മന്‍മോഹന്‍ സിങ് രണ്ടാമൂഴം തുടങ്ങിയപ്പോള്‍ പെട്രോളിന് ലിറ്ററൊന്നിന് 43 രൂപയായിരുന്നു. ഇപ്പോഴത് 54 രൂപയായി. മൂന്നുതവണയായി 10 രൂപയിലധികമാണ് വര്‍ധിപ്പിച്ചത്. ഡീസലിന് 33 രൂപയായിരുന്നു. അതിപ്പോള്‍ 41 രൂപയായി ഉയര്‍ത്തി.
അന്തര്‍ദേശീയ വിപണിയില്‍ ക്രൂഡോയിലിന്റെ വില ഉയര്‍ന്നു എന്നും അത് എണ്ണക്കമ്പനികള്‍ക്ക് നഷ്‌ടമുണ്ടാക്കുന്നു എന്നുമാണ് വാദം. 2007-08 ല്‍ ക്രൂഡോയിലിന് ബാരലിന് 79 ഡോളറായിരുന്നു. ഇപ്പോഴത് 76 ഡോളറാണ്. പെട്രോളിന്റെ വില നാലിലൊന്നും ഡീസലിന്റെ വില മൂന്നിലൊന്നും കണ്ട് വര്‍ധിപ്പിച്ചതിനെ എങ്ങനെ ന്യായീകരിക്കാനാവും? ഏറ്റവും ഗൌരവമായ പ്രശ്‌നം ഇപ്പോഴുണ്ടായിരിക്കുന്ന വര്‍ധനയല്ല. ഇനിയുണ്ടാകാന്‍ പോകുന്ന വര്‍ധനയാണ്. രണ്ടാഴ്ച കൂടുമ്പോള്‍ അന്തര്‍ദേശിയ വിലയ്‌ക്കനുസരിച്ച് സ്വതന്ത്രമായി പെട്രോളിന്റെ വില കൂട്ടാനും കുറയ്‌ക്കാനുമുളള അധികാരം എണ്ണ ക്കമ്പനികള്‍ക്ക് നല്‍കിയിരിക്കുകയാണ്. ഡീസലിനുമേല്‍ വിലനിയന്ത്രണം തുടരും എന്നാണ് പറഞ്ഞത്. എന്നാല്‍, അതും നീക്കം ചെയ്യുമെന്നാണ് പ്രധാനമന്ത്രി അമേരിക്കയില്‍നിന്നുളള യാത്രാ മധ്യേ പ്രസ്‌താവിച്ചത്.
വിലവര്‍ധന മാത്രമല്ല വിലയിലുളള അനിശ്ചിതത്വവും സമ്പദ് ഘടനയുടെമേല്‍ കരിനിഴല്‍ വീഴ്ത്തുകയാണ്. രാജ്യത്തെ ജനങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നം വിലക്കയറ്റമാണ്. വിലക്കയറ്റം വീണ്ടും രണ്ടക്ക സംഖ്യയിലെത്തിയിരിക്കുന്നു. കഴിഞ്ഞവര്‍ഷം മുഖ്യമായും ഭക്ഷ്യധാന്യങ്ങളുടെ വിലയാണ് ഉയര്‍ന്നതെങ്കില്‍ ഇപ്പോള്‍ എല്ലാ സാധനങ്ങളുടെയും വില ഉയര്‍ന്നുകൊണ്ടിരിക്കുന്നു. നല്ല വിളവു കിട്ടിയാലും വിലക്കയറ്റം കുറയാന്‍ പോകുന്നില്ല. ഈ പരിതസ്ഥിതിയിലാണ് എല്ലാ ഉല്‍പ്പന്നങ്ങളുടെയും വിലകളെ ബാധിക്കുന്ന പെട്രോളിയം വില വര്‍ധന ഉണ്ടായിട്ടുളളത്.
പൊതുമേഖലാ എണ്ണക്കമ്പനികളെ സഹായിക്കാന്‍ എന്ന പേരില്‍ വരുത്തിയ പെട്രോളിയം വിലനിര്‍ണയ പരിഷ്‌ക്കാരം പൊതുമേഖലാ എണ്ണക്കമ്പനികളെ ഇല്ലാതാക്കാന്‍ പോകുകയാണ്. പൊതുമേഖലാ എണ്ണക്കമ്പനികളോട് മത്സരിക്കാനാവാതെ റിലയന്‍സ് കമ്പനി 1400 പെട്രോള്‍ പമ്പുകളില്‍ 800 എണ്ണം പൂട്ടിയിരുന്നു. അവയെല്ലാം ഉടന്‍ തുറക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നു. എസ്സാര്‍ കമ്പനിക്ക് 1342 പമ്പാണുള്ളത്. 400 എണ്ണം ഉടന്‍ തുറക്കുമെന്ന് ഇവരും അറിയിച്ചിരിക്കുന്നു. ഇനി പെട്രോളിന് സര്‍ക്കാര്‍ സബ്‌സിഡിയില്ല. ഈ സാഹചര്യത്തില്‍ പൊതുമേഖലയെ തകര്‍ക്കാമെന്നാണ് കുത്തകകളുടെ കണക്കുകൂട്ടല്‍.
2010 ജൂണിലെ അന്തര്‍ദേശീയ ഊര്‍ജ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ ഇന്ത്യയെക്കുറിച്ച് ഒരു പ്രത്യേക റിപ്പോര്‍ട്ട് ബോൿസ് ന്യൂസ് ആയി കൊടുത്തിട്ടുണ്ട്. അതില്‍ ഇപ്പോള്‍ ഇന്ത്യാ സര്‍ക്കാര്‍ ചെയ്‌തിരിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പ്രവചിച്ചിട്ടുണ്ട്. ശ്രദ്ധേയമായ ഒരു വിവരം പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് സബ്‌സിഡി നല്‍കുന്നതിനെതിരെ ഷെല്‍ ഓയില്‍, എസ്സാര്‍, റിലയന്‍സ് എന്നീ കമ്പനികള്‍ റഗുലേറ്ററി ബോര്‍ഡിനു മുമ്പില്‍ ആക്ഷേപം കൊടുത്തിട്ടുണ്ട് എന്നതാണ്. ഇതാണ് എണ്ണവില പരിഷ്‌ക്കാരം അനിവാര്യമാക്കുന്ന പ്രധാനപ്പെട്ട കാരണങ്ങളിലൊന്നായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇതേ അന്തര്‍ദേശീയ ഊര്‍ജ ഏജന്‍സിതന്നെ 2009 ജൂണിലെ റിപ്പോര്‍ട്ടില്‍ പുതിയ യുപിഎ സര്‍ക്കാരിന് കമ്യൂണിസ്‌റ്റുകളുടെ പിന്തുണ വേണ്ടാത്തതില്‍ സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി. ഈ കെട്ടുപാടുകള്‍ ഇല്ലാത്തതുകൊണ്ട് പെട്രോളിയം മേഖലയില്‍ അതിവേഗം പരിഷ്‌ക്കാരം നടപ്പാക്കാമത്രേ. രാജ്യത്തെ ജനങ്ങളുടെ താല്‍പ്പര്യങ്ങളേക്കാള്‍ വിദേശ കുത്തകകളുടെ സമ്മര്‍ദങ്ങളാണ് കേന്ദ്രസര്‍ക്കാരിനെ നയിച്ചുകൊണ്ടിരിക്കുന്നത്.
എണ്ണവിലക്കയറ്റം സാമ്പത്തികമേഖലയില്‍ സൃഷ്‌ടിക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ബോംബെ സ്‌റ്റോക്ക് എൿസ്‌ചേഞ്ചിലെ ഓഹരിവിലയില്‍ പ്രതിഫലിച്ചു. സര്‍ക്കാര്‍ പ്രഖ്യാപനം വന്നയുടനെ സെന്‍സെക്സ് 152 പോയിന്റ്, അതായത് ഏതാണ്ട് ഒരു ശതമാനം ഇടിഞ്ഞു. അതേ സമയം വിവിധ എണ്ണക്കമ്പനികളുടെ ഓഹരി വിലസൂചിക 6 ശതമാനം മുതല്‍ 10 ശതമാനംവരെ ഉയര്‍ന്നു. എണ്ണക്കമ്പനികള്‍ക്ക് സമൃദ്ധിയുടെ നാളുകളാണ്. എന്നാല്‍, ഈ വിലവര്‍ധന രാജ്യത്തെ പൊതുവളര്‍ച്ചയെ മന്ദീഭവിപ്പിക്കും. വിലക്കയറ്റം സാധാരണക്കാരെ കൊള്ളയടിക്കും.
ഈ സാഹചര്യത്തിലാണ് ദേശവ്യാപകമായി പ്രക്ഷോഭത്തിന് വീണ്ടും കളമൊരുങ്ങുന്നത്. കഴിഞ്ഞ കേന്ദ്രബജറ്റില്‍ എല്ലാ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെമേലും നികുതി ചുമത്തി 40000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ സമാഹരിച്ചത്. കുത്തകകള്‍ക്ക് 80000 കോടി രൂപയുടെ നികുതിയിളവുകള്‍ നല്‍കിയതിന്റെ നഷ്‌ടം നികത്താന്‍ പ്രണബ് കുമാര്‍ മുഖര്‍ജി കണ്ടെത്തിയ കുറുക്കുവഴിയായിരുന്നു ഇത്. ഇതിനെതിരെ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ദേശവ്യാപകമായി ഉയര്‍ന്നുവന്ന പ്രക്ഷോഭത്തില്‍ 13 ബിജെപി ഇതര പാര്‍ടികളും പങ്കുചേര്‍ന്നു. ഇതൊരു രാഷ്‌ട്രീയപ്രശ്നമായി മാറി. പാര്‍ലമെന്റിലെ ഖണ്ഡനോപക്ഷേപത്തെ അതിജീവിക്കുന്നതിന് പണംമാത്രമല്ല സിബിഐയെയും നിര്‍ലജ്ജം ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായി. മായാവതി, മുലായം, ലാലു എന്നിവരുടെ കേസുകള്‍ ഉയര്‍ത്തി ഭീഷണിപ്പെടുത്തിയും പ്രീണിപ്പിച്ചുമാണ് ഇവരെ തല്‍ക്കാലം പാട്ടിലാക്കിയത്. പുതിയ എണ്ണ വില വര്‍ധന ഈ പാര്‍ടികളെയാകെ വീണ്ടും സമരരംഗത്ത് കൊണ്ടുവന്നിരിക്കുകയാണ്.
ഈ രോഷത്തില്‍നിന്നു രക്ഷപ്പെടുന്നതിന് കേരളത്തിലെ യുഡിഎഫ് സ്വീകരിച്ചിട്ടുളള അടവാണ് സംസ്ഥാനത്തെ നികുതി കുറയ്‌ക്കുമോ എന്ന ചോദ്യം. സംസ്ഥാനങ്ങളുടെ നികുതിഘടന പൊളിച്ചെഴുതണമെന്ന് കേന്ദ്ര പെട്രോളിയംമന്ത്രി മുരളി ഡിയോറയും മുഖ്യമന്ത്രിക്ക് എഴുതിയിരുന്നു. അവരോടെല്ലാം തിരിച്ചുചോദിക്കുന്ന ചോദ്യങ്ങള്‍ ഇവയാണ്:
1. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനമൂലം സംസ്ഥാന സര്‍ക്കാരിനുണ്ടാകുന്ന അധികച്ചെലവ് ആരു നികത്തും? കെഎസ്ആര്‍ടിസിക്കു മാത്രം 40 കോടി അധികച്ചെലവ് വരും. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് 20 കോടി രൂപ അധികച്ചെലവു വരും. ജീവനക്കാര്‍ക്ക് ഈ വിലക്കയറ്റത്തിന് പരിഹാരമായി 100 കോടിയെങ്കിലും ക്ഷാമബത്ത നല്‍കേണ്ടിവരും. ഇതിനു നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് പ്രതിപക്ഷം ആവശ്യപ്പെടുമോ?
2. സംസ്ഥാന സര്‍ക്കാര്‍ അധിക വരുമാനം ഉപേക്ഷിക്കണമെന്നും നികുതി കുറയ്‌ക്കണമെന്നും ആവശ്യപ്പെടുന്ന യുഡിഎഫ് നേതാക്കള്‍ എന്തുകൊണ്ട് കഴിഞ്ഞ ബജറ്റില്‍ പ്രണബ് മുഖര്‍ജി അടിച്ചേല്‍പ്പിച്ച മൂന്നു രൂപയോളം നികുതിവര്‍ധന വേണ്ടെന്നു വയ്‌ക്കാന്‍ ആവശ്യപ്പെടുന്നില്ല? ഇപ്പോള്‍ വില വര്‍ധിപ്പിക്കുന്നത് പൊതുമേഖലാ എണ്ണക്കമ്പനികളെ സഹായിക്കാനാണ് എന്ന നാട്യത്തിലാണെങ്കില്‍ കഴിഞ്ഞ തവണത്തെ വര്‍ധനയ്‌ക്ക് ഇത്തരത്തിലൊരു ന്യായീകരണവുമില്ലല്ലോ? ഈ നികുതി പിന്‍വലിച്ചതുകൊണ്ട് കേന്ദ്രബജറ്റിന് ഒന്നും സംഭവിക്കുന്നില്ല. കാരണം 3 ജി ലേലം വഴി ഒരു ലക്ഷം കോടിയോളം രൂപ അധിക വരുമാനം ഉണ്ടായിട്ടുണ്ടല്ലോ?
3. യുഡിഎഫ് അഞ്ചുവര്‍ഷം ഭരിച്ചപ്പോള്‍ എന്താണ് ചെയ്തത് ? 2002ല്‍ പെട്രോള്‍ വില 28.53 രൂപയായിരുന്നു. യുഡിഎഫ് ഭരണം അവസാനിച്ചപ്പോള്‍ അത് 45.91 രൂപയായി. യുഡിഎഫ് നികുതി കൂട്ടിയോ കുറച്ചോ ? പെട്രോള്‍ നികുതി 23 ശതമാനത്തില്‍നിന്ന് 28 ശതമാനമാക്കി യുഡിഎഫ് ഭരണകാലത്ത് ഉയര്‍ന്നു. ഡീസലിന്റെ വില യുഡിഎഫ് ഭരണത്തില്‍ കയറുമ്പോള്‍ 18.61 രൂപയായിരുന്നു. ഭരണം അവസാനിച്ചപ്പോള്‍ 33.81 രൂപയായി. എന്നിട്ടും ഡീസലിന്റെ നികുതി 20 ശതമാനത്തില്‍നിന്ന് 24 ശതമാനമായി ഉയര്‍ത്തുകയല്ലേ ചെയ്തത് ?
ഇങ്ങനെ ചെയ്ത യുഡിഎഫ് ഭരണത്തിന്റെ അവസാന നാളുകളില്‍ 2006 മെയ് എട്ടിന് എണ്ണവില വര്‍ധിപ്പിച്ചപ്പോള്‍ അധിക വരുമാനം വേണ്ടെന്നുവച്ചു. അതാണ് വലിയ കേമത്തമായി പറയുന്നത്. യുഡിഎഫ് ഭരണകാലത്ത് 22 തവണ വില വര്‍ധിപ്പിച്ചപ്പോള്‍ ഒറ്റത്തവണ മാത്രമാണ് നികുതി കുറച്ചത്. എന്നാല്‍, അപ്പോഴും നികുതിനിരക്ക് യുഡിഎഫ് അധികാരത്തില്‍ വരുമ്പോഴുണ്ടായിരുന്നതിനേക്കാള്‍ എത്രയോ ഉയര്‍ന്നതായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ പെട്രോളിന്റെ മാത്രമല്ല ഒരു ഉല്‍പ്പന്നത്തിന്റെമേലും നികുതി വര്‍ധിപ്പിച്ചില്ല. കോൺഗ്രസ് സംസ്ഥാനങ്ങളെല്ലാം വാറ്റ് നികുതി ഉയര്‍ത്തിയപ്പോഴും കഴിഞ്ഞ ബജറ്റില്‍ കേരളം അതിനു തുനിഞ്ഞില്ല. യുഡിഎഫ് ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയും. പെട്രോളിയംകൊള്ളയുടെ മാപ്പുസാക്ഷികള്‍ക്ക് മാപ്പില്ല. ജൂലൈ 5ന്റെ ദേശീയ ഹര്‍ത്താലില്‍ കേരളവും പങ്കാളിയാകാന്‍ പോകുകയാണ്. ദേശവ്യാപകമായുണ്ടായ വിലവര്‍ധനയ്‌ക്കെതിരെ കേരളത്തില്‍മാത്രം ഹര്‍ത്താല്‍ നടത്തുന്നതിന് എതിരെയാണല്ലോ കുത്തകമാധ്യമങ്ങള്‍ എഴുതിയത്. അവര്‍ക്കുളള മറുപടി ദേശീയ ഹര്‍ത്താല്‍ നല്‍കും. കേരളത്തിലും ബംഗാളിലും തുടങ്ങിയ സമരം ദേശവ്യാപകമായി മാറുകയാണ്.
****
ഡോ. ടി എം തോമസ് ഐസക്, കടപ്പാട് : ദേശാഭിമാനി
1 comment:
അന്തര്‍ദേശീയ വിപണിയില്‍ ക്രൂഡോയിലിന്റെ വില ഉയര്‍ന്നു എന്നും അത് എണ്ണക്കമ്പനികള്‍ക്ക് നഷ്‌ടമുണ്ടാക്കുന്നു എന്നുമാണ് വാദം. 2007-08 ല്‍ ക്രൂഡോയിലിന് ബാരലിന് 79 ഡോളറായിരുന്നു. ഇപ്പോഴത് 76 ഡോളറാണ്. പെട്രോളിന്റെ വില നാലിലൊന്നും ഡീസലിന്റെ വില മൂന്നിലൊന്നും കണ്ട് വര്‍ധിപ്പിച്ചതിനെ എങ്ങനെ ന്യായീകരിക്കാനാവും? ഏറ്റവും ഗൌരവമായ പ്രശ്‌നം ഇപ്പോഴുണ്ടായിരിക്കുന്ന വര്‍ധനയല്ല. ഇനിയുണ്ടാകാന്‍ പോകുന്ന വര്‍ധനയാണ്. രണ്ടാഴ്ച കൂടുമ്പോള്‍ അന്തര്‍ദേശിയ വിലയ്‌ക്കനുസരിച്ച് സ്വതന്ത്രമായി പെട്രോളിന്റെ വില കൂട്ടാനും കുറയ്‌ക്കാനുമുളള അധികാരം എണ്ണ ക്കമ്പനികള്‍ക്ക് നല്‍കിയിരിക്കുകയാണ്. ഡീസലിനുമേല്‍ വിലനിയന്ത്രണം തുടരും എന്നാണ് പറഞ്ഞത്. എന്നാല്‍, അതും നീക്കം ചെയ്യുമെന്നാണ് പ്രധാനമന്ത്രി അമേരിക്കയില്‍നിന്നുളള യാത്രാ മധ്യേ പ്രസ്‌താവിച്ചത്.
Post a Comment