Friday, July 23, 2010

അകാലത്തിലെ വിടവാങ്ങലുകള്‍

പതിവില്ലാതെ കുറെ നേരം മുറിയിലിരുന്നിട്ട് ഇറങ്ങിപ്പോകുമ്പോള്‍ ന്യൂസ് പ്രിന്റിന്റെ ഒരു ചെറുകഷണത്തില്‍ സ്വന്തം മൊബൈല്‍നമ്പര്‍ കൂടി കുറിച്ച് തന്നിട്ട് ഇറങ്ങിപ്പോയ ഒ വി മോഹനന്‍ ഒരിക്കലും വിളികേള്‍ക്കാത്തവിധം വിടവാങ്ങിയെന്ന വാര്‍ത്ത ഒട്ടും വിശ്വസിക്കാനായില്ല. രാവിലെയുള്ള പതിവുവിളിക്കിടെ സിഎന്‍ മോഹനനാണ് മരണവാര്‍ത്ത അറിയിക്കുന്നത്. കുളിമുറിയില്‍ വീണ ഒ വിയെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണമുണ്ടായെന്ന് ഓഫീസില്‍ നിന്നും വിളിച്ചുപറഞ്ഞു. ഞാനാണെങ്കില്‍ പാര്‍ലമെന്റ് കമ്മിറ്റിയുടെ മീറ്റിങ്ങിന് ഹൈദരാബാദില്‍ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. അവസാനകാഴ്ച നടന്നില്ല.

ദേശാഭിമാനിയുടെ കൊച്ചി എഡിഷനില്‍ ഞാന്‍ ഉപയോഗിച്ചിരുന്ന മുറിയില്‍ പഴയ ഫയലുകളുടേയും പുസ്തകങ്ങളുടേയും ഒരു കൂമ്പാരമുണ്ടായിരുന്നു. മരണത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഒ വിയാണത് എല്ലാം പരിശോധിച്ച് തരംതിരിച്ച് തന്നത്. പുസ്തകങ്ങളും ആനുകാലികങ്ങളും ലൈബ്രറിയിലേക്ക് കൊണ്ടുപോയി. തിരിച്ചുവന്ന് കുറച്ചുനേരം മുറിയില്‍ ഇരുന്നു. മകളുടെ ധനലക്ഷി ബാങ്കിലെ ജോലിയുടെ കാര്യം പറഞ്ഞു. സിഎ പാസായ മകള്‍ നേരത്തെ കൈരളിയില്‍ ജോലിചെയ്തിരുന്നു. അതിന്റെ ചില കാര്യങ്ങള്‍ ബ്രിട്ടാസിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ സംസാരിക്കുകയും ചെയ്തു. അതും കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് നമ്പര്‍ നല്‍കിയത്. എന്തു ആവശ്യത്തിനും വിളിക്കണമെന്നും ഞാന്‍ ആവശ്യപ്പെട്ട ചില പഴയ ലേഖനങ്ങളുടെ കോപ്പി നാളെത്തന്നെ എടുത്തുവെയ്ക്കാമെന്നും പറഞ്ഞു. പറഞ്ഞതുപോലെ അത് റിസപ്ഷനില്‍ എടുത്തുവെയ്ക്കുകയും ചെയ്തിരുന്നു. ദേശാഭിമാനിയില്‍ ഒ വി ഒഴിവാക്കാനാവാത്ത വ്യക്തിയായി മാറിയത് ഈ പ്രത്യേകത കൊണ്ടു കൂടിയാണ്. ഏതു പഴയ രേഖ വേണമെങ്കിലും ഒ വിയോട് ആവശ്യപ്പെട്ടാല്‍ എങ്ങനെയെങ്കിലും അതു സംഘടിപ്പിച്ചുതരും. ശാസ്ത്രീയമായി സംവിധാനം ചെയ്ത ലൈബ്രറി സംവിധാനമൊന്നും പത്രത്തിന് ഉണ്ടായിരുന്നില്ല. എപ്പോഴും ഒ വി പൊടിയില്‍ മുങ്ങിത്താണ് പഴയ പത്രത്താളുകള്‍ സംഘടിപ്പിക്കും. ചിത്രങ്ങള്‍ക്കും പഴയ വാര്‍ത്തകള്‍ക്കും വേണ്ടി സമീപിക്കുന്നവര്‍ പത്രത്തിലുള്ളവര്‍ മാത്രമായിരുന്നില്ല. കേരളത്തിന്റെ പല ഭാഗത്തുനിന്നും പാര്‍ടി സഖാക്കള്‍ ഒ വിയെ വിളിക്കുമായിരുന്നു. ആരെയും അദ്ദേഹം മുഷിപ്പിച്ചില്ല. ഏതുനേരത്ത് വിളിച്ചാലും ഒ വി ഓഫീസിലേക്ക് വരും. ജോലി ചെയ്യുന്നതിന് ഒരു മടിയുമില്ലാത്ത പ്രകൃതം. ദേശാഭിമാനിയുടെ ചരിത്രം അവതരിപ്പിക്കുന്ന പ്രദര്‍ശനം പ്രധാനമായും ഒ വി സംഘടിപ്പിച്ചതായിരുന്നു. കേരളത്തിന്റെ പലയിടങ്ങളിലും അതുമായി സഞ്ചരിച്ചു.

കൊച്ചി എഡിഷനില്‍ ഒന്നാംപേജില്‍ ഒ വിയുടെ മരണവാര്‍ത്തയും ചിത്രവും കണ്ടപ്പോള്‍ മരണാനന്തരം പത്രം പ്രസിദ്ധീകരിക്കുന്ന പ്രത്യേക പേജുകളെക്കുറിച്ച് അറിയാതെ ഓര്‍ത്തു. പ്രമുഖരുടെ മരണാനന്തര വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല. എംടി തിരക്കഥയെഴുതിയ സുകൃതം സിനിമയില്‍ അതിന്റെ ഒരു വശം മനസിനെ നൊമ്പരപ്പെടുത്തുംവിധം അവതരിപ്പിക്കുന്നുണ്ട്. ചിലര്‍ പിടിതരാതെ പെട്ടെന്ന് യാത്ര പറയും. ചിലരാണെങ്കില്‍ വെല്ലുവിളിക്കുന്ന സമയത്തായിരിക്കും വിടപറയുന്നത്. പഴയതും പുതിയതുമായ ചിത്രങ്ങള്‍, പഴയ വിവരങ്ങള്‍ എല്ലാം തേടുന്നതിന് ഒ വി മോഹനന്‍ ഒഴിവാക്കാനാവാത്ത വ്യക്തിയായിരുന്നു. ഒരു അത്യാവശ്യത്തിന് ഇനിയാരെയായിരിക്കും വിളിക്കുക?

പത്രത്തിന് അടുത്തടുത്ത് രണ്ടു നഷ്ടങ്ങളാണ് നിനച്ചിരിക്കാത്ത നേരത്തുണ്ടായത്. ആദ്യം പോയത് പി കെ ഫല്‍ഗുനനാണ്. അതും വിശ്വസിക്കാന്‍ കഴിയാത്ത സമയത്ത്. മരണത്തിന്റെ പിടിയില്‍നിന്നും ജീവിതത്തിലേക്ക് മടങ്ങിവന്നതായിരുന്നു ഫല്‍ഗുനന്‍. സെന്‍ട്രല്‍ ഡെസ്കില്‍ ഫല്‍ഗുനന്‍ ന്യൂസ് എഡിറ്ററുടെ ചുമതല വഹിച്ചിരുന്ന സമയത്ത് എല്ലാ ദിവസവും വരുന്ന വിളികളിലൊന്ന് അദ്ദേഹത്തിന്റേതായിരുന്നു. ഞാന്‍ പത്രത്തിന്റെ ചുമതല ഏറ്റെടുക്കുമ്പോള്‍ ഫല്‍ഗുനന്‍ പാലക്കാട് ബ്യൂറോ ചീഫായിരുന്നു. പിന്നീട് തൃശൂരിലും കൊച്ചിയിലും ബ്യൂറോ ചീഫായി. ഏതു ചുമതലയേറ്റെടുക്കുന്നതിനും ഒട്ടും മടിയുണ്ടായിരുന്നില്ല. വൈദ്യുതി മന്ത്രിയുടെ ഓഫീസിലെ ഉത്തരവാദിത്തത്തില്‍നിന്നും പത്രത്തിലേക്ക് പെട്ടെന്ന് തിരിച്ചുപോന്നു. പുതിയ രൂപകല്‍പ്പന വികസിപ്പിക്കുന്നതിനു പത്രത്തിനകത്തുനിന്നും ഒരു ടീമിനെ ചുമതലപ്പെടുത്തിയപ്പോള്‍ അതിനെ നയിച്ചത് ഫല്‍ഗുനനായിരുന്നു. നേരത്തെ സ്വന്തമായ ഡിസൈന്‍ പത്രത്തിനുണ്ടായിരുന്നില്ല. പൊതുധാരണയില്‍ ലേ ഔട്ട് നിര്‍വഹിക്കുകയായിരുന്നു. രണ്ടു കോളങ്ങള്‍ തമ്മിലുള്ള അകലത്തിനുപോലും ഏകരൂപമുണ്ടായിരുന്നില്ല. ഒരു പ്രൊഫഷണല്‍ പത്രത്തില്‍ ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലാത്ത ഇത്തരം കുറവുകള്‍ പലരുമായുള്ള ചര്‍ച്ചയിലൂടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതെല്ലാം പരിഹരിക്കാന്‍ കഴിയുന്ന ഡിസൈന്‍ തനതായി രൂപകല്‍പ്പന ആദ്യമായി ചെയ്തതും ദേശാഭിമാനിയിലെ പ്രവര്‍ത്തകരായിരുന്നു. അതുകഴിഞ്ഞ് പുറത്തുനിന്നും ഒരു ഏജന്‍സിലെ ഏല്‍പ്പിച്ചിരുന്നെങ്കിലും അത് അത്ര തൃപ്തികരമായിരുന്നില്ല. ആ കുറവ് നികത്തുന്ന പണിയാണ് ഫല്‍ഗുനന്‍ നേതൃത്വം നല്‍കിയ സംഘം നിര്‍വഹിച്ചത്.

സെന്‍ട്രല്‍ ഡെസ്കില്‍ ജോലിചെയ്യുന്നതിനിടയിലാണ് അസുഖബാധിതനാകുന്നത്. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആധുനിക ചികിത്സക്ക് തയ്യാറായത്. ദീര്‍ഘനാളത്തെ വിശ്രമവും ആവശ്യമായി. പിന്നീട് അവധി നീണ്ടുകൊണ്ടേയിരുന്നു. ഇടക്കുള്ള വിളികളില്‍ തിരിച്ചുവരവിന്റെ ഉണര്‍വുണ്ടായിരുന്നു. വെറുതെ ഇരിക്കാന്‍ വയ്യെന്ന് ഒരിക്കല്‍ വിളിച്ചപ്പോള്‍ പറഞ്ഞു. അങ്ങനെയാണ് ഞങ്ങള്‍ കൂടിയാലോചിച്ച് പത്രം റിവ്യൂ ചെയ്യുന്ന ചുമതല ഏല്‍പ്പിക്കാമെന്ന് തീരുമാനിച്ചത്. വീട്ടിലോ വടകര സബ്ബ്യൂറോയിലോ ഇരുന്ന് ജോലി ചെയ്യാന്‍ സൌകര്യപ്പെടുത്തുകയും ചെയ്തു. അങ്ങനെ പ്രത്യേക സൌകര്യം അനുഭവിക്കുന്നതില്‍ പൂര്‍ണമായ മനസ്സുണ്ടായിരുന്നില്ല. അധികകാലം എന്നെ ഈ ചുമതല ഏല്‍പ്പിക്കരുതെന്നും മുഖ്യധാരയില്‍നിന്നും മാറിയതുപോലെ തോന്നുമെന്നും പറഞ്ഞു. അതെല്ലാം അസുഖം മാറിയതിനുശേഷം ആലോചിക്കാമെന്നും പറഞ്ഞു. പിന്നീട് എല്ലാ ദിവസവും ആ ചുമതല നിര്‍വഹിച്ചുകൊണ്ടിരുന്നു. രാവിലെ മെയിലിലെ ഇന്‍ബോക്സില്‍ റിവ്യൂ എത്തുമായിരുന്നു. സ്ഥലമാറ്റങ്ങളുടെ സമയത്ത് വീണ്ടും പഴയ ആവശ്യം ഓര്‍മിപ്പിക്കാന്‍ വിളിച്ചു. ഡോക്ടറെ കണ്ട് സംസാരിച്ചതിനുശേഷം നിശ്ചയിക്കാമെന്ന് പറഞ്ഞത് സമ്മതിച്ചു. പിന്നീട് കുറച്ചു കഴിയട്ടെയെന്ന് ഇങ്ങോട്ട് വിളിച്ചുപറഞ്ഞു.

ഇടക്ക് കൂടിയ സെന്‍ട്രല്‍ ഡെസ്ക്കിന്റെ യോഗത്തിനുശേഷം റിവ്യൂ സംബന്ധിയായ കാര്യങ്ങള്‍ക്ക് വിളിക്കണമെന്ന് വിചാരിച്ചു. എന്തോ അത് നടന്നില്ല. ഫല്‍ഗുനന്റെ മെയില്‍ വന്നെന്ന് മൊബൈല്‍ ഫോണ്‍ ഓര്‍മിപ്പിച്ചു. എന്നാല്‍, മലയാളം വായിക്കാന്‍ അതില്‍ സാധിക്കുമായിരുന്നില്ല. എന്തോ ലാപ്പ് ടോപ്പില്‍ മെയില്‍ നോക്കല്‍ നടന്നില്ല. പനിയാണെന്നും റിവ്യൂ ഉണ്ടാകില്ലെന്നുമുള്ള മെയില്‍ ഉണ്ടായിരുന്നെന്ന് ഓഫീസില്‍ നിന്നും വിളിച്ചുപറഞ്ഞു. അതുകൊണ്ട് രാവിലെ വന്ന മരണവാര്‍ത്ത വിശ്വസിക്കാന്‍ പെട്ടെന്ന് കഴിഞ്ഞില്ല. ഇപ്പോഴും ഇന്‍ബോക്സില്‍ തുറക്കാത്ത അനുബന്ധമായി അതു കിടക്കുന്നു.

വടകരയില്‍ എത്തുമ്പോള്‍ ഏറെ വൈകിയിരുന്നു. മഴയോടൊപ്പം എറണാകുളത്തുനിന്നും വടക്കോട്ടുള്ള യാത്ര ദുഷ്കരമാണ്. അവസാനയാത്രക്കായി ഫല്‍ഗുനന്റെ ശരീരം തിങ്ങിക്കൂടിയ ജനക്കൂട്ടത്തിനിടയിലൂടെ ഒരു നോക്കു കണ്ടു. അവസാന അഭിവാദ്യം നല്‍കി. റിവ്യു വൈകിയാല്‍ സഖാവിന്റെ വിളിവരുമെന്ന് ഫല്‍ഗുനന്‍ പറയുമായിരുന്നെന്ന് കൂടെ വന്ന വടകരയിലെ ഏരിയാലേഖകന്‍ പറഞ്ഞു.

ഒ വിയും ഫല്‍ഗുനനും പത്രത്തിനു വേണ്ടപ്പെട്ടവരായിരുന്നു. പത്രത്തിന്റെ വളര്‍ച്ചയില്‍ അക്ഷരങ്ങളുടേയും ചിത്രങ്ങളുടേയും പുറകില്‍ സമര്‍പ്പണം ചെയ്ത നിരവധി പേരുണ്ട്. മരണാനന്തരമെങ്കിലും അവര്‍ അക്ഷരങ്ങളില്‍ നിറയട്ടെ.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഒ വിയും ഫല്‍ഗുനനും പത്രത്തിനു വേണ്ടപ്പെട്ടവരായിരുന്നു. പത്രത്തിന്റെ വളര്‍ച്ചയില്‍ അക്ഷരങ്ങളുടേയും ചിത്രങ്ങളുടേയും പുറകില്‍ സമര്‍പ്പണം ചെയ്ത നിരവധി പേരുണ്ട്. മരണാനന്തരമെങ്കിലും അവര്‍ അക്ഷരങ്ങളില്‍ നിറയട്ടെ.