എഴുപതുകളുടെ തുടക്കം, കാട്ടൂരങ്ങാടി കാനോലിക്കനാലിന്റെ കരയിലെ പാണ്ടികശാലയ്ക്കുമേല്‍ പതിച്ചുകണ്ട കൈയെഴുത്തുപോസ്റ്റര്‍ വല്ലാതെ ആകര്‍ഷിച്ചു: 'പുനര്‍ജനി ലിറ്റററി ഫോറം, സാഹിത്യചര്‍ച്ച. കോവിലന്‍, കുഞ്ഞുണ്ണിമാസ്റ്റര്‍ പങ്കെടുക്കുന്നു'. 'കൂട്ടുകാരുമൊത്ത് വരിക' എന്ന ആജ്ഞയും. ഞാന്‍ തെല്ല് പരിഭ്രമിച്ചു. ചെല്ലണോ വേണ്ടയോ? മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'ഹിമാലയം' പ്രസിദ്ധീകരിച്ചുവരുന്ന കാലം. മഞ്ഞുപുരണ്ട ശബ്ദത്തില്‍ ഷെര്‍പ്പ പട്ടാളക്കാരനോട് കെഞ്ചുന്നു 'ഒരു സിഗരറ്റ്'.
ആ സാഹിത്യയോഗത്തില്‍ പങ്കെടുക്കാനുള്ള ആത്മബലം ഉണ്ടായിരുന്നില്ല. തപ്പിപ്പിടിച്ചു വായിക്കുന്നുണ്ടെങ്കിലും മഞ്ഞുപുതച്ച മഹാപര്‍വതംപോലെയായിരുന്നു അന്ന് സാഹിത്യം. രാഷ്ട്രീയ പ്രവര്‍ത്തകനാവാനായിരുന്നു ആഗ്രഹം. രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞാണ് പുനര്‍ജനി ലിറ്റററി ഫോറത്തിന്റെ സെക്രട്ടറി ടി വി കൊച്ചുബാവയെ പരിചയപ്പെടുന്നത്. അവന്റെ വീട്ടിലെ ചായ്പ്പുമുറിയില്‍ ചിമ്മിനി വെളിച്ചത്തില്‍ കോവിലന്‍ അവനെഴുതിയ കത്തുകള്‍ വായിക്കുന്നത്. വടിവൊത്ത ദൃഢമായ കൈയക്ഷരം. വാത്സല്യം തുളുമ്പുന്ന ആജ്ഞാസ്വരം. ഒറ്റ രാത്രികൊണ്ടാണ് 'തോറ്റങ്ങള്‍' വായിക്കുന്നത്. കൊച്ചുബാവ വായിക്കുന്നു, ഞാന്‍ കേള്‍ക്കുന്നു. താളം മുറിയാതെ ശബ്ദം താഴ്ത്തിയും ഉയര്‍ത്തിയും ഈണത്തില്‍,ദുഃസ്വപ്നങ്ങള്‍ വ്യവസ്ഥാപിത അഭിരുചിയുടെ ചിറവരമ്പ് പൊട്ടുന്നു. വര്‍ഷങ്ങള്‍ക്കുശേഷം വക്കുമുറിയാത്ത വാക്കുകള്‍കൊണ്ടുള്ള ഒരു കത്ത്- ഒരു പോസ്റ്റ്കാര്‍ഡ്- തേടിയെത്തുന്നു. സ്നേഹം, പാതിവിമര്‍ശം, ചെറിയ അഭിനന്ദനം. അതിന്റെ ബലത്തില്‍ പുല്ലാനിക്കുന്നത്തേക്കുള്ള തീര്‍ഥയാത്ര. ചെങ്കല്ലും പാറകളും നിറഞ്ഞ് വെയില്‍ തേര്‍വാഴ്ച നടത്തുന്ന കുന്നിന്‍പുറം അതിനകം നാട്ടുമാവുകളും മറ്റു മരങ്ങളും നിറഞ്ഞ് പ്രശാന്തമായിക്കഴിഞ്ഞിരുന്നു. ഓടുമേഞ്ഞ ചെറിയ വീട്. ചാരുകസേരയില്‍ കാരണവര്‍ ഇരിപ്പുണ്ടാവും. ഏതോ പ്രാചീന ഗോത്രസംഘത്തിലെ നാട്ടുമൂപ്പന്റെ ശബ്ദവും ശൈലിയും.
എന്റെ കാട്ടൂരും കോവിലന്റെ കണ്ടാണശേരിയും തമ്മില്‍ സാദൃശ്യങ്ങള്‍ ഒരുപാടുണ്ട്. പഴയ കൊച്ചിയിലെ അതിര്‍ത്തിഗ്രാമങ്ങളാണ് രണ്ടും. വീട്ടുപേരുകളിലും നാട്ടുത്സവങ്ങളിലും ഭക്ഷണരുചികളിലും ഏറെ സാമ്യം. തോറ്റങ്ങളിലും തട്ടകത്തിലും പ്രത്യക്ഷപ്പെടുന്ന ഒരുപാട് നാട്ടുകാരണവന്മാര്‍ എന്റെയും സ്വന്തമാണ്. ചെമ്പിന്റെ നിറമുള്ളവര്‍. മഹാമുരടന്മാര്‍, കൊളമ്പുജീവിതവും കള്ളുഷാപ്പും ദൈവദശകവും സര്‍വ തെമ്മാടിത്തങ്ങളും കൂട്ടുചേര്‍ന്ന മനുഷ്യവിഗ്രഹങ്ങള്‍.
മഹാപണ്ഡിതന്മാരായ അഞ്ച് ഗുരുനാഥന്മാരെക്കുറിച്ച് കോവിലന്‍ എപ്പോഴും പറയും. പാവറട്ടി സംസ്കൃത വിദ്യാപീഠത്തിലെ പഠനം. കവിതയെഴുതിക്കൊണ്ടുള്ള തുടക്കം. ഇരമ്പുന്ന ജീവിതയാഥാര്‍ഥ്യങ്ങള്‍ പകര്‍ത്താന്‍ കവിതയ്ക്കാവില്ല എന്ന തോന്നല്‍. കവിതയെഴുത്ത് നിറുത്തിയെങ്കിലും മലയാള നോവലിലെ മഹാകവിയായി കോവിലന്‍ വിശേഷിപ്പിക്കപ്പെട്ടു. സാമ്പ്രദായികമായ വാഗ്മയമല്ല. ശരിക്കും അത് കവിതയേക്കാള്‍ ആദിമമായ ഏതോ സാഹിത്യരൂപമാണ്. ചിത്രവും സംഗീതവും ഉള്‍ച്ചേരുന്ന ആദിദ്രാവിഡശില്‍പ്പം. കെ പി നാരായണപിഷാരടി പഠിപ്പിച്ച സംസ്കൃതമല്ല. വായിച്ചു പരിചയിച്ച മലയാളവുമല്ല. നായാടി രാമനും ആല്‍ത്താരി നാലകായില്‍ കോന്നക്കുട്ടിയും പറഞ്ഞു പ്രമാണമാക്കിയ നാട്ടുഭാഷ. മരിച്ചു എന്നല്ല. ചത്തു എന്നാണ്. 'ചത്തുകെട്ടുപോയ അച്ഛനെ ഓര്‍ത്തു'.
വേറിട്ട സാഹിത്യഭാഷ മാത്രമല്ല, വേറിട്ട സാഹിത്യജീവിതവുമാണ് കോവിലന്‍. ഓരോ കഥയും നോവലും തികച്ചും വ്യത്യസ്തമായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. നിലനില്‍ക്കുന്ന സൌന്ദര്യാനുശീലനങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നതാവണം എഴുത്ത് എന്ന് ശഠിച്ചു. എഴുത്തില്‍ തിരുത്തലിന്റെ ഉസ്താദായിരുന്നു കോവിലന്‍. തട്ടകത്തിലെ ഓരോ അധ്യായവും എത്രവട്ടം മാറ്റിയെഴുതിയെന്നതിനു കണക്കില്ല. പക്ഷേ ഭാഷയെ സാഹിത്യത്തിന്റെ കുപ്പായമിടീക്കാനുള്ളതായിരുന്നില്ല ആ തിരുത്തലുകള്‍. എഴുത്തുഭാഷയെ മണ്ണും വറ്റും പോലെ ജൈവമാക്കാനായിരുന്നു അത്.
വ്യവസ്ഥയുടെയും അധികാരത്തിന്റെയും പീഡനം ഏല്‍ക്കുന്ന നിസ്സഹായനായ മനുഷ്യന്‍ എഴുത്തിലെന്നപോലെ ജീവിതത്തിലും അദ്ദേഹത്തിന്റെ ഉല്‍ക്കണ്ഠയായിരുന്നു. വ്യവസ്ഥയോടു മല്ലിടാനുള്ള ഒരവസരവും പാഴാക്കിയിട്ടില്ല. സ്വതേ പ്രസംഗത്തിലോ ചടങ്ങുകളിലോ താല്‍പ്പര്യമുള്ളയാളല്ല. എന്നാല്‍ ചെറുതും വലുതുമായി തൃശൂരില്‍ നടക്കുന്ന ഓരോ ജനകീയ സമരങ്ങളിലും ആ സാന്നിധ്യം ഉറപ്പ്. അന്നേരം കൃഷിപ്പണിയും എഴുത്തും അനാരോഗ്യവും യാത്രാസൌകര്യവും വണ്ടിക്കൂലിയും ബാധകമല്ല. അധികാരഘടനയോട് കാലാകാലങ്ങളില്‍ കലഹിച്ചുനില്‍ക്കുന്ന പ്രസ്ഥാനങ്ങളെയും ഗ്രൂപ്പുകളെയും വ്യക്തികളെയും സൂക്ഷ്മമായി നിരീക്ഷിച്ചു. പാവറട്ടി സംസ്കൃത വിദ്യാപീഠത്തിന്റെ ഇരുണ്ട ഇടനാഴിയില്‍വച്ച് അതീവരഹസ്യമായി ഗുരു ചെറുകാട് കൈമാറിയ സാഹസിക ജീവിതദൌത്യം കണ്ണടയുന്ന കാലംവരെ ആ മനസ്സില്‍ ഇരമ്പിനിന്നു.
തട്ടകം എഴുതുന്ന കാലത്ത് അത് പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന് അദ്ദേഹം വല്ലാതെ ശങ്കിച്ചിരുന്നു. പലതരം രോഗങ്ങള്‍, ശസ്ത്രക്രിയകള്‍, ആശുപത്രിവാസം. എഴുത്തിന്റെയും തിരുത്തിന്റെ ഒന്നുരണ്ട് ദശകങ്ങളാണ് അതിനിടെ കഴിഞ്ഞുപോയത്. അനന്തമായ ലോകമാണ് മനസ്സില്‍. സുപരിചിതരായ എത്രയോ കഥാപാത്രങ്ങള്‍, സംഭവങ്ങള്‍. ജ്വലിക്കുന്ന ചരിത്രം. മധ്യവയസ്സു പിന്നിട്ടാല്‍ പിന്നെ മലയാളിക്ക് എഴുത്തില്‍ പ്രതിഭ പ്രകടിപ്പിക്കാനാവില്ല എന്നൊരു തിയറി കോവിലന്‍ സ്വയം നിര്‍മിച്ചിരുന്നു. എന്നോടു പറയാറുണ്ട്: 'വല്ലതും എഴുതണന്നുണ്ടെങ്കില് ഇപ്പൊ എഴുതീക്കോട്ടോ. അമ്പതുകഴിഞ്ഞാല് കേരളീയന്‍ വെറും പൊള്ള'.
തട്ടകത്തിലെ എഴുതിക്കൊണ്ടിരിക്കുന്ന ഒരധ്യായം അദ്ദേഹം കാണിച്ചു. ഉണ്ണിമായ തിമിര്‍ത്താടുന്ന 'സ്കൂള്‍' എന്ന ഖണ്ഡമാണ്. കൊളമ്പില്‍നിന്നും അച്യുതന്‍ വരുന്ന രംഗം. പ്രണയമാണ്, അല്ല നിറഞ്ഞ കാമമാണ് സംഗതി. 'താളം അലയായി അലകളായി തിരമാലകളായി കടലായി സാഗരമായി ഉണ്ണിമായ തെളിഞ്ഞാടി' വായിച്ചുകഴിഞ്ഞപ്പോള്‍ പരിസരമെങ്ങും കാറാമ്പൂ മണക്കുന്നമാതി എനിക്കു തോന്നി. മുഖം ഉയര്‍ത്തിയപ്പോള്‍ നിര്‍ന്നിമേഷം എന്നെ നോക്കിക്കൊണ്ട് കോവിലന്‍ ചോദിക്കുന്നു.
'എങ്ങനെണ്ട്. സത്യം പറയണം. എഴുപത്തഞ്ചാ ഇനിക്ക് നടപ്പ്. വെണ്ണവെണ്ണപോലെ ആലേടക്കണു ശരീരം. അപ്പൊ മനസ്സും അങ്ങന്യാവും. ഏശണുണ്ടോ? ഞാന്‍ മിണ്ടിയില്ല. എന്റെ കണ്ണു നിറഞ്ഞുപോയി. കാല്‍ക്കല്‍ നമസ്കരിച്ചു ശീലമില്ലാത്തതുകൊണ്ട് ഞാന്‍ പ്രതിമപോലെ ഇരുന്നു.
ഉണ്ണിമായയെപ്പോലെ അഴിഞ്ഞാട്ടംകൊണ്ട് എന്നെ വിഭ്രമിപ്പിച്ച കഥാപാത്രമാണ് തെക്കേലെ പഞ്ഞക്കുട്ടി. അവിവാഹിതന്‍. വൃദ്ധന്‍. അനിയന്മാരെ പരിപാലിച്ചുവളര്‍ത്തി. അവരെ കല്യാണം കഴിപ്പിച്ചു. ചേട്ടന്‍ പറയുന്നത് രണ്ട് അനിയന്മാര്‍ക്കും വേദവാക്യം. 'നെറ്റിയില്‍ നെഞ്ചില്‍ കൈത്തണ്ടകളില്‍ വിസ്തരിച്ച് ഭസ്മക്കുറിയോടെ 14-ാം നമ്പറിന്റെ തെളിച്ചത്തില്‍ പഞ്ഞക്കുട്ടി ഭാഗവതം വായിക്കുന്നു'. റഡ്യാര്‍ പ്രസില്‍ മുദ്രണംചെയ്ത സകുപുരാണങ്ങളും സ്വന്തം ഗ്രന്ഥത്തട്ടിലുള്ള ജ്ഞാനി. രാത്രി പൊടിയരിക്കഞ്ഞിയും ചുട്ടപപ്പടവും കടുമാങ്ങയും മുളകുകൊണ്ടാട്ടവും ഭക്ഷണം. ഏമ്പക്കം.
പഞ്ഞക്കുട്ടിയുടെ ഉള്‍വിളി കേട്ടറിഞ്ഞ് പൂമുഖവാതിലില്‍ അനിയന്‍ പങ്കുണ്ണി ഹാജരായി. 'അമ്മാളുവിനോട് പറയ് കെടക്കവിരിക്ക്യാന്‍! പിറ്റേദിവസം ഇളയ അനിയന്‍ രാമന്റെ ഭാര്യ ചീരമ്മയുടെയാണ് ഊഴം. അവളാണ് ഏട്ടനു കിടക്കവിരിക്കേണ്ടത്. ആരായാലും കിടക്കവിരിച്ചവര്‍ കൂടെ കിടക്കണം.
അവസാനനാളുകളില്‍ പെന്‍ഷന്‍ പറ്റിയ ഒരുപറ്റം പട്ടാളക്കാരുടെ സാന്നിധ്യം കോവിലന്റെ ജീവിത പരിസരത്ത് കാണാറുണ്ട്. പുല്ലാനിക്കുന്നത്തെ 'ഗിരി'യിലും അരിയന്നൂരിലെ പുതിയ വീട്ടിലും സായാഹ്നങ്ങളില്‍ അവര്‍ ഉണ്ടാകും. എഴുത്തും വായനയുമായി അവര്‍ക്കൊരു ബന്ധവുമില്ല. പക്ഷേ വലിയ സ്നേഹമാണ്. നാട്ടുകാര്യങ്ങളും ചില്ലറ തമാശകളുമായി ഒത്തുകൂടും. യാത്രകളിലും കൂടെയുണ്ടാവും. ഒരിക്കല്‍ എന്റെ വീട്ടിലും വന്നു ഈ ബറ്റാലിയന്‍. റിട്ട. ഹവില്‍ദാര്‍ മേജര്‍ വി വി അയ്യപ്പന്റെ മഹനീയ നേതൃത്വത്തില്‍.
പട്ടാളത്തില്‍നിന്നു പിരിഞ്ഞുപോന്നശേഷം കുന്നിനുമുകളില്‍ കിണര്‍ കുത്തുന്ന കോവിലനെയാണ് കേരളം കാണുന്നതെന്ന് അനുശോചനയോഗത്തില്‍ വി കെ ശ്രീരാമന്‍ പറയുകയുണ്ടായി. കിണര്‍ അന്തം കാണാതെ താഴുകയാണ്. പിന്തിരിയുന്നില്ല. എത്രയോ അഗാധതയില്‍ എത്തിയശേഷമാണ് ചെറിയൊരു നീരുറവയുണ്ടായത്. ഇപ്പോള്‍ പുല്ലാനിക്കുന്നും വല്ലാതെ മാറി. വീടുകള്‍ക്ക് രൂപമാറ്റം വന്നു. രണ്ടുനാഴിക നടന്നാല്‍ എത്താവുന്ന ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് താനിതുവരെ കടന്നിട്ടില്ലെന്ന് കോവിലന്‍ പറയാറുണ്ട്. പാവറട്ടിയില്‍ പഠിക്കുന്ന കാലത്ത് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ചുവര്‍ചിത്രങ്ങളെക്കുറിച്ച് പി സി വാസുദേവന്‍ ഇളയത് വിവരിച്ചപ്പോള്‍ തനിക്കത് കാണാന്‍ അവകാശമില്ലല്ലോ എന്നോര്‍ത്ത് അദ്ദേഹം കരഞ്ഞിട്ടുണ്ട്. ദൂര അകലെ മാറിനിന്ന് അച്ഛനോ അച്ചാച്ചനോ ചൂണ്ടിക്കാണിച്ചുകൊടുത്ത അവ്യക്തമായ ചിത്രമാണ് കോവിലന്റെ മനസ്സില്‍ ആ മഹാക്ഷേത്രം. പിന്നീട് പ്രസിദ്ധമായ ഗുരുവായൂര്‍ സത്യഗ്രഹം നടന്നു. ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായി. കാലങ്ങള്‍ പിന്നിട്ടു. പക്ഷേ കോവിലന്‍ പോയില്ല. വ്യവസ്ഥാപിത സംസ്കാരത്തിന്റെ ഗോപുരവാതിലുകള്‍ അധഃസ്ഥിതനുമുമ്പാകെ ഇനിയും തുറന്നിട്ടില്ല എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാവുമോ അത്? കീഴാളസംസ്കാരത്തിന്റെ മഹാക്ഷേത്രബലം മതി എന്നുറപ്പിച്ചിട്ടോ?
*
അശോകന്‍ ചരുവില്‍
Friday, June 11, 2010
Subscribe to:
Post Comments (Atom)
1 comment:
വേറിട്ട സാഹിത്യഭാഷ മാത്രമല്ല, വേറിട്ട സാഹിത്യജീവിതവുമാണ് കോവിലന്‍. ഓരോ കഥയും നോവലും തികച്ചും വ്യത്യസ്തമായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. നിലനില്‍ക്കുന്ന സൌന്ദര്യാനുശീലനങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നതാവണം എഴുത്ത് എന്ന് ശഠിച്ചു. എഴുത്തില്‍ തിരുത്തലിന്റെ ഉസ്താദായിരുന്നു കോവിലന്‍. തട്ടകത്തിലെ ഓരോ അധ്യായവും എത്രവട്ടം മാറ്റിയെഴുതിയെന്നതിനു കണക്കില്ല. പക്ഷേ ഭാഷയെ സാഹിത്യത്തിന്റെ കുപ്പായമിടീക്കാനുള്ളതായിരുന്നില്ല ആ തിരുത്തലുകള്‍. എഴുത്തുഭാഷയെ മണ്ണും വറ്റും പോലെ ജൈവമാക്കാനായിരുന്നു അത്.
Post a Comment