തന്നെക്കുറിച്ചും തന്റെ മനുഷ്യസ്നേഹി ജീവിതത്തെക്കുറിച്ചും കുറച്ചുമാത്രം പരാമര്‍ശിക്കുകയും തനിക്കു ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ കൂടുതലായി പങ്കുവയ്ക്കുകയും ചെയ്യുന്ന സവിശേഷമായ ആത്മകഥയാണ് സാനുമാഷ് എഴുതിയ കര്‍മഗതി. ഇ എം എസ് ആത്മകഥ എഴുതിയപ്പോള്‍ ഇതില്‍ എവിടെയാണ് ഇ എം എസ് എന്ന വ്യക്തി എന്ന് പലരും ചോദിക്കുകയുണ്ടായി. ആത്മപ്രശംസക്കുള്ള ഉപകരണമായി ആത്മകഥാരചനയെ കാണുന്ന ഭൂരിപക്ഷ ശീലത്തില്‍നിന്നും മൌലികമായി വേറിട്ടുനില്‍ക്കുന്ന കൃതിയായിരുന്നു അത്. ആത്മകഥകളെ സംബന്ധിച്ച് ആധികാരികമായ പഠനം നടത്തുകയും ഗവേഷണപ്രബന്ധം തയ്യാറാക്കുകയും ചെയ്ത അനുഭവങ്ങള്‍ ലവലേശമില്ലാത്ത ഒരു സാധാരണ വായനക്കാരന്റെ നിഗമനം മാത്രമാണിത്. താന്‍ വ്യത്യസ്തനാണെന്ന കാര്യം തിരിച്ചറിയുന്നുവെന്നതാണ് ആത്മകഥ രചിക്കുന്നതിനു തന്നെ പ്രേരിപ്പിച്ച ന്യായം എന്നു മാഷ് തുറന്നു പറയുന്നുണ്ട്. തനിക്കു തിരിച്ചറിയാന്‍ കഴിയാത്ത തന്റെതന്നെ സവിശേഷമായ ചില അംശങ്ങളുടെ സ്വയം അന്വേഷണം ആത്മകഥയിലൂടെ സാധ്യമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവയ്ക്കുന്നു.
മാഷുടെ രചനാരീതി അത്ഭുതപ്പെടുത്തുന്നതാണ്. ഭാഷയുടെ ലാളിത്യമാണ് അതില്‍ പ്രധാനം. ഒപ്പം സമ്പന്നമായ ആശയങ്ങളും. തെരഞ്ഞെടുക്കുന്ന വാക്കുകള്‍ സാധാരണ വായനക്കാരനു വരെ മനസ്സിലാക്കാന്‍ കഴിയുംവിധം ലളിതമായിരിക്കണമെന്ന നിര്‍ബന്ധബുദ്ധി ഇ എം എസിനുള്ളതുപോലെ മാഷിനുമുള്ളതായി തോന്നും. അതോടൊപ്പം പ്രധാനമാണ് നിറഞ്ഞുനില്‍ക്കുന്ന വിനയം. സാനുമാഷുടെ സ്വഭാവത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന പ്രത്യേകഭാവം ഏതാണെന്നു ചോദിച്ചാല്‍ അത് വിനയമായിരിക്കും. ഒരിക്കലും തന്റെ യോഗ്യതയെ കുറിച്ചോ വായനയുടെ പരപ്പിനെയും ആഴത്തെയും കുറിച്ചോ സ്വയം ചെറുതാകുംവിധം അവതരിപ്പിക്കേണ്ട അവസ്ഥ ഒരിക്കലും ആവശ്യമില്ലാത്തവിധം സമ്പന്നമാണ് ആശയങ്ങളിലെ വ്യക്തത. സാനുമാഷ് എഴുതിയ ജീവചരിത്രങ്ങള്‍ പല മഹദ്വ്യക്തിത്വങ്ങളെയും ശരിയായി മനസ്സിലാക്കുന്നതിനു മലയാളിക്ക് അവസരമൊരുക്കി. നാരായണഗുരുസ്വാമി, സഹോദരന്‍ അയ്യപ്പന്‍, ചങ്ങമ്പുഴ തുടങ്ങിയ മഹാന്‍മാരുടെ ജീവിതത്തെ പരിചയപ്പെടുത്തുന്നതില്‍ അദ്ദേഹം കാണിച്ച കൈയടക്കം സമാനതകളില്ലാത്തതാണ്.
എഴുത്തുപോലെ തന്നെ മനോഹരമാണ് പ്രഭാഷണവും. ശബ്ദഘോഷങ്ങളൊന്നുമില്ലാതെ സമ്പന്നമായ ആശയങ്ങള്‍ ലളിതമായ വാക്കുകളിലൂടെ ഒഴുകിവരും. ചിലപ്പോള്‍ വിശാലമായ സാഹിത്യ ആശയങ്ങളായിരിക്കും, മറ്റു ചിലപ്പോള്‍ സാംസ്കാരിക പ്രശ്നങ്ങളായിരിക്കും. അല്ലെങ്കില്‍ രാഷ്ട്രീയമാകാം. വിഷയം എന്താണെങ്കിലും പൊതുരീതിക്ക് വ്യത്യസ്തതയില്ല. തനിക്കു നല്ല ബോധ്യമുള്ള ആശയങ്ങളായിരിക്കും അദ്ദേഹം അവതരിപ്പിക്കുന്നത്. താല്‍ക്കാലികാവശ്യം ത്ൃപതിപ്പെടുത്തുന്നതിനുള്ള സൂത്രവിദ്യകളൊന്നും സാധാരണഗതിയില്‍ പ്രയോഗിക്കാറില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങിയ അനുഭവം ആത്മകഥയില്‍ മാഷ് അയവിറക്കുന്നുണ്ട്. കോണ്‍ഗ്രസിനെതിരായി ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച ഡി വിവേകാനന്ദനുവേണ്ടി പ്രവര്‍ത്തനത്തിനിറങ്ങുന്നതിനുള്ള സൌകര്യത്തിനായി അദ്ദേഹം അവിടെതന്നെ സ്കൂളില്‍ ജോലിയും തരപ്പെടുത്തി. 2001ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുമ്പോള്‍ 'പ്രസംഗിക്കുന്നതിനും വീടുകയറി വോട്ടുചോദിക്കുന്നതിനും മാഷ് വന്നിരുന്നു. മാഷിനു നിശ്ചയിച്ച യോഗങ്ങളില്‍ മാത്രമല്ല സംഘാടകര്‍ ആവശ്യപ്പെടുമ്പോള്‍ തീരെ ചെറിയ യോഗങ്ങളിലും ഒരു മടിയും കൂടാതെ മാഷ് പ്രസംഗിച്ചു.
മഹാരാജാസിന്റെ വികാരമാണ് ഇപ്പോഴും സാനുമാഷ്. തൊഴില്‍ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിഘട്ടം നേരിട്ട അനുഭവം മാഷ് ഓര്‍ക്കുന്നുണ്ട്. നല്ല ശമ്പളവും പദവിയും ലഭിക്കുമായിരുന്ന ജോലി ബന്ധുക്കള്‍ തരപ്പെടുത്തിയപ്പോള്‍ അത് ഒഴിവാക്കി അധ്യാപനമാണ് തെരഞ്ഞെടുത്തത്. തനിക്കു പ്രിയങ്കരനായ താണുമാഷിന്റെ ഉപദേശംകൂടി അനുസരിച്ചാണ് അങ്ങനെ ചെയ്യുന്നത്. എല്ലാതരത്തിലും ശരിയായ തീരുമാനമായിരുന്നു അതെന്ന് ആയിരക്കണക്കിനുവരുന്ന മാഷിന്റെ ശിഷ്യഗണം ഒരേസ്വരത്തില്‍ സമ്മതിക്കും.
സാഹിത്യത്തിനു സമൂഹവുമായുള്ള ബന്ധത്തെ സംബന്ധിച്ച് തെളിമയാര്‍ന്ന നിലപാടാണ് എക്കാലത്തും മാഷിനുണ്ടായിരുന്നത്. ഭാഷയുടെ രൂപീകരണത്തിലും വളര്‍ച്ചയിലും സമുഹം വഹിക്കുന്ന പങ്കും സമൂഹത്തിലെ അവിഭാജ്യഭാഗമായ സാഹിത്യകാരന്റെ ചിന്തയെ സ്വാധീനിക്കുന്ന ഘടകങ്ങളും തുടങ്ങി അദ്ദേഹം അവതരിപ്പിക്കുന്ന ന്യായങ്ങളെ നിഷേധിക്കാന്‍ അത്ര എളുപ്പമല്ല. സാഹിത്യവുമായി ബന്ധപ്പെട്ട സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിനും തുടക്കം മുതല്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ദേശാഭിമാനി സ്റ്റഡിസര്‍ക്കിളിന്റെ പ്രവര്‍ത്തനം തുടങ്ങി പുരോഗമന കലാസാഹിത്യസംഘം വരെ അതില്‍ ഉള്‍പ്പെടും. വൈലോപ്പിള്ളി സ്ഥാനമൊഴിഞ്ഞപ്പോള്‍ പുരോഗമന സാഹിത്യ സംഘത്തിന്റെ പ്രസിഡന്റായി ചുമതലയേല്‍ക്കണമെന്ന് അദ്ദേഹവും പി ജിയും വന്ന് നിര്‍ബന്ധിച്ചപ്പോള്‍ മടിയൊന്നും കുടാതെ സമ്മതിച്ച കാര്യവും ഓര്‍മിപ്പിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച അനുഭവം. തനിക്ക് അടുപ്പമുള്ളവര്‍ നിര്‍ബന്ധിച്ചാല്‍ നിഷേധിക്കാന്‍ കഴിയാത്ത തന്റെ ‘കുറവിനെ കുറിച്ച് മാഷ് എഴുതുന്നുണ്ട്. സാനുമാഷിനെ പോലെയൊരാള്‍ അന്ന് മത്സരിച്ചത് ആ മണ്ഡലത്തിന്റെ പൊതുസ്വഭാവത്തെ മാറ്റിമറിക്കുന്നതിനു സഹായകരമായി. പല സാഹിത്യകാരന്‍മാരെപോലെയും രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും കുറിച്ച് മോശമായി പറയുന്നത് മഹത്വമാണെന്ന ധാരണ ഒരിക്കലും മാഷിനുണ്ടായിരുന്നില്ല. മറ്റുള്ളവര്‍ക്കുവേണ്ടി ഇറങ്ങിത്തിരിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നതില്‍നിന്നും രാഷ്ട്രീയക്കാര്‍ മനുഷ്യത്വത്തിന്റേതായ തലത്തില്‍ മറ്റുള്ളവരില്‍നിന്നും മെച്ചപ്പെടുകയാണ് ചെയ്യുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മനുഷ്യസ്വഭാവത്തിലെ കൃതഘ്നത ഏറ്റവും അനുഭവിക്കുന്നത് രാഷ്ട്രീയപ്രവര്‍ത്തകരാണെന്നും അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ അനുഭവത്തില്‍നിന്നും എത്തിച്ചേരുന്ന നിഗമനവും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട് ‘"എന്റെ വീക്ഷണത്തിന് ഏറെ ജനകീയസ്വഭാവം കൈവരാന്‍ അത് ഉപകരിച്ചു. പൊതുജനങ്ങളില്‍നിന്ന് (തൊഴിലാളി സഹോദരങ്ങളില്‍നിന്നും) ലഭിച്ച ഉദാരമായ സ്നേഹം ജീവിതദര്‍ശനത്തില്‍ പ്രസന്നത കലര്‍ത്തി. എന്റെ ഭാഷാശൈലി അധികമധികം ലളിതമാക്കാന്‍ സഹായിക്കുകയും ചെയ്തു. എന്നിലെ രചനാത്മകവാസനകള്‍ ഉണര്‍ന്നുത്തേജിതമാകാന്‍ അതു സഹായിച്ചിട്ടുണ്ടുമുണ്ട്.''‘
അതിവിശാലമായ സൌഹൃദങ്ങളുടെ ഉടമയാണ് സാനുമാഷ്. ഈ സൌഹാര്‍ദ്ദങ്ങളും അവരുമായ ചര്‍ച്ചകളും തന്നെ സ്വാധീനിക്കുകയും നവീകരിക്കുന്നതിനു സഹായിക്കുകയും ചെയ്തിട്ടുണ്ടെന്ന കാര്യം സാനുമാഷ് അനുസ്മരിക്കുന്നുണ്ട്. ഇ എം എസിനെ കണ്ടുമുട്ടിയ സന്ദര്‍ഭം വികാരഭരിതമായാണ് അവതരിപ്പിക്കുന്നത്. കഴമ്പില്ലാത്ത ചോദ്യങ്ങള്‍ക്കുപോലും അസാധാരണമായ ക്ഷമയോടെ മറുപടി പറയുന്ന ഇ എം എസിനെയാണ് സാഹിത്യചര്‍ച്ചാവേദിയില്‍ മാഷ് കണ്ടത്. മറ്റുള്ളവരില്‍നിന്നും എന്തോ അറിയാനുള്ള ജിജ്ഞാസ ഇ എം എസിന്റെ പ്രകൃതത്തില്‍ ഉണ്ടെന്നാണ് മാഷിന്റെ വിലയിരുത്തല്‍. ഇ എം എസിന്റെ സാഹിത്യചിന്തകളോട് സംവദിക്കുമ്പോള്‍ അങ്ങേയറ്റം വിനയമാണ് മാഷ് പ്രകടിപ്പിക്കുന്നത്. ‘ഈ രാഷ്ട്രീയക്കാരന്‍ സാഹിത്യത്തെ കുറിച്ചുള്ള സംവാദത്തില്‍ പങ്കെടുക്കാന്‍ യോഗ്യനല്ലെന്ന്’ ധാര്‍ഷ്ട്യത്തോടെ ചില സാഹിത്യകുലപതികള്‍ പ്രഖ്യാപിച്ച കാലം കൂടിയാണത്. ഇ എം എസുമായുള്ള ബന്ധം എപ്പോഴും നല്‍കിയത് മാനസികോന്മേഷമായിരുന്നു.
തൊഴിലാളികള്‍ ഏറ്റുവാങ്ങേണ്ടിവന്ന മര്‍ദനം നേരില്‍ കണ്ടതിലൂടെ രുപംകൊണ്ട രാഷ്ട്രീയ പക്ഷപാതിത്വം പിന്നീടുള്ള ജീവിതത്തിലുടനീളം സ്വാധീനം ചെലുത്തി. പണിയെടുക്കുന്നവനോടും ദുരിതമനുഭവിക്കുന്നവനോടും പ്രകടിപ്പിച്ച ഐക്യദാര്‍ഢ്യമാണ് മാഷിന്റെ ജീവിതത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നത്.
*
പി രാജീവ് കടപ്പാട് : ദേശാഭിമാനി വാരിക
Subscribe to:
Post Comments (Atom)
1 comment:
തന്നെക്കുറിച്ചും തന്റെ മനുഷ്യസ്നേഹി ജീവിതത്തെക്കുറിച്ചും കുറച്ചുമാത്രം പരാമര്‍ശിക്കുകയും തനിക്കു ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ കൂടുതലായി പങ്കുവയ്ക്കുകയും ചെയ്യുന്ന സവിശേഷമായ ആത്മകഥയാണ് സാനുമാഷ് എഴുതിയ കര്‍മഗതി. ഇ എം എസ് ആത്മകഥ എഴുതിയപ്പോള്‍ ഇതില്‍ എവിടെയാണ് ഇ എം എസ് എന്ന വ്യക്തി എന്ന് പലരും ചോദിക്കുകയുണ്ടായി. ആത്മപ്രശംസക്കുള്ള ഉപകരണമായി ആത്മകഥാരചനയെ കാണുന്ന ഭൂരിപക്ഷ ശീലത്തില്‍നിന്നും മൌലികമായി വേറിട്ടുനില്‍ക്കുന്ന കൃതിയായിരുന്നു അത്. ആത്മകഥകളെ സംബന്ധിച്ച് ആധികാരികമായ പഠനം നടത്തുകയും ഗവേഷണപ്രബന്ധം തയ്യാറാക്കുകയും ചെയ്ത അനുഭവങ്ങള്‍ ലവലേശമില്ലാത്ത ഒരു സാധാരണ വായനക്കാരന്റെ നിഗമനം മാത്രമാണിത്. താന്‍ വ്യത്യസ്തനാണെന്ന കാര്യം തിരിച്ചറിയുന്നുവെന്നതാണ് ആത്മകഥ രചിക്കുന്നതിനു തന്നെ പ്രേരിപ്പിച്ച ന്യായം എന്നു മാഷ് തുറന്നു പറയുന്നുണ്ട്. തനിക്കു തിരിച്ചറിയാന്‍ കഴിയാത്ത തന്റെതന്നെ സവിശേഷമായ ചില അംശങ്ങളുടെ സ്വയം അന്വേഷണം ആത്മകഥയിലൂടെ സാധ്യമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവയ്ക്കുന്നു.
Post a Comment