Saturday, July 10, 2010

ഗാന്ധിക്കും ജമാഅത്തെക്കും തമ്മിലെന്ത് ?

ജമാഅത്തെ ഇസ്ളാമിയുടെ അമീര്‍ ടി ആരിഫലി തന്റെ സംഘടനയുടെ രാഷ്‌ട്രീയത്തിന് ഗാന്ധിയന്‍ രാഷ്‌ട്രീയത്തോടാണ് സാമ്യം എന്ന് അവകാശപ്പെടുകയുണ്ടായി. രണ്ട് രാഷ്‌ട്രീയസമീപനങ്ങളേയും കുറച്ചൊന്ന് നോക്കിക്കാണാന്‍ ശ്രമിച്ച ആരും മൂക്കത്ത് വിരല്‍വെച്ചുപോവുന്ന ഒരവകാശവാദമായിപ്പോയി ആരിഫിന്റേത്. ഉപരിപ്ളവമായിപ്പോലും രണ്ടു രാഷ്‌ട്രീയ സമീപനങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. ജമാഅത്തുകള്‍ നന്നായി വസ്‌ത്രധാരണം ചെയ്‌ത് ഏറ്റവും ആധുനികമായ ജീവിതസൌകര്യങ്ങളും സങ്കേതവുമെല്ലാം ജീവിതത്തിലും മതപ്രചാരണ പരിപാടികളിലും പകര്‍ത്തുന്നവരും സിമി, എസ് ഐ ഒ, സോളിഡാരിറ്റി തുടങ്ങിയ സംഘടനകള്‍ക്ക് രൂപംനല്‍കിയവരും ആണ്. ഇന്ത്യയെ വെട്ടിക്കീറണമെന്ന രാഷ്‌ട്രീയാവകാശവാദത്തിന്റെ വക്താക്കളും പ്രയോക്താക്കളും എന്ന നിലയിലായിരുന്നു സ്വാതന്ത്ര്യപൂര്‍വവര്‍ഷങ്ങളിലെ ജമാഅത്തെയുടെ സമീപനം.

സ്വാതന്ത്ര്യലബ്‌ധിക്കുശേഷമുള്ള ഇന്ത്യയിലേയും പാകിസ്ഥാനിലേയും ന്യൂനപക്ഷങ്ങളെ കുറിച്ച് ജമാഅത്തെ ഇസ്ളാമിയുടെ സ്ഥാപകനായ മൌദൂദി വളരെ കൃത്യമായ തന്റെ ധാരണകള്‍ എഴുതിവെച്ചിട്ടുണ്ട്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ (അവര്‍ പ്രധാനമായും മുസ്ളിങ്ങളാണല്ലോ) മനുസ്‌മൃതിയുടെ അടിസ്ഥാനത്തില്‍ രൂപംകൊള്ളുന്ന ഇന്ത്യയിലെ ഹിന്ദുഭരണത്തിന്റെ ഹിന്ദുനിയമങ്ങളനുസരിച്ചു ജീവിച്ചുകൊള്ളണം. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ (പ്രധാനമായും ഹിന്ദുക്കള്‍) അവിടെ ശരീഅത്തിനനുസരിച്ചു രൂപംകൊള്ളുന്ന ഇസ്ളാമിക ഭരണത്തിന്റെ നിയമങ്ങള്‍ക്കനുസരിച്ച് ജീവിച്ചുകൊള്ളണം. രണ്ടിടത്തേയും ന്യൂനപക്ഷങ്ങള്‍ക്ക് സിവില്‍നിയമാവകാശങ്ങള്‍ സ്വാഭാവികമായും പരിമിതമായിരിക്കും.

തികച്ചും വികലമായ ഒരു മതരാഷ്‌ട്രസങ്കല്പവുമായി മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും ഭൂമികയിലേക്ക് കടന്നുവന്ന ഒരു സംഘമാണ് ജമാഅത്തെ എന്ന് ഇത് സൂചിപ്പിക്കുന്നു. ഇതിനു സമാനമായി വേറെ ഒന്നുരണ്ട് ഉദാഹരണങ്ങളേ ചരിത്രത്തില്‍ കാണാന്‍ കഴിയുകയുള്ളൂ. ഒന്ന് സംഘപരിവാരത്തിന്റെ സമീപനമാണ്. രണ്ടാമത്തേത് ഹിറ്റ്ലറുടെ സമീപനമാണ്. (നാസിസവുമായി സംഘപരിവാരത്തിനുള്ള സാധര്‍മ്യം ചില പഠനങ്ങളില്‍ വന്നിട്ടുണ്ട്. എന്നാല്‍ ജമാഅത്തെ ഇസ്ളാമിക്കുള്ള സാജാത്യങ്ങള്‍ പഠനവിഷയമായിട്ടില്ല). ഈ സമീപനത്തിനു ആധുനിക ജീവിതവുമായോ സാമൂഹിക സാഹചര്യങ്ങളുമായോ പൊരുത്തപ്പെട്ടുപോവാന്‍ കഴിയില്ല. അതുകൊണ്ട് പുതിയ സാഹചര്യങ്ങളില്‍ അതിജീവന തന്ത്രമായി അവര്‍ ചില മുദ്രാവാക്യങ്ങള്‍ കൊണ്ടുവരും. അവയിലൊന്നാണ് പ്രാന്തവൽ‌കൃതരായ സ്വത്വജനവിഭാഗങ്ങളുമായി ഐക്യപ്പെടാനുള്ള അവരുടെ ശ്രമം. ഇതിന്റെ ഭാഗമായി പ്രാന്തവത്കൃതരെ കണ്ടെത്താനും പ്രാദേശിക പ്രശ്‌നങ്ങള്‍ പഠനവിധേയമാക്കാനും ജമാഅത്തെ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പ്രാദേശിക ചരിത്രപഠന സംരംഭങ്ങളും കൂട്ടായ്‌മകളും നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇത് സംഘപരിവാറിന്റെ വനവാസി സംഘരൂപീകരണം പോലെതന്നെയുള്ള തട്ടിപ്പാണ്. ബ്രാഹ്മണ്യത്തിന്റെ ആധിപത്യം അടിച്ചേല്പിക്കുന്നതിനായി ദളിതരേയും ആദിവാസികളേയും എല്ലാം സംഘപരിവാര്‍ സംഘടിപ്പിക്കുന്നുണ്ട്. അതുപോലെ മതനിരപേക്ഷ ഭൂരിപക്ഷജനതയുടെ സഹതാപം നേടിയെടുക്കുന്നതിനുള്ള ചെപ്പടിവിദ്യകള്‍ പലതും ജമാഅത്തെ കാണിക്കുന്നു. എല്ലാ സാമൂഹിക പ്രശ്‌നങ്ങളിലും വലിഞ്ഞുകയറി ഇടപെടുന്നു. ഒരു മതസംഘടനയാണ് തങ്ങളുടേതെന്ന സത്യം മറച്ചുവെച്ച്, എല്ലാ ദൈനംദിന പ്രശ്‌നങ്ങളിലും സെക്യുലറാണെന്ന വ്യാജമുഖമണിഞ്ഞ് പ്രവര്‍ത്തിക്കുന്നു. അലങ്കാര ശാസ്‌ത്രമനുസരിച്ച് അപഹ്‌നുതിയായും വ്യാജസ്‌തുതിയായും വിരോധാഭാസമായും ഒരേസമയത്ത് പ്രവര്‍ത്തിക്കുന്നു.

ജമാഅത്തെ ഇസ്ലാമിക്ക് ഒരേസമയം ഒരു ബഹുജനവിഭാഗത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന ഒന്നിലധികം സംഘടനകളുണ്ട്. അതിന്റെ പ്രത്യക്ഷോദാഹരണമായിരുന്നു സിമിയും എസ്ഐഒവും ഒരേ സമയത്ത് പ്രവര്‍ത്തിച്ചത്. Students Islamic Movement of India എന്നും Students Islamic Organization എന്നും പേരുള്ള രണ്ടു സംഘടനകള്‍ ഒരു കുടക്കീഴില്‍ ഒരേ സമയത്ത് പ്രവര്‍ത്തിക്കുന്നത് വെറുതെയാവാന്‍ ഒരു വഴിയുമില്ല.

അതിനിടയിലാണ് സോളിഡാരിറ്റി പ്രത്യക്ഷപ്പെടുന്നത്. യുവാക്കള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനുള്ള ജമാഅത്തെ സംഘടനയാണ് സോളിഡാരിറ്റി. അതിന്റെ പ്രവര്‍ത്തനലക്ഷ്യങ്ങളുടെ ആകത്തുകയാണ് കിനാലൂരില്‍ ദൃശ്യമായത്. ഒരു സാമൂഹിക പ്രശ്‌നത്തിലിടപെടുമ്പോള്‍ ചാണകവെള്ളം കൊണ്ടുവരിക, പ്രശ്‌നമുണ്ടാകുമെന്നറിഞ്ഞുകൊണ്ടുതന്നെ സ്‌ത്രീകളേയും കുട്ടികളേയും മുന്നില്‍ നിര്‍ത്തുക, ഭീരുക്കളെപോലെ പിറകില്‍നിന്ന് ചാണകവെള്ളം കോരി പൊലീസിന്റെ മേലൊഴിക്കുക. ഇത് തികഞ്ഞ ഫാസിസ്‌റ്റ് സമരമുറയായിരുന്നു. വസ്‌തുതകള്‍ വക്രീകരിച്ച്, ചിലയാളുകളെ തെറ്റിദ്ധരിപ്പിച്ച്, ഒരു സമരമുഖം തുറക്കുകയും സമരരംഗത്ത് നിരാശ്രയരായ സ്‌ത്രീകളേയും കുട്ടികളേയും അണിനിരത്തുകയും ആക്രമണം സംഘടിപ്പിക്കുകയും പൊലീസിനെ പ്രകോപിപ്പിച്ച് അടിയുണ്ടാക്കുകയും അടിയുണ്ടായപ്പോള്‍ ഭീരുക്കളെപ്പോലെ ഒളിച്ചോടുകയും പത്രമാപ്പീസുകളില്‍ അഭയം പ്രാപിച്ച് മാർൿസിസ്‌റ്റ് വിരുദ്ധരാഷ്‌ട്രീയം പ്രചരിപ്പിക്കുകയും ചെയ്‌തു അവര്‍. ഹിറ്റ്ലറുടെ എസ്സേ സംഘം ഇതുതന്നെയായിരുന്നു ചെയ്‌തിരുന്നത്. 1921ല്‍ മ്യൂണിച്ചില്‍ ഹിറ്റ്ലര്‍ സ്ഥാപിച്ച സംഘമായിരുന്നു എസ്സേ സംഘം. ജൂതന്മാരെയും മാർൿസിസ്‌റ്റുകളേയും ഉന്മൂലനം ചെയ്യുന്നതിനുവേണ്ടിയായിരുന്നു ഈ സംഘം രൂപീകരിക്കപ്പെട്ടത്. മധുരമായിരുന്നു നാസിസത്തിന്റെയും എസ്സേ സംഘത്തിന്റേയും മുദ്രാവാക്യം: ദേശീയത. സോളിഡാരിറ്റിക്കും ജമാഅത്തെക്കും ദേശീയതപോലും മുദ്രാവാക്യമല്ല. അവരുടെ മുദ്രാവാക്യം അവര്‍ ഒളിച്ചുവെയ്‌ക്കുകയാണ്. അത് ഗാന്ധിജിയുടെ രാമരാജ്യത്തിനു തുല്യമാണ് എന്ന് ലജ്ജാരഹിതമായി പ്രസ്‌താവിക്കുകയും ചെയ്യുന്നു.

രണ്ട്

എന്തുകൊണ്ടാണ് ഗാന്ധിജിയുടെ പേര് ശ്രീമാന്‍ ആരിഫ് അസംഗതമായി വലിച്ചിഴക്കുന്നത്? ഗാന്ധിജി തന്റെ രാഷ്‌ട്രീയപ്രവര്‍ത്തനം ആരംഭിക്കുന്നത് ദക്ഷിണാഫ്രിക്കയിലായിരുന്നു. വര്‍ണവിവേചനത്തിനെതിരായ സമരമായിരുന്നു അത്. സത്യസന്ധതയായിരുന്നു ഗാന്ധിജിയുടെ വ്യക്തിസ്വഭാവത്തിന്റെ ഏറ്റവും മുഖ്യമായ ഘടകം. വര്‍ണവിവേചനമെന്ന ആശയത്തോട് ആദ്യനാളുകളില്‍ വലിയ എതിര്‍പ്പൊന്നും ഇല്ലാത്ത ഒരാളായിരുന്നു ഗാന്ധിജി. കാപ്പിരികളേയും ഇന്ത്യക്കാരേയും തുല്യരായി പരിഗണിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തോട് ആ നിലയ്‌ക്ക് എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു ഗാന്ധിജി. പക്ഷേ പിന്നീട് കറുത്തവരോടൊപ്പം ജയിലില്‍ കഴിയേണ്ടിവരികയും അവരുമായി ആശയങ്ങള്‍ പങ്കുവെയ്‌ക്കുകയും ചെയ്യേണ്ടിവന്നപ്പോള്‍ തന്റെ വീക്ഷണത്തില്‍ കാതലായ മാറ്റം വരുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ജമാഅത്തെക്കുള്ള ആശയപരമായ മുസലഭാവം (ഇരുമ്പുലക്ക ഭാവം) ഗാന്ധിജിക്കുണ്ടായിരുന്നില്ല. ഹൃദ്യമായ മാനവികതയായിരുന്നു ഗാന്ധിയന്‍ ദര്‍ശനത്തിന്റേയും രാഷ്‌ട്രീയത്തിന്റേയും കാതല്‍.

അതായത് ഗാന്ധിജിയുടെ രാഷ്‌ട്രീയചിന്ത ഉരുവപ്പെട്ടത് ഏതെങ്കിലും മതാത്മകതയില്‍നിന്നോ സനാതനവിശ്വാസത്തില്‍നിന്നോ ആയിരുന്നില്ല. രാമരാജ്യം എന്നത്, ഉദാരമായ മാനവികതയുടെ സങ്കല്പസ്വര്‍ഗമായിരുന്നു ഗാന്ധിജിക്ക്. എന്താണ് ഗാന്ധിജിക്ക് ഇന്ത്യാചരിത്രത്തിലുണ്ടായിരുന്ന പങ്ക് ? അദ്ദേഹത്തെ രൂപപ്പെടുത്തിയ ഘടകങ്ങള്‍ ഏതെല്ലാമാണ് ? ആരോപിക്കപ്പെടുന്നതുപോലെ പഴഞ്ചനായ ഒരു ബൂര്‍ഷ്വാചിന്തകനാണോ അദ്ദേഹം? അവകാശപ്പെടുന്നതുപോലെ ഒരു സനാതന ഹിന്ദുവാണോ? ദേശീയപ്രസ്ഥാനത്തിലും ദേശീയജീവിതത്തിലും ഗാന്ധിജിക്കുണ്ടായിരുന്ന പരമാധികാരത്തിന്റെ അര്‍ഥമെന്താണ്? അതെങ്ങനെ ഉണ്ടായി?

ഗാന്ധിജിയെ സ്വാധീനിച്ചത് പൌരസ്‌ത്യ പൌരാണിക ചിന്തയോ മതമോ ആയിരുന്നില്ല. സത്യത്തില്‍ അദ്ദേഹം ഭഗവദ്ഗീത ആദ്യമായി വായിച്ചത് ഇംഗ്ളണ്ടില്‍വെച്ചായിരുന്നു. അതാവട്ടെ എഡ്വിന്‍ ആര്‍നോള്‍ഡിന്റെ ഇംഗ്ളീഷ് വിവര്‍ത്തനമായിരുന്നുതാനും. ഗീത അദ്ദേഹത്തെ ഏറെ ആകര്‍ഷിച്ച ഗ്രന്ഥമായിരുന്നു. അതിനുള്ള കാരണം അദ്ദേഹം പറയുന്നുണ്ട്: 'മുട്ടുന്നവര്‍ക്കുമുമ്പില്‍ തുറക്കപ്പെടുന്ന വാതിലാണ് ഗീത. യഥാര്‍ഥ ഗീതാവായനക്കാരന് നൈരാശ്യമെന്തെന്ന് അറിയില്ല. ' നിരാശനായ അര്‍ജുനന് ആവേശം നല്‍കാന്‍വേണ്ടി കൃഷ്‌ണന്‍ നടത്തുന്ന ഉപദേശം ഫലമെന്തായാലും കര്‍മം ചെയ്യാതെ യുദ്ധക്കെടുതികളെ ഓര്‍ത്ത് മാഴ്‌കിയിരിക്കരുത് എന്നാണ്. ഈ കര്‍മാഭിമുഖ്യമാണ് ഭഗവദ്ഗീതയില്‍ ഗാന്ധിജിയെ ആകര്‍ഷിച്ച ഒരേയൊരു ഘടകം.

ഈ സമീപനങ്ങളില്‍ എവിടെയാണ് ആരിഫിന് ഗാന്ധിജിയുമായി യോജിക്കാനാവുക ?

മൂന്ന്

ഗാന്ധിജിയെ രാഷ്‌ട്രീയമായി സ്വാധീനിച്ചത് ആധുനിക പാശ്ചാത്യ ചിന്തയായിരുന്നു. അതില്‍ രണ്ടുപേരുകള്‍ സവിശേഷമായി എടുത്തുപറയേണ്ടതുണ്ട്. ഒന്ന്, ജോണ്‍ റസ്‌ക്കിന്‍, രണ്ട്, ടോൾസ്‌റ്റോയി. ജോണ്‍ റസ്‌ക്കിന്റെ Unto this last എന്ന ഗ്രന്ഥം ഗാന്ധിജിയുടെ ജീവിതഗതിയെ മാറ്റിമറിച്ചു. സമ്പദ് വ്യവസ്ഥയെപ്പറ്റിയുള്ള ഒരു പ്രബന്ധമായിരുന്നു ഇത്. കോണ്‍ഹില്‍ എന്ന മാസികയില്‍ നാലു ലക്കങ്ങളിലായി 1860ലാണ് ഈ കൃതി വെളിച്ചം കണ്ടുതുടങ്ങിയത്. ഇത് പ്രസിദ്ധീകരിച്ചതോടെ മാഗസിനെതിരായി വലിയ കോളിളക്കം നടന്നു. നാലു മാസത്തിനുശേഷം പത്രാധിപര്‍ ലേഖനത്തിന്റെ ഇതരഭാഗങ്ങള്‍ നിരസിച്ചു. മാസിക നിരസിച്ചതിനെ തുടര്‍ന്ന് റസ്‌ക്കിന്‍ സ്വന്തം നിലയില്‍ തന്നെ അത് ഒരു ചെറിയ ഗ്രന്ഥമായി പ്രസിദ്ധം ചെയ്‌തു.

പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലെ മുതലാളിത്ത സാമ്പത്തിക ശാസ്‌ത്രജ്ഞര്‍ക്കെതിരായ കടന്നാക്രമണമാണ് പ്രബന്ധത്തിന്റെ ഉള്ളടക്കം. വ്യവസായവത്കരണത്തിന്റെ പ്രതികൂല ഫലങ്ങളിലേക്കും വെളിച്ചം വീശുന്നതായിരുന്നു റസ്‌ക്കിന്റെ രചന. ഈ ഗ്രന്ഥം ബ്രിട്ടീഷ് ലേബര്‍പാര്‍ടിയുടെ രൂപീകരണത്തിന് വഴിവെച്ചു. പിതാവ് മരിച്ചപ്പോള്‍ സമ്പന്നനായിരിക്കെ സോഷ്യലിസ്റ്റാവാനാവില്ലെന്ന നിലപാട് സ്വീകരിച്ച്, റസ്‌ക്കിന്‍ ഒരു ദാനസ്ഥാപനം രൂപീകരിച്ചു. തൊഴിലാളികളെ സഹായിക്കാനും റസ്‌ക്കിന്‍ തന്റേതായ മാര്‍ഗങ്ങളില്‍ ശ്രമിച്ചിരുന്നു. അതുകൊണ്ട് റസ്‌ക്കിനാണ് ഗ്രീന്‍ പ്രസ്ഥാനത്തിന്റെ ആദ്യപഥികനെന്ന് ചിലര്‍കരുതുന്നുണ്ട്.

ഈ ഗ്രന്ഥം ഗാന്ധിജിയുടെ ജീവിതത്തില്‍ വലിയ സ്വാധീനമായിത്തീര്‍ന്നു. അദ്ദേഹം ആ കൃതി ഗുജറാത്തിഭാഷയിലേക്ക് സര്‍വോദയം എന്ന പേരില്‍ തര്‍ജമചെയ്‌തു. റസ്‌ക്കിന്റെ ഗ്രന്ഥത്തിന്റെ വീക്ഷണം സ്വീകരിക്കുക മാത്രമല്ല, അതനുസരിച്ച് ജീവിക്കാനും സ്വന്തമായി പത്രപ്രകാശനം നടത്താനും ഗന്ധിജി സന്നദ്ധനായി. സാമൂഹ്യനീതിയെപ്പറ്റി താന്‍ വായിച്ച ഏറ്റവും മഹത്തായ കൃതിയായി ഗാന്ധിജി ഈ ഗ്രന്ഥത്തെ വാഴ്ത്തുന്നുണ്ട്. ഗാന്ധിജിയുടെ ജീവകാരുണ്യവീക്ഷണം രൂപപ്പെടുന്നത് റസ്‌ക്കിനില്‍ നിന്നാണെന്ന് ആര്‍ക്കും കാണാന്‍ കഴിയും.

അതുപോലെ ഗാന്ധിയന്‍ അഹിംസാപദ്ധതി ടോൾ‌സ്‌റ്റോയിയുടെ സംഭാവനയായിരുന്നു. ഭരണകൂടമതമായ ഓര്‍ത്തഡോൿസ് ക്രൈസ്‌തവമതത്തെ ടോൾ‌സ്‌റ്റോയി നിരാകരിച്ചു. പകരം ഗിരിപ്രഭാഷണത്തില്‍ വിവൃതമാവുന്ന മൌലികമായ ക്രൈസ്‌തവമതം അദ്ദേഹം സ്വീകരിച്ചു. അതിന്റെ കാതലായ അംശം അഹിംസയാണെന്നദ്ദേഹം കണ്ടു. "Thou shalt not murder " എന്ന മതകല്പന നിലവിലിരിക്കെ കൊല്ലും കൊലയും സ്വഭാവമാക്കിയ ഭരണകൂടങ്ങളെ അദ്ദേഹത്തിനു സഹിക്കാനായില്ല. 'ദൈവരാജ്യം നിങ്ങളുടെ മനസ്സിലാണ് ' എന്ന രചനയില്‍ ഗാന്ധിജി തികച്ചും അഹിംസാത്മകവും സ്‌നേഹാര്‍ദ്രവുമായ ഒരു ജീവിതവ്യവസ്ഥക്കായി വാദിച്ചു. ദരിദ്രാവസ്ഥയും ക്ഷാമവും തടവുമുറികളും കഴുമരങ്ങളും സൈന്യവും യുദ്ധവും നിറഞ്ഞ സമൂഹത്തെ നിലനിര്‍ത്തണമെന്നാഗ്രഹിക്കുന്നത് അതുകൊണ്ട് ലാഭമുണ്ടാക്കുന്നവര്‍ മാത്രമാണെന്ന് ടോൾ‌സ്‌റ്റോയി സിദ്ധാന്തിച്ചു. ടോൾ‌സ്‌റ്റോയിയുടെ ഈ കൊച്ചുഗ്രന്ഥം തന്നെ കീഴടക്കിയെന്ന് ഗാന്ധിജി തന്റെ സത്യാന്വേഷണപരീക്ഷകളില്‍ എഴുതി. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ മൂന്ന് സ്വാധീനങ്ങളായി ഗാന്ധിജി രേഖപ്പെടുത്തിയിരിക്കുന്നത് റസ്‌ക്കിന്റെ Unto this last, ടോൾ‌സ്‌റ്റോയിയുടെ ' ദൈവം മനസ്സില്‍ വസിക്കുന്നു' എന്നീ കൃതികളും റായ് ചന്ദ്രബായി ശ്രീമദ് രാജചന്ദ്ര എന്ന സന്ന്യാസി സുഹൃത്തുമാണെന്ന് ഗാന്ധിജി പ്രസ്‌താവിക്കുന്നുണ്ട്. 1908ല്‍ ടോൾ‌സ്‌റ്റോയി എഴുതിയ കത്തിലാണ് ആദ്യമായി സ്‌നേഹപൂര്‍ണമായ പരോക്ഷ പ്രതിരോധത്തിലൂടെ മാത്രമേ ഇന്ത്യയ്‌ക്ക് കൊളോണിയല്‍നുകത്തില്‍നിന്ന് വിമോചനമുണ്ടാവുകയുള്ളുവെന്ന തത്ത്വം ഗാന്ധിജി മനസ്സിലാക്കുന്നത്.

നാല്

ഈ സ്വാധീനങ്ങളുടെ അര്‍ഥം വളരെ സ്‌പഷ്‌ടമാണ്. ഭഗവദ്ഗീതയിലും ഖുറ്ആനിലും മറ്റും അഹിംസയും മറ്റും കണ്ടെത്തുവാന്‍ ഗാന്ധിജി നടത്തുന്ന യത്നം എങ്ങനെയാണ് നാം കാണേണ്ടത്? അത് തികച്ചും പ്രായോഗികമായ ഒരു രാഷ്‌ട്രീയസമീപനം മാത്രമായിട്ടേ കാണാനാവൂ. സമാധാനപൂര്‍ണമായ ഇന്ത്യക്കുവേണ്ടിയുള്ള ഒരുഗാന്ധിയന്‍ സംഭാവനയായി മാത്രമേ ഇത് കാണുവാന്‍ കഴിയൂ. സനാതന ഹിന്ദുവാണ് താനെന്ന പ്രസ്‌താവവും അവകാശവാദവും ഇതുപോലെ തന്നെ രാഷ്‌ട്രീയപ്രവര്‍ത്തനത്തിനിടയിലെ ഒരു സമീപനം മാത്രമായിരുന്നിരിക്കണം. 'ചാതുര്‍വര്‍ണ്യ പ്രസക്തമായ ഒരു ചിന്തയുടെ പശ്ചാത്തലത്തില്‍ ജാതിവിരുദ്ധവും സ്‌ത്രീവിമോചനോന്മുഖവുമായ ചിന്തയും പ്രവര്‍ത്തനരീതിയും വളര്‍ന്നുവരാനിടയില്ല. ബ്രാഹ്മണമതസംഹിതയാവട്ട, അഹിംസാമാര്‍ഗം ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ദരിദ്രനാരായണന്മാരെയും ശൂദ്രരേയും ഉയര്‍ത്തിക്കൊണ്ടുവരികയാണ് ഗാന്ധിജി ചെയ്‌തത്. ഇതിന് പ്രേരകമായ എന്തെങ്കിലും പൌരസ്‌ത്യ പൌരാണിക ചിന്തയിലുള്ളതായി പറയാനാവില്ല.'(സി പി അബൂബക്കര്‍- ഇര്‍ഫാന്‍ ഹബീബിന്റെ ദേശീയസമരത്തിലെ വഴിത്താരകള്‍ എന്ന ഗ്രന്ഥത്തിനെഴുതിയ വിവര്‍ത്തകന്റെ കുറിപ്പ്).

'ഈയൊരു ഭൂമികയില്‍ വേണം ഗാന്ധിജിയെ നാം വിലയിരുത്തേണ്ടത്. ഗാന്ധിജിയുടെ അവകാശവാദം വ്യത്യസ്‌തമാവാം. സ്വന്തം അവകാശവാദമല്ല, മറിച്ച്, ചരിത്രത്തില്‍ എന്തു സ്വാധീനം ചെലുത്തി, എന്തു മാറ്റമുണ്ടാക്കി എന്ന വിലയിരുത്തലിലൂടെ വേണം ഒരാളെ വിലയിരുത്തുക. 'നോക്കൂ, ഒരിക്കല്‍പോലും ക്ഷേത്രസന്ദര്‍ശനം നടത്തുകയോ വിഗ്രഹാരാധന നടത്തുകയോ ചെയ്‌തിട്ടില്ലാത്ത 'സനാതന ഹിന്ദു'വാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജി.

എന്താണിതിനര്‍ഥം? സനാതന ഹിന്ദുക്കള്‍ക്കോ, വര്‍ഗീയത മുഖമുദ്രയാക്കിയിട്ടുള്ള ജമാഅത്തെക്കോ അപ്രാപ്യമാംവണ്ണം ഔന്നത്യത്തിലാണ് ഗാന്ധിജി വിരാജിക്കുന്നത്.

ഈ വിവരണപ്രകാരമുള്ള ഗാന്ധിജിയില്‍ എവിടെയാണ് ജമാഅത്തെയ്‌ക്ക് ഗാന്ധിജിയുടെ അനുഭാവികളാവാന്‍ കഴിയുന്ന ഘടകം?

ഗാന്ധിജി ട്രേഡ് യൂണിയന്‍ സമരത്തിലും കര്‍ഷകസമരത്തിലും എല്ലാം ഏര്‍പ്പെടുന്നുണ്ട്. ഓരോ സമരത്തിലും ഏറ്റവും ഉചിതമായ സമയത്ത് അത് പിന്‍വലിക്കുകയെന്ന സമീപനമാണ് ഗാന്ധിജി സ്വീകരിച്ചിരുന്നത്. സമരം അസ്വീകാര്യമാംവണ്ണം ദീര്‍ഘകാലം നീട്ടിക്കൊണ്ടുപോവാന്‍ ഗാന്ധിജി സന്നദ്ധനായിരുന്നില്ല.

ജമാഅത്തെ ഇസ്ളാമിയോ സംഘപരിവാറോ ഈ സമീപനം അംഗീകരിക്കുകയില്ല. കാരണം, കര്‍ഷകരിലും തൊഴിലാളികളിലും അവര്‍ക്ക് താല്പര്യമില്ല. ബ്രാഹ്മണ ആധിപത്യം സ്ഥാപിക്കാനാണ് സംഘപരിവാറിന്റെ ശ്രമം. ആ ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നതിനിടയില്‍ ബിഎംഎസ് പോലുള്ള ചില തൊഴിലാളിസംഘടനകളെ അവര്‍ പടച്ചുണ്ടാക്കിയിട്ടുണ്ട്. സാര്‍വദേശീയ തൊഴിലാളിദിനമായ മെയ്‌ദിനം ആചരിക്കുന്നതിനു പകരം, തികച്ചും സാങ്കല്പികമായ ഒരു വിശ്വകര്‍മദിനം ആചരിക്കുക വഴി തൊഴിലാളിപ്രസ്ഥാനങ്ങള്‍ക്കും ജനങ്ങള്‍ക്കും മുന്നില്‍ പരിഹാസ്യമാവുന്ന ഒരു സംഘടനയാണത്. എന്നാല്‍ ജമാഅത്തെ ഇസ്ളാമി അതുപോലും ചെയ്യുന്നില്ല. തൊഴിലാളിപ്രസ്ഥാനം അവര്‍ക്കില്ല. തൊഴിലാളികള്‍ക്ക് മോചനം ആവശ്യമാണെന്നോ മുതലാളിമാര്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നുണ്ടെന്നോ ജമാഅത്തെ കരുതുന്നില്ല. തൊഴിലാളിപ്രശ്‌നം എന്ന ഒരു പ്രശ്‌നം ഉള്ളതായി അവര്‍ അംഗീകരിക്കുന്നില്ല. ഇസ്ളാമിലൂടെ ഇന്ത്യയെ മോചിപ്പിക്കാനാണ് ജമാഅത്തെയുടെ ശ്രമം. അങ്ങനെ അസാധ്യമായ ഒരു കാര്യം സംഭവിച്ചാലെന്താണുണ്ടാവുകയെന്ന് മൌദൂദി അര്‍ഥശങ്കയ്‌ക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചിട്ടുണ്ട്. അവിടെ, ഉലമാക്കളുടെ ഭരണമാണ് നടക്കുക. ജനാധിപത്യം മൌദൂദി അംഗീകരിക്കുന്ന ഒരു ഭരണവ്യവസ്ഥയല്ല. ആ മൌദൂദിയുടെ സംഘടന തന്നെയല്ലേ ജമാഅത്തെ? ജമാഅത്തെക്ക് സംഘടിത തൊഴിലാളിപ്രസ്ഥാനത്തിലൊന്നും അശേഷം താല്പര്യമില്ല. സ്വത്വവിഭാഗങ്ങളുടെ സംഘാടനത്തിലൂടെ വെള്ളം കലക്കി മീന്‍പിടിക്കാന്‍ വേണ്ടിയാണവര്‍ ശ്രമിക്കുന്നത്.

അഞ്ച്

ഗാന്ധിജിയുടെ കാലത്തെ മഹാമനീഷികളില്‍ ഒരാളായിരുന്നു റൊമെയ്ന്‍റോളണ്ട്. 1925ല്‍ റോളണ്ട് എഴുതിയ വിഖ്യാതമായ ആ ലഘുപുസ്‌തകമുണ്ട്. ഗാന്ധിജിയെ പറ്റിയാണത്. നാഷനല്‍ ബുക്ക് ട്രസ്‌റ്റ്ആ കൃതി പ്രസിദ്ധം ചെയ്‌തിട്ടുണ്ട്. 1915ന് ശേഷമാണ് ഗാന്ധിജി ഇന്ത്യന്‍ രാഷ്‌ട്രീയത്തിലേക്ക് കാലെടുത്തുവെയ്‌ക്കുന്നതെന്ന് ഓര്‍മവേണം.

'എന്താണ് മാനവരാശിക്കായി ഗാന്ധിജി ചെയ്‌തിട്ടുള്ളത് ? തന്റെ ഉപദേശങ്ങളിലെ ധാര്‍മിക പരിപ്രേക്ഷ്യം, വിശിഷ്യ അനീതിക്കെതിരായ പോരാട്ടത്തില്‍ ഉപയോഗിച്ച ഹിംസാരഹിതസങ്കേതം, സത്യത്തോടും ദീനാനുകമ്പയോടുമുള്ള വിട്ടുവീഴ്‌ചയില്ലാത്ത വിധേയത്വം എന്നിവയാണ് പക്ഷപാതിത്വത്തിന്റെയും മതവര്‍ഗീയ രോഷത്തിന്റേതുമായ ഇക്കാലത്തെ ഗാന്ധിജിയുടെ ഏറ്റവും വലിയ സംഭാവന.'കഴിഞ്ഞ രണ്ടു സഹസ്രാബ്‌ദങ്ങള്‍ക്കിടയിലെ രാഷ്‌ട്രീയത്തില്‍ ഏറ്റവും മഹത്തായ സദാചാരപരവും നൈതികവുമായ ഒരു പ്രസ്ഥാനത്തിനു ഗാന്ധിജി രൂപം നൽ‌കി'. ഈ വിവരണത്തില്‍ എവിടെയാണ് ഗാന്ധിജിയുമായി ആരിഫിന് യോജിക്കാനാവുക? സനാതന ഹിന്ദുവെന്നും രാമരാജ്യമെന്നും മറ്റുമുള്ള സംജ്ഞകളാണ്, ആരിഫ് സാഹേബിന് ഗാന്ധിജിയില്‍ പരിപക്വമായി തോന്നുന്നതെങ്കില്‍ ഗാന്ധിജി ചെയ്‌തത് സംജ്ഞകളിലുള്ള അമാനവികമായ അംശങ്ങളെ നിരാകരിക്കുകയും ആര്‍ദ്രമായ മാനവികതയിലധിഷ്‌ഠിതമായ പ്രായോഗിക രാഷ്‌ട്രീയസമീപനത്തിനു രൂപം നൽ‌കുകയുംചെയ്‌തു. ഉപ്പുസത്യഗ്രഹത്തില്‍ അദ്ദേഹം പങ്കെടുപ്പിച്ച 79 പേര്‍ സാധാരണ അര്‍ഥത്തിലുള്ള കോണ്‍ഗ്രസ്സുകാര്‍പോലുമായിരുന്നില്ല, മറിച്ച്, വാര്‍ധയിലെ അന്തേവാസികളായിരുന്നു.

ഓരോ ഘട്ടത്തിലും ഗാന്ധിയന്‍ രാഷ്‌ട്രീയവുമായി സ്വയം ഐഡന്റിഫൈ ചെയ്യാന്‍ ശ്രമിക്കുകവഴി സ്വന്തം പൂച്ചയെ പുറത്തുചാടിക്കാന്‍ മാത്രമേ ആരിഫ് സാഹേബിന് കഴിഞ്ഞിട്ടുള്ളൂ.

ഗാന്ധിജിയുടെ രാഷ്‌ട്രീയ സമീപനത്തോടും ദര്‍ശനത്തോടും പൂര്‍ണമായി യോജിക്കുന്നൊരാളല്ല ഇതെഴുതുന്നത്. പക്ഷേ, ഇന്ത്യയെ വെട്ടിമുറിച്ചു വേറിട്ടുപോയ പാകിസ്ഥാന്റെ സാമ്പത്തികാവകാശത്തിനുവേണ്ടി പോരാടാന്‍ കഴിയുമായിരുന്നത്ര ഉദാരമായിരുന്നു ആ വ്യക്തിത്വം. പാർട്ടീഷന്‍ കൌണ്‍സില്‍ പാകിസ്ഥാന് വാഗ്‌ദാനംചെയ്‌ത 55 കോടി രൂപ കൊടുക്കേണ്ടതില്ലെന്ന് 1947ലെ യുദ്ധത്തിനുശേഷം ഇന്ത്യാ ഗവണ്മെന്റ് തീരുമാനിച്ചത് അദ്ദേഹത്തെ വേദനിപ്പിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ സത്യഗ്രഹം ഈ പണം ഇന്ത്യ പാകിസ്ഥാന് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു. ഹിന്ദു ഫാസിസ്‌റ്റുകളെ വല്ലാതെ പ്രകോപിപ്പിച്ച ഒരു കാര്യമായിരുന്നു ഇത്.

മാത്രമല്ല, സ്വാതന്ത്ര്യലബ്‌ധിയുടെ നാളുകളില്‍ ഇന്ത്യന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ നടമാടിയ വംശഹത്യ ചരിത്രത്തിലൊരിടത്തുമൊരിക്കലുമുണ്ടായിട്ടില്ലാത്തതായിരുന്നു. ലിയോനാര്‍ഡ് മസ്ളി തന്റെ The last days of the British Raj എന്ന ഗ്രന്ഥത്തില്‍ ഈ വംശഹത്യ വിവരിക്കുന്നുണ്ട്. Freedom at midnight എന്ന പുസ്‌തകത്തിലേതിനേക്കാള്‍ വസ്‌തുനിഷ്ഠമായ വിവരണമാണിത്. അതിലൊരധ്യായം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്, One Man Frontier എന്നാണ്. ഇന്ത്യയുടെ പടിഞ്ഞറനതിര്‍ത്തിയില്‍ വന്‍തോതില്‍ വംശഹത്യ നടന്നുകൊണ്ടിരിക്കുമ്പോള്‍ കിഴക്കനതിര്‍ത്തിയില്‍ മുസ്ളിങ്ങളുടെ സുരക്ഷയ്‌ക്കായി ഗാന്ധിജി സത്യഗ്രഹം നടത്തുകയായിരുന്നു. ആ വിവരണമാണ് ഒറ്റയാന്‍ അതിര്‍ത്തിയെന്ന ഈ അധ്യായത്തിലുള്ളത്. ആ അലിവിന്റെ അയലത്തെവിടെയെങ്കിലും നില്‍ക്കാന്‍ നരഹത്യയിലും ജനശത്രുതയിലും രസിക്കുന്ന, എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങളുടേയും സ്രോതസ്സായ ജമാഅത്തെക്ക് കഴിയുമോ? അതുവഴി പാകിസ്ഥാന്‍ മുസ്ളിങ്ങൾക്ക് വേണ്ടി അദ്ദേഹത്തിനു ജീവത്യാഗം ചെയ്യേണ്ടിവന്നു. ആരിഫ് സാഹേബിന് ഈ ജീവത്യാഗത്തിന്റെ വില മനസ്സിലാക്കാന്‍ കഴിയുമോ?

ഗാന്ധിജിയെ ഇന്ത്യയിലെ മനുഷ്യസ്‌നേഹികളുടേയും രാഷ്‌ട്രീയപ്രവര്‍ത്തകരുടെയും ആരാധനാപാത്രമായി വിട്ടുകൊടുക്കുന്നതല്ലേ ആരിഫ് സഹേബ് അങ്ങക്ക് നന്നായിരിക്കുക? ഗാന്ധിജിയുടെ രാഷ്‌ട്രീയവുമായി തുല്യത അവകാശപ്പെടുമ്പോഴുണ്ടാവുന്ന മനുഷ്യസ്‌നേഹപരമായ മഹാബാധ്യത നിറവേറ്റാന്‍ താലിബാനെ ന്യായീകരിക്കുന്ന താങ്കളുടെ ഗൂഢസംഘത്തിന് കഴിയാതെ പോവുകയില്ലേ?


*****

സി പി അബൂബക്കര്‍, കടപ്പാട് : ദേശാഭിമാനി വാരിക

8 comments:

വര്‍ക്കേഴ്സ് ഫോറം said...

സ്വാതന്ത്ര്യലബ്‌ധിയുടെ നാളുകളില്‍ ഇന്ത്യന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ നടമാടിയ വംശഹത്യ ചരിത്രത്തിലൊരിടത്തുമൊരിക്കലുമുണ്ടായിട്ടില്ലാത്തതായിരുന്നു. ലിയോനാര്‍ഡ് മസ്ളി തന്റെ The last days of the British Raj എന്ന ഗ്രന്ഥത്തില്‍ ഈ വംശഹത്യ വിവരിക്കുന്നുണ്ട്. Freedom at midnight എന്ന പുസ്‌തകത്തിലേതിനേക്കാള്‍ വസ്‌തുനിഷ്ഠമായ വിവരണമാണിത്. അതിലൊരധ്യായം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്, One Man Frontier എന്നാണ്. ഇന്ത്യയുടെ പടിഞ്ഞറനതിര്‍ത്തിയില്‍ വന്‍തോതില്‍ വംശഹത്യ നടന്നുകൊണ്ടിരിക്കുമ്പോള്‍ കിഴക്കനതിര്‍ത്തിയില്‍ മുസ്ളിങ്ങളുടെ സുരക്ഷയ്‌ക്കായി ഗാന്ധിജി സത്യഗ്രഹം നടത്തുകയായിരുന്നു. ആ വിവരണമാണ് ഒറ്റയാന്‍ അതിര്‍ത്തിയെന്ന ഈ അധ്യായത്തിലുള്ളത്. ആ അലിവിന്റെ അയലത്തെവിടെയെങ്കിലും നില്‍ക്കാന്‍ നരഹത്യയിലും ജനശത്രുതയിലും രസിക്കുന്ന, എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങളുടേയും സ്രോതസ്സായ ജമാഅത്തെക്ക് കഴിയുമോ? അതുവഴി പാകിസ്ഥാന്‍ മുസ്ളിങ്ങള്‍ക്ക് വേണ്ടി അദ്ദേഹത്തിനു ജീവത്യാഗം ചെയ്യേണ്ടിവന്നു. ആരിഫ് സാഹേബിന് ഈ ജീവത്യാഗത്തിന്റെ വില മനസ്സിലാക്കാന്‍ കഴിയുമോ?

chithrakaran:ചിത്രകാരന്‍ said...

ഉജ്ജ്വലമായ ഈ കാഴ്ച്ചപ്പാടും അറിവുകളും സമൂഹത്തില്‍ പ്രസരിച്ചാല്‍... അതോടെ തെളിവില്ലാത്ത രാജ്യദ്രോഹ പ്രവര്‍ത്തനം വിദഗ്ദമായി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന മൌദൂതികളേയും അവരുടെ വിവിധ പേരുകളിലുള്ള വര്‍ഗ്ഗീയ ഭീകര സംഘടനകളേയും തിരിച്ചറിയാന്‍ സമൂഹത്തിനു പ്രാപ്തിയുണ്ടാകും.

ആട്ടിന്‍ കുട്ടികളുടേയും,മാലാഘമാരുടേയും വേഷത്തില്‍
ട്രോജന്‍ കുതിരകളായി വര്‍ഗ്ഗീയ വിഷം കലക്കി നടക്കുന്ന
മൌദൂതികള്‍ ഇപ്പോള്‍ ഗാന്ധിവേഷം കെട്ടാനിറങ്ങുന്നതും
അവരുടെ ഒളിപ്പിച്ചുവക്കപ്പെടുന്ന അജണ്ടയുടെ സുരക്ഷിത മാര്‍ഗ്ഗം എന്ന നിലയിലാണ്.
ഈ പാക്കിസ്ഥാനി താലിബാനി കൂട്ടിക്കൊടുപ്പുകാരെ
രാഷ്ട്രീയകക്ഷികള്‍ ദയയില്ലാതെ വിമര്‍ശിക്കേണ്ടിയിരിക്കുന്നു.
ശത്രുരാജ്യത്തിന്റെ ചാരന്മാര്‍ !!!!

ജോണ്‍ റസ്ക്കിന്‍, ടോള്‍സ്റ്റോയ് തുടങ്ങിയ പശ്ചാത്യ ചിന്തകരിലൂടെ മാനവികതയുടെ വിശാല ചക്രവാളങ്ങളിലേക്ക് വികസിക്കാനായ മഹാത്മാഗാന്ധിയുടെ തേജസ്സാര്‍ന്ന ചിത്രം വരച്ച ലേഖകന്‍ സി.പി.അബൂബക്കറിനും, ലേഖനം പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കും,ബ്ലോഗില്‍ പോസ്റ്റു ചെയ്ത വര്‍ക്കേഴ്സ് ഫോറത്തിനും ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!!

Anonymous said...

ജനാധിപത്യം: ഗാന്ധിജിയും മൗദൂദിയും ഒന്നിക്കുന്നു/
ശൈഖ് മുഹമ്മദ് കാരകുന്ന്

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പഞ്ചായത്ത് സ്ത്രീധനരഹിതമാക്കാന്‍ ഭരണസമിതി തീരുമാനിച്ചു. അതിനായി പഞ്ചായത്ത് പ്രസിഡന്റ് ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ വിശദമായ സ്ഥിതിവിവര കണക്കുകള്‍ ശേഖരിച്ചു. കൂട്ടത്തില്‍ കഴിഞ്ഞ കുറെ കൊല്ലങ്ങള്‍ക്കിടയില്‍ നടന്ന സ്ത്രീധന വിവാഹങ്ങളുടെയും സ്ത്രീധനരഹിത വിവാഹങ്ങളുടെയും കണക്കെടുത്തു. അതനുസരിച്ച് പഞ്ചായത്തിലെ 82 ശതമാനം വിവാഹവും നടന്നത് സ്ത്രീധനത്തോടെയാണ്. 18 ശതമാനം മാത്രമാണ് സ്ത്രീധനരഹിത വിവാഹങ്ങള്‍. അതിനാലവിടെ സ്ത്രീധനമാണ് ജനാധിപത്യപരം. സ്ത്രീധനരാഹിത്യം ജനാധിപത്യവിരുദ്ധമാണ്.

ജനാധിപത്യം ഒരു ജീവിതക്രമമോ വ്യവസ്ഥയോ അല്ല. ഒരു രീതിശാസ്ത്രം മാത്രമാണ്. കുടുംബ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, ധാര്‍മിക, രാഷ്ട്രീയ, ഭരണമേഖലകളില്‍ അത് ഏതെങ്കിലും പ്രത്യേകമായ നിയമമോ ക്രമമോ നല്‍കുന്നില്ല. അതോടൊപ്പം അതിനൊരു ദര്‍ശനമുണ്ട്. ശരിയും തെറ്റും നന്മയും തിന്മയും ധര്‍മവും അധര്‍മവും നീതിയും അനീതിയും സന്മാര്‍ഗവും ദുര്‍മാര്‍ഗവും തീരുമാനിക്കാനുള്ള പരമാധികാരം ജനങ്ങള്‍ക്കാണെന്നതാണത്. അഥവാ, ഭൂരിപക്ഷ, ന്യൂനപക്ഷ അവസ്ഥയാണ് അവയുടെ മാനദണ്ഡം. അതനുസരിച്ച് ഭൂരിപക്ഷം പറയുന്നത് ശരിയും നീതിയുമാണ്. ന്യൂനപക്ഷത്തിന്‍േറത് മറിച്ചും. ആരെങ്കിലും കൂറുമാറി ഭൂരിപക്ഷം ന്യൂനപക്ഷമായാല്‍ ശരി തെറ്റും തെറ്റ് ശരിയുമായിത്തീരുന്നു. സത്യവും അസത്യവും ധര്‍മവും അധര്‍മവും സന്മാര്‍ഗവും ദുര്‍മാര്‍ഗവുമൊക്ക ഇങ്ങനെ മാറിമാറിവരുന്നു. അതോടെ സുസ്ഥിരമായ സത്യമോ സനാതന മൂല്യങ്ങളോ ശാശ്വതധര്‍മങ്ങളോ ഇല്ലാതാകുന്നു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യവും അതുതന്നെ.

ഇന്ത്യന്‍ ഭരണഘടന ചില വശങ്ങളില്‍ ഈ ദൗര്‍ബല്യത്തെ മറികടന്നിട്ടുണ്ട്. ഭൂരിപക്ഷം അനുകൂലിച്ചാലും മാറ്റാന്‍ പാടില്ലാത്ത ചില മൗലിക അടിസ്ഥാനങ്ങളും അവകാശങ്ങളും അതിലുണ്ട്.ഭൂരിപക്ഷമുണ്ടായാലും മൗലിക അവകാശങ്ങള്‍ മാറ്റാന്‍ പാടില്ലെന്ന ഈ വ്യവസ്ഥ പ്രത്യക്ഷത്തില്‍തന്നെ ജനാധിപത്യവിരുദ്ധമാണ്. എന്നാല്‍, ജനാധിപത്യത്തിന്റെ തന്നെ രക്ഷക്ക് ജനാധിപത്യവിരുദ്ധമായ ചിലത് അനിവാര്യമാണ്.

Anonymous said...

ഇന്ത്യന്‍ ഭരണഘടന രൂപം കൊള്ളുന്നതിനും രാജ്യം സ്വാതന്ത്ര്യം നേടുന്നതിനും മുമ്പ് ബ്രിട്ടീഷ് ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ ഈ ദാര്‍ശനിക ദൗര്‍ബല്യം വിശദീകരിച്ച രണ്ട് മഹാവ്യക്തികളാണ് മഹാത്മാഗാന്ധിയും സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയും. ശരിതെറ്റുകളും നന്മതിന്മകളും നിശ്ചയിക്കാന്‍ ഭൂരിപക്ഷ, ന്യൂനപക്ഷാവസ്ഥ മാനദണ്ഡമാക്കുന്ന നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന കാഴ്ചപ്പാടിനെ മൗദൂദി തന്റെ 'മതേതരത്വം,ജനാധിപത്യം, ദേശീയത്വം: ഒരു താത്ത്വിക വിശകലനം' എന്ന തന്റെ കൃതിയില്‍ ശക്തമായി എതിര്‍ക്കുന്നുവെന്നത് ഇന്ന് സുവിദിതമാണ്.

എന്നാല്‍, മഹാത്മാ ഗാന്ധിജിയും ജനാധിപത്യത്തോട് സ്വീകരിച്ചത് ഇതേ സമീപനമാണെന്ന് ഏറെപേര്‍ക്കും അറിയില്ല. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിനെ സംബന്ധിച്ച് അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ പറയുന്ന പാര്‍ലമെന്റുകളുടെ അമ്മയുണ്ടല്ലോ; അതമ്മയല്ല, അതൊരു മച്ചിയും വേശ്യയുമാണ്.പരുക്കന്‍ പ്രയോഗങ്ങളാണിവ രണ്ടും. എന്നാല്‍, സാദൃശ്യം തികച്ചും യുക്തമാണ്. ആ പാര്‍ലമെന്റ് ഇതേവരെ ഒരു നല്ല കാര്യവും ചെയ്തിട്ടില്ല. അതിനാലതു മച്ചി. ബാഹ്യ സമ്മര്‍ദമില്ലെങ്കില്‍ അതിനൊന്നും ചെയ്യാനാവില്ല. അതിനെ വേശ്യയെന്നു വിളിച്ചത് അതത് കാലങ്ങളില്‍ മാറിമാറിവരുന്ന മന്ത്രിമാരുടെ കീഴിലാണെന്നതു കൊണ്ടാണ്.' (ഹിന്ദ് സ്വരാജ് -പുറം: 12).
'ലോകത്തിന്റെ സല്ലാപക്കടയാണ് പാര്‍ലമെന്റ്' എന്ന കാര്‍ലൈലിന്റെ വാക്യം ഉദ്ധരിക്കുന്ന ഗാന്ധിജി അതിനെ ജനങ്ങളുടെ ഏറ്റവും വിലകൂടിയ കളിപ്പാവയെന്നും വിശേഷിപ്പിച്ചിരിക്കുന്നു.' (ibid -പുറം: 12).

ജനാധിപത്യത്തിന്റെ ഈ ദൗര്‍ബല്യത്തെ അതിജയിക്കാന്‍ ഗാന്ധിജിയും മൗദൂദിയും നിര്‍ദേശിച്ച പരിഹാരം വ്യത്യസ്ത ഭൂമികയില്‍നിന്നാണെങ്കിലും ഒരേ സ്വഭാവത്തിലുള്ളതാണ്. ജനാധിപത്യത്തിന്റെ അന്തര്‍ധാരയായി മതാധ്യാപനങ്ങളും മതമൂല്യങ്ങളും നിലനില്‍ക്കണമെന്നതാണത്. ഭൂരിപക്ഷാഭിപ്രായ പ്രകാരം മാറ്റാന്‍ പാടില്ലാത്ത മൗലികാവകാശങ്ങള്‍പോലെത്തന്നെ ശാശ്വതമായ ചില മൂല്യങ്ങളും ധാര്‍മികാധ്യാപനങ്ങളും രാഷ്ട്രത്തിന്റെ അടിത്തറയാവണമെന്നാണ് ഇരുവരുടെയും ശക്തമായ നിലപാട്. രാഷ്ട്രവും രാഷ്ട്രീയവും തീര്‍ത്തും മതമുക്തമാവരുതെന്നര്‍ഥം. ഗാന്ധിജി പറയുന്നു: 'മതേതരമായ ഒരു രാഷ്ട്രീയമേ എനിക്കില്ല. മതമുക്തമായ രാഷ്ട്രീയം ആത്മാവിനെ കൊല്ലുന്ന മരണക്കെണിയാണ്.' (ഉദ്ധരണം ഭവന്‍സ് ജേണല്‍ 1962 ഒക്‌ടോബര്‍ 2).

Anonymous said...

നമുക്കുവേണ്ടത് നമ്മുടെ ആവശ്യത്തിനും സംസ്‌കാരത്തിനും പറ്റിയ ഭരണസംവിധാനമാണ്. അതെന്താണെന്ന് ഇവിടെ പറയുക സാധ്യമല്ല. രാമരാജ്യം എന്ന് അതിനെ വിശേഷിപ്പിക്കാം. പരിശുദ്ധമായ ധാര്‍മികാടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് പരമാധികാരമുള്ള ഒരവസ്ഥാവിശേഷമാണത്.' (രാമരാജ്യം, രാഷ്ട്രപിതാവ്. കെ.പി. കേശവമേനോന്‍- പേജ്: 142).

'മതമില്ലാതെ ഒരൊറ്റ നിമിഷംപോലും ജീവിക്കാനെനിക്ക് സാധ്യമല്ല. എന്റെ രാഷ്ട്രീയവും മറ്റെല്ലാ പ്രവൃത്തികളും മതത്തില്‍നിന്നാണ് ഉദ്ഭവിക്കുന്നത്. മതമെന്നത് ഈശ്വരനുമായുള്ള അനുബന്ധ ഭാവമാണ്. അതായത് ഈശ്വരന്‍ നിങ്ങളുടെ ഓരോ ശ്വാസത്തെയും ഭരിച്ചുകൊണ്ടിരിക്കുന്നു.' (ഉദ്ധരണം: മഹാത്മാഗാന്ധി ഒരു പഠനം- പുറം: 129).

'ആത്മീയമായ നിയമം തനതായ രംഗത്തുമാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നേരെമറിച്ച് അത് ജീവിതത്തിന്റെ സാധാരണ കര്‍മങ്ങളിലൂടെയാണ് വെളിപ്പെടുന്നത്. അപ്രകാരം അത് സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ രംഗങ്ങളെ ബാധിക്കുന്നുണ്ട്.' (ഉദ്ധരണം: മഹാത്മാവിന്റെ മാര്‍ഗം, സുകുമാര്‍ അഴീക്കോട്- പുറം: 18).

'മതത്തില്‍നിന്ന് മുക്തമായ ഒരു രാഷ്ട്രീയം എനിക്ക് സങ്കല്‍പ്പിക്കാനാവില്ലെ'ന്നും 'മതത്തിന് രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് പറയുന്നവര്‍ക്ക് മതത്തിന്റെ അര്‍ഥമറിയില്ലെ'ന്നും 'മതമുക്തമായ രാഷ്ട്രീയം മനുഷ്യന്റെ മരണക്കെണി'യാണെന്നും പറഞ്ഞ ഗാന്ധിജിയുടെ കാഴ്ചപ്പാടിനെ ബല്‍രാജ് പുരി ഇങ്ങനെ പരിചയപ്പെടുത്തുന്നു: അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മതം കേവലം ദൈവത്തോടുള്ള പ്രാര്‍ഥനയല്ല. അതിന് സമൂഹവുമായി പങ്കുവെക്കേണ്ട വിശ്വാസങ്ങളും കര്‍മങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. മതം മറ്റെന്തിനെക്കാളും സാംസ്‌കാരികവും സാമൂഹികവുമായ ഒരു വ്യവസ്ഥയാണ്. സമൂഹമില്ലാത്ത, മതത്തെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ തന്നെ വയ്യ.' (Bal Raj Puri, The Radical Humanist Aug. 1986. ഉദ്ധരണം: സ്വാതന്ത്ര്യം വിഭജനത്തില്‍- പുറം: 128).

ജനാധിപത്യത്തിന്റെ ദാര്‍ശനിക ദൗര്‍ബല്യത്തെ നിരാകരിച്ച് സയ്യിദ് മൗദൂദി ഒരു രീതിശാസ്ത്രമെന്ന നിലയില്‍ അതിനെ സര്‍വാത്മനാ പിന്തുണക്കുന്നു. അങ്ങനെ പ്രായോഗിക രാഷ്ട്രീയത്തില്‍ ജനാധിപത്യത്തിന്റെ ശക്തനായ വക്താവായിത്തീരുന്നു. സയ്യിദ് മൗദൂദി പറയുന്നു: ജനാധിപത്യം ആദ്യത്തില്‍ ആവിഷ്‌കൃതമായത് രാജാക്കന്മാരുടെയും നാടുവാഴി പ്രഭുക്കന്മാരുടെയും ആധിപത്യച്ചങ്ങല പൊട്ടിച്ചെറിയേണ്ടതിനുവേണ്ടിയായിരുന്നു.

ഒരതിര്‍ത്തിയോളം അത് ശരിയുമായിരുന്നു. ജനകോടികളുടെ മേല്‍ സ്വന്തം അഭീഷ്ടവും സ്വേഛയും അടിച്ചേല്‍പ്പിക്കാനോ അവരെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാനോ ഒരു വ്യക്തിക്കോ കുടുംബത്തിനോ വര്‍ഗത്തിനോ അധികാരവും അവകാശവുമില്ല.' (മതേതരത്വം ദേശീയത്വം- ജനാധിപത്യം. ഒരു താത്ത്വിക വിശകലനം -പുറം: 10)

Anonymous said...

ജനങ്ങളുടെ ആധിപത്യത്തിന്റെ സ്ഥാനത്ത് ജനങ്ങളുടെ പ്രാതിനിധ്യത്തെയാണ് നാം അംഗീകരിക്കുന്നത്. രാജാധിപത്യത്തോടും നാടുവാഴിമേധാവിത്വത്തോടും വര്‍ഗപരമായ കുത്തകാവകാശത്തോടും നമുക്ക് തീര്‍ത്താല്‍ തീരാത്ത അമര്‍ഷമുണ്ട്. ആധുനിക കാലത്തെ ഏറ്റവും വലിയൊരു ജനാധിപത്യവാദിക്കുണ്ടാവുന്നത്ര അമര്‍ഷം. സാമൂഹികജീവിതത്തില്‍ ഓരോരുത്തര്‍ക്കും തുല്യാവകാശവും തുല്യ നിലപാടും തുല്യ അവസരവും ലഭിക്കണമെന്ന് നമുക്ക് വലിയ ശാഠ്യമുണ്ട്. ഒരു പാശ്ചാത്യ ജനാധിപത്യവാദിക്കുള്ളത്ര ശാഠ്യം. ദേശവാസികളുടെ സ്വതന്ത്രവും നിര്‍ബാധവുമായ ഹിതാനുസാരമായിരിക്കണം ഗവണ്‍മെന്റിന്റെ ഭരണനിര്‍വഹണവും ഭരണാധികാരികളുടെ തെരഞ്ഞെടുപ്പുമെന്നതിനെ സംബന്ധിച്ചിടത്തോളം നമുക്ക് എതിരഭിപ്രായമേയില്ല. പൗരന്മാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാസ്വാതന്ത്ര്യവും പ്രക്ഷോഭണ സ്വാതന്ത്ര്യവും ഇല്ലാത്തതോ ജനനത്തെയും ജാതിയെയും പാരമ്പര്യത്തെയും വര്‍ഗപരതയെയും ആധാരമാക്കിയുള്ള പ്രത്യേക അവകാശങ്ങളും പ്രത്യേക പ്രതിബന്ധങ്ങളും ഉള്ളതോ ആയ ഒരു വ്യവസ്ഥിതിയെ നാം ഒരിക്കലും അനുകൂലിക്കുന്നില്ല. ജനാധിപത്യത്തിന്റെ യഥാര്‍ഥ സത്തയായ ഈവിധ വിഷയങ്ങളിലൊന്നും നാം വിഭാവനചെയ്യുന്ന ജനാധിപത്യവും പാശ്ചാത്യ ജനാധിപത്യവും തമ്മില്‍ അന്തരമൊന്നുമില്ല.' (അതേ പുസ്തകം- പുറ: 20).

മൗദൂദി ജനാധിപത്യത്തിന്റെ മേന്മ ഉയര്‍ത്തിക്കാണിക്കുന്നു: നമ്മുടെ രാജ്യത്തിന്റെ ഭരണവ്യവസ്ഥയുടെ വികാസം ജനാധിപത്യത്തിലൂടെയോ അതല്ല, മറ്റേതെങ്കിലും വിധത്തിലോ എന്നതല്ല നാം നേരിടുന്ന യഥാര്‍ഥ ചോദ്യം. ബുദ്ധിയുള്ള ഒരു മനുഷ്യനും ജനാധിപത്യത്തെ എതിര്‍ക്കുകയില്ല. ഇവിടെ രാജാധിപത്യമോ ഏകാധിപത്യമോ മറ്റേതെങ്കിലും തരത്തിലുള്ള ഭരണരീതിയോ ആണ് വേണ്ടതെന്നും പറയാനാവില്ല.' (തഹ്‌രീകെ ആസാദി ഹിന്ദ് ഔര്‍ മുസല്‍മാന്‍ -പുറം: 475)

വിഭജനത്തോടെ പാകിസ്താനിലേക്കുപോയ സയ്യിദ് മൗദൂദി അവിടത്തെ ജനാധിപത്യവത്കരണത്തിനായി കഠിനമായി യത്‌നിച്ചു. 1951 ജനുവരി 21ന് പാകിസ്താനെ ജനാധിപത്യരാഷ്ട്രമാക്കണമെന്നാവശ്യപ്പെട്ട് 24 പണ്ഡിതന്മാരെ സംഘടിപ്പിച്ച് ഭരണകൂടത്തിന് നിവേദനം നല്‍കി. 1969ലും 1977ലും പാകിസ്താനിലെ ജനാധിപത്യവത്കരണ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് സയ്യിദ് മൗദൂദിയാണ്.

ഇന്ത്യന്‍ മുസ്‌ലികളും ജനാധിപത്യപ്രക്രിയയില്‍ സജീവമായി പങ്കെടുക്കണമെന്നായിരുന്നു സയ്യിദ് മൗദൂദിയുടെ വീക്ഷണം.
1947 മാര്‍ച്ച് 25ന് അദ്ദേഹം ഹൈദരാബാദിലെ അന്‍ജുമന്‍ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് ഖാസിം റിസ്‌വിക്ക് അയച്ച കത്തില്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കുവഹിക്കുന്ന രാഷ്ട്രീയ ഇടപെടലിനാവശ്യപ്പെടുന്നു. അതിലദ്ദേഹം എഴുതി: 'മുസ്‌ലിം രാഷ്ട്രീയപാര്‍ട്ടി വോട്ടുകള്‍ക്കായി മുസ്‌ലിംകളെ മാത്രം ആശ്രയിക്കാതെ ഹിന്ദുക്കളിലേതടക്കം അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും വോട്ടുകള്‍ സമാഹരിക്കുംവിധം പരിപാടികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിക്കേണ്ടതാണ്.' (ഉദ്ധരണം: വി.എ. കബീര്‍, ജമാഅത്തെ ഇസ്‌ലാമി വായനയും പ്രതിരോധവും -പുറം: 24).

Anonymous said...

സയ്യിദ് മൗദൂദി പ്രതിനിധാനം ചെയ്യുന്ന ഇസ്‌ലാമിന്റെയും ഗാന്ധിസത്തിന്റെയും രാഷ്ട്രീയത്തിലെ താളൈക്യത്തെ സംബന്ധിച്ച പ്രമുഖ ചരിത്രകാരന്‍ എം.ജി.എസ്. നാരായണന്‍ എഴുതുന്നു: 'ഗാന്ധിജിയെപ്പറ്റി പറയുമ്പോള്‍ അദ്ദേഹത്തിന് തന്റെ രാഷ്ട്രീയം മുഴുവനായും അദ്ദേഹത്തിന്റെ മതത്തിന്റെ പ്രകടനമായിരുന്നു. ഗാന്ധിജിയും ഒരുകാലത്ത് അറേബ്യയിലുണ്ടായിരുന്ന പ്രവാചകന്‍ മുഹമ്മദും രാഷ്ട്രീയത്തെയും മതത്തെയും കൂട്ടിക്കുഴച്ചവരായിരുന്നു. മുഹമ്മദ് നബി മുഴുവന്‍ സമയ പ്രവാചകനെന്നതുപോലെ തന്നെ സൈന്യാധിപനും ഭരണാധികാരിയുമായി 'ഖാലിഫേറ്റ്'സ്ഥാപിച്ച് തന്റെ ജനങ്ങള്‍ക്ക് ഏല്‍പ്പിച്ചുകൊടുത്ത മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനായിരുന്നു. തീരെ ഇരുളടഞ്ഞ അറബികളെ വഴക്കിയെടുക്കാനുള്ള പുരോഗമനപരമായ ആശയങ്ങളായിരുന്നു അദ്ദേഹമുണ്ടാക്കിയ നിയമസംഹിതകളെല്ലാം. പക്ഷേ, മുഹമ്മദ് നബിയുടെ പിന്തുടര്‍ച്ചക്കാരെന്നറിയപ്പെടുന്ന ഇസ്‌ലാംമത വിശ്വാസികള്‍ രാഷ്ട്രീയവും മതവിശ്വാസവും തമ്മില്‍ വേര്‍തിരിക്കുന്നു. ഇതെങ്ങനെ വേര്‍തിരിക്കാന്‍ കഴിയുന്നുവെന്നുള്ളത് എന്റെ സംശയമാണ്. (സമകാലിക മലയാളം -2007 ജൂലൈ 27).

പ്രവാചകപാത പിന്തുടര്‍ന്ന സയ്യിദ് മൗദൂദിയെ ജനാധിപത്യത്തിന്റെ പ്രയോഗവത്കരണത്തെ പൂര്‍ണമായും പിന്തുണച്ചുകൊണ്ടുതന്നെ അതിന്റെ ദാര്‍ശനിക അബദ്ധം ചൂട്ടിക്കാണിച്ച് നിരാകരിച്ചതിന്റെ പേരില്‍ ബഹളം വെക്കുകയും രൂക്ഷമായ ആക്ഷേപ ശകാരങ്ങളുതിര്‍ക്കുകയും ചെയ്യുന്നവര്‍ ജനാധിപത്യത്തെ അതിനേക്കാള്‍ ശക്തമായി എതിര്‍ത്ത ഗാന്ധിജിയെ വെറുതെ വിടുന്നത് അദ്ദേഹത്തെ പിന്തുണക്കാന്‍ ഇന്ത്യയില്‍ ആരുമില്ലാത്തതിനാലാവാനേ തരമുള്ളൂ. ഗാന്ധിജിയുടെ പേര് സദാ ഉരുവിടുന്നവര്‍പോലും അദ്ദേഹത്തിന്റെ ധാര്‍മികതയെയും കാഴ്ചപ്പാടുകളെയും പ്രായോഗികമായി എന്നോ തള്ളിക്കളഞ്ഞിരിക്കുന്നു,
വാചികമായി തള്ളിപ്പറഞ്ഞിട്ടില്ലെങ്കിലും. അഥവാ, വല്ല യഥാര്‍ഥ ഗാന്ധി ഭക്തരും ഇനിയും അവശേഷിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ പിന്തുണക്കാന്‍ ധീരമായി മുന്നോട്ടുവരട്ടെ.

ശ്രീജിത് കൊണ്ടോട്ടി. said...

മത രാജ്യം സ്വപ്നം കണ്ടു നടക്കുന്ന ജമ-അതെ-ഇസ്ലാമിയും മതേതര രാജ്യം എന്ന ആശയം മുന്നോട്ടു വച്ച ഗാന്ധിയും തമ്മ്മില്‍ എന്ത് ബന്ധം ആണ് ഉള്ളത്. ഇന്ത്യ വിഭജനത്തെ ശക്തമായി എതിര്‍ത്ത ഗാന്ധിയും മത രാജ്യ സ്ഥാപനത്തിനായി വിഭജനം എന്ന ആശയത്തെ പിന്താങ്ങിവരുടെയും രാഷ്ട്രീയത്തെ താരതമ്യപ്പെടുത്തുന്നത് വിഡ്ഢിത്തമാണ്.!!