള്‍ ചൂഷണത്തിലൂടെ നേടുന്നതല്ല. നിങ്ങള്‍ ചൂഷണത്തിന് വിധേയനായതിനാല്‍ സാമൂഹ്യഅധ്വാനത്തിന്റെ ഒരു പങ്കിന് നിങ്ങള്‍ക്കും അര്‍ഹതയുണ്ടെന്നല്ല, മറിച്ച്, നിങ്ങള്‍ സമൂഹത്തിന്റെ ഭാഗമായതിനാല്‍ നിങ്ങള്‍ക്കും മറ്റെല്ലാവരെയുംപോലെ സദ്ഫലങ്ങള്‍ അനുഭവിക്കാനുള്ള അവകാശമുണ്ടെന്നാണ് അതിന്റെ വിവക്ഷ.

ഒപ്പംതന്നെ മറ്റുള്ളവരോട് നിങ്ങള്‍ക്കും ഒരു ബാധ്യതയുണ്ട്, അവര്‍ക്കും ഈ അവസരങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത. കുടുംബത്തിലെ അംഗമെന്നപോലെ നിങ്ങളുടെ ജോലി നിങ്ങള്‍ ചെയ്യണം. ബൊളിവേറിയന്‍ ഭരണഘടനയുടെ വകുപ്പ് 135 പറയുന്നു.

'ഐക്യദാര്‍ഢ്യത്തിന്റെയും സാമൂഹ്യഉത്തരവാദിത്വത്തിന്റെയും മാനുഷികമായ സഹായങ്ങളുടെയും ബാധ്യത ഓരോ വ്യക്തിയും അവരുടെ കഴിവനുസരിച്ച് ഏറ്റെടുക്കേണ്ടതാണ്.’

മുന്‍തലമുറയില്‍നിന്ന് പകര്‍ന്നുകിട്ടിയ കുറവുകള്‍

തീര്‍ച്ചയായും സോഷ്യലിസ്റ്റ് ത്രികോണം ഒരുരാത്രികൊണ്ട് പൂര്‍ത്തീകരിക്കാവുന്നതല്ല. അതിന്റെ അര്‍ത്ഥവ്യാപ്തി ലളിതമല്ല. ഉദാഹരണത്തിന് സാമൂഹ്യലക്ഷ്യത്തോടെയുള്ള ഉല്പാദനത്തിന് യോജിച്ച ജനാധിപത്യസംവിധാനം വേണം. താഴെനിന്നുള്ള ആവശ്യങ്ങള്‍ മനസ്സിലാക്കി അവ സംയോജിപ്പിച്ച് നന്നായി ആസൂത്രണം ചെയ്യണം. തുടക്കത്തില്‍ സാമൂഹ്യആവശ്യങ്ങളുടെ കണക്കെടുപ്പ് മുതലാളിത്തവ്യവസ്ഥയുടെ ശൈലിയിലാകും. ജനങ്ങള്‍ സാമ്പത്തികവും ധാര്‍മ്മികവും ബൌദ്ധികവുമായ എല്ലാ അര്‍ത്ഥത്തിലും പഴയസമൂഹത്തിന്റെ പിറവിക്കുറ്റം പേറുന്നവരാണ്. ഉല്പാദകരില്‍ വ്യക്തി താല്പര്യം തുളുമ്പിനില്‍ക്കുമ്പോള്‍ എങ്ങനെയാണ് സമൂഹത്തിനുവേണ്ടി ഉല്പാദിപ്പിക്കുക? അപ്പോള്‍ എങ്ങനെയാണ് സ്വത്ത് സാമൂഹ്യമാവുന്നത്? സാമൂഹ്യലക്ഷ്യത്തോടെയുള്ള ഉല്പാദനമല്ലെങ്കില്‍ യഥാര്‍ത്ഥസാമൂഹ്യ സ്വത്തില്ല. സാമൂഹ്യസ്വത്തില്ലാതെ സമൂഹത്തിനുവേണ്ടി തൊഴിലാളിയുടെ തീരുമാനമില്ല. തൊഴിലാളിതീരുമാനമില്ലെങ്കില്‍ ജനങ്ങളുടെ ആവശ്യത്തിലധിഷ്ഠിതമായ പരിവര്‍ത്തനം സംഭവിക്കുന്നില്ല. ത്രികോണം പൂര്‍ത്തീകരിക്കപ്പെടാത്തതിനു കാരണം പഴയസമൂഹത്തില്‍നിന്നു കടംകൊണ്ട കുഴപ്പങ്ങള്‍ എല്ലാത്തിനെയും ബാധിച്ചിരിക്കുന്നു എന്നാണ്.

വിപ്ലവപരമായ പ്രവര്‍ത്തനം

പുതിയ ഭൌതികസാഹചര്യങ്ങളും ഒപ്പം പുതിയ സോഷ്യലിസ്റ്റ്പുരുഷനെയും സ്ത്രീയെയും എങ്ങനെ സൃഷ്ടിക്കാം എന്നതാണ് പ്രസക്തമായ ചോദ്യം. വിപ്ലവകരമായ പ്രവര്‍ത്തനത്തിന്റെ നീണ്ടപ്രക്രിയയിലൂടെ മാത്രമേ അത് യാഥാര്‍ത്ഥ്യമാകൂ. സാഹചര്യങ്ങളും മനുഷ്യപ്രവര്‍ത്തനത്തിലെ മാറ്റവും ഒന്നിച്ചു സംഭവിക്കണം. യഥാര്‍ത്ഥജനാധിപത്യത്തിലൂടെ, ജനാധിപത്ര പ്രവര്‍ത്തനത്തിലൂടെ ഈ പുതിയസമൂഹം ഉരുത്തിരിയും.

ധര്‍മ്മിഷ്ഠ സോഷ്യലിസ്റ്റ് വൃത്തം

മുതലാളിത്തത്തിന്റെ വിഷമവൃത്തത്തില്‍നിന്ന് സോഷ്യലിസത്തിന്റെ പവിത്ര വൃത്തത്തിലേക്ക് മാറുന്ന രീതിയാണ് മുകളില്‍ വിവരിച്ചത്. മുതലാളിത്തവൃത്തംപോലെ സോഷ്യലിസത്തിന്റേതും വികസിച്ചുകൊണ്ടിരിക്കുന്ന വൃത്തമാണ്. പക്ഷേ അതിന്റെ നിയമങ്ങള്‍ മുതലാളിത്തത്തിന്റേതല്ല. മനുഷ്യവികസനത്തില്‍ ഊന്നുന്ന ഈ വളര്‍ച്ച ഗണപരമായ വളര്‍ച്ചയെക്കാള്‍ ഗുണപരമായ വളര്‍ച്ചയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. എല്ലാ അര്‍ത്ഥത്തിലും സമ്പന്നമായ സാമൂഹ്യവ്യക്തികളുടെ വികസനമാണ് ലക്ഷ്യമിടുന്നത്. ഇവിടെ സമ്പൂര്‍ണ്ണമനുഷ്യവികസനത്തിന്റെ സാധ്യതകളൊഴികെ അന്തര്‍ലീനമായ പരിധികളൊന്നുമില്ല.

നമ്മുടെ മുന്നിലുള്ള ഏകമാര്‍ഗ്ഗം സോഷ്യലിസത്തിന്റേതാണ്. എന്നാല്‍ എവിടേക്കാണ് പോകേണ്ടതെന്നും നാം സ്വീകരിക്കുന്ന പാത തുടക്കം മാത്രമാണെന്നും നല്ല ധാരണയുണ്ടായിരിക്കണം. മുതലാളിത്തവും സാമ്രാജ്യത്വവും സാധ്യമായ എല്ലാ തടസ്സങ്ങളും സൃഷ്ടിച്ച് നമ്മെ ഭിന്നിപ്പിക്കാനും മറ്റു മാര്‍ഗ്ഗമില്ലെന്ന് ബോധ്യപ്പെടുത്താനും ശ്രമിച്ചുകൊണ്ടിരിക്കും. യുദ്ധസന്നദ്ധതയോടെ ജാഗരൂകരായി നമുക്ക് നിലയുറപ്പിക്കാന്‍ കഴിയണം.

ജനങ്ങളില്‍ നമുക്ക് വിശ്വാസമുണ്ടെങ്കില്‍, മനുഷ്യസമൂഹത്തിന്റെ ലക്ഷ്യം പൊതുവായ മനുഷ്യവികസനം ഉറപ്പാക്കുക എന്നതാണെങ്കില്‍ തെരഞ്ഞെടുക്കാന്‍ നമ്മുടെ മുന്നിലുള്ള വഴിയും വ്യക്തമാണ്. ഒന്നുകില്‍ സോഷ്യലിസം, അല്ലെങ്കില്‍ കാട്ടാളത്തം.

*

അവലംബം :The Path to Human Development: Capitalism or Socialism-Michael A. Lebowits
കടപ്പാട് : Monthly Review February 2009

മലയാള സംഗ്രഹം : എ.സിയാവുദീന്‍

3 comments:

വര്‍ക്കേഴ്സ് ഫോറം said...

'ജനങ്ങളില്‍ നമുക്ക് വിശ്വാസമുണ്ടെങ്കില്‍, മനുഷ്യസമൂഹത്തിന്റെ ലക്ഷ്യം പൊതുവായ മനുഷ്യവികസനം ഉറപ്പാക്കുക എന്നതാണെങ്കില്‍, തെരഞ്ഞെടുക്കാന്‍ നമ്മുടെ മുന്നിലുള്ള വഴിയും വ്യക്തമാണ്-ഒന്നുകില്‍ സോഷ്യലിസം, അല്ലെങ്കില്‍ കാട്ടാളത്തം.'

ഈ വരികളോടെയാണ് മൈക്കള്‍ എ. ലെബോവിറ്റ്സ് തന്റെ ലഘുലേഖ അവതരിപ്പിക്കുന്നത്. കാനഡയില്‍ വാന്‍കൂവര്‍ സൈമണ്‍ ഫ്രേസര്‍ യൂണിവേഴ്സിറ്റിയിലെ എക്കണോമിക്സ് പ്രൊഫസര്‍ ലോകമാകെ ചര്‍ച്ചചെയ്യപ്പെടണമെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ലഘുലേഖയുടെ സംഗ്രഹമാണിത്. വെനിസ്വലന്‍ഭരണഘടനയുടെ പരിശോധനയുമായി ബന്ധപ്പെടുത്തിയാണ് ശ്രീ. ലെബോവിറ്റ്സ് ഇതു രചിച്ചിട്ടുള്ളത്.

മഞ്ഞു തോട്ടക്കാരന്‍ said...

"എന്തൊക്കെ നേടാന്‍ കഴിയുമോ അതൊക്കെ നമുക്ക് നേടേണ്ടതുണ്ട്. അത് നമുക്ക് മാത്രമല്ല, നമ്മുടെ കുടുംബങ്ങള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കുമൊക്കെ നേടിയെടുക്കാനുള്ള കഴിവാര്‍ജ്ജിക്കാനാകണം." ഇപ്പൊ മനസ്സിലായി, മന്ത്രി എന്താ മരുമോളെ കുക്ക് ആക്കിയതെന്നു...

മഞ്ഞു തോട്ടക്കാരന്‍ said...

"ആരോഗ്യം നഷ്ടപ്പെട്ട, വിദ്യാഭ്യാസമില്ലാത്ത, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് എങ്ങനെയാണ് അവരുടെ കഴിവുകള്‍ വികസിപ്പിക്കാനാവുക? എല്ലാവര്‍ക്കും ഒരുപോലെയുളള വികസനം സാധ്യമല്ല. വ്യക്തിത്വവികസനവും കഴിവുകളും ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്." അങ്ങനെ ഉള്ളവരെ കൊടി പിടിക്കാന്‍ ഉപയോഗിക്കുന്നുണ്ടല്ലോ സഖാ​വെ...