Saturday, July 10, 2010

അംബാനിമാരുടെ സ്വന്തം സര്‍ക്കാര്‍

ജൂണ്‍ 25-ാം തീയതി അര്‍ധരാത്രി മുതല്‍ പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തി. പെട്രോളിന് ലിറ്ററിന് മൂന്നരരൂപയും, ഡീസലിന് രണ്ടു രൂപയും മണ്ണെണ്ണക്ക് മൂന്നു രൂപയും പാചകവാതകം സിലിന്‍ഡറിന് 35 രൂപയുമാണ് കൂട്ടിയിരിക്കുന്നത്. വില വര്‍ധിപ്പിച്ചു എന്ന് മാത്രമല്ല പെട്രോള്‍വില നിയന്ത്രണം തന്നെ എടുത്തുകളയുകയും ചെയ്തു. അതായത് രാജ്യാന്തര കമ്പോളത്തിലെ എറ്റക്കുറച്ചിലനുസരിച്ച് ഇനിയും ഇന്ത്യയില്‍ പെട്രോളിന്റെ വില മാറും. ഡീസലിന്റെ വിലനിയന്ത്രണവും ഉടന്‍ തന്നെ നീക്കും. മണെണ്ണയുടെയും പാചകവാതകത്തിന്റെയും നിയന്ത്രണം തല്‍ക്കാലത്തേക്ക് തുടരും. എന്നാല്‍ അതും ക്രമേണ കമ്പോളത്തിന് വിടും. ഇപ്പോഴത്തെ (ജൂണ്‍ 21) അന്തര്‍ദേശീയ വില നിലവാരത്തിലെത്താന്‍ പെട്രോളിന് 23 പൈസയും ഡീസലിന് ഒരു രൂപ 30 പൈസയും മണ്ണെണ്ണക്ക് 15 രൂപയും ഒരു പാചകവാതക സിലിന്‍ഡറിന് 227 രൂപയും ഇനിയും വര്‍ധിപ്പിക്കണം. ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി കിരിത് പരീഖ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് എണ്ണവില സംബന്ധിച്ച തീരുമാനങ്ങള്‍ എടുത്തത്. ഇത് ഇന്ത്യയുടെ ഊര്‍ജ മേഖലയിലും സാമ്പത്തികരംഗത്തും ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് സൃഷ്‌ടിക്കുക. എല്ലാം കമ്പോളത്തിന് കീഴ്പ്പെടുത്തുക എന്ന നവലിബറല്‍ നയത്തിന്റെ ഭാഗമാണ് എണ്ണ വില നിയന്ത്രണങ്ങള്‍ നീക്കലും.

കിരിത് പരീഖ് കമ്മിറ്റിയുടെ ഉപദേശപ്രകാരം പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ല പെട്രോളിയം വില നിയന്ത്രണങ്ങള്‍ നീക്കിയതും വില വര്‍ധിപ്പിച്ചതും. 1991 കാലത്ത് ഇന്ത്യന്‍ സാമൂഹിക- സാമ്പത്തികരംഗമാകെ കമ്പോളത്തിന് കീഴ്പ്പെടുത്താന്‍ തീരുമാനമെടുത്തപ്പോള്‍ തുടങ്ങിയ നടപടികളുടെ ഭാഗമാണ് ഇതും. 1997 ല്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം വസ്‌തുക്കളുടെ വില നിയന്ത്രണം എടുത്തുകളയാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 2002-03 ലെ ബഡ്‌ജറ്റ് അവതരിപ്പിച്ചുകൊണ്ട് അടല്‍ ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭയിലെ ധനമന്ത്രി യശ്വന്ത് സിന്‍ഹയാണ് 2002 ഏപ്രില്‍ ഒന്നു മുതല്‍ പെട്രോളിയം വസ്‌തുക്കളുടെ വിലനിയന്ത്രണം ആദ്യമായി എടുത്തുകളഞ്ഞത്. 2002-03 ബഡ്‌ജറ്റില്‍ പെട്രോളിയം വില സംബന്ധിച്ച പ്രധാനപ്പെട്ട പല തീരുമാനങ്ങളും പ്രഖ്യാപിച്ചിരുന്നു.

1. പെട്രോളിയം വസ്‌തുക്കളുടെ വില കമ്പോളം തീരുമാനിക്കും.
2. പെട്രോള്‍ വില നിയന്ത്രിക്കാന്‍ രൂപീകരിച്ച ഓയില്‍ പൂള്‍ എക്കൌണ്ട് 2002 ഏപ്രില്‍ ഒന്നുമുതല്‍ ഇല്ലാതാകും.
3. ഓയില്‍കമ്പനികളുടെ ഓയില്‍ പൂള്‍ അക്കൌണ്ടിനു പകരം കേന്ദ്ര സര്‍ക്കാര്‍ ഓയില്‍ ബോണ്ടുകള്‍ നല്‍കും.
4. സ്വകാര്യകമ്പനികള്‍ക്ക് പെട്രോള്‍ വിതരണം നടത്താന്‍ അനുവാദം നല്‍കും.
5. മണ്ണെണ്ണക്കും പാചകവാതകത്തിനും നല്‍കുന്ന സബ്സിഡികള്‍ മൂന്നു മുതല്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ നിര്‍ത്തലാക്കും.

എന്നാല്‍ 2004ല്‍ വാജ്‌പേയ് ഗവണ്‍മെന്റ് പുറത്താകുകയും ഇടതുപക്ഷത്തിന്റെ പിന്തുണയോടെ മന്‍മോഹന്‍സിങ് അധികാരത്തിലെത്തുകയും ചെയ്‌തതോടെ (ഒന്നാം യു പി എ സര്‍ക്കാര്‍) 2002-03 ലെ ബഡ്‌ജറ്റില്‍ യശ്വന്ത് സിന്‍ഹ പ്രഖ്യാപിച്ച കാര്യങ്ങള്‍ പൂര്‍ണമായി നടപ്പായില്ല.എന്നാല്‍, ഇടതുപക്ഷ പിന്തുണയില്ലാതെ മന്‍മോഹന്‍സിങ് അധികാരത്തിലെത്തിയതോടെ വീണ്ടും നവലിബറല്‍ നയങ്ങള്‍ക്ക് മേല്‍ക്കൈ കിട്ടി. പെട്രോളിയംവില നിയന്ത്രണം എടുത്തുകളയാനുള്ള സ്വകാര്യകമ്പനികളുടെ സമ്മര്‍ദം ശക്തമാകുകയും ചെയ്‌തു. ഇതിന്റെ ഫലമായി 2009 ആഗസ്‌തില്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പെട്രോളിയം വസ്‌തുക്കളുടെ വില സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ പ്ളാനിങ് കമീഷന്‍ അംഗം കിരിത് പരീഖ് ചെയര്‍മാനായി ഒരു കമ്മിറ്റിയെ നിയോഗിച്ചു. വാജ്‌പേയിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗമായിരുന്ന ആളാണ് കിരിത് പരീഖ്. 2009 ആഗസ്‌തില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ നിയമിച്ച കിരിത് പരീഖ് കമ്മിറ്റി 2010 ഫെബ്രുവരി രണ്ടാം തീയതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട് സമര്‍പ്പിച്ചു.

എഴുപത്തി ഒമ്പത് പേജുകളുള്ള പരീഖ് കമ്മിറ്റി റിപ്പോര്‍ട് ഒന്നോടിച്ചു നോക്കുന്ന ആര്‍ക്കും മനസ്സിലാകും പെട്രോളിയം വസ്‌തുക്കളുടെ വിലനിയന്ത്രണം എടുത്തുകളയാന്‍വേണ്ടി മാത്രം മുന്‍നിശ്ചയപ്രകാരം തട്ടിക്കൂട്ടിയ ഒന്നാണ് അതിന്റെ ശുപാര്‍ശകളെന്ന്. പരീഖ് കമ്മിറ്റി പെട്രോളിയം വില നിയന്ത്രണം എടുത്തുകളയാന്‍ വേണ്ടിയുള്ള വാദത്തിന് കണ്ടെത്തിയ ഒരു പ്രധാന കാരണം 2008 ല്‍ അന്തര്‍ദേശീയ കമ്പോളത്തില്‍ പെട്രോള്‍ വില കുത്തനെ ഉയര്‍ന്ന് ബാരലിന് 148 ഡോളര്‍ വരെ എത്തിയതും പിന്നീട് പെട്ടെന്ന് വിലകള്‍ ഇടിഞ്ഞതുമാണ്. അന്തര്‍ദേശീയ പെട്രോള്‍ വിലയില്‍ ഇത്ര വലിയ ചാഞ്ചാട്ടമുണ്ടാകാന്‍ കാരണം 1980 നുശേഷമുണ്ടായ ഏറ്റവും വലിയ ലോക സാമ്പത്തികത്തകര്‍ച്ചയും പെട്രോളിന്റെ ഊഹക്കച്ചവടവുമാണെന്ന വിഷയം തന്നെ കമ്മിറ്റി പരിഗണിക്കുന്നില്ല. കമ്മിറ്റി നിര്‍ദേശങ്ങള്‍ക്ക് ഉപോല്‍ബലകമായ മറ്റൊരു കാരണം പെട്രോള്‍ വില സര്‍ക്കാര്‍ നിയന്ത്രിക്കുന്നതുമൂലം സ്വകാര്യ കമ്പനികളായ റിലയന്‍സിനും എസ്സാറിനും (ESSAR) കമ്പോളത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതായതാണ്. പരീഖ് കമ്മിറ്റി റിപ്പോര്‍ടിന്റെ പലഭാഗത്തും സ്വകാര്യകമ്പനികള്‍ക്കായുള്ള വാദങ്ങള്‍ കാണാന്‍ കഴിയും. ജനങ്ങളുടെ താല്‍പ്പര്യമല്ല സ്വകാര്യകമ്പനികളുടെ താല്‍പ്പര്യമാണല്ലോ സര്‍ക്കാരിന് പ്രധാനം. പെട്രോള്‍ വില നിയന്ത്രണം എടുത്തുകളയാന്‍ കമ്മിറ്റി മുന്നോട്ടുവെക്കുന്ന വാദങ്ങള്‍ തികച്ചും ബാലിശമാണ്. പെട്രോള്‍ കൂടുതലായി ഉപയോഗിക്കുന്നത് ഇരുചക്രവാഹനക്കാരും, മൂന്നുചക്ര വണ്ടികളും നാലുചക്ര വണ്ടികളുമാണ്. ഈ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് നല്ല സാമ്പത്തിക നിലവാരമുള്ളവരാണ്. അതിനാല്‍ പെട്രോള്‍ വിലയില്‍ വരുന്ന വര്‍ധന ഈ വിഭാഗക്കാര്‍ക്ക് താങ്ങാന്‍ കഴിയും. അക്കാരണംകൊണ്ടുതന്നെ സര്‍ക്കാര്‍ ഈ വിഭാഗക്കാര്‍ക്ക് സബ്‌സിഡിയും മുറ്റും നല്‍കി സഹായിക്കേണ്ട കാര്യമില്ല എന്നാണ് വാദം. ഡീസല്‍വില നിയന്ത്രണം എടുത്തുകളയാനുള്ള വാദവും ഏതാണ്ട് സമാനമാണ്. മൊത്തം ഡീസല്‍ ഉപഭോഗത്തിന്റെ 12 ശതമാനം കര്‍ഷകരാണ് നടത്തുന്നത്. ഡീസല്‍ വിലവര്‍ധനമൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് കാര്‍ഷികവിളകളുടെ താങ്ങുവില വര്‍ധിപ്പിച്ച് പരിഹരിക്കാം എന്നതാണ് വാദം. മൊത്തം ഡീസലിന്റെ 40 ശതമാനം ഉപയോഗിക്കുന്നത് ട്രക്കുകളാണ്. ഡീസല്‍ വിലവര്‍ധനമൂലം ട്രക്കുകള്‍ക്കുണ്ടാകുന്ന നഷ്ടം അത്ര വലുതല്ലെന്നാണ് കമ്മിറ്റി വാദിക്കന്നത്. എന്നു മാത്രമല്ല, ഡീസല്‍ വിലവര്‍ധനമൂലം റോഡ് മാര്‍ഗമുള്ള ചരക്ക് ഗതാഗതം കുറഞ്ഞാല്‍ അത് റെയില്‍വേ ഏറ്റെടുത്തുകൊള്ളും എന്ന മുടന്തന്‍ന്യായമാണ് കമ്മിറ്റിയുടേത്. ഇത്തരത്തില്‍ വിലനിയന്ത്രണം ഇല്ലാതാക്കി പെട്രോളിയം വസ്‌തുക്കളുടെ വില കമ്പോളത്തിനധീനമാക്കുക എന്നതുമാത്രമാണ് റിപ്പോര്‍ടിന്റെ ലക്ഷ്യം.

പെട്രോളിയം വസ്‌തുക്കളുടെ വില നിയന്ത്രണം എടുത്തുകളയുമ്പോള്‍ ഇന്ത്യന്‍ കമ്പോളത്തിലെ പെട്രോളിയം വില അന്തര്‍ദേശീയ വിലയ്‌ക്കനുസരണമായി ചാഞ്ചാടും. അന്തര്‍ദേശീയ കമ്പോളത്തില്‍ പെട്രോളിയം വസ്‌തുക്കളുടെ വില മാറുന്നത് പല ഘടകങ്ങളെ ആശ്രയിച്ചാണ്. ഇന്ന് ലോകത്തെ എല്ലാ വസ്‌തുക്കളുടെയും വില ധനമൂലധന (finance capital) മേലാളന്മാരാണ് ആത്യന്തികമായി തീരുമാനിക്കുന്നത്. ധന മൂലധനക്കാരുടെ ഊഹക്കച്ചവടമാണ് എണ്ണ, സ്വര്‍ണം, ഭക്ഷ്യവസ്‌തുക്കള്‍ തുടങ്ങി നാനാതരം വസ്‌തുക്കളുടെ വില തീരുമാനിക്കുന്ന ഏറ്റവും പ്രധാന ഘടകം. എണ്ണ വില നിയന്ത്രിക്കുന്ന മറ്റൊരു വിഷയം ഒപെക് (OPEC)രാജ്യങ്ങളുടെ തീരുമാനങ്ങളാണ്. ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനോ കുറയ്‌ക്കാനോ തീരുമാനിച്ചാല്‍ അന്തര്‍ദേശീയ കമ്പോളത്തില്‍ വില മാറും. ഗള്‍ഫ് രാജ്യങ്ങളിലെ സംഘര്‍ഷങ്ങള്‍ എണ്ണവിലയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് കാരണമാകും. അമേരിക്ക ഇറാഖിനെ ആക്രമിച്ചപ്പോള്‍ എണ്ണ വില ഉയര്‍ന്നു. ഇറാനും ഇറാഖും തമ്മില്‍ സംഘര്‍ഷമുണ്ടായാല്‍, ഇസ്രയേല്‍ പലസ്‌തീനികളെ ആക്രമിച്ചാല്‍ ഒക്കെ എണ്ണവില മാറും. യൂറോപ്പില്‍ ശൈത്യം നീണ്ടുനിന്നാല്‍ എണ്ണവില ആ വര്‍ഷം കൂടും. അമേരിക്കയുടെ എണ്ണശേഖരത്തില്‍ വരുന്ന വ്യതിയാനങ്ങളും പെട്രോള്‍ വിലയെ ബാധിക്കാറുണ്ട്.

ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങളുടെ 40 ശതാമനം പെട്രോളിയം ഉല്‍പ്പന്നങ്ങളാണ് നിറവേറ്റുന്നത്. ബാക്കി 60 ശതമാനം കല്‍ക്കരിയും. ആണവോര്‍ജവും മറ്റും ഇപ്പോഴും തുലോം തുച്ഛമാണ് മൊത്തം ഉപഭോഗത്തില്‍. ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങളുടെ നാല്‍പ്പത് ശതമാനവും നിറവേറ്റുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയിലെ ചാഞ്ചാട്ടം ഇന്ത്യന്‍ സാമ്പത്തികരംഗത്തെയും ഇന്ത്യയിലെ സാധാരണക്കാരെയും ബാധിക്കും എന്ന വസ്‌തുത ആര്‍ക്കും നിഷേധിക്കാനാവില്ല.
2008 ലെ സാമ്പത്തികത്തകര്‍ച്ചയുടെ കാലത്ത് ജൂലൈ മാസത്തില്‍ പെട്രോള്‍ വില ബാരലിന് 150 ഡോളറിലെത്താന്‍ കാരണം ധനമൂലധനം പെട്രോളിയം വസ്‌തുക്കളില്‍ ഊഹക്കച്ചവടം നടത്തിയതാണ്. ലോക സമ്പദ് രംഗം മാന്ദ്യത്തെ നേരിടുമ്പോള്‍ പെട്രോള്‍ വില ഉയരാന്‍ മറ്റൊരു കാരണവും ഉണ്ടായിരുന്നില്ല. അതിനുശേഷം ഇപ്പോഴത് 77 ഡോളറായി ഇടിഞ്ഞിരിക്കുന്നു. പെട്രോള്‍ മേഖലയും അതുവഴി ഇന്ത്യന്‍ സമ്പദ് രംഗം തന്നെയും ഊഹക്കച്ചവടക്കാരുടെ അമ്മാനമാട്ടത്തിന് വിധേയമാകാന്‍ പോകുന്നു എന്ന് സാരം.

പെട്രോളിയം വസ്‌തുക്കളുടെ വില നിയന്ത്രണം നീക്കാനുള്ള കിരിത് പരീഖ് കമ്മിറ്റി ശുപാര്‍ശയും, അതിനനുസരണമായി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതി തീരുമാനമെടുത്തതും സ്വകാര്യ എണ്ണ വ്യവസായികളെ സഹായിക്കാനാണെന്ന് വ്യക്തമാണ്. ഇപ്പോള്‍ ഇന്ത്യന്‍ എണ്ണക്കമ്പോളത്തില്‍ പ്രധാനമായും ഇടപെട്ട് നില്‍ക്കുന്നത് മുകേഷ് അംബാനിയുടെ റിലയന്‍സും, എസ്സാര്‍ ഗ്രൂപ്പുമാണ്. എന്നാല്‍ താമസിയാതെ മറ്റ് ഇന്ത്യന്‍ വ്യവസായികളും ഷെവണ്‍, ബി പി (ബ്രിട്ടീഷ് പെട്രോളിയം) തുടങ്ങിയ അന്തര്‍ദേശീയ കുത്തകകളും ഇന്ത്യന്‍കമ്പോളത്തിലെത്തും.

ഇന്ന് ഇന്ത്യന്‍ ടെലി കമ്യൂണിക്കേഷന്‍ മേഖലയില്‍ നടക്കുന്ന സംഭവങ്ങള്‍ തന്നെ പെട്രോളിയം മേഖലയിലും ആവര്‍ത്തിക്കും. ബി എസ് എന്‍ എല്‍ മാത്രമുണ്ടായിരുന്ന ടെലി കമ്യൂണിക്കേഷന്‍ മേഖല സ്വകാര്യവല്‍ക്കരണത്തിനുശേഷം ആദ്യം ഇന്ത്യന്‍ കമ്പനികള്‍ക്കും പിന്നീട് മറുനാടന്‍ കുത്തകകള്‍ക്കും തുറന്നു കൊടുത്തു. ഇന്നിപ്പോള്‍ ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ മേഖലയിലെ മേധാവിത്വം ബി എസ് എന്‍ എലിന് നഷ്‌ടപ്പെട്ടു എന്നുമാത്രമല്ല, ആ പൊതുമേഖലാ കമ്പനി തകര്‍ച്ചയിലുമാണ്. ഇന്ത്യയിലെയും വിദേശത്തെയും വന്‍ കുത്തകകള്‍ ടെലികമ്യൂണിക്കേഷന്‍ രംഗമാകെ കൈയടക്കിക്കഴിഞ്ഞു.

പെട്രോളിയം മേഖലയിലും ഇതുതന്നെ സംഭവിക്കും, ഇന്ത്യന്‍ പൊതുമേഖലാകമ്പനിയായ ഇന്ത്യന്‍ ഓയിലിനെയും ഭാരത് പെട്രോളിയത്തെയും, ഒ എന്‍ ജി സിയെയുമൊക്കെ സഹായിക്കാനാണ് വിലനിയന്ത്രണം നീക്കുന്നത് എന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ സ്വദേശി-വിദേശി കുത്തകകള്‍ നേരിട്ടും വളഞ്ഞതുമായ വഴികളിലൂടെ മത്സരത്തിന്റെ പേരില്‍ അനതിവിദൂരഭാവിയില്‍ പൊതുമേഖലാ കമ്പനികളെ തകര്‍ക്കുകയോ കൈയടക്കുകയോ ചെയ്യും എന്നാണ് ടെലി കമ്യൂണിക്കേഷന്‍ രംഗത്തെ അനുഭവം നല്‍കുന്ന പാഠം.

പുത്തന്‍ പെട്രോളിയം പര്യവേഷണ ലൈസന്‍സിങ് സമ്പ്രദായം (New exploration and licensing policy- NELP) 1997 ല്‍ നിലവില്‍ വന്നു. ഇതുവഴി സ്വകാര്യ കമ്പനികള്‍ക്ക് എണ്ണ പര്യവേഷണത്തിനും ഉല്പാദനത്തിനും ശുദ്ധീകരത്തിനുമുള്ള അനുവാദം നല്‍കി. റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ കമ്പനികള്‍ ഈ മേഖലയില്‍ നിലയുറപ്പിച്ചും കഴിഞ്ഞു. കൃഷ്ണ- ഗോദാവരി ബേസിനില്‍ (KG. Basin) മുകേഷ് അംബാനിയുടെ കമ്പനി ആഴക്കടല്‍ എണ്ണ ഖനനം വന്‍തോതില്‍ നടത്തുകയാണ്. ഈ മേഖലയിലേക്ക് ഇനിയും അന്തര്‍ദേശീയ കമ്പനികളും കടന്നുവരും. ലാഭക്കൊതിയും മത്സരവും മൂത്ത് സ്വകാര്യ കമ്പനികള്‍ നടത്തുന്ന ഖനനം വലിയ ദുരന്തങ്ങള്‍ക്കുതന്നെ കാരണമാകാം എന്നാണ് മെക്സിക്കന്‍ ഉള്‍ക്കടലില്‍ (അമേരിക്ക) ബ്രിട്ടീഷ് പെട്രോളിയം നടത്തിയ ഖനനംമൂലമുണ്ടായ അപകടം സൂചിപ്പിക്കുന്നത്.

ഇന്ത്യയുടെ ഊര്‍ജമേഖല, ടെലി കമ്യൂണിക്കേഷന്‍ മേഖല തുടങ്ങി നാനാ മേഖലകള്‍ അതായത് ജനജീവിതം തന്നെ സ്വദേശി- വിദേശി സ്വകാര്യ കമ്പനികളുടെ കൈയിലകപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന ഗുരുതരവിഷയമാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നുത്.

*****

ജോസ് ടി അബ്രഹാം

അധിക വായനയ്‌ക്ക് :

1. Petro Products Price Hike: Deora’s Gospel of Untruth

2. PetrolProducts Price Hike - The Truth Behind the Lies

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പെട്രോളിയം വസ്‌തുക്കളുടെ വില നിയന്ത്രണം എടുത്തുകളയുമ്പോള്‍ ഇന്ത്യന്‍ കമ്പോളത്തിലെ പെട്രോളിയം വില അന്തര്‍ദേശീയ വിലയ്‌ക്കനുസരണമായി ചാഞ്ചാടും. അന്തര്‍ദേശീയ കമ്പോളത്തില്‍ പെട്രോളിയം വസ്‌തുക്കളുടെ വില മാറുന്നത് പല ഘടകങ്ങളെ ആശ്രയിച്ചാണ്. ഇന്ന് ലോകത്തെ എല്ലാ വസ്‌തുക്കളുടെയും വില ധനമൂലധന (finance capital) മേലാളന്മാരാണ് ആത്യന്തികമായി തീരുമാനിക്കുന്നത്. ധന മൂലധനക്കാരുടെ ഊഹക്കച്ചവടമാണ് എണ്ണ, സ്വര്‍ണം, ഭക്ഷ്യവസ്‌തുക്കള്‍ തുടങ്ങി നാനാതരം വസ്‌തുക്കളുടെ വില തീരുമാനിക്കുന്ന ഏറ്റവും പ്രധാന ഘടകം. എണ്ണ വില നിയന്ത്രിക്കുന്ന മറ്റൊരു വിഷയം ഒപെക് (OPEC)രാജ്യങ്ങളുടെ തീരുമാനങ്ങളാണ്. ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനോ കുറയ്‌ക്കാനോ തീരുമാനിച്ചാല്‍ അന്തര്‍ദേശീയ കമ്പോളത്തില്‍ വില മാറും. ഗള്‍ഫ് രാജ്യങ്ങളിലെ സംഘര്‍ഷങ്ങള്‍ എണ്ണവിലയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് കാരണമാകും. അമേരിക്ക ഇറാഖിനെ ആക്രമിച്ചപ്പോള്‍ എണ്ണ വില ഉയര്‍ന്നു. ഇറാനും ഇറാഖും തമ്മില്‍ സംഘര്‍ഷമുണ്ടായാല്‍, ഇസ്രയേല്‍ പലസ്‌തീനികളെ ആക്രമിച്ചാല്‍ ഒക്കെ എണ്ണവില മാറും. യൂറോപ്പില്‍ ശൈത്യം നീണ്ടുനിന്നാല്‍ എണ്ണവില ആ വര്‍ഷം കൂടും. അമേരിക്കയുടെ എണ്ണശേഖരത്തില്‍ വരുന്ന വ്യതിയാനങ്ങളും പെട്രോള്‍ വിലയെ ബാധിക്കാറുണ്ട്.