Saturday, July 3, 2010

ഉറങ്ങുന്ന ഈ ഫുട്ബോള്‍ സിംഹം എന്നാണ് ഉണരുക...

2008-ല്‍ ഓസ്ട്രിയയിലും സ്വിറ്റ്സര്‍ലന്‍ഡിലുമായി യൂറോകപ്പ് അരങ്ങുവാഴുമ്പോള്‍ മറ്റ് രണ്ട് ഭൂഖണ്ഡങ്ങളില്‍ രണ്ട് ഫുട്ബോള്‍ അത്യാഹിതങ്ങളുണ്ടായി. ആദ്യത്തേത്, 2010ലെ ലോകകപ്പിന്റെ ദക്ഷിണ അമേരിക്കന്‍ യോഗ്യതയില്‍ അഞ്ച് തവണത്തെ ലോകജേതാക്കളായ ബ്രസീലിനെ ഏകഗോളിന് പരാഗ്വെ കീഴടക്കി. രണ്ട്: സാഫ് കപ്പില്‍ പഞ്ചവിജയങ്ങളുമായെത്തിയ ഉപഭൂഖണ്ഡശക്തികളായ ഇന്ത്യയെ മാലിദ്വീപ് കുടിയിറക്കി.

എന്നാല്‍, ഫുട്ബോളിലെ ബ്രസീല്‍, ഇന്ത്യ താരമത്യവും അവിടംകൊണ്ട് അവസാനിച്ചു. കഥയുടെ ശേഷം ഭാഗം നാമിപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടുകൊണ്ടിരിക്കുന്നു. ബ്രസീല്‍ ആ തിരിച്ചടിയില്‍നിന്ന് കരകയറി, മേഖലയിലെ ഒന്നാമന്‍മാരായി ദക്ഷിണാഫ്രിക്കയിലിറങ്ങുകയും പതിവുപോലെ ലോകകപ്പിലെ പന്തയക്കുതിരകളായി പ്രയാണം തുടരുകയും ചെയ്യുന്നു. എന്നാല്‍, ഇന്ത്യയുടെ കാര്യമോ?

ലോകകപ്പ് ടിക്കറ്റിനായുള്ള ഇന്ത്യയുടെ ആദ്യശ്രമം ആദ്യകടമ്പയില്‍തന്നെ തകര്‍ന്നു. ഓര്‍ക്കണം, 1956ല്‍ ഒളിമ്പിക്സ് സെമിഫൈനലില്‍ കടന്ന ആദ്യ ഏഷ്യന്‍ രാജ്യമാണ് ഇന്ത്യ. അന്താരാഷ്ട്ര പരിവേഷമുണ്ടെന്നല്ലാതെ 2007ലും 2009ലും ഡല്‍ഹിയില്‍ നടന്ന സാദാ ടൂര്‍ണമെന്റായ നെഹ്റു കപ്പില്‍ തുടര്‍വിജയമാഘോഷിച്ചത് അവിടെയിരിക്കട്ടെ. മാലദ്വീപിനോടേറ്റ സാഫ് കപ്പിലെ പരാജയത്തില്‍നിന്ന് വേണം നാം 2014ല്‍ ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതക്കുള്ള പാലം പണിയേണ്ടത്. 1950ല്‍ ബ്രസീല്‍ നടാടെ ആതിഥേയരായ ലോകകപ്പില്‍ പങ്കെടുക്കാമായിരുന്നു. എന്നാല്‍ പണമില്ലായ്മയും യാത്രാക്ളേശവും മുന്‍നിര്‍ത്തി ഇന്ത്യ പിന്മാറി. ഇന്ന് അത്തരം പരാധീനതകളൊന്നുമില്ല. അന്ന് നടക്കാതെ പോയ മോഹം ബ്രസീലിന്റെ മണ്ണില്‍തന്നെ യാഥാര്‍ഥ്യമാക്കാന്‍ ദൃഢനിശ്ചയത്തോടെ ഉറച്ച ചുവടു വയ്ക്കാനുള്ള നാലുവര്‍ഷമാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. ആ ശ്രമത്തില്‍ നമുക്ക് വിജയിക്കാനായാല്‍ അത് ഇന്ത്യന്‍ ഫുട്ബോളില്‍ പുതിയൊരു ചക്രവാളം വെട്ടിത്തുറക്കും.

108 കോടി ജനങ്ങളുള്ള ഇന്ത്യ എന്ന മഹാരാജ്യത്തിന് എന്നെങ്കിലും ലോകകപ്പ് ഫുട്ബോളില്‍ മത്സരിക്കാനാകുമോ? ലോകകപ്പിന്റെ അലമാലകളില്‍ ഓരോ ഇന്ത്യക്കാരന്റെയും മനസില്‍ ഉയര്‍ന്നുനില്‍ക്കുന്ന ചോദ്യമാണിത്. ഒരിക്കലെങ്കിലും ആ പരമോന്നതവേദിയില്‍ പന്തുതട്ടാന്‍ കഴിഞ്ഞെങ്കിലെന്ന മോഹചിന്ത കൊണ്ടുനടക്കാത്ത ഒരാള്‍പോലും ഉണ്ടാകില്ല. എന്നാല്‍, വന്‍കരയില്‍ യോഗ്യതാമത്സരങ്ങള്‍ ജയിച്ച് ഇന്ത്യ ലോകകപ്പിന്റെ ഫൈനല്‍റൌണ്ടിലെത്തുക എന്ന മോഹം സ്വപ്നം കാണാന്‍പോലും കഴിയില്ലെന്ന് അധികം ഇന്ത്യക്കാരും കരുതുന്നു. പിന്നെ ഒരേയൊരു മാര്‍ഗമേയുള്ളൂ, ലോകപ്പ് വേദി കരസ്ഥമാക്കുക. അങ്ങനെ വന്നാല്‍ ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് ലോകകപ്പില്‍കളിക്കാം. പക്ഷേ, അതും സാക്ഷാല്‍ക്കരിക്കപ്പെടാന്‍ സാധ്യതയില്ല.

2014ലെ അല്ലെങ്കില്‍ 2018ലെ; പോട്ടെ 2022ലെ ലോകകപ്പ് ഫുട്ബോളിന് ഇന്ത്യ യോഗ്യത നേടുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ആത്മാഭിമാനം പുലര്‍ത്തുന്ന ഒരു അഭിപ്രായസര്‍വേക്കാരന്‍ ചോദിക്കാന്‍ മടിക്കുന്ന ചോദ്യമാണിത്. കൊല്‍ക്കത്തയിലെയും ഗോവയിലെയും മലപ്പുറത്തെയും ചില ഫുട്ബോള്‍ ഭ്രാന്തന്മാര്‍ മാത്രമായിരിക്കും ഈ ചോദ്യത്തിന് അനുകൂലമായി മറുപടി നല്‍കുക.

ബ്രിട്ടീഷുകാരന്‍ ബോബ് ഹഗ്ടനാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍. അദ്ദേഹത്തെപ്പോലെ കടലിനക്കരെനിന്ന് ഏത് വിദഗ്ധനെ വേണമെങ്കിലും കൊണ്ടുവരാം. പക്ഷേ, എത്ര വളമിട്ടു ചികിത്സിച്ചാലും ഇന്ത്യന്‍ ഫുട്ബോളിന്റെ കൂമ്പുചീയലിന് ശമനമുണ്ടാവില്ല. സാങ്കേതിക, സാമ്പത്തിക, ആസ്വാദകതലങ്ങളിലെല്ലാം ലോകഫുട്ബോള്‍ വന്‍ കുതിച്ചുചാട്ടം നടത്തുന്നുവെന്നതിലെ ആഹ്ളാദം ഇന്ത്യന്‍ ഫുട്ബോളിലെത്തുമ്പോള്‍ കെട്ടടങ്ങുകയാണ്. ഉയിര്‍പ്പിന്റെ നേരിയ പ്രതീക്ഷകള്‍ നല്‍കാറുണ്ടെങ്കിലും പിന്നെയും ഗ്രാഫ് നിലംപതിക്കുകയാണ്. ഇന്നലെകളില്‍ ഏറെ പിന്നില്‍ നിന്നിരുന്ന ഏഷ്യന്‍ രാജ്യങ്ങള്‍പോലും ഫിഫ റാങ്കിങ്ങില്‍ ബഹുദൂരം മുന്നോട്ടു കുതിക്കുന്നു. ദക്ഷിണകൊറിയയും ജപ്പാനും ഇറാനും സൌദി അറേബ്യയും ഉത്തരകൊറിയയുമെല്ലാം ശ്രദ്ധേയ ശക്തികളായിക്കഴിഞ്ഞു.

ഏഷ്യക്കുമപ്പുറത്ത് ഫുട്ബോളിന്റെ വിശാലമായ അതിരുകള്‍ തേടുന്ന ജപ്പാനെയും കൊറിയകളെയും ഇറാനെയുംപോലുള്ള ഇന്നത്തെ കൊമ്പന്‍ടീമുകളെയെല്ലാം അനായാസം തോല്‍പിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. പ്രബലരായ ഇറാനെ കീഴടക്കിയാണ് ഇന്ത്യ ആദ്യമായി ഏഷ്യന്‍ ഗെയിംസില്‍ കിരീടമണിയുന്നത്. 1948നും '75നുമിടയ്ക്ക് നാലു തവണ നാം ദക്ഷിണകൊറിയയെ തുരത്തിയിട്ടുണ്ട്. ഇന്ന് ഇരുകൊറിയകളും ജപ്പാനും ഓഷ്യാനയില്‍നിന്നെത്തിയ ഓസ്ട്രേലിയയും ഏഷ്യയുടെ പതാകവാഹകരായി ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പിനിറങ്ങി.ഫുട്ബോളില്‍ ഇന്ത്യയുടെ നിലവാരം താണുപോകാന്‍ എന്താണ് കാരണം? വാസ്തവത്തില്‍ നിലവാരം താണിട്ടില്ല. ലോകത്തിലെ മറ്റ് രാജ്യങ്ങളുടെ ഫുട്ബോളിലെ നിലവാരം ഉയര്‍ന്നപ്പോള്‍ അതോടൊപ്പം ഇന്ത്യ ഉയര്‍ന്നില്ല എന്നതാണ് സത്യം. 1950കളിലെയോ 60കളിലെയോ നിലവാരത്തില്‍തന്നെയാണ് ഇന്ത്യ. എട്ട്തവണ ഒളിമ്പിക്സ് ഹോക്കിയില്‍ ചാമ്പ്യന്‍മാരായ ഇന്ത്യക്ക് ആ കളിയിലും സംഭവിച്ച പതനം ഇതുതന്നെയാണ്. മുമ്പ് ഇന്ത്യ ഫുട്ബോളില്‍ തലയുയര്‍ത്തി നിന്നെങ്കില്‍ അതിനു കാരണം മികച്ച കളിക്കാരുടെ നിരയെ എന്നും നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ്. ശൈലന്‍മന്ന, അമീര്‍ ഖാന്‍, അബ്ദുറഹിമാന്‍, മേവലാല്‍, ചുനി ഗോസ്വാമി, ലത്തീഫ്, പി കെ ബാനര്‍ജി, അരുണ്‍ഘോഷ്, ഒ ചന്ദ്രശേഖരന്‍, അഹമ്മദ് ഖാന്‍, സി ചന്ദ്രശേഖര്‍, ജര്‍ണയില്‍സിങ് അങ്ങനെപോകുന്നു ആ പട്ടിക. ക്രിക്കറ്റ്പോലെയല്ല ഫുട്ബോള്‍. ഗാവസ്കറെയും സച്ചിനെയും അനില്‍ കുംബ്ളെയും കപില്‍ദേവിനെയുംപോലെ ചില ലോകോത്തര കളിക്കാരുണ്ടെങ്കില്‍ ഇന്ത്യക്ക് ജയിക്കാന്‍ കഴിഞ്ഞെന്നിരിക്കും. ഫുട്ബോളിലാകട്ടെ എല്ലാ രംഗത്തും മികച്ച കളിക്കാര്‍ തന്നെയുണ്ടാകണം. അഥവാ, ടീംതന്നെയാണ് ഇവിടെ കളിക്കാര്‍, ലോകകപ്പില്‍ ബ്രസീല്‍, അര്‍ജന്റീന, ഇറ്റലി, ഇംഗ്ളണ്ട് തുടങ്ങിയ മിക്ക ടീമുകളിലും നാം കാണുന്നത് ഇതാണ്.

അതേസമയം ഇന്ത്യന്‍ ഫുട്ബോള്‍ പലപ്പോഴും ഒരാളെ ആശ്രയിച്ചു മാത്രം കളിക്കുന്നു. ഒന്നുകില്‍ ഇന്ദര്‍സിങ് അല്ലെങ്കില്‍ മഖന്‍സിങ് അതുമല്ലെങ്കില്‍ സുഭാഷ് ഭൌമിക് എന്നീ ഒറ്റയാന്‍മാര്‍. പിന്നീട് ആ കേന്ദ്രബിന്ദു ഐ എം വിജയനും തുടര്‍ന്ന് ബെയ്ചുങ് ബൂട്ടിയയുമായി. ഇന്ത്യന്‍ ഫുട്ബോളിനെ അടിമുടി മാറ്റിമറിക്കുമെന്ന പ്രഖ്യാപനത്തോടെ 14 വര്‍ഷം മുമ്പ് ആരംഭിച്ച ദേശീയലീഗിന്, വിദേശതാരങ്ങള്‍ ഗോളടിച്ചുകൂട്ടുന്നതിനപ്പുറത്ത്, ആഭ്യന്തരഫുട്ബോളില്‍ ഗുണപരമായ മാറ്റം സംഭവിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.രാജ്യത്തെ ഫുട്ബോള്‍ പ്രണയികളെ സംബന്ധിച്ചിടത്തോളം ആകാശത്തുകൂടി പറന്നുവന്ന്, ടി വി സ്ക്രീനില്‍ വന്നുകയറി ഹര്‍ഷോന്മാദം സൃഷ്ടിക്കുന്ന യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളികള്‍ മാത്രമാണ് ആശ്രയം. പിന്നെ ലോകകപ്പ്, യൂറോകപ്പ്, കോപ്പ അമേരിക്ക, ചാമ്പ്യന്‍സ് ലീഗ് അങ്ങനെ വൈവിധ്യമാര്‍ന്ന ലഹരികളും. പതിമൂന്ന് ലക്ഷം മാത്രം ജനസംഖ്യയുള്ള ട്രിനിഡാഡ് ടൊബാഗോയും സെര്‍ബിയ മോണ്ടെനെഗ്രോയും കാമറൂണും സെനഗലും ഘാനയും കൊറിയകളും ജപ്പാനുമൊക്കെ വിശ്വഫുട്ബോളില്‍ രചിക്കാറുള്ള വീരഗാഥകളും ഇന്ത്യയിലെ പാവം ഫുട്ബോള്‍ പ്രേമികളുടെ മനംകുളിര്‍പ്പിക്കുന്നു. പോരേ പൂരം. ദേശീയടീമിന്റെ കാര്യം അവിടെ നില്‍ക്കട്ടെ. യാക്കൂബും ബരറ്റോയും ഒഡാഫമാരുമെല്ലാം അടക്കിവാഴുന്ന ദേശീയ ഐ ലീഗില്‍ ഇന്ത്യന്‍ കളിക്കാര്‍ കാഴ്ചക്കാരായി മാറുന്നതാണ് ഇന്നത്തെ ഏറ്റവും വ്യസനകരമായ ചിത്രം.

കളിക്കാരെ വിടാം. ഹൈദരാബാദുകാരന്‍ എസ് എ റഹിമിനെപ്പോലെ ഒരു കോച്ചിനെയും നമുക്ക് ലഭിച്ചിട്ടില്ല. ഇന്ത്യന്‍ കാലാവസ്ഥയുടെ വിഘടിതസ്വഭാവത്തിനു കീഴില്‍നിന്ന് വരുന്ന കളിക്കാരുടെ വാസനകളെ എങ്ങനെ സമന്വയിപ്പിക്കണമെന്ന് റഹിം സാഹിബിന് നന്നായി അറിയാമായിരുന്നു. സ്വദേശികളും പരദേശികളുമായ ഒട്ടുവളരെ പരിശീലകര്‍ മാറിമാറി ദേശീയ ഫുട്ബോള്‍ ടീമിന്റെ ചുമതല കയ്യാളുന്നുണ്ടെങ്കിലും റഹിമിനെപ്പോലൊരു കണ്ടെത്തലുകാരനും ശിക്ഷകനും പിന്നീട് ഉണ്ടായിട്ടില്ല.

ലോകഭൂപടത്തില്‍ ഒരു പൊട്ട് മാത്രമായി കാണപ്പെടുന്ന തീരെ ചെറിയ രാജ്യങ്ങള്‍ക്കുപോലും ലോകകപ്പ് ഫുട്ബോളില്‍ കളിക്കാന്‍ കഴിയുന്നെങ്കില്‍ ജനസംഖ്യയില്‍ രണ്ടാമത്തെ രാജ്യമായ ഇന്ത്യക്ക് അത് സാധിക്കുകയില്ലെന്ന് എങ്ങന്െ വിശ്വസിക്കും. ഈ ദയനീയസ്ഥിതിയില്‍നിന്ന് മോചനം നല്‍കാനുള്ള ഏകമാര്‍ഗം യൂറോപ്പിലെയും മറ്റുംപോലെ പ്രൊഫഷണല്‍ ക്ളബ്ബുകളെ ഇവിടെ വളര്‍ത്തിയെടുക്കുകയെന്നതാണ്. പതിനഞ്ചാണ്ട് മുമ്പ് തുടങ്ങിയ ആഭ്യന്തരലീഗിന്റെ സുസംഘടിതമായ ഭൂമികയിലാണ് ജപ്പാന്‍കാര്‍ ലോകകപ്പ് മോഹങ്ങള്‍ക്ക് യാഥാര്‍ഥ്യത്തിന്റെ നിറംനല്‍കിയത്. ജയിച്ചേ അടങ്ങൂ, അല്ലെങ്കില്‍ തോല്‍പിച്ചേ അടങ്ങൂഎന്ന വാശിയോടെ കളിക്കാന്‍ കഴിവും സമര്‍പ്പണവുമുള്ള കളിക്കാരെ ഇന്ത്യയില്‍ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ നമുക്കും ആ വലിയ മോഹം നടക്കുമെന്ന കാര്യം തീര്‍ച്ചയാണ്.

തന്റെ എല്ലാ നടപടികളിലും ഫുട്ബോളിന്റെ നന്മ മാത്രം കാംക്ഷിക്കുന്നവനാണ് ഫിഫ അധ്യക്ഷന്‍ സെപ്പ് ബ്ളാറ്റര്‍. ഇന്ത്യയുള്‍പ്പെടെ ലോകത്തിലെ മൂന്നാംലോകക്കാരെ വിധി പദ്ധതികളിലായി ഫിഫ ഉദാരമായി സഹായിക്കുന്നു. ബുദ്ധിമാനായ ബ്ളാറ്റര്‍ പറയുന്നത് ഇന്ത്യ ഉറങ്ങുന്ന സിംഹമാണെന്നാണ്. ഇന്ത്യന്‍ ജനതയുടെ പത്തിലൊന്നുപേര്‍ ഫുട്ബോള്‍ കാണാന്‍ തുടങ്ങിയാല്‍ യൂറോപ്പിനെ വെല്ലുന്ന ടെലിവിഷന്‍ മാര്‍ക്കറ്റായി ഇന്ത്യ മാറുമെന്ന് മനസ്സിലാക്കിയ ആദ്യത്തെ ആള്‍ ബ്ളാറ്ററാണ്. നാളെയെങ്ങാന്‍ ഇന്ത്യന്‍ ഫുട്ബോള്‍ എന്ന സിംഹം ഉണര്‍ന്നാല്‍ ലോകത്തെ വിഴുങ്ങാന്‍ പോന്ന ശക്തനാകുമല്ലോ എന്ന സ്വകാര്യസന്തോഷംകൂടിയുണ്ട് ബ്ളാറ്ററുടെ ഉദാരമനസ്സില്‍. 1994ല്‍ ലീഗ് തുടങ്ങിയതിനു ശേഷം പത്തു വര്‍ഷത്തിനുള്ളില്‍ ചൈനീസ് ഫുട്ബോള്‍ മാര്‍ക്കറ്റിന്റെ മൂല്യം അഞ്ഞൂറു കോടിയായി ഉയര്‍ന്നു. ചൈനയിലെ 138 കോടിയില്‍ പകുതിയോളംപേര്‍ കളി കാണുന്നവരായി മാറിയിട്ടുണ്ടെന്നാണ് കണക്ക്. പണവും പരസ്യവും മാത്രമല്ലല്ലോപ്രധാനം. ലോകജനസംഖ്യയില്‍ പകുതിയോളം വരുന്ന ഈ രണ്ടു രാജ്യങ്ങളില്‍ കളി വളര്‍ത്താന്‍ കഴിഞ്ഞാല്‍ അത് തന്റെ ഏറ്റവും വലിയ നേട്ടമായി ഭാവിചരിത്രം രേഖപ്പെടുത്തുമെന്ന് ബ്ളാറ്റര്‍ക്കറിയാം.

വളര്‍ച്ചയുടെ സീമകള്‍ താണ്ടിക്കഴിഞ്ഞ യൂറോപ്പിനെക്കാള്‍ ഫുട്ബോള്‍ കളി വളര്‍ത്താന്‍ ഇപ്പോള്‍ പറ്റിയത് ഏഷ്യയുടെയും ആഫ്രിക്കയുടെയും മണ്ണാണ്. ഈ രണ്ട് വന്‍കരകളിലെയും ഫുട്ബോളിന്റെ പൊതുധാരയ്ക്ക് അനുസൃതമായി വളരാനും വികസിക്കാനും ഇന്ത്യന്‍ ഫുട്ബോളിനും കഴിയണം.

ലോകത്ത് മറ്റെല്ലാ രാജ്യത്തും ഫുട്ബോള്‍ കളി നിര്‍ത്തിയാലും കുഴപ്പമില്ല. ഇന്ത്യയും ചൈനയും മാത്രം കളിച്ചാല്‍ മതി കാല്‍പ്പന്തുകളി നിലനില്‍ക്കും. പണം കായ്ക്കുകയും ചെയ്യും. ഇന്ത്യ നാളെ ലോകകപ്പിനു യോഗ്യത നേടിയാല്‍ ഫുട്ബോള്‍ മാര്‍ക്കറ്റിലും അതിന്റെ ഗ്രാഫ് കുത്തനെ ഉയരും. അതിലൂടെ ലോകകപ്പ് വേദി നേടിയെടുക്കാനും ഇന്ത്യക്ക് കഴിഞ്ഞേക്കാം.

അതിനുവേണ്ടത് നാം ഇന്ത്യക്കാര്‍ വീണ്ടും ആണുങ്ങളെപ്പോലെ പന്ത് കളിച്ചുതുടങ്ങണം. ഓരോ കുട്ടിയും പന്ത് തട്ടിക്കളിക്കുന്ന നാളെയിലേക്ക് ഈ മഹാരാജ്യം എത്തണം. ഇല്ലെന്നുറപ്പാണെങ്കില്‍ ലോകത്തിന്റെ ഈ ജനകീയവിനോദത്തോട് നമുക്ക് സലാം പറയാം.

ഇന്ത്യന്‍ ഫുട്ബോള്‍ രജതരേഖകള്‍

1948: ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം അരങ്ങേറ്റംകുറിച്ചു.

1950: ബ്രസീലില്‍ നടന്ന ലോകകപ്പ് ഫുട്ബോളില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയെങ്കിലും പിന്‍മാറി.

1951: ഡല്‍ഹിയില്‍ പ്രഥമ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍.

1952: ഹെല്‍സിങ്കി ഒളിമ്പിക്സില്‍ പങ്കെടുത്തു.

1956: മെല്‍ബണില്‍ ഒളിമ്പിക്സ് സെമിഫൈനലിലെത്തുന്ന ആദ്യ ഏഷ്യന്‍ രാഷ്ട്രമായി മാറി.(സെമിയില്‍ യൂഗോസ്ളാവിയയോട് 4-1നു തോറ്റ ഇന്ത്യ പ്ളേ ഓഫില്‍ ബള്‍ഗേറിയയോട് 3-0ന് കീഴടങ്ങി).

1960: റോം ഒളിമ്പിക്സില്‍ പങ്കെടുത്തു.

1962: ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം.

1964: ഏഷ്യാകപ്പില്‍ രണ്ടാംസ്ഥാനം.

1966: മെര്‍ദേക കപ്പില്‍ മൂന്നാംസ്ഥാനം.

1970: ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ വെങ്കലമെഡല്‍.

1974: ജൂനിയര്‍ ഏഷ്യാകപ്പില്‍ ഇറാനൊപ്പം സംയുക്തജേതാക്കള്‍.

1985: ബ്രസീലിലെ സാവോപോളോ ക്ളബ്ബുമായി സമനില.

1987,1991,1993,1995,1999: സാഫ് ഗെയിംസില്‍ സ്വര്‍ണം.

1993,1995,1997,2003,2005: സാഫ് കപ്പ് ചാമ്പ്യന്മാര്‍.

2002:വിയത്നാമില്‍ എല്‍ജി കപ്പ് അന്താരാഷ്ട്ര ഫുട്ബോള്‍ കിരീടം നേടി.

2007: ന്യൂഡല്‍ഹിയില്‍ നെഹ്റു കപ്പ് ജേതാക്കള്‍.

2008: സാഫ് കപ്പ് ഫൈനലില്‍ മാലിദ്വീപിനോട് തോല്‍വി.

2009: ന്യൂഡല്‍ഹിയില്‍ വീണ്ടും നെഹ്റുകപ്പ് ജയം.

*
എ എന്‍ രവീന്ദ്രദാസ് കടപ്പാട്: ദേശാഭിമാനി വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഓര്‍ക്കണം, 1956ല്‍ ഒളിമ്പിക്സ് സെമിഫൈനലില്‍ കടന്ന ആദ്യ ഏഷ്യന്‍ രാജ്യമാണ് ഇന്ത്യ. അന്താരാഷ്ട്ര പരിവേഷമുണ്ടെന്നല്ലാതെ 2007ലും 2009ലും ഡല്‍ഹിയില്‍ നടന്ന സാദാ ടൂര്‍ണമെന്റായ നെഹ്റു കപ്പില്‍ തുടര്‍വിജയമാഘോഷിച്ചത് അവിടെയിരിക്കട്ടെ. മാലദ്വീപിനോടേറ്റ സാഫ് കപ്പിലെ പരാജയത്തില്‍നിന്ന് വേണം നാം 2014ല്‍ ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതക്കുള്ള പാലം പണിയേണ്ടത്. 1950ല്‍ ബ്രസീല്‍ നടാടെ ആതിഥേയരായ ലോകകപ്പില്‍ പങ്കെടുക്കാമായിരുന്നു. എന്നാല്‍ പണമില്ലായ്മയും യാത്രാക്ളേശവും മുന്‍നിര്‍ത്തി ഇന്ത്യ പിന്മാറി. ഇന്ന് അത്തരം പരാധീനതകളൊന്നുമില്ല. അന്ന് നടക്കാതെ പോയ മോഹം ബ്രസീലിന്റെ മണ്ണില്‍തന്നെ യാഥാര്‍ഥ്യമാക്കാന്‍ ദൃഢനിശ്ചയത്തോടെ ഉറച്ച ചുവടു വയ്ക്കാനുള്ള നാലുവര്‍ഷമാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. ആ ശ്രമത്തില്‍ നമുക്ക് വിജയിക്കാനായാല്‍ അത് ഇന്ത്യന്‍ ഫുട്ബോളില്‍ പുതിയൊരു ചക്രവാളം വെട്ടിത്തുറക്കും.

സന്ദേഹി-cinic said...

best wishes
by
സ്വത്വവാദി
http://www.svathvam.blogspot.com/