നന്മനിറഞ്ഞ ഗാന്ധാരി- കുരുടനായ ധൃതരാഷ്‌ട്രരുടെ കെട്ടിലമ്മ- ഒരു കട്ടിത്തുണികൊണ്ട് കണ്ണും മൂടി നടക്കുന്നതെന്തിനാണെന്ന് സംശയങ്ങള്‍ ഒരുപാടുണ്ടായിരുന്ന കുട്ടിക്കാലത്ത് ഞാനെന്റെ മുത്തശ്ശിയോട് ചോദിച്ചു. കണ്ണില്‍ കരടോ നുഴമ്പോ കയറാതിരിക്കാനാവും എന്നായിരുന്നു തമാശക്കാരിയായ മുത്തശ്ശിയുടെ മറുപടി. അന്ധനായ പതിദേവന് ഒരു വടിയും വഴികാട്ടിയുമാവാനായിരുന്നു സാധ്വിയുടെ ഉദ്ദേശ്യമെങ്കില്‍ കണ്ണ് തുറന്നുപിടിക്കുകയല്ലേ വേണ്ടിയിരുന്നത് ? നീതി ദേവതാ സങ്കല്‍പ്പവും ഏതാണ്ട് ഗാന്ധാരിയുടെ രീതിയില്‍ത്തന്നെ; കറുത്തൊരു ശീലകൊണ്ട് കാഴ്‌ച മറച്ച് കൈയില്‍ ഒരു തുലാസുമായി കോടതിമുറ്റത്ത് നില്‍ക്കുന്ന നിലയില്‍. നിയമത്തിന്റെ നിര്‍മമതയെ, നിസ്സംഗതയെ, നീക്കുപോക്കില്ലായ്‌മയെ, പ്രതീകവല്‍ക്കരിക്കുന്നു എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്.
ഏതായാലും സാമാന്യജനത്തിന് നീതിപീഠങ്ങളോടുള്ള ഭയഭക്തി ബഹുമാനങ്ങള്‍ അഭംഗുരമായി നിലനില്‍ക്കുന്നു. അധികാരവ്യവസ്ഥയുടെ അതിക്രമങ്ങളില്‍നിന്ന്, ബ്യൂറോക്രസിയുടെ കുതിരക്കയറ്റത്തില്‍നിന്ന്, എന്നെയും നിങ്ങളെയും പരിരക്ഷിച്ചുപോരുന്നത് കോടതിയാണെന്ന ബോധ്യം ഏറിയും കുറഞ്ഞും ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. എൿസിക്യൂട്ടീവിന് മൂക്കുകയറിടാന്‍ ജുഡീഷ്യറിക്കേ പറ്റൂ. പൌരാവകാശങ്ങളെ നിര്‍വചിക്കുന്നതും ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യങ്ങളെ അവശ്യസന്ദര്‍ഭങ്ങളില്‍ വ്യാഖ്യാനിക്കുന്നതും നീതിപീഠങ്ങളാണ്.
വിവിധങ്ങളായ പൌരാവകാശ ധ്വംസനങ്ങള്‍ക്കും ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതക്കും തടയിടാന്‍ തയാറായ ഒരുപാട് ന്യായമൂര്‍ത്തികള്‍ ഭാഗ്യവശാല്‍ നമുക്കുണ്ടായിട്ടുണ്ട്. ജസ്റ്റിസ് ചഗ്ള, ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് ഭഗവതി, ജസ്റ്റിസ് മുള്ള, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, ജസ്റ്റിസ് ഗോഖലെ, ജസ്റ്റിസ് താര്‍ക്കുണ്ടെ, ജസ്റ്റിസ് വെങ്കിടാചലയ്യ, ജസ്റ്റിസ് ശ്രീകൃഷ്ണ ഇങ്ങനെ നീളുന്നു പൌരാവകാശങ്ങള്‍ക്കും മനുഷ്യന്റെ അന്തസ്സിനും കാവല്‍നിന്ന അതികായന്മാരുടെ ലിസ്റ്റ്. അവരുടെ വാഴ്ത്തപ്പെടുന്ന നാമാവലിയില്‍ത്തന്നെയാണ് ജസ്റ്റിസ് കെ ടി തോമസ്സിന്റെയും സ്ഥാനം. അധികാരകേന്ദ്രങ്ങളുടെ അവതാരങ്ങളെ അതിരൂക്ഷമായി വിമര്‍ശിക്കാനും അവയെ നിലക്ക് നിര്‍ത്താനും ഒരിക്കലും ശങ്കിച്ചിട്ടില്ലാത്ത അദ്ദേഹം പ്രബുദ്ധവും പരിശുദ്ധവും മനുഷ്യമുഖമുള്ളതുമായ നീതിബോധത്തിന്റെ ആള്‍രൂപമായി നമുക്കിടയില്‍ ജീവിക്കുന്നു.
'സോളമന്റെ തേനീച്ചകള്‍' അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പുകളത്രെ. ഈ ഓര്‍മക്കുറിപ്പുകളത്രയും ഒരു ന്യായാധിപനെന്ന നിലക്കുള്ള ജസ്റ്റിസ് തോമസിന്റെ അനുഭവങ്ങളുമായി ബന്ധപ്പെട്ടതുമാണ്. 'ന്യായപീഠത്തിലെത്തും മുമ്പ് ' എന്നൊരു ജീവിത സ്‌മരണിക അദ്ദേഹം കുറച്ചുമുമ്പ് എഴുതിയിരുന്നു. രണ്ടും ചേര്‍ത്തുവച്ച് വായിക്കുമ്പോള്‍ സൂക്ഷ്‌മമായ ജീവിതവിമര്‍ശനത്തിന്റെ വിലപ്പെട്ട ഒരു പാഠം ഉരുത്തിരിയുന്നു.
'സോളമന്റെ തേനീച്ചകള്‍' എന്ന ശീര്‍ഷകം ഈ ഓര്‍മപ്പുസ്‌തകത്തിന് സാര്‍ഥകംതന്നെ. ബി സി പത്താം ശതകത്തില്‍ ഇസ്രയേല്‍ വാണിരുന്ന സോളമന്‍ ചക്രവര്‍ത്തി - ദാവീദിന്റെ പുത്രന്‍- ബുദ്ധിസാമര്‍ഥ്യത്തിനും നീതിബോധത്തിനും പുകഴ്‌പെറ്റ ഭരണകര്‍ത്താവായിരുന്നു. ഒരു നാള്‍ അയല്‍ക്കാരിയായ ഒരു രാജ്ഞി അദ്ദേഹത്തിന്റെ ബുദ്ധിപാടവത്തെ പരീക്ഷിക്കാന്‍ തീരുമാനിച്ചു. മേശപ്പുറത്ത് രണ്ട് വലിയ പൂച്ചെണ്ടുകള്‍ വെച്ചിരുന്നു. ഒന്ന് കടലാസ് പുഷ്പത്തിന്റേത്; മറ്റേത് യഥാര്‍ഥ റോസാപ്പൂവിന്റെത്. ദൂരത്തുനിന്ന് അവയെ നോക്കി ഏതാണ് ഒറിജിനല്‍ എന്ന് രാജാവ് പറയണം. സോളമന്‍ അയലത്തുനിന്ന് സൂക്ഷിച്ചുനോക്കി. ഒരു ബൊക്കെക്ക് ചുറ്റും ചെറിയ തേനീച്ചകള്‍. അസ്സല്‍ച്ചെണ്ട് ഏതെന്ന് പറയാന്‍ അദ്ദേഹത്തിന് ഒരു നിമിഷം വേണ്ടിവന്നില്ല. തലച്ചോറിനേക്കാള്‍ നിരീക്ഷണകുശലതക്കാണ് ഇവിടെ മാര്‍ക്ക്. ദൈവകടാക്ഷവും സോളമന്‍ രാജാവിനെ സഹായിച്ചിരിക്കണം. ഏതായാലും ഒരുപാട് കുഴക്കുന്ന സന്ദര്‍ഭങ്ങള്‍ ഒരു ജഡ്‌ജിയുടെ ഔദ്യോഗിക ജീവിതത്തില്‍ വന്നുപെടും. അപ്പോള്‍ ബുദ്ധിയും നിരീക്ഷണവും ദൈവകൃപയും ആവശ്യമായിവരും.
ഗ്രന്ഥകാരന്‍ പത്തു പതിനേഴുകൊല്ലം നല്ലൊരു വക്കീലായി ബാറില്‍ കഴിച്ചുകൂട്ടി. പിന്നെ ഇരുപത്തിയഞ്ചുകൊല്ലം ന്യായാധിപന്റെ വേഷത്തില്‍ ബെഞ്ചിലും. ആദ്യം ജില്ലാ ജഡ്‌ജി; പിന്നെ ഹൈകോര്‍ട് ജഡ്‌ജി, ഒടുവില്‍ സുപ്രീം കോര്‍ട് ജഡ്‌ജി. ഇതാണ് ജസ്റ്റിസ് കെ ടി തോമസിന്റെ കരിയര്‍ ഗ്രാഫ്. നല്ല വരുമാനമുള്ള അഭിഭാഷകവൃത്തി വേണ്ടെന്നുവെച്ചാണ് സെഷന്‍സ് ജഡ്‌ജിയുടെ കസേരയിലേക്ക് സെലക്ഷന്‍ കിട്ടിയപ്പോള്‍, അദ്ദേഹം അത് സ്വീകരിച്ചത്. ജഡ്‌ജിയുദ്യോഗത്തിന് വിലയും നിലയും പെരുത്തുണ്ടെങ്കിലും മാസശമ്പളം രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്‌ടിച്ചു പറ്റുന്ന വിധമായിരുന്നു. തൃശൂരില്‍ ജോലി നോക്കുമ്പോള്‍ അനുഭവിച്ച സാമ്പത്തിക ഞെരുക്കത്തെപ്പറ്റി ഗ്രന്ഥകാരന്‍ പറയുന്നുണ്ട്.
കോടതി മുറിയിലെ വഴക്കങ്ങളെ, ചിട്ടവട്ടങ്ങളെ, കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന അഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നു. വിചാരണ നടക്കുന്ന സമയമത്രയും ക്രിമിനല്‍ കേസിലെ പ്രതികള്‍ പ്രതിക്കൂട്ടില്‍ത്തന്നെ നില്‍ക്കണമെന്നതാണ് വഴക്കം. അത് പ്രാകൃതമായ ഒരാചാരമാണെന്ന് ജസ്റ്റിസ് തോമസിന് തോന്നി. ആയതിനാല്‍ അദ്ദേഹത്തിന്റെ കോടതിയില്‍ പ്രതിക്ക് പ്രത്യേക ഇരിപ്പിടം നല്‍കാന്‍ ജഡ്‌ജി ശ്രദ്ധിച്ചിരുന്നു.
കെ ടി തോമസിന്റെ അടുത്ത മാറ്റം കോഴിക്കോട് ഡിസ്‌ട്രിൿട് കോര്‍ടിലേക്കായിരുന്നു: വലിയ പാരമ്പര്യമുള്ള ന്യായപീഠം, അതിപ്രഗത്ഭരായ അഭിഭാഷകന്മാരുടെ വടക്കന്‍ കളരി. എ ആര്‍ ശ്രീനിവാസന്‍ എന്നൊരു കുലീനനായിരുന്നു പ്രിന്‍സിപ്പല്‍ ജഡ്‌ജി. കെ ടി തോമസ് അഡീഷണല്‍ ജഡ്‌ജിയും. അവിടെവെച്ച് തനിക്ക് അടുത്തിടപെടാന്‍ കഴിഞ്ഞ ചില അഭിഭാഷക പ്രതിഭകളെ അദ്ദേഹം ആദരപൂര്‍വം അനുസ്‌മരിക്കുന്നുണ്ട്: ബാറിലെ കാരണവരും പ്രഗത്ഭ ക്രിമിനല്‍ വക്കീലുമായിരുന്ന കെ കുഞ്ഞിരാമ മേനോന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍കൂടിയായ അഡ്വ. കെ ഭാസ്‌ക്കരന്‍ നായര്‍, ബത്തേരി കേസ് പോലുള്ള പ്രമാദമായ പല കേസുകളും കെ ടി തോമസ് വിചാരണ ചെയ്യുകയുമുണ്ടായി. അക്കാലത്ത് അദ്ദേഹം റോട്ടറി ക്ളബ്ബില്‍ ചെയ്‌ത ഒരു പ്രഭാഷണം 'കോടതിയിലെ ഭാഷ' എന്ന വിഷയത്തെക്കുറിച്ചായിരുന്നു. കോടതിഭാഷ ഇംഗ്ളീഷായിത്തന്നെ തുടരുന്നതാണ് നല്ലത് എന്നും യുവ അഭിഭാഷകര്‍ ഇംഗ്ളീഷില്‍ അവഗാഹം നേടണമെന്നും പറഞ്ഞത് ഔദ്യോഗിക ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന് ഒട്ടും രസിച്ചില്ല. ഹൈക്കോടതിക്ക് പരാതിപോയി. എന്നാല്‍ അന്നത്തെ കേരള ചീഫ് ജസ്റ്റിസ് ബാലകൃഷ്ണന്‍ ഏറാടി, തോമസ് നല്‍കിയ വിശദീകരണം അംഗീകരിച്ച് ഫയല്‍ ക്ളോസ് ചെയ്യുകയാണുണ്ടായത്.
കൊല്ലത്തും തിരുവനന്തപുരത്തും സെഷന്‍സ് ജഡ്‌ജിയായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സംഗതിയായി. മനുഷ്യസ്വഭാവത്തിന്റെ വൈചിത്ര്യങ്ങളിലേക്ക് വാതില്‍ തുറക്കുന്ന ഒട്ടേറെ കേസുകളില്‍ വിധിന്യായമെഴുതാന്‍ അവസരം കൈവന്നു. ഹൈക്കോടതി ജഡ്‌ജിയായി സ്ഥാനക്കയറ്റം കിട്ടുന്നതിന് അവിചാരിതമായ ചില സാങ്കേതിക തടസ്സങ്ങള്‍ പ്രത്യക്ഷപ്പെട്ടുവെങ്കിലും അവയൊക്കെ തക്കസമയത്ത് നീക്കംചെയ്യപ്പെട്ടു. നവാബ് രാജേന്ദ്രന്‍ സമര്‍പ്പിച്ച ഒരു 'റിട്ട്' ഹര്‍ജിയായിരുന്നു മാര്‍ഗതടസ്സമുണ്ടാക്കിയത്. കെ ടി തോമസും കെ ശ്രീധരനും കെ ജി ബാലകൃഷ്‌ണനും ഏതാണ്ടൊരേ കാലത്താണ് ഹൈക്കോടതിയിലെത്തിയത്.
എണ്‍പതുകളുടെ തുടക്കത്തില്‍ ജഡ്‌ജിമാരുടെ മാസവേതനം മൂവായിരത്തഞ്ഞൂറുറുപ്പിക മാത്രമായിരുന്നു. കാറും മറ്റു അത്യാവശ്യ സൌകര്യങ്ങളുമായി മാന്യമായി ജീവിക്കാന്‍ ഈ ശമ്പളം ഒട്ടും പോരാതെ വന്നിട്ടും കാലോചിതമായ വേതന വര്‍ധനവിന് ഗവണ്‍മെന്റ് മുതിരുകയുണ്ടായില്ല. പിന്നീട് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി വന്നപ്പോഴാണ് സാമാന്യം ഭേദപ്പെട്ട ശമ്പള പരിഷ്‌ക്കരണവും മറ്റാനുകൂല്യങ്ങളും ന്യായാധിപന്മാര്‍ക്ക് അനുവദിച്ചുകിട്ടിയത്. മര്യാദക്ക് ജീവിക്കാമെന്നായി. എന്നിട്ടും ചില ജഡ്‌ജിമാരെങ്കിലും കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് അനാവശ്യമായ കാലവിളംബം സൃഷ്‌ടിക്കുന്നത് ഖേദകരമാണെന്ന് ജസ്റ്റിസ് തോമസ് നിരീക്ഷിക്കുന്നു. വൈകി വരുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിയാണെന്നാണല്ലോ ചൊല്ല്.
നിയമവിശ്ളേഷണ കുശലരും സ്വഭാവമഹിമകൊണ്ടും കര്‍മശേഷികൊണ്ടും അത്യുന്നതങ്ങളില്‍ നില്‍ക്കുന്നവരുമായ ഒരുപാട് ജഡ്‌ജിമാരോടൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് അവസരമുണ്ടായി: ജസ്റ്റിസ് യു എന്‍ ഭട്ട്, ജസ്റ്റിസ് കെ എസ് പരിപൂര്‍ണന്‍, ജസ്റ്റിസ് കെ സുകുമാരന്‍, ജസ്റ്റിസ് പി സി ബാലകൃഷ്ണമേനോന്‍, ജസ്റ്റിസ് പി ടി രാമന്‍ നായര്‍. ഒരു വ്യാഴവട്ടക്കാലം കേരള ഹൈക്കോടതിയില്‍ ന്യായമൂര്‍ത്തിയായി പ്രവര്‍ത്തിക്കവെ, ഉദ്വേഗജനകമായ പല കേസുകളും കൈകാര്യം ചെയ്യാന്‍ കെ ടി തോമസിന് സാധിച്ചു. അതിലൊന്ന് സര്‍വോദയ നേതാവ് പ്രൊഫ. എം പി മന്മഥന്‍ പ്രതിയായ ഒരു കേസാണ്. മദ്യശാലകള്‍ ഉപരോധിച്ചതിന്റെ പേരിലായിരുന്നു കേസ്. മഹാത്മാഗാന്ധിയുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടിയായി മദ്യവര്‍ജനം നടപ്പാക്കുക എന്ന ഉല്‍കൃഷ്‌ടമായ ഉദ്ദേശ്യമാണ് പ്രൊഫസര്‍ മന്മമഥനെയും സഹപ്രവര്‍ത്തകരേയും മദ്യശാലകള്‍ ഉപരോധിക്കാന്‍ പ്രേരിപ്പിച്ചതെന്നും അവര്‍ ഒരിക്കലും കുറ്റക്കാരല്ലെന്നും ജസ്റ്റിസ് തോമസ് വിധിന്യായത്തില്‍ പ്രസ്‌താവിച്ചു. ഇത് ഇന്ത്യയിലാകമാനം ആവേശത്തോടെയാണ് സ്വീകരിച്ചത്.
ആലുവയില്‍ നടന്ന പൊട്ടാസ്യം സൈനൈഡ് കേസ് , മജീന്ദ്രന്‍ കേസ്, പാനൂര്‍ സോമന്‍ കൊലക്കേസ് എന്നീ പ്രമാദമായ കേസുകള്‍ വിചാരണക്ക് വന്നതും ജസ്റ്റിസ് തോമസിന്റെ ബെഞ്ചിലായിരുന്നു. ഈ കേസുകളിലെ വിധികള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തിരുന്നു. ജസ്റ്റിസ് പരീത് പിള്ള റിട്ടയര്‍ ചെയ്‌തപ്പോള്‍ അദ്ദേഹം കേരള ഹൈക്കോടതിയുടെ ആൿടിങ് ചീഫ് ജസ്റ്റീസായി നിയമിക്കപ്പെട്ടു.
ജസ്റ്റിസ് എം എം അഹമ്മദി ഇന്ത്യന്‍ ചീഫ് ജസ്റ്റിസായിരിക്കുമ്പോഴാണ് ജസ്റ്റിസ് കെ ടി തോമസ് സുപ്രീം കോടതിയിലേക്ക് ക്ഷണിക്കപ്പെട്ടത്. നിയമനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ചില തടസ്സങ്ങളൊക്കെ വന്നുഭവിച്ചു. ഒടുവില്‍ 1996 മാര്‍ച്ചില്‍ രാഷ്‌ട്രപതിഭവനില്‍നിന്നും ആ സന്ദേശം വന്നു. "താങ്കളെ സുപ്രീം കോടതി ജഡ്‌ജിയായി നിയമിക്കുന്നതില്‍ ഇന്ത്യന്‍ പ്രസിഡന്റ് സന്തുഷ്ടനാണ്.'' 1996 മാര്‍ച്ച് 9 ന് കാലത്ത് പത്തരക്ക് ചീഫ് ജസ്റ്റിസ് ഹാളില്‍ വെച്ച് അദ്ദേഹം സത്യവാചകം ചൊല്ലി സുപ്രീം കോടതിയിലെ ന്യായാധിപസ്ഥാനം ഏറ്റെടുത്തു.
ഒരു ഭാര്‍ഗവീനിലയമെന്ന് പരക്കെ കരുതപ്പെട്ടിരുന്ന തുഗ്ളക്ക് റോഡിലെ ഒരു വലിയ ബംഗ്ളാവിലേക്ക് ഭാര്യാസമേതം താമസം മാറിയപ്പോള്‍ പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അത് അമംഗളമായ ഒരു സ്ഥലമാണെന്നും അതുകൊണ്ടാണ് ഇത്രകാലം അത് പൂട്ടിക്കിടക്കാന്‍ ഇടയായതെന്നും ഒരുകാരണവശാലും ആ പ്രേതബംഗ്ളാവില്‍ പൊറുതി പാടില്ലെന്നും അഭ്യുദയകാംക്ഷികള്‍ പറഞ്ഞു. അദ്ദേഹം അതൊന്നും വകവെച്ചില്ല. നാലുനാലരക്കൊല്ലം അവിടെ സസുഖം താമസിക്കുകയും ചെയ്‌തു. അദ്ദേഹം സുപ്രീം കോടതി ജഡ്‌ജിയായിരുന്ന കാലഘട്ടത്തില്‍ ചരിത്രപ്രാധാന്യമുള്ള പല കേസുകളും വിചാരണക്ക് വരികയുണ്ടായി. രാജസ്ഥാനി നവവധുവിന്റെ കൊലപാതകം, കൊല്‍ക്കത്ത സൌബസാറിലെ മാഫിയത്തലവന്‍ മീര്‍ മുഹമ്മദ് ഓമറിന്റെ പേരിലുള്ള കേസ്, രാജീവ് ഗാന്ധി വധക്കേസ്. തന്റെ സഹജഡ്‌ജിമാരുടെ കഴിവുകളെക്കുറിച്ച്, ന്യായബോധത്തെക്കുറിച്ച് ആദരവോടെ സംസാരിക്കാനാണ് തന്റെ പെരുമ്പറ മുഴക്കാനല്ല, ഗ്രന്ഥകാരന്‍ ശ്രമിക്കുന്നത്.
മാനുഷികമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും ആദര്‍ശങ്ങളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചക്കും തയാറാവാതിരിക്കുകയും ചെയ്യുന്ന ഒരു ഉത്കൃഷ്ടവ്യക്തിത്വമാണ് നാം ഈ പുസ്‌തകത്തിലൂടെ അടുത്തറിയുന്നത്. അനുഭവങ്ങളെയും പാളിച്ചകളേയും ഒരു തത്വവേദിയുടെ നിര്‍മമതയോടെ ജസ്റ്റിസ് തോമസ് അവതരിപ്പിക്കുന്നു. ജാടകളില്ല, നാട്യങ്ങളില്ല. ഈ പുസ്തകം വായിക്കുമ്പോള്‍ നാം ഒരു തിളങ്ങുന്ന ആത്മാവിനെ സ്‌പര്‍ശിക്കുന്നു; ഉദാരമായ മനുഷ്യസ്‌നേഹത്തിന്റെ സൌരഭ്യമറിയുന്നു.
*****
വി സുകുമാരന്‍, ദേശാഭിമാനി വാരിക
Subscribe to:
Post Comments (Atom)
No comments:
Post a Comment