Friday, June 25, 2010

അടിയന്തരാവസ്ഥയുടെ വിടാത്ത മത്ത്

ഇന്ദിരഗാന്ധിയുടെ അഭിശപ്തമായ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ 35-ാം വാര്‍ഷികമാണ് ഇന്ന്. ഇന്ത്യയില്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലാത്ത ഒരു അപഭ്രംശമായാണ്, രണ്ടുവര്‍ഷം നീണ്ട ഒരു സര്‍വാധിപത്യ ഇടവേളയായാണ് അടിയന്തരാവസ്ഥയുടെ ജീവിച്ചിരിക്കുന്ന ഇരകള്‍പോലും ഇന്ന് കാണുന്നത്. ഇത് ഒരു അപകടകരമായ ആലസ്യമാകുമെന്നാണ് സമീപകാലചരിത്രം മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ദിര തന്റെ സര്‍വാധിപത്യം സ്ഥാപിച്ചതും നിലനിര്‍ത്തിയതും നമ്മുടെ ഭരണഘടനയുടെ ആധാരശിലകളിലൊന്നായ പൊലീസും ഉദ്യോഗസ്ഥരും സായുധസേനയും ഉള്‍പ്പെടുന്ന ഭരണസംവിധാനം ഉപയോഗിച്ചുകൊണ്ടാണ്. ഭരണഘടനയുടെതന്നെ മറ്റ് രണ്ട് ആധാരശിലകളായ പാര്‍ലമെന്റിനെയും നീതിന്യായവ്യവസ്ഥയെയും നിര്‍വീര്യമാക്കിക്കൊണ്ടാണ് ഇന്ദിര ഗാന്ധിയും അവരുടെ അനുചരവൃന്ദവും മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി പൌരസ്വാതന്ത്ര്യവും ജനാധിപത്യ അവകാശവും തൊഴില്‍നിയമങ്ങളുമെല്ലാം കാറ്റില്‍പ്പറത്തി രണ്ടാണ്ട് നാടുവാണത്.

അടിയന്തരാവസ്ഥയുടെ മുഖ്യമുദ്രാവാക്യങ്ങളിലൊന്ന് 'വായടക്കൂ പണിയെടുക്കൂ' എന്നായിരുന്നു. സര്‍വാധിപത്യ പ്രവണത ഇന്ദിര ഗാന്ധിയുടെയോ കോണ്‍ഗ്രസിന്റെയോ കുത്തകയല്ലെന്ന് തെളിയിക്കുന്നതാണ് അടിയന്തരാവസ്ഥക്കെതിരായുള്ള സമരത്തിന് നേതൃത്വം കൊടുക്കുകവഴി വലിയ അളവില്‍ ജനാധിപത്യവിശ്വാസ്യത നേടി വളര്‍ന്നുപന്തലിച്ച സംഘപരിവാറിന്റെ ഭരണചരിത്രം. ഇന്ദിരയുടെ അടിയന്തരാവസ്ഥ അവസാനിച്ച് ഒന്നര പതിറ്റാണ്ടിനകം രാജ്യത്തെ ഒരു യഥാര്‍ഥ അടിയന്തരാവസ്ഥയില്‍ അവര്‍ എത്തിച്ചു. വിഷലിപ്തമായ വര്‍ഗീയപ്രചാരണത്തിന്റെ ഒടുവില്‍ കര്‍സേവകര്‍ 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തത് കല്യാസിങ്ങിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സംസ്ഥാന ഭരണ സംവിധാനത്തെ നിശ്ചലമാക്കിക്കൊണ്ടാണ്. ഭരണഘടനയുടെ സംരക്ഷണത്തിന് ബാധ്യസ്ഥരായ കേന്ദ്രത്തിലെ നരസിംഹറാവു സര്‍ക്കാരിന്റെ മൌനാനുവാദത്തോടെയായിരുന്നു വിഭജനത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ വര്‍ഗീയകലാപത്തിന് വഴിമരുന്നിട്ട ഈ ഫാസിസ്റ്റ് വിധ്വംസക പ്രവര്‍ത്തനം അരങ്ങേറിയത്. ഇതിന്റെ തുടര്‍ച്ചയാണ് മോഡി തന്റെ നിയന്ത്രണത്തിലുള്ള ഭരണസംവിധാനത്തിന്റെ സഹായത്തോടെ ഗുജറാത്തില്‍ നടത്തിയ മുസ്ളിം വംശഹത്യയും.

അടിയന്തരാവസ്ഥയുടെ വിഹ്വലമായ ഓര്‍മ പുതുക്കുമ്പോള്‍ 1998ല്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ സംഘപരിവാര്‍ ശക്തികളുടെ ഇന്ത്യന്‍ ഭരണഘടനതന്നെ പൊളിച്ചെഴുതാനുള്ള പാളിപ്പോയ ശ്രമത്തെ കാണാതിരുന്നുകൂടാ. ഭരണഘടനയുടെ അടിസ്ഥാന ജനാധിപത്യ, ഫെഡറല്‍, മതനിരപേക്ഷ സ്വഭാവത്തെ മാറ്റിമറിച്ച് രാജ്യത്ത് രാഷ്ട്രപതി ഭരണസംവിധാനം കൊണ്ടുവരാനുള്ള സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങളുടെ നീക്കം മുളയിലേ നുള്ളാന്‍ കഴിഞ്ഞത്, ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷശക്തികളുടെ ജാഗ്രത ഒന്നുകൊണ്ടുമാത്രമാണ്. ഒരു ഭരണഘടനാഭേദഗതി ബില്ലിലൂടെ ഇന്ത്യന്‍ പാര്‍ലമെന്റിനെകൊണ്ടുതന്നെ അതിന്റെ മരണവാറന്റ് പാസാക്കിയെടുക്കാനായിരുന്നു സംഘപരിവാറിന്റെ പരിപാടി. ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലായാലും സംഘപരിവാറിന്റെ കീഴിലായാലും ഇന്ത്യയിലെ ജനാധിപത്യവിരുദ്ധ ശക്തികള്‍ ഭരണഘടനയുടെ കാവലാളാകേണ്ട നമ്മുടെ നീതിന്യായ വ്യവസ്ഥയെ അശേഷം ഭയപ്പെടുന്നില്ലെന്നത് അടിയന്തരാവസ്ഥ ആവര്‍ത്തിക്കാനിടയുള്ള ആപത്താണെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു.

അടിയന്തരാവസ്ഥയുടെ കാലത്ത് സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ബഹുഭൂരിപക്ഷം ന്യായാധിപന്മാരും ഭരണവര്‍ഗ അനുകൂല നിലപാടുകളെടുക്കുന്നത് നമ്മള്‍ കണ്ടതാണ്. എക്സിക്യൂട്ടീവിനോട് പ്രതിബദ്ധത പുലര്‍ത്തുന്ന ജുഡീഷ്യറിയെന്ന അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സങ്കല്‍പ്പത്തിന് അനുഗുണമായിട്ടായിരുന്നു നമ്മുടെ ഉയര്‍ന്ന നീതിന്യായ വ്യവസ്ഥയുടെ പെരുമാറ്റം.

അടിയന്തരാവസ്ഥയുടെ 35-ാം വാര്‍ഷികത്തിന്റെ തലേന്ന് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ പാതവക്കിലെ പൊതുയോഗങ്ങള്‍ അടച്ച് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കാണിക്കുന്നത് നമ്മുടെ നീതിന്യായവ്യവസ്ഥ അടിയന്തരാവസ്ഥയുടെ കാലത്ത് പ്രകടിപ്പിച്ച ഭരണവര്‍ഗ പക്ഷപാതിത്വത്തില്‍നിന്ന് ഇനിയും മോചിതരായിട്ടില്ല എന്നാണ്. ഇത് ഒറ്റപ്പെട്ട വിധിന്യായമല്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കേരള ഹൈക്കോടതിയുടെ ഇടപെടലുകളും ഉത്തരവുകളും വിധിന്യായങ്ങളും മാത്രം മതി കോടതിയുടെ വര്‍ധിതമായ കര്‍മോത്സുകതയുടെ ഇരുണ്ടവശം മനസ്സിലാക്കാന്‍. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണം, അനധികൃതമായ ഭൂമി കൈയേറ്റമൊഴിപ്പിക്കല്‍ എന്നിങ്ങനെ കേരളസമൂഹത്തിലെ മര്‍മപ്രധാനമായ വശങ്ങളെ സംബന്ധിക്കുന്ന സംസ്ഥാനത്തെ ഉയര്‍ന്ന നീതിപീഠത്തിന്റെ ഇടപെടലുകളെല്ലാം ഒരു അരാഷ്ട്രീയ മധ്യവര്‍ഗ അവബോധത്തിനെ തൃപ്തിപ്പെടുത്തുംവിധമായിരുന്നു. കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളാല്‍ സ്വാധീനിക്കപ്പെടുക മാത്രമല്ല അവരെ സ്വാധീനിക്കാനുള്ള വാചാടോപങ്ങളായി ഈ ഇടപെടലുകള്‍ മാറിയിരിക്കുന്നു.

ആഗോളവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും കാലഘട്ടത്തില്‍ പാതയോരങ്ങള്‍പോലുള്ള പൊതുഇടങ്ങളുടെ മേലുള്ള പൌരന്റെ അവകാശത്തെപ്പറ്റിയുള്ള ആധുനിക അറിവിന്റെയും കേരളസമൂഹത്തിന്റെ രാഷ്ട്രീയ വികാസ ചരിത്രാവബോധത്തിന്റെയും അഭാവത്തില്‍ ഇത്തരം 'ജനപ്രിയ' നീതിന്യായ അത്യുത്സാഹം നമ്മളെ നയിക്കുന്നത് അടിയന്തരാവസ്ഥയുടെ വിലക്കുകളിലേക്കും വിലങ്ങുകളിലേക്കുമായിരിക്കുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് പ്രകോപനമെന്ന് പിന്നീട് ഇന്ദിര ഗാന്ധി അവകാശപ്പെട്ട ജയപ്രകാശ് നാരായണന്‍ അഭിസംബോധനചെയ്ത ദില്ലി റാംലീലാ മൈതാനത്തെ റാലിയില്‍ ബഹുജനപങ്കാളിത്തം കുറയ്ക്കാന്‍ അന്ന് ഭരണസംവിധാനത്തിന്റെ കൊച്ചുബുദ്ധിയില്‍ ഉദിച്ച അടവായിരുന്നു 'ബോബി' എന്ന ജനപ്രിയ സിനിമ ദൂരദര്‍ശനില്‍ വൈകിട്ട് പ്രദര്‍ശിപ്പിക്കുക എന്നത്. 35 വര്‍ഷത്തിനുശേഷം നമ്മള്‍ ഇപ്പോഴും ജീവിപ്പിക്കുന്നത് അടിയന്തരാവസ്ഥയുടെ ഒരേസമയം ഭീതിജനകവും ബുദ്ധിശൂന്യവുമായ അന്തരീക്ഷത്തിലാകാന്‍ സാധ്യമല്ല.

*
എന്‍ മാധവന്‍കുട്ടി കടപ്പാട്: ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ദിരഗാന്ധിയുടെ അഭിശപ്തമായ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ 35-ാം വാര്‍ഷികമാണ് ഇന്ന്. ഇന്ത്യയില്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലാത്ത ഒരു അപഭ്രംശമായാണ്, രണ്ടുവര്‍ഷം നീണ്ട ഒരു സര്‍വാധിപത്യ ഇടവേളയായാണ് അടിയന്തരാവസ്ഥയുടെ ജീവിച്ചിരിക്കുന്ന ഇരകള്‍പോലും ഇന്ന് കാണുന്നത്. ഇത് ഒരു അപകടകരമായ ആലസ്യമാകുമെന്നാണ് സമീപകാലചരിത്രം മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ദിര തന്റെ സര്‍വാധിപത്യം സ്ഥാപിച്ചതും നിലനിര്‍ത്തിയതും നമ്മുടെ ഭരണഘടനയുടെ ആധാരശിലകളിലൊന്നായ പൊലീസും ഉദ്യോഗസ്ഥരും സായുധസേനയും ഉള്‍പ്പെടുന്ന ഭരണസംവിധാനം ഉപയോഗിച്ചുകൊണ്ടാണ്. ഭരണഘടനയുടെതന്നെ മറ്റ് രണ്ട് ആധാരശിലകളായ പാര്‍ലമെന്റിനെയും നീതിന്യായവ്യവസ്ഥയെയും നിര്‍വീര്യമാക്കിക്കൊണ്ടാണ് ഇന്ദിര ഗാന്ധിയും അവരുടെ അനുചരവൃന്ദവും മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി പൌരസ്വാതന്ത്ര്യവും ജനാധിപത്യ അവകാശവും തൊഴില്‍നിയമങ്ങളുമെല്ലാം കാറ്റില്‍പ്പറത്തി രണ്ടാണ്ട് നാടുവാണത്.

Anonymous said...

കിടിലന്‍ പോസ്റ്റ്‌...
നിങ്ങളുടെ ഈ പോസ്റ്റ്‌ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
മലയാളത്തനിമയുള്ള ഇത്തരം പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു...
സസ്നേഹം
അനിത
JunctionKerala.com