Thursday, July 29, 2010

പ്രകൃതിയും ഭക്ഷ്യ സുരക്ഷയും: ലോകത്തിന്റെ യഥാര്‍ഥ ചിത്രം

സാമ്പത്തിക ശാസ്‌ത്രജ്ഞരുമായുള്ള ഒരു കൂടിക്കാഴ്‌ചയ്‌ക്കിടയില്‍ പ്രശസ്‌ത ഫ്രഞ്ച്‌ സിനിമാ സംവിധായകന്‍ യാന്‍ ആര്‍ത്തൂസ്‌ - ബെര്‍ട്രാന്റിന്റെ ഡോക്യുമെന്ററിയെക്കുറിച്ച്‌ കഴിഞ്ഞ ദിവസം ഞാന്‍ സംസാരിക്കുകയുണ്ടായി. നമ്മുടെ കണ്‍മുമ്പില്‍ മനുഷ്യവംശം നേരിടുന്ന ഭീഷണി, പരിസ്ഥിതി നാശം തുടങ്ങിയ വിഷയങ്ങള്‍ കൃത്യമായ വസ്‌തുതകളുടെ അടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്ന ഒന്നാണ്‌.

ഭൂമിയിലെ എല്ലാ ജീവി വര്‍ഗത്തിനും അതിന്റേതായ പങ്ക്‌ വഹിക്കാനുണ്ട്‌. അവയിലൊന്നും തന്നെ ഉപദ്രവകാരികളല്ല. എല്ലാം ചേരുമ്പോഴാണ്‌ സന്തുലനം ഉണ്ടാവുക. ഇതിനിടയിലാണ്‌ ബുദ്ധിമാനായ മനുഷ്യന്‍ ചരിത്രത്തില്‍ കടന്നു വരുന്നത്‌. 400 കോടിയോളം വര്‍ഷം പ്രായമുള്ള ഭൂമിയുടെ പാരമ്പര്യം മനുഷ്യന്‌ അവകാശപ്പെടാവുന്നതാണ്‌. രണ്ടുലക്ഷം വര്‍ഷത്തിന്റെ പ്രായമേ ഉള്ളുവെങ്കിലും മനുഷ്യവംശം ലോകത്തെ അടിമുടിമാറ്റി മറിച്ചിരിക്കുന്നു.

നമ്മുടെ ചരിത്രത്തെ മാറ്റി മറിച്ചത്‌ കൃഷിയാണ്‌. ഇതിനാകട്ടെ 10,000 വര്‍ഷത്തില്‍ താഴെ മാത്രമാണ്‌ പാരമ്പര്യം.

നമ്മുടെ ആദ്യ വിപ്ലവമാണ്‌ കൃഷി. നഗരങ്ങള്‍ക്കും സംസ്‌കൃതിക്കും ജന്മം നല്‍കിയത്‌ അതാണ്‌. ഭക്ഷണത്തിനായി അന്വേഷിച്ചു നടക്കുന്നതിന്റെ ഓര്‍മകള്‍ മങ്ങിത്തുടങ്ങിയത്‌ കൃഷിയുടെ വരവോടെയാണ്‌. നമുക്കാവശ്യമായ ഭക്ഷ്യവസ്‌തുക്കള്‍ ഉല്‍പ്പാദിപ്പിക്കാന്‍ നാം പഠിച്ചു. മറ്റെല്ലാ ജീവിവര്‍ഗത്തേയും പോലെ തന്നെയാണ്‌ മനുഷ്യനും. ആഹാരം സമ്പാദിക്കുക തന്നെയാണ്‌ മനുഷ്യന്റെയും പ്രാഥമിക ലക്ഷ്യം. മണ്ണിന്‌ വളക്കൂറും ജലലഭ്യതയും കുറയുമ്പോള്‍ നാം ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു.

മനുഷ്യവംശത്തിന്റെ പാതിയും ഭൂമിയില്‍ പണിയെടുക്കുന്നവരാണ്‌. മൂന്നിലൊന്നു വിഭാഗം ശാരീരികാധ്വാനം ചെയ്യുന്നവരാണ്‌. ലക്ഷോപലക്ഷം വര്‍ഷങ്ങളായി സൂര്യനില്‍ നിന്ന്‌ സസ്യങ്ങള്‍ ആഗിരണം ചെയ്യുന്നതാണ്‌ ശുദ്ധമായ ഊര്‍ജം. അത്‌ കല്‍ക്കരിയും ഗ്യാസും എണ്ണയുമായി മാറുന്നു.
കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ ജനസംഖ്യ ഏതാണ്ട്‌ മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്‌. ഇതേ തുടര്‍ന്ന്‌ 200 കോടിയോളം ജനങ്ങള്‍ നഗരങ്ങളിലേയ്‌ക്ക്‌ ചേക്കേറിയിട്ടുമുണ്ട്‌.

ഊര്‍ജ ചൂഷണത്തിന്റെ പ്രതീകമാണ്‌ ന്യൂയോര്‍ക്ക്‌ നഗരമെന്നു പറയാം. ലക്ഷക്കണക്കിന്‌ കുടിയേറ്റക്കാരുടെയും ഊര്‍ജവ്യവസായത്തിന്റെയും കേന്ദ്രം. കറുത്ത സ്വര്‍ണ (കല്‍ക്കരി) വേട്ട ആരംഭിച്ച നഗരം. ഇന്ധനം ലഭ്യമായപ്പോള്‍ പാടത്തു പണിയെടുക്കാന്‍ യന്ത്രങ്ങളിറങ്ങി. 24 മണിക്കൂറില്‍ 100 പേര്‍ ചെയ്യുന്ന ജോലി ഒരു ലിറ്റര്‍ പെട്രോള്‍ ചെയ്യുമെന്നായി.

200 കോടി ആളുകള്‍ക്ക്‌ ആവശ്യമായ ഭക്ഷണം അവര്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്‌. എന്നാല്‍ അത്‌ മനുഷ്യന്റെ വിശപ്പടക്കാനല്ല അവര്‍ ഉപയോഗിക്കുന്നതെന്നു മാത്രം. പല വ്യാവസായിക രാജ്യങ്ങളിലും ധാന്യങ്ങള്‍ കാലിത്തീറ്റയായും ഇന്‌ധനം ഉല്‍പ്പാദിപ്പിക്കാനുമാണ്‌ ഉപയോഗിക്കുന്നത്‌.

കണ്ണു തുറന്നു നോക്കുമ്പോള്‍ കാണുന്നത്‌ മണ്ണിനു താഴെ രാസവളവും മണ്ണിനു മീതെ പ്ലാസ്റ്റിക്കുമാണ്‌. അല്‍മീറിയയിലെയും സ്‌പെയിനിലെയും ഗ്രീന്‍ ഹൗസുകള്‍ യൂറോപ്പിന്റെ തന്നെ ഫല വര്‍ഗത്തോട്ടങ്ങളാണ്‌. അവിടെ ഒരേ വലിപ്പത്തിലുള്ള പച്ചക്കറികള്‍ സൂപ്പര്‍ മാര്‍ക്കറ്റിലേക്കുള്ള ട്രക്കുകള്‍ വരവുകാത്തു നില്‍ക്കുന്നു. കൂടുതല്‍ വികസിതമായ രാജ്യങ്ങള്‍ കൂടുതല്‍ ഇറച്ചി ഭക്ഷിക്കുന്നു. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ്‌ പോലുള്ള കന്നുകാലി ഫാമുകള്‍ വികസിപ്പിച്ചുകൊണ്ടല്ലാതെ ഇറച്ചിക്കുള്ള വര്‍ധിച്ച ഡിമാന്റ്‌ എങ്ങനെ പരിഹരിക്കാന്‍ കഴിയും? പച്ചപ്പു കണ്ടിട്ടില്ലാത്ത വളര്‍ത്തു മൃഗങ്ങള്‍!
ഇറച്ചിക്കായി ജീവികളെ വളര്‍ത്തുന്ന ഫാമുകളില്‍ ഒരു പുല്‍നാമ്പ്‌ പോലും പലപ്പോഴും കാണാന്‍ കഴിയില്ല. ധാന്യങ്ങളിലെ പ്രോട്ടീന്‍ മാംസമാക്കി മാറ്റുന്ന പ്രക്രിയയാണ്‌ ഇവിടങ്ങളില്‍ നടക്കുന്നത്‌.

ഒരു കിലോ ഉരുളക്കിഴങ്ങ്‌ ഉല്‍പ്പാദിപ്പിക്കാന്‍ 100 ലിറ്ററും ഒരു കിലോ അരിക്ക്‌ 4000 ലിറ്ററും ഒരു കിലോ മാംസത്തിന്‌ 13,000 ലിറ്ററും വെള്ളം ആവശ്യമാണ്‌. ഇതിനുവേണ്ടി ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ ചിലവ്‌ വേറെയും.

100 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ലോസ്‌ ആഞ്ചലോസ്‌ നഗരത്തിലെ അന്തേവാസികളുടെ അത്രയും തന്നെ കാറുകളും അവിടെയുണ്ട്‌. പ്രകാശമാനമായ രാത്രിയുടെ ഒരു മങ്ങിയ പതിപ്പാണ്‌ അവിടെ പകല്‍. എവിടെയും യന്ത്രങ്ങളുടെ ഇരമ്പലാണ്‌. ലോകത്തിലെ ധാതുലവണങ്ങളുടെ 80 ശതമാനവും ഉപയോഗിക്കുന്നത്‌ 20 ശതമാനത്തോളം വരുന്ന ആളുകളാണ്‌. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ ഗ്രഹത്തിലെ ഇന്ധന സ്രോതസ്സുകള്‍ പൂര്‍ണമായി ഖനനം ചെയ്യപ്പെടുമെന്നാണ്‌ കരുതപ്പെടുന്നത്‌.

1950 നു ശേഷം അന്താരാഷ്‌ട്ര വാണിജ്യം 20 ശതമാനം വര്‍ധിക്കുകയുണ്ടായി. വാണിജ്യ ഗതാഗതം കൂടുതലും നടക്കുന്നത്‌ കടല്‍മാര്‍ഗത്തിലാണ്‌. 50 കോടിയോളം കപ്പലുകള്‍ ഇന്ന്‌ ചരക്കുഗതാഗതം നടത്തുന്നുണ്ട്‌. മത്സ്യസമ്പത്തിന്റെ ചൂഷണവും അഞ്ചിരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്‌. 10 കോടി മെട്രിക്‌ ടണ്‍ മത്സ്യങ്ങളാണ്‌ ഓരോ വര്‍ഷവും പിടിക്കപ്പെടുന്നത്‌. മത്സ്യബന്ധനശാലകള്‍ സമുദ്രത്തെ കൊള്ളയടിക്കുകയാണ്‌. ലോകത്തെ നാലില്‍മൂന്ന്‌ ഭാഗം സമുദ്രവും മത്സ്യബന്ധന യോഗ്യമല്ലാതായി മാറിയിരിക്കുകയാണ്‌.

50 കോടിയോളം മനുഷ്യര്‍ മരുഭൂമിയിലാണ്‌ ജീവിക്കുന്നത്‌. യൂറോപ്പിലെ മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതലാണിത്‌. മരുഭൂമിയെ കൃഷിയോഗ്യമായ സ്ഥലമാക്കി ഇസ്രായേല്‍ മാറ്റിത്തീര്‍ത്തു. എന്നാല്‍ ഇതിന്‌ ഭീമമായ ജലസേചന പദ്ധതികള്‍ ആവശ്യമായി വന്നു. ഒരിക്കല്‍ നിറഞ്ഞു കവിഞ്ഞൊഴുകിയിരുന്ന ജോര്‍ദ്ദാന്‍ നദി ഇന്ന്‌ ഒരു നീര്‍ച്ചാല്‍ മാത്രമാണ്‌. ഈ നദിയിലെ ജലമെല്ലാം ഫലവര്‍ഗങ്ങളുടെ രൂപത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലേയ്‌ക്ക്‌ ഒഴുകിയെത്തുകയായിരുന്നു.

വരുംനൂറ്റാണ്ടില്‍ രൂക്ഷമായ ജലദൗര്‍ലഭ്യം അനുഭവിക്കാന്‍ പോകുന്ന ഒരു രാജ്യമാണ്‌ ഇന്ത്യ. ജനസംഖ്യാ വര്‍ധനവിന്റെ ഫലമായി ജലസേചനവും വര്‍ധിച്ചതോടെ രണ്ടു കോടിയോളം കിണറുകളാണ്‌ ഇവിടെ വറ്റിവരണ്ടത്‌.

ഒരു മരുഭൂമിയിലാണ്‌ ലാസ്‌ വേഗസ്‌ നഗരം പടുത്തുയര്‍ത്തിയത്‌. ലക്ഷക്കണക്കിന്‌ മനുഷ്യര്‍ ഇവിടെ ജീവിക്കുന്നു. ആയിരക്കണക്കിനുപേര്‍ എല്ലാ മാസവും ഇവിടെ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നു. ഏറ്റവും കൂടുതല്‍ ജലം ഉപയോഗിക്കപ്പെടുന്ന ഒരു നഗരമാണിത്‌. മരുഭൂമിയില്‍ നിര്‍മിച്ച മറ്റൊരു നഗരമാണ്‌ പാം സ്‌പ്രിംഗ്‌സ്‌. ആഡംബര ഗോള്‍ഫ്‌ കോഴ്‌സും ഉഷ്‌ണമേഖലാ സസ്യജാലങ്ങളുമുള്ള ഈ നഗരം തുച്ഛമായ മരുപ്പച്ചയുടെ ബലത്തില്‍ എത്രകാലം പിടിച്ചു നില്‍ക്കും? അധികകാലം ഭൂമിക്ക്‌ അതിനെ താങ്ങി നിര്‍ത്താനാവില്ല. ഈ നഗരത്തിലേയ്‌ക്ക്‌ വെള്ളമെത്തിക്കുന്നത്‌ കൊളറാഡോ നദിയില്‍ നിന്നാണ്‌. ആ നദിക്കാകട്ടെ സമുദ്രം വരെ എത്തിച്ചേരാന്‍ കഴിയുന്നുമില്ല.

2025 ഓടെ 200 കോടിയോളം ജനങ്ങള്‍ ജലദൗര്‍ലഭ്യം അനുഭവിക്കുമെന്നാണ്‌ കണക്ക്‌. വെള്ളം, വായു, സസ്യജാലങ്ങള്‍ എല്ലാം പരസ്‌പര ബന്ധിതമാണ്‌. ഭൂമിയിലെ നാലില്‍ മൂന്ന്‌ ഭാഗം ജീവജാലങ്ങളുടെയും ആവാസകേന്ദ്രം പ്രാചീന വനാന്തരങ്ങളാണ്‌. കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോണ്‍ വനം 20 ശതമാനമായി കുറഞ്ഞു. ഇവിടത്തെ വനപ്രദേശം യൂറോപ്പിലെയും ഏഷ്യയിലെയും വളര്‍ത്തു മൃഗങ്ങള്‍ക്ക്‌ തീറ്റ ഉല്‍പ്പാദിപ്പിക്കാനുള്ള ഫാമുകളായി മാറുകയാണ്‌. കാട്‌ വെട്ടിത്തെളിക്കപ്പെടുന്നു.

200 കോടിയോളം ആളുകള്‍ ഊര്‍ജാവശ്യങ്ങള്‍ക്കായി കല്‍ക്കരി ഉപയോഗിക്കുന്നു. കല്‍ക്കരിയെ വളരെയധികം ആശ്രയിക്കുന്ന ഒരു ദരിദ്ര രാജ്യമാണ്‌ ഹെയ്‌തി. ഹെയ്‌തിയില്‍ ഇന്ന്‌ നേരത്തെ ഉണ്ടായിരുന്നതിന്റെ രണ്ടുശതമാനം കാട്‌ മാത്രമെ അവശേഷിക്കുന്നുള്ളു.

എല്ലാ ആഴ്‌ചയും ഒരു ദശലക്ഷം എന്ന കണക്കില്‍ ലോകജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്‌. ലോക ജനസംഖ്യയില്‍ ആറിലൊന്ന്‌ അനാരോഗ്യ സാഹചര്യങ്ങളിലാണ്‌ ജീവിക്കുന്നത്‌. ഇവര്‍ക്ക്‌ ആവശ്യമായ ജലമോ വൈദ്യുതിയോ ലഭിക്കുന്നില്ല. ഒരു കോടിയോളം പേര്‍ രൂക്ഷമായ പട്ടിണി അനുഭവിക്കുന്നു. ദരിദ്രര്‍ അതിജീവനത്തിനായി പോരാടുകയാണ്‌. മറുവശത്ത്‌ വിഭവ ചൂഷണം വര്‍ധിച്ചുവരുന്നു.

ആഗോളതാപനം മൂലം ആര്‍ട്ടിക്കിലെ മഞ്ഞ്‌ ഉരുകുകയാണ്‌. കഴിഞ്ഞ 40 വര്‍ഷത്തിനിടെ 40 ശതമാനത്തോളം മണ്ണ്‌ നഷ്‌ടപ്പെട്ടു കഴിഞ്ഞു. വര്‍ഷംതോറും ഇതിന്റെ ശോഷണം വര്‍ധിച്ചുവരികയാണ്‌. 2030 ഓടെ ഈ മേഖലയിലെ മഞ്ഞ്‌ നിക്ഷേപം പൂര്‍ണമായും അപ്രത്യക്ഷമാകുമെന്ന്‌ കരുതപ്പെടുന്നു. 2050 ഓടെ നാലിലൊന്നു ഭാഗം ജീവിവര്‍ഗം വംശനാശ ഭീഷണി നേരിടുമെന്നാണ്‌ കണക്ക്‌.

ഗ്രീന്‍ലാന്റിലെ താപം വര്‍ധിക്കുകയാണ്‌. ഭൗമോപരിതലത്തിലെ 20 ശതമാനം ശുദ്ധജല നിക്ഷേപം ഗ്രീന്‍ലാന്റിലാണ്‌. ഇവിടെ മഞ്ഞുരുകി ശുദ്ധജലം സമുദ്രത്തിലേയ്‌ക്ക്‌ പതിക്കുകയാണ്‌. ഭൂമിയുടെ അന്തരീക്ഷം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്‌. ഗ്രീന്‍ലാന്റിലെ മഞ്ഞുരുകുന്നതിന്റെ വേഗത ദുരന്ത സൂചകമാണ്‌. മഞ്ഞുപാളികള്‍ക്ക്‌ താഴെയുള്ള ജലം ഉറഞ്ഞു മഞ്ഞുകട്ടയാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. എന്നാല്‍ അത്‌ സമുദ്രത്തിലേയ്‌ക്ക്‌ ഒഴുകിയെത്തുകയാണ്‌.

ജലത്തിന്റെ താപവും വര്‍ധിക്കുകയാണ്‌. ഇരുപതാം നൂറ്റാണ്ടില്‍ മാത്രം 20 സെന്റീ മീറ്റര്‍ വര്‍ധനയാണ്‌ ജലത്തിന്റെ വ്യാപ്‌തിയില്‍ ഉണ്ടായത്‌. ജലത്തിന്റെ താപവര്‍ധന ജൈവ സന്തുലനത്തില്‍ മുഖ്യപങ്കുവഹിക്കുന്ന പവിഴപ്പുറ്റുകളുടെ നാശത്തിനും കാരണമാകുന്നു. താപം വര്‍ധിക്കുന്നതോടെ സമുദ്രനിരപ്പും അതിവേഗം ഉയരുന്നു. ഈ നിലയില്‍ ജലനിരപ്പ്‌ ഉയര്‍ന്നാല്‍ ടോക്യോ പോലുള്ള നഗരങ്ങളുടെ അവസ്ഥ എന്താകുമെന്ന്‌ ആലോചിക്കേണ്ടതാണ്‌.

സൈബീരിയപോലുള്ള തണുപ്പുള്ള പ്രദേശങ്ങളില്‍ എല്ലായ്‌പ്പോഴും മഞ്ഞ്‌ ഉറഞ്ഞുകിടക്കും. ഇതിന്‌ പെര്‍മാഫ്രോസ്റ്റ്‌ എന്നു പറയുന്നു. എന്നാല്‍ ഈ മഞ്ഞുപാളിക്ക്‌ കീഴില്‍ ഒരു കാലാവസ്ഥാ ബോംബ്‌ മറഞ്ഞുകിടപ്പുണ്ട്‌. കാര്‍ബണ്‍ ഡയോക്ലൈഡിനേക്കാള്‍ 20 ശതമാനം കൂടുതല്‍ ശക്തിയുള്ള മീതൈന്‍ ആണത്‌. ഈ മീതൈന്‍ ഉരുകിത്തുടങ്ങിയാല്‍ എന്തൊക്കെ ദുരന്തങ്ങള്‍ ഉണ്ടാകുമെന്ന്‌ പ്രവചിക്കാന്‍ കഴിയില്ല.
വികസ്വര രാജ്യങ്ങള്‍ക്കു നല്‍കുന്ന സഹായത്തിന്റെ 12 ഇരട്ടിയാണ്‌ വികസിത രാജ്യങ്ങള്‍ സൈനിക ആവശ്യങ്ങള്‍ക്കായി ചെലവിടുന്നത്‌. മലിനജലം കുടിച്ച്‌ ഏകദേശം 5000 ത്തോളം പേര്‍ ദിനംപ്രതി മരിക്കുന്നു. 100 കോടിയോളം ജനങ്ങള്‍ക്ക്‌ ആവശ്യമായ കുടിവെള്ളം ലഭിക്കുന്നുമില്ല. നൂറുകോടിയോളം പേര്‍ പട്ടിണികിടക്കുന്നുമുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവസ്‌തുക്കളുടെ പകുതിയോളം കാലിത്തീറ്റയ്‌ക്കും ജൈവ ഇന്ധന നിര്‍മാണത്തിനായും സാമ്രാജ്യത്വരാഷ്‌ട്രങ്ങള്‍ ഉപയോഗിക്കുന്നത്‌.

ചില രാജ്യങ്ങള്‍ നടപ്പാക്കുന്ന ഗുണപരമായ ചില പദ്ധതികളെപ്പറ്റി യാന്‍ ആര്‍ത്തൂസ്‌ ബെര്‍ട്രാന്റിന്റെ ഡോക്യുമെന്ററിയുടെ അവസാന ഭാഗത്ത്‌ പരാമര്‍ശിക്കുന്നുണ്ട്‌. അവസാന ഭാഗത്ത്‌ അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകള്‍ ഇവയാണ്‌.

``നാം ഒന്നു ചേരേണ്ട സമയമായിരിക്കുന്നു. എന്ത്‌ നഷ്‌ടപ്പെട്ടെന്നതല്ല, എന്ത്‌ സംരക്ഷിക്കാന്‍ കഴിയും എന്നതാണ്‌ പ്രധാനം. നമുക്കുണ്ടായിരുന്ന വനത്തിന്റെ പകുതി ഇപ്പോഴുമുണ്ട്‌. ആയിരക്കണക്കിന്‌ നദികളും തടാകങ്ങളും മഞ്ഞുമലകളും ജീവി വര്‍ഗങ്ങളുമുണ്ട്‌. പരിഹാരം നമുക്ക്‌ മുന്നിലുണ്ട്‌. അത്‌ നടപ്പാക്കാനുള്ള ശേഷിയുമുണ്ട്‌. പിന്നെ എന്തിനു വേണ്ടിയാണ്‌ നാം കാത്തിരിക്കുന്നത്‌. ഇനിയെന്തെന്നതു തീരുമാനിക്കേണ്ടത്‌ നാമാണ്‌, കൂട്ടായി''.

സാമാന്യ ബുദ്ധിക്കു സ്ഥാനമുണ്ടാകുമെന്നാണ്‌ 99.9 ശതമാനം മനുഷ്യരും പ്രതീക്ഷിക്കുന്നത്‌. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, അതിനുള്ള സാധ്യത എനിക്കു കാണാനാവുന്നില്ല. അതുകൊണ്ട്‌ യാഥാര്‍ഥ്യത്തെ നേരിടുകയെന്നതാണ്‌ കരണീയം.

ഇറാന്‍കാര്‍ ചെയ്‌തത്‌ അതാണ്‌. ഇറാനില്‍ നിന്ന്‌ ലഭിക്കുന്ന വാര്‍ത്തകള്‍ തീരെയും ആശാവഹമല്ല. സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള അവരുടെ ന്യായമായ ശ്രമങ്ങള്‍ വിജയം കാണുന്നില്ല. എന്നാല്‍ സമ്പുഷ്‌ടീകരിച്ച 20 കിലോഗ്രാം യുറേനിയം അവര്‍ സംഭരിച്ചിട്ടുണ്ട്‌. ഒരു ആണവായുധ വിമാനം നിര്‍മിക്കാന്‍ ഇത്‌ ധാരാളം മതിയാകും. ഇതില്‍ വിറളി പിടിച്ച ചില രാജ്യങ്ങള്‍ അവരെ ആക്രമിക്കാന്‍ പദ്ധതിയിടുകയാണ്‌. ഈ സാഹചര്യത്തെ ഒബാമയ്‌ക്കും മാറ്റാന്‍ കഴിയില്ല. അദ്ദേഹം അതിന്‌ ശ്രമിച്ചിട്ടുമില്ല.

*
ഫിഡല്‍ കാസ്‌ട്രോ കടപ്പാട്: ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സാമ്പത്തിക ശാസ്‌ത്രജ്ഞരുമായുള്ള ഒരു കൂടിക്കാഴ്‌ചയ്‌ക്കിടയില്‍ പ്രശസ്‌ത ഫ്രഞ്ച്‌ സിനിമാ സംവിധായകന്‍ യാന്‍ ആര്‍ത്തൂസ്‌ - ബെര്‍ട്രാന്റിന്റെ ഡോക്യുമെന്ററിയെക്കുറിച്ച്‌ കഴിഞ്ഞ ദിവസം ഞാന്‍ സംസാരിക്കുകയുണ്ടായി. നമ്മുടെ കണ്‍മുമ്പില്‍ മനുഷ്യവംശം നേരിടുന്ന ഭീഷണി, പരിസ്ഥിതി നാശം തുടങ്ങിയ വിഷയങ്ങള്‍ കൃത്യമായ വസ്‌തുതകളുടെ അടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്ന ഒന്നാണ്‌.

ഭൂമിയിലെ എല്ലാ ജീവി വര്‍ഗത്തിനും അതിന്റേതായ പങ്ക്‌ വഹിക്കാനുണ്ട്‌. അവയിലൊന്നും തന്നെ ഉപദ്രവകാരികളല്ല. എല്ലാം ചേരുമ്പോഴാണ്‌ സന്തുലനം ഉണ്ടാവുക. ഇതിനിടയിലാണ്‌ ബുദ്ധിമാനായ മനുഷ്യന്‍ ചരിത്രത്തില്‍ കടന്നു വരുന്നത്‌. 400 കോടിയോളം വര്‍ഷം പ്രായമുള്ള ഭൂമിയുടെ പാരമ്പര്യം മനുഷ്യന്‌ അവകാശപ്പെടാവുന്നതാണ്‌. രണ്ടുലക്ഷം വര്‍ഷത്തിന്റെ പ്രായമേ ഉള്ളുവെങ്കിലും മനുഷ്യവംശം ലോകത്തെ അടിമുടിമാറ്റി മറിച്ചിരിക്കുന്നു.

ഫിഡല്‍ കാസ്ട്രോയുടെ ലേഖനം.