Saturday, July 31, 2010

അട്ടിമറിക്കപ്പെട്ട ഇന്ത്യാ-പാക് ചര്‍ച്ച

സാര്‍ക്ക് ഉച്ചകോടിയ്ക്കിടയില്‍ ഡോ. മന്‍മോഹന്‍സിങ്ങും പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും തമ്മില്‍ നടത്തിയ ചര്‍ച്ചയാണ്, 2008ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് മുടങ്ങിയ ഇന്ത്യാ-പാകിസ്ഥാന്‍ ചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന്‍ വച്ചത്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ തിമ്പുചര്‍ച്ചയോടെ വഴിത്തിരിവാകും എന്ന് പ്രതീക്ഷിച്ചവരെ നിരാശരാക്കുന്നതാണ്, ജൂലൈ 16ന് ഇസ്ളാമാബാദില്‍ നടന്ന വിദേശകാര്യമന്ത്രിതല ചര്‍ച്ച. അതിര്‍ത്തി കടന്നുള്ള ഭീകരത എന്ന കടമ്പയില്‍ തട്ടി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് എം കൃഷ്ണയും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മുഹമൂദ് ഖുറേഷിയും തമ്മിലുള്ള ചര്‍ച്ച അലസുകയാണുണ്ടായത്. ഇനിയും ചര്‍ച്ച തുടരും എന്ന ഇരുപക്ഷത്തിന്റെയും വാക്കുകള്‍ മാത്രമാണ് പ്രതീക്ഷയ്ക്ക് വകനല്‍കുന്നത്.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ നയതന്ത്ര വിദഗ്ധനോ ആ രംഗത്തെ പരിചയസമ്പന്നനോ ഒന്നും അല്ലെങ്കിലും വിദേശയാത്രകള്‍ ആഘോഷമാക്കിയ ആളാണ്. കര്‍ണാടക രാഷ്ട്രീയത്തില്‍നിന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ അമരക്കാരനായി അദ്ദേഹം എത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ടതേയുള്ളൂവെങ്കിലും ഇതിനകം 27 രാജ്യങ്ങളിലേക്കായി 32 പര്യടനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അയല്‍ രാജ്യമായ പാകിസ്ഥാനിലേക്ക് ഇതാദ്യമായാണ് വിദേശകാര്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം കാലുകുത്തുന്നത്. പഞ്ചഭൂഖണ്ഡങ്ങളും താണ്ടിയുള്ള നിരന്തരമായ ഈ വിദേശ യാത്രകള്‍ക്കിടയില്‍ അനിവാര്യമായും ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്തേണ്ട അയല്‍ രാജ്യങ്ങളിലേക്കൊന്നും പോകാന്‍ അദ്ദേഹത്തിന് സമയം ലഭിച്ചിരുന്നതേ ഇല്ല.) എന്നാലും തന്റെ കന്നി യാത്രകൊണ്ടുതന്നെ പാകിസ്ഥാന്‍ മാധ്യമങ്ങളുടെ ശ്രദ്ധയും ആദരവും പിടിച്ചെടുക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിക്ക് കഴിഞ്ഞു എന്നത് മറ്റൊരുകാര്യം. വിദേശ നയതന്ത്രരംഗത്ത് പരിചയമോ ഇതിനകം എന്തെങ്കിലും മികവോ തെളിയിച്ചിട്ടില്ലെങ്കിലും ഖുറേഷിയുമായും പാകിസ്ഥാനിലെ മാധ്യമങ്ങളുമായുമുള്ള ഇടപെടലുകളില്‍ കൃഷ്ണ തികഞ്ഞ പക്വതയാണ് പ്രകടിപ്പിച്ചതെന്ന കാര്യത്തില്‍ വലിയ ഭിന്നാഭിപ്രായത്തിന് ഇടയില്ല.

എന്നിട്ടും എന്തേ ഇസ്ളാമാബാദില്‍ നടന്ന കൂടിയാലോചനയില്‍ ഫലം കാണാന്‍ കഴിഞ്ഞില്ല? തിമ്പുചര്‍ച്ചയില്‍ മന്‍മോഹന്‍സിങ്ങും ഗിലാനിയും തമ്മിലുണ്ടാക്കിയ ധാരണ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള എല്ലാ തര്‍ക്ക പ്രശ്നങ്ങളും ഇരുകൂട്ടര്‍ക്കും താല്‍പര്യമുള്ള മറ്റു വിഷയങ്ങളും ചര്‍ച്ചചെയ്യാമെന്നും അതിന്റെ ആദ്യപടിയായി "നഷ്ടപ്പെട്ട പരസ്പരവിശ്വാസം'' വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്നും ആയിരുന്നു. വിദേശകാര്യമന്ത്രിതല ചര്‍ച്ചയ്ക്കുമുമ്പ് ജൂണില്‍ ഇന്ത്യന്‍ വിദേശകാര്യസെക്രട്ടറി നിരുപമ റാവുവും പാകിസ്ഥാന്‍ വിദേശകാര്യസെക്രട്ടറി സല്‍മാന്‍ ബഷീറും തമ്മില്‍ നടത്തിയ അരങ്ങൊരുക്കലും മന്ത്രിമാരുടെ ചര്‍ച്ചയ്ക്കുള്ള അജണ്ട നിശ്ചയിക്കുന്നതിനുവേണ്ടിയുള്ള കൂടിയാലോചനയും അലോസരങ്ങള്‍ ഒന്നുമില്ലാതെയാണ് പിരിഞ്ഞത്്. ഇസ്ളാമാബാദില്‍ വിമാനമിറങ്ങിയ കൃഷ്ണ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചതും നിലവിലുള്ള എല്ലാ വിഷയങ്ങളെയും സംബന്ധിച്ച് ചര്‍ച്ചചെയ്യുമെന്നാണ്. എന്നിട്ടും ഔപചാരികമായ ചര്‍ച്ച പാളംതെറ്റി എന്നതാണ് പ്രത്യേകത.

ചര്‍ച്ചകള്‍ക്കൊടുവില്‍ ഇസ്ളാമാബാദില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രതികരിച്ചത,് തനിക്ക് വ്യക്തമായ 'മാന്‍ഡേറ്റ്' ഉണ്ടായിരുന്നുവെന്നും ആ 'കല്‍പന'കളുടെ പരിധിയില്‍നിന്നു മാത്രമാണ് താന്‍ ചര്‍ച്ചയില്‍ പങ്കെടുത്തതെന്നുമാണ്. അതിര്‍ത്തി കടന്നുള്ള ഭീകരതയെയും മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ പ്രതിയായി ഇന്ത്യ കണ്ടെത്തിയ ലഷ്കറെ തോയ്ബയുടെ നേതാവ് ഹഫീസ് സെയ്ദിനെതിരെയുള്ള നടപടികളെയും സംബന്ധിച്ച് ചര്‍ച്ചചെയ്ത് ധാരണയില്‍ എത്തിയശേഷം മതി മറ്റു ചര്‍ച്ചകള്‍ എന്ന നിലപാടായിരുന്നു ഇന്ത്യന്‍ ഭാഗത്തുനിന്ന് സ്വീകരിച്ചത്. അതിനുള്ള മാന്‍ഡേറ്റായിരുന്നു കൃഷ്ണയ്ക്ക് ലഭിച്ചിരുന്നത്. യഥാര്‍ത്ഥത്തില്‍ ഈ ചര്‍ച്ച പരാജയപ്പെട്ടതിന്റെ ഒരു കാരണം ഈ മാന്‍ഡേറ്റുതന്നെ ആയിരുന്നു. കൂടുതല്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ളതും പാകിസ്ഥാന്റെ ഭരണതലത്തിലും പുറത്തും പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതുമായ സങ്കീര്‍ണപ്രശ്നം ആദ്യം ചര്‍ച്ചചെയ്ത് തീര്‍പ്പാക്കിയ ശേഷം മതി മറ്റു ചര്‍ച്ചകള്‍ എന്ന മാന്‍ഡേറ്റ് സുഗമമായ ചര്‍ച്ചയ്ക്കോ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനോ പര്യാപ്തമായതായിരുന്നില്ല. (ഇന്ത്യയുടെ വിദേശനയ പ്രശ്നങ്ങള്‍ പ്രധാനമായും ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് വിദേശകാര്യമന്ത്രിക്കു മുകളില്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സുരക്ഷാ ഉപദേഷ്ടാവും-മുമ്പ് എം കെ നാരായണന്‍, ഇപ്പോള്‍ ശിവശങ്കര്‍മേനോന്‍-ആണെന്നതാണ് യാഥാര്‍ത്ഥ്യം. അപ്പോള്‍ കൃഷ്ണയ്ക്ക് ലഭിച്ച മാന്‍ഡേറ്റിന്റെ ഉറവിടം വ്യക്തം).

2008ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യാ-പാക് തുടര്‍ ചര്‍ച്ചകള്‍ മുടങ്ങിയത്. മുടങ്ങിയ ഇടത്തുനിന്ന് തുടങ്ങാനുള്ള വിവേകവും ജാഗ്രതയുമായിരുന്നു ഇന്ത്യാ ഗവണ്‍മെന്റ് പാലിക്കേണ്ടിയിരുന്നത്. തര്‍ക്ക പ്രശ്നങ്ങളിലേക്ക് കടക്കുന്നതിനുമുമ്പ് അവ ചര്‍ച്ചചെയ്യുന്നതിനു പറ്റിയ സൌഹൃദ അന്തരീക്ഷം സൃഷ്ടിക്കലാണ് നയതന്ത്ര ചര്‍ച്ചകളിലെ പ്രധാന കാര്യം. വ്യാപാരം, സാംസ്കാരിക വിനിമയം, ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും യാത്രയും ഇത്തരം കാര്യങ്ങളില്‍ മുമ്പുണ്ടായ ധാരണകളുടെ തുടര്‍ച്ച ഉറപ്പാക്കിയിട്ടാണ് മറ്റു പ്രശ്നങ്ങളിലേക്ക് കടക്കേണ്ടിയിരുന്നത്. 2008ലെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടശേഷം മറ്റു പ്രശ്നങ്ങളിലേക്ക് കടക്കാമെന്ന പിടിവാശിതന്നെ തിമ്പുചര്‍ച്ചകളെ തുടര്‍ന്നുണ്ടായ അനുകൂല അന്തരീക്ഷത്തില്‍നിന്നുള്ള പിന്നോക്കം പോകലാണ്. കീഴ്വഴക്കങ്ങളും ഇതല്ല. 2001-ല്‍ കാര്‍ഗില്‍ യുദ്ധാനന്തരമായിരുന്നു, ആ യുദ്ധത്തിന്റെ മുഖ്യ സൂത്രധാരനായ മുഷാറഫുമായി എ ബി വാജ്പേയി ഇസ്ളാമാബാദില്‍ ചര്‍ച്ചനടത്തിയത്. അന്ന് അതിര്‍ത്തിത്തര്‍ക്കം പരിഹരിച്ചിട്ട് മറ്റു ചര്‍ച്ച എന്ന നിലപാടല്ല ഇരുപക്ഷവും സ്വീകരിച്ചത്. ഭീകരതയുടെ പേരില്‍ 2004ലെ ആഗ്രാ ചര്‍ച്ച അലസിയെങ്കിലും 2005 ജനുവരിയില്‍ നടന്ന മുഷാറഫ്-വാജ്പേയി കൂടിക്കാഴ്ചയില്‍ കാശ്മീരിന്റെ കാര്യമടക്കം ചര്‍ച്ചചെയ്യാമെന്ന അനുകൂല അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതും ഇടയ്ക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞ സൌഹാര്‍ദ്ദപരമായ ഇടപെടലുകളുടെയും ധാരണകളുടെയും ഫലമായിട്ടായിരുന്നു.

ഇന്ന് പാകിസ്ഥാനില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് നിലവിലുള്ളത്. പാകിസ്ഥാനില്‍ ജനാധിപത്യം സുസ്ഥിരമാകേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളവും പ്രധാനമാണ്. അതിന് അനുയോജ്യമായ നിലപാടായിരിക്കണം ചര്‍ച്ചകളില്‍ ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിക്കേണ്ടത്. പാകിസ്ഥാനില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അധികാരത്തിലെത്തി എങ്കിലും വര്‍ഷങ്ങളായി അധികാരത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ പിടിമുറുക്കിയിട്ടുള്ള മതമൌലികശക്തികളെയും സൈന്യത്തിന്റെ സ്വാധീനത്തെയും അതീജീവിക്കാനുള്ള കെല്‍പ് പുതിയ ഭരണ സംവിധാനത്തിന് ഇനിയും കൈവരിക്കാനായിട്ടില്ല. തന്ത്രപരമായി കൈകാര്യംചെയ്തില്ലെങ്കില്‍ പാകിസ്ഥാനിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഇന്ത്യക്ക് കീഴ്പ്പെടുകയാണെന്ന് പ്രചാരണംനടത്താന്‍ മതമൌലികവാദികള്‍ക്കും ഇന്ത്യയുമായി സംഘര്‍ഷം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന സൈന്യത്തിനും അവസരം നല്‍കുകയായിരിക്കും.

മുംബൈ ഭീകരതയെ സംബന്ധിച്ച പ്രശ്നങ്ങളില്‍ പാകിസ്ഥാന്‍ സര്‍ക്കാരിന് അവിടത്തെ കോടതിയെയും സൈന്യത്തെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തി നീങ്ങാനുള്ള അവസരം നല്‍കത്തക്കവിധം അവധാനതയോടെയുള്ള നീക്കമായിരുന്നു ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടിയിരുന്നത്. ഭീകരത പാകിസ്ഥാന്റെയും പ്രശ്നമാണെന്ന ധാരണയിലുമായിരുന്നു നീക്കങ്ങള്‍ നടത്തേണ്ടത്. എന്നാല്‍ ഇതാകെ മറന്നുകൊണ്ടുള്ള അജണ്ട നിശ്ചയിക്കലും തുടര്‍ നീക്കങ്ങളുമാണ് ചര്‍ച്ച പരാജയപ്പെടാന്‍ ഇടയാക്കിയത്.

എസ് എം കൃഷ്ണയുടെ പാകിസ്ഥാന്‍ സന്ദര്‍ശനത്തിന് തൊട്ടുമുമ്പത്തെ ദിവസം ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഗോപാല്‍കൃഷ്ണപിള്ള ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശംതന്നെ പാകിസ്ഥാനില്‍ പ്രതികൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതായിരുന്നു. മുംബൈ ആക്രമണത്തില്‍ "തുടക്കംമുതല്‍ ഒടുക്കംവരെ'' പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ-പ്രത്യേകിച്ചും പാക് ചാരസംഘടനയായ ഐഎസ്ഐയുടെ - ഇടപെടലും പിന്തുണയും ഉണ്ടായിരുന്നു എന്ന് അമേരിക്കന്‍ പൌരനും ഇപ്പോള്‍ അമേരിക്കയില്‍ തടവിലുമായ ലഷ്കറെ തോയ്ബ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ഏജന്‍സി (എന്‍ഐഎ) ചോദ്യംചെയ്തപ്പോള്‍ വ്യക്തമായി എന്നാണ് ഗോപാല്‍കൃഷ്ണപിള്ള പറഞ്ഞത്. മൂന്നാഴ്ച മുമ്പാണ് ആഭ്യന്തരമന്ത്രി ചിദംബരം ഇസ്ളാമാബാദിലെത്തി പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കുമായി ചര്‍ച്ചചെയ്യുകയും ഹെഡ്ലിയെ ചോദ്യംചെയ്ത വിവരങ്ങളടക്കം കൈമാറുകയും ചെയ്തത്. അന്നത്തെ പത്രസമ്മേളനത്തില്‍ ഇക്കാര്യം വിളമ്പാതിരിക്കാനുള്ള ഔചിത്യം ചിദംബരം കാണിച്ചിരുന്നു. മാത്രമല്ല, ഹെഡ്ലിയെപ്പോലെ മുംബൈ ആക്രമണത്തിന് ചുക്കാന്‍പിടിച്ച ഒരാള്‍, ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അതിന്റെ പേരില്‍ യുദ്ധമുണ്ടാകണമെന്ന് കാംക്ഷിച്ച ഒരാള്‍, ലഷ്കറെയ്ക്കൊപ്പം അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ ഏജന്റും കൂടിയായ ഹെഡ്ലി, നല്‍കിയ മൊഴിയുടെ വിശ്വാസ്യതയടക്കം പരിശോധിക്കേണ്ടതുണ്ടായിരുന്നു. അത്തരം ഒരു പരിശോധനയ്ക്കുവേണ്ടിയും തുടര്‍ നടപടികള്‍ക്കുമായിട്ടായിരുന്നു ചിദംബരം റഹ്മാന്‍ മാലിക്കിന് വിവരങ്ങള്‍ കൈമാറിയത്. അന്ന് ചിദംബരത്തിന്റെ കൂടെയുണ്ടായിരുന്ന ജി കെ പിള്ള ഇപ്പോള്‍ വിദേശകാര്യമന്ത്രിമാരുടെ ചര്‍ച്ചയുടെ വേളയില്‍ ഇത്തരം ഒരു പരസ്യപ്രസ്താവന നടത്തിയത് തികച്ചും ദുരൂഹമാണ്. ഒരുപക്ഷേ, ഈ ചര്‍ച്ച പരാജയപ്പെടാന്‍ ഇടയാക്കിയതില്‍ മുഖ്യപങ്കുവഹിച്ചത് ജി കെ പിള്ളയുടെ അനവസരത്തിലുള്ള ഈ വെളിപ്പെടുത്തലാണ്. പക്ഷേ, ആഭ്യന്തര സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ ഒറ്റപ്പെട്ടതോ അദ്ദേഹത്തിന്റെ സ്വന്തം തലത്തില്‍ മാത്രം നടത്തിയതോ അല്ല എന്നതാണ് വിദേശകാര്യമന്ത്രിമാരുടെ ചര്‍ച്ചയെ തുടര്‍ന്നുള്ള ദിവസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനും ഇക്കാര്യം ആവര്‍ത്തിച്ചതില്‍നിന്ന് വ്യക്തമാകുന്നത്. പാകിസ്ഥാനുമായുള്ള ബന്ധം സാധാരണഗതിയിലും സൌഹാര്‍ദ്ദപരമായും ആക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് തയ്യാറായിട്ടില്ല എന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. അതോ ഇന്ത്യ-പാക് ചര്‍ച്ചകള്‍ അമേരിക്കന്‍ ഇടപെടലിലും മധ്യസ്ഥതയിലും മാത്രം നടക്കേണ്ടതാണ് എന്ന ഇന്ത്യയിലെ അമേരിക്കന്‍ അനുകൂല ലോബിയുടെ അജണ്ട നടപ്പാക്കുകയാണോ ഈ ഉദ്യോഗസ്ഥ പ്രമാണിമാര്‍? അങ്ങനെ എങ്കില്‍ മന്‍മോഹന്‍സിങ്ങിന്റെ മനസ്സും അവരോടൊപ്പം ആകാതെ തരമില്ല.

ലഷ്ക്കര്‍ ഭീകരന്‍ ഹാഫിസ് സെയ്ദിനെയും ജി കെ പിള്ളയെയും തുല്യതപ്പെടുത്തി ഖുറേഷി പത്രസമ്മേളനത്തില്‍ വികലമായി പ്രതികരിച്ചപ്പോള്‍ സമചിത്തത പാലിക്കുകയും വാഗ്വാദത്തിന് ഒരുമ്പെടാതിരിക്കുകയും ചെയ്തതാണ് എസ് എം കൃഷ്ണയ്ക്ക് പാക് മാധ്യമലോകത്ത്, ഇന്ത്യയിലും ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്നവരിലും, അംഗീകാരം നേടിക്കൊടുത്തത്.

വീണ്ടും ന്യൂഡല്‍ഹിയില്‍ ചര്‍ച്ച തുടരുമെന്നാണ് വിദേശകാര്യ മന്ത്രിമാര്‍ ഒടുവില്‍ പ്രസ്താവിച്ചിട്ടുള്ളതെങ്കിലും ആ ചര്‍ച്ച ഫലപ്രദമാകാന്‍ അനുകൂലമായ അന്തരീക്ഷമാണ് ഇന്ത്യാ ഗവണ്‍മെന്റ് ഇനി സൃഷ്ടിക്കേണ്ടത്. ഇപ്പോള്‍ ഉണ്ടാകുന്ന നീക്കങ്ങള്‍ അതിന് യോജിച്ചതല്ല. ഇരുരാജ്യങ്ങളിലെയും സാധാരണ ജനങ്ങളുടെ താല്‍പര്യം സംഘര്‍ഷം ഒഴിവാക്കി സമാധാനം സ്ഥാപിക്കണമെന്നാണ്.

*
ജി വി കുമാര്‍ കടപ്പാട്: ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സാര്‍ക്ക് ഉച്ചകോടിയ്ക്കിടയില്‍ ഡോ. മന്‍മോഹന്‍സിങ്ങും പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും തമ്മില്‍ നടത്തിയ ചര്‍ച്ചയാണ്, 2008ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് മുടങ്ങിയ ഇന്ത്യാ-പാകിസ്ഥാന്‍ ചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന്‍ വച്ചത്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ തിമ്പുചര്‍ച്ചയോടെ വഴിത്തിരിവാകും എന്ന് പ്രതീക്ഷിച്ചവരെ നിരാശരാക്കുന്നതാണ്, ജൂലൈ 16ന് ഇസ്ളാമാബാദില്‍ നടന്ന വിദേശകാര്യമന്ത്രിതല ചര്‍ച്ച. അതിര്‍ത്തി കടന്നുള്ള ഭീകരത എന്ന കടമ്പയില്‍ തട്ടി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് എം കൃഷ്ണയും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മുഹമൂദ് ഖുറേഷിയും തമ്മിലുള്ള ചര്‍ച്ച അലസുകയാണുണ്ടായത്. ഇനിയും ചര്‍ച്ച തുടരും എന്ന ഇരുപക്ഷത്തിന്റെയും വാക്കുകള്‍ മാത്രമാണ് പ്രതീക്ഷയ്ക്ക് വകനല്‍കുന്നത്.