Sunday, July 4, 2010

യുവ (പുരുഷ) സംഘത്തിന്റെ പ്രച്‌ഛന്നവേഷങ്ങള്‍

1980ല്‍ ലെക് വലേസയുടെ നേതൃത്വത്തില്‍ പോളണ്ടിലെ ഒരു കപ്പല്‍നിര്‍മാണശാലയിലാണ് സോളിഡാരിറ്റി എന്ന വലതുപക്ഷ സാമ്രാജ്യത്വാനുകൂല ട്രേഡ് യൂണിയന്‍ നിലവില്‍ വന്നത്. കമ്യൂണിസ്‌റ്റ് വിരുദ്ധത സമസ്‌തസിരകളിലും ആവാഹിച്ച കത്തോലിക്കാ മതമൌലികവാദികളുടെയും സോവിയറ്റ്വിരോധം ജന്മവ്രതമാക്കിയ വ്യാജ ഇടതന്മാരുടെയും മുതലാളിത്തത്തെ പരിരംഭണംചെയ്‌ത വലേസപ്രഭൃതികളുടെയും കൂട്ടുമുന്നണിയായിരുന്നു പോളണ്ടിലെ സോളിഡാരിറ്റി. കമ്യൂണിസത്തെ വൈരനിര്യാതന ബുദ്ധിയോടെ വീക്ഷിക്കുകയും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്‌റ്റ് ഭരണകൂടങ്ങളെ പിഴുതെറിയാന്‍ ദൃഢപ്രത്യയമെടുക്കുകയും ചെയ്‌തിരുന്ന ജോൺപോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയും ഗോര്‍ബച്ചേവിലൂടെ സമര്‍ഥമായി സോവിയറ്റ് യൂണിയനെ വന്ധ്യംകരിച്ചുകൊണ്ടിരുന്ന അങ്കിള്‍സാമുമായിരുന്നു സോളിഡാരിറ്റിയുടെ ആരാധനാമൂര്‍ത്തികള്‍. തൊണ്ണൂറുകളുടെ തുടക്കത്തില്‍ സോളിഡാരിറ്റി പോളണ്ടില്‍ ഭരണത്തിലേറിയെങ്കിലും ഇന്ന് അത് പോളിഷ് രാഷ്‌ട്രീയത്തില്‍ ചെറുസാന്നിധ്യം മാത്രമാണ്.

2003ല്‍ കോഴിക്കോട്ടെ മുതലക്കുളം മൈതാനത്തിലാണ് മറ്റൊരു സോളിഡാരിറ്റി പിറന്നുവീണത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്. ആറു ദശാബ്‌ദത്തെ 'പ്രത്യയശാസ്‌ത്ര പേറ്റുനോവി'നുശേഷം ജമാഅത്തെ ഇസ്ളാമിയുടെ കേരള ഘടകത്തിനുമാത്രം കേന്ദ്രനേതൃത്വം ആലോചിച്ചനുവദിച്ച സന്താനലബ്‌ധി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ജമാഅത്തെ ഘടകങ്ങള്‍ക്ക് തദൃശ സന്താനങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ജമാഅത്തെ ഇസ്ളാമി ഇനിയും പച്ചക്കൊടി കാട്ടിയിട്ടില്ല. ഇതിനര്‍ഥം തങ്ങളുടെ രഹസ്യ അജന്‍ഡകള്‍ക്കുള്ള പരീക്ഷണവേദിയായി, തങ്ങളുടെ സൃഗാലതന്ത്രങ്ങള്‍ പ്രയോഗിക്കാനുള്ള രംഗഭൂമിയായി ഇന്ത്യന്‍ ജമാഅത്തെ ഇസ്ളാമി കേരളത്തെ തെരഞ്ഞെടുത്തിരിക്കുന്നു എന്നതത്രേ.

കശ്‌മീരില്‍ ആദിവാസി ദളിത് പരിസ്ഥിതി പ്രണയ നാട്യങ്ങളൊന്നുമില്ലാതെ സോളിഡാരിറ്റിയുടെ ഒരു മച്ചുനന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കശ്‌മീര്‍ ജമാഅത്തിന്റെ പരിലാളനയില്‍ വളര്‍ന്ന തീവ്രവാദസംഘടനയായ ഹിസ്‌ബുള്‍ മുജാഹിദീന്‍ ആണത്. ഇവിടത്തെ സോളിഡാരിറ്റിക്ക് ചാണകമാണ് തല്‍ക്കാലം ആയുധമെങ്കില്‍ ഹിസ്‌ബുള്‍ മുജാഹിദീന്‍ 'പോരാളി'കള്‍ കലാഷ്‌നിക്കോവില്‍ കുറഞ്ഞതൊന്നും കൈകൊണ്ട് തൊടില്ലെന്ന വ്യത്യാസമേയുള്ളൂ. (കശ്‌മീരിലെ ഭീകരരെ ജമാഅത്തുകാര്‍ 'പോരാളി'കള്‍ എന്നാണ് വിളിക്കുക).

പോളണ്ടിലെ സോളിഡാരിറ്റിയും കേരളത്തിലെ സോളിഡാരിറ്റിയും തമ്മില്‍ എടുത്തു പറയാവുന്ന ഒരു വ്യത്യാസമേയുള്ളൂ. പോളണ്ടിലെ സോളിഡാരിറ്റിയില്‍ ആണിനും പെണ്ണിനും അംഗങ്ങളാകാം. കേരളത്തിലെ സോളിഡാരിറ്റിയില്‍ 'ആൺകേസരി'കള്‍ക്കു മാത്രമേ പ്രവേശനമുള്ളൂ. മാതൃസംഘടനയുടെ അനൌദ്യോഗികവാരികയില്‍ ആൺകോയ്‌മയെ നിരങ്കുശം എതിര്‍ക്കുന്ന, ലൈംഗികതയിലൂടെയാണ് പെൺശരീരത്തെ ആണുങ്ങള്‍ കോളനീകരിക്കുന്നതെന്നു സമര്‍ഥിക്കുന്ന റാഡിക്കല്‍ ഫെമിനിസ്‌റ്റുകള്‍ക്കുവരെ ചുവപ്പു പരവതാനി വിരിച്ചുനല്‍കാറുണ്ടെങ്കിലും ജമാഅത്തെ യുവതികള്‍ക്ക് സോളിഡാരിറ്റിയുടെ പടിപ്പുരയില്‍പ്പോലും പ്രവേശനമില്ല! അതുകൊണ്ട് 'സോളിഡാരിറ്റി മെന്‍സ് മൂവ്മെന്റ്' എന്ന പേരായിരിക്കും സംഘടനയ്ക്ക് കൂടുതല്‍ യോജിക്കുക. എസ്എഫ്ഐ ഉള്‍പ്പെടെയുള്ള മതേതര വിദ്യാര്‍ഥിസംഘടനകളില്‍ ആൺകുട്ടികളും പെകുട്ടികളും സമഭാവനയോടെ ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ജമാഅത്തെ ഇസ്ളാമി തങ്ങളുടെ വിദ്യാര്‍ഥികളെ എസ്ഐഒ എന്ന ആൺ കംപാര്‍ട്മെന്റും ജിഐഒ എന്ന പെൺ കംപാര്‍ട്മെന്റുമായി വേര്‍തിരിച്ചു നിര്‍ത്തിയിട്ടുണ്ട്. ഗുരുവര്യനായ മൌദൂദിയുടെ സ്‌ത്രീവിരുദ്ധ പ്രമാണങ്ങള്‍ അത്ര എളുപ്പത്തില്‍ മസ്‌തിഷ്കത്തില്‍നിന്ന് ഡിലീറ്റ് ചെയ്യാന്‍ പറ്റില്ലല്ലോ.

പോളണ്ടിലെ സോളിഡാരിറ്റിയും ഇവിടത്തെ സോളിഡാരിറ്റിയും തമ്മിലുള്ള സാദൃശ്യങ്ങള്‍ എന്തെല്ലാമാണെന്നു നോക്കാം. ഒന്ന്; രണ്ടും മുരത്ത കമ്യൂണിസ്‌റ്റ് വിരുദ്ധരാണ്. മതമൌലികവാദികളായ കത്തോലിക്കരും വലതുപക്ഷ മരീചികകളില്‍ മനം മയങ്ങിയ വ്യാജ ഇടതന്മാരും മറയേതുമില്ലാതെ തീവ്രവലതുപക്ഷ പ്രഘോഷണങ്ങള്‍ നടത്തിയ വലേസയുമായിരുന്നു പോളിഷ് സോളിഡാരിറ്റിയുടെ മജ്ജയും മാംസവുമായി വര്‍ത്തിച്ചിരുന്നത്. 'എഴുപതുകള്‍, ഹാ മധുരോദാരമായ എഴുപതുകള്‍' എന്നുമാത്രം ഊണിലും ഉറക്കത്തിലും ഉദീരണംചെയ്യുന്ന ഉദരംഭരികളായ ചില മുന്‍ നൿസലൈറ്റുകളും സിപിഐ എമ്മിനെ തെറിവിളിക്കുന്നത് ജീവിതചര്യയാക്കി മാറ്റിയ നാലോ അഞ്ചോ പ്രച്‌ഛന്ന ഇടതന്മാരും ജമാഅത്തിന്റെ പേറോളിലുള്ള ചില സര്‍ഗാത്മക സാഹിത്യകൂലികളുമാണ് കേരളത്തിലെ സോളിഡാരിറ്റിയുടെ മുന്നണിപ്പട. സോളിഡാരിറ്റിയുടെ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണയോഗം താമരശേരിക്കടുത്ത ഈങ്ങാപ്പുഴയില്‍ ഉദ്ഘാടനംചെയ്തത് സാക്ഷാല്‍ വി പി വാസുദേവനാണ് ! ഇങ്ങനെ പോയാല്‍ ഇടതുപക്ഷ ഏകോപനസമിതിയും അതിലെ അധോമുഖവാമനന്മാരായ വാസുദേവന്മാരും സോളിഡാരിറ്റി എന്ന തമോദ്വാരത്തിലേക്ക് വലിച്ചെടുക്കപ്പെടുക എന്നാണെന്നേ കാത്തിരുന്ന് കാണേണ്ടതുള്ളൂ.

മറ്റൊരു പ്രച്‌ഛന്ന ഇടതനായ സി ആര്‍ നീലകണ്ഠന്റെ ഊണും പള്ളിയുറക്കവും ശീവേലിയും കഴിഞ്ഞുള്ള സമയം നോക്കിയാണ് സോളിഡാരിറ്റിക്കാര്‍ തങ്ങളുടെ പരിപാടികളുടെ നോട്ടീസ് അച്ചടിക്കാന്‍ കൊടുക്കുന്നത്. സോളിഡാരിറ്റിയുടെ 'ദ്രോഗ്‌ബ'യാണ് കുറെക്കാലമായി നീലകണ്ഠന്‍. മൌദൂദിക്ക് മതവും രാഷ്‌ട്രവും എന്നപോലെ സോളിഡാരിറ്റിയും നീലകണ്ഠനും ഇപ്പോള്‍ അവിച്‌ഛിന്ന അവസ്ഥയിലാണ്. പഴയ കുട്ടന്‍മാഷ്, സിവിക് ചന്ദ്രന്‍ ആയി പരിണമിച്ചതുപോലെ നീലകണ്ഠന്‍ ഭാവിയില്‍ 'സോളിഡാരിറ്റി നീലകണ്ഠന്‍' എന്ന പേരിലായിരിക്കുമോ 'ദൈവമേ' അറിയപ്പെടുക?

പ്രച്‌ഛന്ന ഇടതുപക്ഷത്തിന്റെ മേലങ്കികളും ആടയാഭരണങ്ങളും എടുത്തണിയുകയും ഇടതുപക്ഷ പദാവലികളുടെ കപടഭാഷ സൃഷ്‌ടിച്ച് അതില്‍ രമിച്ചഭിനയിക്കുകയും ചെയ്യുന്ന സോളിഡാരിറ്റിക്കാര്‍ ഒരു തീവ്ര വലതുപക്ഷ സംഘടനയാണ് തങ്ങള്‍ എന്ന പരമാര്‍ഥത്തെ ആവുന്നത്ര മറച്ചുവയ്‌ക്കാന്‍ ശ്രമിക്കുന്നു. സോളിഡാരിറ്റിയുടെ വെബ് സൈറ്റില്‍ പോയാല്‍ 'എന്തുകൊണ്ട് സോളിഡാരിറ്റി' എന്ന ശീര്‍ഷകത്തില്‍ ഒരു കുറിപ്പു കാണാം. മാനവികതയിലുള്ള അദമ്യമായ വിശ്വാസം, മനുഷ്യ സാഹോദര്യത്തിലുള്ള അഗാധമായ പ്രതിബദ്ധത, തൊഴിലാളി- കര്‍ഷക- ദളിത്- ആദിവാസി- ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവിതപരിതോവസ്ഥകള്‍ മെച്ചപ്പെടുത്താനുള്ള ഉല്‍ക്കടമായ ആഗ്രഹം തുടങ്ങിയ വാചാടോപങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ആ കുറിപ്പ് മുന്നോട്ടുവയ്‌ക്കുന്ന കേന്ദ്രവാദമുഖം ഇതാണ്; ദാരിദ്ര്യവും പിന്നോക്കാവസ്ഥയും ചൂഷണവും അവസാനിപ്പിക്കാന്‍ മുതലാളിത്തത്തെ ഉന്മൂലനംചെയ്യണം. ബദല്‍ സോഷ്യലിസമാണോ? അല്ലേ അല്ല. കാരണം, അത് 'പരാജയപ്പെട്ട പ്രത്യയശാസ്‌ത്ര'മാണ്. മാത്രമല്ല, മനുഷ്യനിര്‍മിതവുമാണ്. അപ്പോള്‍ എന്താണ് ബദല്‍? ദൈവം പ്രവാചകന്മാരിലൂടെ മുന്നോട്ടുവച്ച വിമോചനമാതൃകയാണത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മൌദൂദി 'നിഷ്‌കൃഷ്‌ട'മായി പഠിച്ച് മുന്നോട്ടുവച്ച ഇസ്ളാമിക രാഷ്‌ട്രം. ആറ്റിക്കുറുക്കി പറഞ്ഞാല്‍, ജമാഅത്തെ മൌലാനമാരുടെ മുല്ലാഭരണം.

പ്രസ്തുത കുറിപ്പില്‍ പുട്ടില്‍ തേങ്ങ ഇടുന്നതുപോലെ സാമ്രാജ്യത്വവിരുദ്ധ പ്രസ്‌താവങ്ങളും ഇടയ്‌ക്കിടെ കാണാം. സമീര്‍ അമിന്‍ എന്ന വിശ്വപ്രസിദ്ധ ചിന്തകന്റെ 'സാമ്രാജ്യത്വത്തിന് പാദസേവ ചെയ്യുന്ന രാഷ്‌ട്രീയ ഇസ്ളാം' എന്ന പ്രബന്ധം കുഞ്ഞാടുകള്‍ സമയം കണ്ടെത്തി മനസ്സിരുത്തി വായിക്കണം. ആരാന്റെ പശുത്തൊഴുത്തില്‍ പോയി ചാണകം വാരുന്ന ജോലി ഇവന്റ് മാനേജ്‌മെന്റ് കമ്പനികളെ ഏല്‍പ്പിച്ച് സമീര്‍ അമിനെയും താരിഖ് അലിയെയുംപോലുള്ളവരെ സോളിഡാരിറ്റിക്കാര്‍ അടുത്തറിയണം. മൌദൂദിയാണ് ബ്രഹ്മാണ്ഡം ഇതഃപര്യന്തം ദര്‍ശിച്ചിട്ടുള്ള അന്യാദൃശചിന്തകന്‍ എന്ന് ധരിച്ചുവശായവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. എന്നാലും ഒരു നേരിയ പ്രതീക്ഷ ബാക്കി വയ്‌ക്കുന്നത് നല്ലതാണല്ലോ.

ഈയിടെ കൊച്ചിയില്‍ മണിപ്പുരിലെ പ്രത്യേക പട്ടാള നിയമത്തിനെതിരെ നിരാഹാരസമരം നടത്തുന്ന ഇറോം ശര്‍മിളയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോളിഡാരിറ്റി ഒരു പൊതുയോഗം സംഘടിപ്പിച്ചിരുന്നു. വി ആര്‍ കൃഷ്ണയ്യരായിരുന്നു ഉദ്ഘാടകന്‍. കൃഷ്ണയ്യരെപ്പോലുള്ള സമാരാധ്യ വ്യക്തികളെ മുന്നില്‍ നിര്‍ത്തുന്നത് ജമാഅത്തിന്റെ സ്ഥിരം തന്ത്രമാണ്. കെ പി രാമനുണ്ണിയും സിവിക് ചന്ദ്രനും, ടി ടി ശ്രീകുമാറും ഇറോം ശര്‍മിളയുടെ സഹോദരന്‍ ഇറോം സിങ്ജിത് സിങ്ങും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി മുജീബ് റഹ്‌മാനുമായിരുന്നു മറ്റു പ്രധാന പ്രഭാഷകര്‍. മുജീബ് റഹ്‌മാന്റെ അധ്യക്ഷ പ്രസംഗത്തിന്റെ രത്നച്ചുരുക്കം സോളിഡാരിറ്റിയുടെ സൈറ്റില്‍ കാണാം. 'ഒരു രാഷ്‌ട്രവും അതിന്റെ പൌരന്മാര്‍ക്കെതിരെ യുദ്ധം ചെയ്യരുത് ' എന്നാണ് മുജീബ് റഹ്‌മാന്റെ മൊഴി. നല്ലതുതന്നെ. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ജമാഅത്തെ ഇസ്ളാമികളുടെ ചരിത്രം കമ്പോടു കമ്പ് വായിച്ചിരിക്കാനിടയുള്ള മുജീബ് റഹ്‌മാന്‍ 1953ലെ പാകിസ്ഥാനിലേക്ക് ഒന്നു തിരിഞ്ഞുനോക്കണം. ഖാദിയാനി മുസ്ളിങ്ങളെ (അഹമ്മദിയ്യ മുസ്ളിങ്ങള്‍) അമുസ്ളിങ്ങളായി പ്രഖ്യാപിക്കണമെന്ന ആവശ്യമുന്നയിച്ച് പാക് ജമാഅത്തെ ഇസ്ളാമിയുടെ കാര്‍മികത്വത്തില്‍ 1953ല്‍ ലാഹോറില്‍ നടന്ന നരമേധത്തില്‍ രണ്ടായിരത്തോളം ഖാദിയാനികളാണ് വധിക്കപ്പെട്ടത്. ഈ കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്‌റ്റിസ് മുനീറും ജസ്‌റ്റിസ് കിയാനിയും സോളിഡാരിറ്റിയുടെ ആചാര്യനായ മൌലാന മൌദൂദിയെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്.

'ഖാദിയാനി പ്രശ്‌നം' എന്ന മൌദൂദിയുടെ വിധ്വംസകഗ്രന്ഥം ഉയര്‍ത്തിപ്പിടിച്ചാണ് ജമാഅത്തുകാര്‍ ലാഹോറിലെ തെരുവീഥികളില്‍ ഖാദിയാനികളെ വെട്ടിനുറുക്കിയത്. ഖാദിയാനികളുടെ രക്തം തളംകെട്ടിക്കിടന്ന ലാഹോറിലെ നിരത്തുകളിലൂടെ വിജിഗീഷുവായി കുതിരസവാരി നടത്തുകയും ചെയ്‌തു മൌദൂദി. മൌദൂദിക്ക് വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് രാഷ്‌ട്രീയ ഇസ്ളാമുമായി സന്ധിചെയ്‌ത പാക് ഭരണകൂടം അത് ജീവപര്യന്തമായി കുറയ്‌ക്കുകയും അവസാനം വെറുതെ വിടുകയും ചെയ്‌തു. 1970കളിലും പാകിസ്ഥാനില്‍ ഖാദിയാനികള്‍ വേട്ടയാടപ്പെട്ടു. ഇന്നും ആഴ്‌ചയില്‍ ഒരു പ്രാവശ്യമെങ്കിലും ഖാദിയാനികള്‍ക്കെതിരായ അതിക്രമ വാര്‍ത്തകള്‍ പാകിസ്ഥാനില്‍നിന്ന് പുറത്തുവരുന്നു. ഇതിനെതിരെയൊന്നും കമാ എന്ന് ഒരക്ഷരം ഉരിയാടാത്തവരാണ് ഇറോം ശര്‍മിളയ്‌ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്നത്.

സോളിഡാരിറ്റിയെ സംബന്ധിച്ചിടത്തോളം പ്രശ്‌നം ഇറോം ശര്‍മിളയോ മണിപ്പുരിലെ പട്ടാളനിയമമോ ഒന്നുമല്ല. 'താഗൂത്തി' (പൈശാചികം/അനിസ്ളാമികം) എന്ന് സോളിഡാരിറ്റിയുടെ മാതൃസംഘടന വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ സാധുത്വനിരാകരണത്തിന്
(delegitimise ) കിട്ടുന്ന ഒരു സന്ദര്‍ഭവും പാഴാക്കാതിരിക്കുക എന്ന കഴുകന്‍കണ്ണ് മാത്രമാണവര്‍ക്കുള്ളത്. പാക് ജമാഅത്തെ ഇസ്ളാമിയുടെ വിദ്യാര്‍ഥി സംഘടനയായ ജംഇയ്യത്തുല്‍-തുലബ 1950കളില്‍ പാക് ക്യാമ്പുകളില്‍ വേട്ടയാടിയിരുന്നത് സോഷ്യലിസ്റ്റ് ആഭിമുഖ്യമുള്ള വിദ്യാര്‍ത്ഥികളെ ആയിരുന്നു എന്നതും അവരാണ് പാക് ക്യാമ്പസുകളില്‍ ‘കലാഷ്‌നിക്കോവ് കള്‍ച്ചര്‍’ കൊണ്ടു വന്നത് എന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. ഈ വക നീചകൃത്യങ്ങളെ ഇന്നേവരെ തള്ളിപ്പറയാത്ത സോളിഡാരിറ്റിയും അതിന്റെ പെറ്റമ്മയായ ജമാ അത്തൈ ഇസ്ലാമിയുമാണ് കേരളത്തില്‍ മനുഷ്യാവകാശത്തിന്റെ ധ്വജവാഹകരായി പെരുമ്പറയടിച്ച് നടക്കുന്നത്.

മറ്റു ചിലര്‍ കെട്ടിയുയര്‍ത്തിയ സമരപ്പന്തലുകളിലേക്ക് ‘മാധ്യമം’ ലേഖകരുടെ അകമ്പടിയോടെ, കൊടിയും വടിയും പിടിച്ച് കയറിച്ചെന്ന് അതും ‘ഞമ്മള് തന്നെ’ എന്ന് പ്രഖ്യാപിക്കുന്ന പരിഹാസ്യരീതി കേരളത്തില്‍ സോളിഡാരിറ്റിക്കുമാത്രം അവകാശപ്പെട്ടതാണ്. ജയിക്കാന്‍ സര്‍വ സാധ്യതകളുമുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ‘ഞങ്ങളുടെ വോട്ടില്ലെങ്കില്‍ കാണാമായിരുന്നു പൂരം’ എന്ന് വീമ്പിളക്കുന്ന മാതൃസംഘടനയുടെ സൂത്രം തന്നെ ഇതും. പ്ലാച്ചിമടയിലും ചെങ്ങറയിലും കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തിലും സംഭവിച്ചത് അതാണ്.

കിനാലൂരില്‍, പക്ഷേ, ഈ ദുഷ്‌പേരില്‍ നിന്ന് മോചനം നേടാനായിരിക്കണം സോളിഡാരിറ്റിക്കാര്‍ ഞാന്‍ മുന്‍പേ ഞാന്‍ മുന്‍പേ എന്നാക്രോശിച്ച് അരയും തലയും മുറുക്കി രംഗത്തെത്തിയത്. വ്യവസായം വന്നിട്ടു മതി റോഡ് നിര്‍മ്മാണം എന്ന ശീര്‍ഷാസനന്യായമാണ് സോളിഡാരിറ്റിയെപ്പോലെ വ്യാജ ഇടതന്മാരും മുന്നോട്ടുവെച്ചത്. ഒരേ ശ്വാസത്തില്‍ തന്നെ സി.പി.ഐ. എം വികസനവിരോധികളാണെന്നും ‘വികസന ഭ്രാന്തിന്റെ’ പേരില്‍ കുടിയൊഴിപ്പിക്കുന്നവരാണെന്നും വലതുപക്ഷം അലമുറയിടുമ്പോള്‍ സോളിഡാരിറ്റിയും അതിന് അടിവര ചാര്‍ത്തുന്നു. കേരളത്തിലെ മതനിരപേക്ഷ പ്രസ്ഥാനങ്ങളെ, വിശിഷ്യ ഇടതുപക്ഷത്തെ, ഏത് കമ്യൂണിസ്‌റ്റ് വിരുദ്ധ ഊളന്മാരുമായും കൂട്ടു ചേര്‍ന്ന് ദുര്‍ബലപ്പെടുത്തി ഈ മണ്ണില്‍ ജമാ അത്തൈ രാഷ്‌ട്രീയത്തിന്റെ വിധ്വംസകവിത്തുകള്‍ വിതയ്-ക്കുക എന്ന തീവ്രയത്‌ന പരിപാടിയിലാണ് സോളിഡാരിറ്റി വ്യാപൃതരായിരിക്കുന്നത്. രാഷ്‌ട്രഗാത്രത്തെ തുരങ്കം വെക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇത്തരം ഛിദ്രശക്തികളെ രാഷ്‌ട്രീയമായും പ്രത്യയശാസ്‌ത്രപരമായും നേരിടാന്‍ ഇടതുമതേതര യുവജനസംഘടനകള്‍ പൂര്‍വാധികം ശുഷ്‌ക്കാന്തി കാണിക്കേണ്ട സമയമാണിത്.


****

എ എം ഷിനാസ്, കടപ്പാട് : ദേശാഭിമാനി

(എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം എന്ന ലേഖന പരമ്പരയിലെ ഒമ്പതാമത്തെ ലേഖനം)

അധിക വായനയ്‌ക്ക് :

1. എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം
2. ജമാഅത്തെ ഇസ്ളാമിയും മുസ്ളിം ലീഗും
3. ജമാഅത്തെ ഇസ്ളാമിയുടെ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രവും
4.രാഷ്‌ട്രീയ ഇസ്ളാമിന്റെ പലസ്‌തീന്‍പര്‍വം
5.ജമാ അത്തെ ഇസ്ളാമിയുടെ വികസനവിരോധവും വിപ്ളവവായാടിത്തവും
6.ജമാഅത്തും സംഘപരിവാറും ഒരേ നുകത്തില്‍
7.ജമാഅത്തിന്റേത് മത പരിത്യാഗം
8.മൌദൂദിസം എന്ന വിഷച്ചെടി

4 comments:

വര്‍ക്കേഴ്സ് ഫോറം said...

പോളണ്ടിലെ സോളിഡാരിറ്റിയും ഇവിടത്തെ സോളിഡാരിറ്റിയും തമ്മിലുള്ള സാദൃശ്യങ്ങള്‍ എന്തെല്ലാമാണെന്നു നോക്കാം. ഒന്ന്; രണ്ടും മുരത്ത കമ്യൂണിസ്‌റ്റ് വിരുദ്ധരാണ്. മതമൌലികവാദികളായ കത്തോലിക്കരും വലതുപക്ഷ മരീചികകളില്‍ മനം മയങ്ങിയ വ്യാജ ഇടതന്മാരും മറയേതുമില്ലാതെ തീവ്രവലതുപക്ഷ പ്രഘോഷണങ്ങള്‍ നടത്തിയ വലേസയുമായിരുന്നു പോളിഷ് സോളിഡാരിറ്റിയുടെ മജ്ജയും മാംസവുമായി വര്‍ത്തിച്ചിരുന്നത്. 'എഴുപതുകള്‍, ഹാ മധുരോദാരമായ എഴുപതുകള്‍' എന്നുമാത്രം ഊണിലും ഉറക്കത്തിലും ഉദീരണംചെയ്യുന്ന ഉദരംഭരികളായ ചില മുന്‍ നൿസലൈറ്റുകളും സിപിഐ എമ്മിനെ തെറിവിളിക്കുന്നത് ജീവിതചര്യയാക്കി മാറ്റിയ നാലോ അഞ്ചോ പ്രച്‌ഛന്ന ഇടതന്മാരും ജമാഅത്തിന്റെ പേറോളിലുള്ള ചില സര്‍ഗാത്മക സാഹിത്യകൂലികളുമാണ് കേരളത്തിലെ സോളിഡാരിറ്റിയുടെ മുന്നണിപ്പട. സോളിഡാരിറ്റിയുടെ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണയോഗം താമരശേരിക്കടുത്ത ഈങ്ങാപ്പുഴയില്‍ ഉദ്ഘാടനംചെയ്തത് സാക്ഷാല്‍ വി പി വാസുദേവനാണ് ! ഇങ്ങനെ പോയാല്‍ ഇടതുപക്ഷ ഏകോപനസമിതിയും അതിലെ അധോമുഖവാമനന്മാരായ വാസുദേവന്മാരും സോളിഡാരിറ്റി എന്ന തമോദ്വാരത്തിലേക്ക് വലിച്ചെടുക്കപ്പെടുക എന്നാണെന്നേ കാത്തിരുന്ന് കാണേണ്ടതുള്ളൂ.

മറ്റൊരു പ്രച്‌ഛന്ന ഇടതനായ സി ആര്‍ നീലകണ്ഠന്റെ ഊണും പള്ളിയുറക്കവും ശീവേലിയും കഴിഞ്ഞുള്ള സമയം നോക്കിയാണ് സോളിഡാരിറ്റിക്കാര്‍ തങ്ങളുടെ പരിപാടികളുടെ നോട്ടീസ് അച്ചടിക്കാന്‍ കൊടുക്കുന്നത്. സോളിഡാരിറ്റിയുടെ 'ദ്രോഗ്‌ബ'യാണ് കുറെക്കാലമായി നീലകണ്ഠന്‍. മൌദൂദിക്ക് മതവും രാഷ്‌ട്രവും എന്നപോലെ സോളിഡാരിറ്റിയും നീലകണ്ഠനും ഇപ്പോള്‍ അവിച്‌ഛിന്ന അവസ്ഥയിലാണ്. പഴയ കുട്ടന്‍മാഷ്, സിവിക് ചന്ദ്രന്‍ ആയി പരിണമിച്ചതുപോലെ നീലകണ്ഠന്‍ ഭാവിയില്‍ 'സോളിഡാരിറ്റി നീലകണ്ഠന്‍' എന്ന പേരിലായിരിക്കുമോ 'ദൈവമേ' അറിയപ്പെടുക?

Anonymous said...

സോളിഡാരിറ്റിയെക്കുറിച്ച് താങ്കള്‍ കേട്ടിരിക്കും എന്ന് പ്രതീക്ഷിക്കട്ടെ. സോളിഡാരിറ്റി എന്നാല്‍ ഐക്യദാര്‍ഢ്യം എന്നാണര്‍ഥം. നീതിക്കും നന്മക്കും വേണ്ടിയുള്ള ഐക്യദാര്‍ഢ്യം. അനീതിക്കും അക്രമത്തിനും എതിരായ ഐക്യദാര്‍ഢ്യം.ചുറ്റുപാടിലേക്ക് കണ്ണോടിച്ചാല്‍ അനീതിയുടെ അട്ടഹാസങ്ങളാണെങ്ങും. ഇരുട്ടിന്റെ ശക്തികളുടെ വിളയാട്ടമാണെവിടെയും. രാജ്യം പൊരുതിനേടിയ സ്വാതന്ത്ര്യവും ജനാധിപത്യവും പച്ചയായി വെട്ടിനുറുക്കി അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നിവേദ്യമര്‍പ്പിക്കുന്ന കറുത്ത സായ്പന്മാരെക്കണ്ട് രാജ്യം വിറങ്ങലിച്ചു നില്‍ക്കുകയാണ്. നടുക്കുകയും നോവിക്കുകയും ചെയ്യുന്ന കാഴ്ചകളാണെല്ലായിടത്തും.

Anonymous said...

ഓരോരുത്തര്കും തന്റെ ബ്ലോഗില്‍ എന്തും എഴുതാന്‍ അവകാശമുണ്ട് എന്നതുപോലെ ഓരോ സംഘടനക്കും അവരവരുടെ ആശയം പറയാനും നമ്മുടെ രാജ്യത്തു സ്വാതന്ത്ര്യമുണ്ട് . എഴുതുന്ന കാര്യങ്ങള്‍ ചരിത്രം വായിച്ചതിനു ശേഷമാണെങ്കില്‍ ഒരല്പം സത്യമുണ്ട് എഴുതുന്നതില്‍ എന്ന് മനസ്സിലാക്കാമായിരുന്നു . തങ്ങള്കെതിരെ പറയുന്നവരെ കയ്യൂക്ക് കൊണ്ട് നേരിടുക എന്ന ആദര്ശ പപരതം വന്ന ഒരു പ്രസ്ഥാനത്തിന്റെ അല്ലെങ്കില്‍ പ്രത്യേയ ശാസ്ത്രത്തിന്റെ മാധ്യമങ്ങളും പ്രവര്‍ത്തകരും എത്ര തന്നെ തകര്തലും തകരാത്ത ഒരു ഇമേജ് സോളിടരിടിക്കും ജമാ'ത്തിനും ഇന്ന് എതിരാളികള്‍ തന്നെ ഉണ്ടാക്കി തന്നിട്ടുണ്ട് . തങ്ങളിലുള്ള അവസാന മുതലാളിത വിരുദ്ധ കാഴ്ചപ്പാടും അവസനിച്ചുപോയിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവാണ് യഥാര്‍ത്ഥത്തില്‍ കിനാലൂരില്‍ കണ്ടത് . അതിനെ എന്ത് കൊണ്ട് നേരിട്ടു എന്ന് പറഞ്ഞു കൊണ്ട് കൊച്ചാക്കാന്‍ ശ്രമിച്ചാലും ഇല്ലെങ്കിലും ഇവിടുത്തെ പൊതുജനം അത്ര കഴുതകലയിട്ടില്ല . തങ്ങള്‍ ഇലക്ഷനില്‍ വിജയിച്ചാല്‍ മാത്രം ജനാധിപത്യം വിജയിക്കുകയും ഇല്ലെങ്കില്‍ ജനാതിപത്യം പരാജയപ്പെടുകയും ചെയ്യുന്നതാണല്ലോ പാര്‍ട്ടിയുടെ രീതി .

കാശ്മീര്‍ ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ബാഗാമാല്ലതതിനാല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റു വങ്ങേണ്ടി വന്ന സംഘദാനയാണ്‌ ജമാ'അതെ ഇസ്ലാമി . പിന്നെ ഹിസ്ബുള്‍ മുജഹിദീനെയും ലഷ്കറെ തോയ്ബയെയും ജമാതിന്റെയും മൌദൂടിയുടെയും പ്രോഡക്റ്റ് ആയി കുറെ കാലമായല്ലോ ചിത്രീകരിക്കാന്‍ തുടങ്ങിയിട്ട് . ഇന്നേ വരെ ഒരു ലോകല്‍ പ്രവര്‍ത്തകനെ പോലും നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനു അരീസ്റ്റ് ചെയ്യാത്ത സംഘടനയാണ് സോളിടരിടിയും ജമാ'തും . എന്നാല്‍ ജനാതിപത്യ പരമായി സമരം നടത്തിയതിന്റെ പേരില്‍ ഒരുപാട് വേദന അനുബവിച്ചവരുമാണ് . സോളിഡാരിറ്റി മുന്നോട്ട് വെക്കുന്നത് ഇസ്ലാം എന്ന പ്രതെയ ശാസ്ത്രമാണ്. അത് വിളിച്ചു പറയാന്‍ സോളിടരിടിക്കോ ജമാതിണോ ഒരു മടിയുമില്ല താനും . നിങ്ങള്‍ക്ക് മാര്‍ക്സിസ്റ്റ്‌ പ്രട്യേയ ശാസ്ത്രം മുന്നോട്ട് വെക്കമെങ്കില്‍ മട്ടുല്ലവര്‍കെന്താ അവരുടെ കയ്യിലുള്ളതു മുന്നോട്ട് വെച്ച് കൂടെ . പിന്നെ ഇസ്ലാമിക പ്രത്യേയ ശാസ്ത്രമാനുസരിച് ജമത് മുല്ലമാരല്ല ഭരണം നടത്താന്‍ പോകുന്നത് . അതിനെ ഒരല്പം വായിച്ചാല്‍ മിനിമം മനസ്സ് താന്‍ മാത്രം ശരി എന്നതില്‍ നിന്നും ഒരല്പം മുന്നോട്ട് പോയാല്‍ മനസ്സിലകവുന്നതെയുള്ളൂ

ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ ശ്രമിക്കുക . കയ്യൂക്ക് കൊണ്ടല്ല അത് ഫഷിസമാണ് .

shahir chennamangallur said...

ഇവരുടെ ഒരു കാര്യം. ഷിനാസ് മുന്‍പൊരിക്കല്‍ സോളിഡാരിറ്റി വേദിയില്‍ കയറി ഗോരഘോരം സോളിഡാരിറ്റിയെ പുകഴ്തിയ ആളാണ്‌. ഇപ്പോ പോളണ്ടിലെ സോളിഡാരിറ്റിയെ ഉദ്ധരിച്ച് കേരളത്തിലെ സോളിഡാരിറ്റിയെ ആക്ഷേപിക്കുന്നു.
കമ്പോഡിയയിലെ പോള്‍പൊട്ടിന്റെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഉദ്ധരിച്ച് പിണറായിയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കൊലയാളിപ്പാര്‍ട്ടി എന്നു വിശേഷിപ്പിക്കാനാവുമൊ?