Sunday, July 18, 2010

മനുസ്‌മൃതിക്കും സംവരണത്തിനുമിടയിൽ

സംരക്ഷണം ലഭിക്കുന്നതിനാൽ സ്‌ത്രീകള്‍ സ്വാതന്ത്ര്യമര്‍ഹിക്കുന്നില്ല എന്ന പഴയനാട്ടുനടപ്പിൽ നിന്നും ഇന്ത്യന്‍ സ്‌ത്രീ, ബഹുദൂരം പിന്നിട്ടുകൊണ്ട് നിയമനിര്‍മ്മാണ സദസ്സിലേക്കുള്ള പ്രവേശനത്തിനായി കാത്തുനിൽക്കുകയാണ്. വനിതാ സംവരണനിയമം പാസായാൽ 543 അംഗ ലോൿസഭയിൽ 181 സീറ്റ് സ്‌ത്രീകള്‍ക്കു ലഭിക്കും. പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്യപ്പെട്ട 80സീറ്റിൽ മൂന്നിലൊന്നും 44പട്ടികവര്‍ഗസീറ്റിൽ മൂന്നിലൊന്നും വനതികള്‍ക്കു ലഭിക്കും. ഈ വിഭാഗങ്ങളിലായി ആകെയുള്ള 124 സീറ്റിൽ 41സീറ്റ് സ്‌ത്രീകള്‍ക്കു ലഭിക്കും. 15 വര്‍ഷത്തേക്ക് 33 ശതമാനം സീറ്റാണ് സംവരണം ചെയ്യുക.

ബില്ലുപാസായാൽ 15വര്‍ഷം കൊണ്ടു 543 ലോൿസഭാ മണ്ഡലങ്ങളിലും സ്‌ത്രീകള്‍ക്കു പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കും. 1996- ലെ ഐക്യമുന്നണി സര്‍ക്കാരിന്റെ കാലത്ത് രൂപം കൊണ്ട വനിതാസംവരണ ബില്ല് പ്രാവര്‍ത്തികമാകണമെങ്കിൽ ഇനിയും കടമ്പകള്‍ ഒട്ടനവധിയുണ്ടന്നു നമുക്കറിയാം. മാത്രമല്ല ബില്ലിന്റെ അവതരണവേളയിലും തുടര്‍ന്നും രാജ്യസഭയ്‌ക്കകത്തും പുറത്തും അരങ്ങേറിയ നാടകീയ രംഗങ്ങള്‍ ഏതു ജനാധിപത്യ വിശ്വാസിയുടെയും ചിന്തകളെ ആകുലപ്പെടുത്തുകയും ചെയ്യും. ഇന്ത്യയിലെ രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ സ്‌ത്രീപ്രശ്‌നങ്ങളെ എപ്രകാരം നോക്കിക്കാണുന്നുവെന്നു തിരിച്ചറിയാനുള്ള ഒരു ചരിത്ര സന്ദര്‍ഭമാണ് സംജാതമായിട്ടുള്ളത്. കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യന്‍ സ്‌ത്രീയുടെ പ്രതീക്ഷയ്‌ക്കൊത്തവണ്ണം രാഷ്‌ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കുമോ എന്നു കണ്ടറിയാനുള്ള രാഷ്‌ട്രീയ മുഹൂര്‍ത്തം കൂടിയാണ് ആഗതമായിട്ടുള്ളത്. നമുക്കു കാത്തിരിക്കാം.

നിയമനിര്‍മ്മാണ സദസിലെത്താന്‍, രാഷ്‌ട്ര നിര്‍മ്മാണ പ്രക്രിയയിൽ നേരിട്ടിടപെടാന്‍ സന്നദ്ധരായി മുന്നാട്ടുവരാന്‍ നമുക്ക്, ഇന്ത്യന്‍ സ്‌ത്രീകള്‍ക്ക് കഴിഞ്ഞ സമൂഹ്യസാഹചര്യം രൂപം കൊണ്ടതെങ്ങനെയെന്ന അന്വേഷണം അനിവാര്യമാകുന്നതും ഇതേ ചരിത്രസന്ദര്‍ഭത്തിൽ തന്നയാണ്. അടുക്കളയിൽ നിന്നും അന്ത: പുരത്തിൽ നിന്നും ആണ്‍കോയ്‌മ നിശ്ചയിച്ചുറപ്പിച്ച പരിധികളിൽ നിന്നും തൊഴിലിടങ്ങളിലേക്കും രാഷ്‌ട്രീയ ഇടങ്ങളിലേക്കും പ്രവേശനം തേടിയുള്ള ഇന്ത്യന്‍ സ്‌ത്രീയുടെ യാത്രയുടെ ഒരു ചരിത്രഖണ്ഡമാണ് വര്‍ത്തമാനകാലത്ത് പൂര്‍ത്തിയാകുന്നത്.

സ്വാതന്ത്ര്യലബ്‌ധിക്കരനൂറ്റാണ്ടിനിപ്പുറവും ജാതി-ജന്മി മേൽക്കോയ്‌മയ്‌ക്കുകീഴിൽ കഴിയുന്ന സ്‌ത്രീയുടെ ഇന്ത്യനവസ്ഥയിൽ നിന്നും തികച്ചും വ്യത്യസ്‌തമായ ഒരു കേരളീയ സ്‌ത്രീയവസ്ഥ നമുക്കു ചില വേറിട്ട പാഠങ്ങളാണ് പകര്‍ന്നുതരുന്നത്. നിരക്ഷരതയും അനാരോഗ്യവും ശൈശവവിവാഹവും ഒക്കെക്കൂടി സൃഷ്‌ടിച്ചെടുത്ത ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്‌ത്രീയവസ്ഥയിൽ നിന്നും വത്യസ്‌തമായി, ഏറെക്കുറെ മെച്ചപ്പെട്ട ഒരു സാമൂഹികപദവിയിലേക്ക് കേരള സ്‌ത്രീയെ കൈപിടിച്ചു നടത്തിയതെന്താണെന്ന അന്വേഷണം ഇവിടെ പ്രസക്തമാകുന്നു. അവിടെയാണ് ആധുനിക കേരളത്തിന്റെ നിര്‍മ്മിതിയിൽ ഇവിടത്തെ സ്‌ത്രീകള്‍ക്കുള്ള പങ്കെന്തായിരുന്നുവെന്ന അന്വേഷണവും ആവശ്യമാകുന്നത്.

സാമൂഹ്യവിവേചനത്തിനെതിരെയും സാമുദായിക പരിഷ്‌ക്കരണത്തിനുവേണ്ടിയും സ്‌ത്രീവിമോചനത്തിനുവേണ്ടിയും ഒരുപോലെ സമരം ചെയ്‌തുകൊണ്ടാണ് കേരളസ്‌ത്രീ ചരിത്രത്തിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്. ഈ ചരിത്രം പക്ഷേ നമ്മുടെ ആധികാരിക- അക്കാദമിക ചരിത്രമല്ല; മറിച്ച് തമസ്‌ക്കരിക്കപ്പെട്ട കീഴാള ചരിത്രമായും മര്‍ദ്ദിത-ചൂഷിതവര്‍ഗങ്ങളുടെയും ചരിത്രമായിട്ടാണ് നമ്മള്‍ വായിച്ചെടുക്കേണ്ടത്. ചരിത്രത്തിന്റെ ഇത്തരം പിന്നാമ്പുറങ്ങളിലേക്കു സഞ്ചരിക്കുന്ന ഒരു പഠിതാവിന് തീര്‍ച്ചയായും 1829 നൽ‌കുന്ന പാഠം, സ്‌ത്രീയവസ്ഥയുടെ ചില ഭൂതകാല സ്വരൂപങ്ങളെക്കുറിച്ചുള്ള പുത്തന്‍ അറിവിടങ്ങള്‍ തുറന്നിടുകതന്ന ചെയ്യും. ഇന്ത്യയിൽ സതി നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയ അതേ 1829-ൽ തന്നയാണ് ഇന്ത്യയുടെ തെക്കേ അറ്റത്ത് തെക്കന്‍ തിരുവിതാംകൂറിലെ മഹാരാജാവ് ചാന്നാര്‍ സ്‌ത്രീകളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന ഒരുത്തരവിറക്കുന്നത്. തുടര്‍ന്നുള്ള പോരാട്ട സമരങ്ങളുടെ ഒരു നീണ്ട നിരയാണ് “ലഹളേ നീ തന്നെ പരിഷ്കര്‍ത്താവ് ”എന്ന് വിവേകോദയത്തിൽ ആമുഖമെഴുതാന്‍ നമ്മുടെ കവിയെ പ്രേരിപ്പിച്ചതും.

ഒട്ടേറെ ഉത്തരവുകള്‍ക്കും നിരവധി നിയമലംഘനങ്ങള്‍ക്കും കലാപങ്ങള്‍ക്കുമൊടുവിൽ 1859-ൽ 'ചാന്നാട്ടികള്‍ ഏതു വിധത്തിൽ എങ്കിലും മാറു മറച്ചുകൊളളുന്നതിനു വിരോധമില്ല' എന്ന ഉത്തരവിലൂടെ സമൂഹ വിവേചനത്തിനെതിരെയുള്ള സ്‌ത്രീകളുടെ മുന്നേറ്റ സമരം അതിന്റെ സാഫല്യം നേടുകയായിരുന്നു. 1865-ലെ ഈഴവ സ്‌ത്രീകള്‍ക്കു മാറുമറക്കാന്‍ അവകാശം നൽ‌കിക്കൊണ്ടുള്ള ഉത്തരവിനും ഇതു പ്രേരണ നൽ‌കി. പക്ഷേ അപ്പോഴും കേരളത്തിലെ സവര്‍ണ സ്‌ത്രീകള്‍ക്ക് അരയ്‌ക്കു മുകളിൽ ശരീരം മറച്ചുനടക്കണമെന്ന ബോധത്തിലേക്ക് എത്തിച്ചേരാനായില്ലന്നതു ഓര്‍ക്കേണ്ടതുണ്ട്.

ആഭിജാത്യഗര്‍വം പ്രകടിപ്പിക്കാനുള്ള ഒരുപകരണമായി വസ്‌ത്രവും ആഭരണവും അണിഞ്ഞൊരുങ്ങലും മാറുന്നത് പിന്നീടുള്ള ചരിത്രത്തിന്റെ നേര്‍ചിത്രം തന്നയാണ്. 1859-ലെ വിളംബരത്തിനുശേഷവും കേരളസ്‌ത്രീക്ക് സ്വന്തം ശരീരത്തിനുമേലുള്ള അധികാരം അംഗീകരിച്ചുകൊടുക്കാന്‍ ഭരണകൂടവും സമൂഹമനസ്സും തയ്യാറായില്ലെന്നതിനു തെളിവുകളന്വേഷിക്കുന്ന സാമൂഹ്യശാസ്‌ത്ര പഠിതാവിന് ഏറെ ദൂരം പോകേണ്ടതില്ല. നമ്മുടെ സാഹിത്യ ചരിത്രപാഠങ്ങള്‍ ഒട്ടേറെ തെളിവുകളുമായി നമ്മുടെ കണ്‍മുമ്പിൽ തന്നെയുണ്ട്. കെ.പി.പത്മനാഭമേനോന്റെ കൊച്ചി രാജ്യചരിത്രത്തിൽ കൊച്ചീനഗരത്തിലെ സ്‌ത്രീകള്‍ മാറുമറച്ചു തുടങ്ങിയതിൽ അസഹിഷ്ണുവായ രാമവര്‍മ മഹാരാജാവിന്റെ (1895-1914) ഒരു കല്പനയെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ക്ഷേത്രത്തിൽ കയറണമെങ്കിൽ സ്‌ത്രീകള്‍ മാറുമറയ്‌ക്കാതെ ചെല്ലണമെന്നാണ് കല്പന.

നായര്‍സ്‌ത്രീകള്‍ മാറുമറയ്‌ക്കാതെ ക്ഷേത്രത്തിൽ പോകുന്നത് ജുഗുപ്‌സാവഹമാണെന്നും അതിനെ ചെറുക്കണമെന്നും ചെറുക്കാന്‍ കഴിയുന്നില്ലങ്കിൽ സഹോദരികള്‍ ക്ഷേത്രത്തോടു നിസ്സഹകരിക്കണമെന്നും 1931-ൽ പോലും ഉറക്കെ പറയുന്ന മന്നത്തുപത്മനാഭനെ നമുക്ക് പി.ഭാസ്‌ക്കരനുണ്ണിയുടെ പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിൽ കാണാം. ഇരുപതാംനൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തിൽ മാറുമറയ്‌ക്കാനുള്ള അവകാശം പോലും കേരളസ്‌ത്രീക്കു നിഷേധിക്കപ്പെട്ടിരുന്നുവെന്നും അതിനെതിരെയുള്ള സമരങ്ങള്‍ ഇന്നും സ്‌ത്രീസമൂഹത്തിന് ഏറെ ആവേശം പകരുന്നുവെന്നതും തിരിച്ചറിയേണ്ടതുണ്ട്.

വേലൂര്‍ മണിമലര്‍ക്കാവിൽ വേലയോടനുബന്ധിച്ച് താലമെടക്കുന്ന സ്‌ത്രീകള്‍ ഏത് ജാതിയിൽപ്പെട്ടവരായാലും മാറുമറയ്‌ക്കാന്‍ പാടില്ല എന്നുള്ള വ്യവസ്ഥയ്‌ക്കെതിരെ പോരാടേണ്ടിവന്നത് സ്വാതന്ത്ര്യാനന്തരമാണെന്നതും ഓര്‍ത്തു നമുക്ക് ലജ്ജിക്കാം. അവകാശബോധത്തോടെ ഉയര്‍ത്തെഴുന്നറ്റ സ്‌ത്രീകള്‍ അന്ന് വേലൂരിൽ സംഘടിച്ചു. വേളത്ത് ലക്ഷ്‌മിക്കുട്ടി, കെ.സി.കാളിക്കുട്ടി, കെ.കെ.കുറുമ്പ, അത്താണിക്കൽ ജാനകി, കമലു, വള്ളിമ്മു, വെള്ളറോട്ടിൽ മീനാക്ഷി, ഞാലിൽ അമ്മു എന്നിവരുടെ നേതൃത്വത്തിൽ സ്‌ത്രീകള്‍ മാറുമറച്ചു താലമെടുത്തു. പ്രമാണിമാരുടെ ചെറുത്തുനില്പിനെ തടയാന്‍ പോന്നതായിരുന്നു കീഴാളസ്‌ത്രീ വിഭാഗത്തിന്റെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും ഉശിരും വീറും.

ഇത്തരത്തിൽ സാമൂഹ്യവിവേചനത്തിന്റെ സമരപോരാട്ടങ്ങളിൽ കേരളസ്‌ത്രീ അവരുടെ ഊര്‍ജ്ജവും മനസ്സും ഇച്ഛാശക്തിയും വിളക്കിച്ചേര്‍ത്തതിന്റെ ചരിത്രം ഇനിയും വേണ്ടത്ര ശ്രദ്ധയോടെ നമ്മള്‍ പഠിക്കാന്‍ ശ്രമിച്ചിട്ടില്ല. മണ്ണിനും തൊഴിലിനും കൂലിക്കും വേണ്ടി നടത്തിയ സമരങ്ങളിലും ജന്മിത്തത്തിനെതിരെയുള്ള കലാപങ്ങളിലും നൈതികജാഗ്രതയോടെ ഇടപെട്ടുകൊണ്ടാണ് കേരളസ്‌ത്രീ അവളുടെ സാമൂഹ്യപദവിയിലേക്ക് നടന്നടുത്തത്.

കേരളത്തിലെ കര്‍ഷകത്തൊഴിലാളി സമരങ്ങളിൽ എവിടെയാണ് പെണ്‍പോരാട്ടത്തിന്റെ വര്‍ഗവീര്യം കാണാന്‍ കഴിയാത്തത് ? നമ്മുടെ നവോത്ഥാന വിപ്ളവപ്രസ്ഥാനങ്ങളിൽ സ്വയം സമര്‍പ്പിതരായ നമ്മുടെ പൂര്‍വഗാമികളുടെ നീണ്ടനിര കാണാതെ പോകുന്നത് ചരിത്രത്തോടുള്ള അനീതിയാണ്. കരിവള്ളൂരെ കര്‍ഷക-തൊഴിലാളി പോരാട്ടത്തിൽ നിറഞ്ഞുനിന്ന ചോരയും കണ്ണീരും നനഞ്ഞവഴികളിലൂടെ മാത്രം സഞ്ചരിച്ച കെ.ദേവയാനിയും പുന്നപ്രയിലെ സമരസഖാവായ പി.കെ.മേദിനിയും കയ്യൂരെ വേങ്ങയിൽ ലൿഷ്‌മിക്കുട്ടിയമ്മയും പി.സി.കാര്‍ത്ത്യായനിക്കുട്ടിയമ്മയും കൂത്താട്ടുകുളം മേരിയും അനീതിപൂര്‍ണ്ണമായ സാമൂഹ്യവ്യവസ്ഥയ്‌ക്കെതിരെ പടപൊരുതിക്കൊണ്ടാണ് അവരുടെ രാഷ്‌ട്രീയ ദൌത്യം നിര്‍വഹിച്ചത്.

സാമുദായിക പരിഷ്‌ക്കരണ ശ്രമങ്ങളിൽ പുരുഷന്മാര്‍ക്കൊപ്പം നിന്നു പോരാടിയ ആര്യാപള്ളം, പാര്‍വ്വതി നെന്മിനിമംഗലം, ലളിതാംബിക അന്തര്‍ജനം, പ്രിയദത്താ കല്ലാട്ട് എന്നിവരുടെ ജീവിതവും ഇടപെടലുകളും ചരിത്രത്തിന്റെ ഏടുകളിൽ കുറിക്കപ്പെട്ടവയാണ്. ഇതിനുമപ്പുറം കേരളത്തിന്റെ രാഷ്‌ട്രീയ മുന്നറ്റത്തിൽ സ്വത്വബോധത്തോടെ തങ്ങളുടെ സജീവ സാന്നിധ്യം ഉറപ്പിച്ച സ്‌ത്രീകളുടെ ഒരു നീണ്ട നിരയും നമുക്കു മുന്നിലുണ്ട്. കെ.ആര്‍.ഗൌരിയമ്മ, സുശീല ഗോപാലന്‍, എം.ടി.പത്മ, പി.കെ.ശ്രീമതി എം.സി.ജോസഫൈന്‍, കെ.കെ.ഷൈലജ, സതീദേവി, സി.എസ്.സുജാത, ടി.എന്‍.സീമ എന്നിങ്ങനെ നീളുന്നു മുന്‍നിരപ്പോരാളികളുടെ പട്ടിക...

രണ്ട്

ഇങ്ങനെ രാഷ്‌ട്രീയ-സാംസ്‌ക്കാരിക മുന്നേറ്റത്തിലെ ചാലകശക്തിയായി വര്‍ത്തിച്ചിരുന്ന കേരളസ്‌ത്രീക്ക് ഈ സജീവത തുടര്‍ന്നു നിലനിര്‍ത്താനായില്ലന്ന വസ്‌തുതയും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. അതേക്കുറിച്ചുള്ള അന്വേഷണങ്ങള്‍ നിരവധി കാരണങ്ങളിലേക്കാണ് വെളിച്ചം വീശുന്നത്. വര്‍ഗസമരത്തിനും അവസരസമത്വത്തിനും വേണ്ടിയുള്ള നമ്മുടെ സമരങ്ങളിൽ തുല്യശക്തിയായി സ്‌ത്രീയെ അണിചേര്‍ക്കാന്‍ നമുക്കു കഴിയാതിരുന്നതെന്തുകൊണ്ട്? സ്‌ത്രീയുടെ പദവി ഗാര്‍ഹിക പരിസരത്തിൽ മാത്രം നിര്‍വ്വചിക്കപ്പെടുന്ന ഒന്നായി മാറിയതും രാഷ്‌ട്രീയ-സാംസ്‌ക്കാരിക രംഗങ്ങളിൽ അവളുടെ പങ്കാളിത്തം കുറയുന്നതും നമ്മുടെ കണ്ണിൽ പെടാതെ പോയതെന്തുകൊണ്ട് ? പുരുഷകേന്ദ്രിത ഫ്യൂഡൽ കാഴ്ചപ്പാടും മുതലാളിത്ത സമ്പദ്ഘടനയും കൂടിച്ചേര്‍ന്നു സൃഷ്‌ടിച്ചെടുത്ത അഭിനവ മാന്യവനിതയെന്ന ആദര്‍ശ സങ്കല്പം നാറുന്ന പൊതുബോധ നിര്‍മ്മിതിയായി പരിവര്‍ത്തിക്കപ്പെട്ടത് കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ പോലും മനസ്സിലാക്കാതെ പോകുന്നതെന്തുകൊണ്ട? സ്‌ത്രീയുടെ പൊതു ഇടങ്ങളെല്ലാം മതാധിഷ്‌ഠിതവും ആള്‍ ദൈവകേന്ദ്രിതവും ആചാരബദ്ധവുമായി മാറിയതെന്തുകൊണ്ട്?

ഇത്തരത്തിലുയരുന്ന ഒട്ടനവധി ചോദ്യങ്ങള്‍ സ്വയം ചോദിച്ചുകൊണ്ടാണ് ഇന്നത്തെ സ്‌ത്രീ അവളുടെ പൊതു മണ്ഡലത്തെ നിശ്ചയിക്കേണ്ടിവരുന്നത്. സാമ്പത്തിക ഉദാരീകരണത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ടശേഷം രണ്ടു ദശാബ്‌ദങ്ങള്‍ പിന്നിട്ട വര്‍ത്തമാനകാലത്ത് - ഒളിക്യാമറകളും കമ്പോളങ്ങളും കൊണ്ട് സമൃദ്ധമായ - ലോകത്തൊട്ടാകെയുള്ള സ്‌ത്രീസമൂഹം നേരിടുന്ന പ്രതിലോമതകളെ തിരിച്ചറിയുകയും ജീവിതത്തിന്റെ സമസ്‌തമേഖലകളിലും ബോധപൂര്‍വ്വമായിത്തന്ന ഉടലെടുക്കുന്ന പുരുഷകേന്ദ്രീകൃതമായ അന്തരീക്ഷത്തെ പ്രതിരോധിക്കാനുള്ള ഊര്‍ജ്ജം സംഭരിച്ചുകൊണ്ടും മാത്രമേ ഇന്നത്തെ സ്‌ത്രീക്ക് നിയമനിര്‍മ്മാണ സഭകളിലുള്‍പ്പെടെ അവരുടെ സക്രിയമായ ഇടപെടലിനും അവസരമുണ്ടാകുകയുള്ളൂ. ബുദ്ധിയും സൂക്ഷ്‌മബോധവുമുള്ള ഒരു സ്‌ത്രീയെപ്പോലും അരങ്ങിൽ നിന്നും അധികാരത്തിൽ നിന്നും ആട്ടിയോടിക്കാനുള്ള ചെപ്പടിവിദ്യകള്‍ അനായാസം പരിപാലിച്ചുപോരുന്ന ഭാവനാശാലികള്‍ക്കിടയിലാണ് ഇന്നത്തെ സ്‌ത്രീ അവരുടെ ഇടം (space) തേടുന്നത്.

നൂറ്റാണ്ടുകളിലൂടെ കൈമാറി മനുഷ്യസമൂഹം സംരക്ഷിച്ചു പോരുന്ന സദാചാരമൂല്യങ്ങളും നിലവിലുള്ള കുടുംബവ്യവസ്ഥയും സാമൂഹിക സംഘര്‍ഷങ്ങളും ഒക്കെക്കൂടി സൃഷ്‌ടിച്ചെടുത്ത സാംസ്‌ക്കാരികബോധത്തെ മുറിച്ചുകടന്നുകൊണ്ടാണ് ഇന്നത്തെ സ്‌ത്രീ അധികാര പ്രയോഗത്തിന്റെ പുതിയ വഴികളിലേക്ക് പ്രവേശിക്കുന്നത്. വാസ്‌തവത്തിൽ നമ്മുടെ ജനാധിപത്യ പ്രക്രിയയിൽ ഇടപെടാന്‍ സ്‌ത്രീക്കു ലഭിച്ചിരിക്കുന്ന ഈ സാഹചര്യത്തെ കൂടുതൽ നൈതിക ജാഗ്രതയോടെ വിശകലനം ചെയ്യുകയും ജീവിതത്തിന്റെ സമസ്‌ത മേഖലകളുടെയും വികസനത്തിന് നമ്മുടെ രാഷ്‌ട്രീയരംഗം സ്‌ത്രീകളാൽ സമ്പന്നമായേ തീരൂ എന്ന യാഥാര്‍ത്ഥ്യം തുറന്ന മനസ്സോടെ മനസ്സിലാക്കുകയും സ്വീകരിക്കപ്പെടുകുയും ചെയ്യേണ്ടതുണ്ട്. അതോടൊപ്പം ഒറ്റപ്പെടുത്തലിന്റെയും പാര്‍ശ്വവൽക്കരണത്തിന്റെയും രാഷ്‌ട്രീയത്തിനെതിരെ വിമോചനപരമായ സാംസ്‌ക്കാരികാവബോധം അവള്‍ സ്വയം ആര്‍ജ്ജിക്കേണ്ടതുമുണ്ട്.

*****

ഒലീന എ.ജി, കടപ്പാട് : യുവധാര

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രാഷ്‌ട്രീയ-സാംസ്‌ക്കാരിക മുന്നേറ്റത്തിലെ ചാലകശക്തിയായി വര്‍ത്തിച്ചിരുന്ന കേരളസ്‌ത്രീക്ക് ഈ സജീവത തുടര്‍ന്നു നിലനിര്‍ത്താനായില്ലന്ന വസ്‌തുതയും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. അതേക്കുറിച്ചുള്ള അന്വേഷണങ്ങള്‍ നിരവധി കാരണങ്ങളിലേക്കാണ് വെളിച്ചം വീശുന്നത്. വര്‍ഗസമരത്തിനും അവസരസമത്വത്തിനും വേണ്ടിയുള്ള നമ്മുടെ സമരങ്ങളില്‍ തുല്യശക്തിയായി സ്‌ത്രീയെ അണിചേര്‍ക്കാന്‍ നമുക്കു കഴിയാതിരുന്നതെന്തുകൊണ്ട്? സ്‌ത്രീയുടെ പദവി ഗാര്‍ഹിക പരിസരത്തില്‍ മാത്രം നിര്‍വ്വചിക്കപ്പെടുന്ന ഒന്നായി മാറിയതും രാഷ്‌ട്രീയ-സാംസ്‌ക്കാരിക രംഗങ്ങളില്‍ അവളുടെ പങ്കാളിത്തം കുറയുന്നതും നമ്മുടെ കണ്ണില്‍ പെടാതെ പോയതെന്തുകൊണ്ട് ? പുരുഷകേന്ദ്രിത ഫ്യൂഡല്‍ കാഴ്ചപ്പാടും മുതലാളിത്ത സമ്പദ്ഘടനയും കൂടിച്ചേര്‍ന്നു സൃഷ്‌ടിച്ചെടുത്ത അഭിനവ മാന്യവനിതയെന്ന ആദര്‍ശ സങ്കല്പം നാറുന്ന പൊതുബോധ നിര്‍മ്മിതിയായി പരിവര്‍ത്തിക്കപ്പെട്ടത് കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ പോലും മനസ്സിലാക്കാതെ പോകുന്നതെന്തുകൊണ്ട? സ്‌ത്രീയുടെ പൊതു ഇടങ്ങളെല്ലാം മതാധിഷ്‌ഠിതവും ആള്‍ ദൈവകേന്ദ്രിതവും ആചാരബദ്ധവുമായി മാറിയതെന്തുകൊണ്ട്?