അങ്ങേയറ്റം കമ്പോളവല്‍കൃതവും സംഘര്‍ഷഭരിതവുമായ ആധുനികോത്തര കാല്‍പ്പന്തുകളിയില്‍ വിജയം എന്നത് മാത്രമാണ് ഒരേയൊരു ആപ്തവാക്യം. ഒരു സെല്‍ഫ്ഗോളിന്റെ അബദ്ധത്തിന് ആന്ദ്രെ എസ്കോബാറിന്റെ നെഞ്ചിലേക്ക് വെടുയുണ്ടകള്‍ ചീറിപ്പാഞ്ഞു. ഒരൊറ്റ ഗോളിന്റെ പേരില്‍ ആഗോളപ്രശസ്തി കിട്ടുന്ന, പരാജയങ്ങള്‍ തെമ്മാടിക്കൂട്ടങ്ങള്‍ക്ക് വംശീയകലാപത്തിന് വഴിയൊരുക്കുന്ന അനിശ്ചിതത്വങ്ങളുടെ വിളനിലമാണ് ആധുനികഫുട്ബോള്‍.
ഗോളുകള്‍ വിജയത്തിന്റെ മാപിനികളെന്നപോലെ സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കുന്നതും ഒപ്പം തകര്‍ക്കുന്നതുമാണ്. 'ആ നിമിഷത്തില്‍ ഞാന്‍ ആ മനുഷ്യനെ ഏറ്റവുമധികം വെറുത്തുപോയി'-ലോകഫുട്ബോളിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ ഗോര്‍ഡന്‍ ബാങ്ക്സിനെക്കുറിച്ച് ഫുട്ബോള്‍ രാജാവ് പെലെ മൊഴിഞ്ഞ വാക്കുകള്‍. 1970ലെ മെക്സിക്കോ ലോകകപ്പില്‍ ബ്രസീലും ഇംഗ്ളണ്ടും തമ്മിലുള്ള മത്സരം. വലതുപാര്‍ശ്വത്തിലൂടെ ബ്രസീലിന്റെ ജെഴ്സിഞ്ഞോ പന്തുമായി കുതിച്ചുകയറി പെനല്‍റ്റിബോക്സിലേക്ക് സെന്റര്‍ ചെയ്തു. പ്രതിരോധക്കാര്‍ക്കു മുകളില്‍ ചാടിയുയര്‍ന്ന പെലെയുടെ മിന്നുന്ന ഹെഡര്‍ ഇടതുപോസ്റ്റിലേക്ക്. സ്റ്റേഡിയം ആര്‍ത്തിരമ്പി, ഗോള്‍... പക്ഷേ, ബ്രസീലിനെയും കാണികളെയും അമ്പരപ്പിച്ചുകൊണ്ട് വലതുപോസ്റ്റില്‍നിന്ന് പറന്നെത്തിയ ബാങ്ക്സ് ഗോള്‍വലയ്ക്കു മുന്നില്‍ കുത്തിയുയര്‍ന്ന പന്ത് ബാറിനു മുകളിലൂടെ തട്ടിയകറ്റി. അമ്പരപ്പില്‍നിന്നുണര്‍ന്ന ഗ്വാദലജാറയിലെ ജനാരണ്യം നൂറ്റാണ്ടിലെ രക്ഷപ്പെടുത്തലിനെ കരഘോഷത്തോടെ എതിരേറ്റു. ബാങ്ക്സിന്റെ അദ്ഭുതപ്രകടനത്തെ പെലെപോലും അവിശ്വസനീയമെന്ന് വാഴ്ത്തി.
ഗോള്‍പോസ്റ്റിലേക്ക് നോക്കൂ. ഗോള്‍വലയുടെ കോണിലുള്ള ഉയര്‍ന്ന ഭാഗങ്ങള്‍ ശ്രദ്ധിക്കൂ. ഗോള്‍കീപ്പര്‍ക്ക് ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിയാത്ത ആ ഭാഗങ്ങള്‍. ഒരു മിന്നല്‍പോലെ മുന്നേറൂ; ഒറ്റ ലക്ഷ്യവുമായി-ഗോള്‍. ആരവങ്ങള്‍ നിങ്ങളെ പൊതിയുമ്പോഴായിരിക്കും നിങ്ങള്‍പോലും അതറിയുക. ഫുട്ബോളിന്റെ ഈ ചടുലതയും ചലനശാസ്ത്രവും മായികഭാവങ്ങളുംകൊണ്ടായിരിക്കാം ക്യാമറകള്‍ക്ക് പിന്തുടരാന്‍ കഴിയാത്ത ദൃശ്യവിനോദമെന്ന പേര് അതിനു മാത്രമായി കിട്ടിയത്. ലക്ഷ്യകേന്ദ്രത്തോട് പുറംതിരിഞ്ഞുനിന്നുകൊണ്ട് മെയ് വഴക്കത്തിന്റെ ഒരുതരം ബാലെ ഭാഷ്യത്തിലൂടെ പന്ത് തൊടുക്കുന്ന പെലെയുടെ പ്രശസ്തമായ ബൈസിക്കിള്‍ കിക്ക് വിവരണാതീതമാണ്, അത്രയുംതന്നെ അവ്യക്തതയാര്‍ന്നതും. ഗാരിഞ്ചയുടെ കരിയിലകിക്കുകളും നിര്‍വചിക്കാന്‍ കഴിയാത്ത പ്രതിഭാസമായി നില്‍ക്കുന്നു. റൊണാള്‍ഡിന്യോയുടെയും റോബര്‍ട്ടോ കാര്‍ലോസിന്റെയും ബെക്കമിന്റെയും മാസ്മരികസൌന്ദര്യമുള്ള ഫ്രീകിക്കുകളും മാറഡോണയുടെയുംമറ്റും ഫീല്‍ഡ് ഗോളുകളും ഇപ്പോഴും വിഭ്രമാത്മകവും വിസ്മയാവഹവുമായി തോന്നാം. കളിക്കളത്തില്‍ ഒരു മത്സ്യത്തെപ്പോലെ വളഞ്ഞുപുളഞ്ഞു തുഴഞ്ഞുകയറുകയും പെട്ടെന്നൊരു കുരുവിയെപ്പോലെ ചിറകടിച്ചുപറക്കുകയും എതിരാളിയുടെ കോട്ടവാതിലിനു മുമ്പില്‍ പീരങ്കിയുണ്ട ഉതിര്‍ക്കുകയും ചെയ്യുന്ന പ്രതിഭകള്‍ അങ്ങനെ എത്രയെത്ര.
ഫീല്‍ഡ് ഗോളുകള്‍ക്ക് പുറമെ ഫ്രീകിക്കുകളും പെനല്‍റ്റികളുമായി പിറക്കുന്ന ഡെഡ്ബോംബുകളും ഫുട്ബോളിന്റെ ആവനാഴിയിലെ മൂര്‍ച്ചയേറിയ ആയുധങ്ങളാണ്. എന്നാല്‍, പെനല്‍റ്റി കിക്ക് എടുക്കുന്നവരുടെ വിഹ്വലതകള്‍ക്ക് ആക്കംകൂട്ടി ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ നിയമമാറ്റം നടപ്പാക്കുന്നു. പെനല്‍റ്റി കിക്ക് എടുക്കാനുള്ള റണ്ണപ്പ് പൂര്‍ത്തിയാക്കിയ ശേഷം ഗോളടിക്കുന്നതുപോലെ അഭിനയിച്ച് ഗോളിയെ കബളിപ്പിച്ചിട്ട് എതിര്‍ദിശയിലേക്ക് ഗോളടിക്കുന്ന കലാപരിപാടി ഈ ലോകകപ്പ് മുതല്‍ നടപ്പില്ല. ലോകകപ്പിലെ താരങ്ങളില്‍ പലരുടെയും നടനവൈഭവം കണ്ടാല്‍ അവരെ ഹോളിവുഡ് റാഞ്ചുമെന്ന് തോന്നും. പക്ഷേ, രാജ്യാന്തര ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് (ഐഎഫ്എബി) ഫുട്ബോള്‍ താരങ്ങളെ അഭിനയത്തില്‍നിന്ന് വിലക്കുന്നില്ല. അഭിനയം വേണമെന്നുണ്ടെങ്കില്‍ റണ്ണപ്പിനിടെ ആകാം. അത് പൂര്‍ത്തിയായാല്‍പിന്നെ നേരെ കിക്കെടുക്കുക മാത്രം. നിലവില്‍ ഓടിവന്നു കിക്കെടുക്കുന്നതുപോലെ അഭിനയിച്ച് ഗോളിയെ കബളിപ്പിക്കുന്നവരുണ്ട്. അത് വിശ്വസിച്ച് ഗോളി ചാടിയാല്‍ അതിന്റെ എതിര്‍വശത്തേക്ക് പന്ത് എത്തിച്ച് ഗോള്‍ ഉറപ്പാക്കും. ഈ അടവുനയം ബ്രസീല്‍ ഫുട്ബോളില്‍ ഏതാണ്ട് വേരുറപ്പിച്ചെന്ന ആക്ഷേപത്തെത്തുടര്‍ന്നാണ് പുതിയ നിയമം ദക്ഷിണാഫ്രിക്കയില്‍ നടപ്പാക്കുന്നത്. ഒട്ടേറെ വീഡിയോദൃശ്യങ്ങള്‍ സൂക്ഷ്മമായി പഠിച്ചു വിലയിരുത്തിയതിനുശേഷമാണ് പെനല്‍റ്റി കിക്ക് സംബന്ധിച്ച് 14-ാം ചട്ടം മാറ്റിയിരിക്കുന്നത്. ഗോളികളെ പറ്റിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് തങ്ങള്‍ ചിരിച്ചുപോയെന്ന് ഐഎഫ്എബി അംഗം പാട്രിക് നെല്‍സണ്‍ പറയുമ്പോള്‍ അത്തരം കാഴ്ചകള്‍ നിരവധി കണ്ടിട്ടുള്ള നമ്മളും ചിരിച്ചുമറിയാതിരിക്കുന്നതെങ്ങനെ.
119 വര്‍ഷം മുമ്പൊരു സെപ്തംബറില്‍ ആക്രിംഗ്ടണ്‍ സ്റ്റാന്‍ലിക്കെതിരായ ഫുട്ബോള്‍ മത്സരത്തില്‍ പെനല്‍റ്റി അടിക്കാന്‍ ഒരുങ്ങവെ വൂള്‍വര്‍ഹാംടണ്‍ വാണ്ടറേഴ്സിന്റെ ജോണ്‍ ഹീത്ത് സങ്കല്‍പിച്ചിരിക്കുമോ തന്റെ ഷോട്ട് ചെന്നുവീഴുക ചരിത്രത്തിലാണെന്ന്. 1891ലെ ആ കിക്കാണ് ഫുട്ബോള്‍ ചരിത്രത്തിലെ ആദ്യ സ്പോട്ട്കിക്ക്. അതിനു മാസങ്ങള്‍ക്കു മുമ്പാണ് പെനല്‍റ്റി കിക്ക് എന്ന പുതിയ ആയുധം ഫുട്ബോള്‍ ഭരണാധികാരികള്‍ അവതരിപ്പിച്ചത്.
എന്നാല്‍, പെനല്‍റ്റി കിക്കിന്റെ ശാസ്ത്രീയതയൊന്നും ജോണ്‍ ഹീത്തിന്റെ മസ്തിഷ്കത്തിലുണ്ടായിരുന്നില്ല. അദ്ദേഹം ചുമ്മാ പന്ത് വലയിലേക്ക് അടിക്കുകയേ ചെയ്തുള്ളൂ. ഒരു നൂറ്റാണ്ടിനുശേഷം പെനല്‍റ്റി ഫുട്ബോളിലെ ഏറ്റവും തന്ത്രപ്രധാനമായ, നിര്‍ണായകമായ ആയുധമായി മാറുന്നത് നാം കാണുന്നു. ഗോള്‍ലൈനിന് 12 വാര അകലെനിന്ന് കുതിച്ചുയരുന്ന സ്പോട്ട് കിക്കിനു പിന്നില്‍ കളിക്കാരന്റെ കണിശതയെക്കാള്‍ മനഃശാസ്ത്രജ്ഞന്റെയും ബയോമെക്കാനിഷ്യന്‍സിന്റെയും കായികക്ഷമതാപരിശീലകന്റെയും കൂര്‍മബുദ്ധിക്കാണ് ഇന്ന് പ്രാധാന്യം. ന്യൂട്ടണും നീല്‍സ്ബോറുമടക്കമുള്ള ഭൌതികശാസ്ത്രജ്ഞര്‍ രൂപംകൊടുത്ത ബയോമെക്കാനിക്സും മാനസികഭാവങ്ങളുടെ ശാരീരിക പ്രതിഫലനങ്ങള്‍ വിലയിരുത്തുന്ന ബയോ ആര്‍ക്കിയോളജി മുതല്‍ ക്വാണ്ടം മെക്കാനിക്സ്വരെയുള്ള ശാസ്ത്രശാഖകളും സ്പോട്ട് കിക്കുകളെ പഠനവിധേയമാക്കിയിട്ടുണ്ട്.
കടുത്ത സമ്മര്‍ദമാണ് കിക്ക് എടുക്കുന്ന ആള്‍ക്കും ഗോള്‍കീപ്പര്‍ക്കും ഒരുപോലെ ഭീഷണിയുയര്‍ത്തുന്നത്. ഈ സമ്മര്‍ദം അതിജീവിക്കാന്‍ മനശാസ്ത്രജ്ഞന്റെ സഹായം തേടുന്ന പ്രൊഫഷണല്‍ കളിക്കാരുണ്ട്. 1982നു ശേഷമുള്ള ലോകകപ്പിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പെനല്‍റ്റിയുടെ വിജയശതമാനം ഓരോ ടൂര്‍ണമെന്റിലും 70നും 80നും ഇടയ്ക്കാണ്. കിക്ക് നേരിടുന്ന ഗോള്‍കീപ്പര്‍ക്ക് ഗോള്‍ലൈനില്‍ ചലിക്കാമെന്ന നിയമം 1998ല്‍ നടപ്പായതോടെ ഈ തോത് വര്‍ധിച്ചിട്ടേയുള്ളൂ.
കിക്കിന്റെ ദിശ നിര്‍ണയിക്കാന്‍ കിക്കെടുക്കുന്ന ആളുടെ അരക്കെട്ടിന്റെ ചലനങ്ങള്‍ നിരീക്ഷിക്കുന്നത് സഹായകമാകുമെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. കിക്കറുടെ അരക്കെട്ട് നിശ്ചലമായാണ് നില്‍ക്കുന്നതെങ്കില്‍ കിക്ക് വലതുവശത്തേക്ക് പോകാനാണ് സാധ്യത. അരക്കെട്ട് ചലിപ്പിച്ചുകൊണ്ട് കിക്കെടുക്കാന്‍ ഓടിത്തുടങ്ങുന്ന കളിക്കാരന്‍ പന്ത് കീപ്പറുടെ ഇടതുഭാഗത്ത് പ്ളേസുചെയ്യാന്‍ സാധ്യതകൂടും. ഗോള്‍വലയത്തിന്റെ 28 ശതമാനം കീപ്പര്‍ക്ക് നിയന്ത്രണമില്ലാത്ത മേഖലയാണെന്ന് പഠനം തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും ശക്തിയോടെ തൊടുക്കുന്ന കിക്കുകള്‍ മിക്കവാറും ഗോളായി മാറും. സെക്കന്‍ഡില്‍ 20 മീറ്ററില്‍ ഏറെ വേഗതയില്‍ തൊടുക്കുന്ന സ്പോട്ട് കിക്കുകള്‍ ഭൂരിഭാഗവും ഗോളായതാണ് ചരിത്രം. അതിലും വേഗത്തില്‍ ഗോള്‍കീപ്പര്‍ക്ക് പ്രതികരിക്കാന്‍ കഴിയാറില്ല.
ഓര്‍ക്കുക, സ്പോട്ട് കിക്കുകള്‍ ആധുനിക ഫുട്ബോളിലെ വജ്രായുധമാണ്. അതിന്റെ വഴിയില്‍ ഫലിതമുണ്ട്; നടനമുണ്ട്. പക്ഷേ, പെനല്‍റ്റി ലക്ഷ്യത്തിലെത്തിക്കാന്‍ കിക്കര്‍ ശാസ്ത്രജ്ഞനുമാകണം.
*
എ എന്‍ രവീന്ദ്രദാസ് കടപ്പാട്: ദേശാഭിമാനി വാരിക
Subscribe to:
Post Comments (Atom)
4 comments:
ഗോള്‍പോസ്റ്റിലേക്ക് നോക്കൂ. ഗോള്‍വലയുടെ കോണിലുള്ള ഉയര്‍ന്ന ഭാഗങ്ങള്‍ ശ്രദ്ധിക്കൂ. ഗോള്‍കീപ്പര്‍ക്ക് ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിയാത്ത ആ ഭാഗങ്ങള്‍. ഒരു മിന്നല്‍പോലെ മുന്നേറൂ; ഒറ്റ ലക്ഷ്യവുമായി-ഗോള്‍. ആരവങ്ങള്‍ നിങ്ങളെ പൊതിയുമ്പോഴായിരിക്കും നിങ്ങള്‍പോലും അതറിയുക. ഫുട്ബോളിന്റെ ഈ ചടുലതയും ചലനശാസ്ത്രവും മായികഭാവങ്ങളുംകൊണ്ടായിരിക്കാം ക്യാമറകള്‍ക്ക് പിന്തുടരാന്‍ കഴിയാത്ത ദൃശ്യവിനോദമെന്ന പേര് അതിനു മാത്രമായി കിട്ടിയത്. ലക്ഷ്യകേന്ദ്രത്തോട് പുറംതിരിഞ്ഞുനിന്നുകൊണ്ട് മെയ് വഴക്കത്തിന്റെ ഒരുതരം ബാലെ ഭാഷ്യത്തിലൂടെ പന്ത് തൊടുക്കുന്ന പെലെയുടെ പ്രശസ്തമായ ബൈസിക്കിള്‍ കിക്ക് വിവരണാതീതമാണ്, അത്രയുംതന്നെ അവ്യക്തതയാര്‍ന്നതും. ഗാരിഞ്ചയുടെ കരിയിലകിക്കുകളും നിര്‍വചിക്കാന്‍ കഴിയാത്ത പ്രതിഭാസമായി നില്‍ക്കുന്നു. റൊണാള്‍ഡിന്യോയുടെയും റോബര്‍ട്ടോ കാര്‍ലോസിന്റെയും ബെക്കമിന്റെയും മാസ്മരികസൌന്ദര്യമുള്ള ഫ്രീകിക്കുകളും മാറഡോണയുടെയുംമറ്റും ഫീല്‍ഡ് ഗോളുകളും ഇപ്പോഴും വിഭ്രമാത്മകവും വിസ്മയാവഹവുമായി തോന്നാം. കളിക്കളത്തില്‍ ഒരു മത്സ്യത്തെപ്പോലെ വളഞ്ഞുപുളഞ്ഞു തുഴഞ്ഞുകയറുകയും പെട്ടെന്നൊരു കുരുവിയെപ്പോലെ ചിറകടിച്ചുപറക്കുകയും എതിരാളിയുടെ കോട്ടവാതിലിനു മുമ്പില്‍ പീരങ്കിയുണ്ട ഉതിര്‍ക്കുകയും ചെയ്യുന്ന പ്രതിഭകള്‍ അങ്ങനെ എത്രയെത്ര.
..
കൊള്ളാം ഈ വരികള്‍
keep going
..
കൊള്ളാം. മലയാളത്തില്‍ നല്ല സ്പോര്‍ട്സ് ലേഖനങ്ങള്‍ കിട്ടുന്നത് വിരളം.
സുന്ദരമായ ലേഖനം !
Post a Comment