
1957ല്‍ ആണ് ശിവരാമന്റെ കഥകളി ജീവിതത്തില്‍ വഴിത്തിരുവുണ്ടാക്ക്യ സംഭവം. ഗുരു കുഞ്ചുക്കുറുപ്പിന് കേന്ദ്രസാഹിത്യ അക്കാദമിയുടെ കഥകളി പുരസ്കാരം ലഭിച്ചപ്പോള്‍ അത് സ്വീകരിക്കാന്‍ ഡല്‍ഹിയിലേക്ക് കുഞ്ചുക്കുറുപ്പിനും വാഴേങ്കട കുഞ്ചുനായര്‍ എന്നിവരുടെ കഥകളി സംഘത്തിനുമൊപ്പം ശിവരാമനും പോയിരുന്നു. കുഞ്ചുക്കുറുപ്പിന്റെ നിര്‍ദ്ദേശത്താല്‍ ദമയന്തിയായി വേഷം കെട്ടിയ ശിവരാമന്‍ അരങ്ങിലെത്തിയപ്പോള്‍ ദമയന്തി സ്ത്രീയാണെന്നായിരുന്നു അന്നത്തെ പ്രധാനമന്ത്രി നെഹ്രുവും ഇന്ദിരാഗാന്ധിയും ഡോ.കെ.രാധാകൃഷണനും ഉള്‍പ്പെടെയുള്ള സദസ്സ് കരുതിയത്.
സ്ത്രീ കഥാപാത്രങ്ങളുടെ സഞ്ചാരപഥങ്ങളെ അരങ്ങിയ നാട്യവിസ്മയമാക്കിയ ശിവരാമനെ 2010ല്‍ സംസ്ഥാന സര്‍ക്കാര്‍ ‘അരങ്ങിലെ സ്ത്രീരത്നം‘ ബഹുമതി നല്‍കി ആദരിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, മാലി ഫൌണ്ടേഷന്‍ അവാര്‍ഡ്, കലാമണ്ഡലത്തിലെ പ്രഥമ കലാരത്നം അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ ശിവരാമനെ തേടിയെത്തി. 2009ല്‍ പി.എസ്.വി നാട്യസംഘത്തില്‍ അരങ്ങേറിയ കഥകളിയില്‍ ദമയന്തിയായിട്ടായിരുന്നു ശിവരാമന്റെ അവസാനത്തെ വേഷം. ശിവരാമന്റെ മൃതദേഹം ചൊവ്വാഴ്ച പകല്‍ 2.30ന് വീട്ടുവളപ്പില്‍ സംസ്കരിക്കും.
സാര്‍ഥകമായ കലാജീവിതം ദാരിദ്ര്യമാണ്
ശിവരാമനെ കഥകളി നടനാക്കിയത്. കാറല്‍മണ്ണ എന്‍എന്‍എന്‍ മെമ്മോറിയല്‍ സ്കൂളില്‍ വിദ്യാര്‍ഥിയായിരുന്നു ശിവരാമന്‍ ഫീസ് കൊടുക്കാന്‍ വഴിയില്ലാത്തതിനെത്തുടര്‍ന്ന് ആറാംതരത്തില്‍ പഠനം നിര്‍ത്തി.
പട്ടിണിയാല്‍ പൊറുതിമുട്ടിയതോടെ അമ്മ ശിവരാമനെ ബന്ധുവും കഥകളി ആചാര്യനുമായ വാഴേങ്കട കുഞ്ചുനായരെ ഏല്‍പ്പിച്ചു. പി എസ് വി ആര്യവൈദ്യശാല നാട്യസംഘത്തിലെ അധ്യാപകനായിരുന്നു കുഞ്ചുനായര്‍. ആദ്യം ശിവരാമന്റെ ജോലി മരുന്ന് എടുത്തുകൊടുക്കലായിരുന്നു പിന്നീടാണ് കഥകളി പഠനത്തിലേക്ക് തിരിഞ്ഞത്.

കഥകളിയിലെ കല്ലുവഴിച്ചിട്ടയെ പരീക്ഷണത്തിന് വിധേയമാക്കി വിജയിക്കുവാന്‍ ശിവരാമന് സാധിച്ചു. മുന്‍ഗാമികള്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് നല്‍കിയ ഭാവവും ചലനങ്ങളും തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുവാന്‍ അദ്ദേഹം ശ്രമിച്ചു. കലാമണ്ഡലം ഗോപിയുടെ നളനും കോട്ടക്കല്‍ ശിവരാമന്റെ ദമയന്തിയും നളചരിതം ആട്ടക്കഥയ്ക്ക് അരങ്ങില്‍ പുതിയ മാനങ്ങള്‍ നല്‍കി. കീചകവധത്തില്‍ കലാമണ്ഡലം രാമന്‍കുട്ടിക്കൊപ്പമുള്ള സൈരന്ധ്രിയും ഏറെ വേദികളില്‍ ആസ്വാദകരുടെ പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്. കുചേലവൃത്തത്തിലെ കൃഷ്ണന്‍, നളചരിതത്തിലെ പുഷ്കരന്‍ എന്നീ പുരുഷ വേഷങ്ങളിലും ശിവരാമന്റെ ആവിഷ്കാര രീതി ആസ്വാദകള്‍ എന്നുമോര്‍ക്കും.
സര്‍ഗസിദ്ധിയുടെ ആള്‍രൂപം
പുരാണകഥകളിലെ സ്ത്രീകഥാപാത്രങ്ങളെ ഇത്ര സൂക്ഷ്മമായി അപഗ്രഥിച്ച് അരങ്ങിലവതരിപ്പിക്കാന്‍ കോട്ടയ്ക്കല്‍ ശിവരാമനെപ്പോലെ സര്‍ഗസിദ്ധിയുള്ള നടന്‍ കളിയരങ്ങില്‍ ഇനി ഉണ്ടാവും എന്ന് പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ടുതന്നെ കോട്ടയ്ക്കല്‍ ശിവരാമന്റെ നാമധേയത്തോട് മാത്രം ചേര്‍ത്തുവായിക്കാവുന്ന കീര്‍ത്തിമുദ്രയായി 'കളിയരങ്ങിലെ സ്ത്രീരത്നം' എന്ന സംസ്ഥാന സര്‍ക്കാരിന്റെ ബഹുമതി ചരിത്രത്തില്‍ സ്ഥാനം നേടാനാണിട.
കളിയരങ്ങില്‍ ശിവരാമന് മുന്‍ഗാമികളില്ല. ആരുടെയും അരങ്ങുവഴക്കങ്ങളെ ശിവരാമന്‍ അനുകരിച്ചിട്ടുമില്ല. ഔചിത്യചിന്തയുടെ പ്രതിരൂപമായി കഥകളിയുടെ വ്യാഖ്യാതാക്കളും പ്രയോക്താക്കളും നെഞ്ചേറ്റി ആരാധിക്കുന്ന വാഴേങ്കട കുഞ്ചുനായര്‍ മാത്രമാണ് ശിവരാമന്റെ കഥകളിഗുരു. കഥാപാത്ര കേന്ദ്രിതമായ ഔചിത്യബോധമാണ് ആ ശൈലീബദ്ധതയുടെ ആധാരശില. ഓരോ കഥാപാത്രത്തെയും അമാനുഷമായ രീതിയില്‍ ശിവരാമന്‍ ഉള്‍ക്കൊള്ളും.

നളചരിതം നാലാം ദിവസത്തിലെ ബാഹുകന്റെ 'ജീവന്‍' എന്നത് ദമയന്തിയായ ശിവരാമന്റെ സാന്നിധ്യമാണ്. ശിവരാമന്റെ കുന്തിയില്ലാത്ത കര്‍ണശപഥം പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്നില്ല. പിശാചിന്റെ പ്രതികാരബോധം ഉള്ളിലൊതുക്കി പാഞ്ചാലിയെ അനുനയിപ്പിക്കുന്ന ലളിതയായി രംഗത്തുവരാന്‍ ശിവരാമനേ കഴിഞ്ഞിട്ടുള്ളൂ. സ്ത്രീവേഷങ്ങളുടെ ആഹാര്യം മുതല്‍ അവതരണക്രമം വരെ എല്ലായിടത്തേക്കും വ്യാപിച്ച ശിവരാമന്റെ സമഗ്ര ദര്‍ശനത്തിന്റെ വിരലടയാളങ്ങള്‍ അദ്ദേഹത്തിന്റെ ശാശ്വത സ്മാരകങ്ങളായി കളിയരങ്ങില്‍ ശേഷിക്കുന്നു.
(കെ ബി രാജ് ആനന്ദ്)
അരങ്ങിലെ നളദമയന്തിമാര്‍
കലാമണ്ഡലം ഗോപിയുടെ നളനും കോട്ടയ്ക്കല്‍ ശിവരാമന്റെ ദമയന്തിയും. അഭിനയകലയുടെ വിസ്മയ പ്രകടനത്താല്‍ കഥകളി ആസ്വാദകരെ എന്നും ആഹ്ളാദത്തിലേറ്റിയ അരങ്ങിലെ കാമുകീ-കാമുകന്മാര്‍. മനപ്പൊരുത്തമുള്ളവര്‍ ഒന്നിക്കുമ്പോള്‍ ജീവിതമായാലും അരങ്ങായാലും സ്ക്രീനായാലും ഒരു താളലയബദ്ധമുണ്ടാകും. ഗോപിയുടെയും ശിവരാമന്റെയും അരങ്ങിലെ രസതന്ത്രവും ഇതുതന്നെ.
"ഞങ്ങള്‍ വര്‍ഷങ്ങളായി ഒന്നിച്ചഭിനയിക്കുന്നുണ്ട്. ശിവരാമനാണ് ഒപ്പമുള്ളതെങ്കില്‍ പ്രത്യേക സുഖമാണ്. പരസ്പരം കൊണ്ടും കൊടുത്തും മുന്നേറുമ്പോള്‍ ഞങ്ങള്‍ ഞങ്ങളെത്തന്നെ മറന്നുപോകാറുണ്ട്. പൂര്‍ണമായും കഥാപാത്രത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വര്‍ഷങ്ങളായുള്ള അടുത്ത ബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ള പൊരുത്തത്തിന് കാരണം-'' ഒരിക്കല്‍ ഗോപിയാശാന്‍ പറഞ്ഞു.
കഥകളിയുടെ രണ്ട് സ്കൂളുകളായിരുന്നു ഗോപിയും ശിവരാമനും. ഗോപി കലാമണ്ഡലത്തില്‍ പഠിച്ചപ്പോള്‍ പിഎസ്വി നാട്യസംഘത്തില്‍ നിന്നാണ് ശിവരാമന്‍ അഭ്യസിച്ചത്. അഭ്യസിക്കുന്ന രീതികളും ശൈലികളും വ്യത്യസ്തം. എന്നാല്‍, ഇതൊന്നും ഗോപിയുടെയും ശിവരാമന്റെയും ഒന്നിച്ചുള്ള നടനവൈഭവത്തിന് ഒട്ടും പോറലേല്‍പ്പിച്ചില്ല. കളിക്കു മുമ്പ് രണ്ടുപേരും അരങ്ങില്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളോ ചെയ്യേണ്ട കാര്യങ്ങളോ ചര്‍ച്ച നടത്താറില്ല. പക്ഷേ, ഒരിക്കലും ഇതുകാരണം വിഷമിക്കാന്‍ ഇടവന്നിട്ടില്ല. ഗോപി എന്ത് ചെയ്യുമെന്ന് ശിവരാമനും ശിവരാമന്റെ ആട്ടത്തെക്കുറിച്ച് ഗോപിക്കും നല്ല തിട്ടമുണ്ടായിരുന്നു. അരങ്ങിലെ അപൂര്‍വമായ പരസ്പര ധാരണയാണ് ഗോപിയുടെയും ശിവരാമന്റെയും ഒന്നിച്ചുള്ള വേഷങ്ങളില്‍ പ്രതിഫലിച്ചത്. ആസ്വാദകര്‍ക്ക് ആ ജോഡി അത്രമേല്‍ പ്രിയങ്കരമായതിന് കാരണവും ഇതുതന്നെ. നളനും ദമയന്തിയും വീണ്ടും ഒന്നിക്കുന്ന നളചരിതം നാലാംദിവസത്തെ അവസാന രംഗങ്ങളിലെ ഇരുവരുടെയും അഭിനയം ആസ്വാദകര്‍ക്കൊരു വിരുന്നാണ്. ശൃംഗാരരസത്തിന്റെ ഏറ്റവും ഉന്നതമായ തലങ്ങളിലേക്ക് ആസ്വാദകരെ കൂട്ടിക്കൊണ്ടുപോകാന്‍ ഇവരുടെ അഭിനയത്തിന് സാധിച്ചു.
കര്‍ണനും കുന്തിയും, രുഗ്മാംഗദനും മോഹിനിയും തുടങ്ങി നിരവധി വേഷങ്ങളില്‍ ഗോപിയും ശിവരാമനും ഒന്നിച്ച് അഭിനയിച്ചു. 1995വരെ മിക്ക കളികളിലും ഗോപിയും ശിവരാമനും ഒന്നിച്ചുണ്ടായിരുന്നു. കളി കഴിഞ്ഞാല്‍ ഗോപിയാശാന്‍ തങ്ങുന്നത് ശിവരാമന്റെ വീട്ടിലായിരുന്നു. ഒരു പായും തലയണയും ഗോപിക്കായി അദ്ദേഹം എന്നും കരുതി. മാര്‍ഗി വിജയകുമാര്‍ ഉള്‍പ്പെടെയുള്ള പലരും പല കഥയിലും ഗോപിയുടെ ജോഡിയായിട്ടുണ്ടെങ്കിലും ശിവരാമനുമായുള്ള ഇഴയടപ്പമുണ്ടായിരുന്നില്ല. ദമയന്തി തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞതോടെ അരങ്ങില്‍ നളന്‍ മാത്രമായി. എങ്കിലും കഥകളി ആസ്വാദകരുടെ മനസ്സില്‍ ഈ ജോഡിക്ക് ഒരിക്കലും മരണമില്ല.
നായികാമഹാത്മ്യം
കഥകളിയിലെ നായികമാര്‍ക്കും നായികാസമാനമായ മറ്റു സ്ത്രീകഥാപാത്രങ്ങള്‍ക്കും നില്‍ക്കാനൊരിടവും സ്വന്തമായൊരു ശബ്ദവും ലഭിച്ചത് മിക്കവാറും ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തിലാകും. കൂത്തന്നൂര്‍ കരുണാകരപ്പണിക്കരും കലാമണ്ഡലം ബാലകൃഷ്ണന്‍ നായരും കുടമാളൂര്‍ കരുണാകരന്‍ നായരും തുടങ്ങി വച്ച ഈ വിമോചനപ്രക്രിയക്ക് ശുചിത്വമാര്‍ന്ന വ്യാഖ്യാനങ്ങളും യുക്തിയുടെ കവചകുണ്ഡലങ്ങളും സമ്മാനിച്ചത് കോട്ടക്കല്‍ ശിവരാമനാണ്. നാട്യാചാര്യന്‍ വാഴേങ്കട കുഞ്ചുനായരുടെ ഭാഗിനേയനായതിന്റെ ബാധ്യതകളെ ആസ്തിയാക്കുന്ന കര്‍മപരിപാടികളാണ് ശിവരാമന്‍ യൌവനം വന്നുദിഛ്ക കാലം മുതല്‍ക്ക് അരങ്ങില്‍ ആവിഷ്കരിച്ചത്.

താരതമ്യേന നിശ്ചേതനമായി അരങ്ങി നിലകൊണ്ട നായികമാരെ സചേതനമാക്കുന്ന സൂക്ഷ്മവും സാരവുമായ വിപ്ലവമാണ് ശിവരാമന്‍ അരങ്ങില്‍ നടത്തിയത്. ദമയന്തിയും മോഹിനിയും മാലിനിയും പാഞ്ചാലിയും രംഭയും ദേവയാനിയും ലളിതകളും കുന്തിയുമെല്ലാം കാവ്യദൃഷ്ടിക്ക് വിധേയമായി. ആട്ട്റ്റക്കഥാകാരന്റെ പാത്രലക്ഷണവിചാരവുമായി ഏറ്റവുമടുത്തുനില്‍ക്കാന്‍ പാകത്തില്‍ അദ്ദേഹം കാഥാപാത്രങ്ങളുടേ പരമ്പരാഗത ചേഷ്ടകളെയും ഭാവത്തെയും തിരുത്തി. കൈമുദ്രകള്‍ ലഘുവാക്കി. പരന്ന മുദ്രാവിന്യാസങ്ങളെ ചുരുക്കി. സ്തോഭങ്ങളെ വിശേഷിച്ച്, ശോക-ശൃംഗാരങ്ങളെ കുറുക്കി. പാത്രവൈകാരികതയില്‍ മുഴുകി. കലാശങ്ങള്‍ കുറച്ചു.
കഥകളിയെ നിത്യകലയെന്നതിനക്കാള്‍ നാട്യകലയായിട്ടാണ് ശിവരാമന്‍ കണ്ടതും കൊണ്ടതും. കതാപാത്രത്തില്‍ നിന്ന് മാറി ഒരു ക്രിയയും നടന് ചെയ്യാനില്ല എന്ന അചഞ്ചലവിശ്വാസത്തിലാണ് അദ്ദേഹം അരങ്ങില്‍ ചരിച്ചത്. കാവ്യദീപ്തമായിത്തീര്‍ന്നു ശിവരാമന്റെ ഓരോ സ്ത്രീകഥാപാത്രവും. ആട്ടക്കഥകളിലെ കാല്‍പ്പനിക കല്‍പ്പനകളില്‍ അഭിരമിക്കാനുള്ള മത്രമാണ് പ്രധാനമായും ഗുരുവില്‍ നിന്ന് അദ്ദേഹം സ്വീകരിച്ചത്. ഇണപ്പക്ഷിയുടെ വിരഹവും മധു നുകരുന്ന വണ്ടുകളും വള്ളിക്കുടിലും മഴവില്ലു കാണുന്ന മയില്‍പ്പേടയും ശിവരാമന്റെ മനസ്സിനെയും മദിപ്പിക്കുന്നു. കാവ്യാലങ്കാരങ്ങളുടേ ദൃശ്യതയിലുള്ള അനുഭവാവിഷ്കാരത്തിലാണ് അദ്ദേഹം കൂടുതലും ബദ്ധശ്രദ്ധനായിട്ടുള്ളത്.
നളന്റെ മധുരവചനങ്ങള്‍ കേട്ട് രാഗലോലയായിത്തീരുന്ന ദമയന്തി, പ്രതിജ്ഞാലംഘനം നടത്തിയ രുഗ്മാംഗദ മഹാരാജാവിനോട് കയര്‍ക്കുന്ന മോഹിനി, അവളുടെ ആത്മസംഘര്‍ഷം, കീചകനെ ശാസിക്കുന്ന മാലിനി, കര്‍ണനു മുന്‍പില്‍ ധര്‍മസങ്കടത്തിലകപ്പെടുന്ന കുന്തി, പാഞ്ചാലിയെ അനുനയിപ്പിക്കുമ്പോഴും ഉള്ളില്‍ കിനിയുന്ന കുടിലത മറയ്ക്കാന്‍ പാടുപെടുന്ന കിര്‍മ്മീരവധത്തിലെ ലളിത, മനം നൊന്ത് കുചനെ ശപിക്കുന്ന ദേവയാനി എന്നിങ്ങനെ നോക്കിയാല്‍ ശിവരാമന്‍ മജ്ജയും മാംസവും ആത്മാവും നല്‍കി അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഏറെയുണ്ട് കഥകളിയില്‍.
സ്വന്തം ശക്തിയും ദൌര്‍ബല്യവും തിരിച്ചറിഞ്ഞുകൊണ്ട് ആത്മാവിഷ്കാരം ചെയ്യുന്നതിന്റെ തേജസ്സാണ് കോട്ടക്കല്‍ ശിവരാമന്‍. കുഞ്ചുക്കുറുപ്പ് മുതല്‍ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ വരെയുള്ള നടന്മാര്‍ക്ക് ഇദ്ദേഹം നായികയായി. താരപ്രഭയുള്ള നടന്മാരുടെ അതിരുകടന്ന ആട്ടങ്ങളെ ശിവരാമന്‍ നോട്ടം കൊണ്ടും ചേഷ്ടകള്‍ കൊണ്ടും തടുത്തു. പാട്ടുകാരെയും കലാമണ്ഡലം ശങ്കരവാര്യരെപ്പോലെ പ്രതിഭാശാലികളായ മദ്ദളക്കാരെയും ത്രസിപ്പിച്ചു. ഒറ്റ നോട്ടത്തില്‍ ഒരായിരം അര്‍ത്ഥം ഒളിപ്പിച്ചു. ‘എങ്ങാനുമുണ്ടോ കണ്ടു?’ എന്ന ദമയന്തിയുടെ സങ്കടവചനത്തില്‍ വിരഹത്തിന്റെ തീവ്രതയത്രയും ധ്വനിപ്പിച്ചു. ആദിത്യസംഗമം സൂചിപ്പിക്കുന്ന കുന്തിയുടെ കണ്ണുകളിലെ ദൈന്യത കര്‍ണ്ണന്റെ കരളലിയിക്കുന്നതായി.
(വി.കലാധരന്‍)
കോട്ടക്കള്‍ ശിവരാമന് വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍
*
കടപ്പാട്: ദേശാഭിമാനി ചിത്രങ്ങള്‍ക്ക് കടപ്പാട്: ഹിന്ദു ദിനപത്രം, വിക്കിപീഡിയ
കോട്ടക്കള്‍ ശിവരാമനെപ്പറ്റിയുള്ള ‘മിനുക്ക്’ എന്ന ഡോക്യുമെന്ററി ഇവിടെ
‘മിനുക്ക്’ എന്ന ഡോക്യുമെന്ററിയെപ്പറ്റി ഇവിടെയും ഇവിടെയും വായിക്കാം.
ശിവരാമണീയം എന്ന ലേഖനം ഇവിടെ
3 comments:
പുരാണകഥകളിലെ സ്ത്രീകഥാപാത്രങ്ങളെ ഇത്ര സൂക്ഷ്മമായി അപഗ്രഥിച്ച് അരങ്ങിലവതരിപ്പിക്കാന്‍ കോട്ടയ്ക്കല്‍ ശിവരാമനെപ്പോലെ സര്‍ഗസിദ്ധിയുള്ള നടന്‍ കളിയരങ്ങില്‍ ഇനി ഉണ്ടാവും എന്ന് പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ടുതന്നെ കോട്ടയ്ക്കല്‍ ശിവരാമന്റെ നാമധേയത്തോട് മാത്രം ചേര്‍ത്തുവായിക്കാവുന്ന കീര്‍ത്തിമുദ്രയായി 'കളിയരങ്ങിലെ സ്ത്രീരത്നം' എന്ന സംസ്ഥാന സര്‍ക്കാരിന്റെ ബഹുമതി ചരിത്രത്തില്‍ സ്ഥാനം നേടാനാണിട.
കളിയരങ്ങില്‍ ശിവരാമന് മുന്‍ഗാമികളില്ല. ആരുടെയും അരങ്ങുവഴക്കങ്ങളെ ശിവരാമന്‍ അനുകരിച്ചിട്ടുമില്ല. ഔചിത്യചിന്തയുടെ പ്രതിരൂപമായി കഥകളിയുടെ വ്യാഖ്യാതാക്കളും പ്രയോക്താക്കളും നെഞ്ചേറ്റി ആരാധിക്കുന്ന വാഴേങ്കട കുഞ്ചുനായര്‍ മാത്രമാണ് ശിവരാമന്റെ കഥകളിഗുരു. കഥാപാത്ര കേന്ദ്രിതമായ ഔചിത്യബോധമാണ് ആ ശൈലീബദ്ധതയുടെ ആധാരശില. ഓരോ കഥാപാത്രത്തെയും അമാനുഷമായ രീതിയില്‍ ശിവരാമന്‍ ഉള്‍ക്കൊള്ളും.
അന്തരിച്ച കഥകളി നടന്‍ കോട്ടക്കല്‍ ശിവരാമന് വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍
എന്റെ ഒന്ന് ഇവിടെയും :
http://mumbaimalayali.com/content/%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%95%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8B%E0%B4%B0%E0%B5%81%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A8%E0%B4%82
പ്രിയ നാട്യവസന്തത്തിന് ആദരാഞ്ജലികൾ.
Post a Comment