Thursday, October 8, 2009

സഹയാത്രികര്‍ക്ക് സ്നേഹപൂര്‍വ്വം

ഇടതുപക്ഷത്തോട് പൊതുവായി യോജിച്ചുകൊണ്ടുള്ള നിലപാട് മാത്രമേ ഒരു തികഞ്ഞ ജനാധിപത്യവാദിക്ക് സമൂഹത്തില്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളു.മാര്‍ക്സിയന്‍ വിജ്ഞാനശാഖയുടെയും അതിന്റെ പ്രായോഗികതകളുടെയും സമ്പൂര്‍ണ്ണമായ പ്രചാരകരായില്ലെങ്കിലും കടുത്ത മുതലാളിത്ത വിമര്‍ശനമുയര്‍ത്തുന്നവര്‍ക്കും ഇടതുപക്ഷ സഹയാത്രികരാകാം. അവരുടെ പല നിലപാടുകളും ഏതെങ്കിലുംതലത്തില്‍ ഇടതുപക്ഷത്തിന് സഹായകരമല്ലെങ്കില്‍ ബഹുമാനത്തോടെയുള്ള വിയോജിപ്പ് പരസ്യമാക്കുന്നത് അനുചിതമായി കാണാനാവില്ല.

ഭാരതത്തിലെ സാമൂഹ്യശാസ്‌ത്രത്തിന് അമര്‍ത്യാസെന്‍ നല്‍കിയ സംഭാവനകള്‍ അദ്വിതീയമാണ്. ബംഗാള്‍ ക്ഷാമത്തിന്റെ രാഷ്‌ട്രീയ കാരണങ്ങളെപ്പറ്റി പഠനം നടത്തിയ ഡോ. സെന്‍ കണ്ടെത്തിയത് ഭക്ഷ്യധാന്യങ്ങളുടെ ക്ഷാമമല്ല മറിച്ച് രാഷ്‌ട്രീയ വ്യവസ്ഥയുടെ നീതികേടാണ് ജനങ്ങളെ ക്ഷാമത്തിന്റെപേരില്‍ കൊന്നൊടുക്കുന്നതിലെത്തിയതെന്നാണ്. സമ്പത്ത് കുമിഞ്ഞുകൂടുമ്പോഴും വിതരണം നീതിപൂര്‍വ്വമല്ലാതെവന്നാല്‍ ജനസമൂഹത്തിന് നീതിനിഷേധിക്കപ്പെടുമെന്ന ലളിതമായ സത്യത്തെ പ്രോജ്വാലിപ്പിച്ച്, മുതലാളിത്ത ലോകത്ത് സമ്പത്ത് കുമിഞ്ഞുകൂടുന്നതിനെ എതിര്‍ക്കുന്ന മുതലാളിത്ത വിമര്‍ശകര്‍ക്ക് ഇടതുപക്ഷത്തോട് ഒത്തുപോകാവുന്ന നിരവധി വേദികളുണ്ട്. അത്തരം വേദികളെ കണ്ടെടുക്കുകയും സൃഷ്ടിക്കുകയും തങ്ങളുടെ ദൈനംദിന രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉപയോഗിക്കുകയും ചെയ്യുകയെന്നത് ഇരുകൂട്ടരുടേയും ആവശ്യവുമാണ്.

ഇത്തരത്തില്‍ വേദി പങ്കിടുന്ന ഇടതുപക്ഷക്കാരും അവരോട് സഹകരിക്കുന്ന ജനാധിപത്യ ചിന്തകരും തമ്മില്‍ ഏതെങ്കിലും വിഷയത്തില്‍ വ്യത്യസ്തമായഅഭിപ്രായമുണ്ടായാല്‍ അതില്‍ പരസ്പരം പരിഭ്രമിക്കേണ്ടതായ യാതൊന്നുമില്ല. സിപിഐ (എം) ജനറല്‍സെക്രട്ടറി പ്രകാശ്‌കാരാട്ടും വിഖ്യാതപണ്ഡിതനായഅമര്‍ത്യാസെന്നും തമ്മില്‍ പരസ്പരം ബഹുമാനത്തോടെ വിയോജിച്ച ഒരു ചര്‍ച്ച സമീപകാലത്ത് നടക്കുകയുണ്ടായി. ഭാരതത്തില്‍ സാമ്രാജ്യത്വം നടത്തുന്നഇടപെടലിന്റെ തീവ്രതയും അതിന് ഇടതുപക്ഷം നല്‍കുന്ന രാഷ്‌ട്രീയ പ്രാധാന്യവും തമ്മില്‍ കാര്യമായ വിടവ് ഉണ്ടെന്നും ഇടതുപക്ഷം, സാമ്രാജ്യത്വ ഭീഷണിഉയര്‍ത്തുന്ന പ്രശ്നങ്ങളെ അല്‍പം പെരുപ്പിച്ചു കാണുന്നതായും അമര്‍ത്യാസെന്‍ നിരീക്ഷിക്കുകയുണ്ടായി. പ്രത്യക്ഷത്തില്‍ സാംഗത്യമുണ്ടെന്ന് തോന്നാവുന്ന ഈ 'നിഷ്കളങ്ക' നിരീക്ഷണത്തിലെ രാഷ്‌ട്രീയാബദ്ധങ്ങളെപ്പറ്റിയാണ് കാരാട്ട് തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയത്. ഇത്തരമൊരു ചര്‍ച്ച തികച്ചും ആരോഗ്യകരമായിരുന്നുവെന്ന് മാത്രമല്ല വ്യക്തിപരമായ പരാമര്‍ശങ്ങളില്‍നിന്ന് വിമുക്തവുമായിരുന്നു. അത്തരം സംവാദം തുടരുന്നത് നമ്മുടെ രാഷ്‌ട്രീയ പ്രക്രിയയെ സര്‍ഗാത്മകമാക്കും.

എന്നാല്‍ ഇതില്‍ ചില പ്രായോഗിക പ്രശ്നങ്ങള്‍ ഉയര്‍ന്നുവരികയാണ്. മുതലാളിത്ത പക്ഷപാതത്തിന് പേരുകേട്ട നമ്മുടെമാധ്യമങ്ങള്‍ ഇത്തരം സംവാദങ്ങളെ എങ്ങനെ കൈകാര്യംചെയ്യുമെന്നുള്ളതാണ് ഒരു പ്രശ്നം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പൊതു നിലപാടുകളോട് യോജിക്കുന്ന ഒരു സഹയാത്രികന്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ നടത്തുന്ന വിമര്‍ശനത്തെ സന്ദര്‍ഭത്തില്‍നിന്ന് വേര്‍പെടുത്തി വക്രീകരിച്ച് ചിത്രീകരിക്കുന്നതില്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് വല്ലാത്ത വിരുതുണ്ട്. ഇതിന്റെ ഫലമായി അനാവശ്യ ഊന്നലുകള്‍ നല്‍കി ഇടതുപക്ഷത്തെ അപഹസിക്കാനോ ഇകഴ്ത്താനോ ഉള്ള സുവര്‍ണ്ണാവസരമായാണ് മാധ്യമങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളെ ആഘോഷിക്കാറുള്ളത്. ഇതിന്റെ ഫലമായി മാധ്യമതന്ത്രത്തിന്റെ ഇരകളായി മാറുന്ന നിലയിലേക്ക് ചില ജനാധിപത്യവാദികളെങ്കിലും എത്താം. മാധ്യമ വിചാരത്തിലൂടെ കേരള സമൂഹത്തില്‍ മാധ്യമ വിമര്‍ശനത്തിന് സ്വകീയമായ നൂതനധാരയ്ക്ക് രൂപംനല്‍കിയ ഡോ. സെബാസ്റ്റ്യന്‍ പോളിന് സംഭവിച്ചത് പരിശോധിക്കുന്നത് ഉചിതമായിരിക്കും.

മാതൃഭൂമിയില്‍ കല്ലേറുകള്‍ക്കിടയിലെ മാധ്യമധര്‍മം എന്ന പേരില്‍ ഒരു പരമ്പര ആരംഭിക്കുന്നു. "മാധ്യമങ്ങള്‍ കല്ലെറിയപ്പെടുന്നു'' എന്ന പൊതുബോധംസൃഷ്ടിക്കാന്‍ ബോധപൂര്‍വം ഉദ്ദേശിച്ചുള്ള പരമ്പരയായിരുന്നു അത്. കേരളത്തില്‍ മാധ്യമങ്ങള്‍ കല്ലെറിയപ്പെടുന്നു എന്ന ആരോപണത്തില്‍സത്യമുണ്ടോ? മാധ്യമങ്ങള്‍ പല വിഷയങ്ങളിലും സ്വീകരിക്കുന്ന നീചമായ പക്ഷപാതിത്വത്തേയോ അമിതോത്സാഹത്തെയോ വരണ്ട രാഷ്‌ട്രീയ നിലപാടുകളെയോ വിമര്‍ശിക്കുന്നത് കല്ലേറായാണോ പരിഗണിക്കേണ്ടത്. ഈ പരമ്പരതന്നെ മാതൃഭൂമി സ്വയം പ്രതിരോധിക്കാന്‍ സ്വീകരിച്ച ഒരു തന്ത്രമായിരുന്നു. അതിലേക്ക് ഒരു ലേഖനം നല്‍കിയ ഡോ. സെബാസ്റ്റ്യന്‍ പോൾ. "സത്യാന്വേഷണം തുടരട്ടെ''യെന്ന് ആശംസിച്ചപ്പോള്‍ അത് മഹത്വവല്‍ക്കരണമായത് അശ്രദ്ധമൂലമാവാം. "സത്യാന്വേഷണ''മെന്ന പദത്തിന് ഗാന്ധിജിയുടെ വിശുദ്ധ ജീവിതവുമായി ഒരു ആന്തരികബന്ധമുണ്ട്. മാതൃഭൂമി നിര്‍വഹിക്കുന്നത് സത്യാന്വേഷണമാണെന്ന് ഡോ. സെബാസ്റ്റ്യൻ ‍പോളിനെപ്പോലെ ഒരു വ്യക്തിയില്‍നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റ് സിപിഐ (എം)നെതിരെ ലക്കുകെട്ട രീതിയില്‍ ആ പത്രം നടത്തിവരുന്ന ആക്രമണങ്ങളെ ആശിര്‍വദിക്കുന്നതായി. അതിനോട് വിയോജിച്ചുകൊണ്ട് ചില പ്രതികരണങ്ങള്‍ വന്നപ്പോള്‍ മാധ്യമ വിമര്‍ശനത്തിന്റെ തലത്തില്‍നിന്നും വൈയക്തികമായ വികാരപ്രകടനമായി ആ സംവാദം വഴിപിഴച്ചുപോയി. ഡോ. സെബാസ്റ്റ്യന്‍ പോള്‍തന്നെ തന്റെ പരാമര്‍ശങ്ങളിലെ അത്യുക്തിയും അതിന് താന്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥങ്ങളും ചിലര്‍ നല്‍കുന്നത് കണ്ട് സഹികെട്ട് താന്‍ അത്രയും ഉദ്ദേശിച്ചില്ല എന്ന് ചാനല്‍ ചര്‍ച്ചകളില്‍തുറന്ന് പറയുകയുണ്ടായി. എന്നാല്‍ മാധ്യമങ്ങള്‍ വെറുതെവിടാന്‍ ഭാവമില്ലായിരുന്നു. ഒരു ഇരയെ കിട്ടിയമാതിരി ഡോ.സെബാസ്റ്റ്യന്‍ പോളിനെ ഉപയോഗിച്ച് മദിച്ചുതിമിര്‍ക്കുന്ന മാധ്യമങ്ങളെയാണ് കേരളം കണ്ടത്. ചന്ദ്രനില്‍ ജലസാന്നിദ്ധ്യം കണ്ടെത്തിയ ശാസ്ത്രത്തിന്റെ മഹാ ദൌത്യംപോലും വാര്‍ത്തകളില്‍ അവഗണിക്കപ്പെട്ടതോര്‍ത്ത് സെബാസ്റ്റ്യന്‍പോള്‍തന്നെ തലയില്‍ കൈവച്ചതായി പിന്നീട് മലയാള മനോരമതന്നെ റിപ്പോര്‍ട്ട്ചെയ്തു കണ്ടു.

വൈരുദ്ധ്യങ്ങള്‍ പലതരമുണ്ട്. ശത്രുതാപരമായതും അല്ലാത്തതും. ശാശ്വതമായി നിലനില്‍ക്കുന്ന വൈരുദ്ധ്യങ്ങളെ ശത്രുതാപരമായ വൈരുദ്ധ്യമെന്നാണ് മാര്‍ക്സിസം സിദ്ധാന്തിക്കുന്നത്. കമ്യൂണിസ്റ്റുകാരും ജനാധിപത്യവാദികളും തമ്മില്‍ ചില വിഷയങ്ങളിലെ വ്യത്യസ്ത നിലപാടുകള്‍ ശത്രുതാപരമായ വൈരുദ്ധ്യമായി ആരും ആഘോഷിക്കേണ്ടതില്ല. തങ്ങളുടെ സ്വതന്ത്ര നിലപാടുകളെ കമ്യുണിസ്റ്റ് വിരുദ്ധ ആഘോഷങ്ങളായി മാറ്റാന്‍ തക്കംപാര്‍ത്ത്വലവിരിക്കുന്ന മാധ്യമ ചാതുര്യത്തിനുമുന്നില്‍ തികഞ്ഞ ജാഗ്രതയാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.

****
അഡ്വ. കെ അനില്‍കുമാര്‍, കടപ്പാട് : ചിന്ത

2 comments:

വര്‍ക്കേഴ്സ് ഫോറം said...

വൈരുദ്ധ്യങ്ങള്‍ പലതരമുണ്ട്. ശത്രുതാപരമായതും അല്ലാത്തതും. ശാശ്വതമായി നിലനില്‍ക്കുന്ന വൈരുദ്ധ്യങ്ങളെ ശത്രുതാപരമായ വൈരുദ്ധ്യമെന്നാണ് മാര്‍ക്സിസം സിദ്ധാന്തിക്കുന്നത്. കമ്യൂണിസ്റ്റുകാരും ജനാധിപത്യവാദികളും തമ്മില്‍ ചില വിഷയങ്ങളിലെ വ്യത്യസ്ത നിലപാടുകള്‍ ശത്രുതാപരമായ വൈരുദ്ധ്യമായി ആരും ആഘോഷിക്കേണ്ടതില്ല. തങ്ങളുടെ സ്വതന്ത്ര നിലപാടുകളെ കമ്യുണിസ്റ്റ് വിരുദ്ധ ആഘോഷങ്ങളായി മാറ്റാന്‍ തക്കംപാര്‍ത്ത്വലവിരിക്കുന്ന മാധ്യമ ചാതുര്യത്തിനുമുന്നില്‍ തികഞ്ഞ ജാഗ്രതയാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.

*free* views said...

Exactly !!!

Trying to make everybody conform to official view on every topic is party policy. If someone has a different opinion they are considered anti party or called a moderate.

Amartya Sen can survive, he does not need a certificate from Party or Karat for his leftist views. But what about others?

Party should really learn to adjust with criticism from left leaning supporters, not just left leaning giants like Amartya Sen. I might have a different view about lot of topics, but that does not make me anti-party.