Wednesday, July 14, 2010

കോടതികളും ജനാധിപത്യ സമൂഹവും

നീതിന്യായ സംവിധാനങ്ങള്‍ ഏതൊരു ഭരണകൂടത്തിന്റെയും അടിസ്ഥാന ഘടകങ്ങളിലൊന്നാണ്. ഭരണകൂടത്തിന്റെ ഉല്‍ഭവം മുതല്‍ ഇന്നു വരെ വിവിധ രൂപത്തിലുള്ള നിയമപാലന സംവിധാനങ്ങളും ന്യായാധിപന്മാരും ഉണ്ടായിട്ടുണ്ട്. ഭരണകൂടങ്ങളുടെ നിലനില്‍പുതന്നെ അവ സൃഷ്ടിക്കുന്ന നിയമാവലികളെ ആശ്രയിച്ചാണ്. ഭരണകര്‍ത്താക്കള്‍ക്ക് ഏറ്റവും വിശ്വസ്തരായ ആളുകളാണ് ന്യായാധിപന്മാരായി പ്രവര്‍ത്തിച്ചിരുന്നതും. പിന്നീട് എഴുതപ്പെട്ട ഭരണഘടനകളും നിയമസംഹിതകളും നിലവില്‍ വന്നപ്പോള്‍ നീതിന്യായ നിര്‍വഹണത്തിന്റെ അടിത്തറ കൂടുതല്‍ ശക്തിപ്പെട്ടു. നമ്മുടെ നീതിന്യായ വ്യവസ്ഥ വളരെ വിപുലമായ നിയമാവലികളുടെയും നീതിനിര്‍വഹണത്തിനുള്ള നിരവധി മുന്‍ അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ രൂപപ്പെട്ടതാണ്. നിയമങ്ങളും നിയമനിര്‍വഹണവും കോടതികളുടെ നിയമസംരക്ഷണ വ്യവസ്ഥയും ഇന്നത്തെ പൊതുഭരണത്തിന്റെ അനിവാര്യഘടകമാണ്.

സങ്കീര്‍ണ്ണവും സംഘര്‍ഷാത്മകവുമായ സാഹചര്യങ്ങളിലാണ് നമ്മുടെ കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യം, സെക്കുലറിസം, സാമൂഹ്യനീതി, പൌരാവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍, ലിംഗനീതി തുടങ്ങി ഒട്ടനവധി വിഷയങ്ങളെക്കുറിച്ച് സജീവമായ സംവാദങ്ങളും തര്‍ക്കങ്ങളും നടക്കുകയും ഭരണകൂടങ്ങള്‍ തന്നെ ഇവയില്‍ ഏതെങ്കിലും പക്ഷം ചേര്‍ന്ന് ഇടപെടുകയും ചെയ്യുന്ന സാഹചര്യങ്ങളിലാണ് കോടതികള്‍ക്ക് പ്രവര്‍ത്തിക്കേണ്ടിവരുന്നത്. ഇത്തരം സങ്കീര്‍ണ പ്രശ്നങ്ങളെക്കുറിച്ച് നിലപാടെടുക്കാന്‍ കഴിയുന്ന, ജനാധിപത്യസമൂഹത്തിന്റെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി കോടതികള്‍ക്ക് മാറാന്‍ കഴിയുന്നുണ്ടോ? അതിനാവശ്യമായ വിഭവങ്ങള്‍ ഇന്നു കോടതികളുടെ പക്കല്‍ ലഭ്യമാണോ? സ്വയം സൃഷ്ടിച്ച ഇരുമ്പുമറയ്ക്കുള്ളില്‍നിന്ന് സമൂഹപ്രശ്നങ്ങളുടെ വിധികര്‍ത്താക്കളായി മാറാന്‍ കോടതികള്‍ നടത്തുന്ന ശ്രമം എത്രമാത്രം ജനാധിപത്യ വ്യവസ്ഥയ്ക്ക് ഗുണകരമാണ്? ഇവയെക്കുറിച്ച് സഗൌരവമായ അന്വേഷണം ആവശ്യമായിരിക്കുന്നു. അതിന് നമ്മുടെ നീതിന്യായവ്യവസ്ഥയുടെ വളര്‍ച്ചയും നാം പരിശോധിക്കണം.

നീതിന്യായ സംവിധാനങ്ങളുടെ വികാസം

എല്ലാ സമൂഹങ്ങളിലും അതതു സമൂഹത്തിന്റെ നടത്തിപ്പിനും നിലനില്‍പിനുമാവശ്യമായ നിയമാവലികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത്തരം നിയമാവലികള്‍ പലതും വായ്മൊഴി പാരമ്പര്യത്തിന്റെ ഭാഗവും പ്രാദേശിക സ്വഭാവമുള്ളവയുമാണ്. അവയില്‍ ചിലത് എഴുതപ്പെടുകയും ഭരണകൂടങ്ങള്‍ രൂപപ്പെടുമ്പോള്‍ ഭരണ വ്യവസ്ഥയുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. മോസസിന്റെ പത്തുകല്‍പനകളും റോമിലെ 12 പട്ടികകളും അര്‍ത്ഥശാസ്ത്രവും മനുസ്മൃതിയുമെല്ലാം ഇത്തരം നിയമാവലികളാണ്. പ്രാദേശികതലത്തില്‍ ധര്‍മ്മം, അറം, മര്യാദ മുതലായവയും നീതിന്യായ രൂപങ്ങളാണ്. ഇവയില്‍ ചിലത് നാടുവാഴികളും രാജാക്കന്മാരും നടപ്പിലാക്കിയെങ്കില്‍ മറ്റു ചിലത് മതങ്ങളുടെ ഭാഗമായിരുന്നു. ഇസ്ളാമിനെപ്പോലെ മതനിയമങ്ങളും രാഷ്ട്രീയ നിയമങ്ങളും ഒന്നാക്കാനുള്ള ശ്രമങ്ങളും കാണാം. ഇത്തരത്തില്‍ രൂപപ്പെട്ട നിരവധി നിയമങ്ങള്‍ (മതനിയമങ്ങളെ വ്യക്തിനിയമങ്ങള്‍ എന്നാണ് ഇന്ന് നാം വിളിക്കുന്നത്) നമ്മുടെ നിയമസംഹിതയിലേക്കു കടന്നുവന്നിട്ടുണ്ട്.

നീതിന്യായ സ്ഥാപനങ്ങളുടെ സ്ഥാപനങ്ങളിലും ഇതുപോലുള്ള വൈവിധ്യം കാണാം. ഗോത്രത്തലവന്മാരാണ് ആദ്യഘട്ടത്തില്‍ ന്യായാധിപന്മാരും വിധികര്‍ത്താക്കളും. ആധുനിക ഗോത്ര വര്‍ഗങ്ങളിലും ഇതേ സ്ഥിതി തുടരുന്നതായി കാണാം. ഗ്രാമതലത്തില്‍ നാട്ടുക്കൂട്ടങ്ങള്‍, ഗ്രാമസഭകള്‍, പഞ്ചായത്തുകള്‍ മുതലായവ നീതിന്യായ നിര്‍വഹണം നടത്തിയിരുന്നു. ഗ്രാമതലത്തിലെ ഭൂരിഭാഗം പ്രശ്നങ്ങളും അവിടെത്തന്നെ പരിഹരിക്കാനുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നു. കേരളത്തില്‍ നിലനിന്ന നടുവര്‍, മദ്ധ്യസ്ഥര്‍, തടസ്ഥര്‍ മുതലായ പ്രമാണിമാരുടെ ഇടപെടല്‍ ഉദാഹരണമായിരുന്നു. വിവിധ ജാതി സമുദായങ്ങള്‍ക്ക് "നന്മ തിന്മ ഗുണദോഷങ്ങള്‍'' തീര്‍ക്കാനായി തണ്ടാന്‍, ആശാന്‍, അരയന്‍ മുതലായ തലവന്മാര്‍ ഉണ്ടായിരുന്നു. ഗ്രാമങ്ങള്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലുമുള്ള തര്‍ക്കങ്ങളും വന്‍കിട കലഹങ്ങളുമാണ് നാടുവാഴികളുടെ അടുത്തെത്തിയിരുന്നത്.

നീതിന്യായപരമായ പ്രശ്നങ്ങളില്‍ തീരുമാനമെടുത്തിരുന്നത് ഒരൊറ്റയാള്‍ മാത്രമല്ല. ഒരാള്‍ മാത്രമായ തീരുമാനങ്ങള്‍ തെറ്റാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് ഒന്നിലധികം പ്രമാണികളായ വ്യക്തികള്‍ ചേര്‍ന്ന് തീരുമാനമെടുക്കുന്നതാണ് ശരിയെന്നുമുള്ള ധാരണ വളര്‍ന്നുവന്നു. കേരളത്തില്‍ ക്ഷേത്രയോഗങ്ങള്‍ "അവിരോധ''ത്താല്‍ എടുത്ത തീരുമാനങ്ങളും നാട്ടുക്കൂട്ടത്തില്‍ തീരുമാനമെടുക്കുന്ന രീതിയും ഉദാഹരണമാണ്. യൂറോപ്പില്‍ "ജൂറര്‍മാര്‍'' എന്നു വിളിച്ചിരുന്ന നിയമജ്ഞരുടെ സഭകളാണ് വിധിന്യായം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇത് ജൂറി സമ്പ്രദായത്തിലേക്കു നയിച്ചു. സമുദായ പ്രമാണിമാരായ 12 പേര്‍ വിചാരണ മുഴുവന്‍ കേള്‍ക്കുകയും അവര്‍ കൂട്ടായി തീരുമാനമെടുക്കുകയും ചെയ്യും. വിചാരണകളുടെ അധ്യക്ഷസ്ഥാനം മാത്രമാണ് ജഡ്ജിമാര്‍ക്കുണ്ടായിരുന്നത്. ഒരര്‍ത്ഥത്തില്‍, ഇന്നത്തെ പാര്‍ലമെണ്ടിലെ സ്പീക്കറിനു തുല്യമായ സ്ഥാനമാണ് ജഡ്ജിയുടേത് (ജഡ്ജിമാരുടെ കുപ്രസിദ്ധമായ ചുറ്റികയും 'ഓര്‍ഡര്‍, ഓര്‍ഡര്‍' പ്രയോഗങ്ങളും ഇതില്‍നിന്നുണ്ടായതാണ്). അസംബ്ളി അംഗങ്ങള്‍ സ്പീക്കറിനോട് സംസാരിക്കുമെന്നുള്ള അതേ കീഴ്വഴക്കമായിരുന്നു വിചാരണയില്‍ എല്ലാവരും ജഡ്ജിയോടു 'യുവര്‍ ഓണര്‍' ചേര്‍ത്തു സംസാരിക്കണമെന്ന നിബന്ധനയും.

ഫ്രാന്‍സില്‍ നീതിന്യായ നിര്‍വഹണത്തിനു നിയോഗിക്കപ്പെട്ട ജൂറര്‍മാരുടെ സഭയെ പാര്‍ലമെന്റുകള്‍ എന്നാണ് വിളിച്ചിരുന്നത്. (പിന്നീട് ഈ പദം നിയമസഭയ്ക്ക് ഉപയോഗിക്കപ്പെട്ടു). മദ്ധ്യകാല യൂറോപ്പില്‍ എല്ലായിടത്തും പ്രഭുക്കളും പുരോഹിതരും മാത്രമാണ് നീതിന്യായ സമിതികളില്‍ അംഗങ്ങളായിരുന്നത്. അതുകൊണ്ട് കര്‍ഷകര്‍ക്കും കുടിയാന്മാര്‍ക്കും എതിരായ മര്‍ദ്ദനോപകരണങ്ങളായി അവ മാറി. അതുകൊണ്ട് യൂറോപ്പില്‍ അലയടിച്ച കര്‍ഷക കലാപങ്ങള്‍ പലതും നീതിന്യായ കോടതികള്‍ക്കെതിരായിരുന്നു. പാരീസില്‍ 1359ല്‍ നടന്ന ഷാക്കെറി (Jacquerie) ഉദാഹരണമാണ്. ഇംഗ്ളീഷ് വിപ്ളവത്തിന്റെ കാലത്ത് ഏറ്റവും ശക്തമായ എതിര്‍പ്പിനു വിധേയമായ സ്ഥാപനം രാജകീയ കോടതിയായ കിംഗ്സ് ബെഞ്ച് ആയിരുന്നു (ഇന്നത്തെ കോടതികളില്‍ പ്രത്യക്ഷപ്പെടുന്ന 'ബെഞ്ചു'കളുടെ ഉറവിടം കിംഗ്സ് ബെഞ്ച് ആണ്). നിയമവ്യവസ്ഥയില്‍ കേന്ദ്രീകരണവും ഭരണകൂടത്തിന്റെ നിയന്ത്രണവും ഉറപ്പുവരുത്താനായി കോടതി സംവിധാനങ്ങളിലും കേന്ദ്രീകരണം വരുത്തുന്ന രീതിയാണ് ബ്രിട്ടന്‍ പില്‍ക്കാലത്തും സ്വീകരിച്ചത്. ഭരണഘടന ഇല്ലാത്ത ബ്രിട്ടനില്‍ വ്യക്തമായ സിവില്‍ ക്രിമിനല്‍ നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള കേന്ദ്രീകരണം ആവശ്യവുമായിരുന്നു. ഫ്യൂഡല്‍ ബന്ധങ്ങളും മര്യാദകളും നിലനിന്ന ആംഗ്ളോ സാക്സന്‍ നീതിന്യായ വ്യവസ്ഥയാണ് ബ്രിട്ടീഷ് കൊളോണിയലിസം ഇന്ത്യയിലും നടപ്പിലാക്കിയത്.

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം നേടുകയും അവരുടെ ഭരണകൂടം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി നികുതി സമ്പ്രദായത്തിലും ഭൂവുടമബന്ധങ്ങളിലും മാറ്റം വരുത്തുകയും ചെയ്തപ്പോള്‍ ഉണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കാനാണ് ഇന്ത്യയിലെ കോടതി സമ്പ്രദായം നിലവില്‍ വന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ കോണ്‍വാലിസ് പ്രഭുവിന്റെ കാലത്തുണ്ടായ സദര്‍ നിസാമത്ത് അദാലത്ത് നമ്മുടെ സുപ്രീംകോടതിയുടെ മുന്നോടിയായിരുന്നു. തുടര്‍ന്ന് പ്രാദേശികതലത്തില്‍ മജിസ്ട്രേട്ട് കോടതികളും മുന്‍സിഫ് കോടതികളും നിലവില്‍ വന്നു. ബ്രിട്ടീഷുകാര്‍ക്കും സെമിന്ദാര്‍മാര്‍ക്കുമെതിരായി പോരാടിയ കര്‍ഷകര്‍ കൊള്ളക്കാരും പിടിച്ചുപറിക്കാരുമായി മുദ്ര കുത്തപ്പെട്ടു. അവരെ ശിക്ഷിക്കാനാണ് ഒരു ഇന്ത്യന്‍ പീനല്‍ കോഡ് രൂപപ്പെട്ടത്. കലാപകാരികളെ തകര്‍ക്കാന്‍ ക്രിമിനല്‍ നിയമവും നികുതി സമ്പ്രദായം ചോദ്യം ചെയ്തവരെ നേരിടാന്‍ സിവില്‍ നിയമവും ഉണ്ടായി. ഇവിടെയെല്ലാം വ്യക്തികളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുക എന്ന ബൂര്‍ഷ്വാ നിയമ വ്യവസ്ഥ തന്നെയാണ് ഉപയോഗിക്കപ്പെട്ടത്. 'വ്യക്തി' എന്നാല്‍ കോടതികളില്‍ പരിഹാരം തേടാനുള്ള ത്രാണിയും സമ്പത്തുമുള്ള ആള്‍ എന്ന ആശയം സാമൂഹ്യമായി നിലനിന്നു. അതായത് പുതിയ ശിക്ഷാ നിയമം ബ്രിട്ടീഷുകാരുടെ കാലത്തു നിലവില്‍വന്ന സ്വത്തുടമാ ബന്ധങ്ങളെ സംരക്ഷിക്കുന്നതിനുള്ള രീതിയായിരുന്നു.

ഇത് ഇന്ത്യന്‍ സമൂഹത്തില്‍ വരുത്തിയ നിരവധി മാറ്റങ്ങള്‍ ഇവിടെ പരിശോധിക്കുന്നില്ല. പില്‍ക്കാലത്ത് വിവിധ മതസമുദായങ്ങളുടെ പ്രീണനത്തിനായി മതപരമായ വ്യക്തിനിയമങ്ങള്‍ ഉണ്ടായത് ഏറെ പ്രസക്തമാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് രൂപംകൊണ്ട മധ്യവര്‍ഗ പൌരസമൂഹത്തില്‍ മതങ്ങളുടെ കടന്നുവരവിനിടയാക്കിയ മാറ്റമാണിത്.

കോടതികളുടെ പൊതുസ്വഭാവം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇന്ത്യയില്‍ പ്രാദേശികതലത്തില്‍ തര്‍ക്ക പരിഹാരത്തിനുണ്ടായിരുന്ന എല്ലാ സംവിധാനങ്ങളെയും കോടതികള്‍ അനുക്രമമായി ഇല്ലാതാക്കി. ജാതി - ഗ്രാമ പഞ്ചായത്തുകള്‍, കൂട്ടങ്ങള്‍, ഗ്രാമസഭകള്‍, മതപുരോഹിതന്മാര്‍, തീരപ്രദേശത്തു നിലനിന്ന കടല്‍ കോടതികള്‍ തുടങ്ങിയവയെല്ലാം അതില്‍പെടുന്നു. ഇത് ബൂര്‍ഷ്വാ നീതിന്യായ വ്യവസ്ഥയ്ക്ക് ഫ്യൂഡലിസത്തിന്റെ മേലുണ്ടായ വിജയമായി വ്യാഖ്യാനിക്കാം. എങ്കിലും, ഒരു കാര്യം മറന്നുകൂട. ബ്രിട്ടീഷുകാരുടെ ഇടയില്‍ നിലനിന്നതും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യപ്പെട്ടതുമായ കോടതി വ്യവസ്ഥയുടെ ഘടന യൂറോപ്യന്‍ ഫ്യൂഡലിസത്തിന്റെ ഉല്‍പന്നമാണ്. കോടതികളില്‍ വ്യവഹാരങ്ങള്‍ സ്വീകരിക്കുന്ന രീതി, അഭിഭാഷകരും ജഡ്ജിമാരും തമ്മിലുള്ള ബന്ധം, കോടതി മുറകളിലെ ചട്ടവട്ടങ്ങള്‍ തുടങ്ങിയവയിലെല്ലാം ശക്തമായ ഫ്യൂഡല്‍ സ്വാധീനം കാണാം. ഇവയിലെല്ലാം അടുത്തകാലത്തുണ്ടായ വാണിജ്യവല്‍ക്കരണമാണ് ശ്രദ്ധേയമായ മാറ്റം. നിരവധി അഭിഭാഷകര്‍ ജനാധിപത്യവ്യവസ്ഥയുടെ ശക്തരായ പോരാളികളായിട്ടുണ്ട്. അവരാരും സ്വന്തം തൊഴിലില്‍ ജനാധിപത്യവ്യവസ്ഥയ്ക്കനുരൂപമായ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറായില്ല. ജൂറി സമ്പ്രദായം പോലെ നീതിന്യായ നിര്‍വഹണത്തില്‍ പൊതുപങ്കാളിത്തം ഉറപ്പുവരുത്താനുള്ള സാധ്യതകള്‍പോലും ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ ഉപേക്ഷിച്ചു. ബ്രിട്ടീഷ് ഭരണകൂടത്തോട് ഏറ്റവുമധികം വിധേയത്വമുള്ള സംവിധാനമായി കോടതികള്‍ മാറിയതും ഈ ഫ്യൂഡല്‍ സ്വഭാവം മൂലമാണ്.

സ്വതന്ത്ര ഇന്ത്യയിലും ഈ സ്വഭാവം കോടതികള്‍ തുടര്‍ന്നു. ജനാധിപത്യഭരണ ക്രമം നടപ്പില്‍വന്നുവെങ്കിലും കൊളോണിയല്‍ വ്യവസ്ഥയ്ക്കകത്തുള്ള ഉദ്യോഗസ്ഥക്രമവും നീതിന്യായവ്യവസ്ഥയുമാണ് സ്വതന്ത്ര ഇന്ത്യയിലും നിലനിന്നത്. ഇവയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ഭരണസംവിധാനത്തിന്റെ വികേന്ദ്രീകരണത്തോട് നമ്മുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്ന തുടര്‍ച്ചയായ എതിര്‍പ്പ് ഉദാഹരണമാണ്. ഇതുപോലെ നീതിന്യായ വ്യവസ്ഥ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ കോടതികള്‍ നിയമസഭയുടെയോ നിയമവാഴ്ചയുടെയോ കീഴില്‍ വരാതെ അവരുടെ ജഡ്ജിമാരുടെ നിയമനത്തിന് കോളേജിയം എന്ന മറ്റൊരു സംവിധാനമുണ്ടാക്കുകയാണ് ചെയ്തത്. കൊളോണിയല്‍ കാലത്തെ എല്ലാ പ്രൌഢികളും അതേപോലെ നിലനിര്‍ത്തി. പൊതുവേദികളില്‍ അഭിപ്രായം പറയാന്‍ പാടില്ല എന്ന ജഡ്ജിമാര്‍ക്കുള്ള വിലക്കുപോലും കോളോണിയല്‍ കീഴ്വഴക്കത്തിന്റെ തുടര്‍ച്ചയാണ്. കോടതികളില്‍ ജഡ്ജിമാര്‍ സ്ഥാനത്തും അസ്ഥാനത്തും നടത്തുന്ന "പരാമര്‍ശങ്ങള്‍'' ഈ തത്വം അവര്‍ തന്നെ അംഗീകരിക്കുന്നില്ലെന്നതിന്റെ സൂചനയാണ്.

ജനാധിപത്യസ്വഭാവമില്ലാത്ത ഏതു നീതിന്യായ വ്യവസ്ഥയ്ക്കും ഒരു അത്താണി വേണം. മദ്ധ്യകാല സമൂഹങ്ങളില്‍ ബൈബിളും ഖുറാനും മനുസ്മൃതിയും ധര്‍മ്മശാസ്ത്രങ്ങളുമെല്ലാം നീതിന്യായ വ്യവസ്ഥയുടെ അത്താണികളായിരുന്നു. എല്ലാ തര്‍ക്ക പരിഹാര രൂപങ്ങളെയും അവസാനം "ദൈവവിധി''യായി വ്യാഖ്യാനിക്കുന്നതില്‍ ഒരു സൌകര്യമുണ്ട്. ന്യായാധിപന്മാര്‍ വിധിയുടെ ഉത്തരവാദികളാകില്ല. ജനാധിപത്യവ്യവസ്ഥയില്‍ ഇത്തരം അത്താണികളില്ല. സമൂഹബന്ധങ്ങളും സാന്ദര്‍ഭിക ആവശ്യങ്ങളുമനുസരിച്ച് നിയമത്തിന്റെ ഘടന മാറിക്കൊണ്ടിരിക്കും. അതായത് നിയമങ്ങള്‍ മനുഷ്യര്‍ തന്നെ നിര്‍മ്മിക്കുന്നതും സമൂഹത്തിന്റെ നിലനില്‍പ്പിനുവേണ്ടി സ്വമേധയാ അംഗീകരിക്കുന്നതുമാണെന്ന തത്വം അതിനു പിറകിലുണ്ട്. അത്തരത്തില്‍ അംഗീകരിക്കാതെ സമൂഹത്തിന്റെ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന രീതിയെയാണ് നാം കുറ്റകൃത്യങ്ങള്‍ എന്നു പറയുന്നത്. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ തിരുത്തുക സമൂഹത്തെ നിലനിര്‍ത്തുന്ന അധികാരഘടനയുടെയും നീതിന്യായ വ്യവസ്ഥയുടെയും ബാധ്യതയാണ്. എന്നാല്‍ സമൂഹത്തില്‍ വിവാദവിഷയമായതും വ്യക്തമായ അഭിപ്രായ ഭിന്നതകള്‍ നിലവിലുള്ളതുമായ വിഷയങ്ങള്‍ അങ്ങനെയല്ല, അവയെച്ചൊല്ലിയുള്ള പ്രവര്‍ത്തനങ്ങളും തര്‍ക്കങ്ങളും പരിഹരിക്കേണ്ടതാണെങ്കിലും 'കുറ്റകൃത്യ'ങ്ങളല്ല. അവയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഏതെങ്കിലും വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരാകാം. അതേസമയം അവ ജനങ്ങള്‍ക്ക് നിയമപരമായുള്ള അവകാശങ്ങളുടെ പ്രകടനവുമാകാം. അത്തരത്തില്‍ നിയമപരമായ അവകാശങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ തീരുമാനമെടുക്കേണ്ടത് കോടതിയല്ല, ജനാധിപത്യ സംവിധാനമാണ്. നിയമസഭയും രാഷ്ട്രീയ സംവിധാനവും പൌരസമൂഹവുമാണ്.

ഇത്തരം പ്രശ്നങ്ങളില്‍ ഇപ്പോള്‍ കോടതികള്‍ വ്യാപകമായി ഇടപെടുന്നുണ്ട്. രണ്ടുവിധത്തില്‍ കോടതികള്‍ക്ക് ഇടപെടാം. ഒന്ന്, ഗൌരവമുള്ള രാഷ്ട്രീയ പ്രശ്നം 'കുറ്റകൃത്യ'മായി കോടതിയുടെ മുമ്പില്‍ അവതരിപ്പിക്കുകയും കോടതി തീര്‍പ്പ് കല്‍പിക്കുകയും ചെയ്യുന്നു. ഇതിന്റെ ഏറ്റവും കുപ്രസിദ്ധമായ ഉദാഹരണം ഭോപ്പാല്‍ കൂട്ടക്കൊല'യുടെ വിധിന്യായമാണ്. ലോകത്തെ മുഴുവന്‍ നടുക്കിയതും എല്ലായിടത്തും ചര്‍ച്ചചെയ്തതുമായ ഒരു സംഭവത്തെ ഏതാനുംപേര്‍ ചെയ്ത കുറ്റകൃത്യമായി കോടതിയിലെത്തിച്ചതും അതിനു കാരണക്കാരായ കോര്‍പ്പറേഷന്റെ പ്രതിനിധിയായ ഉദ്യോഗസ്ഥന്‍ (വാറന്‍ ആന്‍ഡേഴ്സന്‍) ഒരു പരിക്കുമില്ലാതെ രക്ഷപ്പെട്ടതും നീതിന്യായ വ്യവസ്ഥയെ ബാധിച്ചിരിക്കുന്ന ജീര്‍ണതയുടെയും ജനാധിപത്യവിരുദ്ധ സ്വഭാവത്തിന്റെയും പ്രത്യക്ഷമായ ഉദാഹരണമാണ്. ഇതേ രീതി മാറാട് കൂട്ടക്കൊലയെ ഒരു കൂട്ടം വ്യത്യസ്ത "കുറ്റകൃത്യ''ങ്ങളായി കണ്ട് വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുന്നതിലും വയനാട്ടിലെ ആദിവാസി സമരത്തെ 'കയ്യേറ്റ'മായി കാണുന്നതിലും നമുക്ക് കാണാം. ഇവിടെയെല്ലാം സംഭവങ്ങള്‍ക്കു കാരണമായ സാമൂഹ്യ സംഘര്‍ഷങ്ങളും ശാസ്ത്ര സാങ്കേതിക പ്രശ്നങ്ങളും പൂര്‍ണമായി ഒഴിവാക്കുകയാണ്. കോടതികളുടെ ഈ സമീപനമാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തോടുള്ള സ്വന്തം എതിര്‍പ്പിനെ ഒരു കോളേജ് വിദ്യാര്‍ത്ഥി കോളേജ് ഉദ്യാനത്തിലെ പൂച്ചട്ടി നശിപ്പിച്ചു എന്ന നിയമ പ്രശ്നമായി കാണാന്‍ ഒരു കോളേജ് മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്. സമരം 'കുറ്റകൃത്യ'മല്ല, വസ്തുവകകള്‍ നശിപ്പിക്കുന്നത് അങ്ങനെയാണല്ലോ.

മറ്റൊരുരീതി ഏതെങ്കിലും പൊതു താല്‍പര്യ ഹര്‍ജികളുടെ അടിസ്ഥാനത്തിലുള്ള 'ജുഡീഷ്യല്‍ ആക്ടിവിസമാണ്. പൊതു താല്‍പര്യങ്ങള്‍ സാമാന്യമായി പരിരക്ഷിക്കേണ്ടത് പൌരസമൂഹമാണ്. ജനാധിപത്യ സംവിധാനങ്ങളാണ്. അങ്ങനെ പരിരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ ആദ്യം ഇടപെടേണ്ടത് നിലവിലുള്ള നിയമവാഴ്ചയാണ്. നിയമവാഴ്ചയും ഒന്നും ചെയ്യുന്നില്ലെങ്കില്‍, ഒരു തിരുത്തല്‍ ശക്തിയായി നീതിന്യായ വ്യവസ്ഥയ്ക്കു പ്രവര്‍ത്തിക്കാം. നിയമവാഴ്ചയെ അത്തരത്തില്‍ പ്രേരിപ്പിക്കുകയും ആവശ്യമായ നടപടി ക്രമങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യാം. എന്നാല്‍, അത്തരം പ്രശ്നങ്ങളില്‍ അന്തിമ തീര്‍പ്പുകല്പിക്കുകയും "ഉത്തരവിടു''കയും ചെയ്യുന്ന സമ്പ്രദായം ഒരു ജനാധിപത്യ സംവിധാനത്തിന് എത്രമാത്രം യോജിച്ചതാണെന്ന് പരിശോധിക്കേണ്ടതാണ്. കോടതി നിര്‍ദ്ദേശങ്ങള്‍ "സമയബന്ധിത''മായി നടപ്പിലാക്കാനുള്ള ഉപകരണമായി ഗവണ്‍മെന്റുകള്‍ മാറുന്ന അവസ്ഥയും ഇന്നുണ്ട്.

ഇങ്ങനെ 'ഉത്തരവി'ടുന്ന രീതികളില്‍ കോടതി സ്വയം അവലംബിക്കുന്ന അസ്പൃശ്യത പ്രധാന ഘടകമാണ്. ഈ അസ്പൃശ്യതയ്ക്ക് കോടതികള്‍ കണ്ടെത്തുന്ന അത്താണികള്‍ ഭരണഘടനയും ഇന്ത്യന്‍ ശിക്ഷാനിയമവും പോലുള്ള 'അലംഘനീയ' നിയമങ്ങളാണ്. ഇവയുടെ സംരക്ഷണംവഴി ഇന്ത്യയുടെ മുഴുവന്‍ നീതിന്യായ വ്യവസ്ഥയുടെയും നിയമവാഴ്ചയുടെയും 'സംരക്ഷക'രായി കോടതികള്‍ മാറുന്നു. ഇരുന്നൂറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്ന കാര്യം കോടതിയുടെ പരിഗണനയില്‍ വരാറില്ല. ഇന്ത്യന്‍ ഭരണഘടനയില്‍ അടിയ്ക്കടിവരുന്ന ഭേദഗതികള്‍ ഇതിന്റെ "അലംഘനീയത''യുമായി എത്രമാത്രം പൊരുത്തപ്പെടുമെന്നത് അവരുടെ വിഷയവുമല്ല. കോടതികളുടെ ഫ്യൂഡല്‍ ഘടന അവരുടെ നിലപാടുകളെ 'അലംഘനീയ'മായ എന്തെങ്കിലുമായി ബന്ധിപ്പിക്കുന്നതില്‍ ഊന്നുന്നു. "നീതിന്യായ വ്യവസ്ഥ''യുടെ അസ്പൃശ്യത അതുപോലുള്ള സൂത്രവാക്യമാണ്. കോടതികളെ ചോദ്യംചെയ്താല്‍ അത് 'നീതിന്യായവ്യവസ്ഥ'യെ തള്ളിപ്പറയലായിരിക്കുമെന്ന വാദവും ഇതിന്റെ ഭാഗമാണ്. ഇത്തരത്തിലുള്ള അസ്പൃശ്യതയുടെ നിയമപരമായ രൂപമാണ് "കോടതി അലക്ഷ്യ''ത്തെ സംബന്ധിച്ച വ്യവസ്ഥകള്‍. നിയമം നിര്‍മ്മിക്കുന്നവരെ നമുക്ക് ചോദ്യംചെയ്യാം. നിയമം സംരക്ഷിക്കുന്നവരെ ചോദ്യംചെയ്തുകൂട!

ഒരു ജനാധിപത്യ സമൂഹത്തില്‍ ഏതെങ്കിലും ഭരണ സംവിധാനം സ്വയം കല്‍പിക്കുന്ന അസ്പൃശ്യതയും ഉത്തരവുകളുടെ അലംഘനീയതയും ജനാധിപത്യകാഴ്ചപ്പാടിനു നിരക്കുന്നതാണോ എന്ന ചോദ്യം ഉയരേണ്ടതാണ്. ഈ ഉത്തരവുകളില്‍ ചിലത് ഉത്തമ വിശ്വാസത്തോടെയുളളതും സമൂഹത്തിന്റെ വളര്‍ച്ചയെ ഗുണപരമായി സ്വാധീനിക്കുന്നതുമാണെന്നതില്‍ സംശയമില്ല. പക്ഷേ, ഈ ഉത്തമവിശ്വാസവും ഗുണപരമായ സ്വാധീനവും കോടതികളുടെ അസ്പൃശ്യതയും അലംഘനീയതയും എന്ന ജനാധിപത്യവിരുദ്ധമായ സമീപനത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വഹിക്കേണ്ടതാണോ? പൊതു താല്‍പര്യത്തിനുവേണ്ടിയുള്ള ജുഡീഷ്യല്‍ ആക്ടിവിസം എന്ന നിലയിലായാല്‍പോലും പൊതുതാല്‍പര്യം എന്നതു നിര്‍വചിക്കേണ്ടത് ആരാണ്? ഇത്തരത്തിലുള്ള കേസുകള്‍ കോടതികളുടെ മുമ്പാകെ കൊണ്ടു വരുന്നത് വ്യക്തികളോ സംഘടനകളോ ആണ്. വിവാദപരമായ വിഷയങ്ങളില്‍ ഇത്തരം വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അവരുടേതായ നിലപാടുകളുണ്ട്. അവരുടെ വാദങ്ങള്‍ കോടതികളുടെതന്നെ ഭാഗമായ അഭിഭാഷകര്‍ മുഖേനയാണ് അവതരിപ്പിക്കപ്പെടുന്നത്. മറുഭാഗവും അതേവിധത്തില്‍ തന്നെയാണ് വാദങ്ങള്‍ അവതരിപ്പിക്കുന്നത്. നിലവിലുള്ള നീതിന്യായ വ്യവസ്ഥയുടെ ചട്ടക്കൂ ടിനുള്ളില്‍ നിന്നാണ് സമൂഹഭിന്നതകളെയും സംഘര്‍ഷങ്ങളെയും പ്രതിനിധീകരിക്കുന്ന സങ്കീര്‍ണ പ്രശ്നങ്ങള്‍ കോടതികള്‍ക്കു മുമ്പാകെ വരുന്നത്. സ്വാഭാവികമായും കോടതിയുടെ നിര്‍ദ്ദേശങ്ങളും ഉത്തരവുകളും നിലവിലുള്ള നീതിന്യായ വ്യവസ്ഥയ്ക്കകത്തുനിന്നായിരിക്കും. പക്ഷേ, പ്രശ്നപരിഹാരം യഥാര്‍ത്ഥത്തില്‍ നീതിന്യായവ്യവസ്ഥയില്‍തന്നെ മാറ്റങ്ങള്‍ ആവശ്യപ്പെടുന്നതായിരിക്കും. അടുത്തകാലത്ത് കേരളത്തില്‍ ഉയര്‍ന്നുവന്ന നിരവധി ലിംഗനീതിപരമായ കേസുകള്‍ ഇതിനുദാഹഹരണമാണ.് ഇത്തരം കേസുകളില്‍ പ്രത്യക്ഷപ്പെട്ട പല കോടതി 'പരാമര്‍ശ'ങ്ങളും ഇവ കൈകാര്യംചെയ്യാനുള്ള കോടതികളുടെ പ്രാപ്തിയില്ലായ്മയാണ് തെളിയിക്കുന്നത്.

കോടതിയുടെ അസ്പൃശ്യതയെക്കുറിച്ചുള്ള ധാരണകളും കോടതി വിധികളുടെ അലംഘനീയതയെ സംബന്ധിച്ച പിടിവാശികളും കോടതികളെ സമൂഹബന്ധങ്ങളില്‍നിന്നും ജനാധിപത്യ വ്യവസ്ഥയില്‍നിന്നും വളരെ അകലെയാക്കുന്നു. ജനാധിപത്യപരമായ ഇടപെടല്‍ അസാധ്യമായ ഒരു മേഖലയായി നീതിന്യായവ്യവസ്ഥ മാറുന്നു.

ഭാരിച്ച കോടതിച്ചെലവുകളും നീണ്ടുപോകുന്ന വ്യവഹാരങ്ങളും കോടതികളെ അധികമധികം സമ്പന്നവര്‍ഗത്തിന്റെ കൈപ്പിടിയിലൊതുക്കുന്നു. അവര്‍ക്കു മാത്രമാണ് പൊതു താല്‍പര്യത്തിന്റെപേരില്‍പോലും കോടതികളില്‍നിന്ന് വിധിന്യായം സമ്പാദിച്ചെടുക്കാന്‍ കഴിയുന്നത്. ഫാസ്റ്റ് ട്രാക്ക് കോടതികള്‍, മൊബൈല്‍ കോടതികള്‍, നീതിമേളകള്‍ തുടങ്ങി ജനങ്ങളുമായി ബന്ധപ്പെടുത്തുന്ന പല സംവിധാനങ്ങളുണ്ടായിട്ടുണ്ടെങ്കിലും കോടതികളുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റാന്‍ ഇവയ്ക്കു കഴിഞ്ഞില്ല. അവിടെയും നീതി ഉറപ്പുവരുത്തുന്നതിനു പകരം ന്യായാധിപ(ന്‍) എന്ന മഹദ് വ്യക്തിയുടെ ദയാദാക്ഷിണ്യത്തിനെ ജനങ്ങള്‍ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയാണ്. മദ്ധ്യകാല ചക്രവര്‍ത്തിമാരുടെ ഝരോഖാ ദര്‍ശ (മട്ടുപ്പാവില്‍ എഴുന്നള്ളി ജനങ്ങള്‍ക്ക് ദര്‍ശനം നല്‍കുന്ന ചക്രവര്‍ത്തി) ന്റെ സ്വഭാവം ഇത്തരം ദര്‍ശനങ്ങള്‍ക്കുണ്ടാകുന്നു. നീതിന്യായ വ്യവസ്ഥയുടെ മൂര്‍ത്തീകരണങ്ങളായി ന്യായാധിപര്‍ സ്വയം അവരോധിക്കുന്ന കാഴ്ചയാണിത്. ജനാധിപത്യപരമായി രൂപപ്പെടുത്തേണ്ട നീതിന്യായം കീഴ്മേല്‍ മറിയുന്ന സ്ഥിതിയുമുണ്ടാകുന്നു. ഇതിനോടൊപ്പം ദൌര്‍ഭാഗ്യകരമായ മറ്റൊരവസ്ഥകൂടിയുണ്ട്. സൂര്യനുതാഴെയുള്ള എല്ലാ പ്രശ്നങ്ങളെക്കുറിച്ചും അഭിപ്രായം പറയുന്ന നമ്മുടെ അഭിഭാഷകസമൂഹം സ്വന്തം തൊഴിലില്‍ വരേണ്ടുന്ന ജനാധിപത്യപരമായ പരിവര്‍ത്തനത്തെക്കുറിച്ച് സ്വീകരിക്കുന്ന മൌനമാണത്.

നീതിന്യായ വ്യവസ്ഥയും കോടതികളും തമ്മില്‍ വേര്‍തിരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സ്റ്റേറ്റും ഗവണ്‍മെന്റും തമ്മില്‍ രാഷ്ട്രമീമാംസകര്‍ തമ്മില്‍ നടത്തുന്ന വേര്‍തിരിവിനു തുല്യമാണിത്. നീതിന്യായ വ്യവസ്ഥ ഭരണകൂടത്തിന്റെ ഭാഗമാണ്. നിയമസഭകളും മന്ത്രിസഭകളും സെക്രട്ടറിയേറ്റും പോലെതന്നെ, ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ രാഷ്ട്രത്തിലെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ഏര്‍പ്പെടുന്ന സമന്വയത്തിന്റെ അടിസ്ഥാനത്തിലാണ് നീതിന്യായ വ്യവസ്ഥ രൂപം കൊള്ളുന്നത്. കോടതികള്‍ മറ്റ് എല്ലാ ഭരണകൂട സ്ഥാപനങ്ങളെയുംപോലെതന്നെ, വ്യവസ്ഥയുടെ നിര്‍വാഹകസംഘവും. ജനാധിപത്യ രാഷ്ട്ര സംവിധാനം അംഗീകരിക്കുന്നവര്‍തന്നെ നിയമസഭകളെയും മന്ത്രിസഭകളെയും പലപ്പോഴും ക്രൂരമായിത്തന്നെ വിമര്‍ശിക്കാറുണ്ട്. ഉദ്യോഗസ്ഥര്‍ ജനങ്ങളുടെയും രാഷ്ട്രീയ സംവിധാനങ്ങളുടെയും ശക്തമായ വിമര്‍ശനങ്ങള്‍ക്കിരയാകാറുണ്ട്. ന്യായാധിപരും മനുഷ്യരാണ്, സമൂഹവൈരുദ്ധ്യങ്ങള്‍ക്കും ഭിന്നതകള്‍ക്കും വിധേയരായ സ്വന്തമായ ധാരണകളും അഭിപ്രായങ്ങളും മുന്‍വിധികളുമുള്ള സാധാരണമനുഷ്യര്‍. നീതിന്യായ വ്യവസ്ഥയ്ക്ക് തെറ്റുപറ്റിയില്ലെങ്കില്‍പോലും കോടതികള്‍ക്ക് തെറ്റുപറ്റാമെന്നതും വസ്തുതയാണ്. നീതിന്യായ വ്യവസ്ഥയിലെ പല അംശങ്ങളും ശക്തമായ വിവാദവിഷയങ്ങളാകുകയും, പല അടിസ്ഥാന നീതിന്യായ പ്രമാണങ്ങളുടെയും അന്തസ്സത്ത ചോദ്യംചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ ശരിയായ വിധിന്യായങ്ങളുടെ സാമൂഹ്യ സ്വാധീനംപോലും അപകടകരമാവാം. ഇവിടെ കോടതികളുടെ കൈകളേക്കാള്‍ ശക്തം ജനാധിപത്യ സ്ഥാപനങ്ങള്‍ക്കാണെന്ന് തിരിച്ചറിവ് ഉണ്ടാകണം.

ഇത്തരം വിമര്‍ശനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥ നല്‍കുന്ന ചില ടെക്നിക്കല്‍ മറുപടികളുണ്ട്. ഒരു വിധിന്യായത്തില്‍ നിങ്ങള്‍ തൃപ്തരല്ലെങ്കില്‍ നിങ്ങള്‍ക്ക് മേല്‍കോടതിയില്‍ അപ്പീല്‍നല്‍കാം. ഭരണഘടനാപരമായ പ്രശ്നങ്ങള്‍ക്ക് നിങ്ങള്‍ക്ക് ഭരണഘടനാ ബെഞ്ചുവരെ പോകാം. പക്ഷേ, ഗൌരവമുള്ള സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് ഇതൊന്നും കൃത്യമായ പരിഹാരങ്ങളല്ലെന്ന് വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണത്തെയും ന്യൂനപക്ഷ വിദ്യാലയങ്ങളെയും സംബന്ധിച്ച തര്‍ക്കം വിവിധ കോടതികള്‍ ഉരുട്ടിക്കളിക്കുന്ന രീതികൊണ്ടുതന്നെ വ്യക്തമാണ്. വര്‍ഗീയതയും സാമൂഹ്യനീതിയും സംബന്ധിച്ച പ്രശ്നങ്ങള്‍ക്കൊന്നുംതന്നെ ഇന്നത്തെ നീതിന്യായ വ്യവസ്ഥയ്ക്കകത്തുനിന്നുകൊണ്ട് കോടതികള്‍ക്ക് പരിഹാരം കണ്ടുപിടിക്കാന്‍ കഴിയില്ലെന്നു വ്യക്തമാണ്. പിന്നെ ചെയ്യാന്‍ കഴിയുന്നത് കോടതിയിലെ വാദങ്ങള്‍ക്കും സ്വന്തം മുന്‍ധാരണകള്‍ക്കും നിയമപരമായ വ്യാഖ്യാനം നല്‍കുക എന്നതു മാത്രമാണ്. അല്ലെങ്കില്‍ അവയെ സാധാരണ കുറ്റകൃത്യങ്ങളായി കണക്കാക്കി വിചാരണ നടത്തി ശിക്ഷനല്‍കാം. അതുകൊണ്ട് "കുറ്റകൃത്യ''ങ്ങള്‍ക്ക് കാരണമായ സാമൂഹ്യപ്രശ്നങ്ങള്‍ അന്വേഷിക്കാനോ പരിഹാരങ്ങള്‍ കണ്ടെത്താനോ കോടതികള്‍ക്കു കഴിയില്ല. അതവരുടെ വിഷയവുമല്ല ഇപ്പോള്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിയവരെ കുറ്റവാളികളായി കണ്ട് ശിക്ഷിക്കാന്‍ കോടതിക്ക് കഴിഞ്ഞെന്നുവരാം. പക്ഷേ, ആ കുറ്റകൃത്യത്തിലേക്കു നയിച്ച ചേതോവികാരം കേരള സമൂഹത്തില്‍ സംഭവിക്കുന്ന ബീഭത്സമായ ധ്രുവീകരണമാണ്. അതിനെതിരെ കോടതികള്‍ക്ക് എന്തുചെയ്യാന്‍ കഴിയും?

കോടതികളുടെ ഘടനയില്‍ മാറ്റങ്ങള്‍ വരേണ്ട ആവശ്യമാണ് ഇത് കാണിക്കുന്നത്. കോടതികളുടെ അസ്പൃശ്യതയും അലംഘനീയതയും ഇല്ലാതാവുകയും അവ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാകുകയും ചെയ്യേണ്ടത് ആവശ്യമാണ്. അതില്‍നിന്നുകൊണ്ട് അവരുടെ ജോലി കൃത്യമായും കാര്യക്ഷമമായും നടത്തുന്നതിനെ ആരും എതിര്‍ക്കുകയില്ല. കോടതികളെ വിമര്‍ശിക്കുന്നവര്‍ കോടതിയലക്ഷ്യം എന്ന കുറ്റത്തിന് ശിക്ഷിക്കപ്പെടേണ്ടവരാണ് എന്ന ധാരണതന്നെ കോടതികളുടെ ജനാധിപത്യവിരുദ്ധ സ്വഭാവത്തിന്റെ സൂചനയാണ്. നീതിന്യായ വ്യവസ്ഥയാണ് ബഹുമാനിക്കപ്പെടേണ്ടത്. കോടതികള്‍ നീതിന്യായ വ്യവസ്ഥയുടെ മൂര്‍ത്തീകരണമല്ല. നീതിന്യായം സംരക്ഷിക്കേണ്ട സ്ഥാപനങ്ങളാണ്. മറ്റേതു ഭരണകൂട സ്ഥാപനംപോലെ അവയും സോഷ്യല്‍ ആഡിറ്റിംഗിനു വിധേയമാകേണ്ടതാണ്. അതുപോലെ, നിരവധി പ്രാദേശികതര്‍ക്കങ്ങള്‍ കോടതികള്‍ക്കു പോകാതെതന്നെ ജനാധിപത്യ സംവിധാനങ്ങളിലൂടെ പരിഹരിക്കാന്‍ കഴിയും. അഴിമതിയടക്കമുള്ള നിരവധി കുറ്റകൃത്യങ്ങള്‍ പരിശോധിക്കുന്നതിനും സാമൂഹ്യനീതി നടപ്പിലാക്കുന്നതിനും പ്രത്യേക സംവിധാനങ്ങള്‍ ആകാം. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളും കോടതികളില്‍ പോയി കെട്ടിക്കിടക്കേണ്ട ആവശ്യമില്ല. അതുപോലെ, ജുഡീഷ്യല്‍ ആക്ടിവിസത്തിന്റെപേരില്‍ നിലവിലുള്ള നിയമസഭയ്ക്കും എക്സിക്യൂട്ടീവിനും ബദലായി കോടതികള്‍ മാറുകയും അവയ്ക്ക് ഉത്തരവുകളിടുകയും ചെയ്യുകയാണോ അതോ നിയമവാഴ്ചയെ ശക്തിപ്പെടുത്തുന്ന രീതിയിലുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണോ വേണ്ടതെന്ന് കോടതികളും ആലോചിക്കേണ്ടതുണ്ട്. കോടതിയുടെ മുമ്പില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ക്ക് സാമൂഹ്യമായ മാനമുണ്ടായിരിക്കാമെന്നും അയ്ക്കെല്ലാം വെറും ടെക്നിക്കലായ വിധികള്‍കൊണ്ട് ഒരു പ്രയോജനവുമില്ലെന്നുമുള്ള തിരിച്ചറിവും ആവശ്യമാണ്. പല സാമൂഹ്യ പ്രശ്നങ്ങളെയും കുറ്റകൃത്യങ്ങളായി വ്യാഖ്യാനിക്കാനുള്ള പ്രവണത നീതിന്യായ വ്യവസ്ഥയുടെ പാലനത്തെക്കാള്‍ കോടതിയെ സമീപിക്കുന്ന സ്ഥാപിത താല്‍പര്യങ്ങളുടെ സംരക്ഷണത്തിനാകാമെന്നതും പ്രധാനമാണ്.

പൊതുനിരത്തില്‍ മീറ്റിംഗ് നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള കോടതിവിധി കോടതിയുടെതന്നെ മേല്‍പറഞ്ഞ മുന്‍വിധികളുടെ നല്ല തെളിവാണ്. പൊതുനിരത്തില്‍വെച്ച് ആരും യോഗങ്ങള്‍ നടത്താറില്ല. പൊതുനിരത്തിന്റെ ഇരുവശങ്ങളിലേ നടത്താറുള്ളു. അത്തരത്തിലൊരു മീറ്റിങ് നടത്തുന്നതിന് മൈക്ക് പെര്‍മിഷനും മറ്റും വേണ്ടിവരും. അത്തരത്തിലുള്ള ഇടങ്ങളില്‍ വേണ്ട നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ട്രാഫിക് പൊലീസിന് അധികാരമുണ്ട്. സുഗമമായ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നത് പൊതുയോഗങ്ങളല്ല, അനാവശ്യമായ ട്രാഫിക് ബ്ളോക്കുകളും മത വിഭാഗങ്ങളുടെ ഉത്സവങ്ങളും കലാമേളകളുമെല്ലാം തടസ്സങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഗതാഗതം സുഗമമാക്കുന്നതിന് വേണമെങ്കില്‍ കോടതിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാം. ജനാധിപത്യപരമായ സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കേണ്ടത് ഗവണ്‍മെന്റാണ്. ഇതൊന്നും കണക്കിലെടുക്കാതെ ഒരു ഹര്‍ജിയുടെമേല്‍ നടത്തുന്ന ഇത്തരം ന്യായവിധികള്‍ കോടതികള്‍ ജനാധിപത്യ സമൂഹത്തില്‍നിന്നു എത്രമാത്രം അകലുന്നുവെന്നതിന്റെ സൂചനയാണ്. അതുകൊണ്ട് നീതിന്യായവ്യവസ്ഥയുടെ സംരക്ഷണം സാധിക്കുകയില്ല. മറിച്ച് തികഞ്ഞ മുന്‍വിധിയോടെ ജനാധിപത്യ മൂല്യങ്ങളുടെമേല്‍ കുതിരകയറുന്ന കോടതികളെയാണ് നാം സഹിക്കേണ്ടിവരുക.

*
ഡോ. കെ എന്‍ ഗണേശ് കടപ്പാട്: ചിന്ത

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സങ്കീര്‍ണ്ണവും സംഘര്‍ഷാത്മകവുമായ സാഹചര്യങ്ങളിലാണ് നമ്മുടെ കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യം, സെക്കുലറിസം, സാമൂഹ്യനീതി, പൌരാവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍, ലിംഗനീതി തുടങ്ങി ഒട്ടനവധി വിഷയങ്ങളെക്കുറിച്ച് സജീവമായ സംവാദങ്ങളും തര്‍ക്കങ്ങളും നടക്കുകയും ഭരണകൂടങ്ങള്‍ തന്നെ ഇവയില്‍ ഏതെങ്കിലും പക്ഷം ചേര്‍ന്ന് ഇടപെടുകയും ചെയ്യുന്ന സാഹചര്യങ്ങളിലാണ് കോടതികള്‍ക്ക് പ്രവര്‍ത്തിക്കേണ്ടിവരുന്നത്. ഇത്തരം സങ്കീര്‍ണ പ്രശ്നങ്ങളെക്കുറിച്ച് നിലപാടെടുക്കാന്‍ കഴിയുന്ന, ജനാധിപത്യസമൂഹത്തിന്റെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി കോടതികള്‍ക്ക് മാറാന്‍ കഴിയുന്നുണ്ടോ? അതിനാവശ്യമായ വിഭവങ്ങള്‍ ഇന്നു കോടതികളുടെ പക്കല്‍ ലഭ്യമാണോ? സ്വയം സൃഷ്ടിച്ച ഇരുമ്പുമറയ്ക്കുള്ളില്‍നിന്ന് സമൂഹപ്രശ്നങ്ങളുടെ വിധികര്‍ത്താക്കളായി മാറാന്‍ കോടതികള്‍ നടത്തുന്ന ശ്രമം എത്രമാത്രം ജനാധിപത്യ വ്യവസ്ഥയ്ക്ക് ഗുണകരമാണ്? ഇവയെക്കുറിച്ച് സഗൌരവമായ അന്വേഷണം ആവശ്യമായിരിക്കുന്നു. അതിന് നമ്മുടെ നീതിന്യായവ്യവസ്ഥയുടെ വളര്‍ച്ചയും നാം പരിശോധിക്കണം.