ജുഡീഷ്യറിയെ ഭയപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിച്ചതിന്റെ ചരിത്രമാണ് കോൺഗ്രസിനുള്ളത്. ജുഡീഷ്യറിയുടെ രക്ഷകരായി ചമയാനുള്ള ഇന്നത്തെ അവരുടെ പുറപ്പാടിനു മായ്‌ക്കാനാവാത്തതാണ് ആ കറുത്ത ചരിത്രം. അടിയന്തരാവസ്ഥയ്‌ക്കു തൊട്ടുമുമ്പ് അലഹബാദ് ഹൈക്കോടതിവിധി നിരുപാധികം സ്‌റ്റേ ചെയ്യിക്കാനായി സുപ്രീംകോടതി ജഡ്‌ജിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകപോലും ചെയ്‌തു കോൺഗ്രസ്. സ്വാധീനവും സമ്മദര്‍വുമായി സമീപിച്ചത് ആ കേസ് കേള്‍ക്കേണ്ട ജസ്‌റ്റിസ് വി ആര്‍ കൃഷ്ണയ്യരെ ആയിരുന്നു. അതു ചെയ്‌തതാകട്ടെ, കോൺഗ്രസ് തീരുമാനപ്രകാരം അന്നു നിയമമന്ത്രിയായിരുന്ന എച്ച് ആര്‍ ഗോഖലെയും!
അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പു റദ്ദാക്കിയിരുന്നു. അഴിമതി, ഭരണയന്ത്രം ദുരുപയോഗിക്കല്‍, കൃത്രിമം തുടങ്ങിയവ മുന്‍നിര്‍ത്തിയായിരുന്നു ആ നടപടി. ആറുവര്‍ഷത്തേക്ക് മത്സരിക്കുന്നതില്‍നിന്ന് ഇന്ദിരാഗാന്ധിയെ വിലക്കുകയുംചെയ്‌തു. ഇന്ദിരാഗാന്ധി അസ്വസ്ഥയായി. ഹൈക്കോടതി വിധിയെ എങ്ങനെയെങ്കിലും മറികടന്നേ പറ്റൂ. സുപ്രീംകോടതിയില്‍നിന്ന് നിരുപാധിക സ്‌റ്റേ കിട്ടിയില്ലെങ്കില്‍ വിഷമമാവും.
ഈ അവസ്ഥയിലാണ് കേസ് സുപ്രീംകോടതിയുടെ പരിഗണനയ്‌ക്കുവരുന്ന ഘട്ടത്തില്‍ ജസ്‌റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ ഔദ്യോഗിക വസതിയിലേക്കു ഇന്ദിരാഗാന്ധിയുടെ ദൂതുമായി നിയമമന്ത്രി ഫോൺ വിളിച്ചത്. അടിയന്തരമായി കാണണമെന്നായി മന്ത്രി. കാണേണ്ട കാര്യമെന്തെന്നായി കൃഷ്‌ണയ്യര്‍. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി അസാധുവാക്കിയിട്ടുണ്ടെന്നും അതു സ്‌റ്റേ ചെയ്യണമെന്ന് അഭ്യര്‍ഥിക്കാനാണു കാണുന്നതെന്നുമായി മന്ത്രി. വക്കീല്‍മുഖേന രജിസ്‌ട്രാര്‍മുമ്പാകെ അപ്പീല്‍ ബോധിപ്പിച്ചാല്‍ മതിയെന്നും ഇതിനായി തന്നെ കാണാനനുവദിക്കുന്ന പ്രശ്‌നമില്ലെന്നും ജസ്‌റ്റിസ് കൃഷ്ണയ്യര്‍ തീര്‍ത്തുപറഞ്ഞു.
75 ജൂൺ 24ന് അപ്പീല്‍ പരിഗണനയ്‌ക്കെടുത്തു. ഇന്ദിരാഗാന്ധിക്കുവേണ്ടി നാനി പല്‍ക്കിവാലയും രാജ്‌നാരായണനുവേണ്ടി ശാന്തി ഭൂഷണും വാദിച്ചു. തലേന്നുതന്നെ ജസ്‌റ്റിസ് കൃഷ്ണയ്യര്‍ക്കു പ്രത്യേക സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജീവനുതന്നെ ഭീഷണിയുണ്ടെന്നും ഉച്ചഭക്ഷണത്തിനു പിരിയുകയാണെങ്കില്‍ രക്ഷാസംവിധാനമേര്‍പ്പെടുത്തുക വിഷമകരമായിരിക്കും എന്നും പൊലീസ് ജസ്-റ്റിസ് കൃഷ്ണയ്യരെ അറിയിച്ചു. ഉച്ചഭക്ഷണത്തിന്റെ ഇടവേളപോലും ഉപേക്ഷിച്ചാണ് സുപ്രീംകോടതി അന്നു വാദം കേട്ടത്. പിറ്റേന്നത്തെ വിധിയില്‍ നിരുപാധികമായ സ്‌റ്റേ വേണമെന്ന ഇന്ദിരാഗാന്ധിയുടെ ആവശ്യം തള്ളപ്പെട്ടു. ആറുമാസംവരെ പ്രധാനമന്ത്രിയായി തുടരുന്നതിന് തടസ്സമില്ലെന്നും എന്നാല്‍, ലോകസഭാംഗം എന്ന നിലയ്‌ക്ക് പ്രവര്‍ത്തിക്കാന്‍ ഇന്ദിരയ്‌ക്ക് അവകാശമില്ലെന്നുമായിരുന്നു വിധി. ഇതേത്തുടര്‍ന്ന് ഇന്ദിരാഗാന്ധിക്കുണ്ടായ ക്രോധമാണ് തൊട്ടുപിന്നാലെ അടിയന്തരാവസ്ഥാ പ്രഖ്യാപനമായി പരിണമിച്ചത്.
ജഡ്‌ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് എന്തു മറുപടിയാണ് കോൺഗ്രസിനു പറയാനുള്ളത്? കേസ് കേട്ട ജഡ്‌ജിയുടെ ജീവനുനേര്‍ക്ക് ഭീഷണി ഉയര്‍ത്തിയതിനെക്കുറിച്ച് എന്താണ് കോൺഗ്രസിനു പറയാനുള്ളത്? പ്രവൃത്തികൊണ്ടുതന്നെ ജുഡീഷ്യറിയെ ഭയപ്പെടുത്താന്‍ നോക്കിയവരാണ് ഇന്ന് ഒരു പ്രസംഗത്തിലെ വാക്ക് മുന്‍നിര്‍ത്തി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രസംഗിക്കുന്നത് ! പൌരന് ജീവിച്ചിരിക്കാനുള്ള സ്വാതന്ത്ര്യത്തെ അടിയന്തരാവസ്ഥയില്‍ മാനിക്കേണ്ടതില്ലെന്ന് സുപ്രീംകോടതിയില്‍ സ്‌റ്റേറ്റ് അറ്റോര്‍ണി നിരൺ ഡേയെക്കൊണ്ട് പറയിച്ചവരാണ് ഇന്ന് ഭരണഘടനയുടെ സംരക്ഷകവേഷമണിയുന്നത !
ജഡ്‌ജിമാരെ തന്നിഷ്‌ടപ്രകാരം പന്തടിച്ചുകളിച്ച പാരമ്പര്യമാണ് കോൺഗ്രസിനുള്ളത്. അടിയന്തരാവസ്ഥയില്‍ ജീവിച്ചിരിക്കാനുള്ള സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച ഏക ജഡ്‌ജി എച്ച് ആര്‍ ഖന്നയായിരുന്നു. പ്രൊമോഷന്റെ ഘട്ടത്തില്‍ ഏറ്റവും സീനിയര്‍ ജഡ്‌ജി ആയിരുന്ന ഖന്നയെ തട്ടിമാറ്റിക്കൊണ്ട് സീനിയോറിറ്റി ലിസ്‌റ്റില്‍ മൂന്നാംസ്ഥാനത്തായിരുന്ന ജസ്‌റ്റിസ് ബേഗിനെ ചീഫ് ജസ്‌റ്റിസാക്കി. ജഡ്‌ജി നിയമനങ്ങളിലും പ്രൊമോഷനുകളിലും എൿസിക്യൂട്ടീവിന് അമിതാധികാരത്തോടെ ഇടപെടാനുള്ള അവസരമുണ്ടായിരുന്ന കാലമാണ് അത് എന്നോര്‍ക്കണം. തങ്ങള്‍ക്ക് അപ്രിയമുള്ള വിധി എഴുതിയാല്‍ പ്രൊമോഷന്‍ ലഭിക്കില്ല എന്ന പാഠമാണ് അന്ന് കോൺഗ്രസ് ജുഡീഷ്യറിക്കു നല്‍കിയത്. ഭൂരിപക്ഷം ജഡ്‌ജിമാരും അറ്റോര്‍ണി ജനറല്‍ നിരൺ ഡേയുടെ വാദത്തോടു യോജിച്ചപ്പോള്‍ വിയോജനക്കുറിപ്പിലൂടെ പൌരന്റെ ജീവിച്ചിരിക്കാനുള്ള സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചതിനുള്ള ശിക്ഷയാണ് എച്ച് ആര്‍ ഖന്നയ്‌ക്കു നല്‍കിയത്.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയിലെ വിവിധ ഹൈക്കോടതികളിലായി 18 ജഡ്‌ജിമാര്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളനുവദിച്ചു. പൊലീസ് പിടിച്ചുകൊണ്ടുപോയവരെ ഹാജരാക്കാനുള്ള ഹര്‍ജികള്‍. ആ പതിനെട്ടുപേരും അടിയന്തരാവസ്ഥയില്‍തന്നെ സ്ഥലംമാറ്റപ്പെട്ടു. എന്തൊരു ന്യായബോധം! തങ്ങള്‍ക്ക് അസ്വീകാര്യമായ നിലപാടെടുക്കുന്ന ജഡ്‌ജിമാരെ ദ്രോഹിക്കുക മാത്രമല്ല, സ്വീകാര്യമായ വിധി എഴുതുന്നവരെ സഹായിക്കുകകൂടി ചെയ്‌തിരുന്നു അന്നു കോൺഗ്രസിന്റെ നീതിബോധം!
1973 ഏപ്രില്‍ 24നാണ് കേശവാനന്ദഭാരതികേസില്‍ ഭൂരിപക്ഷ വിധിപ്രസ്‌താവം വന്നത്. അടിസ്ഥാനഘടനയെ ഉലയ്‌ക്കുന്ന വിധത്തിലുള്ള ഭേദഗതികള്‍ ഭരണഘടനയില്‍ വരുത്തിക്കൂടാ എന്നതായിരുന്നു ഭൂരിപക്ഷ വിധി. ഇത് കോൺഗ്രസ് ഗവമെന്റിന് ഇഷ്‌ടമായില്ല. അടിയന്തരാവസ്ഥയിലേക്കു കാര്യങ്ങള്‍ നീങ്ങിത്തുടങ്ങുന്ന ഘട്ടമാണ്. വന്‍ പ്രതിഷേധ പ്രസ്ഥാനങ്ങള്‍ രാജ്യവ്യാപകമായി വളര്‍ന്നുവരുന്ന ഘട്ടം. ഭരണഘടനതന്നെ ഭരണാധികാരികള്‍ക്കു തടസ്സമായി തോന്നിയ ഘട്ടം. ആ വിധി ഉണ്ടാക്കിയ അസൌകര്യം ചെറുതല്ല. ആ വിധിക്ക് ഒരേയൊരു ജഡ്‌ജി വിയോജനക്കുറിപ്പ് എഴുതി- ജസ്‌റ്റിസ് എ എന്‍ റേ ആയിരുന്നു അത്. അത് കോൺഗ്രസിനു സന്തോഷമുണ്ടാക്കി. റേയെ തൊട്ടുപിറ്റേന്നുതന്നെ ചീഫ് ജസ്‌റ്റിസ് സ്ഥാനത്തേക്ക് കോൺഗ്രസ് ഗവൺമെന്റ ഉയര്‍ത്തുകയുംചെയ്‌തു!
അതിലൂടെ ഏതുതരം സന്ദേശമാണ് കോൺഗ്രസ് ജുഡീഷ്യറിക്കു കൊടുത്തത് എന്നതു വ്യക്തം. നിയമജ്ഞരുടെ ഭാഗത്തുനിന്ന് അതിനിശിതമായ വിമര്‍ശങ്ങള്‍ കോൺഗ്രസ് സര്‍ക്കാരിന് നേര്‍ക്കു ക്ഷണിച്ചുവരുത്തിയ നടപടിയായിരുന്നു അത്. സുപ്രീംകോടതിയിലെ മുന്‍ ചീഫ് ജസ്‌റ്റിസ് എം ഹിദായത്തുള്ള, പ്രഗത്ഭനായ നാനി പല്‍ക്കിവാല എന്നിവര്‍ ആ നടപടിയെ വിശേഷിപ്പിച്ചത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ തുരങ്കം വയ്‌ക്കുന്ന ഹീനകൃത്യം എന്നാണ്. അന്ന് നിയമമന്ത്രി പറഞ്ഞത്, ഗവൺമെന്റിന്റെ കണ്ണില്‍ ഏറ്റവും യോജിച്ചയാള്‍ എന്ന് തോന്നുന്നയാളെ ചീഫ് ജസ്‌റ്റിസാക്കാന്‍ വിവേചനാധികാരമുണ്ട് എന്നാണ്. ഗവൺമെന്റിന്റെ കണ്ണില്‍ യോജിച്ചയാള്‍ എന്ന പ്രയോഗം ചിന്തിക്കാന്‍ വകതരുന്നു.
പ്രശസ്‌ത പത്രപ്രവര്‍ത്തകനായ കുല്‍ദീപ് നയ്യാരെ അടിയന്തരാവസ്ഥയില്‍ അറസ്‌റ്റ് ചെയ്‌ത് തടവിലാക്കിയത് നിയമവിരുദ്ധമാണെന്ന് പറഞ്ഞ 'തെറ്റി'ന് ഡല്‍ഹി ഹൈക്കോടതിയിലെ രണ്ട് ജഡ്‌ജിമാര്‍ ശിക്ഷിക്കപ്പെട്ടു. ജസ്‌റ്റിസ് ആർ എന്‍ അഗര്‍വാള്‍, ജസ്‌റ്റിസ് എസ് രംഗരാജന്‍ എന്നിവര്‍. വിധിക്കു പിന്നാലെ ജസ്‌റ്റിസ് എസ് രംഗരാജന്‍ ഗുവഹട്ടിയിലേക്ക് സ്ഥലംമാറ്റപ്പെട്ടപ്പോള്‍ ആര്‍ എൻ അഗര്‍വാള്‍ സെഷന്‍സ് കോടതിയിലേക്ക് തരംതാഴ്ത്തപ്പെട്ടു.
അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിക്കെതിരെ വിധി പറഞ്ഞല്ലോ. പരാതിക്കാരനായ രാജ്‌നാരായണനുവേണ്ടി അന്ന് വാദിച്ചത് ജസ്‌റ്റിസ് ആര്‍ സി ശ്രീവാസ്‌തവയാണ്. പില്‍ക്കാലത്ത് അലഹബാദ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്‌ജിയായി ശ്രീവാസ്‌തവ. ആ ഘട്ടത്തില്‍ കോൺഗ്രസ് ഗവൺമെന്റ് അദ്ദേഹത്തിന്റെ രാഷ്‌ട്രീയബന്ധങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവിറക്കി. അതില്‍ പ്രതിഷേധിച്ച് സ്ഥാനം രാജിവച്ചുപോകുകയായിരുന്നു അദ്ദേഹം. ജഡ്‌ജി സ്ഥാനത്ത് സ്ഥിരപ്പെടുത്തേണ്ട ഘട്ടത്തിലായിരുന്നു അന്വേഷണം! തങ്ങള്‍ക്ക് കീഴ്വഴങ്ങി നില്‍ക്കുന്ന ജുഡീഷ്യറി. ഇതായിരുന്നു എന്നും കോൺഗ്രസിന്റെ നിലപാട്.
1977ല്‍ ഇന്ദിരാഗാന്ധിയെ വിട്ടയച്ച് ഉത്തരവ് പുറപ്പെടുവിച്ച ആര്‍ പി ദയാലിന് ജഡ്‌ജിയുടേതിനേക്കാള്‍ ഇരട്ടിയിലധികം രൂപ കിട്ടുന്ന സ്ഥാനത്ത് പുനര്‍നിയമനം! കോൺഗ്രസ് നേതാവായിരിക്കെ ജഡ്‌ജിയാവുക; ജഡ്‌ജിസ്ഥാനം വിട്ട് വീണ്ടും കോൺഗ്രസ് സ്ഥാനാര്‍ഥിയായി ലോൿസഭയിലേക്ക് മത്സരിക്കുക- ഇത് സാധിച്ച കോൺഗ്രസ് നേതാവാണ് അസമിലെ ബഹറുള്‍ ഇസ്ളാം. ഇത്തരം പന്തുതട്ടല്‍ പരിപാടികള്‍ക്കെതിരെ സമരങ്ങള്‍പോലുമുണ്ടായിട്ടുണ്ട്. സിക്കിം ഗവര്‍ണറായിരുന്ന കോന പ്രഭാകരറാവുവിന്റെ ബന്ധുവിനെ അര്‍ഹരായ പലരെയും മറികടന്ന് ജഡ്‌ജിയാക്കിയപ്പോള്‍ സിക്കിം ഹൈക്കോര്‍ട്ട് ബാര്‍ അസോസിയേഷന്റെ സമരം! ഏറ്റവും സീനിയറായിരുന്ന ജസ്‌റ്റിസ് ടി പി എസ് ചൌളയെ തഴഞ്ഞപ്പോള്‍ ഡല്‍ഹി കോടതിയില്‍ സമരം.
അടിയന്തരാവസ്ഥയില്‍ നിയമമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് എച്ച് ആര്‍ ഗോഖലെ ഭരണഘടനയുടെ 44-ആം ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് 76 ഒൿടോബര്‍ 28ന് ലോകസഭയില്‍ നടത്തിയ ഒരു ഭീഷണിയുണ്ട്. ``In case of a confrontation, it will be a bad day for the judiciary of this country'' സഭാരേഖകളില്‍ മായാതെ കിടപ്പുണ്ട് ഈ വാചകം. ഒരു ഏറ്റുമുട്ടലിനാണെങ്കില്‍ കോടതിക്ക് അത് ഒരു ദുര്‍ദിനമായിരിക്കുമെന്ന് മുന്നറിയിപ്പ് !
ഇങ്ങനെ പരസ്യമായി കോടതിയെ ഭീഷണിപ്പെടുത്താന്‍ മടികാട്ടാത്തവരാണ് ജുഡീഷ്യറിയുടെ രക്ഷകരായി ഇന്ന് ചമഞ്ഞിറങ്ങുന്നത്. ഒരു പ്രസംഗത്തിനിടയില്‍ യാദൃച്ഛികമായി ഊര്‍ന്നുവീഴുന്ന ഒരു വാക്ക് എവിടെ? ജുഡീഷ്യറിയുടെ ശിരസ്സിനുനേരെ ഓങ്ങുന്ന ഈ ഭീഷണി എവിടെ? ഈ ഭീഷണിയുടെ കരിനിഴലില്‍ ജുഡീഷ്യറിയെ നിര്‍ത്താന്‍ ശ്രമിച്ചവരാണ് ഇന്ന് ജുഡീഷ്യറിക്കുനേര്‍ക്ക് സിപിഐ എം യുദ്ധംപ്രഖ്യാപിക്കുന്നു എന്ന വാദവുമായി എത്തുന്നത് !
*****
പ്രഭാവര്‍മ, കടപ്പാട് : ദേശാഭിമാനി
Subscribe to:
Post Comments (Atom)
1 comment:
അടിയന്തരാവസ്ഥയില്‍ നിയമമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് എച്ച് ആര്‍ ഗോഖലെ ഭരണഘടനയുടെ 44-ആം ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് 76 ഒൿടോബര്‍ 28ന് ലോകസഭയില്‍ നടത്തിയ ഒരു ഭീഷണിയുണ്ട്. ``In case of a confrontation, it will be a bad day for the judiciary of this country'' സഭാരേഖകളില്‍ മായാതെ കിടപ്പുണ്ട് ഈ വാചകം. ഒരു ഏറ്റുമുട്ടലിനാണെങ്കില്‍ കോടതിക്ക് അത് ഒരു ദുര്‍ദിനമായിരിക്കുമെന്ന് മുന്നറിയിപ്പ് !
ഇങ്ങനെ പരസ്യമായി കോടതിയെ ഭീഷണിപ്പെടുത്താന്‍ മടികാട്ടാത്തവരാണ് ജുഡീഷ്യറിയുടെ രക്ഷകരായി ഇന്ന് ചമഞ്ഞിറങ്ങുന്നത്. ഒരു പ്രസംഗത്തിനിടയില്‍ യാദൃച്ഛികമായി ഊര്‍ന്നുവീഴുന്ന ഒരു വാക്ക് എവിടെ? ജുഡീഷ്യറിയുടെ ശിരസ്സിനുനേരെ ഓങ്ങുന്ന ഈ ഭീഷണി എവിടെ? ഈ ഭീഷണിയുടെ കരിനിഴലില്‍ ജുഡീഷ്യറിയെ നിര്‍ത്താന്‍ ശ്രമിച്ചവരാണ് ഇന്ന് ജുഡീഷ്യറിക്കുനേര്‍ക്ക് സിപിഐ എം യുദ്ധംപ്രഖ്യാപിക്കുന്നു എന്ന വാദവുമായി എത്തുന്നത് !
Post a Comment