Friday, June 18, 2010

ഭോപ്പാല്‍ തെളിയിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ സാമ്രാജ്യത്വ ദാസ്യം

2010 ജൂണ്‍ ഏഴിന് ഭോപ്പാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മോഹന്‍ പി തിവാരി ചരിത്രത്തില്‍ സ്ഥാനം പിടിച്ചേക്കാവുന്ന ആ വിധി വാക്യം ഉച്ചരിച്ചു. ഭോപ്പാല്‍ കൂട്ടക്കൊലയ്ക്ക് കാരണക്കാരായ എട്ടുപേര്‍ കുറ്റവാളികളാണ് എന്നതായിരുന്നു ആ വിധി. 1984 ഡിസംബര്‍ മൂന്നിന് പുലര്‍ച്ചെയായിരുന്നു ആ മഹാദുരന്തം സംഭവിച്ചത്. ഭോപ്പാലില്‍ പ്രവര്‍ത്തിക്കുന്ന യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യാ ലിമിറ്റഡ് എന്ന അമേരിക്കന്‍ കമ്പനിയുടെ ഒരു വാതക സംഭരണ ടാങ്ക് ലീക്ക് ചെയ്ത് മീഥൈല്‍ ഐസോ സയനേറ്റ് (എംഐസി) എന്ന വിഷവാതകം പുറത്തുവന്നു. 15,000 പേര്‍ അപ്പോള്‍ തന്നെ മരണമടഞ്ഞുവെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. വാതകം ശ്വസിച്ചതുകൊണ്ട് മരണപ്പെട്ടവരുടെയും ഗുരുതരമായ രോഗം ബാധിച്ചവരുടെയും എണ്ണം പിന്നീട് എട്ട് ലക്ഷമായി ഉയര്‍ന്നു.

1969ലാണ് യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്റെ (യൂസിസി) കീഴിലുള്ള യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യാ ലിമിറ്റഡ് (യുസിഐഎല്‍) എന്ന ഫാക്ടറി ഭോപ്പാലില്‍ സ്ഥാപിതമാകുന്നത്. യുസിസി ഒരു ബഹുരാഷ്ട്ര കുത്തക സ്ഥാപനമാണ്. കീടനാശിനി മുതല്‍ ടോര്‍ച്ച് സെല്ലുകള്‍ വരെയുള്ളവയുണ്ട് അവരുടെ ഉല്‍പന്നങ്ങളില്‍. രാസവ്യവസായികളാണവര്‍. 1973ലാണ് കീടനാശിനി നിര്‍മ്മിക്കുന്നതിനുള്ള അസംസ്കൃത രാസവസ്തുവായ മീഥൈല്‍ ഐസോ സയനേറ്റ് വാതകം ഇന്ത്യയിലേക്ക് ആദ്യമായി ഇറക്കുമതി ചെയ്യുന്നത്. അന്ന് തന്നെ ഈ വാതകം അപകടകരമാണെന്നും ശ്വസിച്ചാല്‍ കണ്ണിനും തൊണ്ടയ്ക്കും ശ്വാസകോശങ്ങള്‍ക്കും മാരകമാംവിധം അപകടമുണ്ടാകുമെന്നും ഉല്‍പാദകര്‍ വ്യക്തമാക്കിയിരുന്നു. 1979ല്‍ ഭോപ്പാലില്‍ ഈ വാതകത്തിന്റെ ഉല്‍പാദനം ആരംഭിച്ചു.

1980 മുതല്‍ 1984 വരെയാണ് ഫാക്ടറി പൂര്‍ണ്ണ രൂപത്തില്‍ പ്രവര്‍ത്തിച്ചത്. ഇതിനിടെ പല തവണ ചെറിയ ചെറിയ വാതകച്ചോര്‍ച്ചകള്‍ ഉണ്ടായി. 1981 ഡിസംബര്‍ 26 ന് വാതകചോര്‍ച്ചമൂലം ഒരു തൊഴിലാളി കൊല്ലപ്പെട്ടു. തൊട്ടടുത്ത മാസം വീണ്ടും വാതകച്ചോര്‍ച്ചയുണ്ടായി. 28 പേര്‍ ഇക്കുറി അപകടത്തില്‍പ്പെട്ടു. പല സമയങ്ങളിലായി 61 തവണ ചെറിയ തോതിലുള്ള വാതകചോര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

1984 ഡിസംബര്‍ രണ്ടിനാണ് കൂട്ടക്കൊല എന്ന് വിശേഷിപ്പിക്കേണ്ട ദുരന്തം സംഭവിക്കുന്നത്. അന്ന് എംഐസിയെ പൂജ്യം ഡിഗ്രിയില്‍ നിലനിറുത്തേണ്ട റഫ്രിജറേറ്റര്‍ ഓഫ് ചെയ്തിരുന്നു. വൈദ്യുതിച്ചെലവ് കുറയ്ക്കുന്നതിനുള്ള ഒരു കുറുക്കുവഴിയായിരുന്നു അത്. ടാങ്കിന്റെ വാല്‍വുകള്‍ക്ക് ലീക്ക് ഉണ്ടായിരുന്നു. അതുവഴി വാതകടാങ്കിലേയ്ക്ക് പ്ളാന്റ് കഴുകാനുപയോഗിച്ച വെള്ളം കയറി. ടാങ്കിനുള്ളിലെ മര്‍ദ്ദം കൂടി. വാതകം പുറത്തേയ്ക്ക് കുതിച്ചു. 15,000 പേര്‍ ഭോപ്പാലിന്റെ വഴിയോരങ്ങളിലും ബസ് സ്റ്റാന്‍ഡിലും റെയില്‍വെ സ്റ്റേഷനിലും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനികളിലും മരിച്ചുവീണു. ഒഴിവാക്കാവുന്ന ഒരു ദുരന്തത്തെ കമ്പനിയുടെ ലാഭമോഹം ക്ഷണിച്ച് വരുത്തുകയായിരുന്നു. അതുകൊണ്ടാണ് ഇതൊരു ദുരന്തമല്ല, കൂട്ടക്കൊലയാണ് എന്ന് പറയുന്നത്.

ദുരന്തമുണ്ടായി നാല് ദിവസം കഴിഞ്ഞപ്പോള്‍ യുസിസിയുടെ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സണ്‍ അടക്കം ഒന്‍പതുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ആന്‍ഡേഴ്സണ്‍ ജാമ്യത്തിലിറങ്ങി. ജാമ്യസംഖ്യ വെറും 2000 അമേരിക്കന്‍ ഡോളര്‍! ഇന്ത്യക്കാരുടെ ജീവനെടുത്ത അമേരിക്കന്‍ കമ്പനി മേധാവിയുമായുള്ള ഇന്ത്യന്‍ പോലീസിന്റെ ഒത്തുകളി അങ്ങനെ ആരംഭിച്ചു. ആന്‍ഡേഴ്സണ്‍ അമേരിക്കയിലേക്ക് പോയി. പിന്നീടയാളെ ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല. മധ്യപ്രദേശ് തുടങ്ങിയ ജനവഞ്ചന ഇന്ത്യന്‍ ഭരണകൂടം തുടര്‍ന്നു എന്നര്‍ത്ഥം.

1985ല്‍ ഇന്ത്യ അമേരിക്കന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. 3300 കോടി ഡോളര്‍ നഷ്ടപരിഹാരം കിട്ടണം എന്നായിരുന്നു ഇന്ത്യന്‍ ആവശ്യം. വളരെ തന്ത്രപൂര്‍വ്വം കമ്പനി കേസ് ഇന്ത്യന്‍ കോടതിയിലേക്ക് മാറ്റി. അമേരിക്കന്‍ കോടതി ഉയര്‍ന്ന നഷ്ടപരിഹാരത്തുക വിധിച്ചേക്കുമെന്ന് കമ്പനി ഭയപ്പെട്ടു. ഇന്ത്യന്‍ കോടതിയില്‍ നഷ്ടപരിഹാരത്തുക ചെറുതായിരിക്കുമത്രേ. അങ്ങനെ ഇന്ത്യാ ഗവണ്‍മെന്റ് 15,000 മനുഷ്യജീവനെ അപഹസിച്ചു.

ചതിയുടെയും വഞ്ചനയുടെയും പരമ്പരകളാണ് ഈ കേസിന്റെ ചരിത്രത്തില്‍ ഉടനീളം കാണുന്നത്. 1989 ഫെബ്രുവരിയില്‍ ഇന്ത്യാ സര്‍ക്കാറും കമ്പനിയും ചേര്‍ന്ന് കോടതിക്ക് പുറത്ത് വച്ച് ഒരു ഒത്തുതീര്‍പ്പുണ്ടാക്കി. അവിടെ നഷ്ടപരിഹാരത്തുക 47 കോടി ഡോളര്‍ ആയി നിജപ്പെടുത്തി. 3300 കോടി നഷ്ടപരിഹാരം ചോദിച്ച സര്‍ക്കാരാണ് ഈ വഞ്ചനയ്ക്ക് കൂട്ടുനിന്നത്. എന്നാല്‍ ഈ 47 കോടിഡോളറും മുഴുവന്‍ നല്‍കാന്‍ കമ്പനി തയ്യാറായില്ല. അവര്‍ വാക്കുമാറി. കേസ് തുടര്‍ന്നു.

ഒന്നിലധികം ശാഖകളിലേക്ക് ഈ കഥ വഴിപിരിയുന്നുണ്ട്. 1988ല്‍ ഇറാഖിലെ ഹലാബ്ജ എന്ന കുര്‍ദിഷ് പട്ടണത്തില്‍ അന്നത്തെ ഇറാഖ് ഏകാധിപതി സദ്ദാം ഹുസൈന്‍ രാസ ആയുധങ്ങള്‍ പ്രയോഗിച്ചുവെന്നും അതില്‍ ആയിരക്കണക്കിന് ആളുകള്‍ മരിച്ചുവെന്നും വാര്‍ത്ത വന്നു. യൂണിയന്‍ കാര്‍ബൈഡും ഡൌ കെമിക്കല്‍ (ഉീം ഇവലാശരമഹ) എന്ന മറ്റൊരു കമ്പനിയും ചേര്‍ന്നാണ് സദ്ദാമിന് രാസ ആയുധങ്ങള്‍ വിറ്റിരുന്നത്. ഇവിടെ മറ്റൊരു സംശയം ഉയരാം.

"സദ്ദാമിന് കൊടുക്കാനുള്ള രാസ ആയുധങ്ങളുടെ ക്ഷമത പരിശോധിക്കുകയായിരുന്നോ കാര്‍ബൈഡ് കമ്പനി ഭോപ്പാലില്‍''?

അങ്ങനെയും ആവാം, എന്നാണുത്തരം.

യുസിസിയും ഡൌ കെമിക്കലും അമേരിക്കന്‍ കമ്പനികളാണ്. ഇവരാണ് സദ്ദാമിന് ആയുധം നല്‍കിയത്. കുര്‍ദിഷുകളെ കൊലപ്പെടുത്തിയതിന്റെ പേരില്‍ പിന്നീട് സദ്ദാമിനെ ഭീകരനായി മുദ്രകുത്തി, ഇറാഖിനെ ആക്രമിച്ച് കീഴ്പ്പെടുത്തി, നശിപ്പിച്ച്, സദ്ദാമിനെ തൂക്കിലേറ്റിയതും അമേരിക്ക തന്നെ. പിന്നീട് യൂസിസിയും ഡൌ കെമിക്കലും ലയിച്ച് ഒന്നായി. അത് ലോകത്തെ കീടനാശിനി ഉല്‍പാദകരില്‍ ഒന്നാമനായി വളര്‍ന്നു. പുതിയ കമ്പനി ഡൌ കെമിക്കല്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഡര്‍സ്ബന്‍ (ഊൃയെമി ) എന്നൊരു കീടനാശിനി അവര്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. 2002ല്‍ ഈ കീടനാശിനി മൂലം ഒരു അമേരിക്കന്‍ കുട്ടിയുടെ തലച്ചോറിന് രോഗം ബാധിച്ചു. ഡൌ ഈ കുടുംബത്തിന് ഒരുകോടി ഡോളറാണ് നഷ്ടപരിഹാരം കൊടുത്തത്. അതേകാലത്ത് തന്നെയാണ് ഡൌ കമ്പനിയുടെ വക്താവ് കാത്തി ഹണ്ടിന്റെ ഒരു പ്രസ്താവന വന്നത്.

"ഇന്ത്യക്കാരന്റെ ജീവന് അഞ്ഞൂറ് ഡോളര്‍തന്നെ അധികമാണ്''. ഈ പ്രസ്താവന ഇന്ത്യ സര്‍ക്കാര്‍ ശരിവച്ചുവെന്ന് കരുതണം.ഡര്‍സ്ബന്‍ എന്ന കീടനാശിനി ഇന്നും ഇന്ത്യയില്‍ നിര്‍ബാധം വിറ്റഴിക്കപ്പെടുന്നു.

ഈ കഥയ്ക്ക് മറ്റൊരു ശാഖ കൂടിയുണ്ട്. 1999ല്‍ ഗ്രീന്‍പീസ് എന്ന സംഘടന ഭോപ്പാലിലെ ഫാക്ടറി വളപ്പില്‍ പ്രവേശിച്ച് അവിടുത്തെ മണ്ണും വെള്ളവും പരിശോധിച്ചു. പന്ത്രണ്ട് ഇനം മാരകവിഷങ്ങളും മെര്‍ക്കുറിയും അനുവദനീയമായതിനേക്കാള്‍ 60 ലക്ഷം മടങ്ങ് കൂടിയ തോതില്‍ ഇവിടെ കാണപ്പെട്ടു. 2002ല്‍ മറ്റൊരു ശാസ്ത്രീയ പഠനം വന്നു. അത് കൂടുതല്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. കമ്പനിക്ക് ചുറ്റുമുള്ള അമ്മമാരുടെ മുലപ്പാലില്‍ ലെഡും മെര്‍ക്കുറിയും അടങ്ങിയിരിക്കുന്നു! ദുരന്തം നടന്ന് പതിനെട്ട് വര്‍ഷത്തിന് ശേഷമാണിതെന്നോര്‍ക്കണം. അതായത് ദുരന്തസമയത്തെ ബാലികമാര്‍ വളര്‍ന്ന് അമ്മമാരായപ്പോള്‍ അവരുടെ മുലപ്പാലിലൂടെ വിഷം അടുത്ത തലമുറയിലേക്ക് പകരുന്നു. 2002 സെപ്തംബറില്‍ വീണ്ടും ഒരു പഠന റിപ്പോര്‍ട്ട് വന്നു. ഡെറാഡൂണിലെ 'പീപ്പിള്‍സ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട്' ഭോപ്പാലിലെ കിണറുകളിലെ കുടിവെള്ളം പരിശോധിച്ചു. വെള്ളത്തില്‍ ഉയര്‍ന്ന അളവില്‍ മെര്‍ക്കുറിയുണ്ട് എന്നവര്‍ കണ്ടെത്തി. ലിറ്ററിന് രണ്ട് മൈക്രോ ഗ്രാമിലധികം.

യൂണിയന്‍ കാര്‍ബൈഡിന്റെ ബാദ്ധ്യതകള്‍ ഏറ്റെടുക്കാനാവില്ലെന്നായിരുന്നു ഡൌ കെമിക്കലിന്റെ ആദ്യ നിലപാട്. പിന്നീടതവര്‍ തിരുത്തി. പക്ഷേ സര്‍ക്കാര്‍ ഒത്തുകളി തുടര്‍ന്നു. കേസ് നടത്തിപ്പ് മുന്നോട്ട് പോയില്ല. ആന്‍ഡേഴ്സണ്‍ അമേരിക്കയില്‍ ആഡംബര ജീവിതം നയിക്കുന്നു എന്നു വാര്‍ത്ത വന്നു. അയാളെ വിട്ടുതരണമെന്ന് ഇന്ത്യാ സര്‍ക്കാര്‍ ഒരു ഔപചാരികാവശ്യം ഉന്നയിച്ചു. അമേരിക്ക അത് കേട്ടതായി ഭാവിച്ചില്ല. ഇതിനോടകം ദുരിതബാധിതരെ പുനരധിവസിപ്പിക്കണമെന്നും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പലവിധ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡൌ കെമിക്കലിന്റെ ബോംബേ ഓഫീസിന് മുന്നില്‍ പ്രകടനം നടത്തിയ സ്ത്രീകള്‍ക്കെതിരെ കമ്പനി കേസ് ഫയല്‍ ചെയ്തു. അവരാവശ്യപ്പെട്ട നഷ്ടപരിഹാരം 10,000 ഡോളര്‍!

പ്രക്ഷോഭം ശക്തമായി. ഐസിജെബി എന്ന സംഘടന ഭോപ്പാലിലെ മാലിന്യങ്ങള്‍ അമേരിക്കയിലുള്ള ഡൌ പ്ളാന്റിന്റെ മുന്നില്‍ കൂട്ടിയിട്ട് പ്രതിഷേധിച്ചു. ഇരുപതോളം പ്രക്ഷോഭകാരികള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 2002 നവംബറില്‍ ഡൌവിന്റെ ഒരു രഹസ്യ ഫയല്‍ പുറത്തായി. ഭോപ്പാലിലെ വെള്ളവും മണ്ണും കമ്പനി തന്നെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നെന്നും അവ അപകടകരമാംവിധം മലിനപ്പെട്ടതാണെന്ന് കണ്ടെത്തിയെന്നും ആണ് ആ റിപ്പോര്‍ട്ട്. എന്നാല്‍ ഈ ഫലം മറച്ച്വച്ച് മലിനീകരണമില്ല എന്ന അവകാശവാദമാണ് കമ്പനി പുറത്ത് വിട്ടത്. എന്നാല്‍ കമ്പനിയുടെ ശരിയായ പഠന റിപ്പോര്‍ട്ട് ചോര്‍ന്നു. ഇത് പ്രക്ഷോഭം ആളിക്കത്തിക്കാന്‍ കാരണമായി.

ഇതിനിടെ കോടതി നടപടികള്‍ അനന്തമായി നീണ്ടുപോയി. മനഃപൂര്‍വ്വമുള്ള കൊലപാതകമായിരുന്നു 1987ല്‍ സിബിഐ കമ്പനിക്കെതിരായ നല്‍കിയ കുറ്റപത്രത്തില്‍ ചുമത്തിരുന്നത്. എന്നാല്‍ പിന്നീട് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് ഇത് അശ്രദ്ധമൂലമുള്ള മരണം എന്നായി മാറി. ആദ്യത്തേത് പത്തുവര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. രണ്ടാമത്തേത് വെറും രണ്ട് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന ലഘുവായ കുറ്റവും.

ഈ കേസിലാണ് ഇപ്പോള്‍ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് പ്രതികള്‍ കുറ്റക്കാരാണെന്നാണ് വിധി. ഒന്നാംപ്രതി ആന്‍ഡേഴ്സണ്‍ തന്നെ. പക്ഷേ അയാളെ ഇനിയും കണ്ടെത്തിയിട്ടു പോലുമില്ല. മറ്റൊരു പ്രതിയായിരുന്ന ആര്‍ ബി റോയ് ചൌധരി വിചാരണയ്ക്കിടയില്‍ മരണപ്പെട്ടു. ബാക്കി ഏഴ് പേരാണ് കുറ്റക്കാരെന്ന് തെളിഞ്ഞിരിക്കുന്നത്. യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യാ ലിമിറ്റഡിന്റെ മുന്‍ ചെയര്‍മാന്‍ കേശുഭ്മഹേന്ദ്ര, മുന്‍ എംഡി വിജയ്ഗോഖലെ, മുന്‍ വൈസ് പ്രസിഡന്റ് കിഷോര്‍ കാംദാര്‍, മുന്‍ വര്‍ക്ക്സ് മാനേജര്‍ ജെ മുകുന്ദ്, മുന്‍ പ്രൊഡക്ഷന്‍ മാനേജര്‍ എസ് പി ചൌധരി, മുന്‍ പ്ളാന്റ് സൂപ്രണ്ട് കെ വി ഷെട്ടി, മുന്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് എസ് ഐ ഖുറേഷി എന്നിവരാണവര്‍. വിധിച്ചിരിക്കുന്നത് ഒരു നാമമാത്ര ശിക്ഷയും. രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. വളരെ മുമ്പേ തയ്യാറാക്കിയ ഒരു തിരക്കഥ പൂര്‍ത്തിയായി എന്നു മാത്രം.

നിയമ നടപടികള്‍ക്ക് ഇനിയും ധാരാളം നൂലാമാലകള്‍ കണ്ടേക്കാം. ഒന്നാംലോകത്തിലെ സമ്പന്ന തമ്പുരാന്റെ ലാഭമോഹത്തിന് മുന്നില്‍ മൂന്നാംലോക കോളനിവാസിയുടെ ജീവന് എന്തുവില? വിശേഷിച്ചും ഈ മൂന്നാംലോക ഭരണകൂടം സാമ്രാജ്യത്വ ദാസ്യവൃത്തി നിര്‍ലജ്ജം തുടരുമ്പോള്‍.

*
ജോജി കൂട്ടുമ്മേല്‍ കടപ്പാട്: ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നിയമ നടപടികള്‍ക്ക് ഇനിയും ധാരാളം നൂലാമാലകള്‍ കണ്ടേക്കാം. ഒന്നാംലോകത്തിലെ സമ്പന്ന തമ്പുരാന്റെ ലാഭമോഹത്തിന് മുന്നില്‍ മൂന്നാംലോക കോളനിവാസിയുടെ ജീവന് എന്തുവില? വിശേഷിച്ചും ഈ മൂന്നാംലോക ഭരണകൂടം സാമ്രാജ്യത്വ ദാസ്യവൃത്തി നിര്‍ലജ്ജം തുടരുമ്പോള്‍.