Thursday, June 24, 2010

ഗുജറാത്ത് നരഹത്യ എട്ട് വര്‍ഷം പിന്നിടുമ്പോള്‍

സാമൂഹിക പ്രവര്‍ത്തനത്തിലും എഴുത്തിലും മുഴുകുന്നതിനായി ഐ എ എസ് ഉപേക്ഷിച്ച ഹര്‍ഷ് മന്ദര്‍ അറിയപ്പെടുന്ന ചിന്തകനാണ്. ഗുജറാത്ത് കലാപത്തിന് ശേഷം എട്ടുവര്‍ഷം പിന്നിടുന്ന വേളയിൽ ഹംറാ ഖുറേഷി ഗുജറാത്ത് നരഹത്യയുടെ ഉള്ളറകളിലേക്ക് ഹര്‍ഷ് മന്ദറിന്റെ അഭിപ്രായം തേടുന്നു.

ഗുജറാത്തിലെ കലാപബാധിത മേഖലകളിൽ നിലനിൽക്കുന്ന ഭയത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷത്തിന് എങ്ങനെ അയവുണ്ടാവുമെന്നാണ് താങ്കള്‍ കരുതുന്നത് ?

കലാപബാധിതര്‍ക്ക് നീതിലഭിക്കാതെ അവിടെ നിലനിൽക്കുന്ന ഭയത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷം ഒഴിവാകുകയില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രാഷ്‌ട്രീയ നേതൃത്വവും സിവിൽ ഭരണകൂടവും പിന്തുടരുന്ന വിദ്വേഷമുണര്‍ത്തുന്ന കൂട്ട ആക്രമണങ്ങള്‍ക്ക് പ്രചോദനം പകരുന്ന നയങ്ങള്‍ക്ക് അടിമുടി മാറ്റം വരുത്തേണ്ടതുണ്ട്. ഒപ്പംതന്ന ഭൂരിപക്ഷ സമുദായാംഗങ്ങള്‍ ഒരു പരിധിവരെയെങ്കിലും തങ്ങളുടെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് കൊണ്ട് കലാപത്തിലെ ഇരകളുടെ വിശ്വാസം ആര്‍ജ്ജിക്കേണ്ടതുണ്ട്. അവരോടൊപ്പം നിന്നുകൊണ്ട് മാത്രമേ അവരുടെ വിശ്വാസം ആര്‍ജ്ജിക്കാനും മുറിവുണക്കാനും കഴിയുകയുള്ളൂ.

2009-ൽ പുറത്തിറങ്ങിയ താങ്കളുടെ ഏറ്റവും പുതിയ പുസ്തകം "ഭയവും പൊറുക്കലും-ഗുജറാത്ത് കലാപത്തിനുശേഷം'' അനുരഞ്ജനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉച്ചത്തിൽ സംസാരിക്കുന്നു. പ്രായോഗിക തലത്തിൽ ഇത് സാധ്യമാണോ?

ഭയാശങ്കയുടെ നിഴലിൽ കീഴടങ്ങലിന്റേതായ ഒരു അന്തരീക്ഷം നിലനിൽക്കുമ്പോള്‍ കലാപത്തിലെ ഇരകള്‍ എല്ലാം മറക്കുന്ന ഒരു സാഹചര്യം ഉയര്‍ന്നുവരാന്‍ പ്രയാസമാണ്. ഇരകള്‍ക്ക് നീതി നൽകിക്കൊണ്ട് മാത്രമെ ഈ പ്രത്യേക അവസ്ഥാ വിശേഷത്തിന് മാറ്റം വരുത്താന്‍ കഴിയൂ. അല്ലാതെയുള്ള ഏതുതരം ഒത്തുതീര്‍പ്പും ശാശ്വതമായിരിക്കില്ലെന്ന് ഞാന്‍ കരുതുന്നു. സമൂഹത്തിലെ ഒരു ന്യൂനപക്ഷവിഭാഗം കിരാതമായി ആക്രമിക്കപ്പെട്ടു എന്നതും അവര്‍ക്ക് നീതി ലഭ്യമായില്ല എന്ന യഥാര്‍ത്ഥ്യവും ഭൂരിപക്ഷസമൂഹം ഉള്‍ക്കൊള്ളുക കൂടി ചെയ്‌താലേ ശാശ്വതമായ ഒരു സാമുദായിക ഐക്യത്തിന്റെ സാഹചര്യം ഉരുത്തിരിയുകയുള്ളൂ. കലാപ ബാധിതരോട് ആത്മാര്‍ത്ഥതയോടെ സഹാനുഭൂതി കാട്ടേണ്ട ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നാൽ ഒരു കാലത്തും ശാശ്വത സമാധാനം നിലവിൽ വരരുതെന്നുള്ള വ്യക്തമായ ധാരണയോടെയാണ് ഗുജറാത്തിലെ ഭരണ-രാഷ്‌ട്രീയ നേതൃത്വവും മതസംഘടനകളും പ്രവര്‍ത്തിക്കുന്നത്. അവരുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം സമുദായങ്ങള്‍ക്കിടയിലെ അകൽച്ച വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമെ ഉതകുകയുള്ളൂ. എന്നാൽ നൂറ്റാണ്ടുകളുടെ സാംസ്‌ക്കാരിക പൈതൃകം പേറുന്ന ഇന്ത്യന്‍ ജനത സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും മാര്‍ഗ്ഗത്തിലൂടെ സമുദായഐക്യം നിലനിര്‍ത്തുമെന്നുതന്നയാണ് എന്റെ ഉറച്ചവിശ്വാസം.

ഒരു ഐ എ എസ് ഉദ്യോഗസ്ഥനെന്നനിലയിൽ ചെറുതും വലുതുമായ നിരവധി സാമുദായിക കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതായും എന്നാൽ 2002 ലെ ഗുജറാത്ത് നരഹത്യ അതിഭീകരമായിരുന്നെന്നും താങ്കളുടെ പുതിയ പുസ്‌തകത്തിൽ പ്രതിപാദിക്കുന്നുണ്ടല്ലോ. അതിനെക്കുറിച്ചെന്താണ് അഭിപ്രായം?

1984 ൽ ഡെൽഹിയിൽ നടന്ന കൂട്ടക്കുരുതിക്കും 2002 ൽ ഗുജറാത്തിൽ നടന്ന നരഹത്യയ്‌ക്കും ചരിത്രപരമായി ഒട്ടനവധി സമാനതകളുണ്ട്. മേൽപ്പറഞ്ഞ രണ്ട് കലാപങ്ങളും ഇരു മതവിഭാഗങ്ങള്‍ തമ്മിൽ പൊടുന്നനെയുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ടതല്ല. ഇവ രണ്ടും തന്നെ പൊതുഭരണ സംവിധാനത്തിന്റെ വക്താക്കള്‍ തന്ത്രപരമായി ഭരണ- രാഷ്‌ട്രീയ നേതൃത്വത്തിന്റെ ഒത്താശയോടെ ആസൂത്രണം ചെയ്‌തവയാണ്. രണ്ട് കലാപവേളയിലും നിയമസമാധാനം നിലനിര്‍ത്തേണ്ട ഉദ്യോഗസ്ഥരും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഒരേതരത്തിൽ ആക്രമണോത്സുകതയോടെയാണ് പ്രതികരിച്ചത്. അക്രമാസക്തരായ ജനകൂട്ടത്തിന് ന്യൂനപക്ഷ സമുദായംഗങ്ങളുടെ സ്വത്തും മുതലും കൊള്ളയടിക്കുന്നതിനും അവരെ കൂട്ടത്തോടെ, പലപ്പോഴും ജീവനോടെതന്ന കുഴിച്ചുമൂടുന്നതിനും ഈ ഉദ്യോഗസ്ഥര്‍ പ്രേരണ നൽ‌കി. 1984 ലെ കലാപത്തിൽ ഡൽഹി തെരുവീഥികളിൽ സിക്കുകാരാണ് അക്രമത്തിനിരയായതെങ്കിൽ 2002 ൽ ഗുജറാത്തിൽ മുസ്ളീം സമുദായാംഗങ്ങളാണ് വംശീയ ക്രൂരതയ്‌ക്ക് ഇരയായത്. രണ്ട് സന്ദര്‍ഭങ്ങളിലും ഭരണപക്ഷ രാഷ്‌ട്രീയ നേതൃത്വവും മതസംഘടനകളും സമുദായസ്‌പര്‍ധവളര്‍ത്തുന്നതിലും, ആയുധസംഭരണത്തിനും, ആളും, അര്‍ത്ഥവും വിതരണം നടത്തുന്നതിനും മുന്‍നിരയിൽ നിന്ന് തന്നെ പ്രവര്‍ത്തിച്ചു. പലപ്പോഴും എതിര്‍പക്ഷത്തെ കൃത്യമായി ലക്ഷ്യം വയ്ക്കുന്നതിന് സര്‍ക്കാര്‍ പുറത്തിറക്കുന്ന വോട്ടര്‍ പട്ടിക തന്നെ അവലംബമാക്കി എന്ന സത്യം കലാപം ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയവരുടെ പൈശാചികത വ്യക്തമാക്കുന്നു.

1984 ലെ ഡൽഹി കലാപം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെടുകയും തുടങ്ങിയതിനുശേഷം ഭരണകൂടത്തിന്റെ ഒത്താശയോടെ പരമാവധി മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിൽ ആസൂത്രണം നടത്തിയതുമാണ്. എന്നാൽ ഇപ്പോള്‍ ലഭ്യമായ വ്യക്തമായ സൂചനകള്‍ നൽകുന്നത് 2002 ലെ ഗുജറാത്ത് കലാപം മാസങ്ങള്‍ക്ക് മുമ്പുതന്നെ തൽപരകക്ഷികള്‍ ആസൂത്രണം ചെയ്‌തതാണെന്നാണ്. ഗോദ്ര ട്രെയിന്‍ തീപിടുത്തം അതിനൊരു തുടക്കം കുറിച്ചു എന്നുമാത്രം. ഗുജറാത്ത് കലാപവേളയിൽ സ്‌ത്രീകളെയും കുട്ടികളെയും ഉന്നംവെച്ച് കിരാതമായ രീതിയിൽ അവരെ കൊന്നാടുക്കിയപ്പോള്‍ ഡൽഹി കലാപകാരികള്‍ ഉന്നംവച്ചത് പ്രധാനമായും പുരുഷന്‍മാരെയും യുവാക്കളെയുമാണ്. രണ്ട് കലാപങ്ങളെയും വലിയ രീതിയിൽ വ്യത്യസ്തമാക്കുന്നത് 2002 ലെ ഗുജറാത്ത് കലാപത്തിനുശേഷം അതിലെ ഇരകളെ സാമ്പത്തികമായും സാമൂഹികമായും ബഹിഷ്ക്കരിക്കുന്ന ഒരുപ്രവണതയാണ്. അതിപ്പോഴും തുടര്‍ന്നുകൊണ്ടുമിരിക്കുന്നു.

ഡൽഹിയിലും ഗുജറാത്തിലും നടന്ന ഈ രണ്ടു കൂട്ടനരഹത്യകളും രാഷ്‌ട്രീയ നേതൃത്വവും മതനേതൃത്വവും ഏറെക്കുറെ ന്യായീകരിച്ചു എന്നു പറയാം. രണ്ട് കലാപങ്ങളിലും അക്രമം വ്യക്തികള്‍ക്ക് നേരെ ആയിരുന്നില്ല, മറിച്ച് അവർ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന് നേരെയായിരുന്നു. ജനങ്ങള്‍ക്കിടയിൽ വെറുപ്പും വിദ്വേഷവും ആളിക്കത്തിക്കുന്നതിൽ മത-രാഷ്‌ട്രീയ നേതൃത്വം തക്കതായ പങ്ക് വഹിക്കുകയും തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പുകളിൽ ഭരണപക്ഷ രാഷ്‌ട്രീയപാര്‍ട്ടികള്‍ ഇതിൽനിന്ന് നേട്ടം കൊയ്യുകയും ചെയ്‌തു.

രണ്ട് കലാപവേളയിലും കണ്ട മറ്റൊരു പ്രത്യേകത ഭരണനേതൃത്വത്തിലിരുന്ന് കലാപത്തിനും നരഹത്യക്കും ഒത്താശചെയ്‌തവരും നേതൃത്വം നൽകിയവരും തക്കതായരീതിയിൽ ശിക്ഷിക്കപ്പെട്ടില്ല എന്നതാണ്. ഇക്കാര്യത്തിൽ സിവിൽ ഭരണകൂടവും, പോലീസും, നീതിന്യായ വ്യവസ്ഥയും അങ്ങേയറ്റത്തെ നിസ്സംഗതയാണ് പുലര്‍ത്തിയത്. 1984 ലെ ഡൽഹി കലാപത്തെ അപേക്ഷിച്ച് 2002 ലെ ഗുജറാത്ത് കലാപത്തിനുശേഷം ഇരകളുടെ പക്ഷത്തുനിന്നുകൊണ്ട് നീതിക്കായി മുറവിളികൂട്ടാന്‍ നിരവധി മനുഷ്യാവകാശസംഘടനകള്‍ രംഗത്തുവന്നിരുന്നു. ദേശീയ മനുഷ്യാവകാശകമ്മീഷനും സുപ്രീംകോടതിയും ഇക്കാര്യത്തിൽ കാര്യമായ ഇടപെടൽ നടത്തി. എന്നാൽ ഡൽഹി കലാപകാലത്ത് ദേശീയ മനുഷ്യവകാശകമ്മീഷന്‍ തന്നെ രൂപീകൃതമായിരുന്നില്ല. ഗുജറാത്ത് കലാപത്തിലെ എഴുതിതള്ളപ്പെട്ട പലകേസുകളും ഇന്ന് സുപ്രീംകോടതി ഇടപെട്ടതിനെതുടര്‍ന്ന് പുനരന്വേഷണത്തിന്റെ പാതയിലാണ്. നീതിപീഠത്തിന്റെ ശക്തമായ ഇടപെടൽ കൊണ്ട് കുറെ ആക്രമണകാരികളെയെങ്കിലും ജയിലിലടയ്ക്കാന്‍ കഴിഞ്ഞത് ആശ്വാസത്തിന് വകനൽ‌കുന്നു.

വര്‍ഗ്ഗീയവികാരം ഇനിയും പടര്‍ന്ന് മുന്നേറുമെന്നാണോ അങ്ങു കരുതുന്നത് ?

നമ്മള്‍ ജീവിക്കുന്നത് പ്രശ്‌നകലുഷിതമായ ഒരു കാലഘട്ടത്തിലാണ്. തൊണ്ണൂറുകളിൽ രാജ്യത്ത് നിലനിന്നിരുന്ന വിദ്വേഷത്തിന്റെയും വിഭാഗീയതയുടേയുമായ ഒരു രാഷ്‌ട്രീയ അന്തരീക്ഷത്തിൽ ഭീകരതയ്ക്കെതിരെയുള്ള യുദ്ധമെന്ന പേരിൽ ആരംഭിച്ച ന്യൂനപക്ഷവിരുദ്ധനീക്കം പൊതുസമൂഹത്തിലെമ്പാടും അസ്വസ്ഥത പടര്‍ത്തിയിരുന്നു. എന്നാൽ 2004-2009 ലെ തെരഞ്ഞെടുപ്പുഫലങ്ങള്‍ കാണിക്കുന്നത് പൊതുസമൂഹം സാമുദായിക സംഘര്‍ഷമെന്ന വിപത്തിനെ തിരിച്ചറിഞ്ഞതായാണ്. ഭൂരിപക്ഷം ഇന്ത്യക്കാരും ഒരു വര്‍ഗ്ഗീയവിരുദ്ധ നിലപാടെടുത്തുകൊണ്ട് പൊതുജീവിതത്തിൽ മാന്യതയ്‌ക്കും, മതേതരത്വത്തിനും വികസനത്തിനും ഊന്നൽ നൽകുന്ന സമീപനമാണ് തെരഞ്ഞെടുപ്പിലൂടെ വെളിപ്പെട്ടത്. ഈ സമീപനം അത്യന്തം ആശാവഹമാണ്.

ഗുജറാത്ത് കലാപബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിൽ ദേശീയ ന്യൂനപക്ഷകമ്മീഷനും ന്യൂനപക്ഷകാര്യമന്ത്രാലയവും വേണ്ടത്ര ജാഗ്രതകാട്ടിയെന്ന് അങ്ങ് കരുതുന്നുണ്ടാ?

2004 ൽ അധികാരത്തിൽ വന്ന യു പി എ സര്‍ക്കാര്‍ ഇക്കാര്യത്തിൽ വേണ്ട നടപടികള്‍ സ്വീകരിച്ചതായി ഞാന്‍ കരുതുന്നില്ല. എന്നാൽ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന 2009 ലെ യു പി എ സര്‍ക്കാര്‍ ഇക്കാര്യത്തിൽ കുറച്ചുകൂടി ജാഗ്രത കാട്ടുന്നുണ്ട്.

താങ്കളുടെ പുസ്‌തകത്തിൽ വിശദമായി പ്രതിപാദിക്കുന്ന ഒന്നാണ് ഗുജറാത്തിൽ 2002 നുശേഷം നിലനിൽക്കുന്ന അനീതിയുടേതായ അന്തരീക്ഷം. ഇത് വിശദമാക്കാമോ?

പുറത്തുനിന്ന് നോക്കുമ്പോള്‍ ഗുജറാത്ത് ശാന്തമാണ്. എന്നാൽ യാഥാര്‍ത്ഥ്യം വേദനാജനകമാംവിധം വ്യത്യസ്‌തമാണ്. അക്രമങ്ങള്‍ തീരെയില്ലാ എന്നുതന്നപറയാം. എന്നാൽ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ ഭീതിയുടെ നിഴലിലാണ് ജീവിതം തള്ളിനീക്കുന്നത്. അക്രമത്തെ തുടര്‍ന്ന് 2002 ൽ വീടും സ്വത്തുമുപേക്ഷിച്ച് പോയവര്‍ക്ക് ഇന്നും ക്യാമ്പുകളിൽ നിന്നും സ്വന്തം വീടുകളിലേക്ക് തിരികെ വരാനാകാത്ത സാഹചര്യം നിലനിൽക്കുന്നു. ന്യൂനപക്ഷസമുദായത്തിൽപ്പെട്ടവരെ രണ്ടാംതരം പൌരന്‍മാരായി പരിഗണിക്കുന്ന സാഹചര്യവും ഇന്നുമിവിടെയുണ്ട്.

ഒരു മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനെന്നനിലയിൽ ഗുജറാത്ത് നരഹത്യയുടെ കാലത്ത് ഐ എ എസ്, ഐ പി എസ് പോലയുള്ള കേന്ദ്രസര്‍വ്വീസുകള്‍ ഏതുതരത്തിൽ പ്രവര്‍ത്തിച്ചു എന്നുവ്യക്തമാക്കാമോ?

സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ പിന്തുണയില്ലാതെ ഒരു കലാപവും മണിക്കൂറുകള്‍ക്കപ്പുറം നീളാന്‍ സാധ്യതയില്ല എന്ന കാര്യത്തിൽ ഉറച്ച് വിശ്വസിക്കുന്നവനാണ് ഞാന്‍. അക്രമം അടിച്ചമര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിൽ അതിനെ ഒരു പരാജയമായി കണ്ട് തള്ളിക്കളയാന്‍ കഴിയില്ല. മറിച്ച് നിരപാധികളെ കൂട്ടമരണത്തിലേക്ക് തള്ളിവിടുന്ന മനപ്പൂര്‍വമായ ഒരു നടപടിയായി മാത്രമെ ഇതിനെകാണാന്‍ കഴിയൂ. ഭൂരിപക്ഷം മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇത്തരം കുറ്റകരമായ അനാസ്ഥ കാട്ടിയപ്പോള്‍ രാഹുൽ ശര്‍മ്മയെപ്പോലുള്ള ഐ പി എസ് ഉദ്യോഗസ്ഥര്‍ അവരുടെ മേഖലയിൽ കലാപം അടിച്ചമര്‍ത്തുന്നതിൽ ധീരമായ നിലപാടെടുത്തു. നീരജ ഗോര്‍ജുവിനെ പോലുള്ള ഉദ്യോഗസ്ഥര്‍ പഞ്ചമഹൽ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ കൂട്ടക്കുരുതിക്കളങ്ങള്‍ പുറത്ത് കൊണ്ടുവന്ന് ശക്തമായ തെളിവുകള്‍ ഭരണകൂടത്തിന് മുന്നിൽ നിരത്തി. എന്നാൽ ഭൂരിപക്ഷം ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരും ഗുജറാത്ത് നരഹത്യയ്‌ക്ക് കൂട്ടുനിൽക്കുകയായിരുന്നു.

പോലീസും രാഷ്‌ട്രീയനേതൃത്വവും സമുദായപ്രമാണിമാരുമടങ്ങുന്നവരുടെ അവിശുദ്ധകൂട്ടുകെട്ട് താങ്കള്‍ സംശയിക്കുന്നുണ്ടാ?

സ്വതന്ത്ര ഇന്ത്യ രൂപം കൊണ്ടപ്പോള്‍ നെഹ്റുവും പട്ടേലും കരുതിയത് പോലീസും സിവിൽഭരണകൂടവും ഒത്തുനിന്നുകൊണ്ട് ജനതയുടെ മൌലികാവകാശങ്ങള്‍ സംരക്ഷിക്കുമെന്നായിരുന്നു. എന്നാൽ കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയിൽ
ഡൽഹിയിലും, മുംബൈയിലും, ഭഗൽപ്പൂരിലും ഗുജറാത്തിലുമൊക്കെ നടന്ന കലാപങ്ങളിൽ പോലീസും സിവിൽ ഭരണകൂടവും രാഷ്‌ട്രീയനേതൃത്വവുമായി പക്ഷം ചേര്‍ന്നുകൊണ്ട് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നീങ്ങുന്ന കാഴ്ചയാണ് നാം കണ്ടത്.

താങ്കള്‍ എന്തുകൊണ്ടാണ് ഐ എ എസ് ഉപേക്ഷിച്ചത് ?

നമ്മുടെ ഭരണഘടന ഒരു ഇന്ത്യന്‍ പൌരന് വാഗ്ദാനം ചെയ്‌തിരിക്കുന്ന ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം പാലിക്കപ്പെടാതെ പോകുന്ന ഒരു രാഷ്‌ട്രീയ സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ ഭരണം നൽകുന്ന വാഗ്ദാനങ്ങളെക്കാള്‍ മൂല്യമുള്ള ഒന്നുംതന്നെ ഞാന്‍ ഐ എ എസ്സിൽ കാണുന്നില്ല. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്‌ട്രീയത്തെ അതേ നാണയംകൊണ്ട് ഇല്ലാതാക്കാന്‍ കഴിയില്ല. മറിച്ച് സ്‌നേഹത്തിലൂടെയും പരസ്‌പരവിശ്വാസത്തിലൂടെയും മാത്രമെ അത് സാധിക്കുകയുള്ളൂ. ഒരു ഉന്നത ഉദ്യോഗസ്ഥനെന്ന നിലയിൽ ഈ നയം നടപ്പിലാക്കാന്‍ എനിക്ക് ഏറെ പരിമിതികളുണ്ട്. ആ പരിമിതികളെ മറികടക്കാനാണ് ഐ എ എസ് വിട്ട് ശേഷിക്കുന്ന ചെറിയ ജീവിതം ജനനന്മയ്‌ക്കായി പ്രവര്‍ത്തിക്കുന്നതിന് മാറ്റിവയ്‌ക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ എട്ട് വര്‍ഷമായി അങ്ങ് ഗുജറാത്തിലെ കലാപബാധിതര്‍ക്കിടയിൽ പ്രവര്‍ത്തിക്കുന്നു. എന്താണ് അങ്ങേയ്‌ക്ക് ഇതിനായുള്ള പ്രചോദനം. എന്തൊക്കെയാണ് തടസ്സങ്ങള്‍?

ഗുജറാത്തിലെ പൊതുസമൂഹം ഭീതിദമായ നിലയിൽ വര്‍ഗ്ഗീയ നിറമണിഞ്ഞിട്ടുണ്ടങ്കിലും നീതിക്കും ന്യായത്തിനും വേണ്ടി മനുഷ്യത്വപരമായ സമീപനം കൈക്കൊള്ളുന്ന ഒരുകൂട്ടം നല്ല ആളുകള്‍ ഗുജറാത്തിലുണ്ട്. കൂടാതെ അങ്ങേയറ്റം സമാധാനത്തോടെയും സഹവര്‍ത്തിത്വത്തോടും ജീവിക്കാനാഗ്രഹിക്കുന്ന സാധാരണക്കാരായ ഹിന്ദുവും മുസൽമാനും ഗുജറാത്തിലുണ്ട്. അവരാണ് എന്റെ പ്രചോദനം. അവരുള്ളപ്പോള്‍ മറ്റുതടസ്സങ്ങള്‍ ഒന്നും പ്രശ്‌നമല്ല.

*
കടപ്പാട്: യുവധാര

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സാമൂഹിക പ്രവര്‍ത്തനത്തിലും എഴുത്തിലും മുഴുകുന്നതിനായി ഐ എ എസ് ഉപേക്ഷിച്ച ഹര്‍ഷ് മന്ദര്‍ അറിയപ്പെടുന്ന ചിന്തകനാണ്. ഗുജറാത്ത് കലാപത്തിന് ശേഷം എട്ടുവര്‍ഷം പിന്നിടുന്ന വേളയിൽ ഹംറാ ഖുറേഷി ഗുജറാത്ത് നരഹത്യയുടെ ഉള്ളറകളിലേക്ക് ഹര്‍ഷ് മന്ദറിന്റെ അഭിപ്രായം തേടുന്നു.