അയ്യപ്പേട്ടന്‍ അയ്യപ്പേട്ടനായി ജീവിച്ചു. അയ്യപ്പേട്ടനെപ്പോലെ ജീവിച്ചു. വാക്കും നോക്കും ഇരിപ്പും നടപ്പും ഇതുപോലെ മറ്റൊരാള്‍ക്കുമില്ല. മറ്റൊരാളെയുംപോലെ അയ്യപ്പേട്ടന്‍ ജീവിച്ചതുമില്ല.
കണ്ടാണശേരിയില്‍ കണ്ടാണശേരിക്കാരനായും ഹിമാലയത്തില്‍ ഹിമാലയനായും ജീവിച്ചു. അവിടെ പോയപ്പോള്‍ കണ്ടാണിശേരിയെ മറന്നില്ല. ഇവിടെയെത്തിയപ്പോള്‍ ഹിമാലയത്തെയും. മറുദേശങ്ങളിലെ ഭാഷകള്‍ കേട്ടു തഴച്ചപ്പോള്‍ മലയാളത്തെ വിസ്മരിച്ചില്ല. പട്ടാളക്ക്യാമ്പിലും അയ്യപ്പേട്ടന്റെ ട്രങ്കുപെട്ടിയില്‍ രമണന്റെ പകര്‍പ്പ് ഉണ്ടായിരുന്നു.
അയ്യപ്പേട്ടന്‍ സദാ കയര്‍ത്തുകൊണ്ടിരുന്നു. മുഷിഞ്ഞും മുടിഞ്ഞും കോലംകെട്ടൊരു നാട്ടില്‍ നേരുകാരനായ ഒരാള്‍ക്ക് കയക്കാതെങ്ങനെ. എന്തു മൂര്‍ച്ചയും തീര്‍ച്ചയുമാണ് ആ വാക്കുകള്‍ക്ക്. തിരസ്കാരത്തിന്റെ കയ്പ് അദ്ദേഹത്തോളം കുടിച്ച മറ്റൊരാളില്ല. അയ്യപ്പേട്ടനോളം നിലവിളികള്‍ കേട്ട മറ്റൊരാളില്ല. മണ്ണിന്റെ ഓരോ അടരിലുമുള്ള കണ്ണുനീരിലും വേദനകളിലുമാണ് അയ്യപ്പേട്ടന്റെ സ്റ്റെതസ്കോപ്പ് ചെന്നുമുട്ടിയത്. ജീവിതദുഃഖത്തിന്റെ സ്പന്ദനങ്ങള്‍ ഹൃദയത്തില്‍ ചെന്നുതറച്ചു.
അയ്യപ്പേട്ടന്‍ മണ്ണില്‍ ചവിട്ടി നടന്നു. പുല്ലാനിക്കുന്നില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന് ഇരട്ടി ശക്തിയാണ്. ഈ മണ്ണിന്റെ നാള്‍വഴികള്‍ മുഴുവന്‍ അറിയാം. ചരിത്രമായിരുന്നു മനുഷ്യന്റെ ഇന്ധനം. പുല്ലിനേക്കാള്‍ താഴെ പുഴുവിനേക്കാള്‍ ദയനീയമായി ജീവിച്ച കീഴാളജനതയെ ആത്മവീര്യവും അവകാശബോധവുമുള്ള മനുഷ്യരാക്കി മാറ്റിയെടുത്തത് കമ്യൂണിസ്റ്റ് പാര്‍ടിയാണെന്ന് അദ്ദേഹം എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. ആ മഹത്തായ സത്യത്തെയാണ് മറച്ചുവയ്ക്കാനും മായ്ച്ചുകളയാനും ശ്രമം നടക്കുന്നത്. തെരഞ്ഞെടുപ്പുകാലത്ത് ഒരു മറയുമില്ലാതെ കമ്യൂണിസ്റ്റ്വേദികളില്‍ അയ്യപ്പേട്ടന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സാഹിത്യകാരന്റെ കിരീടമെല്ലാം അഴിച്ചുവച്ച് പോരാളിയുടെ രൂപത്തില്‍ എത്രയോ സമരമുഖങ്ങളില്‍ വന്നുനിന്നിരുന്നു. കഥയെഴുത്തിന്റെ പേരില്‍ മണമ്പൂര്‍ രാജന്‍ബാബുവിനെ സസ്പെന്‍ഡ് ചെയ്തപ്പോള്‍ എംഎസ്പി ഓഫീസിനു മുന്നിലെ ധര്‍ണ ഉദ്ഘാടനംചെയ്യാന്‍ ഓടിയെത്തിയതും ഈ മഹാമനുഷ്യനാണ്. പട്ടാളക്കുപ്പായം അഴിച്ചുവച്ചിട്ടും അയ്യപ്പേട്ടന്‍ പോരാളിയായി തുടര്‍ന്നു.
മുന്‍കോപിയും ശാഠ്യക്കാരനുമായ അഹങ്കാരി എന്ന് കോവിലന്‍ അറിയപ്പെടുന്നു. എന്നാല്‍ ഇത്രത്തോളം സ്നേഹമുള്ള മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. ഒരച്ഛന്റെ സ്നേഹമാണത്. ജിനകൃഷ്ണനും കെ എ മോഹന്‍ദാസും വേണു ഇടക്കഴിയൂരുമൊക്കെ അനുഭവിച്ചത് അളവില്ലാത്ത സ്നേഹമാണ്. കൊച്ചുബാവയും ചുള്ളിക്കാട്ടും ചരുവിലും സുരേന്ദ്രനു രാജനും ലീലാകൃഷ്ണനുമെല്ലാം അടങ്ങുന്ന ഞങ്ങളുടെ തലമുറയെ മക്കളായിത്തന്നെയാണ് സ്നേഹിച്ചത്.
എന്റെ പ്രാരബ്ധങ്ങളും വിഷമങ്ങളും കേട്ട് തലയ്ക്കു കൈവച്ച് വിഷമിച്ചിരുന്ന അയ്യപ്പേട്ടനെ ഞാനെങ്ങനെ മറക്കാനാണ്. കടങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ എനിക്കൊരു അധികജോലി തരപ്പെടുത്താന്‍ ശ്രമിച്ചതും സാഹിത്യ അക്കാദമി സെക്രട്ടറി ദാമോദരന്‍ കാളിയത്തിനോടു പറഞ്ഞ് പ്രൂഫ് റീഡിങ് ഏര്‍പ്പാടാക്കിയതും അതിലും ഉത്തരവാദിത്തം ഏറ്റെടുക്കാതെ ഞാന്‍ ഉഴപ്പിനടന്നതും...
'ഇവന്‍ വീട്ടുകാര്യങ്ങളൊക്കെ നോക്കുന്നുണ്ടോ' എന്നാണ് അംബികയെ കണ്ടാല്‍ അയ്യപ്പേട്ടന്‍ ചോദിക്കുക. അത് ഒരച്ഛന്റെ ചോദ്യമാണ്. കേരളവര്‍മയില്‍വച്ച് ആദ്യം കണ്ട ദിവസം അയ്യപ്പേട്ടന്‍ എന്നോടു പറഞ്ഞത് 'നീ ക്ളാസില്‍ കയറാറില്ലെന്നാണല്ലോ നാരായണ മേനോന്‍ മാഷ് പറഞ്ഞത്' എന്നാണ്. ഞാനോര്‍ത്തു, എന്റെ അച്ഛന് ഒരിക്കല്‍പ്പോലും കോളേജില്‍ വരാനോ ഞാന്‍ ക്ളാസില്‍ കയറുന്നുണ്ടോ എന്ന് അന്വേഷിക്കാനോ പറ്റിയിട്ടില്ലല്ലോ. അച്ഛനു പകരം അതേ സ്ഥാനത്തുനിന്നാണല്ലോ അയ്യപ്പേട്ടന്‍ സംസാരിക്കുന്നത്.
സാഹിത്യ അക്കാദമിക്കുവേണ്ടി അവസാനമായി ഒരു വരി എഴുതി ഏല്‍പ്പിച്ചത് എന്റെ കൈയിലാണ്. 'എനിക്കു വയ്യാതായി' എന്നായിരുന്നു അത്.
ചലനമറ്റ ശരീരവും വഹിച്ചുള്ള അന്ത്യയാത്രയിലെ വാഹനങ്ങളിലെല്ലാം ഒരേ ചിത്രം. കീഴടങ്ങാത്തവന്റെ മുഖം; മരിക്കാത്തവന്റെയും. വേദനകള്‍ ശമിച്ച് അയ്യപ്പച്ഛന്‍ കിടക്കുന്നു.
*
രാവുണ്ണി
Friday, June 11, 2010
Subscribe to:
Post Comments (Atom)
1 comment:
അയ്യപ്പേട്ടന്‍ അയ്യപ്പേട്ടനായി ജീവിച്ചു. അയ്യപ്പേട്ടനെപ്പോലെ ജീവിച്ചു. വാക്കും നോക്കും ഇരിപ്പും നടപ്പും ഇതുപോലെ മറ്റൊരാള്‍ക്കുമില്ല. മറ്റൊരാളെയുംപോലെ അയ്യപ്പേട്ടന്‍ ജീവിച്ചതുമില്ല.
കണ്ടാണശേരിയില്‍ കണ്ടാണശേരിക്കാരനായും ഹിമാലയത്തില്‍ ഹിമാലയനായും ജീവിച്ചു. അവിടെ പോയപ്പോള്‍ കണ്ടാണിശേരിയെ മറന്നില്ല. ഇവിടെയെത്തിയപ്പോള്‍ ഹിമാലയത്തെയും. മറുദേശങ്ങളിലെ ഭാഷകള്‍ കേട്ടു തഴച്ചപ്പോള്‍ മലയാളത്തെ വിസ്മരിച്ചില്ല. പട്ടാളക്ക്യാമ്പിലും അയ്യപ്പേട്ടന്റെ ട്രങ്കുപെട്ടിയില്‍ രമണന്റെ പകര്‍പ്പ് ഉണ്ടായിരുന്നു.
Post a Comment