കേരളത്തിലെ പൊതുമേഖലാ വ്യവസായങ്ങളുടെ വിജയഗാഥ, ദേശീയശ്രദ്ധ ആകര്‍ഷിക്കുകയാണ്. ആസൂത്രണ വിദഗ്ധരും ഭരണ രംഗത്തെ പ്രമുഖരും തൊഴിലാളി സംഘടനാ നേതാക്കളും കേരള അനുഭവത്തെ ഒരേ സ്വരത്തിലാണ് പ്രകീര്‍ത്തിക്കുന്നത്. ആഗോള മുതലാളിത്ത തകര്‍ച്ചയുടെയും ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ സ്വകാര്യവല്‍ക്കരണത്തിന് ബദലില്ലെന്ന ശക്തിയായ വാദം ഉയരുന്ന കാലത്തുമാണ്, കേരളം ബദല്‍ ഉയര്‍ത്തുന്നത്. നവരത്ന കമ്പനികളുടെ ഓഹരിവില്‍പ്പന പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍നിന്ന് പാടെ വ്യത്യസ്‌തമായ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നയത്തിന്റെ ഉജ്വല വിജയമാണ് കേരളത്തില്‍ കാണുന്നത്.
2001-06 കാലത്തെ യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങളുടെ ഫലമായി, പൊതുമേഖലയുടെ മരണമണി മുഴങ്ങി. ആര്‍ സി ചൌധരിയുടെ നേതൃത്വത്തില്‍ നിയോഗിക്കപ്പെട്ട എന്റര്‍പ്രൈസസ് റിഫോംസ് കമ്മിറ്റി (ഇആര്‍സി) നഷ്‌ടത്തിലായ കമ്പനികളെയെല്ലാം അടച്ചുപൂട്ടുകയോ സ്വകാര്യവല്‍ക്കരിക്കുകയോ ചെയ്യാന്‍ നിര്‍ദേശിച്ചു. 25 സ്ഥാപനമാണ് ഇആര്‍സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദയാവധത്തിന് വിധിക്കപ്പെട്ടത്.
ആസ്‌ട്രാല്‍ വാച്ചസ്, കേരള സിറാമിൿസ്, ട്രിവാന്‍ഡ്രം സ്പിന്നിങ് മില്‍, കേരള സോപ്‌സ് ആന്‍ഡ് ഓയില്‍സ്, കേരള സ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്, കേരള സ്റേറ്റ് സാലിസിലേറ്റ്സ് ആന്‍ഡ് കെമിക്കല്‍സ്, സീതാറാം ടെൿസ്‌റ്റൈല്‍സ്, ഓട്ടോകാസ്റ്, കേരള സ്റേറ്റ് ഡിറ്റര്‍ജന്റ് ആന്‍ഡ് കെമിക്കല്‍സ്, കേരള സ്റേറ്റ് ടെക്സ്റ്റൈല്‍സ് കോര്‍പറേഷന്‍, ട്രാവന്‍കൂര്‍ പ്ളൈവുഡ്‌സ്, കെല്‍ട്രോൺ കൌണ്ടേഴ്‌സ്, ടെല്‍ക്ക്, മീറ്റര്‍ കമ്പനി, കേരള ഗാര്‍മെന്റ്സ്, കേരള കൺസ്‌ട്രക്ഷന്‍ കമ്പോണന്റ്സ്, കെല്‍ട്രോൺ റെൿടിഫയേഴ്‌സ്, മെട്രോപൊളിറ്റന്‍ കമ്പനി, സ്‌കൂട്ടേഴ്‌സ് കേരള, കെല്‍ട്രോൺ കമ്പോണന്റ്സ് കോംപ്ളക്‌സ്, കെല്‍, സ്റീല്‍ കോംപ്ളക്‌സ്, ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്, ഫോറസ്റ് ഇന്‍ഡസ്‌ട്രീസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് എന്നിവയാണ് മേല്‍പറഞ്ഞപ്രകാരം കൈയൊഴിക്കാന്‍ തീരുമാനിക്കപ്പെട്ടത്. ഇതില്‍ ഭൂരിപക്ഷം സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ക്ക് കോമ്പന്‍സേഷന്‍ നല്‍കി പിരിച്ചുവിട്ടു. മൊത്തം 3193 തൊഴിലാളികളാണ് പിരിച്ചുവിടപ്പെട്ടത്. പൊതുമേഖലയുടെ ആസ്‌തികളും, വിലപിടിച്ച ഭൂസ്വത്തും, സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള തകൃതിയായ നീക്കമാണ് അക്കാലത്ത് നടന്നത്. പൊതുമേഖലയോടുള്ള ശത്രുതയ്‌ക്കു പുറമെ അഴിമതിക്കുള്ള ഉപാധിയായും ഈ നയം മാറി.
യുഡിഎഫ് സര്‍ക്കാരിന്റെ ഈ നയത്തിനെതിരെ, സംസ്ഥാനത്തെ മുഴുവന്‍ ട്രേഡ് യൂണിയനുകളും ശക്തമായ പ്രതിഷേധ സമരവുമായി രംഗത്തു വന്നു. അടച്ചുപൂട്ടാനും, സ്വകാര്യവല്‍ക്കരിക്കാനും നിര്‍ദേശിക്കപ്പെട്ട കമ്പനികളില്‍, സംരക്ഷണ സമിതികള്‍ രൂപംകൊണ്ടു. യോജിച്ച തൊഴിലാളി സമരങ്ങള്‍ കാരണം അന്നത്തെ സര്‍ക്കാര്‍ ഉദ്ദേശിച്ചപോലെ, കമ്പനികള്‍ വിറ്റുതുലയ്‌ക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, അവയെല്ലാം അടഞ്ഞുതന്നെ കിടന്നു.
2006ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലാ വ്യവസായങ്ങള്‍ സംരക്ഷിക്കുന്നതിനും, പുനരുദ്ധരിക്കുന്നതിനുമുള്ള നയം പ്രഖ്യാപിച്ചു. 2007ലെ സര്‍ക്കാരിന്റെ വ്യവസായ നയത്തില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയവയില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നവ വീണ്ടും തുറക്കാനും, പ്രവര്‍ത്തിക്കുന്നവ പുനരുദ്ധരിച്ചും, ആധുനികവല്‍ക്കരിച്ചും ശക്തിപ്പെടുത്താനും തീരുമാനിച്ചു. പൂട്ടിക്കിടന്ന കോഴിക്കോട്ടെ തിരുവണ്ണൂര്‍ കോട്ടൺമില്‍, കേരള സോപ്‌സ്, ബാലരാമപുരം സ്പിന്നിങ് മില്‍, ആലപ്പുഴയിലെ ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. വ്യവസായവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കായി വ്യക്തമായ ഒരു പ്രവര്‍ത്തന പരിപാടി തയ്യാറാക്കപ്പെട്ടു.
ഭീമമായ നഷ്ടം വരുത്തിയതും വന്‍ ബാധ്യതയില്‍പ്പെട്ടതുമായ കമ്പനികളുടെ സാമ്പത്തിക പുനഃസംഘടനയാണ് ആദ്യം കൈക്കൊണ്ട നടപടി. ധനവകുപ്പിന്റെ അകമഴിഞ്ഞ പിന്തുണകൊണ്ടാണ് ഇത് സാധ്യമായത്. ബജറ്റ് വഴിയുള്ള ധനസഹായം നല്‍കിക്കൊണ്ട്, പൊതുമേഖലാ പുനരുദ്ധാരണത്തിന് ധനമന്ത്രി തോമസ് ഐസക് ഉറച്ച പിന്തുണ നല്‍കി. ഓരോ കമ്പനിയുടെയും സ്ഥിതിഗതികള്‍ വിലയിരുത്തി. റിയാബ് (റീ കൺസ്‌ട്രക്ഷന്‍ ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബ്യൂറോ) വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കി. ഓരോ കമ്പനിയുടെയും തലപ്പത്ത് അനുയോജ്യരായ പ്രൊഫഷണലുകളെ നിയമിച്ചു. വ്യവസായമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രതിമാസ അവലോകന പരിപാടി സംഘടിപ്പിച്ചു. സര്‍ക്കാരിന്റെ മറ്റു വകുപ്പുകളുമായി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് കരാറുകളുണ്ടാക്കി. വൈദ്യുതി, ആരോഗ്യം, ജലവിഭവം എന്നീ വകുപ്പുകള്‍ ഈ കാര്യത്തില്‍ ആത്മാര്‍ഥമായി സഹകരിച്ചു.
സമാനസ്വഭാവമുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിക്കാനുള്ള ശ്രമം വന്‍വിജയം കണ്ടു. എ കെ ജി പഠന ഗവേഷണകേന്ദ്രം 2005ല്‍ സംഘടിപ്പിച്ച കേരള പഠന കോണ്‍ഗ്രസിലെ സുപ്രധാന നിര്‍ദേശങ്ങളിലൊന്നായിരുന്നു ഇത്. പൊതുമേഖലാ വ്യവസായങ്ങള്‍ പ്രതിസന്ധിയിലായാല്‍ അടച്ചുപൂട്ടുകയോ സ്വകാര്യവല്‍ക്കരിക്കുകയോ ചെയ്യുക എന്നതായിരുന്നു പരിഹാരനിര്‍ദേശങ്ങളായി മുമ്പ് നിര്‍ണയിക്കപ്പെട്ടിരുന്നത്. അതല്ലാത്ത ഒരു പോംവഴിയാണ് ഈ സര്‍ക്കാര്‍ കണ്ടെത്തിയത്. കേന്ദ്ര പൊതുമേഖലയുടെ സഹകരണത്തോടെ പുനരുദ്ധാരണം എന്ന ആശയം ഇങ്ങനെയാണ് രൂപംകൊണ്ടത്. ടെല്‍ക്ക് - എന്‍ടിപിസി, സ്റീല്‍ കോംപ്ളൿസ്- സെയിൽ, കെൽ- ബിഎച്ച്എല്‍ഇഎല്‍, ഓട്ടോകാസ്റ്-റെയില്‍വേ എന്നീ സംരംഭങ്ങള്‍ രൂപംകൊണ്ടത് ഇങ്ങനെയാണ്. റെയില്‍വേയുടെ ഭാഗത്തുനിന്ന് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിട്ടു. മറ്റുള്ളവ പൂര്‍ത്തിയായിവരുന്നു. അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട സ്ഥാപനങ്ങളാണ് ഇതുമൂലം രക്ഷപ്പെട്ടത്. തിരുവനന്തപുരത്തെ ഹൈടെക് ഇന്‍ഡസ്‌ട്രീസ് ബ്രഹ്മോസ് ഏറ്റെടുത്തതും ഇതിന്റെ ഭാഗമായാണ്. ഇടതുപാര്‍ടികള്‍ യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്ന കാലത്താണ് ഈ പദ്ധതികളെല്ലാം പ്രാവര്‍ത്തികമായത്.
ഇതിനു പുറമെ എച്ച്എഎല്‍ (കാസര്‍കോട്), ബിഇഎംഎല്‍ (കഞ്ചിക്കോട്), ബിഇഎല്‍ (കളമശ്ശേരി) എന്നീ കേന്ദ്ര പൊതുമേഖലാ കമ്പനികളുടെ യൂണിറ്റുകള്‍ സംസ്ഥാനത്ത് കൊണ്ടുവരാനും സാധിച്ചു. ഇതില്‍ ബിഇഎംഎല്‍ (കഞ്ചിക്കോട്) യൂണിറ്റ്, ഒന്നാം ഘട്ടം നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനംചെയ്യപ്പെട്ടു. മറ്റുള്ളവയുടെ നിര്‍മാണം നടന്നുവരുന്നു. കോട്ടയത്തെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി സ്ഥാപിച്ചശേഷം ഈ സര്‍ക്കാരിന്റെ കാലത്താണ് ഇത്രയും കേന്ദ്ര പൊതുമേഖലാ കമ്പനികള്‍ കേരളത്തില്‍ വന്നത്.
ഈ സര്‍ക്കാരിന്റെ ആദ്യവര്‍ഷംതന്നെ പൊതുമേഖലാ വ്യവസായങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടാന്‍ തുടങ്ങി. പട്ടിക നോക്കിയാല്‍ കഴിഞ്ഞ നാലു വര്‍ഷത്തെ പുരോഗതി വ്യക്തമാവും. വിറ്റുവരവിലും ലാഭത്തിലും പടിപടിയായ വര്‍ധനയുണ്ടായത് സര്‍ക്കാരിന്റെ ശ്രദ്ധാപൂര്‍വമായ ഇടപെടല്‍മൂലമാണ്. കമ്പോളത്തിലെ കടുത്ത മത്സരകാലത്തും പൊതുമേഖലയ്ക്ക് പിടിച്ചുനില്‍ക്കാനാകുമെന്ന് ഇത് തെളിയിച്ചു. പൊതുമേഖലയ്ക്ക് എതിരായി വന്‍ പ്രചാരണം നടത്തിയവരുടെ കണ്ണുതുറപ്പിക്കുന്നതാണ് ഇതെല്ലാം.
പൊതുമേഖലാ വ്യവസായങ്ങള്‍ ഈ നേട്ടങ്ങള്‍ ഉണ്ടാക്കിയത് ഭൂമി വില്‍പ്പനയിലൂടെയോ, ഓഹരി വില്‍പ്പനയിലൂടെയോ അല്ല. ഒരുവിധ ഊഹക്കച്ചവടത്തിലും ഏര്‍പ്പെട്ടുമല്ല. തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മറിച്ച് ആറായിരത്തോളം തൊഴിലാളികളെ പുതുതായി നിയമിക്കുകയുണ്ടായി. എല്ലാ കമ്പനികളിലും ശമ്പള പരിഷ്കരണവും മെച്ചപ്പെട്ട ആനുകൂല്യങ്ങളും നല്‍കി. കഴിഞ്ഞ മൂന്നു വര്‍ഷത്തിലും അറ്റാദായമുണ്ടാക്കിയ കമ്പനികള്‍ സര്‍ക്കാരിന് ഡിവിഡന്റും നല്‍കി. പൊതുമേഖലാ കമ്പനികള്‍ കൈവരിച്ച ഈ നേട്ടങ്ങളെ എല്ലാ ട്രേഡ് യൂണിയനുകളും ശ്ളാഘിക്കുകയുണ്ടായി. തൊഴിലാളികളെയും അവരുടെ സംഘടനകളെയും വിശ്വാസത്തിലെടുത്തുകൊണ്ടാണ് ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത്. ഉല്‍പ്പാദനക്ഷമത കൈവരിക്കാനും ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും തൊഴിലാളികള്‍ സഹകരിക്കുന്നു. സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കായി സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ക്ക് നല്ല പിന്തുണയാണ് തൊഴിലാളികളും ജീവനക്കാരും നല്‍കുന്നത്. പൊതുമേഖലയില്‍ മുമ്പു കേട്ടിരുന്ന അഴിമതിക്കഥകള്‍ ഇല്ലാതായി. സുതാര്യവും കാര്യക്ഷമതയും എല്ലാ കമ്പനികളുടെയും മുഖമുദ്രയായി മാറി.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചാം വര്‍ഷത്തില്‍ പൊതുമേഖല പുതിയ ചരിത്രം കുറിക്കുകയാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനുശേഷം എട്ടു പുതിയ പൊതുമേഖലാ സ്ഥാപനങ്ങൾക്കായി മുതല്‍ മുടക്കുകയാണ്. ഇവയെല്ലാം 2010 ഡിസംബറില്‍ ഉല്‍പ്പാദനം ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. താഴെ പറയുന്നവയാണ് ഈ എട്ട് സ്ഥാപനങ്ങൾ:
1. കോമളപുരം ഹൈടെക് സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍
2. ഹൈടെക് ടെക്സ്റൈല്‍ മില്‍, കണ്ണൂര്‍
3. ഹൈടെക് ടെക്സ്റൈല്‍ മില്‍, കാസര്‍കോട്
4. ട്രാക്കോ കേബിള്‍ യൂണിറ്റ്, കണ്ണൂര്‍
5. സിഡ്‌കോ ടൂള്‍ റൂം, കോഴിക്കോട്
6. കെല്‍ട്രോൺ ടൂള്‍ റൂം, കുറ്റിപ്പുറം
7. എസ്ഐഎഫ്എല്‍ ഫോര്‍ജിങ് യൂണിറ്റ്, ഷൊര്‍ണൂര്‍
8. യുഇഐ മീറ്റര്‍ നിര്‍മാണ യൂണിറ്റ്, പാലക്കാട്.
ഇതിനുപുറമെ തിരുവണ്ണൂര്‍ കോട്ടൺ മില്ലിന്റെ വികസനം 15 കോടി രൂപ, കേരള സോപ്‌സ് വികസനം 5 കോടി രൂപ, ട്രിവാന്‍ഡ്രം സ്പിന്നിങ് മില്‍ വികസനം 5 കോടി രൂപ, കെഎംഎംഎല്‍ വികസനം 100 കോടി രൂപ, മലബാര്‍ സിമന്റ്സ് വികസനം 85 കോടി രൂപ എന്നിവ ഈ വര്‍ഷം മുടക്കുന്നു. കേരള സ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ്, ടിസിസിയുമായി ചേര്‍ന്ന് 47 കോടി രൂപ മുതല്‍മുടക്കി കളമശ്ശേരിയില്‍ കണ്ടൈനൈര്‍ ഫ്രൈറ്റ് സ്റേഷനും ബാംബൂ കോര്‍പറേഷന്‍ 12 കോടി രൂപ മുതല്‍ മുടക്കി കോഴിക്കോട് ചെറുവണ്ണൂരില്‍ ബാംബൂ ഫ്ളോറിങ് ടൈല്‍ ഫാക്ടറിയും സ്ഥാപിക്കുന്നു. ഇതു കൂടാതെ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലും ഈ വര്‍ഷം വമ്പിച്ച തോതിലുള്ള മൂലധന നിക്ഷേപത്തിനാണ് സര്‍ക്കാര്‍ തയ്യറെടുക്കുന്നത്. ഇതെല്ലാം ചേര്‍ന്നാല്‍ 2010ല്‍ 540 കോടി രൂപയുടെ പുതിയ മൂലധന നിക്ഷേപം പൊതുമേഖലയില്‍ വരികയാണ്. ഇത് ഇന്ത്യയില്‍ വേറിട്ട ഒരനുഭവമാണ്.
പൊതുമേഖലയിലുണ്ടായ മാറ്റങ്ങള്‍ ഉറപ്പിക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. സമാനസ്വഭാവമുള്ള കമ്പനികള്‍ ഒന്നിപ്പിക്കുക എന്നതാണ് പരിഗണനയിലുള്ള ഒരു പ്രധാന കാര്യം. ഇതിന്റെ ഭാഗമായി കെല്‍ട്രോണിന്റെ കണ്ണൂരിലുള്ള നാലു യൂണിറ്റുകൾ ഒന്നിപ്പിക്കല്‍ പൂര്‍ത്തിയായി. മറ്റ് ചില കമ്പനികളും ഈ വിധത്തില്‍ ശക്തിപ്പെടുത്തും. ആധുനികവല്‍ക്കരണവും ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണവും നടപ്പാക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്.
മാനേജ്‌മെന്റില്‍ തൊഴിലാളിപങ്കാളിത്തമെന്ന ട്രേഡ് യൂണിയനുകള്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യം നടപ്പാക്കി, കേരളം ചരിത്രം സൃഷ്ടിക്കുകയാണ്. ഓരോ കമ്പനിയുടെയും ഡയറക്ടര്‍ബോര്‍ഡില്‍ തൊഴിലാളി പ്രതിനിധികളെ ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആയതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് താമസിയാതെ ഉത്തരവിറക്കും. തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ട്രെയിനിങ്ങ് നല്‍കി അവരുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചു വരുന്നു.
ഓരോ വര്‍ഷവും ഏറ്റവും നല്ല സ്ഥാപനവും മേധാവിയും സമ്മാനത്തിന് അര്‍ഹത നേടുന്നു. ഇത് സ്ഥാപനങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരത്തിന് വഴി വെക്കുന്നു. വ്യവസായ റിപ്പോര്‍ട്ടിങ്ങില്‍ മികച്ച സംഭാവന നല്‍കുന്ന പത്രപ്രവര്‍ത്തകനേയും ആദരിക്കാറുണ്ട്. ഈ വര്‍ഷം ഒരു ദൃശ്യമാധ്യമപ്രവര്‍ത്തകനും പുരസ്കാരം നല്‍കും.
ശാപവചനങ്ങള്‍ ഏറെ കേട്ടതും പലരും എഴുതിത്തള്ളിയതുമായ സംസ്ഥാന പൊതുമേഖലാ വ്യവസായങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റ് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന അവസ്ഥയിലേക്ക് വന്നതില്‍ എനിക്ക് ചാരിതാര്‍ത്ഥ്യമുണ്ട്. എല്‍.ഡി.എഫിന്റെ നയത്തിന്റെയും വ്യവസായ വകുപ്പിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെയും അതിനെല്ലാം നേതൃത്വം നല്‍കിയ എല്‍.ഡി.എഫ് മന്ത്രിസഭയുടെയും തിളക്കമാര്‍ന്ന ഈ വിജയം ഉറപ്പിച്ചു നിര്‍ത്താന്‍ നമുക്ക് കൂട്ടായി യത്നിക്കാം.
*****
എളമരം കരീം, കടപ്പാട് : ദേശാഭിമാനി
Subscribe to:
Post Comments (Atom)
1 comment:
കേരളത്തിലെ പൊതുമേഖലാ വ്യവസായങ്ങളുടെ വിജയഗാഥ, ദേശീയശ്രദ്ധ ആകര്‍ഷിക്കുകയാണ്. ആസൂത്രണ വിദഗ്ധരും ഭരണ രംഗത്തെ പ്രമുഖരും തൊഴിലാളി സംഘടനാ നേതാക്കളും കേരള അനുഭവത്തെ ഒരേ സ്വരത്തിലാണ് പ്രകീര്‍ത്തിക്കുന്നത്. ആഗോള മുതലാളിത്ത തകര്‍ച്ചയുടെയും ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ സ്വകാര്യവല്‍ക്കരണത്തിന് ബദലില്ലെന്ന ശക്തിയായ വാദം ഉയരുന്ന കാലത്തുമാണ്, കേരളം ബദല്‍ ഉയര്‍ത്തുന്നത്. നവരത്ന കമ്പനികളുടെ ഓഹരിവില്‍പ്പന പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍നിന്ന് പാടെ വ്യത്യസ്‌തമായ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നയത്തിന്റെ ഉജ്വല വിജയമാണ് കേരളത്തില്‍ കാണുന്നത്.
Post a Comment