ലോക കപ്പ് ഫുട്ബോള്‍ - വിവാദങ്ങളിലൂടെ; ദുരന്ത സ്മൃതികളിലൂടെ
ബ്രസീല്‍ എന്ന അനുഭവം
നമുക്ക് ആന്ദ്രെയില്‍ നിന്നു തുടങ്ങാം. ആന്ദ്രെ എസ്കോബാര്‍ അതീവ സൌമ്യനായിരുന്നു; ശാന്തനായിരുന്നു. ഒഴിവുസമയങ്ങളില്‍ ഗിറ്റാര്‍ വായിക്കുമായിരുന്നു. പക്ഷേ, 1994ലെ യുഎസ് ലോകകപ്പ് ഫുട്ബോളില്‍ കൊളംബിയയുടെ പ്രതിരോധഭടനായ എസ്കോബാറിന് ഒരു സെല്‍ഫ് ഗോളിന്റെ വിലയായി കൊടുക്കേണ്ടിവന്നത് സ്വന്തം ജീവനായിരുന്നല്ലോ.
കളിയും ജീവിതവും തമ്മിലുള്ള അതിര്‍വരമ്പ് എത്ര ലോലമാണെന്ന് എസ്കോബാര്‍ നമ്മെ വീണ്ടും ഓര്‍മിപ്പിക്കുന്നു. 16 വര്‍ഷംമുമ്പ് കളിഭ്രാന്തന്‍മാരുടെ നിറതോക്കിനിരയാകാന്‍ ആ കളിക്കാരന്‍ ചെയ്ത പാതകമെന്തായിരുന്നു. അമേരിക്കക്കെതിരെയുള്ള മത്സരത്തില്‍ കൊളംബിയയുടെ വിശ്വസ്തനായ എസ്കോബാറിന്റെ ഒരു പിഴവിലൂടെ പന്ത് സ്വന്തം വലയില്‍ കുടുങ്ങി. പക്ഷേ, ആ ദാനഗോള്‍ കൊളംബിയക്ക് ലോകകപ്പില്‍നിന്ന് പുറത്തേക്കുള്ള വഴിയൊരുക്കി. സ്വന്തം മണ്ണില്‍ മടങ്ങിയെത്തിയ എസ്കോബാറിന് കൊളംബിയന്‍ സോക്കര്‍ കഴുകന്‍മാര്‍ കനിഞ്ഞനുവദിച്ചത് വെറും പത്തു ദിവസത്തെ ജീവിതം. കൊളംബിയയുടെ ലോകകപ്പ് വിജയത്തിനായി വാതുവെച്ച മയക്കുമരുന്നു സംഘങ്ങള്‍ക്ക് യുഎസിനോടുള്ള തോല്‍വിയും എസ്കോബാറിന്റെ സെല്‍ഫ്ഗോളും സഹിക്കാവുന്നതിനപ്പുറമായിരുന്നു.
ഫുട്ബോളിന്റെ എഴുതപ്പെട്ട ചരിത്രത്തില്‍ ഇതിനു സമാനമായ ഒരു ദുരന്തമില്ല; ബലിയുമില്ല. സെല്‍ഫ് ഗോളടിച്ചതിന് ഈ കൊളംബിയന്‍ താരത്തെ, മയക്കുമരുന്നും ചൂതാട്ടവും സാധാരണമായ ആ നാട്ടിലെ അധോലോക പരിഷകള്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. ആ മുറിവില്‍നിന്നു വറ്റാത്ത ചോരച്ചാലുകള്‍ കളിക്കളങ്ങളില്‍ ഒഴുകിക്കൊണ്ടേയിരിക്കുന്നു.
മൂന്നാംലോകത്ത് പട്ടിണിയും അക്രമവും മയക്കുമരുന്നും കൂടുന്നതിനനുസരിച്ചാണത്രേ കളിഭ്രാന്തും കൂടുന്നത്. സ്വാസ്ഥ്യം നശിപ്പിക്കുന്ന വാര്‍ത്തയാണിത്. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ നാടുകളില്‍ നിന്നു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ എസ്കോബാര്‍ ഒരവസാനവാക്കല്ല. നീട്ടിപ്പിടിച്ച തോക്കുകള്‍ക്ക് നെറ്റിചേര്‍ത്തുപിടിച്ച് കളിക്കാന്‍ നിര്‍ബന്ധിതമാവുന്ന കളിക്കാരുടെ രാജ്യങ്ങള്‍ പെരുകുകയാണ്.
ഫുട്ബോള്‍ പ്രേമം അതിരുകടന്നാല്‍ ഭ്രാന്തായി മാറുമെന്നതിന്റെ തെളിവാണ് എസ്കോബാറിന്റെ ദുരന്തം. എസ്കോബാറിന്റെ നെറ്റിയില്‍ തോക്കമര്‍ത്തി വെടിപൊട്ടിക്കുംമുമ്പ് ക്ഷുഭിതനായ ആ ഫുട്ബോള്‍ ഭ്രാന്തന്‍ അലറി..... നിന്റെ സെല്‍ഫ്ഗോളിന് നന്ദി. അതിനു അദ്ദേഹം മറുപടി പറഞ്ഞോ എന്നാരും പറയുന്നില്ല. അല്ലെങ്കില്‍തന്നെ ആ ഉത്തരത്തിന് എന്ത് പ്രസക്തി. ചരിത്രം ഇവിടെ മാപ്പുസാക്ഷി. പണ്ടൊരിക്കല്‍ നാസിപട്ടാളം മോസ്കോവിലെ ഡൈനമൊ കീവിന്റെ കളിക്കാരെ നിരത്തിനിര്‍ത്തി. സെല്‍ഫ് ഗോളടിക്കാത്തതായിരുന്നു കുറ്റം. ഇരുപത്തിരണ്ട് കളിക്കാര്‍ പിടഞ്ഞുവീണു. പക്ഷേ, ആരുടെ ശരീരത്തിലും ഒന്നിലേറെ ബുള്ളറ്റുകള്‍ ഉണ്ടായിരുന്നില്ല. ഉന്മത്തനായ ആരാധകനായിരുന്നില്ല. അവിടത്തെ കൊലപാതകി. എസ്കോബാറിന് ഘാതകര്‍ സമ്മാനിച്ചത് 12 വെടിയുണ്ടകളായിരുന്നല്ലോ.
ആള്‍ക്കൂട്ടത്തിന്റെ ഉന്മാദവും വിപണിയുടെ ജയഘോഷവും ദേശാഭിമാനഭ്രാന്തും മാത്രമല്ല ഉണങ്ങാത്ത മുറിവുകളുംകൂടികൊണ്ടുവരും ഫുട്ബോള്‍. ക്രീഡാലഹരിയെ യുദ്ധലഹരിയാക്കി മാറ്റുന്നവര്‍ തെരുവിലേക്കിറങ്ങി തച്ചുടയ്ക്കലിന്റെ തത്വശാസ്ത്രം രചിക്കും. പോരാട്ടമാണ് ഫുട്ബോള്‍. ഗ്രൌണ്ടില്‍ പന്തിനുവേണ്ടി പോരാടുന്ന ഇരുപത്തിരണ്ട് പേര്‍ക്കൊപ്പം ഗ്രൌണ്ടിനുപുറത്ത് ആര്‍ത്തുവിളിക്കുന്ന ആള്‍ക്കൂട്ടത്തിനും ഫുട്ബോള്‍ പോരാട്ടമാണ്.
ബൂട്ടുകെട്ടിയ കുറെ മനുഷ്യര്‍. ഒരു പന്ത് ശത്രുനിരയുടെ വിടവിലൂടെ ഗോള്‍ വലയത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ വിജയത്തിനും പരാജയത്തിനുമിടയ്ക്കുള്ള അതിര്‍വരമ്പുകളെക്കുറിച്ചോര്‍ത്ത് കാണികള്‍ അസ്വസ്ഥരാകുന്നു. കരുത്തിന്റെയും ശക്തിയുടെയും ഉത്സവമാണ് ഫുട്ബോള്‍. ഓരോ ഫുട്ബോള്‍ മത്സരവും കാണികള്‍ക്ക് വ്യത്യസ്തമായ അനുഭവമാണ്. അവിശ്വസനീയതയുടെ, അമാനുഷിക ശക്തിയുടെ വീരേതിഹാസങ്ങള്‍ക്കൊപ്പം പകയുടെയും വാശിയുടെയും ചോര മണക്കുന്ന ഏറെ കഥകള്‍ ഫുട്ബോളിനു പറയാനുണ്ട്. കളി ഉയര്‍ത്തുന്ന ആവേശത്തിരകള്‍ക്കുമീതെ, രാഷ്ട്രീയത്തിന്റെ, വിദ്വേഷത്തിന്റെ, പകയുടെ മേഘങ്ങള്‍ നിഴല്‍വിരിച്ച കഥകള്‍.
ഫുട്ബോളിലെ വിജയങ്ങള്‍ മനുഷ്യന്റെ ആഹ്ളാദാവസ്ഥയുടെ ശരിയായ വിസ്ഫോടനമാണ്. തോല്‍വിയും അത് ഉളവാക്കുന്ന നിരാശയും ക്ഷോഭജനകമായ ഒരവസ്ഥയിലേക്ക് അവനെ നയിക്കുകയും ചെയ്യുന്നു. ജീവിതം പോരാട്ടമാകുമ്പോള്‍ പരാജയം മരണമാകുന്നു. ഏതൊരു കലാപത്തെയും ഈ പ്രാകൃതഗോത്ര നീതികൊണ്ടു ന്യായീകരിക്കാം. പരിശുദ്ധമായ കായിക സംസ്കാരം നാം കൊട്ടിഘോഷിക്കപ്പെടുമ്പോഴും കളിക്കളങ്ങളെ രണഭൂമിയാക്കുന്നത്, തെറ്റുകള്‍ പൊറുക്കാത്ത ഇതേ നീതിയല്ലേ.
ഫുട്ബോള്‍ മധ്യകാലഘട്ടത്തില്‍ ഇംഗ്ളീഷുകാരുടെ ഹരമായപ്പോള്‍ കളിക്കിടയിലെ അമ്രകസംഭവങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം സൃഷ്ടിക്കാനിടയായി. അതോടെ 1314ല്‍ എഡ്വേര്‍ഡ് രണ്ടാമന്‍ ചക്രവര്‍ത്തി ഫുട്ബോള്‍ കളി നിരോധിച്ച് ഉത്തരവിറക്കി. ഇന്നത്തെ രൂപത്തിലുള്ള ഫുട്ബോള്‍ 'ഹൂളിഗനിസം' ഇംഗ്ളണ്ടില്‍ ഉടലെടുത്തത് 60 കളുടെ ആദ്യത്തിലാണ്. സ്വന്തം ദേശീയ ടീമുകളെ പ്രോത്സാഹിപ്പിക്കാനുള്ള ആവേശം രണ്ടാംലോകമഹായുദ്ധത്തിനുശേഷം 50കളില്‍ യൂറോപ്പില്‍ സ്വാഭാവികമായും ഉയര്‍ന്ന നിലയിലെത്തി. എന്നാല്‍ ഇത് കളിക്കളത്തില്‍ വ്യാപകമായ അക്രമങ്ങള്‍ക്കും ഗുണ്ടാസംഘങ്ങളുടെ രൂപീകരണത്തിനും വഴിവെച്ചു. അതേസമയം കളിയുടെ ടെലിവിഷന്‍ സംപ്രേഷണം അക്രമികള്‍ക്ക് പ്രോത്സാഹനമായതായി ചില സാമൂഹിക ശാസ്ത്രജ്ഞന്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. 1998ലെ ലോകകപ്പില്‍ ഒരു ഫ്രഞ്ച് പൊലീസുകാരനെ ഫുട്ബോള്‍ കൂളികള്‍ വകവരുത്തിയത് ഈ സംഭവപരമ്പരയിലെ ഏടുകളിലൊന്നാണ്. ഫുട്ബോള്‍ തെമ്മാടികളെ നേരിടാന്‍ ഫുട്ബോള്‍ ഇന്റലിജന്‍സ് വിഭാഗം തന്നെയുണ്ട് ഇംഗ്ളണ്ടില്‍. 1989 ഡിസംബറില്‍ ആഴ്സണലും ഗ്ളാസ്കോ റേഞ്ചേഴ്സും തമ്മില്‍ നടന്ന മല്‍സരത്തിനെത്തിയ നൂറുകണക്കിനു ഫുട്ബോള്‍ ഭ്രാന്തന്‍മാരെ പിടികൂടി സ്കോട്ടിഷ് പൊലീസിനെ ഏല്‍പ്പിച്ച് ഇവര്‍ ചരിത്രം സൃഷ്ടിച്ചു. 1985ല്‍ ബ്രസല്‍സിലെ ഹെയ്സല്‍ സ്റ്റേഡിയം ദുരന്തത്തില്‍ മരിച്ചവര്‍ തൊണ്ണൂറ്റഞ്ച് എന്നാണ് ഔദ്യോഗിക കണക്ക്. ജീവിച്ചിരിക്കുന്ന രക്തസാക്ഷികളായി ആ ദുരന്തത്തിനിരയായ നിരപരാധികള്‍ നിരവധിയുണ്ടെന്നറിയുക.
ലോകകപ്പില്‍ ആയിരങ്ങള്‍ തിങ്ങിനിറയുന്ന സ്റ്റേഡിയത്തില്‍, ഭ്രാന്തിന്റെ വക്കോളമെത്തുന്ന ആവേശം അലയടിച്ചുയരുമ്പോള്‍ ചെറിയൊരു പ്രകോപനം മതി കലാപത്തിന്റെ കാട്ടുതീ പടരാന്‍. മിക്ക ലോകകപ്പുകള്‍ക്കും ഇത്തരം കറുത്ത ഏടുകളുണ്ട്. 1970ലെ മെക്സിക്കോ ലോകകപ്പിന്റെ യോഗ്യതാറൌണ്ടില്‍ ഹോണ്ടുറാസും എല്‍സാല്‍വഡോറും ഏറ്റുമുട്ടിയപ്പോള്‍, ആ പോരാട്ടം ഗാലറിയില്‍ യുദ്ധമായി മാറി. ആയിരം ജഡമായിരുന്നു ഫലം. ഇരു ടീമുകള്‍ക്കും വിജയം അവകാശപ്പെടാനായില്ല. തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ 1969 ജൂലൈ 14ന് ആരംഭിച്ച് ആറു ദിവസത്തോളം നീണ്ട 100 മണിക്കൂര്‍ യുദ്ധത്തില്‍ ആറായിരം പേര്‍ മരിക്കുകയും അതിന്റെ ഇരട്ടിയോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആധുനിക പത്രപ്രവര്‍ത്തനത്തിന്റെ അത്ഭുതകരമായ മാതൃകയായ പോളണ്ടില്‍ ജനിച്ച റൈസാര്‍ഡ് കപുചിന്‍സ്കി 'സോക്കര്‍ വാര്‍' എന്ന രചനയിലൂടെ ലോക ഫുട്ബോളിലെ രക്തപങ്കിലമായ ഈ ഏട് വരച്ചുകാട്ടിയിട്ടുണ്ട്.
1964ല്‍ ലാറ്റിന്‍ ശക്തികളായ അര്‍ജന്റീനയും പെറുവും തമ്മിലുള്ള ഒളിമ്പിക്സ് യോഗ്യതാമത്സരം. കളി തീരുംമുമ്പേ ഗാലറികളില്‍ ഇരു ടീമുകളുടെയും ആരാധകര്‍ ഏറ്റുമുട്ടി. 318 പേരാണ് അന്നു മരിച്ചത്.
അയര്‍ലന്‍ഡും മെക്സിക്കോയുമാണ് കളത്തിലെ പകയുടെ മറ്റൊരു ദൃഷ്ടാന്തം. 94ലെ ലോകകപ്പ് യോഗ്യതയില്‍ മെക്സിക്കോ 2-1ന് അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചപ്പോള്‍ ആരാധകരുടെ തമ്മിലടിയില്‍ പരിക്കേറ്റത് 36 പേര്‍. 1950ലെ ഫൈനലില്‍ ഉറുഗ്വായ് 2-1ന് ബ്രസീലിനെ തോല്‍പ്പിച്ചപ്പോള്‍ നൂറുകണക്കിന് ബ്രസീലുകാര്‍ ബോധംകെട്ടുവീണു. കളത്തിന് പുറത്ത് ആ വാര്‍ത്തകേട്ട് പലരും ഹൃദയാഘാതംകൊണ്ടു മരിച്ചു.
1930ലെ പ്രഥമ ലോകകപ്പ് കാണാന്‍ ഉറുഗ്വായിലേക്ക് അയല്‍രാജ്യമായ അര്‍ജന്റീനയില്‍ നിന്ന് ഒഴുകിയെത്തിയ ആയിരങ്ങളുടെ ഉള്ളില്‍ കളിയുടെ ആവേശം മാത്രമായിരുന്നു. എന്നാല്‍ അത് അംഗീകരിക്കാന്‍ ഉറുഗ്വായിലെ പൊലീസ് തയ്യാറായില്ല. ഗ്രൌണ്ടില്‍ കളി തിമിര്‍ക്കുമ്പോള്‍ പൊലീസ് സ്റ്റേഷനുകളില്‍ വിവസ്ത്രരായി ആയുധപരിശോധനക്ക് വിധേയരാവുകയായിരുന്നു അര്‍ജന്റീനക്കാര്‍.
അതേസമയം രാഷ്ട്രീയ വിദ്വേഷംമൂത്ത് എതിര്‍ ടീമുമായി സാങ്കല്‍പിക പോരാട്ടം നടത്തി ജയിച്ച ടീമിന്റെ കഥയും വിശ്വഫുട്ബോളിനുണ്ട്. ചിലിയിലെ കമ്യൂണിസ്റ്റുകാരെ പുറത്താക്കി വലതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍വന്ന സമയത്ത്, 1973ല്‍ അവിടെ യോഗ്യതാ മത്സരം കളിക്കാന്‍ സോവിയറ്റ് യൂണിയന്‍ തയ്യാറായില്ല. വേദി മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫിഫ നിരാകരിച്ചു. ചിലി ടീം ഒറ്റക്കു ഗ്രൌണ്ടിലിറങ്ങി. എതിര്‍പോസ്റ്റില്‍ ഗോളടിച്ചു നിറച്ചു. കാണികള്‍ ആര്‍പ്പു വിളിച്ചു പ്രോത്സാഹിപ്പിച്ചു. കമ്യൂണിസ്റ്റ് ഭരണകാലത്ത് ജയിലായിരുന്ന സ്ഥലത്തായിരുന്നു സ്റ്റേഡിയം എന്നുകൂടി ഓര്‍ക്കുക.
1954ല്‍ സ്വിസ് ലോകകപ്പില്‍ ബേണിലെ യുദ്ധം എന്നു കുപ്രസിദ്ധി നേടിയ ബ്രസീല്‍- ഹംഗറി പോരാട്ടം കഴിഞ്ഞപ്പോള്‍ ബ്രസീല്‍ കളിക്കാര്‍ ഹംഗറിയുടെ ഡ്രസിങ് റൂമില്‍ കയറി കണ്ടവരെയെല്ലാം തല്ലി. രണ്ടു പെനല്‍റ്റി, മൂന്നു പുറത്താക്കല്‍, 12 കളിക്കാര്‍ക്ക് പരിക്ക്- ഇതായിരുന്നു ആ മത്സരത്തിന്റെ തിരുശേഷിപ്പ്. റഫറി ആര്‍തര്‍ എല്ലിസ് താന്‍ കണ്ട ഏറ്റവും വികൃതമായ മത്സരം എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.
അങ്ങനെ ചോരയുടെയും മരണത്തിന്റെയും ഒക്കെ ഗന്ധമുള്ള എത്ര കഥകള്‍ വേണമെങ്കിലും ലോകകപ്പ് ഫുട്ബോളിന് പറയാനുണ്ടാവും. ഫുട്ബോളിന് ഐതിഹാസികമായ ഒരു ലാളിത്യമുണ്ട്. ഈ ലാളിത്യം കളികാണുന്ന മനസുകള്‍ക്കുണ്ടെന്നാണ് ഫുട്ബോള്‍ ഭ്രാന്തിനെപ്പറ്റി പുസ്തകമെഴുതിയ ജെറാള്‍ഡ്വിന്നിയുടെ അഭിപ്രായം. എന്നാല്‍ മനസില്‍ ആക്രമണങ്ങളുടെ ഇരുണ്ട വശമുള്ളവരാണ് തെമ്മാടികള്‍ എന്നദ്ദേഹം പറയുന്നു. അതേസമയം കളിയെ അതിവൈകാരികതയോടെ കാണുന്ന ലോല മനസുകളും തോല്‍വിയോ സമ്മര്‍ദമോ താങ്ങാനാവാതെ ജീവനൊടുക്കുന്ന ഒട്ടേറെ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. 1990ലെ ലോകകപ്പില്‍ കാമറൂണ്‍ ക്വാര്‍ടറില്‍ തോറ്റപ്പോള്‍ ബംഗ്ളാദേശിലെ ഒരു വീട്ടമ്മ ആത്മഹത്യ ചെയ്തു. "എന്റെ പ്രിയപ്പെട്ട ടീമിന്റെ തോല്‍വി താങ്ങാനായില്ല'' എന്ന് ഒരു കുറിപ്പും എഴുതിവെച്ചിരുന്നു. അതേ, ഫുട്ബോള്‍ അങ്ങനെയാണ്. അശാന്തമായ ക്ഷോഭവും പ്രശാന്തമായ ക്രൌരവും കറുത്ത ഫലിതവും സമ്മാനിക്കുന്ന ഫുട്ബോള്‍ എന്ന ഗെയിമിന്റെ ഭാഗമാണ് ഈ ചിരിയും കരച്ചിലും ചോരത്തുള്ളികളുമെല്ലാം. ലോകം മുഴുവന്‍ ഫുട്ബോള്‍ ജ്വരം പടര്‍ന്നുപിടിക്കുമ്പോള്‍ ഇത് നിഷ്കളങ്കമായ ഒരു വെറും കളി മാത്രമല്ലെന്ന് നാം തിരിച്ചറിയുകകൂടി വേണം.
*
എ എന്‍ രവീന്ദ്രദാസ് കടപ്പാട്: ദേശാഭിമാനി വാരിക
Subscribe to:
Post Comments (Atom)
1 comment:
നമുക്ക് ആന്ദ്രെയില്‍ നിന്നു തുടങ്ങാം. ആന്ദ്രെ എസ്കോബാര്‍ അതീവ സൌമ്യനായിരുന്നു; ശാന്തനായിരുന്നു. ഒഴിവുസമയങ്ങളില്‍ ഗിറ്റാര്‍ വായിക്കുമായിരുന്നു. പക്ഷേ, 1994ലെ യുഎസ് ലോകകപ്പ് ഫുട്ബോളില്‍ കൊളംബിയയുടെ പ്രതിരോധഭടനായ എസ്കോബാറിന് ഒരു സെല്‍ഫ് ഗോളിന്റെ വിലയായി കൊടുക്കേണ്ടിവന്നത് സ്വന്തം ജീവനായിരുന്നല്ലോ.
കളിയും ജീവിതവും തമ്മിലുള്ള അതിര്‍വരമ്പ് എത്ര ലോലമാണെന്ന് എസ്കോബാര്‍ നമ്മെ വീണ്ടും ഓര്‍മിപ്പിക്കുന്നു. 16 വര്‍ഷംമുമ്പ് കളിഭ്രാന്തന്‍മാരുടെ നിറതോക്കിനിരയാകാന്‍ ആ കളിക്കാരന്‍ ചെയ്ത പാതകമെന്തായിരുന്നു. അമേരിക്കക്കെതിരെയുള്ള മത്സരത്തില്‍ കൊളംബിയയുടെ വിശ്വസ്തനായ എസ്കോബാറിന്റെ ഒരു പിഴവിലൂടെ പന്ത് സ്വന്തം വലയില്‍ കുടുങ്ങി. പക്ഷേ, ആ ദാനഗോള്‍ കൊളംബിയക്ക് ലോകകപ്പില്‍നിന്ന് പുറത്തേക്കുള്ള വഴിയൊരുക്കി. സ്വന്തം മണ്ണില്‍ മടങ്ങിയെത്തിയ എസ്കോബാറിന് കൊളംബിയന്‍ സോക്കര്‍ കഴുകന്‍മാര്‍ കനിഞ്ഞനുവദിച്ചത് വെറും പത്തു ദിവസത്തെ ജീവിതം. കൊളംബിയയുടെ ലോകകപ്പ് വിജയത്തിനായി വാതുവെച്ച മയക്കുമരുന്നു സംഘങ്ങള്‍ക്ക് യുഎസിനോടുള്ള തോല്‍വിയും എസ്കോബാറിന്റെ സെല്‍ഫ്ഗോളും സഹിക്കാവുന്നതിനപ്പുറമായിരുന്നു.
Post a Comment