Tuesday, July 13, 2010

താഴ്വരയിലെ അശാന്തി

കശ്‌മീരില്‍നിന്നും കുറച്ചു കാലങ്ങളായി സംഘര്‍ഷത്തിന്റെ വാര്‍ത്തകള്‍ അധികം വരാറില്ലായിരുന്നു. പതുക്കെ പതുക്കെ താഴ്വര പച്ചപ്പും ജീവിതവും വീണ്ടെടുക്കുകയായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ഇന്ത്യയിലേക്ക് വരുന്ന സഞ്ചാരികളുടെ ലക്ഷ്യങ്ങളില്‍ ലേയും ശ്രീനഗറും വീണ്ടും ഇടം തേടി. വിമാനസര്‍വീസുകളുടെ എണ്ണം കൂടി. ഹോട്ടലുകളും കടകളും സജീവമായി. ഐടി കമ്യൂണിക്കേഷന്‍ പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ യാത്ര ഇത്തവണ കശ്‌മീരിലേക്കായിരുന്നു. ഡല്‍ഹിയില്‍നിന്നും ലേയിലേക്കുള്ള വിമാനങ്ങളില്‍ നിറയെ യാത്രക്കാരാണ്. കൂടുതലും വിദേശികള്‍. മഞ്ഞുമലകളുടെ മുകളിലൂടെ വിമാനം സഞ്ചരിക്കുമ്പോള്‍ ക്യാമറകള്‍ തുടര്‍ച്ചയായി മിഴിതുറന്നു. 11500 അടി ഉയരത്തിലാണ് ലേ സ്ഥിതി ചെയ്യുന്നത്. അവിടെയെത്തുന്നവര്‍ക്ക് കടുത്ത പര്‍വതജ്വരം പിടികൂടാന്‍ സാധ്യതയുണ്ട്. ഓൿസിജന്റെ അളവ് കുറവായതുകൊണ്ട് ശ്വാസതടസ്സം മുതല്‍ ഗുരുതരമായ അസ്വാസ്ഥ്യങ്ങള്‍ പലതും പിടികൂടും. അതുകൊണ്ട് കര്‍ശനമായ മുന്‍കരുതലുകള്‍ ആവശ്യമാണ്. അവിടെയിറങ്ങിയാല്‍ 36 മണിക്കൂര്‍ നിര്‍ബന്ധ വിശ്രമമാണ്. പതുക്കെ മാത്രമേ സഞ്ചരിക്കാവൂ, എന്നിങ്ങനെ നീളുന്നു കാര്യങ്ങള്‍. കൊടുംതണുപ്പിലൂടെ പോസ്‌റ്റ് ഓഫീസിലേക്ക് സഞ്ചരിക്കുന്ന വഴിയില്‍ പലയിടങ്ങളിലും പട്ടാളക്കാര്‍ നില്‍ക്കുന്നത് കാണാം. അവരങ്ങനെ ഒറ്റക്ക് തോക്കുമേന്തി നില്‍ക്കുകയാണ്. മലകയറി വാഹനം പോകുന്നിടങ്ങളിലെല്ലാം പട്ടാളനിര കാണാം. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നതിനു കഠിനമായ സാഹചര്യങ്ങളില്‍ അവര്‍ കണ്ണുതുറന്നു നില്‍ക്കുകയാണ്. ലേയില്‍നിന്നും ശ്രീനഗറിലേക്കുള്ള വഴിയിലാണ് കാര്‍ഗില്‍. പാകിസ്ഥാന്‍ പട്ടാളത്തിന്റെ നുഴഞ്ഞുകയറ്റം ചെറുത്തുതോല്‍പ്പിച്ചത് ഓൿസിജന്‍ പോലും ദുര്‍ബലമായ മലകളില്‍ നടത്തിയ പോരാട്ടത്തിലാണ്. രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കായി മിക്കവാറും യുദ്ധം കെട്ടഴിച്ചുവിടുന്നതും സാധാരണയാണ്. തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് പറയുന്നവരെ കണക്കിനു പരിഹസിച്ചിരുന്ന കാലമുണ്ടായിരുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരവാദം സമീപകാലത്ത് പാകിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍, കശ്‌മീര്‍ അതില്‍നിന്നും വിട്ടുനില്‍ക്കുന്നതിന്റെ സൂചനകള്‍ അടുത്തകാലത്തായി കണ്ടിരുന്നു.

ലേയില്‍നിന്നും ഞങ്ങള്‍ ശ്രീനഗറിലേക്ക് എത്തുമ്പോള്‍ ചിത്രം മാറിത്തുടങ്ങിയിരുന്നു. ഹുറിയത്ത് കോണ്‍ഫ്രന്‍സും മറ്റു ചില സംഘടനകളും പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നു. പ്രക്ഷോഭകാരികളെ നേരിടുന്നതിനു സര്‍ക്കാര്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചിരുന്നു. സിആര്‍പിഎഫിന്റെ അകമ്പടിയോടെയാണ് യാത്ര. കാറില്‍ തോക്കേന്തിയ ഒരു പൊലീസുകാരനുമുണ്ട്. പലയിടങ്ങളിലും ടൂറിസ്‌റ്റ് വാഹനങ്ങള്‍ക്കുനേരെ കല്ലേറ് നടന്നു. വിമാനത്താവളത്തില്‍ യാത്ര മതിയാക്കി പോകുന്നവരുടെ കൂട്ടത്തെയും കണ്ടിരുന്നു. ജൂണ്‍ 11നു ടുഫയില്‍ അഹമ്മദ്മാടൂ പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് പുതിയ സംഭവങ്ങളുടെ തുടക്കം. ഇന്ത്യയില്‍നിന്നും മോചനം 'ആവശ്യപ്പെട്ട് നടക്കുന്ന വെള്ളിയാഴ്ച പ്രക്ഷോഭങ്ങളില്‍ പൊതുവെ ആളുകുറവായിരുന്നു. പല സംഘടനകളും നിലപാട് മാറ്റി സമാധാനത്തിന്റെ പാതയിലേക്ക് വന്നിരുന്നു. ഇതു തീവ്രവാദത്തിന്റെ വഴിയിലൂടെ ഇപ്പോഴും സഞ്ചരിക്കുന്ന സംഘടനകളെ പ്രകോപിതരാക്കി. അവര്‍ക്ക് പാകിസ്ഥാനില്‍നിന്നും വരുന്നവരുടെ പിന്തുണയുമുണ്ട്. അവിടെ ജമാഅത്തെ ഇസ്ളാമി ഇന്ത്യയുടെ ഭാഗമായി കശ്‌മീരിനെ അംഗീകരിക്കുന്നില്ല. ഇത്തരം സംഘടനകള്‍ ന്യൂനപക്ഷ ചെറുപ്പക്കാരെ സംഘടിപ്പിച്ച് ഇന്ത്യാവിരുദ്ധ പ്രചാരവേല ശക്തമായി നടത്തുന്നു. ചില സംഘടനകള്‍ അത്യാധുനിക ആയുധങ്ങളുമായാണ് പൊലീസിനെ നേരിടുന്നത്.

ഒമര്‍ അബ്‌ദുള്ള അധികാരത്തില്‍ വന്നതിനുശേഷം ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശക്തമായെന്നാണ് ചില പത്രപ്രവര്‍ത്തകര്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ ഭരണപരിചയ കുറവ് പ്രശ്‌നം വഷളാക്കുന്നതിനു സഹായിക്കുന്നുവെന്നും ആക്ഷേപമുണ്ട്. പ്രശ്‌നം നടക്കുമ്പോള്‍ അദ്ദേഹം ഗുല്‍മാര്‍ഗിലാണ്. കശ്‌മീരിലെ സുഖവാസകേന്ദ്രങ്ങളില്‍ ഒന്നാണ് ഗുല്‍മാര്‍ഗ്. പതിനായിരം അടിയിലധികം ഉയരമുള്ള പര്‍വതമുകളിലേക്കുള്ള റോപ്പ് വേ അതുല്യമായ അനുഭവമാണ്. മഞ്ഞുമലയുടെ മുകളിലേക്ക് എത്തിക്കുന്ന റോപ്പ് വേയില്‍ സഞ്ചരിക്കുന്നതിനു സഞ്ചാരികളുടെ നീണ്ട ക്യൂവാണ്. ഗുല്‍മാര്‍ഗില്‍നിന്നും മന്ത്രിസഭായോഗത്തിനു ശ്രീനഗറിലേക്ക് ചെന്ന ഒമര്‍ അവിടെ നില്‍ക്കാതെ തിരിച്ചുപോന്നതിനെ മാധ്യമങ്ങള്‍ വിമര്‍ശിച്ചിരുന്നു. ജൂണ്‍ പതിനൊന്നിനുശേഷം നടന്ന ഏറ്റുമുട്ടലുകളില്‍ പതിനാലുപേരാണ് കൊല്ലപ്പെട്ടത്. സിആര്‍പിഎഫിനുനേരെ ജനരോഷം ഉയര്‍ന്നു. പലതും ഒഴിവാക്കാനാകുമായിരുന്നു. വെടിവെപ്പില്‍ ആളുകള്‍ കൊല്ലപ്പെടുന്ന കണക്കില്‍ യുപിക്കും ജാര്‍ഖണ്ഡിനും മഹാരാഷ്‌ട്രക്കും ആന്ധ്രക്കുമൊക്കെ പുറകിലാണ് കശ്‌മീരെന്ന് പലരും കണക്കുകള്‍ ഉദ്ധരിച്ച് മാധ്യമങ്ങളില്‍ എഴുതുന്നുണ്ടെങ്കിലും ജനം അതൊന്നും അത്ര കാര്യമായി എടുത്തിട്ടില്ല. കൊല്ലപ്പെടുന്നവരെല്ലാം ചെറുപ്പക്കാരാണ്. ഒടുവിലത്തെ പട്ടികയില്‍ ഒരു പെണ്‍കുട്ടിയുമുണ്ട്. ഇത്തരം കൊലപാതകങ്ങളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന ആവശ്യത്തോട് ക്രിയാത്മകമായല്ല ഒമറും സര്‍ക്കാരും പ്രതികരിച്ചത്. പട്ടാളത്തെ കൂടി വിളിച്ച് പ്രക്ഷോഭകാരികളെ നേരിടുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

കഴിഞ്ഞ 17 വര്‍ഷത്തിനുള്ളില്‍ ആദ്യമായി താഴ്വരയിലെ തെരുവുകളില്‍ പട്ടാളമിറങ്ങി. 1993 നുശേഷമുള്ള ആദ്യാനുഭവം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ശ്രീനഗറില്‍ എത്തിയിട്ടുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍, പട്ടാളത്തെ തെരുവില്‍ ഇറക്കി സമാധാനം പുനഃസ്ഥാപിക്കാന്‍ ശാശ്വതമായി കഴിയുമോ? രാഷ്‌ട്രീയ പരിഹാരം മാത്രമാണ് ശാശ്വതമായ പരിഹാരം. ശാന്തിയുടെ ഇടവേള ഉപയോഗിക്കാന്‍ വേണ്ടത്ര കഴിയാതെ പോയതാണ് പരാജയം.

ഏറ്റുമുട്ടലുകള്‍ക്കിടയില്‍ ജനജീവിതം ദുഃസഹമാണ്. നല്ലൊരു പങ്കു ജനങ്ങളും ദാരിദ്ര്യത്തിലാണ്. വര്‍ഷത്തില്‍ പകുതിസമയം കൊടുംമഞ്ഞില്‍ കഴിയാന്‍ നിര്‍ബന്ധിതമായ ജനതയുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനു വികസനം അത്യാവശ്യമാണ്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കണം. തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകണം. അതിന് സഹായിക്കുന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനം വേണം. എപ്പോള്‍ നോക്കിയാലും എല്ലായിടത്തും ജനം അധ്വാനിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും രണ്ടറ്റം കൂട്ടിമുട്ടിക്കല്‍ അസാധ്യം. എന്റെയൊപ്പം ഉണ്ടായിരുന്ന ഐടി വകുപ്പിലെ എഞ്ചിനിയറായ അസ്‌ഗര്‍ അലി ജനങ്ങളുടെ കഷ്‌ടപ്പാടിനെക്കുറിച്ച് പറഞ്ഞുകെണ്ടേയിരുന്നു. യുവാക്കള്‍ തീവ്രവാദത്തിന്റെ വഴിയിലേക്ക് പോകുന്നത് കുറയുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വഴിയില്‍ കണ്ടുമുട്ടിയ പലര്‍ക്കും ഇതേ അഭിപ്രായമാണ്. അപ്പോള്‍ സര്‍ക്കാരിന്റെ വഴി വേണ്ടത്ര ശരിയല്ല. ആക്രമണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. എന്നാല്‍, രാഷ്‌ട്രീയ പരിഹാരത്തിന്റെ വഴിയാണ് തേടേണ്ടത്. അക്കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നിന്നാല്‍ പരിഹരിക്കാന്‍ കഴിയുമെന്ന സമീപകാലാനുഭവങ്ങള്‍ നല്‍കുന്ന പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറാവുകയാണ് വേണ്ടത്.

*****

പി രാജീവ്, കടപ്പാട് ; ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...