നീതിന്യായ വ്യവസ്ഥയോട് യുദ്ധംപ്രഖ്യാപിക്കുകയാണ് സിപിഐ എം എന്നു വരുത്താന്‍ സ്ഥാപിത താല്‍പ്പര്യങ്ങളുള്ള ചില പ്രസ്ഥാനങ്ങളും മാധ്യമങ്ങളും തീവ്രമായി ശ്രമിക്കുന്ന ഘട്ടമാണിത്. ഈ ശ്രമത്തിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് പൊതുനിരത്തുകളിലും ഓരങ്ങളിലും പൊതുസമ്മേളനം നടത്തുന്നതു വിലക്കിയ ഹൈക്കോടതിവിധിയോടുള്ള പ്രതികരണം മുന്‍നിര്‍ത്തി നടക്കുന്ന പ്രചാരണങ്ങള്‍.
രാഷ്‌ട്രീയപാര്‍ടികള്‍ നടത്തുന്ന പൊതുജനബോധവല്‍ക്കരണത്തിന് ജനാധിപത്യവ്യസ്ഥയില്‍ അത്യുന്നത സ്ഥാനമാണുള്ളത്. ആ ബോധവല്‍ക്കരണമാണ് തെരഞ്ഞെടുപ്പില്‍ എങ്ങനെ വിധി എഴുതണമെന്ന നിലപാടില്‍ എത്താന്‍ ജനങ്ങളെ പ്രാപ്‌തരാക്കുന്നത്. അക്ഷരം വായിക്കാനറിയാത്ത കോടാനുകോടി ജനങ്ങളുള്ള രാജ്യത്ത് പൊതുസമ്മേളനങ്ങളിലൂടെയുള്ള ബോധവല്‍ക്കരണമാണ് ജനാധിപത്യത്തെ അര്‍ഥപൂര്‍ണമാക്കുന്നത്. നാടിനെയും തങ്ങളെയും ബാധിക്കുന്ന ഗൌരവമേറിയ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അജ്ഞതയോടെ മഹാഭൂരിപക്ഷംവരുന്ന ജനത വിധിയെഴുതിയാല്‍ ജനാധിപത്യത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ പരാജയപ്പെടുകയേയുള്ളൂ. അത്തരമൊരു അവസ്ഥ നിലനിര്‍ത്താനാണ് വ്യവസ്ഥിതിയുടെ സംരക്ഷകര്‍ എന്നും ശ്രമിച്ചിട്ടുള്ളത്. ഈഅവസ്ഥയുടെ പശ്ചാത്തലത്തില്‍വേണം നിരത്തുവക്കുകളിലെ പ്രചാരണസമ്മേളനങ്ങളെ നിരോധിക്കുന്ന കോടതിവിധിയെ കാണാന്‍.
ജനനിബിഡമായ കേരളത്തില്‍ പൊതുസ്ഥലങ്ങള്‍ക്കു പരിമിതിയുണ്ട്. അതുകൊണ്ടാണ് റോഡരികുകളും കവലകളുമൊക്കെ പൊതുസമ്മേളങ്ങള്‍ക്ക് ഉപയോഗിക്കേണ്ടിവരുന്നത്. ദേശീയതലത്തിലുള്ള നിരക്ഷരത അടക്കമുള്ള പ്രശ്‌നങ്ങള്‍ കേരളത്തില്‍ കാര്യമായി ഇല്ലെങ്കിലും ദൈനംദിന ജോലിത്തിരക്കുകൊണ്ടുംമറ്റും കാര്യങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കാന്‍ സ്വന്തം ശ്രമങ്ങളിലൂടെ സാധിക്കാതെപോകുന്ന വലിയ ജനവിഭാഗത്തിന് പൊതുപ്രശ്‌നങ്ങള്‍ സംബന്ധിച്ച വ്യത്യസ്‌തങ്ങളോ വിരുദ്ധങ്ങള്‍തന്നെയോ ആയ നയങ്ങള്‍ മനസ്സിലാക്കാന്‍ വലിയൊരളവ് ഇത്തരം സമ്മേളനങ്ങള്‍ ഉപയുക്തമാകുന്നു. അമര്‍ത്തിവയ്‌ക്കപ്പെടുന്ന ജനരോഷത്തിന്റെ ജനാധിപത്യ രീതിയിലുള്ള ബഹിര്‍ഗമനമാണ് പ്രതിഷേധപ്രകടനങ്ങളും സമ്മേളനങ്ങളും. ജനാധിപത്യപരമായ അത്തരം പ്രതിഷേധം പ്രകടിപ്പിക്കലുകള്‍ക്ക് അവസരമില്ല എന്നു വന്നാല്‍, അത് ജനതയുടെ ഉള്ളില്‍ പുകഞ്ഞുനീറി ജനാധിപത്യ വിരുദ്ധമായി വഴി തിരിഞ്ഞുപോയെന്നുവരും.
ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ മനസിലാക്കേണ്ടത് രാഷ്‌ട്രീയ പാര്‍ടികള്‍ക്ക് ജനങ്ങളോട് നയനിലപാടുകള്‍ വിശദീകരിക്കാനുള്ള അവകാശത്തിന് ജനാധിപത്യത്തിലുള്ള പ്രസക്തിയെയും പ്രാധാന്യത്തെയുമാണ്. യോഗങ്ങള്‍ ആളൊഴിഞ്ഞ കോണുകളില്‍ നടത്തണമെന്നു നിഷ്‌ക്കര്‍ഷിച്ചാല്‍ ഇതിന്റെ ഉദ്ദേശം നിറവേറില്ല. രാഷ്‌ട്രീയപാര്‍ടികള്‍ക്കുമാത്രമല്ല, പൊതുവായ സാമൂഹ്യ കൂടിച്ചേരലുകള്‍ക്കും മതപരമായ കൂട്ടായ്‌മകള്‍ക്കുംവരെ വിലക്ക് ഏര്‍പ്പെടുത്തലാവും ആത്യന്തിക ഫലം. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന കൂടിച്ചേരലുകള്‍ക്കും പരസ്യമായ അഭിപ്രായപ്രകടനങ്ങള്‍ക്കുമുള്ള അവകാശത്തിന്റെ ധ്വംസനവുമാണത്. ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ കാലംതൊട്ടു നിലനിന്നുവന്ന സ്വാതന്ത്ര്യമാണ് നിഷേധിക്കപ്പെടുന്നത്. നിയമവിരുദ്ധമായി ഈ സ്വാതന്ത്ര്യം ആരെങ്കിലും ദുരുപയോഗിക്കുകയാണെങ്കില്‍ അതിനെ നിയന്ത്രിക്കാനുള്ള വ്യവസ്ഥകള്‍ നിലവിലുണ്ട് എന്നതും ഓര്‍ക്കണം. അതിനപ്പുറത്തുള്ള വിലക്ക് പൌരസമൂഹത്തിന്റെ കൂട്ടായ ആശയ വിനിമയത്തിനും സ്വാതന്ത്ര്യത്തിനുംമേലാവും വന്നുവീഴുക. അത് വിപല്‍ക്കരമായ വഴികളാവും തുറക്കുക.
ഒരുപക്ഷേ, സാമൂഹ്യ മാനങ്ങളുള്ള ഇത്തരം വശങ്ങള്‍ കോടതി ഓര്‍ത്തുകാണില്ല. അതിനു കോടതിയെ കുറ്റം പറയാനുമാവില്ല. സമൂഹജീവിതത്തില്‍നിന്ന് വലിയൊരളവില്‍ അകലംപാലിച്ചു ജീവിക്കാന്‍ നിര്‍ബന്ധിതരായ ന്യായാധിപന്മാര്‍ക്ക് ഇത്തരം സാമൂഹ്യ വശങ്ങള്‍ പെട്ടെന്നു മനസിലാക്കാന്‍ പറ്റാതെ പോകുന്നതില്‍ അസ്വാഭാവികതയില്ല. എന്നാല്‍, ജനങ്ങള്‍ക്കിടയില്‍ അവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ടും അതിനു പരിഹാരം തേടിക്കൊണ്ടും പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ പാര്‍ടികള്‍ക്കും അതിന്റെ നേതാക്കള്‍ക്കും ഇത്തരം വിധിന്യായങ്ങളില്‍ ന്യായാധിപന്മാര്‍ കാണാന്‍ വിട്ടുപോകുന്ന സാമൂഹ്യ വശങ്ങളുണ്ടെങ്കില്‍ അതു ചൂണ്ടിക്കാട്ടാനുള്ള ചുമതലയും ഉത്തരവാദിത്തവുമുണ്ട്. ആ ചുമതലയും ഉത്തരവാദിത്തവും നിര്‍വഹിക്കുക മാത്രമാണ് സിപിഐ എം ചെയ്യുന്നത്. അതാകട്ടെ, വലിയൊരളവില്‍ കോടതിയെ സഹായിക്കലാണ്. കോടതി ശ്രദ്ധിക്കേണ്ട ഒരു കാര്യം ചൂണ്ടിക്കാട്ടിക്കൊടുക്കലാണ്. നേരത്തെ ബന്ദ് നിരോധനം വന്നപ്പോഴും നിര്‍ബന്ധിത ഹര്‍ത്താല്‍ നിരോധനം വന്നപ്പോഴുമൊക്കെ സിപിഐ എം ഇത്തരത്തില്‍ കോടതി കാണാതെപോകുന്ന മറുവശം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്‌കൂളുകളിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചപ്പോഴും കലാശാലകളില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് രീതി മാറ്റാന്‍ നിര്‍ദേശിച്ചപ്പോഴുമൊക്കെ ജനാധിപത്യത്തിന്റെ സത്ത ചോര്‍ത്തിക്കളയുന്ന തരത്തിലുള്ള ഇടപെടലാവും അത് എന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അത്തരം ചൂണ്ടിക്കാട്ടലുകളെ മുമ്പ് ഉന്നത ന്യായാധിപ സ്ഥാനങ്ങളിലുള്ള പ്രഗത്ഭമതികള്‍പോലും ശ്ളാഘിക്കുകയുമുണ്ടായി.
ഇപ്പോഴത്തെ ശ്രമവും അത്തരത്തിലുള്ള ഒന്നാണ്. നമ്മുടെ ജനാധിപത്യത്തെ കഴമ്പുള്ളതാക്കി നിലനിര്‍ത്താനുദ്ദേശിച്ചുള്ളതാണ്. ജനാധിപത്യ പ്രക്രിയ ദുര്‍ബലപ്പെട്ടാല്‍ ആ ഇടം ജനാധിപത്യ വിരുദ്ധ ശക്തികള്‍ കൈയടക്കുമെന്ന് ഓര്‍മിപ്പിക്കുന്ന തരത്തിലുള്ളതാണ്. ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്ക് ഇടമില്ലാതായാല്‍ ജനവിരുദ്ധ നടപടികള്‍ക്കെതിരെ പുകഞ്ഞുനീറുന്ന അമര്‍ഷവും പ്രതിഷേധവും ജനാധിപത്യവിരുദ്ധവും രാഷ്‌ട്രവിരുദ്ധവുമായ മാര്‍ഗങ്ങളിലേക്ക് വഴിതിരിച്ചുവിടാന്‍ ഛിദ്രശക്തികള്‍ ദുരുദ്ദേശ്യത്തോടെ ശ്രമിക്കുമെന്ന് ചൂണ്ടിക്കാട്ടുന്ന തരത്തിലുള്ളതാണ്. സ്വാഭാവികമായും ഇതിനെ ജുഡീഷ്യറി സ്വാഗതംചെയ്യേണ്ടതാണ്. കാരണം ജനാധിപത്യമൂല്യങ്ങളും രാഷ്‌ട്രതാല്‍പ്പര്യവും മുന്‍നിര്‍ത്തിയുള്ള ഇടപെടലാണത്. പക്ഷേ, ഇവിടെ സിപിഐ എമ്മിനെക്കുറിച്ച് ജുഡീഷ്യറിയില്‍ തെറ്റിദ്ധാരണയുളവാക്കാന്‍ ഇതിനെയൊക്കെ ദുര്‍വ്യാഖ്യാനംചെയ്ത് അവതരിപ്പിക്കുകയാണ് ചില സ്ഥാപിത താല്‍പ്പര്യക്കാരും അത്തരം താല്‍പ്പര്യമുള്ള ചില മാധ്യമങ്ങളും.
ഈ വിഷയം സംബന്ധിച്ച് പ്രസംഗിച്ച ചില സിപിഐ എം നേതാക്കളുടെ പ്രസംഗത്തിന്റെ 'സ്പിരിറ്റ്' ജനാധിപത്യ സംവിധാനത്തിന്റെ താല്‍പ്പര്യത്തിലുള്ളതാണെന്ന സത്യത്തെ മറച്ചുപിടിക്കാനും, പ്രസംഗത്തിനിടയില്‍ വീണുകിട്ടിയ ഒരു വാക്കിനെ പൊക്കിപ്പിടിച്ച് സിപിഐ എം ആകെ ജുഡീഷ്യറിയെ വകവരുത്താന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ള പ്രസ്ഥാനമാണെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമം നടത്തുകയാണവര്‍ ചെയ്‌തത്. പ്രസംഗത്തിലെ ഒരു വാക്കല്ല, പ്രസംഗത്തിന്റെ പൊതുവികാരമാണ് പ്രധാനം. ആ പൊതുവികാരം നാടിന്റെയും ജനങ്ങളുടെയും പൊതു താല്‍പ്പര്യത്തിലുള്ളതാണ്. എന്നാല്‍, ഒരു വാക്കുകൊണ്ട് ആ പൊതുവികാരത്തിന് മറയിടാനാണ് ചിലരുടെ ശ്രമം.
ഈ പശ്ചാത്തലത്തില്‍ ഒരു കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കട്ടെ. ജുഡീഷ്യറിക്കെതിരെ യുദ്ധവുമായി ഇറങ്ങിത്തിരിക്കുന്ന പ്രസ്ഥാനമല്ല സിപിഐ എം. ജനാധിപത്യസംരക്ഷണത്തിനുവേണ്ടിയുള്ള ഇടപെടലിനെ ജുഡീഷ്യറിക്കെതിരായ യുദ്ധമായി ആരും ചിത്രീകരിക്കേണ്ടതില്ല. കോടതി നടത്തിയ വിധിപ്രസ്‌താവം ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും അവരുടെ ജനാധിപത്യാവകാശങ്ങള്‍ക്കും അപകടകരമാണ്. അതുകൊണ്ട് കോടതിതന്നെ അത് തിരുത്തണമെന്ന അഭിപ്രായം ഉത്തരവാദപ്പെട്ട രാഷ്‌ട്രീയ പ്രസ്ഥാനം എന്ന നിലയ്‌ക്ക് ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ ആ അഭിപ്രായം പറയുന്നത് കോടതിയെ അധിക്ഷേപിക്കാനോ ജഡ്‌ജിമാരെ അപകീര്‍ത്തിപ്പെടുത്താനോ അല്ല, അപകടപ്പെടാനിടയുള്ള പൌര-മൌലിക-ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിച്ചുനിര്‍ത്താനാണ്.
ജനാധിപത്യം നിലനില്‍ക്കേണ്ടത് ജുഡീഷ്യറിയുടെകൂടി ആവശ്യമാണെന്ന കാര്യത്തില്‍ ന്യായാധിപന്മാര്‍ക്ക് സംശയമുണ്ടാവാനിടയില്ല. സ്വാതന്ത്ര്യവും ജനാധിപത്യവും പരമാധികാരവും ഒക്കെ അപകടപ്പെട്ടാല്‍ ജുഡീഷ്യറിക്കുമാത്രമായി വേറിട്ട നിലനില്‍പ്പില്ല. ജനാധിപത്യം തകര്‍ന്നാല്‍ ഉണ്ടാകാനിടയുള്ള അവസ്ഥയില്‍ ഏതുതരം നീതിന്യായ സംവിധാനമാണുണ്ടാവുക? അതുകൊണ്ട് ജനാധിപത്യസംരക്ഷണം എന്ന ഉദാത്തമായ ലക്ഷ്യം മുന്‍നിര്‍ത്തി സിപിഐ എം നടത്തുന്ന ഇടപെടലുകള്‍, അത് ഒരു കോടതിവിധി മുന്‍നിര്‍ത്തിയാണെങ്കില്‍പ്പോലും ജുഡീഷ്യറിയുടെ സ്വതന്ത്രവും നിര്‍ഭയവും ന്യായയുക്തവുമായ നിലനില്‍പ്പിന്റെ സംരക്ഷണത്തിനുവേണ്ടിക്കൂടിയുള്ളതാണ് എന്ന നിലയ്‌ക്കാണ് കാണേണ്ടത്.
ലെജിസ്ളേച്ചറിനും എൿസിക്യൂട്ടീവിനും ജുഡീഷ്യറിക്കും അതിന്റേതായ മേഖലകളുണ്ട്. ഇവ പരസ്പരം ആദരവോടെയുള്ള സമീപനം നിലനിര്‍ത്തേണ്ടതുണ്ട്. പരസ്പരധാരണയോടെയുള്ള അവയുടെ നിലനില്‍പ്പാണ് ജനാധിപത്യത്തിന്റെ നിലനില്‍പ്പിനുള്ള ഗ്യാരന്റി. ഒന്ന്, മറ്റൊന്നിന്റെ മേഖലയിലേക്ക് കടന്നുകയറുന്ന സ്ഥിതി വന്നാല്‍ അത് ജനാധിപത്യത്തിന്റെ തകര്‍ച്ചയിലാവും ചെന്നെത്തുക. അതേപോലെ ഇവ ഓരോന്നും അതതിന്റെ അധികാരമേഖലയ്‌ക്ക് പുറത്തേക്ക് നീങ്ങിയാല്‍ അതും വിനാശകരമാകും.
നിയമനിര്‍മാണത്തിന്റെ മേഖല ലെജിസ്ളേച്ചര്‍ നോക്കട്ടെ. ഭരണനിര്‍വഹണം എൿസിക്യൂട്ടീവ് നടത്തട്ടെ. നിയമത്തിന്റെ വ്യാഖ്യാനവും വിധിതീര്‍പ്പും എന്നിടത്ത് ജുഡീഷ്യറി വ്യാപരിക്കട്ടെ. അതാണ് ജനാധിപത്യത്തിന്റെ വഴി. അക്കാര്യം ഓര്‍മിപ്പിക്കുന്ന ഇടപെടലേ സിപിഐ എം നടത്തിയിട്ടുള്ളൂ. സുവ്യക്തമായ ഈ നിലപാടിനെ മറച്ചുപിടിച്ച് നീതിന്യായ സംവിധാനത്തോട് യുദ്ധം പ്രഖ്യാപിക്കുകയാണ് സിപിഐ എം എന്ന് ജുഡീഷ്യറിയെ ധരിപ്പിക്കാന്‍ ചില സ്ഥാപിതതാല്‍പ്പര്യക്കാര്‍ ഇവിടെ ശ്രമിക്കുന്നുണ്ട്. അതേപോലെ, ജുഡീഷ്യറിയില്‍ നിന്നുണ്ടാവുന്ന പരാമര്‍ശങ്ങളെ പശ്ചാത്തലത്തില്‍ നിന്നടര്‍ത്തിമാറ്റിയും ഊതിപ്പെരുപ്പിച്ചും പകുതി തമസ്‌ക്കരിച്ചും ഒരു പാതിമാത്രം അവതരിപ്പിച്ചും ജുഡീഷ്യറി സിപിഐ എമ്മിനെ ശാസിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും സ്ഥാപിതതാല്‍പ്പര്യക്കാര്‍ നടത്തുന്നുണ്ട്.
ഇതിനു രണ്ടിനുമെതിരെ ഭരണഘടനാ സ്ഥാപനങ്ങള്‍തൊട്ട് പൊതുസമൂഹംവരെ ജാഗ്രതപാലിക്കണം. ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നവരുടെ ഗൂഢരാഷ്‌ട്രീയലക്ഷ്യമെന്താണെന്നത് തിരിച്ചറിയുകയും വേണം. വിധിന്യായങ്ങളില്‍ പോരായ്‌മകളുണ്ടെന്നു തോന്നിയാല്‍, അത് ചൂണ്ടിക്കാട്ടുകയോ അതിനെ വിമര്‍ശിക്കുക തന്നെയോ ചെയ്‌താല്‍ അതില്‍ അപാകതയൊന്നുമില്ലെന്ന് ഉയര്‍ന്ന ന്യായാധിപന്മാര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആ നിര്‍വചനത്തിന്റെ പരിധിക്കുള്ളില്‍ നില്‍ക്കുന്ന വിമര്‍ശമാണ് സിപിഐ എമ്മില്‍നിന്ന് ഉണ്ടായത്. അതാകട്ടെ, ജനാധിപത്യക്രമത്തിന്റെ പരിരക്ഷ എന്ന നല്ല ഉദ്ദേശംമാത്രം നിലനിര്‍ത്തിയുള്ളതാണുതാനും.
ഇത് സിപിഐ എമ്മിന്റെ പുതിയ നിലപാടൊന്നുമല്ല. നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന ഘടനയെക്കുറിച്ചുതന്നെ വിമര്‍ശമുള്ള പ്രസ്ഥാനമാണ് സിപിഐ എം. ഇതു രഹസ്യവുമല്ല. പാര്‍ടി പരിപാടി എന്ന പരസ്യരേഖയില്‍തന്നെ സിപിഐ എം അതിന്റെ വിമര്‍ശനം മുമ്പോട്ടുവച്ചിട്ടുണ്ട്. "തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും അധ്വാനിക്കുന്ന മറ്റു ജനവിഭാഗങ്ങൾക്കും പ്രതികൂലമായാണ് നീതിന്യായവ്യവസ്ഥ നിലകൊള്ളുന്നത് “എന്ന് പാർട്ടി പരിപാടിയിൽ സി പി ഐ എം പറഞ്ഞിട്ടുണ്ട്. “ഔപചാരികമായി ധനികരും ദരിദ്രരും തത്വത്തിൽ തുല്യരാണെങ്കിലും സാരാംശത്തിൽ നീതിന്യായ വ്യവസ്ഥ ചൂഷകവർഗങ്ങളുടെ താൽപ്പര്യങ്ങൾ നിറവേറ്റുകയും അവരുടെ വർഗഭരണത്തെ ഉയ്രത്തിപ്പിടിക്കുകയും ചെയ്യുന്നു”എന്നും പറഞ്ഞിട്ടുണ്ട്.
ഇതാകട്ടെ, ഇന്നത്തെ വ്യവസ്ഥിതി ജുഡീഷ്യറിയെപ്പോലും ഈ വിധത്തിലാക്കിത്തീർത്തിരിക്കുന്നു എന്ന വിമർശമാണ്.
“നീതിന്യായവ്യവസ്ഥയെ ഭരണനിർവഹണഘാനയിൽ നിന്ന് വേർപെടുത്തണമെന്ന ബൂർഷ്വാ ജനാധിപത്യതത്വം പോലും പൂർണമായി പാലിക്കപ്പെടാതെ നിർവഹണാധികാരികളുടെ സ്വാധീനത്തിനും നിയന്ത്രണത്തിനും നീതിന്യായ വ്യവസ്ഥ വശംവദമാകുന്നു ” എന്നാണ് പാർട്ടി പരിപാടിയിൽ പറഞ്ഞിട്ടുള്ളത്.
ജനാധിപത്യ തത്വങ്ങൾക്കും മൌലികാവകാശങ്ങൾക്കും എതിരായ വിധിന്യായങ്ങൾ ജുഡീഷ്യറിയിൽ നിന്നുണ്ടാകുമ്പോൾ ഞങ്ങൾ അതിനെക്കാണുന്നത്, അത്തരത്തിലുള്ള വിധികൾ പുറപ്പെടുവിക്കുവാൻ പാകത്തിലുള്ള ഒന്നാക്കി വ്യവസ്ഥിതി അതിനെ രൂപപ്പെടുത്തിയിരിക്കുന്നു എന്ന അർഥത്തിൽക്കൂടിയാണ്.
അത് മുൻനിറുത്തിയുള്ള വിമർശങ്ങളാകട്ടെ, പൂർണ അർഥത്തിൽ ജനങ്ങൾക്ക് നീതി ലഭിക്കുന്നതും ജനവിശ്വാസം ആർജിക്കുന്ന തരത്തിൽ ഇടപെടുന്നതുമായ ഒരു സ്വതന്ത്ര സംവിധാനമായി ജുഡീഷ്യറി നിലനിൽക്കുന്ന ഒരു സാമൂഹ്യ വ്യവസ്ഥ സ്ഥാപിച്ചെടുക്കണമെന്ന ചിന്തയിൽ നിന്നാണ് . വ്യവസ്ഥിതിയുടെ മാറ്റത്തിലൂടെയല്ലാതെ അത്തരത്തിലൊരു മാറ്റം സാധ്യമല്ല.
അതുവരെ, ജുഡീഷ്യറിയിൽ നിന്ന് ജനാധിപത്യമൂല്യങ്ങൾക്കും പൌരാവകാശങ്ങൾക്കും ആപത്തുണ്ടാക്കിയേക്കാവുന്ന ഇടപെടലുകൾ ഉണ്ടായി എന്നു വരാം. അതുണ്ടാവുമ്പോൾ അതേക്കുറിച്ച് ജാഗ്രതപ്പെടുത്തേണ്ടവരാണ് ഞങ്ങൾ എന്ന ബോധമാണ് ഞങ്ങൾക്കുള്ളത്.
*****
പിണറായി വിജയന്‍, കടപ്പാട് : ദേശാഭിമാനി
Subscribe to:
Post Comments (Atom)
1 comment:
നീതിന്യായ വ്യവസ്ഥയോട് യുദ്ധംപ്രഖ്യാപിക്കുകയാണ് സിപിഐ എം എന്നു വരുത്താന്‍ സ്ഥാപിത താല്‍പ്പര്യങ്ങളുള്ള ചില പ്രസ്ഥാനങ്ങളും മാധ്യമങ്ങളും തീവ്രമായി ശ്രമിക്കുന്ന ഘട്ടമാണിത്. ഈ ശ്രമത്തിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് പൊതുനിരത്തുകളിലും ഓരങ്ങളിലും പൊതുസമ്മേളനം നടത്തുന്നതു വിലക്കിയ ഹൈക്കോടതിവിധിയോടുള്ള പ്രതികരണം മുന്‍നിര്‍ത്തി നടക്കുന്ന പ്രചാരണങ്ങള്‍.
പിണറായി വിജയന്‍ എഴുതുന്നു
Post a Comment