Sunday, July 11, 2010

കാന്‍കൂണില്‍ ഹേഗന്‍ ആവര്‍ത്തിക്കുമോ?

ഐക്യരാഷ്‌ട്രസഭയുടെ കാലാവസ്ഥ വ്യതിയാനസമിതിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞവര്‍ഷം (2009) ഡിസംബറില്‍ ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ ഹേഗനില്‍ നടന്ന ആഗോള ഉച്ചകോടി തീരുമാനങ്ങളിലൊന്നും എത്താതെ അലസിപ്പോയല്ലോ. ഈ പരാജയത്തിന് കാരണം അമേരിക്കന്‍ ഐക്യനാടുള്‍പ്പെടെയുള്ള വികസിത മുതലാളിത്ത രാഷ്‌ട്രങ്ങള്‍ ആഗോളതാപനത്തിനിടയാക്കുന്ന ഇംഗാലാമ്ള വാതകം വിസര്‍ജനംചെയ്യുന്ന വ്യവസായങ്ങളില്‍ കുറവുവരുത്തുന്ന ക്യോട്ടോ പ്രോട്ടോക്കോള്‍ വ്യവസ്ഥ നടപ്പാക്കാന്‍ വിസമ്മതിച്ചതുമൂലമാണെന്നും വിവരിച്ചിരുന്നു.

അമേരിക്കയിലെ മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ള്യു ബുഷിനെപ്പോലെ തുറന്നടിച്ച് പറയുന്നില്ലെങ്കിലും പ്രസിഡന്റ് ബറാക് ഒബാമയും ഇക്കാര്യത്തില്‍ ബുഷിന്റെ കാലടിപ്പാടുകള്‍ തുടരുകയാണെന്ന് കോപ്പന്‍ ഹേഗനില്‍ ചേര്‍ന്ന പതിനഞ്ചാം കാലാവസ്ഥാ വ്യതിയാനസമ്മേളനത്തില്‍ വ്യക്തമായി. ഇപ്പോഴിതാ ഈ വര്‍ഷാവസാനം മെൿസിക്കോയിലെ കാന്‍കൂണ്‍ ദ്വീപ് നഗരത്തില്‍ പതിനാറാം സമ്മേളനം ചേരാന്‍ പോകുകയാണ്. അടുത്തവര്‍ഷം ആഫ്രിക്കയില്‍വച്ചും ഈ ഉച്ചകോടിയുടെ തുടര്‍ന്നുള്ള യോഗം നടക്കുമെന്നും കാണുന്നു.

ആഗോളതാപനം അപകടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഹരിതാവരണത്തെയും തുടര്‍ന്ന് മനുഷ്യജീവിതത്തെയുംകുറിച്ച് അല്‍പ്പമെങ്കിലും ഉല്‍ക്കണ്ഠയുള്ളവര്‍ ഉറ്റുനോക്കുന്നത് ഇക്കാര്യത്തിലെന്തെങ്കിലും പുരോഗതി കൈവരിക്കാന്‍ കാന്‍കൂണ്‍ ഉച്ചകോടിക്ക് സാധിക്കുമോ എന്നാണ്. കോപ്പന്‍ ഹേഗനുശേഷം അതിന്റെ പരാജയത്തിനിടയാക്കിയ വന്‍കിട മുതലാളിത്ത രാഷ്‌ട്രങ്ങളുടെ നിലപാടുകളില്‍ കാര്യമായ എന്തെങ്കിലും വ്യതിയാനം സംഭവിച്ചതായി തെളിവില്ല. ഈ സാഹചര്യത്തില്‍ കാന്‍കൂണും കോപ്പന്‍ഹേഗന്റെ വഴിക്ക് പരാജയത്തിലേക്കുതന്നെ നീങ്ങുമെന്നാണ് നിരീക്ഷകരുടെ ആശങ്ക.

ആഗോളതലത്തിലുള്ള ഈ വിഷവാതക വിസര്‍ജനത്തിന്റെ എണ്‍പത് ശതമാനത്തിനും ഉത്തരവാദികളായ വന്‍കിട രാഷ്‌ട്രങ്ങള്‍ ഉന്നയിക്കുന്ന ഒരു മുട്ടാപ്പോക്ക് വാദമുണ്ട്. വിഷവാതകവിസര്‍ജനത്തിന് തങ്ങള്‍ മാത്രമല്ല ഉത്തരവാദികളെന്നും ഇന്ത്യയെപ്പോലുള്ള വികസ്വരരാഷ്‌ട്രങ്ങളും ഉത്തരവാദികളാണെന്നും ആപല്‍ക്കാരികളായ വ്യവസായങ്ങളെ വെട്ടിച്ചുരുക്കണമെങ്കില്‍ ഈ വികസ്വരരാഷ്‌ട്രങ്ങളും അതേ അളവില്‍ വെട്ടിച്ചുരുക്കാന്‍ തയ്യാറാകണമെന്നുമാണ് അവരുടെ ഒരു വാദം. അതിന്റെ അര്‍ഥം അമേരിക്കന്‍ പ്രഭൃതികള്‍ നാല്‍പ്പത്തഞ്ചുശതമാനം രാസവ്യവസായങ്ങള്‍ വെട്ടിച്ചുരുക്കുകയാണെങ്കില്‍ ഇന്ത്യയും മറ്റ് പിന്‍നിര രാഷ്‌ട്രങ്ങളും അത്രതന്നെ കുറവ് വരുത്തണമെന്നുമാണ് അവരുടെ വാദം.

ഇപ്പോള്‍തന്നെ പിന്‍നിര രാഷ്‌ട്രങ്ങള്‍ക്ക് വ്യവസായവല്‍ക്കരണത്തിലൂടെ വേണം കടുത്ത ദാരിദ്ര്യത്തിനും തൊഴിലില്ലായ്‌മയ്‌ക്കും പരിഹാരം കാണാന്‍. അതവര്‍ക്ക് നിര്‍വഹിക്കാന്‍ കഴിയുമോ എന്ന് സംശയമാണ്. അഥവാ ഇന്ത്യ തുടങ്ങിയ രാഷ്‌ട്രങ്ങള്‍ അതിന് സമ്മതിച്ചാല്‍ അമേരിക്കയും അതിന് തയ്യാറാകുമോ? തയ്യാറാകും എന്നതിന് ഉറപ്പൊന്നും ലഭിച്ചിട്ടില്ല. മാനവരാശിയുടെ ഭാവിയെ അപകടപ്പെടുത്തിപോലും അമിതലാഭം കൊയ്യണമെന്ന ദുഷ്‌ടലാക്ക് മാത്രമാണ് ഈ വന്‍കിടക്കാരെ നയിക്കുന്നത്. അതുകൊണ്ട് ഈ വാദം ഒരു മുട്ടാപ്പോക്ക് രാഷ്‌ട്രീയത്തില്‍ കവിഞ്ഞ ഒന്നുമല്ല.

മൂന്നാംലോകരാഷ്‌ട്രങ്ങളിലും ഇതുസംബന്ധിച്ച ഉല്‍ക്കണ്ഠ വളര്‍ന്നുതുടങ്ങിയിട്ടുണ്ട്. അവര്‍ സ്വന്തം നിലയില്‍ ഇക്കാര്യത്തില്‍ ചില മുന്‍കൈകളും എടുത്തുതുടങ്ങിയിരിക്കുന്നു എന്നത് ആശാവഹമാണ്. അത്തരത്തിലുള്ള ഒരു മുന്‍കൈയാണ് ലാറ്റിനമേരിക്കയിലെ ബ്രസീലും ഏഷ്യയിലെ ചൈനയും ചേര്‍ന്ന് ആവിഷ്‌ക്കരിച്ച് പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുള്ള ഉപഗ്രഹ നിരീക്ഷണങ്ങള്‍. എവിടെയെവിടെ വനങ്ങളും മറ്റ് ഹരിതാവരണങ്ങളും ആഗോളതാപനംമൂലം അപകടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നറിയാന്‍ ഈ നിരീക്ഷണം ഉപകരിക്കും.

ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നാലഞ്ച് രാഷ്‌ട്രങ്ങളില്‍പ്പെട്ടതാണല്ലോ ബ്രസീലും ചൈനയും. ബ്രസീലിലെ നിബിഡമായ ആമസോണ്‍ വനങ്ങള്‍ അതിവേഗം അസ്തമിച്ചുകൊണ്ടിരിക്കുകയാണെന്നത് അവിടത്തെ പ്രസിഡന്റ് ലുല ഡാ സില്‍വയുടെ ഇടതുപക്ഷസര്‍ക്കാരിനെ അലട്ടുന്നുവെന്നാണ് വാര്‍ത്ത. അതിവേഗം വളര്‍ന്ന് വന്‍കിട വ്യവസായവല്‍കൃത രാഷ്‌ട്രങ്ങളുടെ ഒപ്പമെത്താന്‍ വിജയകരമായി ശ്രമിച്ചുവരുന്ന ചൈനയുടെ നേതൃത്വവും ആഗോളതാപനകാര്യത്തില്‍ ആശങ്കാകുലരാണ്.

നമ്മുടെ വ്യവസായവല്‍ക്കരണത്തിന് ഇത്തരം രാസവ്യവസായങ്ങള്‍ ഒഴിച്ചുകൂടാത്തതാണെന്ന് വാദിക്കുമ്പോള്‍തന്നെ ഇന്ത്യയും ബ്രസീലില്‍നിന്നും ചൈനയില്‍നിന്നും ചില പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. ഇന്ത്യയിലെ വനപ്രദേശങ്ങളില്‍ അന്‍പത് ശതമാനത്തിലധികം സ്വാതന്ത്ര്യാനന്തരകാലത്തുതന്നെ നശിച്ചതായിട്ടാണ് ചില കണക്കുകളില്‍ കാണുന്നത്. ഹിമവല്‍സാനുക്കളുടെ താഴ്വാരത്തിലുണ്ടായിരുന്ന നിബിഡമായ വനങ്ങള്‍ മുതല്‍ മധ്യേന്ത്യയിലെ വിന്ധ്യപര്‍വതനിരകളും പശ്ചിമേന്ത്യയിലെ പശ്ചിമഘട്ടങ്ങളും അതിവേഗം ഹരിതാവരണങ്ങളില്‍നിന്ന് വിമുക്തമായി മണ്ണൊലിപ്പും മറ്റുംകൊണ്ട് പുഴകളെപ്പോലും വരട്ടുകയാണ്.

ഐക്യരാഷ്‌ട്രസഭ കാലാവസ്ഥ വ്യതിയാന സമിതിയുടെ ചാര്‍ജ് വിട്ടൊഴിയുന്ന എൿസിക്യൂട്ടീവ് സെക്രട്ടറി യോവൊ ഡി ബോയര്‍ ദുഃഖിതനായിട്ടാണ് യാത്രപറയുന്നത്. രാസ ഹരിത ഗൃഹ വാതകങ്ങള്‍ വിസര്‍ജിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ ഇരുപതുമുതല്‍ നാല്‍പ്പതുവരെ ശതമാനമെങ്കിലും കുറവുചെയ്‌താലേ ആഗോളതാപനനിലവാരത്തില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസെങ്കിലും കുറവ് വരുത്താനാകൂ. ഡി ബോയറെപ്പോലുള്ള ശാസ്‌ത്രജ്ഞര്‍ക്കും പ്രകൃതിസ്‌നേഹികള്‍ക്കും അല്ല പടിഞ്ഞാറന്‍ കുത്തകമുതലാളിത്ത താല്‍പ്പര്യങ്ങള്‍ക്കാണ് നയരൂപീകരണങ്ങളില്‍ മുന്‍തൂക്കം. അങ്ങനെ കാന്‍കൂണ്‍ പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നില്ലെങ്കിലും ലോകപൊതുജനാഭിപ്രായത്തെ തട്ടിയുണര്‍ത്താനെങ്കിലും കഴിഞ്ഞേക്കുമെന്ന് പ്രതീക്ഷിക്കാം.


*****

പി ഗോവിന്ദപ്പിള്ള, കടപ്പാട് : ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഐക്യരാഷ്‌ട്രസഭയുടെ കാലാവസ്ഥ വ്യതിയാനസമിതിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞവര്‍ഷം (2009) ഡിസംബറില്‍ ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ ഹേഗനില്‍ നടന്ന ആഗോള ഉച്ചകോടി തീരുമാനങ്ങളിലൊന്നും എത്താതെ അലസിപ്പോയല്ലോ. ഈ പരാജയത്തിന് കാരണം അമേരിക്കന്‍ ഐക്യനാടുള്‍പ്പെടെയുള്ള വികസിത മുതലാളിത്ത രാഷ്‌ട്രങ്ങള്‍ ആഗോളതാപനത്തിനിടയാക്കുന്ന ഇംഗാലാമ്ള വാതകം വിസര്‍ജനംചെയ്യുന്ന വ്യവസായങ്ങളില്‍ കുറവുവരുത്തുന്ന ക്യോട്ടോ പ്രോട്ടോക്കോള്‍ വ്യവസ്ഥ നടപ്പാക്കാന്‍ വിസമ്മതിച്ചതുമൂലമായിരുന്നു.