ഈ പ്രപഞ്ചത്തിലെ ഏതു വിഷയത്തെക്കുറിച്ചും തന്റേതായ അഭിപ്രായം ഒരു കമ്യൂണിസ്റുകാരന്റെ വീക്ഷണകോണിൽ നിന്നുകൊണ്ട് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഒരു രാഷ്‌ട്രീയനേതാവെന്ന നിലയിലും ഭരണതന്ത്രജ്ഞന്‍ എന്ന നിലയിലും അദ്ദേഹം കേരളത്തിനു നല്‍കിയ സംഭാവനകള്‍ വളരെ വിലപ്പെട്ടതാണ്.
നാടിന്റെ സര്‍വതോന്മുഖമായ വികസനത്തിന് ആദ്യമായി വേണ്ടത് അവിടത്തെ ജനങ്ങളെ വിദ്യാസമ്പന്നരാക്കുക എന്നതാണെന്ന് മറ്റാരേക്കാളും നന്നായി സ. ഇ എം എസ് തിരിച്ചറിഞ്ഞിരുന്നു. ഒരു ഭരണാധികാരി എന്ന നിലയില്‍ തനിക്കാദ്യം ലഭിച്ച അവസരംതന്നെ ആ ലക്ഷ്യം നിറവേറ്റുന്നതിനുവേണ്ടി ഉപയോഗിക്കാന്‍ ഒട്ടും മടി കാണിച്ചിട്ടുമില്ല. വിദ്യാഭ്യാസരംഗത്ത് അദ്ദേഹം നടത്തിയ ഇടപെടലിനെത്തുടര്‍ന്ന് ആ സര്‍ക്കാരിനെ താഴെയിറക്കിയ ശക്തികള്‍തന്നെ വളരെ വൈകിയാണെങ്കിലും ആ തെറ്റ് ഏറ്റുപറയാന്‍ തയ്യാറായി എന്നതും ചരിത്ര യാഥാര്‍ഥ്യമാണ്.
ഇത്തരുണത്തില്‍ സ. ഇ എം എസ് കേരളീയ വിദ്യാഭ്യാസരംഗത്ത് നടപ്പാക്കിയ പരിഷ്കാരങ്ങള്‍ ഒരു പരിചിന്തനത്തിന് വിധേയമാക്കുന്നത് എന്തുകൊണ്ടും ഉചിതമായിരിക്കും. കേരളരൂപീകരണത്തിനുമുമ്പും അതിനുശേഷവും വിദ്യാഭ്യാസത്തിന്റെ മഹത്വം അതതുകാലത്തെ ഭരണകര്‍ത്താക്കള്‍ തിരിച്ചറിഞ്ഞിരുന്നു. 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തിരുവിതാംകൂറും കൊച്ചിയും വാണിരുന്ന രാജാക്കന്മാര്‍ തങ്ങളുടെ പ്രജകളുടെ വിദ്യാഭ്യാസത്തില്‍ അതീവതാല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നതായി കാണാം. 1818ല്‍ കൊച്ചി രാജാവും 1819ല്‍ തിരുവിതാംകൂര്‍ മഹാറാണിയും വിദ്യാഭ്യാസം സ്റേറ്റിന്റെ ചുമതലയായി പ്രഖ്യാപിക്കുകയുണ്ടായി. അതിന്റെ ഭാഗമായി ഗ്രാന്റ്-ഇൻ-എയ്‌ഡ് സമ്പ്രദായം നടപ്പില്‍ വരുത്തിക്കൊണ്ട് വിദ്യാഭ്യാസരംഗത്ത് സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയുംചെയ്തു. അതേസമയം, 19-ാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തിലാണ് മലബാറില്‍ വിദ്യാഭ്യാസരംഗത്ത് കാര്യമായ ഇടപെടല്‍ ഉണ്ടാകുന്നത്. ഈ പിന്നോക്കാവസ്ഥ മനസ്സിലാക്കിയിട്ടാകണം 1957ലെ ഇ എം എസ് സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത് ഒരു മലബാര്‍ പാക്കേജുതന്നെ നടപ്പാക്കിയത്.
പിന്നോക്കവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസംചെയ്യാന്‍ മലബാറില്‍ ഒരു പരിധിവരെ അവസരമുണ്ടായിരുന്നെങ്കില്‍ തിരുക്കൊച്ചിയില്‍ നേരെ മറിച്ചായിരുന്നു. ശ്രീനാരായണഗുരുവിന്റെയും അയ്യന്‍കാളിയുടെയും മറ്റും നേതൃത്വത്തില്‍ അവര്‍ണരുടെയും അവഗണിക്കപ്പെട്ടവരുടെയും വിദ്യാഭ്യാസാവകാശങ്ങള്‍ക്കുവേണ്ടി നടന്ന പോരാട്ടങ്ങള്‍ ഇതിനു തെളിവാണ്.
സ്വതന്ത്രഭാരതത്തില്‍ 1947 മുതല്‍ 57 വരെയുള്ള ഒരു ദശാബ്‌ദക്കാലം കേരളം ഭരിച്ച ഭരണാധികാരികള്‍ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി കാര്യമായ ഒരു ഇടപെടലും നടത്തിയിരുന്നില്ല. അതിന്റെ പരിണതഫലമായി വിദ്യാഭ്യാസമാനേജര്‍മാര്‍ കൂടുതല്‍ ശക്തിപ്രാപിക്കുകയും ഭൂമിയുടെ കാര്യത്തിലെന്നപോലെ വിദ്യാഭ്യാസരംഗത്തും ജന്മിത്വം കൊടികുത്തിവാഴുകയും ചെയ്‌തു. സാമുദായിക-വര്‍ഗീയ ശക്തികളുടെ കരവലയത്തിലമര്‍ന്ന വിദ്യാഭ്യാസമേഖലയെ അവരില്‍നിന്നു മുക്തമാക്കാന്‍ സര്‍വശക്തനെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ക്കുപോലും കഴിഞ്ഞിരുന്നില്ല.
ഈ പശ്ചാത്തലത്തിലാണ് ജനാധിപത്യപരവും ഐശ്വര്യപൂര്‍ണവുമായ പുതിയൊരു കേരളം കെട്ടിപ്പടുക്കാന്‍ ഭരണ-പ്രതിപക്ഷഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം നയപ്രഖ്യാപനംവഴി അഭ്യര്‍ഥിച്ചുകൊണ്ട് 1957ല്‍ ഇ എം എസിന്റെ നേത്യത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. ആ സര്‍ക്കാര്‍ നടപ്പാക്കിയ സാര്‍വത്രികവിദ്യാഭ്യാസപരിഷ്‌ക്കരണത്തിന്റെ ഫലമായിട്ടാണ് പില്‍ക്കാലത്ത് വിദേശരാജ്യങ്ങളില്‍പ്പോലും പോയി ജോലിചെയ്യാനുള്ള ആത്മവിശ്വാസം കേരളീയര്‍ക്ക് കൈവന്നത്.
ഒരു ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനഭരണകൂടത്തിന് ഭരണഘടനാപരമായ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ജനങ്ങള്‍ക്ക് ആശ്വാസകരമായി എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ചുരുങ്ങിയ കാലംകൊണ്ട് ഇ എം എസ് മന്ത്രിസഭ നമുക്ക് കാണിച്ചുതന്നു. ഇ എം എസ് മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ കേരളത്തില്‍ പതിനായിരത്തോളം സ്‌കൂള്‍ ഉണ്ടായിരുന്നതില്‍ ഏഴായിരത്തില്‍പരം പ്രൈവറ്റ് സ്‌കൂളായിരുന്നു. അതില്‍ത്തന്നെ രണ്ടായിരത്തി ഇരുന്നൂറോളം സ്‌കൂള്‍ കത്തോലിക്കാ സഭയുടേതായിരുന്നു. അവരുടെ ശബ്‌ദമായിരുന്നു മാനേജ്‌മെന്റിന്റെ ശബ്‌ദമായി അറിയപ്പെട്ടിരുന്നത്. തിരുക്കൊച്ചിയിലെ പ്രൈവറ്റ്സ്‌കൂള്‍ അധ്യാപകര്‍ അന്ന് അടിമതുല്യമായ നരകയാതനകളാണ് മാനേജര്‍മാരില്‍നിന്ന് അനുഭവിച്ചിരുന്നത്. മലബാറിലെ അധ്യാപകര്‍ക്ക് തുടക്കംമുതല്‍തന്നെ മദിരാശി സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കിയിരുന്നു. മാനേജ്‌മെന്റുകളുടെ ചൂഷണം അവസാനിപ്പിക്കുക, യോഗ്യരായ അധ്യാപകരെ നിയമിച്ചുകൊണ്ട് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുയര്‍ത്തുക, സാമൂഹ്യനീതി ഉറപ്പാക്കുക, സര്‍വോപരി അധ്യാപകന്റെ അന്തസ്സുയര്‍ത്തിപ്പിടിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ നിറവേറ്റുകയായിരുന്നുêസര്‍ക്കാരിന്റെ മുഖ്യ ദൌത്യം.
ഇതിനായി കേരളരൂപീകരണത്തെത്തുടര്‍ന്ന് അവ്യവസ്ഥിതമായിരുന്ന പൊതുവിദ്യാഭ്യാസ ഘടനയ്ക്ക് സ്‌റ്റാറ്റ്യൂട്ടറി ഘടനയുള്ള ഒരു സംവിധാനത്തിന് സര്‍ക്കാര്‍ രൂപം നല്‍കി, ഭരണഘടന വിഭാവനം ചെയ്യുന്നവിധം 14 വയസ്സുവരെയുള്ള (അപ്പര്‍ പ്രൈമറി) കുട്ടികള്‍ക്ക് വിദ്യാഭ്യാസം സൌജന്യമാക്കി. 1937ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് സംസ്‌ക്കാരത്തിന്റെയും കലയുടെയും പരിപോഷണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാരംഭിച്ച ട്രാവന്‍കൂര്‍ യൂണിവേഴ്സിറ്റിയുടെ ആക്ട് ഭേദഗതി ചെയ്തുകൊണ്ട് 1957ല്‍ കേരളസര്‍വകലാശാലയ്ക്കു രൂപം നല്‍കി. അതിന്റെ മൂന്ന് ക്യാമ്പസില്‍ ഒന്ന് പിന്നോക്കപ്രദേശമായ മലബാറിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി കോഴിക്കോട്ട് സ്ഥാപിച്ചു. പട്ടാമ്പിയില്‍ പുന്നശേരി നീലകണ്ഠശര്‍മയുടെ കാര്‍മികത്വത്തില്‍ പ്രവര്‍ത്തിച്ചുവന്ന സംസ്‌കൃത കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു. മടപ്പള്ളി, കാസര്‍കോട് തുടങ്ങിയ പിന്നോക്കപ്രദേശങ്ങളില്‍ പുതിയ ഗവൺമെ ന്റ്കോളേജുകള്‍ ആരംഭിച്ചു.
കേരളസര്‍ക്കാരിനുവേണ്ടി വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസബില്ലില്‍ പ്രസക്തമായ രണ്ടു ഭാഗങ്ങളാണുണ്ടായിരുന്നത്. എയ്‌ഡഡ് സ്‌കൂളധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുക, യോഗ്യതയള്ള അധ്യാപകരെ നിയമിക്കുന്നതിന് വ്യവസ്ഥചെയ്യുക, വിദ്യാര്‍ഥികളില്‍നിന്ന് പിരിക്കുന്ന ഫീസ് ട്രഷറിയിലടയ്ക്കുക, മാനേജ്‌മെന്റുകള്‍ക്ക് മെയ്ന്റനന്‍സ് ഗ്രാന്റ് നല്‍കുക, സംസ്ഥാന വിദ്യാഭ്യാസ ഉപദേശകസമിതി രൂപീകരിക്കുക, നിലവിലുള്ള അധ്യാപകരെ സര്‍ക്കാര്‍അധ്യാപകരായി അംഗീകരിച്ചുകൊണ്ടുതന്നെ ജില്ലാതലത്തില്‍ പിഎസ്‌സി തയ്യാറാക്കുന്ന ലിസ്‌റ്റില്‍നിന്ന് അധ്യാപകനിയമനം നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നുêബില്ലിന്റെ ഒന്നാംഭാഗത്തുണ്ടായിരുന്നത്. രണ്ടാംഭാഗത്താകട്ടെ, എട്ടാംക്ളാസുവരെ നിര്‍ബന്ധിത സൌജന്യവിദ്യാഭ്യാസത്തിനുള്ള വ്യവസ്ഥകള്‍, തദ്ദേശീയ വിദ്യാഭ്യാസസമിതികളുടെ രൂപീകരണം, സാമൂഹ്യനിയന്ത്രണത്തിനുള്ള വ്യവസ്ഥകള്‍, ഉച്ചഭക്ഷണം, പഠനോപകരണവിതരണം, രക്ഷിതാക്കളുടെ കടമകള്‍ തുടങ്ങിയവയാണ് വ്യവസ്ഥചെയ്തിരുന്നത്.
ഏതാണ്ടിതേസ്വഭാവത്തിലുള്ള ഒരു ബില്‍ 1956ല്‍ ആന്ധ്രപ്രദേശിലെ കോൺഗ്രസ് സര്‍ക്കാര്‍ പാസാക്കിയിരുന്നു. അവിടെയൊന്നും ഉണ്ടാകാത്ത കോലാഹലമാണ് പിന്നീട് കേരളം ദര്‍ശിച്ചത്. അധ്യാപകനിയമനം പിഎസ്‌സിവഴി നടത്തണമെന്ന 11-ാം വകുപ്പിലെ നിര്‍ദേശം സുപ്രീംകോടതിപോലും അംഗീകരിക്കുകയുണ്ടായി. വിമോചനസമരത്തെത്തുടര്‍ന്നുണ്ടായ ഇലക്ഷനിലൂടെ ജയിച്ചുവന്ന മുന്നണിമന്ത്രിസഭ 11-ാം വകുപ്പിനെ ഗളഛേദം ചെയ്യുകയായിരുന്നു. പിന്നീടു വന്ന സര്‍ക്കാരുകള്‍ക്കൊന്നും ആ വകുപ്പ് പുന:സ്ഥാപിക്കാന്‍ കഴിഞ്ഞുമില്ല.
1957ലെ കമ്യൂണിസ്റ് സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെ വിദ്യാഭ്യാസരംഗത്ത് നടത്തിയ പരിഷ്കാരങ്ങള്‍ വിദ്യാഭ്യാസവിചക്ഷണന്മാരുടെ മുക്തകണ്ഠമായ പ്രശംസയ്ക്ക് പാത്രീഭൂതമായിട്ടുണ്ട്. ഉച്ചഭക്ഷണപരിപാടി, സൌജന്യപാഠപുസ്തകവിതരണം, സ്‌കൂളില്‍ ഒരു ടൂള്‍റൂം, പാഠപുസ്തകക്കമ്മിറ്റി, സ്‌കൂള്‍സഹകരണസംഘം, പുതിയ സ്‌കൂളുകളും കോളേജുകളും ആരംഭിക്കുന്നതില്‍ പിന്നോക്കപ്രദേശങ്ങള്‍ക്ക് മുന്‍ഗണന, ജില്ലയില്‍ ഒരു എന്‍ജിനിയറിങ് കോളേജ്, ജൂനിയര്‍ ടെക്നിക്കല്‍ സ്‌കൂള്‍, പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്കും ഇതരവിഭാഗങ്ങളിലെ പാവപ്പെട്ട കുട്ടികള്‍ക്കും വിദ്യാഭ്യാസം ചെയ്യുന്നതിനായി കോസ്മോപോളിറ്റന്‍ ഹോസ്റലുകള്‍ (ഇപ്പോഴത്തെ പ്രീ/പോസ്റ് മെട്രിക് ഹോസ്റല്‍), ഡിപിഐമുതല്‍ എഇഒവരെ എത്തിനില്‍ക്കുന്ന വികേന്ദ്രീകൃതമായ ഓഫീസ് സംവിധാനം എന്നിവയെല്ലാം ഇ എം എസ് സര്‍ക്കാരിന്റെ സംഭാവനകളായിരുന്നു.
നേട്ടങ്ങള്‍ക്ക് വിത്തുപാകിയത് ഇടതുപക്ഷം
ഇ എം എസിന്റെ നേതൃത്വത്തില്‍ 1967ല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പത്താംക്ളാസുവരെയുള്ള വിദ്യാഭ്യാസം സൌജന്യമാക്കി. മിടുക്കരും പാവപ്പെട്ടവരുമായ കുട്ടികള്‍ക്ക് കുമാരപിള്ള കമീഷന്‍ സ്കോളര്‍ഷിപ് ഏര്‍പ്പെടുത്തി. മലബാറിന്റെ പിന്നോക്കാവസ്ഥ പരിഗണിച്ച് മലപ്പുറം ജില്ലയ്ക്ക് രൂപം നല്‍കുകയും 'കോഴിക്കോട് സര്‍വകലാശാല' രൂപീകരിക്കുകയുംചെയ്തു. അധ്യാപകര്‍ക്ക് സേവനവേതനവ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി. യൂണിവേഴ്സിറ്റിഭരണത്തില്‍ അധ്യാപകര്‍ക്ക് പ്രാതിനിധ്യം നല്‍കി കേരള, കോഴിക്കോട് സര്‍വകലാശാലകളുടെ ആക്ട് കൂടുതല്‍ ജനാധിപത്യവല്‍ക്കരിച്ചു. ത്രിഭാഷാപദ്ധതി നടപ്പാക്കി.
1980ല്‍ നായനാരുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്നോക്കപ്രദേശങ്ങളില്‍ കൂടുതല്‍ പുതിയ സ്‌കൂളുകളും കോളേജുകളും കോഴ്സുകളും ആരംഭിച്ചു. 1987ല്‍ ജനകീയ ഇടപെടലിലൂടെ കേരളത്തെ സമ്പൂര്‍ണ സാക്ഷരതയിലെത്തിച്ചു. ഇതാദ്യമായി കേരളത്തിലെ കോളേജ്- സര്‍വകലാശാലാ അധ്യാപകര്‍ക്ക് യുജിസി സ്കെയില്‍ നടപ്പാക്കി. പാവപ്പെട്ട കുട്ടികള്‍ക്ക് ഉത്സവകാലത്ത് അഞ്ചുകിലോ അരിവീതം നല്‍കി ഇന്ത്യക്കുതന്നെ മാതൃക സൃഷ്ടിച്ചു. അഭൂതപൂര്‍വമായ വിലക്കയറ്റം നിലനില്‍ക്കുന്ന ഈ സമയത്തും അരിവിതരണം നിര്‍ബാധം തുടരുന്നു എന്നത് സര്‍ക്കാരിന്റെ ഇച്ഛാശക്തിയും ദരിദ്രനാരായണന്മാരോടുള്ള പക്ഷപാതിത്വവുമാണ് പ്രകടമാക്കുന്നത്.
1996ല്‍ പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ പൊതുവിദ്യാഭ്യാസരംഗത്ത് പുത്തനുണര്‍വ് സൃഷ്ടിച്ചു. കോത്താരി കമീഷന്‍ വിഭാവനംചെയ്ത 10 + 2 + 3 സംവിധാനം നടപ്പാക്കുകവഴി കോളേജുകളില്‍നിന്ന് ഘട്ടംഘട്ടമായി പ്രീഡിഗ്രി (+2) വേര്‍പെടുത്തി. അതിനെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി മാറ്റി. അങ്ങനെ 1964 മുതല്‍ കോളേജിന്റെ ഭാഗമായി നിലനിന്നിരുന്ന പ്രീഡിഗ്രിസംവിധാനത്തെ ആര്‍ക്കും ഒരു പോറലും ഏല്‍പ്പിക്കാതെ അവിടെനിന്ന് അടര്‍ത്തി സ്‌കൂളിന്റെ ഭാഗമാക്കിയ രീതിയും, അധ്യാപകര്‍ക്കിടയില്‍ അരാജകത്വം സൃഷ്ടിച്ചുകൊണ്ട് 1986ല്‍ നടപ്പാക്കാന്‍ തുടങ്ങിയതും അതിശക്തമായ പ്രക്ഷോഭത്തെത്തുടര്‍ന്ന് വഴിയില്‍വച്ച് ഉപേക്ഷിക്കേണ്ടിവന്നതുമായ പ്രീഡിഗ്രിബോര്‍ഡ് രൂപീകരണവും ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ തമാശയോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ.
കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച സര്‍വശിക്ഷാ അഭിയാന്‍ സാക്ഷരകേരളത്തില്‍ അപ്രസക്തമായതിനാല്‍ പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാനുതകുംവിധം പരിഷ്കരിച്ച് നടപ്പാക്കിവരുന്നു. ഇന്നിപ്പോള്‍ അൺഎയ്‌ഡഡ് സ്‌കൂളുകളേക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ടവയാണ് എയ്‌ഡഡ്/സര്‍ക്കാര്‍ സ്‌കൂളുകളെന്ന് ഏവരും സമ്മതിക്കും. ഗുണമേന്മയുള്ള അത്തരം സ്‌കൂളുകള്‍ ഓരോ പഞ്ചായത്തിലും തുടങ്ങിയതിനാല്‍ കുട്ടികള്‍ക്ക് നടന്നുപോയി പഠിക്കാവുന്ന സാഹചര്യവും (അയല്‍പക്കസ്‌കൂള്‍സമ്പ്രദായം) ഇപ്പോഴുണ്ട്.
2006ല്‍ വീണ്ടും അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യം ചെയ്തത് കച്ചവടക്കണ്ണുകളോടെ പ്രവര്‍ത്തിച്ചിരുന്ന സ്വാശ്രയവിദ്യാഭ്യാസസ്ഥാപനങ്ങളുടെമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നിയമം കൊണ്ടുവരികയായിരുന്നു. ദൌര്‍ഭാഗ്യവശാല്‍ ആ നിയമം നിയമക്കുരുക്കിലകപ്പെടുകയും കേന്ദ്രസര്‍ക്കാര്‍ അവസരോചിതമായി പ്രവര്‍ത്തിക്കാതിരുന്നതിന്റെ ഫലമായി, ആര്‍ക്കും ചോദ്യംചെയ്യാന്‍ കഴിയാത്തവിധം സ്വകാര്യമാനേജ്‌മെന്റുകള്‍ ശക്തിപ്രാപിക്കുകയുംചെയ്തു. അതിന് എഐസിടിഇപോലുള്ള കൌൺസിലുകള്‍ ഇവരെ വഴിവിട്ടു സഹായിച്ചിരുന്നു എന്നത് സിബിഐയുടെ വെളിപ്പെടുത്തലോടെ ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിവരികയാണ്.
പന്ത്രണ്ടാംതരംവരെയുള്ള പാഠ്യപദ്ധതിയും കരിക്കുലവും സമഗ്രമായി പരിഷ്കരിച്ചു. കേരളം നടപ്പാക്കിയ ഗ്രേഡിങ് സമ്പ്രദായം കേന്ദ്രസര്‍ക്കാരും പിന്തുടരാന്‍ തീരുമാനിച്ചു. ആദ്യമൊക്കെ അധ്യാപകരുടെ ഭാഗത്തുനിന്ന് ചില അപസ്വരങ്ങളുണ്ടായെങ്കിലും ശനിയാഴ്ചകളില്‍ നടന്നുവരുന്ന സ്‌കൂള്‍ അധ്യാപകരുടെ ക്ളസ്ററുകളും അവിടെ നടക്കുന്ന പഠനബോധനപ്രവര്‍ത്തനങ്ങളും രാജ്യത്തിനുതന്നെ മാതൃകയാണ്. തദ്ദേശഭരണസംവിധാനങ്ങളുടെ മേല്‍നോട്ടത്തില്‍ നടന്നുവരുന്ന വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ ജനകീയമായ ഒരു മുന്നേറ്റംതന്നെയാണ്. അതിന്റെ തുടര്‍ച്ചയെന്നോണം ബിരുദരംഗത്ത് ചോയ്സ് ബെയ്സ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റര്‍ സമ്പ്രദായം നടപ്പാക്കി. സ്‌കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലുമെല്ലാം ഗ്രേഡിങ് സമ്പ്രദായം നടപ്പില്‍ വരുത്തി.
അക്കാദമികവൈദഗ്ധ്യവും ഭൌതികസൌകര്യങ്ങളും പങ്കുവയ്ക്കാനുദ്ദേശിച്ചുകൊണ്ട് നടപ്പാക്കിവരുന്ന കോളേജുകളുടെ ക്ളസ്റര്‍സമ്പ്രദായം രാജ്യത്താദ്യത്തെ സംരംഭമാണ്. യശ്‌പാല്‍ കമ്മിറ്റിയുടെപോലും പ്രശംസയ്ക്ക് പാത്രീഭൂതമായ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കൌൺസിലിന്റെ പ്രവര്‍ത്തനം എന്തുകൊണ്ടും മുതല്‍ക്കൂട്ടാണ്. നോബല്‍ സമ്മാനിതരുള്‍പ്പെടെ ലോകത്തെവിടെയുമുള്ള പ്രൊഫസര്‍മാരുടെ സേവനം എറുഡൈറ്റ് (സ്കോളര്‍ ഇന്‍ റസിഡന്‍സ്) പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ലഭ്യമാണ്.
സ്‌കൂള്‍ കുട്ടികളില്‍ ശാസ്ത്രഗവേഷണാഭിരുചി വളര്‍ത്തുന്നതിനുള്ള ഇന്‍കള്‍ക്കേറ്റ് (inculcate) പ്രോഗ്രാം, കായികക്ഷമതാപദ്ധതി, ഗവേഷണതല്‍പ്പരരായ വിദ്യാര്‍ഥികളെ ഉദ്ദേശിച്ചുള്ള ആസ്പയര്‍ (aspire) പ്രോഗ്രാം, ഹയര്‍സെക്കന്‍ഡറിതലത്തില്‍ ഏകജാലകസംവിധാനം, ഐടി സ്‌കൂള്‍പദ്ധതി, അധ്യാപക വിനിമയപദ്ധതി, ഇന്റര്‍യൂണിവേഴ്സിറ്റി സെന്ററുകള്‍, അധ്യാപകവിദ്യാഭ്യാസമുള്‍പ്പെടെയുള്ള, എല്ലാ പ്രോഗ്രാമുകളുടെയും റീസ്‌ട്രൿചറിങ്ങിനായി വിശ്വപ്രസിദ്ധ അക്കാദമിക് പണ്ഡിതന്മാരുടെ കമ്മിറ്റികള്‍, സുവര്‍ണജൂബിലി/ഹയര്‍ എഡ്യൂക്കേഷന്‍ സ്‌കോളര്‍ഷിപ് പദ്ധതി, ഇന്‍ഫ്ളിബ്നെറ്റ് പദ്ധതി, ഐസര്‍പോലുള്ള തലയെടുപ്പുള്ള പുതിയ വിദ്യാഭ്യാസസംരംഭങ്ങള്‍ തുടങ്ങി എത്രയെത്ര പുത്തന്‍സംരംഭങ്ങളാണ് കേരളത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷക്കാലമായി ആരംഭിച്ചത്.
ഇതിനെല്ലാമുപരിയായി 1145 കോടിയുടെ പുതിയ പ്രോജക്ടുകള്‍കൂടി ഇപ്പോഴത്തെ സര്‍ക്കാര്‍ കേന്ദ്രത്തിനുമുന്നില്‍ സമര്‍പ്പിച്ചുകഴിഞ്ഞു. പ്രൈമറിതലംമുതല്‍ സര്‍വകലാശാലാതലംവരെ നൂതനവും സമഗ്രവുമായ ഒട്ടേറെ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞു എന്നത് വര്‍ത്തമാനകാല കേരളസര്‍ക്കാരിന്റെ നേട്ടങ്ങളാണ്. നൂറുകോടിരൂപ സമാഹരിച്ചുകൊണ്ട് നടത്തുന്ന ഹയര്‍ എഡ്യൂക്കേഷന്‍ സ്കോളര്‍ഷിപ് പദ്ധതിയിലൂടെ സാമ്പത്തികപരാധീനതയുടെ പേരില്‍ ഒരൊറ്റ വിദ്യാര്‍ഥിക്കും മേലില്‍ ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെടാന്‍ പാടില്ലെന്ന കേരളസര്‍ക്കാരിന്റെ തീരുമാനം രാജ്യത്തിനാകെ മാതൃകയാണെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പ്രഖ്യാപനം എന്തുകൊണ്ടും ഇടതുപക്ഷജനാധിപത്യ മുന്നണിസര്‍ക്കാരിന് അഭിമാനിക്കാന്‍ വകനല്‍കുന്നതാണ്. തിരിഞ്ഞുനോക്കുമ്പോള്‍ കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ഇന്ന് കാണുന്ന ഈ മുന്നേറ്റങ്ങള്‍ക്കെല്ലാം അടിത്തറയിട്ടത് നവകേരളശില്‍പ്പിയായ സ. ഇ എം എസ് ആയിരുന്നു എന്നത് അദ്ദേഹത്തിന്റെ ശത്രുക്കള്‍പോലും സമ്മതിക്കും.
വിദ്യാഭ്യാസരംഗത്ത് എക്കാലവും പരിഷ്‌ക്കാരങ്ങള്‍ വരുത്താന്‍ ശ്രമിച്ചിട്ടുള്ളത് ഇടതുപക്ഷസര്‍ക്കാരുകളാണ്. അതുകൊണ്ടുതന്നെ ഇടതുപക്ഷഭരണകാലത്തെല്ലാം വിദ്യാഭ്യാസപ്രശ്നങ്ങളെച്ചൊല്ലി വിവാദങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരം പ്രക്ഷോഭങ്ങള്‍ക്ക് ഒരിക്കലും ദീര്‍ഘായുസ്സ് ഉണ്ടായിരുന്നില്ല. തല്‍പ്പരകക്ഷികളുടെ സമ്മര്‍ദങ്ങള്‍ക്കുവേണ്ടി 1959ല്‍ ഇ എം എസ് സര്‍ക്കാരിനെ പിരിച്ചുവിട്ടില്ലായിരുന്നെങ്കില്‍ ഇന്ന് കേരളീയ വിദ്യാഭ്യാസമേഖലയുടെ മുഖം കൂടുതല്‍ ഉൽകൃഷ്ടമാകുമായിരുന്നു.
എന്നിരുന്നാലും മാറിമാറി അധികാരത്തിലിരുന്ന ഇടതുപക്ഷജനാധിപത്യമുന്നണിസര്‍ക്കാരുകള്‍ വിദ്യാഭ്യാസരംഗത്ത് ഗുണകരമായ ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. കേരളചരിത്രത്തിലാദ്യമായി പൊതുവിദ്യാഭ്യാസത്തിനും ഉന്നതവിദ്യാഭ്യാസത്തിനും പ്രത്യേക കരിക്കുലത്തിന് രൂപംനല്‍കാന്‍ കഴിഞ്ഞു എന്നത് എടുത്തുപറയേണ്ട സംഗതിയാണ്. രണ്ടുവര്‍ഷക്കാലം നീണ്ടുനിന്ന ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും ഫലമായി ഇതാദ്യമായി കേരളത്തിന് ഒരു ഉന്നതവിദ്യാഭ്യാസനയം രൂപംകൊള്ളാന്‍ പോകുന്നു.
ഇത്തരം നേട്ടങ്ങളുടെ പട്ടിക നിരത്താന്‍ കഴിയുമ്പോഴും ഇനിയും ഈ രംഗത്ത് ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നുìഎന്നത് വിസ്മരിക്കാന്‍ പാടില്ല. വിദ്യാഭ്യാസരംഗത്ത് കേരളം നേടിയ നേട്ടങ്ങളെ ഒരപരാധമായി കേന്ദ്രഭരണകൂടം ചിലപ്പോഴെങ്കിലും കാണുന്നില്ലേ എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഓരോ ബ്ളോക്കിലും ഓരോ മോഡല്‍ സ്‌കൂള്‍ എന്ന പദ്ധതിയില്‍ കേരളത്തെ ഉള്‍പ്പെടുത്താതിരുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടി. അതുമൂലം 152 ബ്ളോക്കുള്ള കേരളത്തിനു നഷ്ടമായത് 1520 കോടിരൂപയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ രാഷ്‌ട്രീയഭേദമെന്യേ ഒറ്റക്കെട്ടായി വിലപേശാന്‍ പ്രബുദ്ധകേരളത്തിന് സാധിക്കുന്നില്ല എന്നതാണ് നമ്മുടെ വിദ്യാഭ്യാസരംഗത്തെ മുന്നേറ്റത്തിനുള്ള പ്രധാന പ്രതിബന്ധം.
*****
ഡോ. ജെ പ്രസാദ്
Subscribe to:
Post Comments (Atom)
4 comments:
മാറിമാറി അധികാരത്തിലിരുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിസര്‍ക്കാരുകള്‍ വിദ്യാഭ്യാസരംഗത്ത് ഗുണകരമായ ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട് എന്ന് സംശയലേശമെന്യേ പറയാന്‍ കഴിയും.
നേട്ടങ്ങളുടെ പട്ടിക നിരത്താന്‍ കഴിയുമ്പോഴും ഇനിയും ഈ രംഗത്ത് ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നുìഎന്നത് വിസ്മരിക്കാന്‍ പാടില്ല. വിദ്യാഭ്യാസരംഗത്ത് കേരളം നേടിയ നേട്ടങ്ങളെ ഒരപരാധമായി കേന്ദ്രഭരണകൂടം ചിലപ്പോഴെങ്കിലും കാണുന്നില്ലേ എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഓരോ ബ്ളോക്കിലും ഓരോ മോഡല്‍ സ്‌കൂള്‍ എന്ന പദ്ധതിയില്‍ കേരളത്തെ ഉള്‍പ്പെടുത്താതിരുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടി. അതുമൂലം 152 ബ്ളോക്കുള്ള കേരളത്തിനു നഷ്ടമായത് 1520 കോടിരൂപയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ രാഷ്‌ട്രീയഭേദമെന്യേ ഒറ്റക്കെട്ടായി വിലപേശാന്‍ പ്രബുദ്ധകേരളത്തിന് സാധിക്കുന്നില്ല എന്നതാണ് നമ്മുടെ വിദ്യാഭ്യാസരംഗത്തെ മുന്നേറ്റത്തിനുള്ള പ്രധാന പ്രതിബന്ധം.
സ്വന്തം അഛന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ കണ്ട് ജോസഫ് മൂണ്ടശേരി ആണു വിദ്യാഭ്യാസ പരിഷ്കാരം നടത്തിയത് അതില്‍ ഈ എം എസിനു ഒരു പങ്കുമില്ല അതുപോലെ ഗൌരി അമ്മ, ഭൂപരിഷ്കരണം കൊണ്ടു വന്നു മഹാ രഥന്‍മാറ്‍ അണിനിരന്ന അന്‍പത്തി ഏഴിലേ മന്ത്റിസഭ അഞ്ചു വറ്‍ഷം ഭരിക്കാന്‍ പറ്റാതെ പോയത് ഈ എം എസിണ്റ്റെ തോന്യവാസം കൊണ്ടു മാത്റം, ഭരണ നൈപുണ്യത്തിണ്റ്റെ പേരില്‍ ഈ എം എസിനു കേരള ചരിത്റത്തില്‍ അര പേജു പോലും കിട്ടില്ല
..
നല്ല ലേഖനം :)
ആരുഷി പറഞ്ഞത് അറിയാത്ത കാര്യം ആണ്.
പിന്നെ എല്ലാ മാറ്റത്തിനും ചുക്കാന്‍ പിടിച്ചത് രാകി മിനുക്കപ്പെട്ട പൊള്ളുന്ന അനുഭവങ്ങളാണ്, കൂടെ വര്‍ഗ്ഗബോധവും. ഇതൊന്നും കാണാന്‍ കഴിയാത്ത, കണ്ടില്ലെന്ന് നടിച്ച് അന്നത്തെ വിമോചന സമരത്തിന് ഒത്താശ ചെയ്ത, കള്ള സോഷ്യലിസത്തിന്റെ മുഖം മൂടിയണിഞ്ഞ സര്‍ക്കാറായിരുന്നു ഭാരതത്തില്‍. അതിന്റെ കെടുകാര്യസ്ഥതയും കൂട്ടിക്കൊടുപ്പിനേയും ഇ എം എസിന്റെ ഭരണ നൈപുണ്യവുമായ് താരതമ്യം ചെയ്ത നടപടി ഹാ കഷ്ടമേ എന്ന് പറയട്ടെ.
പില്‍ക്കാലങ്ങളില്‍ അധികാരത്തിലേറിയ വിമോചന സമരത്തിന്റെ ജാരസന്തതികള്‍ എന്ത് നന്മയാണ് കേരളത്തിന് ചെയ്തിട്ടുള്ളത്?
..
പ്രപഞ്ചത്തിലെല്ലാറ്റിനെപ്പറ്റിയും അഭിപ്രായം പറഞ്ഞു. "അതുകൊണ്ടുതന്നെ ഒരു രാഷ്‌ട്രീയനേതാവെന്ന നിലയിലും ഭരണതന്ത്രജ്ഞന്‍ എന്ന നിലയിലും അദ്ദേഹം കേരളത്തിനു നല്‍കിയ സംഭാവനകള്‍ വളരെ വിലപ്പെട്ടതാണ്."
ഇയ്യാളൊക്കെ ഒരു വൈസ്‍ചാന്‍സലറായതെങ്ങനെ? അതു തിണ്ണനിരങ്ങിക്കിട്ടുന്ന ഉദ്യോഗമാണെന്ന് പ്രസിദ്ധമാണല്ലോ.
http://ssus.ac.in/UserFiles/File/VCprofile.doc
ആ സി വി കണ്ടാലറിയാം ടിയാന്റെ വിദ്യാഭ്യാസനിലവരാം. ഇംഗ്ലീഷില്‍ തെറ്റുകൂടാതെ ഒരു വാക്യം എഴുതാനറിയില്ലെങ്കിലും ഒന്നെഴുതി വെബ്സൈറ്റില്‍ പിടിപ്പിച്ചുവെച്ചിരിക്കുന്നു. ഇംഗ്ലീഷെന്നല്ല, ഒന്നും എഴുതാനറിയില്ലെന്നു അതു കണ്ടാലേ അറിയാം. പിന്നെ ഈ ലേഖനത്തിന് ആ വങ്കന്‍ തുടക്കമുണ്ടായതില്‍ അത്ഭുതമില്ല.
Post a Comment