Friday, July 9, 2010

അഭിമാനഹത്യയോ, പ്രാകൃത കൊലപാതകമോ

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ 30 വരെയുള്ള എണ്‍പതു ദിവസത്തിനുള്ളില്‍ രാജ്യത്ത് ഇരുപതു അഭിമാനഹത്യകള്‍ നടന്നെന്നാണ് കണക്ക്. ഓരോ നാലു ദിവസത്തിലും ഒരാളെങ്കിലും ഈ പേരില്‍ കൊല്ലപ്പെടുന്നു. ഹരിയാണ, ബിഹാര്‍, പഞ്ചാബ്, യുപി എന്നിങ്ങനെ നീളുന്ന അഭിമാനഹത്യ അരങ്ങേറുന്ന സംസ്ഥാനങ്ങളുടെ പട്ടിക. സഹോരന്‍മാര്‍ ഒത്തുചേര്‍ന്ന് സഹോദരിമാരെ വെടിവെച്ചു കൊല്ലുന്നു...മുത്തശ്ശി പേരക്കുട്ടിയെ വെട്ടിക്കൊല്ലുന്നു...അച്ഛനും അമ്മയും ചേര്‍ന്ന് മകളെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിക്കുന്നു...ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങളിലെ വാര്‍ത്തകളുടെ തലക്കെട്ടുകള്‍ ഇങ്ങനെയൊക്കെയാണ്. ഇക്കാര്യത്തില്‍ നഗര ഗ്രാമ വ്യത്യാസമില്ല. വിദ്യാഭാസത്തിന്റെ വേര്‍തിരിവുകളില്ല. അന്തര്‍ദേശീയ സംസ്‌ക്കാരത്തിന്റെ വിളനിലമെന്നൊക്കെ വിശേഷിപ്പിക്കുന്ന ഡല്‍ഹിയില്‍നിന്നും ഞെട്ടിപ്പിക്കുന്ന കൊലപാതക വാര്‍ത്തകള്‍ വരുന്നു. കൊലപാതകികള്‍ക്ക് പ്രാകൃത ജാതി കോമരങ്ങളുടെ രൂപമല്ല. അവര്‍ ധരിക്കുന്നത് ജീന്‍സും ടീ ഷര്‍ട്ടുമാണ്. അവര്‍ സംസാരിക്കുന്നത് അമേരിക്കന്‍ ഉച്ചാരണ രീതിയിലും. എവിടേക്കാണ് ഇന്ത്യ പോകുന്നത് ?

പത്രപ്രവര്‍ത്തക നിരുപമ പാഠകിന്റെ കൊലപാതകം മാധ്യമങ്ങളില്‍ പ്രമുഖ വാര്‍ത്തയായിരുന്നു. അവരെ പ്രണയിച്ച ചെറുപ്പക്കാരെനയായിരുന്നു ആദ്യ ഘട്ടത്തില്‍ സംശയിച്ചത്. അന്യജാതിയില്‍പ്പെട്ടവനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ നിരുപമയെ പഴിക്കാനും ചിലര്‍ തയ്യാറായി. പ്രതികളെ പിടികൂടുന്നതിനായി ശക്തമായ സമ്മര്‍ദം മാധ്യമങ്ങളുടെ ഭാഗത്തുനിന്നുമുണ്ടായി. ഒടുവില്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത് മാതാപിതാക്കളെയാണ്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ മാറിമാറി മൊഴിനല്‍കിയ അമ്മക്ക് ഒടുവില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, കളി വെളിച്ചത്തായപ്പോഴും അവര്‍ക്ക് കുറ്റബോധം ഒട്ടും തന്നെയുണ്ടായിരുന്നില്ല. അവര്‍ മകളെ കൊന്നതില്‍ അഭിമാനിക്കുന്നു. കഴിഞ്ഞ ദിവസം നോയിഡയില്‍ സഹോദരന്‍മാരും സുഹൃത്തും ചേര്‍ന്ന് രണ്ടു സഹോദരിമാരെ കൊലപ്പെടുത്തി. ആദ്യത്തെയാളെയും കൂട്ടി അന്യജാതിക്കാരനെ വിവാഹം കഴിച്ച മറ്റൊരു സഹോദരിയെ കാണാനായാണ് പോയത്. പോകുന്ന വഴിയില്‍ കാറില്‍വെച്ച് ആദ്യത്തെയാളെ വെടിവെച്ച് കൊന്നു. അവര്‍ക്കും ഒരു പ്രണയമുണ്ടായിരുന്നുവത്രേ. പിന്നീട് സഹോദരിയെ വിവാഹം കഴിച്ചയാളെ ഫോണില്‍ വിളിച്ചു. സഹോദരന്‍മാരില്‍ ഒരാള്‍ക്ക് ഇദ്ദേഹവുമായി നല്ല ബന്ധമുണ്ടായിരുന്നു. വീട്ടിലേക്ക് വരാന്‍ വഴിയറിയില്ലെന്നും വന്നു കൂട്ടുകൊണ്ടുപോകണമെന്നും പറഞ്ഞപ്പോള്‍ സംശയം ഒട്ടുമില്ലാതെ അയാള്‍ അവരുടെ അടുത്തേക്ക് ചെന്നു. ഇയാളെ കൊല്ലപ്പെടുത്തിയതിനുശേഷം ഫ്ളാറ്റിലേക്ക് പോയി സഹോദരിയെയും കൊന്നു. പിന്നീട് നാടുവിട്ടു. ദിവസങ്ങള്‍ക്ക് ശേഷം പോലീസ് മൂന്നു പ്രതികളെയും പിടികൂടി.

ടെലിവിഷനില്‍ കണ്ട ദൃശ്യങ്ങളില്‍ ഇവരുടെ മുഖഭാവങ്ങളില്‍ ഒന്നും കുറ്റബോധത്തിന്റെ ചെറുകണികപോലും കാണാന്‍ കഴിഞ്ഞില്ല. അച്‌ഛനും അമ്മാവന്‍മാരും മറ്റു ബന്ധുക്കളും ഒറ്റസ്വരത്തില്‍ കൊലപാതകികളെ പിന്തുണക്കുകയാണ് ചെയ്യുന്നത്. കൊല്ലപ്പെട്ട പെണ്‍മക്കളെ ഓര്‍ത്ത് ഇവരാരും ഒരു തുള്ളി കണ്ണുനീര്‍പോലും പൊഴിക്കുന്നില്ല. പുതിയ കാലം പാകപ്പെടുത്തിയ മനസ്സാണ് ഇതില്‍ പ്രതിഫലിക്കുന്നത്. ജാതിയുടെയും കുലത്തിന്റെയും കുടുംബത്തിന്റെയും അഭിമാനമാണ് എല്ലാറ്റിനേക്കാളും വലുതെന്നാണ് ഇവരുടെ മനോഭാവം. അങ്ങനെയാണ് ഈ കൊലപാതകങ്ങള്‍ക്ക് അഭിമാനഹത്യയെന്ന പേരു വരുന്നത്. പല രാജ്യങ്ങളിലും ഈ പദം ഇപ്പോള്‍ പ്രയോഗിക്കുന്നുണ്ട്. വംശത്തിന്റെയും മതത്തിന്റെയും അഭിമാനം സംരക്ഷിക്കാന്‍ നടത്തുന്ന കൊലപാതകങ്ങളാണ് ഈ പട്ടികയില്‍ വരുന്നത്. യഥാര്‍ഥത്തില്‍ ഏതു അഭിമാനമാണ് ഇവര്‍ സംരക്ഷിക്കുന്നത്. പ്രാകൃത കാലത്തിന്റെ തടവറയില്‍ കഴിഞ്ഞു കൂടുന്നെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കുന്നതില്‍ എന്ത് അഭിമാനമാണുള്ളത് ? ഈ വാക്ക് പ്രയോഗിക്കുന്നത് തെറ്റായ അര്‍ഥമായിരിക്കും ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് ക്രൂരമായ കൊലപാതകമാണ്. പ്രാകൃതമായ പ്രവര്‍ത്തിയാണ്. പലപ്പോഴും പ്രണയത്തിനെതിരായ അപ്രഖ്യാപിത യുദ്ധമാണ്. അതിന് അഭിമാനമെന്ന പേര്‍ കൂടി ചാര്‍ത്തികൊടുക്കുന്നത് സമ്മത നിര്‍മാണത്തെയാണ് സഹായിക്കുന്നത്. പ്രാകൃത കൊലപാതകത്തിന് അതിനു ചേരുന്ന വാക്കാണ് പ്രയോഗിക്കേണ്ടത്.

ഇതിനെ നേരിടാന്‍ പ്രത്യേകമായ നിയമം വേണമെന്ന് നിയമമന്ത്രി തന്നെ പറയുകയുണ്ടായി. ചിലയിടങ്ങളില്‍ വധശിക്ഷ വിധിക്കുന്നത് ജാതി പഞ്ചായത്തുകളാണ്. ഇവരുടെ വിധിക്ക് ഔദ്യോഗികമായ മാനമുണ്ടെന്ന് ശഠിക്കുന്നവരില്‍ കോണ്‍ഗ്രസിന്റെ യുവ പാര്‍ലമെന്റ് അംഗങ്ങളുമുണ്ട്. മിക്ക രാഷ്‌ട്രീയ പാര്‍ടികളും ഇതിനെതിരെ പരസ്യനിലപാട് സ്വീകരിക്കാന്‍ മടിക്കുന്നു. വോട്ട് ബാങ്കുകളാണ് അവരുടെ ലക്ഷ്യം.ഒരേ ഗോത്രത്തില്‍നിന്നും ഒരേ ഗ്രാമത്തില്‍നിന്നും വിവാഹം കഴിക്കുന്നതിനെ എതിര്‍ക്കുന്നവരുമുണ്ട്. തങ്ങളുടെ ഗോത്രത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനു സഹായിക്കുന്ന രീതിയില്‍ ഹിന്ദു വിവാഹ നിയമം ഭേദഗതി ചെയ്യണെമന്നും ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നു. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഡല്‍ഹിക്ക് കുടിവെള്ളം തരില്ലെന്ന് പ്രഖ്യാപിച്ച ഹരിയാനയിലെ ജാതി പഞ്ചായത്തുകളുമുണ്ട്.

പുതിയ നൂറ്റാണ്ടിലേക്ക് കുതിക്കുന്ന ഇന്ത്യയെ കുറിച്ചാണ് പ്രധാനമന്ത്രിയും ഭരണക്കാരും പറയുന്നത്. അപ്പോഴാണ് പ്രാകൃതയുഗത്തിന്റെ തനിയാവര്‍ത്തനങ്ങള്‍ക്ക് നാട് സാക്ഷ്യം വഹിക്കുന്നത്. ആഗോളവല്‍ക്കരണ കാലത്ത് എന്തുകൊണ്ട് ഇത്തരം പ്രാകൃതഹത്യകള്‍ ലോകത്തെമ്പാടും കൂടുന്നെന്ന അന്വേഷണം പലരും നടത്തുന്നുണ്ട്. ജാതി, മതം, വംശം എന്നിങ്ങനെയുള്ള ചിന്തകള്‍ ശക്തിപ്പെടുന്ന കാലം കൂടിയാണിത്. അസമത്വത്തിന്റെ അതിദ്രുതവ്യാപനത്തിന്റെ കാലം ഇത്തരം ചിന്തകള്‍ ശക്തിപ്പെടുന്നതിനുള്ള പരിസരം ഒരുക്കുന്നുണ്ട്. ആഗോളമൂലധനശക്തികള്‍ ഈ ചിന്തകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇവ തമ്മിലുള്ള പരസ്‌പര ബന്ധം തിരിച്ചറിഞ്ഞുള്ള ഇടപ്പെടലുകള്‍ ആവശ്യമാകുന്ന കാലമാണിത്. നമ്മുടെ വിദ്യാഭ്യാസ രീതിയെ കുറിച്ചും മറ്റും ഗൌരവമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതിനു ഈ സംഭവങ്ങള്‍ പ്രേരിപ്പിക്കുന്നുണ്ട്.

*****

പി രാജീവ്, കടപ്പാട് : ദേശാ‍ഭിമാനി വാരിക

3 comments:

വര്‍ക്കേഴ്സ് ഫോറം said...

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ 30 വരെയുള്ള എണ്‍പതു ദിവസത്തിനുള്ളില്‍ രാജ്യത്ത് ഇരുപതു അഭിമാനഹത്യകള്‍ നടന്നെന്നാണ് കണക്ക്. ഓരോ നാലു ദിവസത്തിലും ഒരാളെങ്കിലും ഈ പേരില്‍ കൊല്ലപ്പെടുന്നു. ഹരിയാണ, ബിഹാര്‍, പഞ്ചാബ്, യുപി എന്നിങ്ങനെ നീളുന്ന അഭിമാനഹത്യ അരങ്ങേറുന്ന സംസ്ഥാനങ്ങളുടെ പട്ടിക. സഹോരന്‍മാര്‍ ഒത്തുചേര്‍ന്ന് സഹോദരിമാരെ വെടിവെച്ചു കൊല്ലുന്നു...മുത്തശ്ശി പേരക്കുട്ടിയെ വെട്ടിക്കൊല്ലുന്നു...അച്ഛനും അമ്മയും ചേര്‍ന്ന് മകളെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിക്കുന്നു...ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങളിലെ വാര്‍ത്തകളുടെ തലക്കെട്ടുകള്‍ ഇങ്ങനെയൊക്കെയാണ്. ഇക്കാര്യത്തില്‍ നഗര ഗ്രാമ വ്യത്യാസമില്ല. വിദ്യാഭാസത്തിന്റെ വേര്‍തിരിവുകളില്ല. അന്തര്‍ദേശീയ സംസ്‌ക്കാരത്തിന്റെ വിളനിലമെന്നൊക്കെ വിശേഷിപ്പിക്കുന്ന ഡല്‍ഹിയില്‍നിന്നും ഞെട്ടിപ്പിക്കുന്ന കൊലപാതക വാര്‍ത്തകള്‍ വരുന്നു. കൊലപാതകികള്‍ക്ക് പ്രാകൃത ജാതി കോമരങ്ങളുടെ രൂപമല്ല. അവര്‍ ധരിക്കുന്നത് ജീന്‍സും ടീ ഷര്‍ട്ടുമാണ്. അവര്‍ സംസാരിക്കുന്നത് അമേരിക്കന്‍ ഉച്ചാരണ രീതിയിലും. എവിടേക്കാണ് ഇന്ത്യ പോകുന്നത് ?

Anonymous said...

ലവ്‌ ജിഹാദ്‌ വടക്കേ ഇന്ത്യയില്‍ പറ്റില്ല രാജീവേ. ഇണ്റ്ററ്‍നെറ്റ്‌ മൊബൈല്‍ എന്നിവയുടെ ദുസ്വാധീനം മൂലം അഗമ്യഗമനം , അനധിക്യ്ത ഗറ്‍ഭ ധാരണം എന്നിവ വ്യാപകമാണൂ വടക്കേ ഇന്ത്യയില്‍, എന്നാല്‍ ഹിന്ദു മുസ്ളീം പ്റണയം ഒന്നും ഇല്ല. ജാതി ഉപ്ജാതികള്‍ തമ്മിലുള്ള വൈരം, പെണ്‍ ഭ്റൂണഹത്യ മൂലം സ്വജാതിയില്‍ പെണ്‍ കുട്ടികളുടെ കുറവ്‌, ഇതിണ്റ്റെ മൂല കാരണമായ സ്ത്റീധനം (നമ്മുടെ കേരളത്തിലെ പത്തു പവന്‍ മതി ഇവിടെ മാന്യമായ സ്ത്റീധനത്തിനു) ഇതാണു മൂല കാരണം ഇതിപ്പോള്‍ നിയമം കൊണ്ടൊന്നും നിരോധിക്കാന്‍ കഴിയില്ല എല്ലാ മാതാ പിതാക്കളും തങ്ങളുടെ മക്കള്‍ നല്ല രീതിയില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു റിലേഷനോ അബോറ്‍ഷനോ ഒക്കെ അവറ്‍ സഹിക്കും പക്ഷെ വിവാഹം സഹിക്കുന്നില്ല , കേരളീയറ്‍ക്കു ഇതില്‍ ഒന്നും ചെയ്യാന്‍ ആവില്ല

ജയരാജ്‌മുരുക്കുംപുഴ said...

enthokkeyanu ivde nadakkunnathu........, ee ottappetta shabdhangal ellaa chevikalilum ethatte.......