ഒറ്റപ്പെടലിന്റെ ധ്യാനാത്മകതയില്‍ നിന്ന് പ്രണയത്തിലേക്കും അവിഹിതമായ ആസക്തിയിലേക്കും സഞ്ചരിക്കുന്ന ആണ്‍ കഥാപാത്രത്തെ സ്‌പാനിഷ് ചലച്ചിത്രകാരനായ പെദ്രോ അല്‍മൊദോവാറിന്റെ ടോക്ക് ടു ഹെര്‍(അവളോട് സംസാരിക്കൂ-2002) എന്ന സിനിമയിലേതു പോലെ എവിടെയും ഒരു പക്ഷെ നിങ്ങള്‍ക്ക് കണ്ടു മുട്ടാനാവില്ല. രാഷ്‌ട്ര നിര്‍മ്മിതികളും സദാചാര മഹാഖ്യാനങ്ങളും കടുത്ത തോതില്‍ വിലക്കിയിട്ടുള്ള നിരോധനമരുപ്പച്ചകളിലേക്കാണ് അല്‍മൊദോവാര്‍ മിക്കപ്പോഴും തന്റെ ആഖ്യാന/ഇതിവൃത്ത സാഹസികതകളെ കൊണ്ടു ചെന്നെത്തിക്കാറുള്ളത്.
രണ്ടു പ്രധാന പുരുഷ കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. എഴുത്തുകാരനായ മാര്‍ക്കോയും(ദാരിയോ ഗ്രാന്റിനെറ്റി)യും നഴ്‌സായ ബെനിഞ്ഞോയും(ഴാവിയര്‍ കമാര)യും. അടുത്തടുത്ത ഇരിപ്പിടങ്ങളിലിരുന്ന് ബാലെ കാണുന്നതിനിടയില്‍ മാര്‍ക്കോ കരയുകയായിരുന്നു; അയാള്‍ ബെനിഞ്ഞോയെ കണ്ടതേയില്ല. എന്നാല്‍, ബെനിഞ്ഞോ എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മാര്‍ക്കോയുടെ കാമുകി ലിദിയ(റൊസാരിയോ ഫ്ളോറസ്) ബോധം നശിച്ച അവസ്ഥ(കോമ)യില്‍ ചികിത്സയില്‍ കിടക്കുന്ന ആശുപത്രിയിലാണ് ബെനിഞ്ഞോ ജോലി ചെയ്യുന്നത്. അവിടെ വെച്ച് അവര്‍ വീണ്ടും കണ്ടുമുട്ടുന്നു. തിയറ്ററില്‍ വെച്ച് കണ്ടതും മാര്‍ക്കോ കരഞ്ഞതും ബെനിഞ്ഞോ കൃത്യമായി ഓര്‍മ്മിച്ചെടുക്കുന്നു. അവര്‍ തമ്മിലുള്ള സൌഹൃദം സുദൃഢമാകുന്നു. കാളപ്പോരുകാരിയായിരുന്ന ലിദിയ പോരിനിടെ കാളയുടെ കുത്തേറ്റാണ് കോമയിലാകുന്നത്.
തന്റെ അപ്പാര്‍ടുമെന്റിന്റെ തൊട്ടു താഴെയുള്ള നൃത്ത വിദ്യാലയത്തില്‍ അഭ്യസിക്കുന്ന ആലീസിയ(ലിയോണോര്‍ വാട്‌ലിംഗ്) എന്ന അതി സുന്ദരിയായ യുവതിയെ ബെനിഞ്ഞോ ബാല്‍ക്കണിയിലിരുന്ന് ഒളിഞ്ഞു നോക്കാറുണ്ടായിരുന്നു. സിനിമ എന്നതു തന്നെ ഒളിഞ്ഞുനോട്ടത്തിന്റെ ആഖ്യാനമാണല്ലോ! ഒരു വാഹനാപകടത്തില്‍ പെട്ട് കോമയിലാകുന്ന ആലീസിയ അവന്റെ ആശുപത്രിയില്‍ തന്നെ അഡ്‌മിറ്റ് ചെയ്യപ്പെടുന്നു. അവളുടെ ശുശ്രൂഷകനായി അവന്‍ നിയമിക്കപ്പെടുന്നു. തന്റെ പറയാതെ പോയ പ്രണയം, പ്രകടിപ്പിക്കാതെ പോയ ആസക്തി അവനെ വേട്ടയാടുന്നു. പൊതുവെ ഏകാന്തനും നാണം കുണുങ്ങിയുമായ ബെനിഞ്ഞോ ബോധം നശിച്ചു കിടക്കുന്ന ആലീസിയയുമായി സംഭാഷണത്തിലേര്‍പ്പെടുന്നു. ഒരു തരം ഭാവവികാരപ്രകടനങ്ങളും അവളുടെ മുഖത്ത് കാണാന്‍ നമുക്കാകുന്നില്ല. എന്നാല്‍, ബെനിഞ്ഞോ തന്റെ സംഭാഷണങ്ങളെ ഏകമുഖവും വൃഥാവിലാകുന്നതുമായ പാഴ് വേലയായി കരുതുന്നുമില്ല. അവളുടെ അവസ്ഥയില്‍ ഗുണപരമായ ചില മാറ്റങ്ങളുണ്ടാകുന്നതായി അവന്‍ സ്വയം വിശ്വസിക്കുന്നുമുണ്ട്. അവന്‍ അവള്‍ക്കു വേണ്ടി പുറത്തു പോയി ബാലെകള്‍ കാണുകയും നിശ്ശബ്‌ദ സിനിമകള്‍ കാണുകയും അതിന്റെ കഥകള്‍ വിശദീകരിച്ചുകൊടുക്കുന്നുമുണ്ട്. ഇക്കൂട്ടത്തില്‍ സവിശേഷമായ ഒരു ബ്ളാക്ക് ആന്റ് വൈറ്റ് കോമഡി നമുക്കും കാണാനാകുന്നുണ്ട്. ഇത്, അല്‍മൊദോവാര്‍ ഈ സിനിമക്കുള്ളില്‍ സൃഷ്‌ടിച്ച പുതിയ ഒരു 'പഴയ' സിനിമയാണ്.
നാലു പേരുടെയും കഥകളില്‍ വ്യക്തികളുടെ ഉള്‍നിലകളും രഹസ്യങ്ങളും നിഗൂഢതകളും അനാവരണം ചെയ്യപ്പെടുന്നുണ്ട്. ലിദിയയുടെ പഴയ കാമുകന്‍ അവളുമായുള്ള ബന്ധം കാളപ്പോരിനിടയിലെ അപകടത്തിനും ഒരു മാസം മുമ്പ് പുന:സ്ഥാപിച്ചിരുന്നതായി മനസ്സിലാക്കുന്ന മാര്‍ക്കോ അവളെ തനിച്ചാക്കി ജോര്‍ദാനിലേക്ക് പോകുന്നു. വിശ്വാസ വഞ്ചനക്കു ശേഷം പ്രണയം എങ്ങിനെയാണ് തുടരാനാകുക? എന്നാല്‍ ബോധം നശിച്ച കാമുകിയുടെ വിശ്വാസ വഞ്ചനയെ ആ അവസ്ഥയില്‍ കാമുകന്‍ എങ്ങിനെയാണ് വിചാരണ ചെയ്യുകയും പരിഹരിക്കുകയും ചെയ്യുക? പഴയ കാമുകന് പ്രണയം തിരിച്ചു കിട്ടിയെങ്കില്‍ വെറുതെ കാണാനെത്തുന്നതല്ലാതെ, ബോധം നശിച്ച ലിദിയയെ അയാള്‍ ശുശ്രൂഷിക്കാത്തതെന്തുകൊണ്ട് ? അയാളുടെ പ്രണയം അവളുടെ ബോധത്തോടു കൂടിയ ശരീരത്തോട് മാത്രമായിരുന്നോ? ഇത്തരത്തില്‍ മനുഷ്യത്വത്തെയും മനുഷ്യബന്ധങ്ങളെയും പുനക്രമീകരിക്കുന്ന തരത്തിലുള്ള സങ്കീര്‍ണ പ്രഹേളികകളാണ് അല്‍മൊദോവാര്‍ അന്യഥാ ലളിതമായ ആഖ്യാനത്തിനുള്ളില്‍ നിറച്ചു വെച്ച് പ്രേക്ഷകരെ ആകുലരാക്കുന്നത്. പ്രഹേളികകളെ ബാക്കി നിര്‍ത്തി ലിദിയ അതിനിടെ മരിച്ചു പോകുകയും ചെയ്യുന്നു. അവളുടെ മേല്‍ ചൊരിയേണ്ടിയിരുന്ന സഹതാപവും അനുകമ്പയും സ്‌പര്‍ശനവും നിരസിച്ച കാമുകരിലാരാണ് അവളുടെ മരണത്തിനുത്തരവാദി?
ബെനിഞ്ഞോയുടെ ആലീസിയയോടുള്ള സംസാരവും ബന്ധവും ഇതിനിടെ 'അതിരു' കടന്നിരുന്നു. അവള്‍ ഗര്‍ഭിണിയാണെന്ന് ഡോൿടര്‍മാര്‍ മനസ്സിലാക്കുന്നു. കോമയിലുള്ള രോഗിയുമായി അവളുടെ സമ്മതമില്ലാതെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് ബലാത്സംഗക്കുറ്റമായതിനാല്‍ ബെനിഞ്ഞോ ജയിലിലടക്കപ്പെടുന്നു. പലതരം മരുന്നുകള്‍ അമിതമായി കഴിച്ച് കോമയിലായി ആലീസിയയുമായി ഒന്നു ചേരാനുള്ള അവന്റെ ശ്രമങ്ങള്‍ സ്വന്തം മരണത്തിലാണ് കലാശിക്കുന്നത്. ഇതിനിടെ പ്രസവത്തോടെ ആലീസിയയുടെ ബോധം പൂര്‍ണമായി തിരിച്ചുകിട്ടുന്നു. അവളെ ബലാത്സംഗം ചെയ്‌തതിന് ശിക്ഷിക്കപ്പെട്ട കുറ്റവാളിയായ ബെനിഞ്ഞോ തന്നെയാണ് അവളുടെ പുനര്‍ജന്മത്തിന് കാരണമായത് എന്ന മെഡിക്കോ-ലീഗല്‍ പ്രശ്‌നത്തെയാണ് നാഗരികതയുടെ നേര്‍ക്കുള്ള ചോദ്യചിഹ്നമായി അല്‍മൊദോവാര്‍ ഉയര്‍ത്തുന്നത്. ആലീസിയ കോമയില്‍ നിന്ന് വിമുക്തയായി എന്ന വിവരം, അഡ്വക്കറ്റ് തടഞ്ഞതിനാല്‍ മാര്‍ക്കോവിന് ബെനിഞ്ഞോയോട് പറയാനാവുന്നില്ല. അവനെങ്ങനെ പ്രതികരിക്കും, അക്രമാസക്തനായാലോ, എന്നൊക്കെ കരുതിയിട്ടാണ് അവനോടത് പറയേണ്ട എന്ന് തീരുമാനിക്കപ്പെടുന്നത്. പക്ഷെ, ഫലം തിരിച്ചായിരുന്നു. ഇനി, ബെനിഞ്ഞോ ഈ വിധത്തില്‍ മരിച്ചു പോയി എന്നത് ആലീസിയയോടും പറയാനാവാതെ മാര്‍ക്കോ കുഴയുന്നു. അവളുടെ നൃത്താധ്യാപിക അയാളോട് പറയുന്നതു പോലെ ഒന്നും അത്ര നിസ്സാരമോ ലളിതമോ അല്ല.
ആസക്തികളുടെയും മുറിവുകളുടെയും ഈ സിനിമ, പരസ്‌പര ബന്ധത്തിന്റെയും ബന്ധരാഹിത്യത്തിന്റേതുമാണ്. ആത്മഗതങ്ങള്‍ പോലും സംഭാഷണങ്ങളുടെ ധര്‍മം നിര്‍വഹിക്കുന്നു, പക്ഷെ പൂര്‍ണ സംഭാഷണങ്ങള്‍ വൃഥാവിലുമാകുന്നു. ഒറ്റപ്പെടലിനും രോഗത്തിനും മരണത്തിനും ഭ്രാന്തിനും എതിരായ ഒരായുധമായി ആഹ്ളാദത്തെ പുന:സ്ഥാപിക്കാനുള്ള അല്‍മൊദോവാറിന്റെ ആഹ്വാനം നമ്മെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടേയിരിക്കും.
*****
ജി. പി. രാമചന്ദ്രന്‍, കടപ്പാട് : യുവധാര
Subscribe to:
Post Comments (Atom)
2 comments:
ഒറ്റപ്പെടലിന്റെ ധ്യാനാത്മകതയില്‍ നിന്ന് പ്രണയത്തിലേക്കും അവിഹിതമായ ആസക്തിയിലേക്കും സഞ്ചരിക്കുന്ന ആണ്‍ കഥാപാത്രത്തെ സ്‌പാനിഷ് ചലച്ചിത്രകാരനായ പെദ്രോ അല്‍മൊദോവാറിന്റെ ടോക്ക് ടു ഹെര്‍(അവളോട് സംസാരിക്കൂ-2002) എന്ന സിനിമയിലേതു പോലെ എവിടെയും ഒരു പക്ഷെ നിങ്ങള്‍ക്ക് കണ്ടു മുട്ടാനാവില്ല. രാഷ്‌ട്ര നിര്‍മ്മിതികളും സദാചാര മഹാഖ്യാനങ്ങളും കടുത്ത തോതില്‍ വിലക്കിയിട്ടുള്ള നിരോധനമരുപ്പച്ചകളിലേക്കാണ് അല്‍മൊദോവാര്‍ മിക്കപ്പോഴും തന്റെ ആഖ്യാന/ഇതിവൃത്ത സാഹസികതകളെ കൊണ്ടു ചെന്നെത്തിക്കാറുള്ളത്.
പെഡ്റോ അല്‍മോവാറിണ്റ്റെ ചിത്റങ്ങള്‍ ഒക്കെ ആസക്തി പ്റണയം കാമം എന്നിവയുടെ മറയില്ലാത്ത ചിഹ്റീകരണങ്ങളാനു വോള്‍വറ്‍ എന്ന ചിത്റം കേരള ഫിലിം ഫെസ്റ്റിവലില്‍ തിരക്കു കാരണം പലറ്‍ക്കും കാണാന്‍ കഴിയാതെ പോയ ഒരു ചിത്റമാണു ടാക് ടു ഹെറ്‍ അത്റ വരുമോ എന്നു സംശയമാണു ഈ ചിത്റത്തെ പരിചയപ്പെടുത്തിയതില്‍ ജീ പിക്കു ക്യതജ്ഞത രേഖപ്പെടുത്തുന്നു ഒപ്പം മറ്റു പാറ്‍ട്ടി വിധേയത്വങ്ങള്‍ നിരൂപണത്തെ സ്വാധീനിക്കാത്തതിലും , സത്യന്‍ അന്തിക്കാടിണ്റ്റെ പരട്ട പടത്തെ മഞ്ഞക്കണ്ണട വച്ചു നോക്കി വെറുതെ വാചാടോപം ചെയ്യുന്നതിനെക്കാള്‍ ലോകോത്തര സ്റ്‍ഷ്ടികളെ വായനക്കാറ്‍ക്കു പരിചയപ്പെടുത്താന്‍ ശ്രമിച്ചാല്‍ നന്നായിരിക്കും
Post a Comment