Thursday, July 15, 2010

സാഹിത്യകാരാ, ഞങ്ങളെയും കടാക്ഷിക്കണേ!

കുറച്ചുനാള്‍മുമ്പ് കോഴിക്കോട്ട് ഒരു യൂത്ത് കോൺഗ്രസ് മാസികയുടെ പ്രകാശനച്ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് ചെയ്‌ത പ്രസംഗം ഫലത്തില്‍ ഒരു നീണ്ട വിലാപമായിട്ടാണ് തീര്‍ന്നത് - അല്‍പ്പം ഇച്‌ഛാഭംഗവും വളരെ അമര്‍ഷവും സങ്കടവും എല്ലാം കലര്‍ന്ന ഒരു പരിദേവനം. ഇത്തരം വികാരപ്രകടനം കോൺഗ്രസിലെ നേതാക്കള്‍ മാത്രമല്ല ഏറെ ചുവടെ കിടക്കുന്ന നേതൃമ്മന്യന്മാരും ഒരു പല്ലവിപോലെ പാടാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ആശയപരമായ ഉള്ളടക്കം തീരെ ഇല്ലാത്ത അത്തരം ശബ്‌ദക്ഷോഭങ്ങള്‍ ആരും വകവയ്‌ക്കാറില്ല. പക്ഷേ, ഇപ്പറഞ്ഞ പ്രഭാഷണം, ഇവിടത്തെ എഴുത്തുകാരെ - രമേശ് ചെന്നിത്തല പ്രയോഗിച്ച വാക്ക് 'സാംസ്‌ക്കാരികനായകന്മാര്‍' എന്നാണ് - വേണ്ട രീതിയില്‍ പ്രതികരിക്കാതെ കടമയില്‍നിന്ന് ഓടിയൊളിച്ചവര്‍ എന്ന കുറ്റം ആരോപിച്ചുകൊണ്ടുള്ളതായിരുന്നു. ഈ ഈണത്തില്‍ അനുയായികളും പാടിത്തുടങ്ങിയാല്‍ അവരുടെയും കക്ഷിയുടെയും ധൈഷണികമായ ക്ഷാമാവസ്ഥ ജനങ്ങള്‍ മനസ്സിലാക്കിയെന്നു വരും. ആ ദുര്‍ഗതിയിലെത്താതിരിക്കട്ടെ എന്ന സദുദ്ദേശ്യത്തോടുകൂടിയാണ് ഈ കുറിപ്പ് എഴുതുന്നത്.

ഇടതുപക്ഷത്തിന് അനുകൂലമായിത്തീരാവുന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന സാംസ്‌ക്കാരികനായകരോടാണ് കെപിസിസി പ്രസിഡന്റിന്റെ ഖേദാമര്‍ഷപ്രകടനം. ഇവിടെ വേറെ എത്രയോ അനീതികളും അഴിമതികളും അതിക്രമങ്ങളും നടക്കുന്നുണ്ടെങ്കിലും അവയെപ്പറ്റിയൊന്നും ഇക്കൂട്ടര്‍ അനങ്ങുന്നത് കാണുന്നില്ലെന്നാണ് പരാതി. ഇവരൊക്കെ കാശിക്കുപോയിരിക്കയാവാം എന്ന വളരെ പഴക്കം ചെന്ന ഒരു ഫലിതവും ഇടയില്‍ കടന്നുവരുന്നുണ്ട്. കാശിയില്‍നിന്ന് ഇവര്‍ മടങ്ങുന്നത് അടുത്ത തെരഞ്ഞെടുപ്പോടെ കോൺഗ്രസ് അധികാരത്തില്‍ മടങ്ങിവരുമ്പോള്‍ കുറ്റം കണ്ടുപിടിച്ചുപറയാന്‍ മാത്രമായിരിക്കും എന്നൊരു ഭാവിസ്‌പര്‍ശിയായ പ്രവചനവും ഉണ്ട്.

ഒരു കൊല്ലം കഴിഞ്ഞ് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ വിജയം തങ്ങള്‍ക്കാണെന്ന ഉറച്ച വിശ്വാസം ഈ പ്രവചനത്തെ ഉറപ്പാക്കിയിരിക്കുന്നു. ഏത് പ്രതികൂലസാഹചര്യത്തിലും ശുഭപ്രതീക്ഷ കൈവിടാത്ത ഒരാള്‍ക്കല്ലാതെ പ്രസിഡന്റായി തുടരാന്‍ അര്‍ഹത മറ്റാര്‍ക്കാണ് എന്നൊരു 'ഐറണി'യും ഇതില്‍ അടക്കം ചെയ്‌തിട്ടുണ്ട്. എന്റെ ഈ കുറിപ്പില്‍ പ്രസിഡന്റിന്റെ ചിന്താഗതിയെ വേണ്ടപോലെ പ്രതിഫലിപ്പിച്ചിട്ടുണ്ടെന്ന വിശ്വാസത്തോടെ നമുക്ക് ചില കാര്യങ്ങള്‍ തുറന്ന് ചിന്തിക്കാമല്ലോ. വിജയസാധ്യത ഇത്ര അസന്ദിഗ്ധമായി ഉറപ്പിക്കാമെങ്കില്‍, ഈ നിസ്സാരന്മാരായ രണ്ടുമൂന്ന് 'സാംസ്‌ക്കാരികനായക'ന്മാരുടെ പ്രതികരണത്തെക്കുറിച്ച് കെപിസിസി പ്രസിഡന്റ് ഇത്രമാത്രം വിഷാദമഗ്‌നനാകേണ്ട കാര്യമെന്ത്! അവര്‍ കോൺഗ്രസിനെതിരെയും മറ്റും നടത്തിവരുന്ന അപശ്രുതികള്‍ക്ക് ഒരു വിലയും കേരളീയ ജനത കല്‍പ്പിക്കുന്നില്ലെന്ന് പ്രസിഡന്റിന് നിശ്ചയമുള്ള നിലയ്‌ക്ക്, ഈ വിലാപം അനവസരത്തിലായിപ്പോയി. അവര്‍ എത്ര അനുകൂലിച്ചാലും ജനങ്ങള്‍ വലതുസഖ്യത്തെ കൈവെടിയില്ലെങ്കില്‍ എന്തിനാണ് പ്രസിഡന്റ് ഇങ്ങനെ വേവലാതി കാട്ടുന്നത് ? അണികള്‍ തെറ്റിദ്ധരിച്ചേക്കും.

അല്ല, ഇവരുടെ വാക്കുകള്‍ക്ക് വിലയുണ്ടെന്നാണ് പ്രസിഡന്റിന്റെ ഉള്ളിലിരിപ്പെങ്കില്‍, അവരെ പാട്ടിലാക്കുകയാണല്ലോ വേണ്ടത്. അതിന് ആ 'കാശിയാത്രാ' ഫലിതംപോലുള്ള വിദ്യകള്‍ ഗുണം ചെയ്യുകയില്ല.

മാത്രമല്ല, ഇവരെപ്പറ്റി ഇപ്രകാരം കുറ്റപ്പെടുത്താനും കളിയാക്കാനും ഒരു പ്രസിഡന്റ് പ്രഭാഷണം നടത്തുന്നതിന് മറ്റൊരു അപായസാധ്യതയുണ്ട്. ഇപ്പോള്‍ കോൺഗ്രസിന്റെ വിജയകാഹളം വായിക്കുന്ന (ഇടതുപക്ഷക്കാരായ സാംസ്‌ക്കാരിക നേതാക്കളാകുമ്പോള്‍ വാക്ക് 'കുഴലൂത്തുകാര്‍' എന്നാകും. എന്നെ അങ്ങനെ വിളിച്ച കോൺഗ്രസുകാരുണ്ട് ). എഴുത്തുകാര്‍ ഒരുപാടുണ്ടല്ലോ. അവര്‍ ഒന്നാംകിടക്കാരോ രണ്ടാംകിടക്കാരോ അല്ലായിരിക്കാം. എങ്കിലും ഏതോ 'യിട'യില്‍ അവര്‍ പെട്ടിട്ടുണ്ടല്ലോ. അവരുടെ പ്രതികരണാത്‌മകമായ സ്‌തുതികള്‍ പോരേ കോൺഗ്രസിന് ? അകത്തിരിക്കുന്ന സാംസ്‌ക്കാരിക വീരപുരുഷന്മാര്‍തന്നെ കൂടെ വേണം എന്ന് വാശിപിടിച്ചാല്‍, ഇപ്പോള്‍ കൂടെ കൊടിപിടിച്ചുനടക്കുന്നവരെ അപമാനിക്കുന്നതിന് തുല്യമാവില്ലേ അത് ? ആ പത്രപ്രകാശനവേളയിലും പാര്‍ശ്വനായകരായി കുറെപേര്‍ പങ്കെടുത്തിരുന്നല്ലോ. അവരെയെല്ലാം ഇരുത്തിക്കൊണ്ടാണ് പ്രസിഡന്റ് ഈ സാംസ്‌ക്കാരികനായക പ്രതിപത്തി പ്രകടിപ്പിച്ചത്. ഇരുകൂട്ടരെപ്പറ്റിയും അത്ഭുതം തോന്നുന്നു.

ഇടതുപക്ഷത്തിന് 'വീണവായിക്കാന്‍' പുരോഗമനസാഹിത്യ സംഘം, ശാസ്‌ത്രസാഹിത്യ പരിഷത്ത് തുടങ്ങി ഒരുപാട് ശാഖാ പ്രവര്‍ത്തനങ്ങള്‍ ഉണ്ടല്ലോ. അവയെ മുഴുവന്‍ അധിക്ഷേപിക്കുകയും നിന്ദിക്കുകയും ചെയ്യുന്നത് കോൺഗ്രസുകാരുടെ ഒരു 'ഹോബി' ആണ്. അത്രയ്‌ക്ക് പോഷക സാംസ്‌ക്കാരിക സംഘങ്ങള്‍ നിന്ദ്യമാണെങ്കില്‍, കോൺഗ്രസ് അത്തരം വൃത്തികേടുകളില്‍ തലയിടാതെ സ്വന്തം പരിശുദ്ധി സൂക്ഷിക്കേണ്ടതാണ്. പക്ഷേ, അവര്‍ ഇതിനെയൊക്കെ എതിര്‍ക്കുന്നത് ഇതൊന്നും നടത്താന്‍ അവര്‍ക്ക് വയ്യാത്തതുകൊണ്ടല്ല എന്ന സംശയം ബലപ്പെടുന്നുണ്ട്. കാരണം ഇവര്‍ കൂടെയുള്ള 'അരക്കവികളെ'വച്ചിട്ട് ഒരു സംഘടനയുണ്ടാക്കി-'സംസ്‌ക്കാര സാഹിതി'. അവര്‍ ആദ്യംചെയ്‌ത സാംസ്‌ക്കാരിക സേവനം, എനിക്ക് നിശ്ചയിക്കപ്പെട്ടതും ഔദ്യോഗികമായി എന്നെ അറിയിച്ചതുമായ 'പനമ്പിള്ളി' പുരസ്‌ക്കാരത്തിന് ഞാന്‍ അര്‍ഹനല്ലെന്ന് ഒരു മുന്‍ കോൺഗ്രസ് മന്ത്രിയെക്കൊണ്ട് പ്രസംഗിപ്പിച്ച്, തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെ ഫലമായി ഞാന്‍ ആ പുരസ്‌ക്കാരം വേണ്ടെന്നുവയ്‌ക്കാന്‍ ഇടവരുത്തുകയുമാണ്. എന്റെ സ്ഥാനത്ത് ആ പുരസ്‌ക്കാരത്തെ ഏറ്റെടുക്കാന്‍ അവര്‍ തെരഞ്ഞെടുത്തത് പനമ്പിള്ളി വെളുത്തിട്ടോ കറുത്തിട്ടോ എന്നറിയാത്ത ഒരു വ്യക്തിയെയാണ്.

ഇടത് ചെയ്‌താല്‍ തെറ്റാവുന്ന സംസ്‌ക്കാരപോഷക സംഘടന വലതുചെയ്യുമ്പോള്‍ ശരിയാകുന്നു എന്നതാണ് സംസ്‌ക്കാര സാഹിതിയുടെ സന്ദേശം. പക്ഷേ, അവരൊക്കെ കൂട്ടനിലവിളി നടത്തിയാലും അത് കേരളീയരില്‍ എത്തിച്ചേരുന്നില്ല എന്നൊരു ശങ്ക കോൺഗ്രസിനുണ്ടെന്ന് പ്രസിഡന്റിന്റെ വാക്കുകള്‍ തെളിയിക്കുന്നു.

സാംസ്‌ക്കാരികനായകന്മാരെക്കുറിച്ചുള്ള കോൺഗ്രസിന്റെ നിലപാട് അവരെ ഒരുപാട് വൈരാഗ്യങ്ങളുടെയും വഷളത്തരങ്ങളുടെയും നടുക്കയത്തില്‍ കൊണ്ടുചെന്നെത്തിച്ചിരിക്കയാണ്. ഇടതിന് അനുകൂലമായി അഭിപ്രായം പറയുന്നത് തെറ്റ് ! കോൺഗ്രസിന് അനുകൂലമായി പറയുന്നവര്‍ക്ക് സ്വാഗതം! കോൺഗ്രസ് വിമര്‍ശത്തെ ഇഷ്‌ടപ്പെടുന്നുവെന്ന് പറയുന്ന അതേ ശ്വാസത്തില്‍ കോൺഗ്രസിനെ വിമര്‍ശിക്കാന്‍ സാംസ്‌ക്കാരിക നായകര്‍ കാശിയില്‍നിന്ന് തിരിച്ചെത്തണം എന്ന് ആവലാതി പറയുകയുംചെയ്യുന്നു. സാംസ്‌ക്കാരിക നായകര്‍ വേണം എന്നും വേണ്ട എന്നും മനസ്സില്‍ ഒരു ദ്വന്ദയുദ്ധം നടക്കുന്നു. നല്ലത്, സാംസ്‌ക്കാരികനായകര്‍ 'വേണ്ടണം' എന്ന് പറയുന്നതായിരിക്കും.
പത്രാധിപരായ യൂത്ത് കോൺഗ്രസ് നേതാവിന്റെ സാഹിത്യ സാംസ്‌ക്കാരിക പദവി കെപിസിസി പ്രസിഡന്റിന് വളരെ ബോധ്യപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ സാഹിത്യസ്ഥാനത്തെ ആദരിച്ചുകൊണ്ട് കോൺഗ്രസ് സാഹിത്യകാരന്മാര്‍ സ്വാഗതപ്രസംഗം, നന്ദിപ്രകടനം തുടങ്ങിയ ചെറുപണികള്‍ ചെയ്യാന്‍ അവിടെ പോയതായി റിപ്പോര്‍ട്ടുണ്ട്. ഇത്തരം നാമമാത്ര സാഹിത്യകാരന്മാരെ കണ്ടുമടുത്തിട്ടാകുമോ ഇടതുപക്ഷം ചേര്‍ന്ന് പോകുന്ന സാംസ്‌ക്കാരികനായകന്മാരുടെ ശബ്‌ദം തങ്ങള്‍ക്കും വേണമെന്ന് പ്രസിഡന്റ് പറഞ്ഞത്. സാംസ്‌ക്കാരികനായകന്മാര്‍ ഒന്നും പ്രതികരിക്കാതെ കഴിയുന്നുവെന്ന് ഒരിടത്തും ഇടതിനുവേണ്ടിയാണ് പ്രതികരിക്കുന്നതെന്ന് വേറൊരിടത്തും കോൺഗ്രസിനെ ആര്‍ക്കും എതിര്‍ക്കാമെന്ന് ഒരു വീര്‍പ്പിലും കോൺഗ്രസിനെ എതിര്‍ക്കലാണ് സാംസ്‌ക്കാരികനായകന്മാരുടെ തൊഴിലെന്ന് മറ്റൊരുവീര്‍പ്പിലും ഒരാള്‍ ഒരു പ്രസംഗത്തില്‍തന്നെ പറയുന്നത് എന്തിന്റെയോ ലക്ഷണമാണ് !

സാംസ്‌ക്കാരിക നായകര്‍ മൌനം ഭജിക്കുന്നുവെന്നതിന് തെളിവായിട്ട് തൊടുപുഴ കോളേജ് പ്രൊഫസറുടെ കൈവെട്ടിയ സംഭവം ഉദ്ധരിച്ചിരിക്കുന്നു. ഇടതുനേതാക്കളടക്കം പ്രതിഷേധിച്ച ഒരു സംഭവത്തെപ്പറ്റി കൂടെ സഞ്ചരിക്കുന്നുവെന്ന് അധിക്ഷേപിക്കപ്പെടുന്ന സാംസ്‌ക്കാരികനായകര്‍ അഭിപ്രായം പറയാതിരിക്കുന്നതിന് ന്യായമില്ല. എത്രയോപേര്‍ എതിര്‍ത്തു-ഈ ലേഖകന്‍ സാംസ്‌ക്കാരിക നായകനല്ലെങ്കിലും (ഇന്നുവരെ ആ സ്ഥാനത്തിന് ഞാന്‍ അവകാശം ഉന്നയിച്ചിട്ടില്ല) ആദ്യം ടിവിയില്‍ അതിനെ എതിര്‍ത്ത് പറഞ്ഞ ഒരാള്‍ ഞാനാണ്. സുഗതകുമാരി എതിര്‍ത്തുസംസാരിച്ചു. അതുപോലെ പലരും. ഞാന്‍ പല പ്രസംഗങ്ങളിലും എതിര്‍ത്തുപറഞ്ഞു. ഒരു ലേഖനം എഴുതി; മറ്റൊന്ന് എഴുതി തപാലിലിടാന്‍ പോകുന്നു.

ഇത്രയൊക്കെ ചെയ്‌തത് കെപിസിസി പ്രസിഡന്റിനെ ബോധ്യപ്പെടുത്താനല്ല; ഇടതുപക്ഷത്തെ പ്രീണിപ്പിക്കാനുമല്ല. സ്വന്തം കര്‍ത്തവ്യബോധം കൊണ്ടാണ്. എന്നാല്‍, ഇപ്പോള്‍ കോഗ്രസിന്റെ സംസ്‌ക്കാരപുനരുജ്ജീവനത്തിന് അണിനിരത്തിയിട്ടുള്ള സാഹിത്യകാരന്മാരിലും മുതിര്‍ന്നവരിലുംപെട്ട എത്രപേര്‍ ഇതിനെ എതിര്‍ത്ത് അഭിപ്രായപ്രകടനം നടത്തി? രമേശ് ചെന്നിത്തല ആ ഭാഗത്തോട്ടാണ് തലതിരിക്കേണ്ടിയിരുന്നത്. ഒന്നുകൂടി ഇവരോട് പറയട്ടെ, ഇവരൊക്കെ പാതയോരങ്ങളില്‍നിന്ന് വിളിച്ചുപറയുന്ന വിഷയങ്ങളെപ്പറ്റി പറയാനും എഴുതാനും 'സംസ്‌ക്കാരസാഹിതി'യിലെ സമുന്നത സാഹിത്യകാരന്മാരെ മാത്രമേ കിട്ടുകയുള്ളൂ. സാംസ്‌ക്കാരിക നായകന്മാര്‍ അങ്ങനെ നിര്‍ദേശപ്രകാരം എഴുതുന്നവരല്ലെന്നോര്‍ക്കണം.

ഒരു നേതാവ് കഴിഞ്ഞദിവസം എന്നോട് ആഹ്വാനം ചെയ്‌തിരിക്കുകയാണ് ഏതോ വിഷയത്തെപ്പറ്റി എനിക്ക് പറയാനുള്ളത് ഉടനെ പറയണമെന്ന്. (ഇയാള്‍ പറയുന്നതുകേട്ടാല്‍തോന്നും ഞാന്‍ ഇയാളുടെ ശമ്പളം വാങ്ങിക്കഴിയുന്നയാളാണെന്ന്) അത് കേള്‍ക്കാന്‍ കേരളം കാത്തിരിക്കുകയാണത്രെ. ഈ 'കൊച്ചന്‍' കേരളത്തിന്റെ പ്രാതിനിധ്യത്തോടെ സംസാരിക്കാന്‍ എന്നാണ് യോഗ്യത നേടിയത് ? ആരോ പറഞ്ഞത് കേട്ട് പറയുകയാവും. അവനവന് പറയാനുണ്ടെങ്കില്‍ പറയുക. പറഞ്ഞുതുലയ്‌ക്കുക: എഴുത്തുകാരുടെമുന്നില്‍ വെറുതെവേഷം കെട്ടരുത്.

ഞങ്ങള്‍ കേരളത്തിന് വെളിയില്‍, ഇന്ത്യയെ ബാധിക്കുന്ന ഒരുപാട് കാര്യങ്ങളെപ്പറ്റിയും പ്രതികരിച്ചിട്ടുണ്ട്. വടക്കേഇന്ത്യയിലെ ഖാപ്പ്കാരുടെ ദുരഭിമാനവധങ്ങള്‍, കുശ്‌ബുവിന് തമിഴ്‌നാട്ടില്‍ നേരിട്ട എതിര്‍പ്പ്, മാവോയിസ്‌റ്റ് അക്രമങ്ങള്‍, ഭോപാല്‍ അസംബന്ധം, ജനസംഖ്യയും ജാതിപരിഗണനയും തുടങ്ങി പലതും. ഇവയെപ്പറ്റി കെപിസിസി പ്രസിഡന്റടക്കം എത്ര കോൺഗ്രസുകാര്‍ പ്രതികരിച്ചു? കോൺഗ്രസിന് അനുകൂലമല്ലാതെ വരുന്നതിനെപ്പറ്റി നിങ്ങളുടെ സാംസ്‌ക്കാരികനായകന്മാര്‍ പ്രതികരിക്കാറുണ്ടോ? ഖാപ്പ്, ഖുശ്‌ബു എന്നൊക്കെ കേട്ടാല്‍ മിഴിച്ചുനോക്കുന്നവരല്ലേ ഇവര്‍? ഈ പ്രതികരണങ്ങള്‍ വായിച്ച് ആദ്യം ഇവര്‍ ലോകവിവരം ഉണ്ടാക്കട്ടെ. എന്നിട്ടുമതി കുറ്റപ്പെടുത്തല്‍!
സാംസ്‌ക്കാരികനായകന്മാരെപ്പറ്റി പ്രസിഡന്റ് പറഞ്ഞത് (അതല്ലാത്തതുകൊണ്ട്) എനിക്ക് ബാധകമല്ലെങ്കിലും എന്റെ അഭിപ്രായം ആവശ്യമാണെന്ന് പ്രസിഡന്റും പ്രതിപക്ഷനേതാവും പലതവണ തെളിയിച്ചതാണ്. അത് മറക്കുന്നത് ഭംഗിയല്ല. ചെന്നിത്തലയുടെ ഒരു രാഷ്‌ട്രീയലേഖന സമാഹാരം തിരുവനന്തപുരത്ത് പ്രകാശനം ചെയ്യാന്‍ എന്നെ ക്ഷണിച്ചില്ലേ? പ്രതിപക്ഷനേതാവിന്റെ ജീവചരിത്രത്തിന് ഞാനല്ലേ അവതാരിക എഴുതിയത്? എന്തുകൊണ്ട് കോൺഗ്രസ് സാഹിത്യകാരൻ എന്ന് പറഞ്ഞ് നടക്കുന്നവരെ ക്ഷണിച്ചില്ല? ചോദ്യം ഞാൻ ഇങ്ങനെ മാറ്റുന്നു- അത്തരക്കാരുള്ളപ്പോൾ എന്നെ തെരഞ്ഞുപിടിച്ച് ക്ഷണിച്ചത് എന്തിനാണ്?

കോൺഗ്രസിന് സ്വന്തമായി ഒരു സാംസ്‌ക്കാരിക ലക്ഷ്യമില്ല.ആ ലക്ഷ്യം നിർവചിക്കാൻ പ്രാപ്‌തിയുള്ള നേതാക്കളുമില്ല.കേരളത്തിലെ കോൺഗ്രസുകാർ കൂടെക്കൂടെ തീർഥയാത്രയ്‌ക്കായി പോകുന്ന‘ഹൈക്കമാൻഡിനും’ ഇതൊക്കെ ഉള്ളതായിട്ടറിവില്ല. എഴുത്തുകാരെ ആകർഷിക്കാൻ കരുത്തുള്ള മാനവസമത്വം, ദാരിദ്ര്യമോചനം തുടങ്ങിയ ഒരാദർശവും ഇന്ന് കോൺഗ്രസ്സിൽ സജീവമല്ല. ഇതൊന്നും ഗ്രഹിക്കാനാവാതെ എന്തോ കണ്ടും കേട്ടും അതുമിതും വിളിച്ചുപറയുന്നതുകൊണ്ട് ഈ അവസ്‌ഥയുടെ നഗ്‌നത കൂടുതൽ തെളിയുകയേയുള്ളൂ‍.

‘സാഹിത്യകാരാ, ഞങ്ങളുടെ നേരെയും കടാക്ഷിക്കേണമേ’എന്ന ധ്വനിയിൽ അവസാനിക്കുന്ന വിലാപഗീതികൾ പാടാതിരിക്കുന്നതാണ് നല്ലത്.

*****

സുകുമാര്‍ അഴീക്കോട്, കടപ്പാട് : ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കോൺഗ്രസിന് സ്വന്തമായി ഒരു സാംസ്‌ക്കാരിക ലക്ഷ്യമില്ല.ആ ലക്ഷ്യം നിർവചിക്കാൻ പ്രാപ്‌തിയുള്ള നേതാക്കളുമില്ല.കേരളത്തിലെ കോൺഗ്രസുകാർ കൂടെക്കൂടെ തീർഥയാത്രയ്‌ക്കായി പോകുന്ന ‘ഹൈക്കമാൻഡിനും’ ഇതൊക്കെ ഉള്ളതായിട്ടറിവില്ല. എഴുത്തുകാരെ ആകർഷിക്കാൻ കരുത്തുള്ള മാനവസമത്വം, ദാരിദ്ര്യമോചനം തുടങ്ങിയ ഒരാദർശവും ഇന്ന് കോൺഗ്രസ്സിൽ സജീവമല്ല. ഇതൊന്നും ഗ്രഹിക്കാനാവാതെ എന്തോ കണ്ടും കേട്ടും അതുമിതും വിളിച്ചുപറയുന്നതുകൊണ്ട് ഈ അവസ്‌ഥയുടെ നഗ്‌നത കൂടുതൽ തെളിയുകയേയുള്ളൂ‍.

‘സാഹിത്യകാരാ, ഞങ്ങളുടെ നേരെയും കടാക്ഷിക്കേണമേ’എന്ന ധ്വനിയിൽ അവസാനിക്കുന്ന വിലാപഗീതികൾ പാടാതിരിക്കുന്നതാണ് നല്ലത്.