Tuesday, July 13, 2010

ജനാധിപത്യത്തിലെ ഏകാധിപതികള്‍

അടിസ്ഥാനപരമായ ജനാധിപത്യതത്വമാണ് സമത്വം. മാനുഷരെല്ലാരുമൊന്നുപോലെ എന്ന മാവേലിപ്പാട്ടിലൂടെ നാം പ്രഘോഷിക്കുന്നത് ഈ തത്വമാണ്. പ്രൊക്രൂസ്‌റ്റസിന്റെ ശയ്യാതന്ത്രം ഉപയോഗിച്ചും ബഷീറിന്റെ ഗണിതതന്ത്രം ഉപയോഗിച്ചും ഈ ഒന്നിനെ ചെറുതാക്കാനും വലുതാക്കാനും കഴിയും. ആദ്യത്തേതില്‍ വ്യക്തി ഇല്ലാതാകുന്നു. രണ്ടാമത്തേതില്‍ സമത്വം ഇല്ലാതാകുന്നു. ജനാധിപത്യവിരുദ്ധമായ രണ്ട് സമീപനങ്ങളും ഒഴിവാക്കി വ്യക്തിയുടെ സമത്വവും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം. നിയമവാഴ്‌ച നിലനില്‍ക്കുമ്പോഴാണ് ഇത് സാധ്യമാകുന്നത്.

നിയമം പലവിധമുണ്ട്. ഏകാധിപതിയുടെ കല്‍പനയും നിയമമാണ്. സോക്രട്ടീസിനെ വിഷം കുടിപ്പിച്ചതും യേശുവിനെ കുരിശിലേറ്റിയതും രാമകൃഷ്‌ണപിള്ളയെ നാടുകടത്തിയതും നിയമമാണ്. നിയമം എന്നത് അനുസരിക്കുന്നതിനൊപ്പം ചോദ്യം ചെയ്യാനുള്ളതുമാണ്. ഈ തത്വത്തെ അടിസ്ഥാനമാക്കി യവനകാലത്തെ ഒരു മജിസ്‌ട്രേറ്റ് എഴുതിയ നാടകമാണ് ആന്റിഗണി. രാജാവിന്റെ ശരിയല്ലാത്ത കല്‍പനയേക്കാള്‍ ഉന്നതങ്ങളില്‍ നിന്നെത്തുന്ന എഴുതപ്പെടാത്തതും മാറ്റമില്ലാത്തതുമായ കല്‍പനകളാണ് മനുഷ്യന്‍ അനുസരിക്കേണ്ടതെന്ന് ഈ നാടകത്തിലൂടെ സോഫോക്ളിസ് പഠിപ്പിക്കുന്നു. മനഃസാക്ഷിക്കും മനുഷ്യത്വത്തിനും നിരക്കുമ്പോഴാണ് നിയമം ആധികാരികമാകുന്നത്. അങ്ങനെയല്ലാത്ത നിയമങ്ങള്‍ ലംഘിക്കേണ്ടതാണെന്ന് പഠിപ്പിച്ചത് മഹാത്മാഗാന്ധിയാണ്.

ജനാധിപത്യത്തില്‍ ജനങ്ങള്‍ തന്നെയാണ് നിയമനിര്‍മാതാക്കള്‍. നമ്മള്‍ എഴുതി അംഗീകരിച്ച് നമുക്കു വേണ്ടിത്തന്നെ സമര്‍പ്പിച്ചതാണ് നമ്മുടെ ഭരണഘടന. എല്ലാ നിയമങ്ങളുടെയും പ്രഭവം അവിടെയാണ്. ‘ഭരണഘടനയാല്‍ സാധൂകരിക്കപ്പെടാത്തതൊന്നും നല്ല നിയമമല്ല. സാധുവായ നിയമങ്ങളാണ് നിയമവാഴ്‌ചയുടെ ചൈതന്യം.— നിയവവാഴ്‌ചയുടെ സുസ്ഥിരതയാണ് ജനാധിപത്യത്തിന്റെ അസ്‌തിവാരം. നിയമവാഴ്‌ചയുടെ സംരക്ഷണച്ചുമതല ജുഡീഷ്യറി എന്ന ഭരണസംവിധാനത്തില്‍ നിക്ഷിപ്‌തമായിരിക്കുന്നു.

ഭരണസംവിധാനത്തിന്റെ മൂന്ന് വിഭജനങ്ങളില്‍ ഒന്നാണ് ജുഡീഷ്യറി. ലെജിസ്ലേച്ചറും എൿസിക്യൂട്ടീവുമാണ് ഇതരവിഭാഗങ്ങള്‍. കാര്യനിര്‍വഹണവിഭാഗമാണ് എൿസിക്യൂട്ടീവ്. അധികാരത്തിന്റെ സ്വാഭാവികമായ കേന്ദ്രീകരണവും അവിടെത്തന്നെ. എൿസിക്യൂട്ടീവിനെ നിയന്ത്രിക്കുന്നതും നിയമം നിര്‍മിക്കുന്നതും ലെജിസ്ലേച്ചറാണ്. നിയമത്തിന്റെ സാധുത പരിശോധിക്കുന്നതും നീതി നിര്‍വഹിക്കുന്നതും ജുഡീഷ്യറിയാണ്. ഫ്രഞ്ച് ചിന്തകനായ മൊണ്ടെസ്‌ക്യുവിന്റെ പേരിലാണ് അധികാരവിഭജനമെന്നോ അധികാരത്തിന്റെ വേര്‍തിരിവെന്നോ വിളിക്കാവുന്ന ഈ തത്വം അറിയപ്പെടുന്നത്. നിയമം നിര്‍മിക്കുന്നതും വ്യാഖ്യാനിക്കുന്നതും നടപ്പാക്കുന്നതും ഒരാള്‍തന്നെ എന്ന അവസ്ഥയില്‍നിന്നുള്ള അത്ഭുതകരമായ വ്യതിയാനമാണിത്.

അധികാരകേന്ദ്രങ്ങള്‍ പലതാകുമ്പോള്‍ അധികാരത്തിന്റെ കേന്ദ്രീകരണം അസാധ്യമാകും. ഓരോ ഭരണവിഭാഗത്തിന്റെയും അധികാരപരിധി ഭരണഘടന നിശ്ചയിച്ചിട്ടുണ്ട്. ഭേദിക്കരുതാത്ത ലൿഷ്‌മണരേഖകള്‍. വഴുക്കുന്ന അതിര്‍വരമ്പുകള്‍. സ്വന്തം അധികാരപരിധിയില്‍ ഉറച്ചുനിന്നുകൊണ്ട് പരസ്‌പരം നടത്തുന്ന ഉപരോധവും പ്രതിരോധവുമാണ് ഭരണഘടന വിഭാവന ചെയ്യുന്നത്. അതിലൂടെയുണ്ടാകുന്ന സന്തുലിതാവസ്ഥയിലാണ് നിയമവ്യവസ്ഥയും ജനാധിപത്യവും സംരക്ഷിക്കപ്പെടുന്നത്. വിസ്‌മയകരമായ ഈ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഫലപ്രദമായ ഉപകരണമാണ് ജുഡീഷ്യല്‍ റിവ്യൂ.

എൿസിക്യൂട്ടീവിന്റെയും ലെജിസ്ലേച്ചറിന്റെയും നടപടികളില്‍ ഇടപെടുന്നതിനുള്ള കോടതിയുടെ അധികാരമാണ് ജുഡീഷ്യല്‍ റിവ്യൂ. പ്രാതിനിധ്യസ്വഭാവമുള്ള വിഭാഗങ്ങളെ ജനപ്രാതിനിധ്യം അവകാശപ്പെടാന്‍ കഴിയാത്ത വിഭാഗം നിയന്ത്രിക്കുന്നത് ശരിയാണോ എന്ന ചോദ്യമുണ്ട്. ജനാധിപത്യത്തെക്കുറിച്ചുള്ള ചിന്തയില്‍ ഈ ചോദ്യം അപ്രസക്തമാകുന്നു. തെരഞ്ഞെടുക്കപ്പെടുന്നവരാണ് ഏകാധിപതികളാകുന്നത്. നിയമനിര്‍മാതാക്കളാണ് നിയമലംഘകരാകുന്നത്. അത്തരം ഘട്ടങ്ങളില്‍ ജുഡീഷ്യറിയുടെ ഇടപെടല്‍ ആവശ്യമുണ്ട്. കോടതിയുടെ സമീപനം ജനവിരുദ്ധമായാല്‍ പാര്‍ലമെന്റിന് ഇടപെടാന്‍ കഴിയും. ഭരണഘടനാപരമായി സാധുവായ നിയമനിര്‍മാണത്തിലൂടെ കോടതിവിധികളെ മറികടക്കാം. അപരാധിയാകുന്ന ന്യായാധിപനെ ഇംപീച്ച്മെന്റ് നടപടിയിലൂടെ പുറത്താക്കാനും പാര്‍ലമെന്റിന് അധികാരമുണ്ട്.സുപ്രീം കോടതിക്കും ഹൈക്കോടതികള്‍ക്കും ജുഡീഷ്യല്‍ റിവ്യു എന്ന അധികാരം ‘ഭരണഘടന നല്‍കിയിട്ടുണ്ട്. മൌലികാവകാശങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ഏതൊരാള്‍ക്കും അനുഛേദം 32 അനുസരിച്ച് സുപ്രീംകോടതിയെയും അനുഛേദം 226 അനുസരിച്ച് ഹൈക്കോടതിയെയും സമീപിക്കാം. പൌരസമൂഹത്തിന് ‘ഭരണഘടന നല്‍കുന്ന ഉറപ്പുകള്‍ ‘ഭരണകൂടം ലംഘിക്കാതെ നോക്കാനുള്ള ചുമതല സുപ്രിംകോടതിക്കുണ്ട്. കോടതിയെ ധിക്കരിക്കുന്നത് കോടതിയലക്ഷ്യമാണ്. കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുന്നതിനുള്ള അധികാരവും കോടതിയ്‌ക്കുണ്ട്. നീതിയുടെ താല്പര്യം മുന്‍നിര്‍ത്തി ഏതു തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിനും അനുഛേദം 142 സുപ്രീം കോടതിയെ അധികാരപ്പെടുത്തിയിരിക്കുന്നു. സുപ്രീം കോടതി പറയുന്നതെന്തോ അതാണ്— നാട്ടിലെ നിയമമെന്ന് അനുഛേദം 141 പ്രഖ്യാപിക്കുന്നു.

ഇത്ര വിപുലമായ അധികാരം നിക്ഷിപ്‌തമായിരിക്കുന്ന കോടതി അര്‍പ്പിതമായ കര്‍ത്തവ്യം എല്ലായ്‌പ്പോഴും ഫലപ്രദമായി നിര്‍വഹിച്ചുവെന്ന് പറയാന്‍ കഴിയില്ല.

1950ലാണ് ഇന്ത്യന്‍ സുപ്രീംകോടതി സ്ഥാപിതമാകുന്നത്. അക്കൊല്ലം തന്നെയാണ് എ കെ ഗോപാലന്റെ കേസുമായി എം കെ നമ്പ്യാര്‍ ഡല്‍ഹിയിലെത്തിയത്. കരുതല്‍ തടങ്കല്‍ നിയമപ്രകാരം മദിരാശിയില്‍ തടവിലായിരുന്ന എകെജിയുടെ മോചനമായിരുന്നു നമ്പ്യാരുടെ ലക്ഷ്യം. വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യവും ഉറപ്പ് നല്‍കുന്ന ‘ഭരണഘടനയുടെ അനുഛേദം 21 അടിസ്ഥാനമാക്കിയായിരുന്നു നമ്പ്യാരുടെ വാദം. കരുതല്‍ തടങ്കല്‍ നിയമം ‘ഭരണഘടനാവിരുദ്ധമാണെന്ന വാദം സുപ്രീം കോടതിക്ക് സ്വീകാര്യമായില്ല. ‘ഭരണഘടനയുടെ അന്തര്‍ലീനമായ ചൈതന്യത്തിന് നിരക്കുന്നതല്ലെന്ന കാരണത്താല്‍ ഒരു നിയമവും അസാധുവാക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്‌റ്റിസ് കാനിയ പ്രഖ്യാപിച്ചു. അന്തര്‍ലീനമായ ചൈതന്യത്തേക്കാള്‍ പ്രധാനം എഴുതപ്പെട്ട വാക്കുകളാണ്. തിളച്ച എണ്ണയില്‍ പൊരിച്ചെടുക്കാനാണ് നിയമത്തിന്റെ അനുശാസനയെങ്കില്‍ അതും അനുവദിക്കേണ്ടി വരുമെന്ന് ജസ്‌റ്റിസ് ദാസ് മുന്നറിയിപ്പ് നല്‍കി. അതിഥികളുടെ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത പാചകക്കാരന് ഇംഗ്ളണ്ടിലെ ഹെൻ‌റി എട്ടാമന്‍ നല്‍കിയ ശിക്ഷയായിരിക്കാം ദാസിന്റെ മനസ്സിലുണ്ടായിരുന്നത്.

ഭരണഘടന തയാറാക്കിയ കോൺസ്‌റ്റിറ്റ്യുവന്റ് അസംബ്ളി തന്നെയാണ് പിന്നീട് താൽ‌ക്കാലിക പാര്‍ലമെന്റായി പ്രവര്‍ത്തിച്ചത്. ഈ പാര്‍ലമെന്റാണ് കരുതല്‍ തടങ്കല്‍ നിയമം പാസാക്കിയത്. ഒരേ സഭ‘ പരസ്‌പരവിരുദ്ധമായ നിയമനിര്‍മാണം നടത്തില്ലെന്ന വിചാരവും കോടതിയെ സ്വാധീനിച്ചിട്ടുണ്ടാകണം. ഏതായാലും ഗോപാലന്‍ കേസിലെ സുപ്രീം കോടതിയുടെ നിലപാട് വ്യാപകമായ ആക്ഷേപത്തിനു കാരണമായി. വ്യക്തിസ്വാതന്ത്ര്യമെന്ന മഹത്തായ മൌലികാവകാശത്തിനേറ്റ കനത്ത ആഘാതമായി പില്‍ക്കാലത്ത് ചീഫ് ജസ്‌റ്റിസായ സുബ്ബറാവു ഈ വിധിയെ വിശേഷിപ്പിച്ചു.

പോസിറ്റീവ് ലോയും നാച്വറല്‍ ലോയും തമ്മിലുള്ള പരിഹരിക്കാന്‍ കഴിയാത്ത സംഘര്‍ഷമാണ് ഗോപാലന്‍ കേസ് കേള്‍ക്കുമ്പോള്‍ സുപ്രീം കോടതിയെ മഥിച്ചത്. അധികാരിയുടെ കല്‍പനയാണ് പോസിറ്റീവ് ലോ. മനഃസാക്ഷിയുടെ നിമന്ത്രണമാണ് നാച്വറല്‍ ലോ. രാജദ്രോഹിയുടെ മൃതദേഹം കലാപഭൂമിയില്‍ ഉപേക്ഷിക്കുകയെന്നത് രാജാവിന്റെ കല്‍പന. സഹോദരന്റെ മൃതദേഹം സംസ്‌ക്കരിക്കുകയെന്നത് മനഃസാക്ഷിയുടെ നിശ്ശബ്‌ദമായ മന്ത്രണം. ആന്റിഗണി ശ്രവിച്ചത് അതായിരുന്നു. രാജാവിന്റെ മുന്നില്‍ അവള്‍ കുറ്റക്കാരിയായി ശിക്ഷിക്കപ്പെട്ടു. പക്ഷേ അവളിലൂടെ സോഫോക്ളിസ് നടത്തിയത് മനുഷ്യാവകാശങ്ങളുടെ ആദ്യവിളംബരമായിരുന്നു.

ഗോപാലന്‍ കേസിന്റെ ദുര്‍വഹമായ ‘ഭാരവുമായി സുപ്രീം കോടതിക്ക് കാല്‍ നൂറ്റാണ്ട് കഴിയേണ്ടിവന്നു. അടിയന്തരാവസ്ഥയിലെ ഹേബിയസ് കോര്‍പസ് വിധി കോടതിയുടെ വിശ്വാസ്യതയെ പൂര്‍ണമായും തകര്‍ത്തു. നിര്‍വീര്യമാക്കപ്പെട്ട കോടതി സ്വയം കൂടുതല്‍ നിര്‍വീര്യമായി. തലോടുന്ന കൈകള്‍ക്ക് തല്ലാനും അധികാരമുണ്ടെന്ന ന്യായത്തിലാണ് പതിനായിരക്കണക്കിനാളുകള്‍ സഹിച്ച ക്രൂരമായ പീഡനങ്ങളെ കോടതി സാധൂകരിച്ചത്. ജസ്റ്റിസ് ഖന്ന പ്രകടിപ്പിച്ച അത്യപൂര്‍വമായ ധീരത മാത്രമാണ് നിത്യമായ അപമാനത്തില്‍നിന്ന് കോടതിയെ അല്‍പമെങ്കിലും രക്ഷിച്ചത്.

ഗോപാലന്‍ കേസില്‍ നിരാകരിക്കപ്പെട്ട വാദമാണ് മേനകാ ഗാന്ധിയുടെ കേസില്‍ കോടതി സ്വീകരിച്ചത്. എകെജിയുടെ കരുതല്‍ തടങ്കല്‍ ശരിയാണെന്നു പറഞ്ഞ കോടതി അടിയന്തരാവസ്ഥയിലെ അത്യാചാരങ്ങളുടെ പേരില്‍ മേനകാ ഗാന്ധിയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത നടപടി ശരിവച്ചില്ല. രണ്ടും പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിച്ചുള്ള നടപടികളായിരുന്നു. പക്ഷേ അടിയന്തരാവസ്ഥയ്‌ക്കുശേഷം ജനശക്തി നിയമത്തിനുമേലേ ഉയര്‍ന്നുനിന്നു. ജനാധിപത്യത്തിന്റെ പുതുവസന്തത്തില്‍ സ്വാതന്ത്ര്യത്തിന്റെ സുഗന്ധം കോടതിയിലേക്കും ഒഴുകിയെത്തി. അടിയന്തരാവസ്ഥയിലെ അപരാധച്ചേറ് കഴുകാന്‍ നവനീതിയുടെ യമുന തിലക് മാര്‍ഗിലൂടെ ഒഴുകി. നീതിക്കുവേണ്ടി ദാഹിക്കുന്നവര്‍ക്കായി കവാടങ്ങള്‍ തുറന്നിരിക്കുന്നുവെന്ന പ്രഖ്യാപനമുണ്ടായി. പൊതുതാല്പര്യഹര്‍ജികളിലൂടെ വിസ്‌തൃതമാക്കപ്പെട്ട അധികാരപരിധി ജുഡീഷ്യല്‍ ആൿടിവിസത്തിലേക്കുള്ള വഴികള്‍ തുറക്കുകയായിരുന്നു.

ബ്രിട്ടീഷ് പാര്‍ലമെന്ററി സമ്പ്രദായം സ്വീകരിച്ചപ്പോഴും ബ്രിട്ടനിലെപ്പോലെ പാര്‍ലമെന്റിന്റെ പരമാധികാരം നമുക്ക് സ്വീകാര്യമായില്ല. പകരം, പരിമിതമായ ‘ഭരണാധികാരമെന്ന അമേരിക്കന്‍ സിദ്ധാന്തമാണ് നാം സ്വീകരിച്ചത്. രാജാവിന്റെ സ്വേഛാധിപത്യത്തിനെതിരെ ജനതയുടെ പ്രതിരോധമെന്ന നിലയിലാണ് ബ്രിട്ടനില്‍ പാര്‍ലമെന്റ് എന്ന സ്ഥാപനമുണ്ടായത്. തങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളില്‍ ജനങ്ങള്‍ അളവറ്റ വിശ്വാസം അര്‍പ്പിച്ചു. വിൿടോറിയന്‍ കാലഘട്ടത്തിലെ ലളിതമായ സാഹചര്യങ്ങളല്ല ആധുനികസമൂഹം നേരിടുന്നത്. വെസ്‌റ്റ്‌മിൻ‌സ്റ്ററിലെ പ്രാചീനസ്ഥാപനത്തിന് അവ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്നുണ്ടോ എന്ന് സംശയിക്കുമ്പോഴും പാര്‍ലമെന്റിന്റെ പരമാധികാരം ഒഴിവാക്കാന്‍ ബ്രിട്ടീഷ് ജനത ആഗ്രഹിക്കുന്നില്ല.

പരമമായ നിയമത്തില്‍ മാത്രം ശരണമര്‍പ്പിക്കാനാണ് അനുഭവത്തിന്റെ വെളിച്ചത്തില്‍ അമേരിക്കന്‍ ജനത ആഗ്രഹിച്ചത്. സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടനില്‍നിന്ന് നടത്തേണ്ടിവന്ന പലായനവും കൊളോണിയല്‍ വാഴ്‌ചയ്‌ക്കെതിരെ ബ്രിട്ടനുമായി നടത്തേണ്ടിവന്ന യുദ്ധങ്ങളും അവരെ ചില പാഠങ്ങള്‍ പഠിപ്പിച്ചിരുന്നു. ഇന്ത്യയുടെ അനുഭവവും വ്യത്യസ്‌തമായിരുന്നില്ല. അധികാരകേന്ദ്രീകരണം ഏകാധിപത്യത്തിനും ജനങ്ങളുടെ അവകാശനിഷേധത്തിനും വഴിയൊരുക്കുമെന്ന ചരിത്രപരമായ അറിവിന്റെ വെളിച്ചത്തില്‍ വ്യത്യസ്‌തമായ അധികാരകേന്ദ്രങ്ങള്‍ സ്ഥാപിതമായി. എല്ലാറ്റിനേയും ബന്ധിപ്പിക്കുന്ന പാലമായി നിയമവും എല്ലാ നിയമങ്ങളുടെയും പ്രഭവമായി ഭരണഘടനയും നിലനില്‍ക്കുന്നു.

ജുഡിഷ്യല്‍ റിവ്യൂ ഉള്ളടക്കം ചെയ്‌ത ഭരണഘടനയുടെ— നിയന്ത്രണത്തിനു വിധേയമായാണ് പാര്‍ലമെന്റിന്റെ പരമാധികാരം പ്രാവര്‍ത്തികമാകുന്നത്. അധികാരത്തിന്റെ വേര്‍തിരിവും അതിലൂടെ സംഭവിക്കുന്ന സമതുലനാവസ്ഥയും വാസ്‌തവത്തില്‍ ഒരു സങ്കല്‍പം മാത്രമാണ്. ഗണിതസൂക്‌ഷ്‌മതയോടെ നടപ്പാക്കാന്‍ കഴിയുന്ന ഒന്നല്ല അക്കാര്യം. ‘ഭരണഘടന ഭേദഗതി ചെയ്യുന്നതിന് പാര്‍ലമെന്റിന് അധികാരമുണ്ടെങ്കിലും ഭേദഗതികള്‍ കോടതിയുടെ പരിശോധനയ്‌ക്ക് വിധേയമാണ്. ‘ഭരണഘടനയെ വ്യാഖ്യാനിക്കുന്നത് ജുഡീഷ്യറിയാണ്. സുപ്രീം കോടതി പറയുന്നതെന്തോ അതാണ് ഭരണഘടനയെന്ന് അമേരിക്കയില്‍ ചീഫ് ജസ്റ്റിസ് ഹ്യൂഗ്‌സ് പറഞ്ഞത് ഇന്ത്യന്‍ അവസ്ഥയിലും ശരിയാണ്. വേദപുസ്‌തകം പോലെയാണത്. ജനങ്ങളുടെ വായനയല്ല, പുരോഹിതരുടെ വ്യാഖ്യാനമാണ് സ്വീകരിക്കപ്പെടുന്നത്.

ഗോപാലന്‍ ഉള്‍പ്പെടെയുള്ള ആദ്യകാലകേസുകളില്‍ പാര്‍ലമെന്റിന്റെ ഹിതം സ്വന്തം വ്യാഖ്യാനത്തിലൂടെ കണ്ടെത്തി മാനിക്കാന്‍ തയാറായ സുപ്രീം കോടതി സാമൂഹ്യനീതിയെ ബാധിക്കുന്ന വിഷയങ്ങളില്‍ വ്യത്യസ്‌തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഒന്നാമത്തെ ഭരണഘടനാ ഭേദഗതിതന്നെ കോടതിവിധികളെ മറികടക്കാനുള്ളതായിരുന്നു. സംവരണവും ‘ഭൂപരിഷ്‌ക്കരണവുമായിരുന്നു വിഷയങ്ങള്‍. കോടതിയുടെ പരിശോധനയില്‍നിന്ന് ഇത്തരം നിയമങ്ങളെ സംരക്ഷിക്കുന്നതിന് ഒമ്പതാം പട്ടികയെന്ന ഉപായവും കണ്ടെത്തി. ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന നിയമം ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമല്ല. ജുഡീഷ്യറിക്കുമേല്‍ പാര്‍ലമെന്റ് ആധിപത്യം സ്ഥാപിക്കുന്നതിനുള്ള ശ്രമമായി ഇതിനെ കാണുന്നവരുണ്ട്. ഒമ്പതാം പട്ടികയെന്ന സംവിധാനത്തിന്റെ സാധുതയെക്കുറിച്ച് സുപ്രീം കോടതിതന്നെ സമീപകാലത്ത് സംശയം പ്രകടിപ്പിക്കുകയും ചെയ്‌തു.

അറുപതുകളില്‍ കണ്ടുതുടങ്ങിയ അപകടകരമായ പ്രവണതയുടെ ദുഃഖകരമായ പരിസമാപ്‌തിയായിരുന്നു അടിയന്തരാവസ്ഥ. നാഴികക്കല്ലുകള്‍ എന്നു വിശേഷിപ്പിക്കാവുന്ന ശ്രദ്ധേയമായ ചില വിധിന്യായങ്ങളും ഇക്കാലത്തുണ്ടായി. 1967ലെ ഗോലക് നാഥ് കേസാണ് ആ പരമ്പരയ്‌ക്ക് തുടക്കമിട്ടത്. മൌലികാവകാശങ്ങള്‍ ഭേദഗതി ചെയ്യാനാവില്ലെന്ന് പതിനൊന്ന് ജഡ്‌ജിമാര്‍ ചേര്‍ന്ന ബഞ്ച് വിധിച്ചു. പതിനൊന്ന് ജഡ്‌ജിമാരില്‍ ആറു പേരാണ് ഈ നിലപാട് സ്വീകരിച്ചത്. ബാങ്ക് ദേശസാല്‍ക്കരണത്തിനെതിരെയും മുന്‍രാജാക്കന്മാരുടെ പ്രിവി പഴ്‌സ് നിര്‍ത്തലാക്കിയതിനെതിരെയും ഉണ്ടായ കേസുകളില്‍ എൿസിക്യൂട്ടീവിന് അനുകൂലമായ നിലപാടല്ല കോടതി സ്വീകരിച്ചത്. 1951ല്‍ നെഹ്റു സ്വീകരിച്ച തന്ത്രം തന്നെ ഇവിടെയും പ്രയോഗിക്കപ്പെട്ടു: ഭരണഘടന ഭേദഗതി ചെയ്യുക.

ഗോലക് നാഥിനൊപ്പം ശ്രദ്ധേയമായ കേസാണ് 1973ലെ കേശവാനന്ദഭാരതി കേസ്. കേരളത്തില്‍നിന്നുള്ള കേസെന്ന പ്രത്യേകതയും കേശവാനന്ദഭാരതിക്കുണ്ട്. ‘ഭരണഘടന ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെങ്കിലും ഭേദഗതി ചെയ്യാന്‍ കഴിയാത്ത ചില കാര്യങ്ങള്‍ ‘ഭരണഘടനയിലുണ്ടെന്ന് ഈ കേസില്‍ കോടതി പ്രഖ്യാപിച്ചു. പതിമൂന്ന് ജഡ്‌ജിമാര്‍ ചേര്‍ന്ന ബഞ്ചാണ് ഗോലക് നാഥ് കേസിലെ വിധി മറികടന്നത്. ബേസിക് ഫീച്ചര്‍ അഥവാ ബേസിക് സ്‌ട്രക്ചര്‍ എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിധിയുണ്ടായത്. ഇത്തരം ചില തത്വങ്ങള്‍ സ്വയം കണ്ടെത്തിക്കൊണ്ടാണ് കോടതി ചില നിലപാടുകളില്‍ എത്തിച്ചേരുന്നത്. 1992ല്‍ മണ്ഡല്‍ കേസ് വിധിച്ചത് ക്രീമിലെയര്‍ എന്ന സ്വയംകൃത തത്വത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.

അടിയന്തരാവസ്ഥയില്‍ നഷ്‌ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുന്നതിനുള്ള പരിശ്രമത്തിലാണ് പൊതുതാല്പര്യ വ്യവഹാരം എന്ന ജനപ്രിയ പരിപാടി സുപ്രീം കോടതി കണ്ടെത്തിയത്. കൃഷ്‌ണയ്യര്‍, ‘ഭഗവതി, ദേശായി തുടങ്ങിയ ജഡ്‌ജിമാരുടെ നേതൃത്വത്തിലാണ് പൊതുതാല്പര്യ വ്യവഹാരം വികസ്വരമായത്. അതോടൊപ്പം കോടതിയുടെ അധികാരപരിധിയും വിസ്‌തൃതമായി. ആവലാതിക്കാരനെ മാത്രം സ്വീകരിച്ചിരുന്ന കോടതി ആവലാതിക്കാരന്റെ പേരില്‍ എത്തുന്ന ആരേയും സ്വീകരിക്കുന്ന അവസ്ഥയുണ്ടായി. ബാലവേലയും അടിമപ്പണിയും മുതല്‍ പരിസ്ഥിതി സംരക്ഷണം വരെ ഏതു വിഷയത്തിലും ഇടപെടുന്നതിന് കോടതി തയാറായി. പത്രവാര്‍ത്ത മുതല്‍ പോസ്റ്റ് കാര്‍ഡ് വരെ എന്തും കോടതിയുടെ ശ്രദ്ധ ക്ഷണിക്കുന്നതിനുള്ള മാധ്യമമായിത്തീര്‍ന്നു. പാഞ്ചാലിയുടെ പാത്രംപോലെ അവകാശങ്ങളുടെ വറ്റാത്ത നിക്ഷേപമായിത്തീര്‍ന്നു അനുഛേദം 21. ‘ഭരണഘടനയില്‍ പറഞ്ഞിട്ടില്ലാത്തതെല്ലാം അവിടെ നോക്കിയാല്‍ കാണാമെന്നായി. അറബിയുടെ ഒട്ടകത്തെപ്പോലെ എൿസിക്യൂട്ടീവിന്റെ കൂടാരത്തില്‍ സ്വന്തം ഇടം കണ്ടെത്തി വിസ്‌തൃതമാക്കുന്നതില്‍ ജുഡീഷ്യറി വിജയിച്ചു. നിയമനിര്‍മാണത്തിലും ‘ഭരണനിര്‍വഹണത്തിലും വിജയകരമായി കൈവച്ച കോടതി പബ്ളിക് ഇന്ററസ്‌റ്റ് ലിറ്റിഗേഷനിലൂടെ കാണെക്കാണെ ജുഡീഷ്യല്‍ ആൿടിവിസത്തിലേക്കു കടന്നു. അടുത്ത പടി ജുഡീഷ്യല്‍ ഡിൿറ്റേറ്റര്‍ഷിപ് ആയിരിക്കുമോ എന്ന ഭയം സാര്‍വത്രികമായി. എൿസിക്യൂട്ടീവിന്റെ ഏകാധിപത്യത്തെ പരാജയപ്പെടുത്താന്‍ ജനങ്ങള്‍ക്ക് അവസരം കിട്ടുമെന്ന് 1977ല്‍ നമുക്ക് മനസ്സിലായി. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാത്തവരും ജനങ്ങളോട് പ്രത്യക്ഷത്തില്‍ ഉത്തരവാദിത്തമില്ലാത്തവരുമായ ന്യായാധിപന്മാര്‍ ഏകാധിപതികളായാല്‍ പ്രതിവിധിയില്ല. താങ്ങുന്നത് സിംഹങ്ങളാണങ്കിലും സിംഹാസനം സോളമന്റേതാണ്. അവിടെ സിംഹങ്ങള്‍തന്നെ കയറിയിരുന്നാലോ?

ആഗോളീകരണത്തിന്റെ വക്രീകരണത്തില്‍ ന്യായാധിപമനസ്സുകളും വികലമായിരിക്കുന്നു. കോര്‍പറേറ്റ് താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും ജനങ്ങളുടെ താല്പര്യങ്ങള്‍ അവഗണിക്കപ്പെടുകയും ചെയ്യുന്നു. പൊതുതാല്പര്യ ഹര്‍ജികളെ നിരുത്സാഹപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി ചുമതലയേറ്റ പുതിയ ചീഫ് ജസ്‌റ്റിസ് കപാഡിയ ജനങ്ങളില്‍നിന്ന് അകന്നു നില്‍ക്കുന്ന കോടതിയെ ആണ് വിഭാവന ചെയ്യുന്നത്. ഭോപാലിനുശേഷം നമുക്ക് നമ്മുടെ കോടതികളെ എങ്ങനെ വിശ്വസിക്കാന്‍ കഴിയും? പൊതുസമൂഹത്തിന്റെ ജാഗ്രതയും ശാസനയുമല്ലാതെ മറ്റൊന്നും കോടതിയെ നിയന്ത്രിക്കാനില്ല

****

സെബാസ്‌റ്റ്യന്‍ പോള്‍., കടപ്പാട് : ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അടിയന്തരാവസ്ഥയില്‍ നഷ്‌ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുന്നതിനുള്ള പരിശ്രമത്തിലാണ് പൊതുതാല്പര്യ വ്യവഹാരം എന്ന ജനപ്രിയ പരിപാടി സുപ്രീം കോടതി കണ്ടെത്തിയത്. കൃഷ്‌ണയ്യര്‍, ‘ഭഗവതി, ദേശായി തുടങ്ങിയ ജഡ്‌ജിമാരുടെ നേതൃത്വത്തിലാണ് പൊതുതാല്പര്യ വ്യവഹാരം വികസ്വരമായത്. അതോടൊപ്പം കോടതിയുടെ അധികാരപരിധിയും വിസ്‌തൃതമായി. ആവലാതിക്കാരനെ മാത്രം സ്വീകരിച്ചിരുന്ന കോടതി ആവലാതിക്കാരന്റെ പേരില്‍ എത്തുന്ന ആരേയും സ്വീകരിക്കുന്ന അവസ്ഥയുണ്ടായി. ബാലവേലയും അടിമപ്പണിയും മുതല്‍ പരിസ്ഥിതി സംരക്ഷണം വരെ ഏതു വിഷയത്തിലും ഇടപെടുന്നതിന് കോടതി തയാറായി. പത്രവാര്‍ത്ത മുതല്‍ പോസ്റ്റ് കാര്‍ഡ് വരെ എന്തും കോടതിയുടെ ശ്രദ്ധ ക്ഷണിക്കുന്നതിനുള്ള മാധ്യമമായിത്തീര്‍ന്നു. പാഞ്ചാലിയുടെ പാത്രംപോലെ അവകാശങ്ങളുടെ വറ്റാത്ത നിക്ഷേപമായിത്തീര്‍ന്നു അനുഛേദം 21. ‘ഭരണഘടനയില്‍ പറഞ്ഞിട്ടില്ലാത്തതെല്ലാം അവിടെ നോക്കിയാല്‍ കാണാമെന്നായി. അറബിയുടെ ഒട്ടകത്തെപ്പോലെ എൿസിക്യൂട്ടീവിന്റെ കൂടാരത്തില്‍ സ്വന്തം ഇടം കണ്ടെത്തി വിസ്‌തൃതമാക്കുന്നതില്‍ ജുഡീഷ്യറി വിജയിച്ചു. നിയമനിര്‍മാണത്തിലും ‘ഭരണനിര്‍വഹണത്തിലും വിജയകരമായി കൈവച്ച കോടതി പബ്ളിക് ഇന്ററസ്‌റ്റ് ലിറ്റിഗേഷനിലൂടെ കാണെക്കാണെ ജുഡീഷ്യല്‍ ആൿടിവിസത്തിലേക്കു കടന്നു. അടുത്ത പടി ജുഡീഷ്യല്‍ ഡിൿറ്റേറ്റര്‍ഷിപ് ആയിരിക്കുമോ എന്ന ഭയം സാര്‍വത്രികമായി. എൿസിക്യൂട്ടീവിന്റെ ഏകാധിപത്യത്തെ പരാജയപ്പെടുത്താന്‍ ജനങ്ങള്‍ക്ക് അവസരം കിട്ടുമെന്ന് 1977ല്‍ നമുക്ക് മനസ്സിലായി. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാത്തവരും ജനങ്ങളോട് പ്രത്യക്ഷത്തില്‍ ഉത്തരവാദിത്തമില്ലാത്തവരുമായ ന്യായാധിപന്മാര്‍ ഏകാധിപതികളായാല്‍ പ്രതിവിധിയില്ല. താങ്ങുന്നത് സിംഹങ്ങളാണങ്കിലും സിംഹാസനം സോളമന്റേതാണ്. അവിടെ സിംഹങ്ങള്‍തന്നെ കയറിയിരുന്നാലോ?