Wednesday, July 21, 2010

പോപ്പുലര്‍ ഫ്രണ്ടും ഫ്രീഡം പരേഡും

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി പി എം ബിനുകുമാര്‍ സമ്പാദനവും പഠനവും നിര്‍വഹിച്ച ഗ്രന്ഥമാണ് 'തിരക്കഥയുടെ രീതിശാസ്‌ത്രം'. അതില്‍ തിരക്കഥാകൃത്തും സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ ഒരു പ്രഭാഷണം ഉള്‍പ്പെടുത്തിയിട്ടുണ്ട്; 'തിരക്കഥ ഒരു വിശ്വാസിയുടെ കണ്ടെത്തല്‍' എന്ന ശീര്‍ഷകത്തില്‍. ജീവിതത്തില്‍നിന്നാണ് സിനിമ ഉണ്ടാകുന്നത് എന്ന വസ്‌തുതയ്‌ക്ക് ബലം പകരാനായി 'ഗര്‍ഷോം' എന്ന തന്റെ സിനിമയില്‍ കഥാനായകന്‍ ദൈവവുമായി സംസാരിക്കുന്ന രംഗം പി ടി ഉദാഹരിക്കുന്നു. അത് പി ടിക്ക് കിട്ടിയത് ജീവിതത്തില്‍നിന്നാണ്. അദ്ദേഹത്തിന്റെ നാട്ടിലെ ഒരു ഭ്രാന്തന്‍ സ്ഥിരമായി ഒറ്റക്കിരുന്ന് ദൈവത്തെ വിളിക്കാറുണ്ടായിരുന്നു. അതിങ്ങനെ;

ഭ്രാന്തന്‍: പടച്ചോനെ...പടച്ചോനെ...

ദൈവം: എന്താടാ നായിന്റെ മോനേ...

ഭ്രാന്തന്‍: ഒരു അയില, അത് മുറിച്ചാല്‍ എത്ര കഷണമാണ് ?

ദൈവം: മൂന്ന് കഷണമാണെന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് നായേ....

ഇതില്‍ ദൈവമായി പ്രതിവചിക്കുന്നതും ഭ്രാന്തന്‍ തന്നെ. പൂര്‍ണ വിരാമം, അര്‍ധവിരാമം, അങ്കുശം, ഭിത്തിക, കാകു, വലയം തുടങ്ങിയ ചിഹ്നങ്ങളുടെ ഉപയോഗരീതിയെക്കുറിച്ച് കുട്ടികള്‍ക്ക് പഠിക്കാനുണ്ട്. പരമാവധി ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതകളുള്ള ഒരു 'ഭാഷാമാതൃക'യായാണ് ഈ സംഭാഷണം ഇന്റേണല്‍ പരീക്ഷയ്‌ക്ക് ചോദ്യമായി ഉള്‍പ്പെടുത്തിയതെന്ന് ടി ജെ ജോസഫ് പറയുന്നു. പടച്ചോന്‍ എന്ന് വിളിക്കുന്നത് പൊതുവെ മുസ്ളിങ്ങളായതുകൊണ്ട് ഭ്രാന്തന്റെ സ്ഥാനത്ത് മുഹമ്മദ് എന്ന പേര് ചേര്‍ത്തു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അധ്യാപകന്റെ തികഞ്ഞ ഔചിത്യരാഹിത്യംകൊണ്ടോ വിവരക്കേടുകൊണ്ടോ അല്ലെങ്കില്‍ മനഃപൂര്‍വംതന്നെയോ കടന്നുവന്ന ഈ ചോദ്യത്തെപ്രതി സര്‍ക്കാരും സര്‍വകലാശാലയും അദ്ദേഹത്തിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചതിനു ശേഷമാണ്, എല്ലാം കെട്ടടങ്ങി എന്ന് ജനം ആശ്വസിച്ചുതുടങ്ങിയപ്പോഴാണ് ജൂലൈ നാലിന് എന്‍ഡിഎഫുകാര്‍ നടുറോട്ടില്‍ കിടത്തി ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. നാടിനെ നടുക്കിയ ഈ താലിബാന്‍ ശിക്ഷാമുറ എന്‍ഡിഎഫിന്റെ വിധ്വംസക സ്വഭാവത്തിന് ഒരിക്കല്‍കൂടി അടിവര ചാര്‍ത്തുന്നതായിരുന്നു.

എന്‍ഡിഎഫിനെക്കുറിച്ച് ഓരോ കേരളീയനും ചോദിക്കുന്ന ചില ചോദ്യങ്ങളും അവയ്‌ക്കുള്ള ഉത്തരങ്ങളുമാണ് താഴെ.

എന്താണ് എന്‍ഡിഎഫ്? അതിന്റെ പൂര്‍വ രൂപങ്ങള്‍ എന്തായിരുന്നു?

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ പലപാട് പേര് മാറ്റിയ ഇക്കൂട്ടര്‍ നാഷണല്‍ ഡവലപ്‌മെന്റ് ഫ്രണ്ട് എന്ന് പുറത്തും നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് എന്ന് അകത്തും അറിയപ്പെടുന്നു. 1980കളുടെ ആദ്യപാദത്തില്‍ 'ഇന്ത്യയുടെ മോചനം ഇസ്ളാമിലൂടെ' എന്ന് ഉദ്ഘോഷിച്ചു നടന്ന 'സിമി'യുടെ നേതൃനിരയിലും അവരുണ്ടായിരുന്നു. പിന്നീട് അവര്‍ 'കൈമ'യും (കോഴിക്കോട് യങ്മെന്‍ അസോസിയേഷന്‍) 'വൈമ' (വയനാട് യങ്മെന്‍ അസോസിയേഷന്‍)യും 'പൈമ'യും (പാലക്കാട് യങ്മെന്‍ അസോസിയേഷന്‍) ഉണ്ടാക്കി രംഗത്തു വന്നു. 1993ല്‍ എന്‍ഡിഎഫ് ആയി. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിലും എസ്‌ഡിപിഐ (സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ)യിലും എത്തിനില്‍ക്കുന്നു.

എന്താണ് ഇവരുടെ പരിപാടി?

ഇരുളില്‍ അവര്‍ നായ്‌ക്കളുടെ ഗളഹസ്‌തം നടത്തും. അബദ്ധത്തില്‍ വാലും അരിഞ്ഞുവീഴ്ത്താറുണ്ട്. ഓടുന്ന ബൈക്കില്‍ 'താളാത്മകമായി' ബാലന്‍സ് ചെയ്‌താണ് ഇത്തരം അഭ്യാസങ്ങള്‍. ഫാസിസ്‌റ്റുകളെ ചെറുക്കാനാണത്രെ ഇത്തരം മൃഗയാവിനോദങ്ങള്‍! പട്ടാപ്പകലാകട്ടെ നടുറോഡില്‍ കിടത്തി മതനിന്ദ ആരോപിച്ച് മനുഷ്യരുടെ കൈപ്പത്തി ഛേദിക്കും. എന്നിട്ട് ആരാന്റെ വീട്ടുമുറ്റത്തേക്കെറിയും. അതും കഴിഞ്ഞ് പ്രഥമശുശ്രൂഷയ്‌ക്കായി ദന്തഡോക്ടറെ കാണും. ഇതൊക്കെ കണ്ടും കേട്ടും മറ്റേ ഫാസിസ്‌റ്റുകള്‍ ഊറിച്ചിരിക്കുകയാണ്. അവര്‍ക്ക് പരമാനന്ദംകൊണ്ട് ഇരിക്കാനും വയ്യ, നില്‍ക്കാനും വയ്യ എന്ന അവസ്ഥയാണ്. 'പ്രതിരോധം അപരാധമല്ല' എന്നായിരുന്നു കുറച്ചു മുമ്പ് പറഞ്ഞുനടന്നിരുന്നത്. ഇപ്പോള്‍ 'ആക്രമണം അപരാധമല്ല' എന്ന് തിരുത്തിയിരിക്കുന്നു.

"പ്രവാചകനിന്ദയ്‌ക്കാണ് കൈപ്പത്തി വെട്ടിമാറ്റിയത്. അത് അത്ര വലിയ സംഗതിയാക്കേണ്ടതില്ല'' എന്നാണ് ചാനലുകളായ ചാനലുകളിലെല്ലാം പേര്‍ത്തും പേര്‍ത്തും എന്‍ഡിഎഫ് വക്താക്കള്‍ വാദിച്ചുകൊണ്ടിരിക്കുന്നത്. ഇത് അക്രമിസംഘത്തെ പരസ്യമായി ന്യായീകരിക്കുന്ന നിലപാടല്ലേ?

ഭീകര പ്രവര്‍ത്തനത്തെ വെള്ളപൂശുന്ന ഈ വാചകക്കസര്‍ത്ത് കേരളീയരെ അക്ഷരാര്‍ഥത്തില്‍ സ്‌തബ്‌ധരാക്കിയിരിക്കുന്നു. ഇന്ത്യയുടെ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും ജനാധിപത്യവും തങ്ങള്‍ അംഗീകരിക്കുന്നില്ല എന്നും തങ്ങള്‍ക്ക് അഹിതമായത് പ്രവര്‍ത്തിക്കുന്നവരെ സമാന്തര ശിക്ഷാവിധികളിലൂടെ നേരിടുമെന്നുമുള്ള ധിക്കാര പ്രഖ്യാപനമാണ് ഇത്. ഇങ്ങനെ വ്യത്യസ്‌ത സമുദായങ്ങളില്‍പെട്ട ഭീകരവാദികള്‍ തീരുമാനിച്ചാല്‍ നാട് കബന്ധങ്ങള്‍കൊണ്ട് നിറയും. മുഹമ്മദ്നബി തന്നെ വധിക്കാന്‍ ശ്രമിച്ചവര്‍ക്കുപോലും മാപ്പുകൊടുത്ത മഹാനുഭാവനാണ്. നബിയുടെ യശസ്സും തേജസും പതിനാല് നൂറ്റാണ്ട് പിന്നിട്ടിട്ടും ഒളിമങ്ങാതെ നിലനില്‍ക്കുന്നത് ഇത്തരം ഗുണ്ടകളുടെയും ഊളന്മാരുടെയും 'ഹസ്‌തഛേദനയജ്ഞം' കൊണ്ടല്ല. യഥാര്‍ഥത്തില്‍ 'പ്രവാചകനിന്ദ'യില്‍ മനംനൊന്തൊന്നുമല്ല ഇവര്‍ ഈ കാട്ടാളകൃത്യം നടത്തിയത്. കേരളത്തിനും ഇന്ത്യക്കും പുറത്തുള്ള ഒരു ഓഡിയന്‍സിനുവേണ്ടിയാണ് ഈ നീചകൃത്യം നടത്തിയത്; ചില ബാഹ്യശക്തികളെ പ്രീതിപ്പെടുത്താന്‍. അത്തരം ബാഹ്യശക്തികളുടെ 'കാരുണ്യം'കൊണ്ടാണ് ഇന്നോവ കാറുകളില്‍ കറങ്ങിയും ശീതീകൃത സൌധങ്ങളില്‍ ഉറങ്ങിയും ഇവര്‍ സുഖലോലുപരായി കാലക്ഷേപം നടത്തുന്നത്. ഇടയ്‌ക്കൊരാളെ കാലപുരിക്കയച്ചില്ലെങ്കില്‍, വല്ലപ്പോഴും ആരുടെയെങ്കിലും കൈവെട്ടിയില്ലെങ്കില്‍ വിദേശത്തുനിന്നുള്ള ധനപ്രവാഹം നിലയ്‌ക്കും. മതത്തിന്റെ മറപിടിച്ച് നടത്തുന്ന തീവ്രവാദ ബിസിനസ് പൊളിയും. ഇന്നത്തെ പല പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും രണ്ട് പതിറ്റാണ്ടുമുമ്പ് എങ്ങനെ ജീവിച്ചിരുന്നു, ഇപ്പോള്‍ ഏതുവിധം ജീവിക്കുന്നു എന്നന്വേഷിച്ചാല്‍ കാര്യങ്ങളുടെ കിടപ്പ് ആര്‍ക്കും അനായാസം ബോധ്യമാകും.

ഇവര്‍ക്ക് ഈ നാടിന്റെ ഭരണഘടനയിലും നീതിന്യായക്രമത്തിലും എന്തുകൊണ്ടാണ് വിശ്വാസമില്ലാത്തത് ?

എങ്ങനെ വിശ്വാസമുണ്ടാകും? ഇക്കൂട്ടര്‍ അടവും തടവും പഠിച്ച പ്രത്യയശാസ്‌ത്രക്കളരി ജമാഅത്തെ ഇസ്ളാമിയുടേതാണ്. ജമാഅത്തിലോ അതിന്റെ ആദ്യകാല വിദ്യാര്‍ഥിവിഭാഗമായ 'സിമി'യിലോ പ്രവര്‍ത്തിച്ചവരാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പല നേതാക്കളും. ജമാഅത്തിന് ഇന്ത്യന്‍ ഭരണകൂടം 'താഗൂത്തി'യാണ് (പൈശാചികം / അനിസ്ളാമികം). മനുഷ്യര്‍ക്ക് സ്വയംഭരണാവകാശമുള്ള ഒരു ഭരണസംവിധാനത്തെയും ഇക്കൂട്ടര്‍ അംഗീകരിക്കുന്നില്ല.

ഇന്ത്യന്‍ ഭരണകൂടത്തെ അംഗീകരിക്കാത്ത, ജനാധിപത്യത്തെയും മതേതരത്വത്തെയും പരമപുച്‌ഛത്തോടെ വീക്ഷിക്കുന്ന ഇവര്‍ എന്തിനാണ് 'സ്വാതന്ത്ര്യദിനാഘോഷ'ത്തിന്റെ ഭാഗമായി ഫ്രീഡം പരേഡ് നടത്തുന്നത് ?

പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് ഒരു തരം മിമിക്രിയാണ്. രാഷ്‌ട്രത്തിന്റെ സ്വാതന്ത്ര്യദിനത്തില്‍തന്നെ രാഷ്‌ട്രത്തെ കൊഞ്ഞനംകുത്തുന്ന അനുകരണാഭാസം. ഇന്ത്യന്‍ പട്ടാള റെജിമെന്റുകള്‍ ഡല്‍ഹിയില്‍ മാര്‍ച്ച് ചെയ്യുമ്പോള്‍ ഇവര്‍ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട നഗരകേന്ദ്രങ്ങളില്‍ മാര്‍ച്ച് നടത്തുന്നു. ഇന്ത്യന്‍ പട്ടാളത്തോടോ ഇന്ത്യന്‍ ജനതയോടോ ഉള്ള ഐക്യദാര്‍ഢ്യമല്ല, പ്രത്യുത വൈരമാണ് ഫ്രീഡം പരേഡിന്റെ അന്തര്‍ധാര. ഫ്രീഡം പരേഡുകള്‍ സംഘടിപ്പിക്കപ്പെടുന്ന കാലസന്ധികളില്‍തന്നെയാണ് കശ്‌മീരിലേക്ക് തീവ്രവാദ പ്രവര്‍ത്തനത്തിനായി മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്‌ത വാര്‍ത്ത കേരളീയര്‍ അമ്പരപ്പോടെ കേട്ടത്. ആര്‍ക്കും രണ്ടുരീതിയില്‍ ഒരാളെ എതിര്‍ക്കാം. ഒന്ന്, ഗൌരവത്തില്‍ നേര്‍ക്കുനേര്‍ കാര്യങ്ങള്‍ പറയാം. രണ്ട്, അയാളുടെ ചേഷ്‌ടകളും ഭിന്നഭാവങ്ങളും സംസാരരീതിയും ആക്ഷേപകരമായി അനുകരിച്ച് പരിഹാസപൂര്‍വം എതിര്‍ക്കാം. ഫ്രീഡം പരേഡ് വാസ്‌തവത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഒരു ആക്ഷേപഹാസ്യ കെട്ടുകാഴ്‌ചയാണ്. പാകിസ്ഥാനിലെ അര്‍ധസൈനിക പരേഡുമായാണ് അതിന് കൂടുതല്‍ സാമ്യം. ചാരനിറമുള്ള ഷര്‍ട്ട് പാക് അര്‍ധസൈന്യമാണ് ധരിക്കുന്നത്. വലതുകൈ നെഞ്ചോട് ചേര്‍ത്ത് ആദരം അര്‍പ്പിക്കുന്നതും പാക് സൈനികരീതിതന്നെ.

മുസ്ളിം ലീഗും എന്‍ഡിഎഫും തമ്മില്‍ എന്താണ് ? എന്‍ഡിഎഫിന്റെ വോട്ട് വേണ്ടെന്നു പറയാനുള്ള ധിക്കാരം തനിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. എന്താണ് ഇതിന്റെയൊക്കെ ഗുട്ടന്‍സ് ?

മുസ്ളിം ലീഗിന്റെ ചിറകിനടിയില്‍ വളര്‍ന്ന്, ഇപ്പോള്‍ മുസ്ളിം ലീഗിന് കുടവിരിച്ചു നില്‍ക്കുന്ന സംഘടിത സായുധ സംഘമായി എന്‍ഡിഎഫ് വളര്‍ന്നിരിക്കുന്നു. എന്‍ഡിഎഫുകാര്‍ ഉള്‍പ്പെട്ട പല കേസും പിന്‍വലിക്കാന്‍ യുഡിഎഫ് ഭരണകാലത്ത് അത്യുത്സാഹത്തോടെ മുന്നിട്ടിറങ്ങിയത് കുഞ്ഞാലിക്കുട്ടിയും അനുചരന്മാരുമാണ്. കുഞ്ഞാലിക്കുട്ടി സാഹിബിന് വോട്ടും നോട്ടുമാണ് പരമപ്രധാനം. ഉമ്മന്‍ചാണ്ടിക്കും മറ്റൊന്നല്ല. തീവ്രവാദത്തിനെതിരെ പകല്‍സമയം വഴിപാടുപോലെ മുസ്ളിം ലീഗ് വാചാടോപങ്ങള്‍ നടത്തും. പക്ഷേ, സന്ധ്യ മയങ്ങിയാല്‍ സഹശയനം അവരോടൊപ്പമാണ്. തീവ്രവാദ വിരുദ്ധ പ്രസ്‌താവങ്ങള്‍ ലീഗില്‍ വനരോദനങ്ങളായി കലാശിക്കുകയാണ് പതിവ്.

എന്‍ഡിഎഫ് എതിര്‍ക്കപ്പെടേണ്ട സംഘടനയാണ്. സംശയമില്ല. എന്നാല്‍ എങ്ങനെ?

ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും നല്‍കുന്ന സൌകര്യങ്ങള്‍ ഉപയോഗിച്ചും രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയുടെ പഴുതുകള്‍ മുതലെടുത്തുമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു വ്യവസ്ഥയുടെ സൌകര്യങ്ങള്‍ ഉപയോഗിച്ച് ആ വ്യവസ്ഥയെത്തന്നെ തുരങ്കംവയ്‌ക്കുന്ന തുരപ്പന്‍ പരിപാടി. രണ്ടാമതായി, കണക്കററ വിദേശപണം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഈ വിദേശ ധനസ്രോതസ്സ് മുറിച്ചുമാറ്റിയാല്‍ തന്നെ എന്‍ഡിഎഫിന്റെ പാതിമുക്കാല്‍ കാറ്റും പോകും. അതിന് കൈമെയ് മറന്ന് ഉത്സാഹിക്കേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരാണ്. മൂന്നാമതായി, ഇത്തരം തീവ്രവാദ സംഘടനകളുടെ കൂട്ടോ വോട്ടോ വേണ്ടെന്ന് പറയാനുള്ള ആര്‍ജവവും ദീര്‍ഘവീക്ഷണവും കൂസലില്ലായ്‌മയും മതേതര രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്കുണ്ടാകണം. അത് പക്ഷേ, ഉമ്മന്‍ചാണ്ടിയും യുഡിഎഫും പ്രദര്‍ശിപ്പിക്കുന്നില്ല. നാലാമതായി, തീവ്രവാദ പ്രവര്‍ത്തനങ്ങളെ ശക്തമായി അടിച്ചമര്‍ത്തുന്നതോടൊപ്പം തീവ്രവാദ ആശയങ്ങള്‍ക്കെതിരെയുള്ള ഒരു പ്രത്യധീരവ്യവഹാരം വമ്പിച്ച ബോധവല്‍ക്കരണത്തിലൂടെ സമൂഹത്തില്‍ സൃഷ്‌ടിക്കണം. അതില്‍ നിര്‍ണായകമായ പങ്ക് വഹിക്കാനുള്ള പ്രത്യയശാസ്‌ത്ര ദാര്‍ഢ്യവും സംഘടനാശൃംഖലകളും രാഷ്‌ട്രീയ ഇച്‌ഛാശക്തിയുമുള്ളത് ഇടതുമതേതര പ്രസ്ഥാനങ്ങള്‍ക്കാണ്.


*****

എ എം ഷിനാസ്, കടപ്പാട് : ദേശാഭിമാനി

7 comments:

വര്‍ക്കേഴ്സ് ഫോറം said...

"പ്രവാചകനിന്ദയ്‌ക്കാണ് കൈപ്പത്തി വെട്ടിമാറ്റിയത്. അത് അത്ര വലിയ സംഗതിയാക്കേണ്ടതില്ല'' എന്നാണ് ചാനലുകളായ ചാനലുകളിലെല്ലാം പേര്‍ത്തും പേര്‍ത്തും എന്‍ഡിഎഫ് വക്താക്കള്‍ വാദിച്ചുകൊണ്ടിരിക്കുന്നത്. ഇത് അക്രമിസംഘത്തെ പരസ്യമായി ന്യായീകരിക്കുന്ന നിലപാടല്ലേ?

ഭീകര പ്രവര്‍ത്തനത്തെ വെള്ളപൂശുന്ന ഈ വാചകക്കസര്‍ത്ത് കേരളീയരെ അക്ഷരാര്‍ഥത്തില്‍ സ്‌തബ്‌ധരാക്കിയിരിക്കുന്നു. ഇന്ത്യയുടെ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും ജനാധിപത്യവും തങ്ങള്‍ അംഗീകരിക്കുന്നില്ല എന്നും തങ്ങള്‍ക്ക് അഹിതമായത് പ്രവര്‍ത്തിക്കുന്നവരെ സമാന്തര ശിക്ഷാവിധികളിലൂടെ നേരിടുമെന്നുമുള്ള ധിക്കാര പ്രഖ്യാപനമാണ് ഇത്. ഇങ്ങനെ വ്യത്യസ്‌ത സമുദായങ്ങളില്‍പെട്ട ഭീകരവാദികള്‍ തീരുമാനിച്ചാല്‍ നാട് കബന്ധങ്ങള്‍കൊണ്ട് നിറയും.

Anonymous said...

ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഒന്നുമല്ലല്ലോ ഇപ്പോള്‍ കേരളം ഭരിക്കുന്നത്‌ പോലീസ്‌ കൊടിയേരി സഖാവിണ്റ്റെ കീഴിലല്ലേ? എന്താ ഇതുവരെ കേസ്‌ അന്വേഷണത്തില്‍ പുരോഗതി ഉണ്ടകാത്തത്‌? പോലീസ്‌ ഉദ്യോഗ്സ്ഥന്‍മാരെ എത്റ മാറ്റികഴിഞ്ഞു? സ്റ്റേഷനു മുന്‍പില്‍ വന്നു മുദ്രാവാക്യം വിളിക്കാനും ഭരണത്തെ വെല്ലുവിളിക്കാനും ഇവറ്‍ക്കു എങ്ങിനെ ധൈര്യം കിട്ടുന്നു? സൂഫിയ മദനിയെക്കാള്‍ താലിബാനികളായ ചില സ്ത്റീകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു പണ്ടു റജീന പറഞ്ഞ പോലെ വചകമടിക്കുന്നു ഇതൊക്കെ കാണുമ്പോള്‍ ഈ നാട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലെന്നു മനസ്സിലാകുന്നു, ഒരു ഹിന്ദു ആയിരുന്നു അധ്യാപകന്‍ എങ്കില്‍ കേസ്‌ എന്നേ തീറ്‍ന്നേനെ ഇതു ക്റ്‍സിത്യാനി ആയതു കൊണ്ട്‌ ഇത്റ എങ്കിലും എന്നിട്ടൂം നിസ്സാരമായ ചില കേസുകള്‍ ഇതുമായി യാതൊരു ബന്ധവും ഇല്ലാത്ത ചിലരുടെ പേരില്‍ ചേറ്‍ത്തു കോടതിയില്‍ വരുമ്പോള്‍ കേസ്‌ തള്ളാനുള്ള ആസൂത്റിത ശ്രമം ആണു നടക്കുന്നത്‌? കുറ്റവാളികള്‍ ദുബായില്‍ ഒന്നും പോയില്ലല്ലോ? കരുണാകരനെ കസേരയില്‍ ഒന്നു കൊണ്ടിരുത്ത്‌ വയ്യെങ്കില്‍ രണ്ടു ദിവസം കൊണ്ട്‌ ആളിനെ പിടിപ്പിക്കാന്‍ അങ്ങേറ്‍ക്കറിയാം ഒന്നും വയ്യെങ്കില്‍ മിണ്ടാതിരിക്കു എന്‍ ഡീ എഫിനു നല്ല പണമുണ്ട്‌ ഒന്നോ രണ്ടൊ കണ്ടല്‍ പാറ്‍ക്കു തുടങ്ങാന്‍ അവറ്‍ സഹായിക്കും

Shine said...
This comment has been removed by the author.
ramachandran said...

rashtreeya thimiram badichu kannu kanatha chekuthanmaroudu...............

കൈവെട്ടിയ കേസ്‌: യൂനസ്‌ പിടിയില്‍‍

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ മുഖ്യ പ്രതികളില്‍ ഒരാളായ യുനസ്‌ പോലീസ്‌ പിടിയിലായി. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനായ യുനസ്‌ സംഭവത്തിന്റെ സൂത്രധാരനാണെന്ന്‌ പോലീസ്‌ വെളിപ്പെടുത്തി. ഇയാള്‍ ഉള്‍പ്പെടെ മൂന്നു പ്രതികള്‍ക്കെതിരെ പോലീസ്‌ നേരത്തെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു. കേസ്‌ അന്വേഷിക്കുന്ന പോലീസ്‌ സംഘത്തിന്റെ യോഗം മൂവാറ്റുപുഴയില്‍ നടക്കുകയാണ്‌. യോഗത്തിനു ശേഷം യുനീസിന്റെ അറസ്‌റ്റ് രേഖപ്പെടുത്തുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

യുനിസിനെ പാലക്കാട് വച്ചാണ് പിടികൂടിയതെന്ന് സൂചനയുണ്ട്. സംഭവത്തിനു ശേഷം ബംഗലൂരുവിലേക്ക് കടന്ന ഇയാള്‍ക്കു വേണ്ടി അന്വേഷണം ബംഗലൂരുവിലേക്ക് നീങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാള്‍ തമിഴനാട്ടിലെ നാഗൂരില്‍ നിന്നും പാലക്കാട്ടേക്ക് വന്നത്. എസ്.പി പി. ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. യുനസിനെ ഇപ്പോള്‍ മൂവാറ്റുപുഴയില്‍ പോലീസ് ചോദ്യം ചെയ്തുവരികയാണ്. വൈകിട്ട് അഞ്ചുമണിയോടെ അറസ്റ്റു രേഖപ്പെടുത്തിയേക്കും. ഇയാളെ പിടികൂടുന്നതിനിടെ കൈവെട്ട് കേസുമായി ബന്ധപ്പെട്ട മറ്റൊരു പ്രതി ഓടി രക്ഷപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

eda arooshiyude lokame...
ninte theettam thoorivekkanullathalla ee blog ...
eni ee bagathu kandu pokaruth ninne... chette...........

Shine said...

“എങ്ങനെ വിശ്വാസമുണ്ടാകും? ഇക്കൂട്ടര്‍ അടവും തടവും പഠിച്ച പ്രത്യയശാസ്‌ത്രക്കളരി ജമാഅത്തെ ഇസ്ളാമിയുടേതാണ്. ജമാഅത്തിലോ അതിന്റെ ആദ്യകാല വിദ്യാര്‍ഥിവിഭാഗമായ 'സിമി'യിലോ പ്രവര്‍ത്തിച്ചവരാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പല നേതാക്കളും. ജമാഅത്തിന് ഇന്ത്യന്‍ ഭരണകൂടം 'താഗൂത്തി'യാണ് (പൈശാചികം / അനിസ്ളാമികം).”

ജമാ-അത്തെ ഇസ്ലാമിയെ കുറിച്ചു ചില ചിന്തകൾ

ജനാധിപത്യ വിശ്വാസം നന്ന്. മനുഷ്യ പുരോഗതിയിൽ എടുത്തു പറയാവുന്ന ഒരു കാര്യം. ഇന്ത്യ അതു നടപ്പാക്കുന്നതിൽ ഒരു മികച്ച ഉദാഹരണം.
ഏന്നിരിക്കെ ബാക്കി എല്ലാം തെറ്റു ആണെന്നുണ്ടോ? മറ്റുള്ള വഴികളെ കുറിച്ചു ചിന്തിക്കാനോ പഠിക്കാനോ പാടില്ല എന്നുണ്ടോ? അതൊരുതരം ഫാഷിസമല്ലേ. തന്റെ വിശ്വാസം കൊണ്ടു നടക്കാനും അതു ജീവിതത്തിൽ പ്രാക്റ്റിസ് ചെയ്യാനും ഇന്ത്യൻ ജനാധിപത്യത്തിലെ രീതികൾ ഉപയോഗിച്ച് സാമൂഹിക രാഷ്ട്രീയ ഇടപ്പെടൽ നടത്താനും ജമാത്തെ ഇസ്ലാമി ശ്രമിക്കുന്നു. അതിൽ അസഹിഷ്ണുത പുലർത്തേണ്ടതില്ല.

കാലം തെളിയിക്കും ആരാണു വിജയികളെന്ന്

ജിപ്പൂസ് said...

കിടിലന്‍ ലേഖനം.അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്നല്ലേ.എന്നെക്കൊണ്ടായത് ദാ ഇവിടെ
വായിക്കാം.

*free* views said...

Arushi made some very illogical statements ... very very blind and one sided .... I still cannot find logic how this person could find some logic in the religion of the victim ... god some people really are blind in their opposition ....

I really stand with the party on this issue and I do agree that party took a principled stand even though it might be costly during election. I do not think many people in Kerala thought about the religion of the victim, does not make a difference if he was Hindu or Christian or even Muslim, in fact it could even have been Muslim and people would have reacted the same way.

Congragulations on the party stand and showed how shallow Congress is when it comes to votebank politics. Why do politicians think of using any issue for their own benefit?