Saturday, July 31, 2010

വാചാവിമര്‍ശനത്തിലെ അപകടം

നിരായുധനാക്കിയിട്ട് ആക്രമിക്കുക എന്നത് യുദ്ധത്തില്‍പോലും മാന്യതയ്ക്ക് ചേര്‍ന്നതല്ല. ഇത് കോടതി നടത്തുന്ന വാചാവിമര്‍ശനങ്ങള്‍ക്കും ബാധകമാകേണ്ടതാണ്. ആരെയാണോ വിമര്‍ശിക്കുന്നത്, അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാതിരിക്കുക എന്നാലതിനര്‍ഥം സ്വയം പ്രതിരോധിക്കാനുള്ള അവസരം നിഷേധിക്കുക എന്നതുതന്നെയാണ്. ഇത് വിമര്‍ശനത്തിനിരയാവുന്നവരെ സംബന്ധിച്ചിടത്തോളം നിസ്സഹായമായ ഒരവസ്ഥയാണ്. ആ നിസ്സഹായാവസ്ഥയുടെ ദൈന്യം വര്‍ധിക്കുന്നു; വിമര്‍ശനം വാചാലുള്ളതാവുമ്പോള്‍. രേഖാമൂലമുള്ളതാണ് വിമര്‍ശനമെങ്കില്‍, അത് മേല്‍ക്കോടതികളില്‍ പോയി റദ്ദാക്കിക്കാം. വാക്കാലുള്ളതാകുമ്പോള്‍ അതിനുപോലും പഴുതില്ല എന്നുവരുന്നു. അത്തരമൊരു നിസ്സഹായാവസ്ഥയില്‍ കക്ഷിയെ കൊണ്ടുചെന്നു നിര്‍ത്തുക എന്നത് നമ്മുടെ ജുഡീഷ്യറിയെ രൂപകല്‍പ്പന ചെയ്തവര്‍ അതിവിദൂര സാധ്യതയായിപ്പോലും ആലോചിച്ചിട്ടുണ്ടാവില്ല. കാരണം, ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന ചിന്തയായിരുന്നല്ലോ, അവരെ നയിച്ചിരുന്നത്.

വാചാവിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതല്ല എന്ന് കോടതിക്ക് പറയാം. വിവരങ്ങളുടെ എല്ലാ വശങ്ങളുമറിഞ്ഞ് സ്വയം ബോധ്യപ്പെടാനുള്ള ആരായലുകള്‍ മാത്രമാണവ എന്നു ചില ജഡ്ജിമാര്‍തന്നെ വിശദീകരിച്ചിട്ടുമുണ്ട്. പക്ഷേ, അത്തരം ആരായലുകള്‍ക്കപ്പുറത്തേക്ക് നിശിതവിമര്‍ശനങ്ങളായി മാറുന്നു പലപ്പോഴും വാക്കുകള്‍. അത്തരം വാക്കുകളൊക്കെ ഒപ്പിയെടുത്ത് മാധ്യമങ്ങളില്‍ നിരത്തുന്നതായിപ്പോയി നമ്മുടെ മാധ്യമരീതി എന്നത് മറ്റൊരു വശം. അത് തടയാന്‍ ജുഡീഷ്യറി ഇതുവരെ ഒന്നും ചെയ്തിട്ടുമില്ല.

നിശിതങ്ങളോ, ആക്ഷേപകരങ്ങളോ ആയ പരാമര്‍ശങ്ങള്‍ പ്രമുഖ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നേര്‍ക്കുണ്ടായാല്‍ അത് പത്രങ്ങളിലും ടെലിവിഷനുകളിലും വരും എന്നതാണ് പ്രായോഗികതലത്തിലെ യാഥാര്‍ഥ്യം എന്നത് ജഡ്ജിമാര്‍ക്കറിയാത്തതല്ല. അതറിഞ്ഞിട്ടും, കേസ് നടപടികള്‍ക്കിടയ്ക്കുതന്നെ രൂക്ഷമായ വാചാവിമര്‍ശനങ്ങള്‍ കൂടിക്കൂടിവരുന്നു.

ഈ പരമ്പരയിലെ ഏറ്റവും പുതിയതാണ്, ഗവണ്‍മെന്റ് മാഫിയയുടെ പിടിയിലാണെന്നും പൊലീസിനു പറ്റില്ലെങ്കില്‍ പട്ടാളത്തെയിറക്കാന്‍ ഉത്തരവിടും എന്നും മറ്റുമുള്ള വെള്ളിയാഴ്ചത്തെ കോടതി പരാമര്‍ശം. പൊലീസിന് ഇക്കാര്യത്തില്‍ എന്തു പറയാനുണ്ട് എന്നതു കേട്ടിട്ടല്ല കോടതി ഇങ്ങനെ വിമര്‍ശിച്ചത്. അതുകൊണ്ടാണ് നിരായുധനെ ആക്രമിക്കുംപോലെയാണിത് എന്നു പറയേണ്ടിവരുന്നത്. ആക്ഷേപകരമായ ഈ പരാമര്‍ശങ്ങള്‍ പറ്റിച്ച കറ കഴുകിക്കളയാനുള്ള അവസരം സംസ്ഥാന ഗവണ്‍മെന്റിനു നിഷേധിക്കപ്പെടുന്നു. കാരണം, രേഖാമൂലമുള്ളതല്ല ഈ വിമര്‍ശനം. വാചാലുള്ള വിമര്‍ശനത്തെ മുന്‍നിര്‍ത്തി സംസ്ഥാന ഗവണ്‍മെന്റിന് എങ്ങനെ മേല്‍കോടതിയെ സമീപിക്കാന്‍ കഴിയും? അതുകൊണ്ടാണ് നിസ്സഹായതയുടെ ദൈന്യം വര്‍ധിക്കുന്നു എന്ന് പറയേണ്ടിവരുന്നത്. ഇത് നീതിന്യായത്തിന്റെ ഉന്നത മാനദണ്ഡങ്ങള്‍ക്കു നിരക്കുന്നതുതന്നെയോ എന്നു കോടതിതന്നെ ആലോചിക്കേണ്ടതാണ്. ഒന്നും ഒളിച്ചുവയ്ക്കാനാവാത്ത മാധ്യമസംസ്കാരത്തിന്റെ പുതിയ കാലത്ത് കോടതിയുടെ വാചാവിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ തമസ്കരിക്കുമെന്നു കരുതുന്നതില്‍ അര്‍ഥമൊന്നുമില്ല.

കേസുകളിലെ അന്തിമ വിധിതീര്‍പ്പ്, നേരത്തെ നടത്തിയ വാചാവിമര്‍ശനത്തിന്റെ സ്പിരിറ്റിന് നേര്‍ വിപരീതമായ സംഭവങ്ങളുമുണ്ട്. പരിയാരം കേസ് തന്നെ ഉദാഹരണം. പരിയാരം ആശുപത്രി ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിനെ ചോദ്യംചെയ്ത എം വി രാഘവന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയില്‍, കോടതി ചോദിച്ചത് 'ഇത് ബിഹാറാണോ' എന്നാണ്. ദീര്‍ഘകാലം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിനെതിരെ ആ ചോദ്യം സംസ്ഥാനത്ത് അലയടിച്ചു. എന്നാല്‍, ഒടുവില്‍ കോടതി ഹര്‍ജി തള്ളി. ചുരുക്കം പറഞ്ഞാല്‍, അന്തിമവിധിക്ക് ഇല്ലായ്മചെയ്യാന്‍ കഴിയാത്തത്ര വലിയ അപകീര്‍ത്തിയാണ് ആ ഇടക്കാല പരാമര്‍ശം ഉണ്ടാക്കിവച്ചത്. ഇത് ബിഹാറാണോ എന്ന ചോദ്യം കേരളത്തില്‍ പ്രസക്തമേ ആയിരുന്നില്ല എന്നതിന് ആ അന്തിമവിധിതന്നെ സാക്ഷ്യപത്രമാവുന്നു.

ഒരു തെരഞ്ഞെടുപ്പ് വന്ന ഘട്ടത്തിലാണ് കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നു എന്ന ആക്ഷേപം കോടതിയില്‍നിന്നുണ്ടായത്. പിന്നീട് വളരെ മാസങ്ങള്‍ക്കുശേഷം സുപ്രീംകോടതി അത് നീക്കി. പക്ഷേ, ജനവിധിയെവരെ സ്വാധീനിക്കാന്‍ പാകത്തില്‍ മൂര്‍ച്ചയുള്ളതായിരുന്നു ഹൈക്കോടതിയുടെ ആക്ഷേപം. അതിന് അടിസ്ഥാനമില്ലെന്ന് പിന്നീട് സുപ്രീംകോടതി പറഞ്ഞെങ്കിലും ആ ആക്ഷേപംകൊണ്ട് ആ ഘട്ടത്തില്‍ കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മതേതര രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് ആരു പരിഹാരംചെയ്യും?

സംസ്ഥാന ഗവണ്‍മെന്റിനെതിരെ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍, അത് ഒരു ഭരണഘടനാസ്ഥാപനത്തിനെതിരെയുള്ളതാണ് എന്നത് കോടതി മറന്നുകൂടാത്തതാണ്. ജനാധിപത്യത്തില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയോട് ജുഡീഷ്യറിക്ക് ആദരവാണുണ്ടാവേണ്ടത്. മന്ത്രിസഭയ്ക്ക് ജുഡീഷ്യറിയോടും അങ്ങനെതന്നെ. ലജിസ്ലേച്ചറും എക്സിക്യൂട്ടീവും ജുഡീഷ്യറിയും പസ്പര ആദരവോടെ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനത്തെയാണ് ഭരണഘടന വിഭാവനംചെയ്യുന്നത്. അതില്‍ ഒന്നു മറ്റൊന്നിനെ ആക്ഷേപിക്കുകയോ മറ്റൊന്നിന്റെ അധികാരപരിധിയിലേക്ക് കടന്നുകയറുകയോ ചെയ്താല്‍ ജനാധിപത്യവ്യവസ്ഥതന്നെ തകരും. ഭരണഘടനാധികാരമുള്ള ഒരു പരമാധികാരസ്ഥാപനം അതേ അധികാരമുള്ള മറ്റൊരു സ്ഥാപനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പാലിക്കേണ്ട ഭാഷയുടെ മര്യാദയും വിസ്മരിക്കപ്പെട്ടുകൂടാത്തതാണ്. ഇതില്‍നിന്ന് വ്യത്യസ്തമായി ഭരണഘടനയ്ക്കുള്ള പരമമായ സ്ഥാനത്തിന് ഇന്ത്യ കല്‍പ്പിക്കുന്ന പവിത്രതയാണ് പലപ്പോഴും പലരും മറന്നുപോവുന്ന കാര്യം. നിയമനിര്‍മാണസഭയും നിര്‍വാഹകവിഭാഗവും നീതിന്യായപീഠവും ഭരണഘടനയുടെ സൃഷ്ടികളാണ്. അവയെല്ലാം ഭരണഘടനയ്ക്ക് താഴെയേ വരുന്നുള്ളൂ.

1953ല്‍ എ കെ ഗോപാലന്‍ കേസില്‍ മദിരാശി ഹൈക്കോടതിയിലെ ജസ്റ്റിസ് രാഘവറാവു പറഞ്ഞ പ്രസക്തമായ ഒരു കാര്യമുണ്ട്. ലജിസ്ലേച്ചറും എക്സിക്യൂട്ടീവും ജുഡീഷ്യറിയും ഭരണഘടനപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇതില്‍ ഒന്ന് മറ്റൊന്നിനു നല്‍കുന്ന ആദരവാണ് ഭരണഘടന കുറ്റമറ്റ നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്ന ഘടകമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന അനുവദിക്കുന്നിടംവരെയേ ഇതില്‍ ഓരോന്നിനും പരമാധികാരമുള്ളൂ. തെരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിസഭ ഇരിക്കെ, പട്ടാളത്തെ വിളിക്കാമെന്നു കോടതി പറയുമ്പോള്‍ അപകടപ്പെടുന്നത് ജനാധിപത്യത്തിന്റെ മൂല്യങ്ങളാണ്. കലുഷമായ കശ്മീരില്‍പോലും പട്ടാളത്തെ 'സ്റ്റാന്‍ഡ്ബൈ' ആയി നിര്‍ത്തിയിട്ടേയുള്ളൂ എന്നോര്‍ക്കണം. മാവോയിസ്റ്റ് ഭീകരത നൂറുകണക്കിന് ആളുകളെ കൊന്നയിടങ്ങളില്‍പ്പോലും കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ഓര്‍ക്കണം. പട്ടാളം ഇന്ത്യന്‍ ജനതയെ നേരിടാനുള്ളതല്ല. അതിര്‍ത്തിക്കപ്പുറത്തെ ശത്രുസൈന്യത്തെ നേരിടാനുള്ളതാണ് എന്നും ഓര്‍ക്കണം. അത്തരം ഓര്‍മകള്‍ ഭരണഘടനാസ്ഥാപനങ്ങള്‍തന്നെ കൈവിട്ടാല്‍ സ്ഥിതി അപകടകരമാകും. ഭരണഘടനാസ്ഥാപനങ്ങള്‍ തമ്മില്‍, നേരിടലിന്റേതായ വൈഷമ്യമുഹൂര്‍ത്തങ്ങള്‍ ഉണ്ടാവാതെ നോക്കാന്‍ അത്തരം സ്ഥാപനങ്ങള്‍ക്കുതന്നെ ചുമതലയുണ്ട്.

*
പ്രഭാവര്‍മ കടപ്പാട്: ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നിരായുധനാക്കിയിട്ട് ആക്രമിക്കുക എന്നത് യുദ്ധത്തില്‍പോലും മാന്യതയ്ക്ക് ചേര്‍ന്നതല്ല. ഇത് കോടതി നടത്തുന്ന വാചാവിമര്‍ശനങ്ങള്‍ക്കും ബാധകമാകേണ്ടതാണ്. ആരെയാണോ വിമര്‍ശിക്കുന്നത്, അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാതിരിക്കുക എന്നാലതിനര്‍ഥം സ്വയം പ്രതിരോധിക്കാനുള്ള അവസരം നിഷേധിക്കുക എന്നതുതന്നെയാണ്. ഇത് വിമര്‍ശനത്തിനിരയാവുന്നവരെ സംബന്ധിച്ചിടത്തോളം നിസ്സഹായമായ ഒരവസ്ഥയാണ്. ആ നിസ്സഹായാവസ്ഥയുടെ ദൈന്യം വര്‍ധിക്കുന്നു; വിമര്‍ശനം വാചാലുള്ളതാവുമ്പോള്‍. രേഖാമൂലമുള്ളതാണ് വിമര്‍ശനമെങ്കില്‍, അത് മേല്‍ക്കോടതികളില്‍ പോയി റദ്ദാക്കിക്കാം. വാക്കാലുള്ളതാകുമ്പോള്‍ അതിനുപോലും പഴുതില്ല എന്നുവരുന്നു. അത്തരമൊരു നിസ്സഹായാവസ്ഥയില്‍ കക്ഷിയെ കൊണ്ടുചെന്നു നിര്‍ത്തുക എന്നത് നമ്മുടെ ജുഡീഷ്യറിയെ രൂപകല്‍പ്പന ചെയ്തവര്‍ അതിവിദൂര സാധ്യതയായിപ്പോലും ആലോചിച്ചിട്ടുണ്ടാവില്ല. കാരണം, ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന ചിന്തയായിരുന്നല്ലോ, അവരെ നയിച്ചിരുന്നത്.