പ്രതിഭാധനനായ കവിയും പണ്ഡിതനായ കമ്മ്യൂണിസ്റ്റുകാരനുമായിരുന്ന തിരുനല്ലൂര്‍ കരുണാകരന്റെ നാലാം ചരമവാര്‍ഷിക ദിനമായിരുന്നുഇക്കഴിഞ്ഞ ജൂലൈ 5. മലയാള കാവ്യപ്രപഞ്ചത്തില്‍ അതുല്യമായ സ്ഥാനം ഉറപ്പിക്കുവാന്‍ പ്രതിഭാവിശേഷം കൊണ്ട് സാധിച്ച കവിയാണ് തിരുനല്ലൂര്‍.
വാക്കുകള്‍ക്ക് നൃത്തമാടാനും ഒപ്പം തന്നെ യുദ്ധം ചെയ്യാനും കഴിയുമെന്ന് വിശ്വസിച്ച കവിയായിരുന്നു തിരുനല്ലൂര്‍. ചേതോഹരമായ മാരിവില്ലുകള്‍ തീര്‍ക്കാനും പൊരിയുന്ന മണ്ണില്‍ മഴയായി വീഴാനും ഉന്നതരായ അധികാരികളെ കിടിലം കൊള്ളിക്കാനും ധാര്‍ഷ്‌ട്യങ്ങളെ ചുട്ടെരിക്കുന്ന ഇടിവാളുകളാകാനും വാക്കുകള്‍ക്കാവുമെന്ന് വിശ്വസിച്ച തിരുനല്ലൂര്‍ തന്റെ കവിതകളിലൂടെ അത് സാക്ഷ്യപ്പെടുത്തുകയും ചെയ്‌തു. വാക്കുകളാല്‍ അദ്ദേഹം കാവ്യഭംഗിയുടെ മാരിവില്ലു തീര്‍ത്തു. മലയാളികളുടെ മനസ്സില്‍ സ്‌നേഹത്തിന്റെ മഴപെയ്യിച്ചു. സ്വേച്ഛാധിപത്യത്തിനും ജന്മിത്വത്തിനുമെതിരായി വാക്കുകളെ ഇടിവാളുകളാക്കി.
ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ, പുന്നപ്ര-വയലാറിലെ ജനങ്ങളുടെ സമാനതകളില്ലാത്ത ചെറുത്തുനില്‍പ്പ് തിരുനല്ലൂരിനെ ആവേശം കൊള്ളിച്ചു. ചോരവീണുകുതിര്‍ന്ന ആ മണ്ണിലേക്ക് അദ്ദേഹം പോയിരുന്നു. തൊഴിലാളികളുടെ ജീവിതസമരങ്ങള്‍ക്ക് വേണ്ടി തൂലികയും കവിതയും സമര്‍പ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് പുന്നപ്ര-വയലാറിലെ നിണത്തുള്ളികളാവണം. തിളയ്‌ക്കുന്ന ചോരയോട് ഉരുക്കുതോറ്റുപോയ പടക്കളങ്ങള്‍ കാണാന്‍ മനസ്സുവല്ലാതെ മോഹിച്ചിരുന്നുവെന്ന് 'വയലാര്‍' എന്ന തന്റെ കവിതയില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.
കവിതയും പ്രണയവും വിപ്ലവവും സ്‌നേഹവും മാനവികതയും തിരുനല്ലൂര്‍ കരുണാകരന്റെ നന്മനിറഞ്ഞ മനസ്സില്‍ നിന്ന് പരന്നൊഴുകിയിരുന്നു. മലയാളികളെ ആനന്ദത്തിന്റെയും ആവേശത്തിന്റെയും മനോഹാരിത നിറഞ്ഞ ഗിരിശൃംഗങ്ങളിലേക്ക് തിരുനല്ലൂര്‍ കവിതകള്‍ കൈപിടിച്ചുകൊണ്ടുപോയി.
ഒരു പുരുഷായുസുകാലം തിരുനല്ലൂര്‍ മലയാളികളുടെ നടുവില്‍ ശബ്‌ദകോലാഹലങ്ങളില്ലാതെ ജീവിച്ചു. നിരൂപകാഗ്രേസന്‍മാരുടെ വാഴ്ത്തലുകള്‍ക്ക് അദ്ദേഹം വഴങ്ങിക്കൊടുത്തില്ല. പാണ്ഡിത്യം പ്രകടിപ്പിച്ച് നടക്കാന്‍ ഇഷ്‌ടപ്പെട്ടില്ല. ഉയര്‍ത്തിപ്പിടിച്ച ശിരസ്സും നിര്‍ഭയമായ മനസ്സും സ്വതന്ത്രമായ അറിവും സ്വന്തമായിരുന്ന തിരുനല്ലൂരിനെ മാധ്യമങ്ങളുടെ പ്രചണ്ഡ പ്രചാരണങ്ങള്‍ക്കും വശീകരിക്കാനായില്ല. അഷ്‌ടമുടിക്കായലിന്റെ തീരത്ത് പ്രകൃതിയേയും കവിതയേയും മനുഷ്യരേയും പ്രണയിച്ച് തിരുനല്ലൂര്‍ ആരവങ്ങളില്ലാതെ ജീവിച്ചു.
അഷ്‌ടമുടിക്കായലും കായല്‍ത്തീരത്തെ മനുഷ്യരും അവരുടെ ചെറുത്തുനില്‍പ്പുകളും പ്രണയവും തിരുനല്ലൂരിന്റെ കവിതകളില്‍ നിറഞ്ഞിരുന്നു. 'പ്രേമം മധുരമാണ് ധീരവുമാണ് ' എന്ന കവിതയില്‍ കര്‍ഷകത്തൊഴിലാളികളുടെ പോരാട്ടങ്ങളും അവര്‍ കയ്യേറ്റുവാങ്ങുന്ന പീഡനങ്ങളും അദ്ദേഹം ഹൃദയസ്‌പര്‍ശിയായ ഭാഷയില്‍ വിവരിച്ചു.
'ഒരു പക്ഷെ നാളത്തെ
സമരത്തില്‍ നമ്മുടെ
സിരകളില്‍ പട്ടാളം
നിറയൊഴിക്കും'
എന്നറിഞ്ഞുകൊണ്ടുതന്നെ അവര്‍ പോരാടാനുറച്ചവരാണ്.
വെടിയുണ്ടയ്‌ക്കെതിരായി വിരിമാറുകൊണ്ട് ഇടിയാത്ത കോട്ടകള്‍ കെട്ടിയ നല്ലവരായ മനുഷ്യരെ അദ്ദേഹം ആര്‍ദ്രതയോടെ തന്റെ കവിതകളില്‍ പകര്‍ത്തിവച്ചു. ഹൃദയവും നിറതോക്കും, തമ്മില്‍ ഏറ്റുമുട്ടിയ കാലത്തെക്കുറിച്ച് അദ്ദേഹം കവിതയെഴുതി.
'കുളിരിളം കാറ്റൊന്നു
തട്ടിയാലിളകുന്ന
തളിരുകള്‍ പോലെഴും
പെണ്‍കിടാങ്ങള്‍
ഭയലേശമെന്നിയേ
വെല്ലുവിളിക്കവേ
ബയണറ്റും തോക്കും
പകച്ചുപോയി'
അരിവാളിന്റെ തോഴിമാരുടെ മുന്നില്‍ അധികാരവര്‍ഗം തോറ്റതിന്റെ വീരഗാഥ കൂടിയാണിത്. പൊരുതാനുറച്ചിറങ്ങിയ മനുഷ്യരുടെ കൈകാലുകള്‍ നഷ്‌ടമായപ്പോള്‍, പടനിലം ധീരതയ്‌ക്കേകിയ മുദ്രകളായി പലരിലും മുറിവുകള്‍ ബാക്കിയായപ്പോള്‍ കരയരുതെന്ന് കരുതിയുറച്ചിരുന്നവരാണെങ്കിലും നന്മ നിറഞ്ഞ ആ സ്‌ത്രീകളുടെ കണ്ണുകള്‍ അറിയാതെ തുളുമ്പിപോകുന്നുണ്ട്. സീമകള്‍ക്കതീതമായ സ്‌നേഹം തിരുനല്ലൂരിന്റെ കഥാപാത്രങ്ങളില്‍ നിറഞ്ഞുകാണാം.
കദനം കല്ലാക്കിമാറ്റിയ കരളുമായി ജീവിച്ചവരെക്കുറിച്ച് അദ്ദേഹം പാടി. പലേടത്തും വാടിവീഴുന്ന ജീവിതങ്ങളെക്കുറിച്ച്, പിടഞ്ഞ് എഴുന്നേല്‍ക്കുകയും ആവോളം മുന്നേറാന്‍ കൊതിക്കുകയും ചെയ്യുന്ന മനുഷ്യര്‍ക്കുവേണ്ടി തന്റെ ഹൃദയത്തെ സമര്‍പ്പിച്ചു.
'ആലപിക്കുക നമ്മള്‍
മാനവത്തിന്‍ ഗാനം
ആര്‍ദ്രതയുടെ ശക്തി
തീവ്രതയുടെ ഗാനം'
എന്നാഹ്വാനം ചെയ്‌ത മാനവികതയുടെ കവിയായിരുന്നു തിരുനല്ലൂര്‍.
വെടിയുണ്ടകള്‍ മനുഷ്യരുടെ മാറിനെ ഭയപ്പെട്ടിരുന്ന കാലത്തെ തന്റെ ജീവിതത്തിലെ അതിസുന്ദരവും ധീരവും സഫലവും അജയ്യവുമായ തീക്‌ഷ്‌ണ യൗവ്വനകാലമായി ഓര്‍മ്മിച്ച് കവി അഭിമാനം കൊണ്ടു. പോരാട്ടഭൂമികളില്‍ ഉണ്ടായിരുന്ന നന്മ നിറഞ്ഞ മനുഷ്യരുടെ ഹൃദയസ്‌പന്ദനമുള്‍ക്കൊണ്ട ആ കാലത്ത് തന്റെ വാക്കുകള്‍ക്ക് എന്തൊരു മുഴക്കമായിരുന്നുവെന്ന് ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍മ്മിക്കുന്നുണ്ട്.
'ആ സുഖ,ദുഖങ്ങളാ
സ്‌നേഹങ്ങ,ളാ ധൈര്യങ്ങ-
ളായിരുന്നന്നെന്‍
കവിതാസൗന്ദര്യങ്ങള്‍'
എന്ന് ചാരിതാര്‍ത്ഥ്യപ്പെട്ടിട്ടുണ്ട്.
പ്രകൃതിയുടെ മാന്ത്രികഭംഗിയുടെ ഉപാസകനായിരുന്നു തിരുനല്ലൂര്‍. കായലും കായലിലെ ഓളങ്ങളും പൂക്കളും പ്രഭാതവും പകലും സായംസന്ധ്യകളും അദ്ദേഹത്തെ മോഹിപ്പിച്ചുകൊണ്ടിരുന്നു. അനിതര സാധാരണമായ വൈഭവത്തോടെ അവയൊക്കെയും മാധുര്യമേറിയ ഭാഷയില്‍ തന്റെ കവിതയിലേക്കദ്ദേഹം ആവാഹിച്ചു. അഗ്നിയായി സ്വയം ആളിപ്പടര്‍ന്നിരുന്ന ഗ്രീഷ്‌മകാല പകലുകള്‍ സൗമ്യസന്ധ്യകളായി പരിണമിക്കുന്നത് കവി വിസ്‌മയത്തോടെ നോക്കി നിന്നിരുന്നു.
'ഗ്രീഷ്‌മസന്ധ്യകള്‍ക്കീമട്ടഭീഷ്‌ടമാം
രാമണീയകം കൈവന്നതെങ്ങനെ!
തപ്‌തമദ്ധ്യാഹ്‌ന തീവ്രാനുഭൂതിക-
ളോര്‍ത്തു, നോക്കുകയാവുമീ സന്ധ്യകള്‍'
സന്ധ്യയുടെ രമണീയത കണ്ട് അതിശയിക്കുകയും അവ ഓര്‍ക്കുന്നതെന്താവുമെന്ന് സങ്കല്‍പ്പിച്ച് ആനന്ദിക്കുകയും ചെയ്യുന്ന കവി.
'കഴിവെത്രയ്‌ക്കുണ്ടെന്നോ
കണ്ണുകള്‍ക്കാത്മാവിന്‍
കഥയൊക്കെ പറയാനു-
മറിയുവാനും!'
എന്നെഴുതിയ തിരുനല്ലൂര്‍ നിശബ്‌ദതയ്ക്‌ക്കുപോലും പ്രണയത്തെ മറച്ചുപിടിക്കാനാവുകയില്ലെന്ന്, ആത്മാവിന്റെ ശബ്‌ദം കണ്ണുകളില്‍ പ്രതിഫലിക്കുമെന്ന് പഠിപ്പിക്കുമ്പോള്‍ തീവ്രയനുരാഗത്തിന്റെ ആഴം നാം അറിയുന്നു.
'തൂമിഴിത്തുമ്പിനെക്കാളും വിദഗ്ധമാം
ഗാനവും കാവ്യവുമില്ല'
എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. റാണിയുടെ വേദന മലയാളകാവ്യാസ്വാദകരുടെ മനസ്സിലും ഒരു നൊമ്പരമായി തീര്‍ന്നു. പ്രിയ കാമുകനെയും കാത്ത് കായല്‍ക്കരയില്‍ കണ്ണില്‍ കരളുമായി നില്‍ക്കുന്ന റാണിയുടെ വേദന മുറ്റിനില്‍ക്കുന്ന വരികള്‍ ഹൃദയസ്‌പര്‍ശിയാണ്. ക്രൂരമായ കാറ്റും അത്യുഗ്രമായ കായലും തമ്മിലുള്ള യുദ്ധത്തില്‍ ജീവന്‍ നഷ്‌ടപ്പെടുമ്പോഴും നാണുവിന്റെ ചുണ്ടുകളില്‍ ഉയര്‍ന്നത് 'റാണി'യെന്ന പ്രിയപ്പെട്ടവളുടെ പേരാണ്.
'നിന്റെ പേരിപ്പോഴുമിറ്റുനില്‍ക്കുന്നൊരീ-
ച്ചുണ്ടിനിക്കാണണോ കുഞ്ഞേ'
എന്ന ചോദ്യത്തിനു മുന്നില്‍ കായലരികത്ത് പാറപോലെ നിന്നുപോകുന്ന റാണി തോണിയില്‍ പാട്ടുമായി വന്നെത്തുന്ന നാണുവിനെയും ഓര്‍ത്ത് ജീവിച്ചു.
ഭാവനാ സമ്പന്നനായ കവിയായിരുന്നു തിരുനല്ലൂര്‍ എന്നതിന് എത്രയെത്ര ഉത്തമ ഉദാഹരണങ്ങള്‍ അദ്ദേഹത്തിന്റെ കാവ്യപ്രപഞ്ചത്തില്‍ നിന്ന് കണ്ടെടുക്കാനാവും.
ആ സര്‍ഗ വൈഭവം എന്നും മലയാള സാഹിത്യത്തില്‍ വേറിട്ട വെളിച്ചമായി നിലനില്‍ക്കും. കവിതയില്‍ മാത്രമല്ല ഗദ്യത്തിലും അദ്ദേഹം മധുരം നിറച്ചു. 'ഒരു മഹായുദ്ധത്തിന്റെ പര്യവസാനം' എന്ന ഗ്രന്ഥം അതിന്റെ സാക്ഷ്യപത്രമാണ്. 'മലയാള ഭാഷാ പരിണാമം- സിദ്ധാന്തങ്ങളും വസ്‌തുതകളും' എന്ന ഗ്രന്ഥം ഭാഷാ പഠനത്തിന്റെ ഉത്തമ വഴികാട്ടിയാണ്. താന്‍ മണ്‍മറഞ്ഞാലും തന്റെ സൃഷ്ടികകള്‍ അവശേഷിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്ന പ്രതിഭാധനനാണ് തിരുനല്ലൂര്‍. അതുകൊണ്ടുതന്നെ അദ്ദേഹം തന്റെ കവിതയില്‍ ഇങ്ങനെ എഴുതി.
'പാഴാവുകയില്ലെന്‍
വാക്കുക,ളവ ചില
കാതുകള്‍ക്കുടന്‍ തേനായ്
ത്തോന്നുകയില്ലെങ്കിലും
ആര്‍ദ്രതയോടെ മര്‍ത്യ
ജീവിതമെന്‍ ചുണ്ടിലൂ
ടാലപിച്ചതാത്മ-
ഗാഥകളാകുന്നവ.'
തീവ്രവേദനയുടെ തേങ്ങലും ജീവനെയുണര്‍ത്തുന്ന സ്‌നേഹ നര്‍മ്മ സല്ലാപങ്ങളും കണ്ണുനീര്‍ വീഴുന്ന നേര്‍ത്ത ശബ്‌ദവും മണ്ണില്‍ നിന്നുയരുന്ന പൗരുഷോദ്‌ഘോഷങ്ങളും കാല്‍ച്ചങ്ങലയുടെ കിലുക്കവും അവയൊന്നായ് പൊട്ടുന്ന മുഴക്കവും തന്റെ കവിതകളില്‍ ഉണ്ടെന്ന് പറഞ്ഞ കവി താന്‍ പാടുന്നത് സ്വതന്ത്രവും അവിഭക്തവും സ്‌നേഹഭരിതവുമായ ഒരു ലോകത്തെക്കുറിച്ചാണെന്നും ആ കാലം അനിവാര്യമാണെന്നും ഘോഷിച്ചു.
*****
വി പി , കടപ്പാട് : ജനയുഗം
Subscribe to:
Post Comments (Atom)
1 comment:
വാക്കുകള്‍ക്ക് നൃത്തമാടാനും ഒപ്പം തന്നെ യുദ്ധം ചെയ്യാനും കഴിയുമെന്ന് വിശ്വസിച്ച കവിയായിരുന്നു തിരുനല്ലൂര്‍. ചേതോഹരമായ മാരിവില്ലുകള്‍ തീര്‍ക്കാനും പൊരിയുന്ന മണ്ണില്‍ മഴയായി വീഴാനും ഉന്നതരായ അധികാരികളെ കിടിലം കൊള്ളിക്കാനും ധാര്‍ഷ്‌ട്യങ്ങളെ ചുട്ടെരിക്കുന്ന ഇടിവാളുകളാകാനും വാക്കുകള്‍ക്കാവുമെന്ന് വിശ്വസിച്ച തിരുനല്ലൂര്‍ തന്റെ കവിതകളിലൂടെ അത് സാക്ഷ്യപ്പെടുത്തുകയും ചെയ്‌തു. വാക്കുകളാല്‍ അദ്ദേഹം കാവ്യഭംഗിയുടെ മാരിവില്ലു തീര്‍ത്തു. മലയാളികളുടെ മനസ്സില്‍ സ്‌നേഹത്തിന്റെ മഴപെയ്യിച്ചു. സ്വേച്ഛാധിപത്യത്തിനും ജന്മിത്വത്തിനുമെതിരായി വാക്കുകളെ ഇടിവാളുകളാക്കി.
Post a Comment