ഇന്നത്തെ പുരുഷാധിപത്യവ്യവസ്ഥിതി സ്‌ത്രീകളെ എങ്ങനെ കാണുന്നുവെന്നറിയാനുള്ള വഴികളിലൊന്ന് പ്രധാനപ്പെട്ട നയരൂപീകരവേദികളിൽ സ്‌ത്രീകള്‍ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം എത്രമാത്രം കണക്കിലെടുക്കപ്പെടുന്നു എന്ന് അന്വേഷിക്കുകയാണ്. ഇക്കാര്യത്തിൽ ഇന്ത്യയുടെ സ്ഥിതി വളരെ മോശമാണ്. ശ്രദ്ധേയങ്ങളായ ചുരുക്കം ചില പേരുകള്‍ അപവാദമായി വന്നക്കാമെങ്കിലും, ഇന്നും ഇന്ത്യയിലെ സ്‌ത്രീകളും പെണ്‍കുട്ടികളും വലിയ ലിംഗവിവേചനമാണ് നേരിടേണ്ടിവരുന്നത്. ഏഷ്യയിലേതുള്‍പ്പെടെയുള്ള മറ്റു വികസ്വരരാജ്യങ്ങളുമായി തട്ടിച്ചുനോക്കിയാൽപോലും ഇന്ത്യയുടെ സ്ഥിതി പരമദയനീയമാണ്. പല ലിംഗപദവിസൂചകങ്ങളുടെ കാര്യത്തിലും ഇന്ത്യയുടെ പദവി സഹാറന്‍ രാജ്യങ്ങളുടേതിനോട് വളരെ അടുത്താണ്. ലിംഗാടിസ്ഥാനത്തിലുള്ള ശിശുമരണനിരക്ക്, വിദ്യാഭ്യാസം (സാക്ഷരത, സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കൽ, ഉയര്‍ന്നകോഴ്‌സുകളിൽ ചേര്‍ന്നു പഠിക്കൽ തുടങ്ങിയവ), പോഷകാഹാരവും ആരോഗ്യരക്ഷയും (പോഷകാഹാരക്കുറവ്, പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യം, പ്രസവകാലമരണനിരക്ക്) തൊഴിൽ (തൊഴിൽപങ്കാളിത്തം, കൂലിയിലെ വിവേചനം), സുരക്ഷിതത്വവും പൊതു അംഗീകാരവും (സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, രാഷ്‌ട്രീയപങ്കാളിത്തം) തുടങ്ങിയവയുമായി ബന്ധപ്പെട്ട കണക്കുകള്‍ ഇതു വ്യക്തമാക്കുന്നു.
സാമ്പത്തികസമത്വം ഒരേസമയം ലിംഗപരമായ അസമത്വത്തിന്റെ കാരണവും അതിന്റെതന്ന പ്രതിഫലനവുമാണ്. രാഷ്‌ട്രീയപങ്കാളിത്തത്തിലെ കുറവും സാമൂഹികവും സാംസ്‌ക്കാരികവുമായ സ്വാതന്ത്ര്യമില്ലായ്‌മയും ഇതിന്റെ ഫലമോ ഇതുമായി ബന്ധപ്പെട്ടുനിൽക്കുന്നതോ ആണ്. കൂലിയടിസ്ഥാനത്തിലോ സ്വയം തൊഴിലെന്ന നിലയ്‌ക്കോ വരുമാനമുള്ള അവസരങ്ങളിലേക്ക് വേണ്ടവിധം കടന്നുവരാന്‍ സ്‌ത്രീകള്‍ക്ക് കഴിയാതിരിക്കുന്നതിൽ, സ്‌ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന്റെയും വീട്ടുകാര്യങ്ങളിലും പൊതുവായ കാര്യങ്ങളിലും സ്വന്തം ഭാഗധേയം തീരുമാനിക്കുന്നതിനുള്ള അവളുടെ സ്വാതന്ത്ര്യത്തിന്റെയും അഭാവമാണ് പ്രകടമാവുന്നത്.
ഭൌതികപുരോഗതിക്കനുസരിച്ച്, ദീര്‍ഘകാലാടിസ്ഥാനത്തിൽ സ്‌ത്രീകളുടെ സാമൂഹിക-സാമ്പത്തികസ്ഥിതിയും മെച്ചപ്പെടുമെന്ന് ദേശീയ-സാര്‍വദേശീയ അനുഭവങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. എന്നാൽ ഈ മാറ്റം സ്വയംമേവ സംഭവിക്കുന്നതല്ല. ലിംഗസമത്വത്തിനുവേണ്ടി സ്‌ത്രീകള്‍ നടത്തിയ പോരാട്ടങ്ങളുടെ ഫലം ഇതിൽ പ്രതിഫലിക്കുന്നുണ്ട്. സാമ്പത്തിക വികാസത്തിന്റെ ഭാഗമായി തൊഴിൽ ശക്തി വികസിപ്പിക്കുന്നതിനുള്ള സമ്മര്‍ദ്ദമാണ് ഇതിനു പതംവരുത്തുന്നത്. കൂലി നൽകപ്പെടുന്നതോടെ സ്‌ത്രീയുടെ അധ്വാനം സാമൂഹികമായി അംഗീകരിക്കപ്പെടുകയും വിവിധതലങ്ങളിൽ സ്‌ത്രീകള്‍ നടത്തുന്ന സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനുള്ള സമ്മര്‍ദ്ദം ആഗോളതലത്തിൽ രൂപപ്പെടുകയും ചെയ്‌തു. ഈ പുരോഗതി ഒരിക്കലും നേര്‍രേഖയിലുള്ളതോ സുഗമമോ ആയിരുന്നില്ല. ഒരുപാട് ചതിക്കുഴികള്‍ താണ്ടിയും സാന്ദര്‍ഭികമായ തിരിച്ചടികള്‍ നേരിട്ടുമാണ് സ്‌ത്രീകള്‍ താരതമ്യേന മെച്ചപ്പെട്ട സാമൂഹിക-സാമ്പത്തികപദവി നേടിയെടുത്തത്. ഇന്ത്യനവസ്ഥയെടുത്താൽ, തൊഴിൽ കമ്പോളത്തിൽ സ്‌ത്രീയുടെ തുറന്ന പങ്കാളിത്തം അനിവാര്യമാക്കുന്നവിശാലമായ സാമ്പത്തികപ്രക്രിയകളാണ് അവകാശങ്ങള്‍ക്കും സ്‌ത്രീശാക്തീകരണത്തിനു വേണ്ടിയുള്ള സ്‌ത്രീവിമോചനപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനശേഷിക്ക് പതംവരുത്തിയത്.
സാമൂഹികധര്‍മങ്ങളും സമ്മര്‍ദ്ദവും സ്‌ത്രീക്കുമേൽ
സാധാരണനിലയിൽ മനസ്സിലാക്കപ്പെടുന്നതിനേക്കാള്‍ സങ്കീര്‍ണമാണ് ഇക്കാര്യം. അംഗീകരിക്കപ്പെടുന്നതോ അല്ലാത്തതോ സ്ഥിതിവിവരക്കണക്കുകള്‍ നിലവിലുള്ളതോ ഇല്ലാത്തതോ ആകട്ടെ ഉല്പാദനപരമോ പുനരുൽപാദനപരമോ ആയ ഏതെങ്കിലും തൊഴിലിൽ ഏര്‍പ്പെട്ടിരിക്കുന്നവരാണ് മിക്ക സ്‌ത്രീകളും അവരുടെ പ്രശ്‌നങ്ങളാകട്ടെ, മറ്റുള്ളവരുടേതിൽനിന്നും ഗുണപരമായിത്തന്ന വ്യത്യസ്‌തമാണ്. സാമൂഹികമായ കീഴ്വഴക്കങ്ങളാണ് ഉല്പാദനപരവും പുനരുപാദനപരവുമായ തൊഴിലുകളിൽ സ്‌ത്രീയുടെ പങ്കാളിത്തം നിശ്ചയിക്കുന്നത്. തൊഴിൽവിപണിയിൽ പങ്കുപറ്റാനും സ്വയം തൊഴിലുകളിൽ ഏര്‍പ്പെടാനുമുള്ള സ്‌ത്രീയുടെ സ്വാതന്ത്ര്യം ഇത് ഇല്ലായ്‌മചെയ്യുന്നു. ഇത്തരം പരിമിതികള്‍ നിലനിൽക്കുന്നത് പല രൂപത്തിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുവിലും ചില പ്രത്യേക സാമൂഹികവിഭാഗങ്ങള്‍ക്കിടയിൽ വിശേഷിച്ചും പ്രകടമായി നിലനിൽക്കുന്ന സ്‌ത്രീവിരുദ്ധമായ സാമൂഹികനിയമങ്ങളാണ് പൊതുജീവിതത്തിന്റെ പല മേഖലകളിലും സ്‌ത്രീക്ക് സ്ഥാനം നിഷേധിക്കുന്നത്. എന്നാൽ കൂടുതൽ സ്വാതന്ത്ര്യം നിലനിൽക്കുന്നതെന്നു കരുതപ്പെടുന്ന മറ്റുചില സാമൂഹികവിഭാഗങ്ങള്‍ക്കിടയിൽ ചില പ്രത്യേക തൊഴിലുകളിലേക്കുമാത്രം സ്‌ത്രീകളെ തിരിച്ചുവിടുന്നതിനുള്ള സമ്മര്‍ദ്ദം, പ്രത്യക്ഷമായല്ലങ്കിലും, ശക്തമായി നിലനിൽക്കുന്നു.
മേൽപറഞ്ഞ കാരണങ്ങളുടെ ഫലമായി തൊഴിലില്ലായ്‌മക്കും ദാരിദ്ര്യത്തിനുമിടയിലെ ബന്ധം, പുരുഷന്‍മാരുടെ കാര്യത്തിലെന്നപോലെ സ്‌ത്രീകളുടെ കാര്യത്തിൽ സ്പഷ്‌ടമായി മനസ്സിലാക്കപ്പെടുന്നില്ല, തൊഴിലുള്ള പല സ്‌ത്രീകളും അങ്ങേയറ്റം ദയനീയമായ സാഹചര്യത്തിൽ ജീവിക്കുവാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരാണ്. വരുമാനമുള്ള തൊഴിലുണ്ടായിരിക്കുമ്പോഴും അതിനൊപ്പം വീട്ടുജോലികള്‍കൂടി ചെയ്യേണ്ടിവരുന്നത്, പലപ്പോഴും സ്‌ത്രീകളുട തൊഴിൽഭാരം വര്‍ദ്ധിപ്പിക്കുന്നതല്ലാതെ അവരുടെ ജീവിതം മെച്ചപ്പെടുന്നതിലേക്കു നയിക്കുന്നില്ല. അതുകൊണ്ട് സമൂഹം മാന്യത കൽപിക്കുന്ന തൊഴിലുകളിൽ സ്‌ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയെന്ന ഒറ്റലക്ഷ്യത്തിൽ ഊന്നുന്ന നയങ്ങള്‍, ഫലത്തിൽ, സ്‌ത്രീയുടെ ചുമലിൽ ഇരട്ടിഭാരം കയറ്റിവയ്‌ക്കുകയാണ് ചെയ്യുന്നത്. വീട്ടുജോലിയുടെ ഉത്തരവാദിത്തം അപ്പോഴും സ്‌ത്രീയുടേതായിത്തന്നെ നിലനിൽക്കുന്നു. സ്‌ത്രീകള്‍ ചെയ്യുന്ന തൊഴിലുകളുടെ സാമൂഹികമായ അംഗീകാരം ഉറപ്പുവരുത്തുകയും ഗുണനിലവാരം അംഗീകരിക്കുകയും അര്‍ഹമായവേതനം ലഭ്യമാക്കുകയും ചെയ്യുന്നതിലാണ് ബന്ധപ്പെട്ടവരുടെ ശ്രദ്ധ പതിയേണ്ടത്. വീട്ടുജോലികള്‍ക്കും ശിശുപരിപാലനത്തിനും സമാന്തരസംവിധാനങ്ങള്‍ കണ്ടത്തുകയാണ് അതിനുള്ള സാഹചര്യം സൃഷ്‌ടിക്കാന്‍ ആവശ്യമായിട്ടുള്ളത്.
പ്രതിഫലമില്ലാത്ത തൊഴിലുകളിലെ സ്‌ത്രീകളുടെ കേന്ദ്രീകരണമാണ് ഇതിന്റെ നിര്‍ണ്ണായകവശങ്ങളിലൊന്ന്. ഇന്ത്യയിലായാലും മറ്റ് വികസ്വരരാജ്യങ്ങളിലായാലും ഇത്തരം തൊഴിലുകളിൽ സിംഹഭാഗവും സ്‌ത്രീകളാണ് നിര്‍വ്വഹിക്കുന്നത്. കുടുംബത്തിൽ സ്‌ത്രീകള്‍ നിര്‍വഹിക്കുന്ന, ഭക്ഷണം തയ്യാറാക്കലും പ്രത്യുൽപാദനവുംപോലുള്ള ഉത്തരവാദിത്തങ്ങള്‍ കുടുംബബാഹ്യമായ കമ്പോളബന്ധങ്ങളുമായി ഒരിക്കലും നേരിട്ടുബന്ധപ്പെടുന്നില്ല. അതുകൊണ്ടുതന്ന ഇത്തരം ധര്‍മ്മങ്ങളുടെ ഉല്പാദനപരമായ സംഭാവനകള്‍ അവഗണിക്കുകയെന്നതാണ് സാധാരണ കാണുന്ന രീതി. അതുകൊണ്ടുതന്ന പരമ്പരാഗതമായ സാമൂഹികനിയമങ്ങളും മൂല്യബോധവും പുരുഷാധിപത്യധാരണകളും ചേര്‍ന്ന് കുടുംബകേന്ദ്രിതമായ ഈ അധ്വാനമത്രയും അദൃശ്യമാക്കി നിലനിര്‍ത്തുന്നു. സ്‌ത്രീയുടെ ഉല്പാദനപരമായ സംഭാവനകളുടെ ഈ അദൃശ്യസ്വഭാവം ഇതുസംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ അപൂര്‍ണവും അസംസ്‌കൃതവുമാക്കുകയും സ്‌ത്രീയുടെ സംഭാവനകള്‍ പ്രതിഫലിപ്പിക്കുന്നതിൽ അത് പരാജയപ്പെടുകയും ചെയ്യുന്നു.
ഇത്തരം പ്രതിഫലമില്ലാത്ത ജോലികളുടെ സാമൂഹികമായ വിതരണം സ്‌ത്രീകള്‍ ചെയ്യുന്ന മറ്റു ജോലികള്‍ പരിഗണിക്കാതെയാണ് നടക്കുന്നത്. കുറഞ്ഞവരുമാനക്കാരായ വിഭാഗങ്ങള്‍ക്കിടയിലെ സ്‌ത്രീകളുടെ കാര്യത്തിൽ, വീട്ടുജോലികള്‍ക്കും അതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ക്കും പുറമേനിന്നുള്ള അധ്വാനശക്തി വിലയ്‌ക്കുവാങ്ങുക പ്രായോഗികമല്ല. ഇത്തരം ഉത്തരവാദിത്തങ്ങള്‍ കുടുംബത്തിലെ മുതിര്‍ന്ന സ്‌ത്രീകളുടെയോ പെണ്‍കുട്ടികളുടെയോ ചുമലിൽ വന്നുവീഴുകയോ അതൊരു അധികഭാരമായി (തൊഴിലെടുക്കുന്ന) സ്‌ത്രീ തന്നെ ഏറ്റെടുക്കേണ്ടിവരികയോ ചെയ്യുന്നു. വരുമാനമുള്ള മറ്റ് തൊഴിലുകളിൽ ഏര്‍പ്പെട്ടിരിക്കുന്ന സ്‌ത്രീകളുടെ കാര്യത്തിൽ, പ്രതിഫലം ഇല്ലാത്ത വീട്ടുജോലികളുടെ സാമ്പത്തികമായ പ്രാധാന്യം പരിഗണിക്കുകയും വീട്ടുജോലികളുടെ ലിംഗാധിഷ്‌ഠിതമായ വിതരണത്തിൽ മാറ്റം വരുത്തുകയും ചെയ്യുന്നതിലാണ് ഊന്നൽ നൽകേണ്ടത്.
എന്നാൽ, സ്‌ത്രീക്ക് സാമ്പത്തികസജീവതയുള്ള അവസരങ്ങളിലും ഒപ്പമുള്ള പുരുഷന്മാര്‍ ഏര്‍പ്പെടുത്തുന്ന പലവിധ നിയന്ത്രണങ്ങള്‍ നേരിട്ടുകൊണ്ടാണ് അവള്‍ക്കു പ്രവര്‍ത്തിക്കേണ്ടിവരുന്നത്. രാജ്യത്തെ തൊഴിൽശക്തിയുടെ പകുതിയിലധികം ഉള്‍ക്കൊള്ളുകയും മൂന്നിൽ രണ്ടുഭാഗം കുടുംബങ്ങള്‍ക്കും ജീവിതമാര്‍ഗം പ്രദാനം ചെയ്യുകയും ചെയ്യുന്ന കാര്‍ഷികമേഖലയുടെ കാര്യംതന്ന എടുക്കാം. കാര്‍ഷികവൃത്തി ഉപേക്ഷിക്കുന്നവരിൽ സ്‌ത്രീകളെക്കാള്‍ പുരുഷന്മാരാണുള്ളത്. അതുകൊണ്ടുതന്ന പുരുഷന്മാരേക്കാളേറെ സ്‌ത്രീകളുടെ പങ്കാളിത്തം കാര്‍ഷികമേഖലയിൽ വര്‍ദ്ധിച്ചുവരികയാണ്.
മൊത്തത്തിലെടുത്താൽ, കര്‍ഷകത്തൊഴിലാളികളിൽ 40 ശതമാനത്തോളം സ്‌ത്രീകളാണ്. തെക്കന്‍ സംസ്ഥാനങ്ങളിൽ പലതിലും ഇത് 50 ശതമാനത്തിൽ കൂടുതലാണ്. കാര്‍ഷികമേഖല സ്‌ത്രീകളുടെ കാര്യത്തിൽ താരതമ്യേന കൂടുതൽ പ്രാധാന്യമുള്ള തൊഴിൽദാതാവാണ്. കര്‍ഷകത്തൊഴിലാളികളിൽ പകുതിയോളം വരുന്ന പുരുഷന്മാരുമായി താരതമ്യം ചെയ്താൽ, കണക്കാക്കപ്പെടുന്ന സ്‌ത്രീത്തൊഴിലാളികളിൽ 4 ൽ 3 ഭാഗവും കാര്‍ഷികമേഖലയിലാണ്. ഗ്രാമീണ ഇന്ത്യയിൽ ഇത് 85 ശതമാനം വരും.
സാധാരണയായി സ്‌ത്രീകളായ കര്‍ഷകര്‍ സ്വന്തംപേരിൽ ഭൂമിയുള്ളവരല്ല. വായ്‌പാസ്ഥാപനങ്ങളിൽനിന്ന് സഹായം സ്വീകരിക്കാനുള്ള കര്‍ഷകരായ സ്‌ത്രീകളുടെ അവസരം ഇത് പരിമിതപ്പെടുത്തുന്നു. ജലസേചനസൌകര്യങ്ങള്‍, മറ്റ് അടിസ്ഥാനസൌകര്യങ്ങള്‍, സര്‍ക്കാര്‍ സേവനങ്ങള്‍, നിക്ഷേപസാധ്യതകള്‍, കമ്പോളത്തിന്റെ പിന്‍ബലം എന്നിവ ഇതുമൂലം ദുര്‍ബലപ്പെടുന്നു.
കാര്‍ഷികമേഖലയ്‌ക്കു പുറത്തും സ്ഥിതി സമാനമാണ്. അനൌപചാരികസ്വഭാവമുള്ള തൊഴിലുകളിലും കുറഞ്ഞ വേതനമുള്ള സ്വയം തൊഴിലുകളിലമാണ് സ്‌ത്രീകളുടെ തിക്കും തിരക്കും. ശേഷിക്കുന്നവരിൽ ഭൂരിഭാഗവും ചെറുകിട നിര്‍മാണപ്രവര്‍ത്തനങ്ങളിലും സാധാരണതൊഴിലുകളിലും ചില സേവനപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നവരാണ്.
പുരുഷാധിപത്യപ്രവണതകള്‍ക്കു വഴങ്ങുന്ന വായ്‌പാസ്ഥാപനങ്ങളുടെ സഹായം ചെറുകിട ഉല്പാദകരായ സ്‌ത്രീകള്‍ക്കു ലഭ്യമാകാത്തതാണ് ഈ രംഗത്തെ വലിയൊരു പ്രശ്‌നം. ഇത് അവരുടെ ചെലവുകള്‍ വര്‍ദ്ധിക്കാന്‍ ഇടവരുത്തുകയും വിഭവസമാഹരണം പ്രയാസമാക്കുകയും ചെയ്യുന്നു. പണപരമായ മേൽപ്പറഞ്ഞതരം സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന വിധത്തിൽ സ്‌ത്രീകളുടെ സാഹചര്യം മെച്ചപ്പെടുത്തുകയും, അതിലൂടെ വായ്‌പാ സൌകര്യങ്ങള്‍ സ്‌ത്രീക്കും പുരുഷനും ഒരുപോലെ ലഭ്യമാക്കുകയും ചെയ്യുന്നതിനുപകരം സ്‌ത്രീകള്‍ക്ക് ചെറിയ തുകകള്‍ വായ്‌പയായി ലഭ്യമാക്കുന്നതിലായിരുന്നു ഇതുവരെയുള്ള ഊന്നൽ.
കൂലിയിലെ വിവേചനം
പുരുഷന്‍മാര്‍ പ്രയോഗിക്കുകയും കൈമാറുകയും ചെയ്യുന്ന പുതിയ തൊഴിലുകളിലെ സവിശേഷവൈദഗ്ധ്യം സ്വായത്തമാക്കാന്‍ സ്‌ത്രീക്ക് മതിയായ അവസരമില്ലാത്തതിനാൽ, സ്‌ത്രീകളുടെ തൊഴിൽശക്തിയിൽ വലിയൊരു പങ്കും കുറഞ്ഞവേതനമുള്ള സാധാരണതൊഴിലുകളിൽ ഒതുങ്ങിപ്പോകുന്നു. സ്ഥിരാടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ തൊഴിലുകളിൽ സ്‌ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിച്ചുവരുമ്പോഴും, വേതനം കുറഞ്ഞ സേവനമേഖലകളിൽ സ്‌ത്രീകളെ നിറയ്‌ക്കുകയെന്നതാണ് ഇപ്പോഴും ഗവണ്‍മെന്റിന്റെ സമീപനം. അംഗന്‍വാടി ജീവനക്കാരും സാമൂഹികാരോഗ്യപ്രവര്‍ത്തകരും ശിക്ഷാകേന്ദ്രങ്ങളിലെ പരിശീലകരും മറ്റുസര്‍ക്കാര്‍ ജീവനക്കാര്‍ക്കു തുല്യരായി പരിഗണിയ്‌ക്കപ്പെടുന്നില്ല. മാത്രമല്ല, പല സംസ്ഥാനങ്ങളിലും അവരുടെ ശമ്പളം മിനിമം കൂലിയേക്കാള്‍ കുറവുമാണ്. 'റെമ്യൂണെറേഷന്‍' പറ്റുന്ന സാമൂഹിക-സന്നദ്ധപ്രവര്‍ത്തകരെ'ന്നാണ് അവരെ വിളിക്കുന്നതുപോലും. നാഷണൽ സാംപിള്‍ സര്‍വേ നൽകുന്ന വിവരങ്ങള്‍പ്രകാരം, വേതനത്തിലെ സ്‌ത്രീ- പുരുഷവിവേചനം രാജ്യത്ത് വര്‍ദ്ധിച്ചുവരികയാണ്. മൊത്തം ദേശീയവരുമാനത്തിൽ വലിയ വര്‍ദ്ധനവുണ്ടായിട്ടും, സ്‌ത്രീത്തൊഴിലാളിയുടെ ശരാശരി വേതനം മുരടിക്കുകയോ, ചില മേഖലകളിലെങ്കിലും, ഇടിയുകയോ ആണ് ചെയ്‌തിട്ടുള്ളത്.
മാറ്റം സാധ്യമാണോ?
ഇതെല്ലാം ശരിയാണെന്നും ഈ അവസ്ഥ മാറേണ്ടതാണെന്നും പറയാന്‍ എളുപ്പമാണ്. എന്നാൽ അത് സംഭവിക്കണമെങ്കിൽ, ആസൂത്രിതമായ സാമ്പത്തിക കര്‍മപരിപാടികള്‍ കൂടിയേ തീരൂ. പാര്‍ലമെന്ററി രംഗത്തെ സംവരണത്തിലൂടെ മാത്രം ഈ സ്ഥിതി മാറ്റിത്തീര്‍ക്കാനാവില്ല എന്നു വാദിക്കുന്നവരുണ്ട്. എന്നാൽ സാധാരണക്കാരായ സ്‌ത്രീകളുടെ ശാക്തീകരണത്തിന് ഇത് സഹായകമാകുമെന്ന അഭിപ്രായ(വാദ)മാണ് പൊതുവേ നിലനിൽക്കുന്നത്. പ്രാഥമികമായി നോക്കിയാൽ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ളവരെയാണ് ഇത് സഹായിക്കുക. ഇന്ത്യയിലെ സാധാരണക്കാരായ സ്‌ത്രീകളുടെ പദവിയിൽ മാറ്റംവരുത്താന്‍ ഇതിന് പ്രതീകാത്മകമായി സാധിക്കുമെന്നും വാദിക്കുന്നവരുമുണ്ട്. ഫലത്തിൽ ഇത് എങ്ങനെയായിരിക്കുമെന്നത് ഇനിയും കാണാനിരിക്കുന്നതേയുള്ളൂ. എന്നാൽ, പിറകോട്ടടിക്കാന്‍ എളുപ്പമല്ലാത്ത ഒരു പ്രക്രിയയുടെ തുടക്കമാണ് ഇതെന്ന കാര്യത്തിൽ സംശയമുണ്ടാവാന്‍ ഇടമില്ല. അതുകൊണ്ടുതന്നയാണ് സ്‌ത്രീവിമോചനപ്രവര്‍ത്തകരും വനിതാഗ്രൂപ്പുകളും ഈ നിയമത്തിന്റെ പ്രാധാന്യത്തിൽ ഇത്രയധികം ഊന്നുന്നത്.
എന്തുകൊണ്ടാണ് ഈ നിയമം ഇത്രവലിയ മാറ്റമുണ്ടാക്കുമെന്ന് പറയുന്നത് ? രാജ്യത്തെ സാധാരണക്കാരായ സ്‌ത്രീകളുടെ അവസ്ഥയിൽ വലിയ മാറ്റമുണ്ടാക്കാന്‍ ഈ ഒരൊറ്റ നിയമംകൊണ്ടുമാത്രം കഴിയുമെന്നും ഒരാളും വാദിക്കുകയില്ല. ദേശീയരാഷ്‌ട്രീയത്തിൽ നിര്‍ണായകമായ പാര്‍ലമെന്ററി പദവികളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന മുഴുവന്‍ സ്‌ത്രീകളും രാജ്യത്തെ സ്‌ത്രീസാമാന്യത്തിന്റെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പോരാടുമെന്ന് നമുക്ക് അവകാശപ്പെടാനുമാവില്ല. പ്രചോദനാത്മകങ്ങളായ ചില അപവാദങ്ങള്‍ മാറ്റിവെച്ചാൽ, ഇന്ത്യന്‍ പാര്‍ലിമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതാ അംഗങ്ങള്‍ പലരും ആ രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞവരല്ല.
വിശാലമായ സ്‌ത്രീശാക്തീകരണപ്രക്രിയ കെട്ടഴിച്ചുവിടാന്‍ ഈ നിയമനിര്‍മാണത്തിനു കഴിയുമെന്നതാണ് പ്രധാനകാര്യം. സ്‌ത്രീപ്രാതിനിധ്യവുമായി ബന്ധപ്പെട്ട കണക്കുകള്‍ക്ക് ഇതിൽ വലിയ പങ്കുണ്ട്. നിലവിൽ പാര്‍ലമെന്റ് അംഗങ്ങളിൽ 8.2 ശതമാനം മാത്രമാണ് സ്‌ത്രീകള്‍. 20 വര്‍ഷം മുമ്പുണ്ടായിരുന്ന അനുപാതവുമായി താരതമ്യം ചെയ്താൽ ഇത് ഏകദേശം പകുതികണ്ട് കുറവാണ്. പ്രശ്‌നങ്ങളെ സ്‌ത്രീകളുടേതായ പരിപ്രേക്ഷ്യത്തിൽ അവതരിപ്പിക്കാനും ലിംഗനീതി കണക്കിലെടുത്തുകൊണ്ടുള്ള നിയമങ്ങള്‍ക്കും നയങ്ങള്‍ക്കുംവേണ്ടി ശബ്‌ദിക്കാനും കഴിവില്ലാത്ത ദുര്‍ബലരായ ഒരു ന്യൂനപക്ഷമായിരിക്കും, ഈ അവസ്ഥയ്‌ക്കു മാറ്റമുണ്ടായില്ലങ്കിൽ, ഇന്ത്യന്‍ പാര്‍ലമെന്റിലെ സ്‌ത്രീകള്‍. മറ്റ് അംഗങ്ങളുടെ മതിയായ പിന്തുണ ഇല്ലാതെപോയാൽ ഇത്തരം പ്രശ്‌നങ്ങളിൽ ഇവര്‍ ഒറ്റപ്പെടുകയും ചെയ്യും.
സ്‌ത്രീഅംഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ മാറ്റം കണ്ടുതുടങ്ങുമെന്നുറപ്പാണ്. സ്‌ത്രീകള്‍ക്ക് കൂടിയ പ്രാതിനിധ്യമുള്ള നിയമനിര്‍മാണസഭകള്‍ ലിംഗനീതിക്കുവേണ്ടിയുള്ള നിയമനിര്‍മാണങ്ങളിൽ കൂടുതൽ ഉത്സാഹം കാണിക്കുന്നതും, സ്‌ത്രീകള്‍ കൂടുതലായി സംസാരിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന വേറിട്ട സംസ്കാരം അത്തരം സഭകളിൽ നിലനിൽക്കുന്നതും അനുഭവമാണ് (നോര്‍വെ, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങള്‍ ഉദാഹരണം)
തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ള 'കുറച്ച്'സ്‌ത്രീകളുടെ മാത്രം കാര്യമല്ല ഇതെന്നര്‍ഥം. രാജ്യത്തെ സാധാരണക്കാരായ സ്‌ത്രീകള്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിൽ, നയങ്ങളിലും നിയമങ്ങളിലും ലിംഗസമത്വത്തിനുവേണ്ടിയുള്ള ഊന്നൽ ഉണ്ടാവണം. പ്രാദേശികസഭകളിൽ സ്‌ത്രീകള്‍ക്ക് സ്ഥാനങ്ങള്‍ സംവരണം ചെയ്‌തുകൊണ്ടുള്ള 73-ഉം, 74-ഉം ഭരണഘടനാഭേദഗതികളുടെ നല്ല ഫലങ്ങള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ദേശീയതലത്തിൽ ഇതുതന്നയാണ് സംഭവിക്കാനിരിക്കുന്നത്.
അന്നം കൊണ്ടുവരുന്ന പുരുഷന്‍ എന്ന സങ്കല്പത്തിൽനിന്ന് പുറത്തുകടക്കാന്‍ സമൂഹത്തെ സഹായിക്കുന്ന വിധത്തിൽ നിയമങ്ങളും നയങ്ങളും മാറ്റിയെടുക്കാന്‍ കൂടുതൽ സ്‌ത്രീകള്‍ പാര്‍ലിമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ടതിന്റെ അനിവാര്യത ഈ നിയമം ഉള്‍ക്കൊള്ളുന്നുണ്ട്. കൂടുതൽ നീതിപൂര്‍വകവും അതിജീവനക്ഷമവുമായ ഒരു സാമ്പത്തികപരിപാടി കരുപ്പിടിപ്പിക്കാന്‍ സഹായിക്കുന്ന സാഹചര്യം ഇത് സൃഷ്‌ടിക്കും. ഈ നിയമനിര്‍മാണം സ്‌ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഒരു കുതിച്ചുചാട്ടം മാത്രമല്ല, ഇന്ത്യന്‍ സമൂഹത്തെ മൊത്തത്തിലും സമ്പദ് വ്യവസ്ഥയെ വിശേഷിച്ചും മാറ്റിത്തീര്‍ക്കാന്‍ കഴിയുന്ന നിര്‍ണായകമായ ഒരു ചുവടുവയ്‌പ് കൂടിയായിരിക്കും.
*
ജയതിഘോഷ്, പരിഭാഷ: ഷിജു ഏലിയാസ്
കടപ്പാട് : യുവധാര
Saturday, June 19, 2010
Subscribe to:
Post Comments (Atom)
2 comments:
ഇന്നത്തെ പുരുഷാധിപത്യവ്യവസ്ഥിതി സ്‌ത്രീകളെ എങ്ങനെ കാണുന്നുവെന്നറിയാനുള്ള വഴികളിലൊന്ന് പ്രധാനപ്പെട്ട നയരൂപീകരവേദികളിൽ സ്‌ത്രീകള്‍ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം എത്രമാത്രം കണക്കിലെടുക്കപ്പെടുന്നു എന്ന് അന്വേഷിക്കുകയാണ്. ഇക്കാര്യത്തിൽ ഇന്ത്യയുടെ സ്ഥിതി വളരെ മോശമാണ്. ശ്രദ്ധേയങ്ങളായ ചുരുക്കം ചില പേരുകള്‍ അപവാദമായി വന്നക്കാമെങ്കിലും, ഇന്നും ഇന്ത്യയിലെ സ്‌ത്രീകളും പെണ്‍കുട്ടികളും വലിയ ലിംഗവിവേചനമാണ് നേരിടേണ്ടിവരുന്നത്. ഏഷ്യയിലേതുള്‍പ്പെടെയുള്ള മറ്റു വികസ്വരരാജ്യങ്ങളുമായി തട്ടിച്ചുനോക്കിയാൽപോലും ഇന്ത്യയുടെ സ്ഥിതി പരമദയനീയമാണ്. പല ലിംഗപദവിസൂചകങ്ങളുടെ കാര്യത്തിലും ഇന്ത്യയുടെ പദവി സഹാറന്‍ രാജ്യങ്ങളുടേതിനോട് വളരെ അടുത്താണ്. ലിംഗാടിസ്ഥാനത്തിലുള്ള ശിശുമരണനിരക്ക്, വിദ്യാഭ്യാസം (സാക്ഷരത, സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കൽ, ഉയര്‍ന്നകോഴ്‌സുകളിൽ ചേര്‍ന്നു പഠിക്കൽ തുടങ്ങിയവ), പോഷകാഹാരവും ആരോഗ്യരക്ഷയും (പോഷകാഹാരക്കുറവ്, പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യം, പ്രസവകാലമരണനിരക്ക്) തൊഴിൽ (തൊഴിൽപങ്കാളിത്തം, കൂലിയിലെ വിവേചനം), സുരക്ഷിതത്വവും പൊതു അംഗീകാരവും (സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, രാഷ്‌ട്രീയപങ്കാളിത്തം) തുടങ്ങിയവയുമായി ബന്ധപ്പെട്ട കണക്കുകള്‍ ഇതു വ്യക്തമാക്കുന്നു.
വന്നിരുന്നു...
Post a Comment