Tuesday, October 20, 2009

നമ്മളിൽ എത്രപേർ ദരിദ്രരാണ് ?

ദേശീയ സ്വാതന്ത്ര്യ സമരം നയിച്ച കോണ്‍ഗ്രസിന്റെ പിന്‍മുറക്കാരാണ് 2009ലും രാജ്യം ഭരിക്കുന്നതെന്ന് അവര്‍ പോലും സമ്മതിക്കില്ല. സ്വാതന്ത്ര്യസമരം നടത്തിയവരും അവരുടെ കൊച്ചുമക്കളുമൊക്കെ 62 വര്‍ഷം കൊണ്ട് ദശലക്ഷാധിപതികളും കോടീശ്വരന്മാരും ആയെന്നു കരുതാന്‍ വയ്യല്ലോ.. പക്ഷേ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ (ലോക്സഭ) 350 കോടീശ്വരപ്രഭുക്കളാണ് ഇപ്പോഴുള്ളത്. അതില്‍ 250 പേരും കോണ്‍ഗ്രസിന്റെയോ അവരെ പിന്തുണക്കുന്നവരുടെയോ പ്രതിനിധികളാണെന്നറിയാമല്ലോ. ഈ പ്രഭുസഭയില്‍ ഇന്ത്യയിലെ ദരിദ്രന്‍മാരെ 'ഊട്ടിഉറക്കാ'നൊരു ബില്ലുകൊണ്ടുവന്നിട്ടുണ്ട്. 'ഭക്ഷ്യസുരക്ഷാ നിയമം'. അതിനെകുറിച്ച് അകത്തും പുറത്തുമുളള ശതകോടീശ്വരന്മാരും അവരുടെ സ്വന്തം ചാനലുകളും പത്രങ്ങളും വെബ്‌സൈറ്റുകളും വാതോരാതെ വാഴ്ത്തുന്ന കാലം. 6 കോടി ദരിദ്ര ഇന്ത്യാക്കാര്‍ക്ക് 25 കിലോ ധാന്യം പ്രതിമാസം കൊടുത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്ന 'മഹത്തായ ദൌത്യ'മാണ് പുതിയ നിയമമെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. ഇത് 62 വര്‍ഷത്തെ ചരിത്രത്തിലെ വെട്ടിത്തിളങ്ങുന്ന അദ്ധ്യായമാണെന്നാണ് വായ്‌താരി! കമ്പോളവ്യവസ്ഥയുടെ സഹാനുഭൂതിക്ക് നമോവാകം പറയുന്ന കൂട്ടത്തില്‍ ബഹുമാന്യനായ അമര്‍ത്യാസെന്‍ പോലുമുണ്ട്! നടക്കട്ടെ, 25കിലോ ധാന്യം കൊണ്ട് ഇന്ത്യയിലെ മനുഷ്യര്‍ സുരക്ഷിതരാവുമെങ്കില്‍ അതില്‍ അഭിമാനിക്കുകതന്നെ വേണം. (വിശദാംശങ്ങള്‍ ഇവിടെയും ഇവിടെയും ഉണ്ട്.) പക്ഷേ പ്രഭുസഭയുടെയും, മനുഷ്യസ്നേഹികളുടെയും മുമ്പില്‍ അല്‍പ്പം ചില നേരുകള്‍ ചൂണ്ടികാട്ടികൊണ്ട് അവര്‍തന്നെ നിയമിച്ച ഒരു വിദഗ്ധസമിതിയുടെ പഠനം പുറത്തുവന്നിട്ടുണ്ട്. 6 കോടി ദരിദ്രരെ ഊട്ടി ഉറക്കുന്നവരുടെ ധിക്കാരം പറച്ചിലിന് നല്ല മറുപടിയാണ് ഡോ. എന്‍.സി. സൿസേനയുടെ അദ്ധ്യക്ഷതയില്‍ മുന്‍സര്‍ക്കാര്‍ (ഗ്രാമവികസന വകുപ്പ്) നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.

11-ആം പദ്ധതി കാലത്തെ ദരിദ്രരുടെ 'വികസന വിഹിതം' കൈമാറാന്‍ അവരെ കണ്ടെത്തണമെന്നൊരു ചടങ്ങ് നിലവിലുണ്ട്. അതിന്റെ ഭാഗമായി ദാരിദ്ര്യരേഖാമാനദണ്ഡങ്ങളെക്കുറിച്ച് പഠിച്ച് വിദഗ്ധ അഭിപ്രായം പറയാനാണ് 17 അംഗകമ്മിറ്റി നിയോഗിക്കപ്പെട്ടത്. 2008ല്‍ നിയമിക്കപ്പെട്ട കമ്മിറ്റി അതിന്റെ നിഗമനങ്ങള്‍ തയ്യാറാക്കി ഇതിനോടകം സമര്‍പ്പിച്ചിട്ടുണ്ട്.

ദാരിദ്ര്യരേഖയുടെ കാപട്യങ്ങള്‍ മാത്രമല്ല, കടുത്ത ജനവഞ്ചനയ്ക്കും ചൂഷണത്തിനും നെടുനായകത്വം വഹിക്കുന്ന ഭരണകൂടത്തെ വിചാരണ ചെയ്യുന്നതുമാണ് ഈ പഠനം. ശതകോടീശ്വരന്മാരുടെ പാര്‍ലിമെന്റോ അന്താരാഷ്‌ട്രാ ധനമൂലധനരാജാക്കന്‍മാരുടെ ദല്ലാള്‍ എന്ന് വിളിക്കാവുന്ന മൊണ്ടേൿസിംഗ് അലുവാലിയയോ ഈ റിപ്പോര്‍ട്ടിന്റെ ഉളളടക്കം ചോദ്യം ചെയ്യുന്നുണ്ടാവില്ല. പക്ഷേ, അത് തങ്ങള്‍ക്കുബാധകമല്ലെന്നും, പകരം, ദാരിദ്ര്യരേഖ
വരക്കാന്‍ ഒരു ടെന്‍‌ഡുല്‍ക്കറെ നിയമിച്ചിട്ടുണ്ടെന്നും, അവര്‍ പറഞ്ഞു കഴിഞ്ഞു.! ചുരുക്കത്തില്‍ വിദഗ്ധസമിതി റിപ്പോര്‍ട്ട് പലപ്പോഴും സംഭവിക്കാറുളളതുപോലെ, ഗ്രാമവികസന വകുപ്പിന്റെ അലമാരയില്‍ സുഖമരണം വരിച്ച് സംസ്കരിക്കപ്പടും. അതങ്ങനെ മതിയെന്നാണ് ജനങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍ എന്തുപറയാന്‍? ജനങ്ങളാണല്ലോ ഇവരെ അധികാരക്കസേരകളില്‍ പിടിച്ചിരുത്തിയത്. റിപ്പോര്‍ട്ടിന്റെ മരണം സുനിശ്ചിതമാണെങ്കിലും, അതിന്റെ ഉള്ളടക്കം ജനങ്ങള്‍ അറിയുകയും ചര്‍ച്ച ചെയ്യുകയും വേണമെന്ന് ഞങ്ങള്‍ കരുതുന്നു . നൂറുദിനങ്ങള്‍കൊണ്ട് ഏതാനും നൂറുകള്‍ മാത്രം വരുന്ന വ്യവസായ പ്രഭുക്കള്‍ക്ക് ഖജനാവില്‍ നിന്ന് ആവോളം വാരിവിളമ്പിയ കോണ്‍ഗ്രസ് ഭരണകൂടത്തിന്റെ കാപട്യം ജനകീയ ചര്‍ച്ചായാക്കേണ്ടത് ദേശാഭിമാനമുളളവരുടെ കടമയാണ്. ദശാബ്‌ദങ്ങളായി പാവങ്ങള്‍ക്ക് വികസനം 'നുളളികൊടുത്ത്' കടുത്ത ചൂഷണം അരക്കിട്ടുറപ്പിക്കുന്ന ഭരണകൂടമാണ് നമ്മുടേത്. 'പഞ്ചവത്സര വികസന'ത്തിന്റെ കെട്ടുകഥകള്‍ പൊളിക്കുന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിലേക്കൊന്ന് കണ്ണോടിക്കുക.

പട്ടിണികിടക്കുന്നവരുടെ എണ്ണം നേര്‍പകുതി ആയത് എങ്ങനെ?

പാവങ്ങള്‍ക്ക് ഖജനാവിന്റെ ഉച്ചിഷ്ടം എത്തിക്കാന്‍ ആദ്യം അവരെ കണ്ടെത്തണം. രാജ്യത്തിന്റെ സമസ്ത സ്ഥിതി വിവരങ്ങളും സമാഹരിക്കുന്ന സര്‍ക്കാര്‍ ഏജന്‍സി നാഷണല്‍ സാമ്പിള്‍ സര്‍വ്വെ ഓര്‍ഗ്ഗനൈസേഷനാണ്. വികസന പദ്ധതികളുടെ ആസൂത്രണം നടത്തുന്ന ആസൂത്രണ കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് ദരിദ്രരുടെയും എണ്ണമെടുക്കുന്നത് ഇവരാണ്. ഇപ്പോള്‍ 11-ആം പദ്ധതി ആരംഭിക്കുകയായി. രേഖകള്‍ 'മാറ്റിവരയ്ക്കുവാന്‍' ഒരു ടെന്‍ഡുല്‍ക്കര്‍ കമ്മിറ്റിയെ ആസൂത്രണ കമ്മീഷന്‍ നിയോഗിച്ചിട്ടുണ്ട്. പക്ഷേ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 'ഇടതുപക്ഷശല്യം' സഹിക്കവയ്യാതെ ദാരിദ്ര്യരേഖാമാനദണ്ഡങ്ങള്‍ പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തുവാനെന്ന പേരില്‍ (2008ല്‍) ഒരു വിദഗ്ധ സമിതിക്ക് രൂപം നല്‍കിയിരുന്നു. ശ്രീ. എന്‍.സി. സക്സേന ചെയര്‍മാനായ 17 അംഗസമിതിയില്‍ പ്രമുഖപത്രപ്രവര്‍ത്തകന്‍ ശ്രീ സായിനാഥും, സാമൂഹികപ്രവര്‍ത്തക അരുണാറോയിയും അംഗങ്ങളായിരുന്നു. സമിതി ഇന്ത്യയിലെ ദരിദ്രരെ കണ്ടെത്തുന്ന രീതികളും മാനദണ്ഡങ്ങളും വിശദമായി പഠിച്ച് സെപ്തംബര്‍ 1-ആം തീയതി അവരുടെ ആദ്യ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.

ഇന്ത്യയിലെ ജനാധിപത്യ ഭരണവ്യവസ്ഥയില്‍ ഭരണ കൂടത്തില്‍ നിന്ന് അതിനീചമായ അയിത്താചാരണത്തിന് വിധേയമാകുന്നവര്‍ ദരിദ്രരാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജീവിച്ചിരിക്കുവാനുളള അവകാശമെങ്കിലും അവര്‍ക്ക് നല്‍കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് കമ്മിറ്റി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കഠിനമായി അധ്വാനിക്കുന്നവരാണ് ദരിദ്രര്‍. പക്ഷേ അതിജീവനത്തിന് പര്യാപ്തമായ കൂലിയോ, സാമൂഹികസാഹചര്യങ്ങളോ ഒരുക്കാന്‍ 62 വര്‍ഷമായി സ്വാതന്ത്ര്യത്തിന്റെ കനി ഭക്ഷിക്കുന്ന ഭരണവര്‍ഗ്ഗത്തിന് കഴിയാത്തത് എന്തുകൊണ്ട് എന്ന് ഈ റിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ട്. ദാരിദ്ര്യ രേഖാ മാനദണ്ഡങ്ങള്‍ അടിക്കടി പരിഷ്‌ക്കരിച്ച് പട്ടിണിക്കുപകരം പട്ടിണിക്കാരെ ഉച്ഛാടനം ചെയ്യുന്ന പ്രക്രിയയാണ് 30 വര്‍ഷമായി രാഷ്ട്രം ഔദ്യോഗിക നയമായി സ്വീകരിച്ചിട്ടുളളതെന്ന് ഈ പഠനത്തില്‍ തെളിയുന്നു.

1973-74 ല്‍ 56% ഭാരതീയര്‍ ദരിദ്രരാണെന്ന് രേഖപ്പെടുത്തിയെങ്കില്‍, 93-94 ല്‍ അത് 36 ശതമാനമായി കുറഞ്ഞുവെന്നാണ് ഔദ്യോഗികഭാഷ്യം. വീണ്ടും പത്ത് വര്‍ഷംകൂടി കഴിഞ്ഞപ്പോള്‍ (2004-05) അത് 28.3% ആയി താണു! അതായത് 30വര്‍ഷം കൊണ്ട് ദരിദ്രരുടെ എണ്ണം പകുതി ആയി കുറഞ്ഞുവെന്നുതന്നെ! ദാരിദ്ര്യത്തിന് പകരം ദരിദ്രരെ ഉച്ചാടനം ചെയ്തുകൊണ്ടാണ് ഇത് സാധിച്ചതെന്ന് പഠനറിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

എണ്ണം കുറയ്ക്കുന്ന മാനദണ്ഡങ്ങള്‍

ഇന്ത്യന്‍പൌരന് ലഭിക്കുന്ന ഭക്ഷണത്തിന്റെയും കലോറിയുടെയും അടിസ്ഥാനത്തില്‍ ദരിദ്രരെ കണക്കാക്കുകയാണ് 1979-ല്‍ ചെയ്തത്. ഇത് ലോകത്തിലെ മിക്കവാറും എല്ലാ ജനാധിപത്യസമൂഹങ്ങളും പിന്‍തുടര്‍ന്ന രീതിയാണ്. ഓരോ രാജ്യത്തും ഭക്ഷ്യവസ്തുക്കളുടെ വ്യത്യസ്‌തത കൊണ്ട് കലോറി ഉപഭോഗത്തില്‍ വ്യത്യാസങ്ങള്‍ സ്വാഭാവികം മാത്രം. പ്രധാനമായും അരിയും ഗോതമ്പും മുഖ്യ ആഹാരവസ്‌തുക്കളായ ഇന്ത്യയില്‍ ഒരാള്‍ക്ക് ജീവിക്കാനും അധ്വാനിക്കാനും ആവശ്യമായ കലോറി 2400 (കിലോ) എന്നാണ് നിശ്ചയിച്ചത്. ഇത് 'ധാന്യത്തിന്റെ അളവില്‍' മാറ്റിയെഴുതിയാല്‍ ഒരാള്‍ പ്രതിമാസം 12.5 കിലോ ധാന്യം ഭക്ഷിക്കേണ്ടതുണ്ട്.(അല്ലെങ്കില്‍ അതിനുസമാനമായ മറ്റുഭക്ഷണം) ഉപഭോഗ ചിലവിന്റെ അടിസ്ഥാനത്തിലാക്കിയാല്‍ ഗ്രാമീണര്‍ പ്രതിമാസം 565രൂപായും നഗരവാസികള്‍ 682 രൂപയും ചെലഴിക്കണം. എന്നാല്‍ കലോറി ഉപഭോഗം മാറ്റിവച്ച് യഥാക്രമം 328ഉം 454ഉം രൂപയായി ഉപഭോഗ ചിലവ് വെട്ടികുറച്ചിട്ടാണ് 2000ല്‍ സര്‍ക്കാര്‍ ദാരിദ്രരേഖ വരച്ചത് ! ഫലമോ ദരിദ്രരുടെ എണ്ണം വളരെയധികം കുറഞ്ഞു.!

1980 കളില്‍ ദാരിദ്ര്യരേഖ നിശ്ചയിക്കാന്‍ മാനദണ്ഡമായെടുത്തത് കുടുംബവരുമാനമായിരുന്നു. 4800 രൂപ വരെ കുടുംബവരുമാനമുളളവര്‍ ദരിദ്രരാണെന്ന് അക്കാലത്ത് കമ്മീഷന്‍ പറഞ്ഞു. (പ്രതിമാസവരുമാനം 400രൂപ) ഇന്റഗ്രേറ്റഡ് റൂറല്‍ ഡവലപ്പ്മെന്റ് പ്രോഗ്രാമെന്ന പേരില്‍ (IRDP) ഒരു കേന്ദ്രാവിഷ്‌കൃത ദാരിദ്ര്യനിര്‍മ്മാജനപരിപാടിയാണ് അന്ന് നടപ്പാക്കിയത്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാന്‍ പക്ഷേ മുന്‍നിശ്ചയത്തിന് വിരുദ്ധമായി വരുമാനപരിധി 3500 രൂപയായി വീണ്ടും വെട്ടിക്കുറച്ചു. (പ്രതിമാസവരുമാനം 292 രൂപ) ദിരിദ്രരുടെ എണ്ണം മൂന്നിലൊന്ന് കുറഞ്ഞു!
1992 ലെ ബി.പി. എല്‍ സര്‍വ്വെയില്‍ വരുമാന പരിധി 11,000 ആയി ഉയര്‍ത്തിയെങ്കിലും അതില്‍ താഴെയുളളവരെ നാല് തട്ടുകളാക്കിയാണ് സര്‍ക്കാര്‍ തങ്ങളുടെ ഉച്ചിഷ്‌ടം വിളമ്പിയത്. 4000 രൂപ വരെയുളളവര്‍ 'അതിദരിദ്രരും', 6000 രൂപ വരെ വരുമാനമുളളവര്‍ ദരിദ്രരുമായി! 11,000 എന്ന് പറഞ്ഞിട്ട് അതിന്റെ നേര്‍പകുതിയില്‍ വച്ച് ദാരിദ്ര്യരേഖവരച്ചുവെന്ന് സാരം. ഫലത്തില്‍ ദരിദ്രര്‍ വീണ്ടും കുറഞ്ഞു!

9-ആം പഞ്ചവത്സരപദ്ധതി (1997-02) കാലത്ത് വേറൊരു കെട്ട് പുതിയ മാനദണ്ഡങ്ങള്‍ അവതരിച്ചു. പരമാവധി കുടുംബവാര്‍ഷികവരുമാനം 20,000രൂപയെന്ന് നിശ്ചയിച്ചിട്ട് ടെലിവിഷന്‍, ഫ്രിഡ്‌ജ്, സീലിംഗ് ഫാന്‍, സ്‌കൂട്ടര്‍, ത്രിവീലര്‍ (ഓട്ടോറിക്ഷ) ഇവയിലെന്തെങ്കിലും ഒന്ന് കുടുംബത്തിലുണ്ടെങ്കില്‍ അവര്‍ ദരിദ്രരല്ലെന്നാണ് ആസൂത്രണകമ്മീഷന്‍ വിധിച്ചത് ! ദരിദ്രരെ പകുതികണ്ട് 'നിര്‍മ്മാര്‍ജ്ജനം' ചെയ്‌ത കമ്പോള പരിഷ്ക്കാരമായിരുന്നു അത് !

പത്താം പഞ്ചവത്സര പദ്ധതി കാലത്ത് ഈ മാനദണ്ഡം തന്നെ വീണ്ടും വികൃതമായി വികസിപ്പിച്ചു. 100ല്‍പ്പരം ചോദ്യങ്ങളും അതിനുളള ഉത്തരങ്ങളും നോക്കി ദരിദ്രരെ കണ്ടുപിടിക്കുന്ന മഹായജ്ജം അവരുടെ എണ്ണം കേവലം 28.3%ല്‍ ചുരുക്കിക്കെട്ടിയാണ് അവസാനിപ്പിച്ചത്.. അങ്ങനെ ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം 28 ശതമാനമായി കുറഞ്ഞുവെന്ന് സര്‍ക്കാര്‍ മേനിനടിക്കുന്നു.!

ചുരുക്കത്തില്‍ ഒരാള്‍ക്ക് മിനിമം ആരോഗ്യത്തോടെ കഴിയാനാവശ്യമായ കലോറി ഭക്ഷണത്തിന്റെ നാലിലൊന്ന് കഴിക്കുന്നവര്‍പോലും ഇന്ത്യയില്‍ ദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നില്ല. 1979-ല്‍ നിശ്ചയിച്ച 2400 കലോറിയെന്ന ദേശീയനിരക്കോ, നഗരവാസികളുടെ പേരില്‍ ചാര്‍ത്തിക്കൊടുത്ത 2100 എന്ന പരിധിയോ, സര്‍ക്കാര്‍ പിന്നീടൊരിക്കലും പട്ടിണിക്കാരെ നിശ്ചയിക്കാന്‍ പരിഗണിച്ചില്ല.

പത്ത് വര്‍ഷം മുമ്പത്തെ വില നിലവാരം വച്ച് ഗ്രാമീണര്‍ക്ക് 700രൂപയും നഗരവാസികള്‍ക്ക് 1000 രൂപയും ഉപഭോഗ ചെലവ് കണക്കാക്കിയാല്‍ മാത്രമേ നിശ്ചിത കലോറി ധാന്യഉപഭോഗം ഉണ്ടെന്ന് പറയാനാവൂ. പത്ത് വര്‍ഷത്തെ വിലക്കയറ്റം പരിഗണിച്ചാല്‍ ഇത് മൂന്ന് മടങ്ങ് ഉയര്‍ത്തേണ്ടിവരുമെന്ന് ഓര്‍ക്കുക! എന്നാല്‍ ഗ്രാമീണ ഉപഭോഗം 328 രൂപയും നഗരത്തില്‍ 454 രൂപയും എന്ന് നിശ്ചയിച്ചാണ് 2009ലും രാജ്യം ദരിദ്രരെ കണക്കാക്കുന്നത്. അതായത് 328ന് മുകളില്‍ 700 രൂപവരെ ഉപഭോഗചെലവില്‍ ജീവിക്കുന്ന ഗ്രാമീണരേയും 454ന് മുകളില്‍ 1000 രൂപവരെയുള്ള നഗരവാസികളെയും ദാരിദ്ര്യരേഖക്ക് മുകളില്‍ പ്രതിഷ്‌ഠിക്കുകയാണ് കമ്മീഷന്‍ ചെയ്തത്. ഫലമോ ദരിദ്രരില്‍ നേര്‍പകുതി 'സമ്പന്നരായി'തീര്‍ന്നു.! ലോകത്തെവിടെയും കാണാന്‍ കഴിയാത്ത ഈ അസംബന്ധം അടിയന്തിരമായി അവസാനിപ്പിക്കുന്നില്ലെങ്കില്‍ 'ജനാധിപത്യമേനി' പറയാന്‍ നമുക്കവകാശമുണ്ടാവില്ലെന്ന് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഇന്ത്യക്കാരില്‍ എത്രപേര്‍ പട്ടിണിക്കാരാണ് ?

2004-ല്‍ യു.പി.എ. സര്‍ക്കാര്‍ നിയോഗിച്ച അര്‍ജുന്‍ സെന്‍ഗുപ്‌ത കമ്മീഷന്റെ പഠനറിപ്പോര്‍ട്ട് കണ്ടെത്തിയത് താഴെപ്പറയുന്ന വസ്തുതകളായിരുന്നു.

23.7 കോടി ജനസംഖ്യ, അഥവാ 21.8% ഭാരതീയരുടെ പ്രതിശീര്‍ഷ പ്രതിദിനഉപഭോഗ ചിലവ് 11 രൂപ മാത്രമാണ്. (പ്രതിമാസം 330 രൂപ)

59.9 കോടി അഥവാ 55.0% ജനങ്ങളുടെ പ്രതിശീര്‍ഷ പ്രതിദിനഉപഭോഗം വെറും പതിനെട്ടു രൂപയേ ഉള്ളു.

ഇവരെ ഒരുമിച്ചെടുത്താല്‍ 83.6 കോടി ജനങ്ങളുണ്ട് (76.8%). വെറും 16 രൂപയാണ് ഇത്രയും ഭാരതീയരുടെ പ്രതിശീര്‍ഷ പ്രതിദിനഉപഭോഗച്ചിലവ്!

ലോകബാങ്കിന്റെ കണക്കനുസരിച്ച് പ്രതിദിനവരുമാനം 1 ഡോളര്‍ വരെയുള്ളവര്‍ പരമ ദരിദ്രരാണ്. അതായത് ഒരു ഡോളറിന്റെ 1/3 മാത്രം ചെലവഴിക്കാന്‍ പ്രാപ്തിയുള്ള ദയനീയ ഭൂരിപക്ഷമാണ് ഇന്ത്യയിലുള്ളത്! എന്നിട്ടും ദരിദ്രര്‍ വെറും 28% മാത്രമാണെന്ന് സര്‍ക്കാര്‍ കണക്കവതരിപ്പിക്കുന്നു.!!

പ്രതിദിനം 46 രൂപാ ( പ്രതിശീര്‍ഷ) ചെലവാക്കുന്ന 25.3 കോടി മനുഷ്യരാണ് ഇന്ത്യയിലുള്ളത്! (23.3%) സമ്പന്നരെ അനുകരിക്കാന്‍ വേണ്ടി അനുദിനം ദരിദ്രരായിക്കൊണ്ടിരിക്കുന്ന താഴ്ന്നഇടത്തരക്കാരുടെ വര്‍ഗ്ഗമാണിത്.

ശരാശരി 93 രൂപ ചെലവ് ചെയ്യുന്നവരാവട്ടെ 4.4 കോടി അഥവാ ജനസംഖ്യയുടെ 4% പേരാണ്! ഇവരാണ് ഇന്ത്യന്‍ കമ്പോളത്തിന്റെ നേരവകാശികള്‍!

ദാരിദ്ര്യരേഖകളെയെല്ലാം അട്ടിമറിക്കുന്ന അസുരക്ഷിതത്വത്തിന്റെ പര്യായമാണ് ഇന്ത്യയെന്ന് NSS 61 -ആം റൌണ്ടിന്റെ കണ്ടെത്തലുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. പക്ഷെ ഇന്ത്യയിലെ ജനസംഖ്യയുടെ 4% അഥവാ നാലരക്കോടി വരുന്ന ഉയര്‍ന്ന വരുമാനക്കാര്‍ക്കുവേണ്ടിയാണ് ഉല്‍പ്പാദനമേഖല ഇന്ന് നിലകൊള്ളുന്നത്!

ഈ അസംഘടിത ഇന്ത്യയുടെ നേര്‍ചിത്രം കണ്ടുകൊണ്ട് തന്നെയാണ് നമ്മുടെ ഭരണകൂടും 28% പേരെ മാത്രം ദാരിദ്ര്യരേഖക്ക് കീഴെ പിടിച്ചുകിടത്തിയിരിക്കുന്നത്. അവര്‍ക്ക് പോലും എന്തെങ്കിലും എത്തിച്ചുകൊടുക്കുന്നില്ലന്ന യാഥാര്‍ത്ഥ്യം വേറെ.

ഇന്ത്യക്കാരെ കലോറി ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ വീതംവച്ചാല്‍ ദരിദ്രരുടെ എണ്ണം എത്രവരുമെന്ന് സൿസേന കമ്മിറ്റി കണ്ടെത്തുന്നു. എന്‍.എസ്.എസ്. സര്‍വ്വെകള്‍ അടിസ്ഥാനമാക്കി നിശ്ചിത കലോറിക്കുതാഴെ (2400-2100) ഉപഭോഗം ചെയ്യുന്നവരുടെ എണ്ണം താഴെകൊടുക്കുന്നു.


ഇത് വ്യക്തമാക്കുന്നത് ഗ്രാമീണ ഇന്ത്യയുടെ 80 ശതമാനം നിശ്ചിത കലോറി ഭക്ഷണം ലഭിക്കാത്തവരാണെന്ന് തന്നെ. പക്ഷേ സര്‍ക്കാര്‍ ഇതിന്റെ പകുതിയിലും താഴെയാണ് ദാരിദ്ര്യരേഖ വിവരിച്ചിരിക്കുന്നത്. നഗരജനസംഖ്യയുടെ 64% നിശ്ചിത നിരക്കില്‍ ഭക്ഷണം ലഭിക്കാത്തവരുളളപ്പോള്‍ അതിന്റെ നാലിലൊന്ന് പോലും ഔദ്യോഗിക ബി.പി.എല്‍. പട്ടികയില്‍ കടന്നിരിക്കുന്നില്ല. ഫലത്തില്‍ 72% ഇന്ത്യക്കാര്‍ പരമദരിദ്രരായി കഴിയുമ്പോഴാണ് 28.3% ജനസംഖ്യ ബി.പി.എല്‍ പട്ടികയില്‍പ്പെടുത്തി ആസൂത്രണവും, വികസനവും പൊടിപൊടിക്കുന്നത്. കമ്മിറ്റി ഗൌരവപൂര്‍വ്വം ചൂണ്ടികാണിക്കുന്ന മറ്റ് ചില വസ്തുതകള്‍ കൂടി രാജ്യത്തിന്റെ സജീവ പരിഗണന അര്‍ഹിക്കുന്നുണ്ട്. എന്‍.എസ്.എസ്. 61-ആം റൌണ്ട് കണ്ടെത്തുന്നത് ഗ്രാമീണ ഇന്ത്യയില്‍ 31% കുടുംബങ്ങള്‍ക്ക് സ്വന്തമായി ഒരിഞ്ചു ഭൂമിപോലും ഇല്ലെന്നാണ്.

ഗാമീണ കുടുംബങ്ങളുടെ ഭൂഉടമസ്ഥത (2003-04)



ഇതാണ് വസ്‌തുതകളെങ്കിലും ദരിദ്രരായി കണ്ടെത്തിയവരില്‍ 39% കുടുംബങ്ങള്‍ക്ക് മാത്രമേ സര്‍ക്കാര്‍ ബി.പി.എല്‍ കാര്‍ഡ് നല്‍കിയിട്ടുളളൂ. എന്തെങ്കിലും ദാരിദ്രനിര്‍മ്മാര്‍ജന പദ്ധതികളുടെ ഗുണഭോക്താക്കള്‍ ഇവര്‍ മാത്രമാണെന്ന് മാത്രമല്ല സര്‍ക്കാര്‍ ഭക്ഷ്യവിതരണ പരിപാടികളില്‍ ഇവര്‍ മാത്രമേ ഉള്‍പ്പെടുന്നുളളു എന്നതുമാണ് സത്യം.

എന്നാല്‍ ഇതേ സര്‍വ്വേ റിപ്പോര്‍ട്ട് വെളിവാക്കുന്നത് രാജ്യത്തെ ഏറ്റവും ഉയര്‍ന്നവരുമാനക്കാരില്‍ 16.8 ശതമാനത്തിനും തൊട്ടുതാഴെയുളള 20%വരുന്ന മധ്യവര്‍ഗ്ഗത്തിലെ 30.5 ശതമാനത്തിനും സര്‍ക്കാര്‍ വക ബി.പി.എല്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നാണ്.. അഥവാ ഉയര്‍ന്ന വരുമാനപരിധിയില്‍ വരുന്ന 40% കുടുംബങ്ങളാണ് 47ശതമാനം ബി.പി.എല്‍ കാര്‍ഡുകള്‍ സ്വന്തമാക്കിയിരിക്കുന്നത്.!

ഈ വസ്തുതകളുടെ അടിസ്ഥാനത്തില്‍ കടുത്ത അസമത്വത്തിന്റെയും വഞ്ചനയുടെയും പ്രതീകമായി മാത്രമേ ഇന്ത്യന്‍ ദാരിദ്ര്യനിര്‍മ്മാര്‍ജന പരിപാടികളെ കാണാനാവൂ എന്ന് സക്സേന കമ്മിറ്റി അസന്നിഗ്ധമായി രേഖപ്പെടുത്തുന്നു. ദരിദ്രരെ 'കണ്ടെത്തുന്നതില്‍' തുടങ്ങി അവര്‍ക്ക് നിശ്ചിത അളവില്‍ ഭക്ഷ്യധാന്യം നല്‍കുന്നതില്‍ വരെ നിലനില്‍ക്കുന്ന ധിക്കാരപരമായ അവഗണന അവസാനിപ്പിച്ച് മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കുകയും, കാഴ്ചപ്പാടുകള്‍ തിരുത്തുകയും ചെയ്തില്ലെങ്കില്‍ 80 ശതമാനം ദരിദ്രരെയും കൊണ്ടുള്ള കൂട്ടമരണമാണ് നാം നേരിടേണ്ടിവരികയെന്ന് ശ്രീ. സായിനാഥ് വിദഗ്ധ സമിതിക്ക് നല്‍കിയ പ്രത്യേക കുറിപ്പില്‍ സൂചിപ്പിക്കുന്നു.

വിദഗ്ധ സമിതി പറയുന്നത്....



ദരിദ്രരെന്ന് കണ്ടെത്തിയവരില്‍ 62 ശതമാനത്തിനും ബി.പി.എല്‍. കാര്‍ഡ് നല്‍കാത്ത രാഷ്‌ട്രമാണ് ഇന്ത്യ. എന്നാല്‍ ദരിദ്രരായെണ്ണാന്‍ കഴിയാത്തവരുള്‍പ്പെടെയുള്ള മുകള്‍ത്തട്ടിലെ 40% കുടുംബങ്ങളില്‍ പകുതിയോളം കുടുംബങ്ങള്‍ക്ക് ബി.പി.എല്‍. കാര്‍ഡ് നല്‍കി അവരെ ആദരിക്കുന്ന ഭരണകൂടമാണിവിടുള്ളത്.

31 ശതമാനം ഗ്രാമീണ കുടുംബങ്ങള്‍ക്ക് ഒരുതുണ്ടു ഭൂമിപോലുമില്ലന്ന് ഔദ്യോഗികരേഖകള്‍ വിളിച്ചുപറയുന്ന നാടാണ് നമ്മുടേത്.

2400 കലോറി ഭക്ഷണം വീതം പ്രതിശീര്‍ഷ ഉപഭോഗം ആവശ്യമുള്ള സാമൂഹിക പശ്ചാത്തലത്തില്‍ കഴിയുന്ന ജനതയില്‍ 80 ശതമാനത്തിനും അത് ലഭ്യമല്ലന്നുള്ള രേഖകള്‍ സൂക്ഷിക്കുന്നവരാണ് നമ്മള്‍.. കലോറി ഉപഭോഗം 2100 ആയി വെട്ടിക്കുറച്ചാല്‍പ്പോലും 50% ജനങ്ങള്‍ കടുത്തദാരിദ്ര്യത്തിലാണ് കഴിയുന്നത്.

ലോകബാങ്കിന്റെ പഠനങ്ങള്‍ അനുസരിച്ച് ഒന്നര ഡോളറില്‍ താഴെ വരുമാനമുള്ളവരുടെ കൂട്ടത്തില്‍ 48 ശതമാനം ഇന്ത്യക്കാരുണ്ട്..

20 രൂപയില്‍ താഴെ 12 രൂപവരെ പ്രതിശീര്‍ഷ ഉപഭോഗ ചിലവില്‍ ജീവിക്കുന്ന 76% ഇന്ത്യാക്കാരുണ്ടെന്ന് തെളിയിക്കുന്ന ഔദ്യോഗിക പഠനങ്ങള്‍ക്ക് മുകളില്‍ കിടന്നുറങ്ങുന്ന ഭരണകൂടമാണ് ഇന്ത്യയിലുള്ളത്...

6 ദശാബ്ദക്കാലമായി സ്വാതന്ത്ര്യത്തിന്റെ 'മധുരം' നുണയുന്ന രാഷ്‌ട്രം, അന്നുണ്ടായിരുന്നതിലും അധികം ദരിദ്രരേയും കൊണ്ടാണ് 21-ആം നൂറ്റാണ്ടിലെ ആദ്യദശകം പിന്നിടുന്നത്. കൂടാതെ, ഒന്നര ദശാബ്‌ദമായി തുടരുന്ന ആഗോളവല്‍ക്കരണ നയങ്ങള്‍, ദേശീയ ഖജനാവിന്റെ ദാരിദ്ര്യനിര്‍മ്മാര്‍ജന ശേഷിയും; പരിപാടികളും ഭീകരമാംവിധം വെട്ടിക്കുറക്കുകയാണ് ചെയ്തിരിക്കുന്നത്.

ഈ പശ്ചാത്തലത്തില്‍ ദാരിദ്ര്യരേഖാമാനദണ്ഡങ്ങള്‍ സമൂലം പൊളിച്ചെഴുതണമെന്ന് കമ്മിറ്റി കേന്ദ്രഭരണകൂടത്തോടും ആസൂത്രണ കമ്മീഷനോടും ആവശ്യപ്പെടുന്നു.

പ്രതിശീര്‍ഷ കലോറി ഉപഭോഗം 2100 എന്ന് നിശ്ചയിച്ച് 50% ജനങ്ങളെ ദാരിദ്ര്യ രേഖക്കടിയില്‍ ഉള്‍ചേര്‍ക്കണമെന്നാണ് സമിതി നിര്‍ദ്ദേശിക്കുന്നത്.

മുഴുവന്‍ പ്രാചീന ട്രൈബുകളേയും ദരിദ്രരായി കണക്കാക്കണം. മഹാദളിത് ഗ്രൂപ്പുകള്‍; സ്‌ത്രീകള്‍, ശാരീരിക വൈകല്യങ്ങളുള്ളവര്‍, കുട്ടികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കുടുംബങ്ങള്‍, വീടില്ലാത്തവര്‍, അടിമപ്പണിയെടുക്കുന്ന കുടുംബങ്ങള്‍ തുടങ്ങിയവരെ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരായി കണക്കാക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

നിലവിലുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിച്ച്, ദരിദ്രരെ സാമൂഹിക ജീവിതത്തില്‍ കണ്ണിചേര്‍ത്തുകൊണ്ടല്ലാതെ - ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യം ഒരടിപോലും മുന്നോട്ട് നീങ്ങില്ലന്നാണ് കമ്മിറ്റി ഏകകണ്ഠമായി അഭിപ്രായപ്പെടുന്നത്.

***

അജയ്ഘോഷ്, ajaygosh45@gmail.com, പി എ ജി ബുള്ളറ്റിൻ

കടപ്പാട് : Report of the Expert group to advise the Ministry of Rural Devpt. on the methodology for conducting the BPL census for 11the Five Year Plan (2009 August.)

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ദേശീയ സ്വാതന്ത്ര്യ സമരം നയിച്ച കോണ്‍ഗ്രസിന്റെ പിന്‍മുറക്കാരാണ് 2009ലും രാജ്യം ഭരിക്കുന്നതെന്ന് അവര്‍ പോലും സമ്മതിക്കില്ല. സ്വാതന്ത്ര്യസമരം നടത്തിയവരും അവരുടെ കൊച്ചുമക്കളുമൊക്കെ 62 വര്‍ഷം കൊണ്ട് ദശലക്ഷാധിപതികളും കോടീശ്വരന്മാരും ആയെന്നു കരുതാന്‍ വയ്യല്ലോ.. പക്ഷേ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ (ലോക്സഭ) 350 കോടീശ്വരപ്രഭുക്കളാണ് ഇപ്പോഴുള്ളത്. അതില്‍ 250 പേരും കോണ്‍ഗ്രസിന്റെയോ അവരെ പിന്തുണക്കുന്നവരുടെയോ പ്രതിനിധികളാണെന്നറിയാമല്ലോ. ഈ പ്രഭുസഭയില്‍ ഇന്ത്യയിലെ ദരിദ്രന്‍മാരെ 'ഊട്ടിഉറക്കാ'നൊരു ബില്ലുകൊണ്ടുവന്നിട്ടുണ്ട്. 'ഭക്ഷ്യസുരക്ഷാ നിയമം'. അതിനെകുറിച്ച് അകത്തും പുറത്തുമുളള ശതകോടീശ്വരന്മാരും അവരുടെ സ്വന്തം ചാനലുകളും പത്രങ്ങളും വെബ്‌സൈറ്റുകളും വാതോരാതെ വാഴ്ത്തുന്ന കാലം. 6 കോടി ദരിദ്ര ഇന്ത്യാക്കാര്‍ക്ക് 25 കിലോ ധാന്യം പ്രതിമാസം കൊടുത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്ന 'മഹത്തായ ദൌത്യ'മാണ് പുതിയ നിയമമെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. ഇത് 62 വര്‍ഷത്തെ ചരിത്രത്തിലെ വെട്ടിത്തിളങ്ങുന്ന അദ്ധ്യായമാണെന്നാണ് വായ്‌താരി! കമ്പോളവ്യവസ്ഥയുടെ സഹാനുഭൂതിക്ക് നമോവാകം പറയുന്ന കൂട്ടത്തില്‍ ബഹുമാന്യനായ അമര്‍ത്യാസെന്‍ പോലുമുണ്ട്! നടക്കട്ടെ, 25കിലോ ധാന്യം കൊണ്ട് ഇന്ത്യയിലെ മനുഷ്യര്‍ സുരക്ഷിതരാവുമെങ്കില്‍ അതില്‍ അഭിമാനിക്കുകതന്നെ വേണം. (വിശദാംശങ്ങള്‍ ഇവിടെയും ഇവിടെയും ഉണ്ട്.) പക്ഷേ പ്രഭുസഭയുടെയും, മനുഷ്യസ്നേഹികളുടെയും മുമ്പില്‍ അല്‍പ്പം ചില നേരുകള്‍ ചൂണ്ടികാട്ടികൊണ്ട് അവര്‍തന്നെ നിയമിച്ച ഒരു വിദഗ്ധസമിതിയുടെ പഠനം പുറത്തുവന്നിട്ടുണ്ട്. 6 കോടി ദരിദ്രരെ ഊട്ടി ഉറക്കുന്നവരുടെ ധിക്കാരം പറച്ചിലിന് നല്ല മറുപടിയാണ് ഡോ. എന്‍.സി. സൿസേനയുടെ അദ്ധ്യക്ഷതയില്‍ മുന്‍സര്‍ക്കാര്‍ (ഗ്രാമവികസന വകുപ്പ്) നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.

*free* views said...

More than the rich it is the hypocritical, educated middle class that is biggest enemy of the poor. A thick layer of middle class insulates the angry poor from the rich.

രവി said...

പ്രിയ വര്‍ക്കേഴസ ഫോറം പ്രവൃത്തകരെ,

നമ്മളില്‍ എത്രപേര്‍ ദരിദരാണ്. കണക്കുകളും,റിപ്പോര്‍ട്ടുകളും നിരത്തിവളരയദികം സമര്‍പ്പിച്ചത് നന്നയിരിക്കുന്നു.

കോടീശ്വരന്മാര്‍ ഭരിക്കുന്ന നമ്മുടെ രജ്യത്തിന്ന് എന്നും ഇതുതന്നെയാരിക്കും ഗതി എത്ര ദാരിദ്രനിര്‍മാര്‍ജ്ജന നയങ്ങള്‍ വന്നാലും.

രവി.