Wednesday, June 16, 2010

വായിച്ചു തീരാത്ത മൃദംഗം

തൃശൂര്‍ രാമനിലയത്തില്‍വച്ചാണ് മൃദംഗവാദനത്തിലെ ഇതിഹാസം ഉമയാള്‍പുരം ശിവരാമനെ കണ്ടത്. മൃദംഗത്തിലെ കിരീടധാരിയെന്നു തോന്നിപ്പിക്കുന്ന ഒന്നും പെരുമാറ്റത്തിലോ സംസാരത്തിലോ ഇല്ല. ഉള്ളുതുറന്ന പ്രകൃതം. ആകര്‍ഷിപ്പിക്കുകയും രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഇംഗ്ളീഷും തമിഴും ഇടകലര്‍ത്തിയ സംസാരം. പലപ്പോഴും സംഗീതവും വാദ്യവും സംസ്കാരവും വിട്ട് എല്ലാം ഒന്നാവുന്ന, ഒന്നിപ്പിക്കുന്ന മാനവികതയുടെ ലോകത്തിലേക്ക് കൈപിടിച്ചുകൊണ്ടുപോയി.

തലേന്ന് പൂരനഗരിയെ വാദ്യസംഗീതംകൊണ്ട് തസ്രിപ്പിക്കുകയായിരുന്നു ഈ വാദ്യചക്രവര്‍ത്തി. മൃദംഗത്തില്‍ ഉമയാള്‍പുരത്തിന്റെ സമാനതകളില്ലാത്ത സങ്കീര്‍ത്തനപ്പെരുമ. ചെണ്ടയിലെ ജനപ്രിയമേളത്തിന്റെ തമ്പുരാന്‍ പെരുവനം കുട്ടന്‍മാരാര്‍ കൂടെ. 'പൂരനിലാവില്‍' അനശ്വരമായ ഒരു മേളരാവ്. ഉമയാള്‍പുരത്തിന്റെ വാദ്യപ്പെരുമയ്ക്ക് അന്തമില്ല; അറിവിനും. പൂരത്തെക്കുറിച്ച് സംസാരിച്ചുതുടങ്ങി ജനങ്ങളും രാജ്യവും കടന്ന് ലോകത്തിന്റെയും പ്രപഞ്ചത്തിന്റെയും വിശാലതയിലേക്കു സഞ്ചരിച്ചു. എന്തിനും തത്ത്വചിന്താപരമായ, ജ്ഞാനോദ്ദീപകമായ ഉള്‍ക്കാഴ്ച.

മകന്‍ വക്കീലാവട്ടെ എന്നായിരുന്നുവത്രേ ഡോക്ടറായ അച്ഛന്‍ പി കാശി വിശ്വനാഥ അയ്യരുടെ ആഗ്രഹം. മദ്രാസ് യൂണിവേഴ്സിറ്റിയില്‍നിന്ന് ശിവരാമന്‍ നിയമബിരുദം നേടിയെങ്കിലും ഗായകന്‍കൂടിയായ അച്ഛന്റെ സംഗീതബോധം കൂടുതല്‍ സ്വാധീനിച്ചു. അസാധാരണമായ താളബോധം മൂന്നാം വയസ്സില്‍ത്തന്നെ ശിവരാമനില്‍ കണ്ടത് അമ്മൂമ. എവിടെ കൈവിരല്‍ സ്പര്‍ശിച്ചാലും താളപ്രവാഹം. അത് മൃദംഗ പരിശീലനത്തിലെത്തിച്ചു. 10-ാം വയസ്സില്‍ കുംഭകോണത്തെ കലാഹസ്തേശ്വരസ്വാമി ക്ഷേത്രത്തില്‍ അരങ്ങേറ്റം. പിന്നെ രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് സംഗീതത്തിന്റെ അനന്തവിഹായസ്സിലേക്കുള്ള പറക്കല്‍. പ്രായം 75ലെത്തിയപ്പോള്‍ ഉമയാള്‍പുരത്തിന്റെ വാദ്യസംഗീതത്തിന് ആറര പതിറ്റാണ്ടിന്റെ ദൈര്‍ഘ്യം. അതു മങ്ങുകയല്ല, കത്തിജ്വലിക്കുകയാണ്. ലോകത്ത് എവിടെയെല്ലാം സംഗീതാസ്വാദകരുണ്ടോ അവിടെയല്ലാം ഉമയാള്‍പുരത്തിന്റെ വാദ്യവിസ്മയവുമെത്തി. കര്‍ണാടകസംഗീതത്തില്‍ ഒതുങ്ങിനിന്നില്ല അത്. ജുഗല്‍ബന്ദിയുടെയും ഫ്യൂഷന്‍ മ്യൂസിക്കിന്റെയും മാസ്മരികത തുറന്നുകൊടുത്തു. പാശ്ചാത്യ-പൌരസ്ത്യ സംഗീതം ഒത്തൊരുമിച്ച സദസ്സ് കാഴചവയ്ക്കാന്‍ ഭയമുണ്ടായില്ല. ഫാഷന്‍ ഷോയില്‍പോലും സ്വന്തമായി കംപോസ് ചെയ്ത സംഗീതപരിപാടി അവതരിപ്പിച്ചപ്പോള്‍ പാരമ്പര്യവാദികള്‍ എങ്ങനെ കാണുമെന്ന് അദ്ദേഹം കണക്കിലെടുത്തില്ല. "ദേശ, ഭാഷ, ഗോത്ര വ്യത്യാസമില്ലാതെ, ക്ളാസിക്കല്‍ എന്നോ നാടോടി എന്നോ നോക്കാതെ എല്ലാ സംഗീതശാഖകളെയും ഇഷ്ടപ്പെടുന്നു. ഞാന്‍ തികച്ചും പാരമ്പര്യകലാകാരനാണ്. എന്നാല്‍ അള്‍ട്രാ മോഡേണുമാണ്. ജീവിതത്തിന്റെ നിലനില്‍പ്പിന്റെ തത്വശാസ്ത്രം സംഗീതത്തിനും ബാധകം''. ഇതു പറഞ്ഞ് സംഗീതനയം വ്യക്തമാക്കിയ സന്തോഷത്തില്‍ അദ്ദേഹം പൊട്ടിച്ചിരിക്കുന്നു. ആ ചിരിക്കും സവിശേഷമായ ലയവും താളവും.

പണ്ഡിറ്റ് രവിശങ്കര്‍, ഹരിപ്രസാദ് ചൌരസ്യ, പണ്ഡിറ്റ് രാംനാരായണ്‍, ഉസ്താദ് അല്ലാരഖ, സാക്കീര്‍ ഹുസൈന്‍ തുടങ്ങിയവരോടൊപ്പമുള്ള ജുഗല്‍ബന്ദികള്‍ ഉമയാള്‍പുരം മനസ്സില്‍ കാക്കുന്നു. വടക്കേ ഇന്ത്യയിലെ സംഗീതലോകത്ത് സവിശേഷ സ്ഥാനമാണ് ഉമയാള്‍പുരത്തിന്റേത്. ചെമ്പൈ വൈദ്യനാഥ ഭാഗവതരും ശെമ്മാങ്കുടിയും അടക്കമുള്ള കര്‍ണാടകസംഗീതത്തിലെ കുലപതികളുടേതുള്‍പ്പെടെ എത്ര കച്ചേരികള്‍ക്ക് ഇതിനകം മൃദംഗം വായിച്ചുവെന്ന് അദ്ദേഹത്തിനുതന്നെ അറിയില്ല. ജാസ് അടക്കം പാശ്ചാത്യ ഉപകരണങ്ങളോടൊപ്പം ഉമയാള്‍പുരത്തിന്റെ മൃദംഗാവതരണം കണ്ട് വിദേശികളടക്കം കോരിത്തരിച്ച സന്ദര്‍ഭങ്ങളും ഏറെ. "ലോകത്തിലെ എല്ലാ സംഗീതവും ഒന്നാണ്. ഉള്ളടക്കവും ലക്ഷ്യവും ഒന്നുതന്നെ. കര്‍ണാടകസംഗീതത്തിലെ ആദിതാളം ഹിന്ദുസ്ഥാനിയില്‍ തീന്‍ താള്‍. പാശ്ചാത്യസംഗീതത്തില്‍ 'ഫോര്‍, ഫോര്‍' ആയി മാറും. അതുപോലെ തെന്നിന്ത്യയിലെ ശങ്കരാഭരണ രാഗം വടക്കേ ഇന്ത്യയില്‍ ബിലാവലും പാശ്ചാത്യര്‍ക്ക് മജസ്കേയുമാണ്. മനുഷ്യവികാരം എല്ലാം ഒന്നുതന്നെ. ഒരു ജനത, ഒരു മതം, ഒരു സംഗീതം. അതാണ് അദ്വൈതം. ഞാനതില്‍ വിശ്വസിക്കുന്നു''- ഉമയാള്‍പുരം പറയുന്നു.

മൃദംഗകുലപതിക്ക് ഗുരുക്കന്മാര്‍ നാല്. ആരുപാതി നടേശ അയ്യര്‍, തഞ്ചാവൂര്‍ വൈദ്യനാഥ അയ്യര്‍, പാലക്കാട് മണി അയ്യര്‍, കുംഭകോണം ഷാകോട്ടൈ രങ്കു അയ്യങ്കാര്‍.

1988ല്‍ പത്മശ്രീ നല്‍കി ആദരിച്ച ഉമയാള്‍പുരത്തിന്റെ സംഗീതത്തിന് രാജ്യത്തിന്റെ ആവര്‍ത്തിച്ച കയ്യൊപ്പായി ഇക്കുറി പത്മവിഭൂഷണ്‍ തേടിയെത്തി. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അംഗീകാരവും സ്വാതിതിരുനാള്‍ പുരസ്കാരവുമടക്കം എണ്ണമറ്റ ബഹുമതികള്‍ വേറെ.

കേരളത്തെക്കുറിച്ചു പറയുമ്പോള്‍ അദ്ദേഹത്തിന് സവിശേഷമായ വികാരം. "എന്നിലെ കലാകാരന്റെ വളര്‍ച്ചയ്ക്ക് കേരളം നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. തൃപ്പൂണിത്തുറ കോവിലകത്തും സാമൂതിരി പാലസിലും കച്ചേരി നടത്തിയിട്ടുണ്ട്. കേരളത്തിലെ ഇപ്പോഴത്തെ സര്‍ക്കാരിനോട് എന്നെന്നും നന്ദിയുള്ളവനായിരിക്കും. സ്വാതിതിരുനാള്‍ പുരസ്കാരം സമ്മാനിച്ച് ആദരിച്ചതിനു പുറമെ കേരള സര്‍വകലാശാല ഡി ലിറ്റ് നല്‍കി. ഈ സ്നേഹം കാണുമ്പോള്‍ ഈ നാട് എന്റെ രണ്ടാം തറവാടാണെന്നാണ് തോന്നുന്നത്''.

യുവതലമുറയോട് ഉപദേശം ഇങ്ങനെ: സംഗീതത്തെ നേരമ്പോക്കായിമാത്രം കണക്കാക്കാതെ മഹത്തായ വിദ്യാഭ്യാസമായി സ്വീകരിക്കുക. തുടക്കത്തില്‍ വന്‍ നേട്ടം പ്രതീക്ഷിക്കരുത്. ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിച്ച് സമ്പൂര്‍ണത ആര്‍ജിക്കണം. വിജയം കൈവരിക്കുക. എല്ലാത്തിലും നന്മ കണ്ടെത്തുകയും വേണം.

താന്‍ പുറത്തിറക്കിയ ഇരുപത്തിരണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'മൃദംഗചിന്താമണി' ഡിവിഡിയും 'ദി വോയേജ് ഓഫ് മൃദംഗ' എന്ന പുസ്തകവും വാദ്യകലയിലെ യുവതലമുറയ്ക്കുള്ള സംഭാവനയാണെന്ന് ഉമയാള്‍പുരം പറഞ്ഞു. പിന്നെ ഒന്നുകൂടി കൂട്ടിച്ചേര്‍ത്തു: എനിക്ക് മൃദംഗം വായിച്ചു മതിയായില്ല.

"ഗുരുക്കന്മാര്‍ മാത്രമല്ല, എന്റെ മാതാപിതാക്കള്‍, പൂര്‍വികര്‍, കര്‍ണാടകസംഗീത കുലപതികള്‍, സര്‍വോപരി ആസ്വാദകര്‍. എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. ലോഡ് മെക്കാളെ പറഞ്ഞതുപോല മുതിര്‍ന്നവരെയും ഗുരുക്കന്മാരെയും ബഹുമാനിക്കുമ്പോള്‍ നാം മഹത്തായ പാരമ്പര്യത്തിന്റെ കണ്ണികളാവുകയാണ്. ഈ പാരമ്പര്യം വരുംതലമുറയിലേക്കു പകരാന്‍ ഞാനും കടപ്പെട്ടിരിക്കുന്നു. ലോകത്തെമ്പാടുമുള്ള എന്റെ ശിഷ്യര്‍ ആ ധര്‍മം പാലിക്കുമെന്നു കരുതുന്നു''- വിനയത്തോടെ ഉമയാള്‍പുരം.

*****

വി എം രാധാകൃഷ്ണന്‍, കടപ്പാട്

ഉമയാള്‍പുരം സംഗീതം ആസ്വദിക്കുവാൻ അദ്ദേഹത്തിന്റെ ബ്ലോഗ് സന്ദർശിക്കുക

1 comment:

വര്‍ക്കേഴ്സ് ഫോറം said...