ആദിവാസികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് 12നും 13നും ഡെല്‍ഹിയില്‍ നടക്കുന്ന ദേശീയ കണ്‍വന്‍ഷനില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 230 പ്രതിനിധികള്‍ പങ്കെടുക്കും. ചെറുത്തുനില്‍പ്പിന്റെയും പോരാങ്ങളുടെയും അനുഭവങ്ങള്‍ പങ്കിടാനും അടിയന്തരാവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ഭാവിപരിപാടി ആവിഷ്കരിക്കാനുമാണ് കണ്‍വന്‍ഷന്‍. ആദിവാസി സമൂഹത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ഏകോപിപ്പിക്കാനുമുള്ള നടപടികളും ചര്‍ച്ചചെയ്യും. ഇന്ത്യയിലെ ആദിവാസിസമൂഹത്തിന്റെ മുന്നേറ്റത്തിനും ദേശവ്യാപകപോരാട്ടങ്ങള്‍ക്കുമായി "ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ച്'' എന്ന സംഘടനയുടെ രൂപീകരണവും കണ്‍വന്‍ഷന്റെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കര്‍ഷകരുടെയും തൊഴിലാളികളുടെയും ജന്മിത്വവിരുദ്ധ, മുതലാളിത്തവിരുദ്ധ സംഘടിത പ്രസ്ഥാനങ്ങള്‍ക്കുള്ള പ്രാധാന്യം ആദിവാസിസമൂഹത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനുമുണ്ട്. തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും സാമൂഹ്യ-സാമ്പത്തിക സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ താരതമ്യംചെയ്യുമ്പോഴും ആദിവാസി സ്ത്രീകളും യുവാക്കളും വിദ്യാര്‍ഥികളും പട്ടികവിഭാഗങ്ങളില്‍തന്നെ ഏറ്റവും താഴ്ന്ന ശ്രേണിയിലാണ്. ആദിവാസിസമൂഹം ഇന്ന് നേരിടുന്ന കടന്നാക്രമണങ്ങള്‍ മനസിലാക്കാനുള്ള അവസരം സൃഷ്ടിക്കാനായി ഈ വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടനകളുടെ പ്രതിനിധികളെയും കണ്‍വന്‍ഷനിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ബലംപ്രയോഗിച്ച് ഭൂമി ഒഴിപ്പിക്കല്‍, ഭരണഘടനാ വ്യവസ്ഥകള്‍ ലംഘിച്ച് കോര്‍പറേറ്റുകള്‍ക്കായി ആദിവാസി ഭൂമി ഏറ്റെടുക്കല്‍, കൂടുതല്‍ ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്കും പോഷകാഹാരക്കുറവിലേക്കും ആദിവാസികളെ നയിക്കല്‍ എന്നിങ്ങനെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍, മുന്‍ എന്‍ഡിഎ സര്‍ക്കാരിന്റെ നയങ്ങള്‍ കൂടുതല്‍ തീവ്രതയോടെ നടപ്പാക്കുന്നത് സമഗ്ര വളര്‍ച്ചയെന്ന ഇവരുടെ അവകാശവാദത്തെ പരിഹാസ്യമാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തമാക്കാനുള്ള നടപടികള്‍ കണ്‍വന്‍ഷന്‍ ചര്‍ച്ചചെയ്യും.
നമ്മുടെ രാജ്യത്തെ വ്യത്യസ്ത സാമൂഹ്യ വിഭാഗങ്ങള്‍ നേരിടുന്ന വിവേചനങ്ങളും ചൂഷണങ്ങളും പരിഹരിക്കാന്‍ ശ്രമിക്കാത്തിടത്തോളം നീതിക്കുവേണ്ടിയുള്ള മുന്നേറ്റം സാധ്യമല്ല. പട്ടികജാതിക്കാരും പട്ടികവര്‍ഗങ്ങളും സ്ത്രീകളും ന്യൂനപക്ഷ വിഭാഗങ്ങളും നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്.
ആദിവാസികള്‍ സാമൂഹ്യവും സാമ്പത്തികവുമായ ചൂഷണവും വിവേചനവും അനുഭവിക്കുന്നു. ആദിവാസികളില്‍ ബഹുഭൂരിപക്ഷവും ചൂഷിതവര്‍ഗത്തില്‍പെടുന്നവരാണ്, വര്‍ഗപരമായ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ വിപ്ളവകരമായ സാമൂഹ്യമാറ്റത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ അണിനിരക്കേണ്ട പ്രധാനവിഭാഗമാണ് ഇവര്‍.
ആദിവാസികളില്‍ 70 ശതമാനവും ചെറുകിട-നാമമാത്ര കര്‍ഷകരാണ്. 30 ശതമാനം ഭൂരഹിതരും. 15-20 ശതമാനത്തിന് കിടപ്പാടംപോലും സ്വന്തമായില്ല. ധാതുസമ്പന്നമായ ഭൂമിയില്‍ താമസിച്ചിരുന്ന ആദിവാസികളെ അവിടെനിന്ന് ആട്ടിയോടിച്ചശേഷമാണ് എന്‍ഡിഎ-യുപിഎ സര്‍ക്കാരുകള്‍ കോര്‍പറേറ്റുകള്‍ക്ക് ഖനനത്തിനായി ഇവിടങ്ങള്‍ വിട്ടുകൊടുത്തത്. ആദിവാസികള്‍ക്ക് പേരിനുള്ള നഷ്ടപരിഹാരംപോലും നല്‍കിയില്ല.
ഭൂമിയിന്മേലുള്ള അവകാശം, ഭൂപരിഷ്കരണങ്ങള്‍, ഒഴിപ്പിക്കലിനെതിരായ പോരാട്ടങ്ങള്‍, ഭൂമി അന്യാധീനമാകുന്നതിനെതിരായ പ്രക്ഷോഭങ്ങള്‍ എന്നിവ കണ്‍വന്‍ഷന്‍ ചര്‍ച്ചചെയ്യുന്ന വിഷയങ്ങളാണ്. 2002നുശേഷം 40 ലക്ഷം ഹെക്ടര്‍ ഭൂമിയാണ് പ്രത്യേക സാമ്പത്തികമേഖല, ഖനനം, ജലസേചനം എന്നീ ആവശ്യങ്ങളുടെ പേരില്‍ ആദിവാസികളില്‍നിന്നും മറ്റ് ദരിദ്രരില്‍നിന്നും തട്ടിപ്പറിച്ചത്. ഇക്കാലത്ത് ആന്ധ്രാപ്രദേശിലെ വിശാഖ, പൊള്ളവാരം, ഒറീസയിലെ സുന്ദര്‍ഗഞ്ച്, ജയ്പുര്‍, ജഗദീഷ്നഗര്‍, ജാര്‍ഖണ്ഡിലെ റാഞ്ചി, കന്ദാഹിത്, ധുംക, മഹാരാഷ്ട്രയിലെ നാസിക്, താനെ, നന്ദെഡ്, മധ്യപ്രദേശിലെ സത്ന, ഷാദോള്‍ എന്നീ മേഖലകളില്‍ ആദിവാസികള്‍ ഇടതുസംഘടനകളുടെ നേതൃത്വത്തില്‍ സുശക്തവും സുസംഘടിതവുമായ ഭൂസമരങ്ങള്‍ നടത്തി. ഈ പോരാട്ടങ്ങളില്‍ പങ്കെടുത്തവരില്‍ പലരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. അവരുടെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് മുതല്‍ക്കൂട്ടാകും. ആദിവാസിമേഖലകളിലെ ഭൂമി ഏറ്റെടുക്കുന്നതിനെ അന്ധമായി എതിര്‍ക്കുകയല്ലെന്ന് അനുഭവം വ്യക്തമാക്കുന്നു. കുടിയൊഴിപ്പിക്കലും പരിസ്ഥിതിക്ക് ഏല്‍ക്കുന്ന ആഘാതവും ആദിവാസികളുടെ ജീവനോപാധികളെ തകര്‍ക്കുന്നു. ആദിവാസിമേഖലകളിലെ ഭൂമി ഏറ്റെടുക്കാന്‍ ഗ്രാമസഭകളുടെ അനുമതി ലഭിച്ചിരിക്കണമെന്ന വ്യവസ്ഥ പാലിക്കുന്നില്ല. പലയിടത്തും ബദല്‍പദ്ധതികള്‍ നിര്‍ദേശിച്ചിരുന്നു. ആദിവാസി വനാവകാശനിയമം ഫലപ്രദമായി നടപ്പാക്കാത്തതും ആദിവാസികള്‍ക്ക് പട്ടയം നല്‍കാനുള്ള പ്രക്രിയയെ വനംഉദ്യോഗസ്ഥരും സര്‍ക്കാരുകളും അട്ടിമറിക്കുന്നതും ആശങ്കാജനകമാണ്. ആദിവാസിക്ഷേമ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ കണക്കുപ്രകാരം, 2010 മാര്‍ച്ച് 31 വരെ ഭൂമിക്കായി ആദിവാസികള്‍ നല്‍കിയത് 27.44 ലക്ഷം അപേക്ഷയാണ്, എന്നാല്‍ ഭൂമി കിട്ടിയത് 7.82 ലക്ഷം പേര്‍ക്ക് മാത്രം.
പരമ്പരാഗത ജീവിതമേഖലകളില്‍നിന്ന് ആട്ടിയിറക്കപ്പെടുന്ന ആദിവാസികള്‍ ഗ്രാമീണ-നഗരപ്രദേശങ്ങളില്‍ അസംഘടിത തൊഴിലാളികളായി ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഉദാഹരണത്തിന് ആദിവാസി സ്ത്രീ-പുരുഷന്മാര്‍ വന്‍തോതില്‍ നിര്‍മാണമേഖലയില്‍ പണിയെടുക്കുന്നു. സിഐടിയു നേതൃത്വത്തിലുള്ള ട്രേഡ് യൂണിയനുകള്‍ നിര്‍മാണമേഖലയില്‍ ആദിവാസികളെ സംഘടിപ്പിച്ചിട്ടുണ്ട്, ഗ്രാമീണമേഖലയിലെ ആദിവാസികളെ സംഘടിപ്പിക്കുന്നതില്‍ ഇവര്‍ക്ക് ഗണ്യമായ പങ്ക് വഹിക്കാന്‍ കഴിയും. ഖനികളിലും ക്വാറികളിലും ഇഷ്ടികക്കളങ്ങളിലും ആദിവാസികള്‍ ജീവിതമാര്‍ഗം തേടുന്നു. സ്ത്രീകള്‍ ഗാര്‍ഹികത്തൊഴിലാളികളായി മാറുന്നു. അതുകൊണ്ട്, ആദിവാസികള്‍ പൊതു ട്രേഡ് യൂണിയനുകളില്‍ ചേരാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്, എന്നാല്‍ ഇവരുടെ സാമൂഹ്യ-സാമ്പത്തിക അവസ്ഥകള്‍ക്ക് തനതായ സവിശേഷതയുണ്ട്. ആന്ധ്രാപ്രദേശിലെ ഗിരിജന്‍ സംഘങ്ങള്‍ ഇത്തരത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു, ആദിവാസി അങ്കണവാടി ജീവനക്കാരും ഗ്രാമീണമേഖലയില്‍ ആദിവാസികളെ സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്.
കാര്‍ഷികമേഖലയില്‍ മുതലാളിത്ത ബന്ധങ്ങള്‍ ആക്രമണോത്സുകമായി വ്യാപിച്ചതും ആദിവാസിസമൂഹങ്ങളിലെ ഇതിന്റെ പ്രത്യാഘാതവും സാമൂഹ്യ-സാമ്പത്തിക മണ്ഡലങ്ങളില്‍ മാത്രമല്ല പ്രതിഫലിക്കുന്നത്, ആദിവാസികള്‍ ജീവിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന സാംസ്കാരിക ചട്ടക്കൂടിനെയും ബാധിക്കുന്നു. ആദിവാസികളുടെ ഭാഷയും സംസ്കാരവും ശക്തമായ കടന്നാക്രമണം നേരിടുകയാണ്. മുതലാളിത്ത മൂല്യങ്ങളും ഉപഭോക്തൃത്വരയും ആദിവാസികളുടെ വിവാഹസമ്പ്രദായങ്ങളെപോലും മാറ്റിമറിച്ചിരിക്കുന്നു. സ്ത്രീധനവും മറ്റും കടന്നുവരുന്നു.
ആദിവാസികളുടെ സംസ്കാരവും തനിമയും ഇരട്ട ആക്രമണം നേരിടുന്ന സാഹചര്യത്തിലാണ് ഈ കണ്‍വന്‍ഷന്‍ ചേരുന്നത്. ഒരു വശത്ത്, മതമൌലികവാദികള്‍ മതത്തിന്റെ പേരില്‍ ആദിവാസികളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. ആര്‍എസ്എസ് കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഒറീസയിലെ കന്ദമാലില്‍ ഉണ്ടായ ഭീകരസംഭവങ്ങള്‍ ഇതിന് ഉദാഹരണമാണ്. ആര്‍എസ്എസ് സംഘടനകള്‍ സൃഷ്ടിച്ച വര്‍ഗീയഭിന്നത ജീവനും സ്വത്തിനും ജീവിതമാര്‍ഗങ്ങള്‍ക്കും നാശം വരുത്തി. മറുവശത്ത്, സാമ്രാജ്യത്വ ശക്തികളുടെയും ചില രാഷ്ട്രീയശക്തികളുടെയും സാമ്പത്തികസഹായത്തോടെ പ്രവര്‍ത്തിക്കുന്ന പല സര്‍ക്കാരിതര സംഘടനകളും ആദിവാസികള്‍ക്കിടയില്‍ സ്വത്വരാഷ്ട്രീയത്തിന്റെ വിവിധ രൂപങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതുവഴി ആദിവാസികളെ അവരുടെ തൊഴിലാളിവര്‍ഗ സ്വഭാവത്തില്‍നിന്ന് വേര്‍പെടുത്തുകയും തൊഴിലാളികളുടെയും കര്‍ഷകരുടെയും പോരാട്ടങ്ങളില്‍നിന്ന് ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. മുന്നേറ്റത്തിനുള്ള പോരാട്ടങ്ങള്‍ സംഘടിപ്പിക്കാന്‍ ആദിവാസികളുടെ സംസ്കാരവും ഭാഷകളും സ്വത്വവും സംരക്ഷിക്കുകയെന്ന ജനാധിപത്യപരമായ ആവശ്യത്തിന് ഇത്തരം പ്രവണതകള്‍ കടുത്ത ഭീഷണിയാണ്.
ഇടതുപക്ഷ സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ആദിവാസികളുടെ പ്രതിനിധികളും കണ്‍വന്‍ഷനില്‍ അവരുടെ അനുഭവം പങ്കിടും. ജാര്‍ഖണ്ഡ് അഞ്ചാം പട്ടികയിലുള്ള പ്രദേശമാണെങ്കിലും ഇവിടത്തെ സാന്താളുകള്‍ക്ക് ബംഗാളിലെ ഇതേ വിഭാഗത്തിനുള്ള അവകാശങ്ങള്‍ ലഭ്യമല്ല. ബംഗാളിലെ ഇടതുസര്‍ക്കാര്‍ സാന്താളുകളുടെ ഭാഷയായ ഒല്‍ ചിക്കി മാധ്യമത്തിലുള്ള 1500 സ്കൂള്‍ സ്ഥാപിച്ചു. ജാര്‍ഖണ്ഡില്‍ ഇതിന്റെ മൂന്നിലൊന്ന് സ്കൂള്‍ പോലുമില്ല. ഇതുപോലെ ത്രിപുരയിലെ ഇടത് സര്‍ക്കാര്‍ കോക് ബോറോക്കിനെ അധ്യയനമാധ്യമമായി അംഗീകരിക്കുകയും ഇതിനെ ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവരുന്നു.
പല സംസ്ഥാനങ്ങളിലും ആദിവാസികള്‍ മാവോയിസ്റുകളുടെ നിഷ്ഠുര ആക്രമണത്തിന് വിധേയരാകുന്നു. മാവോയിസ്റുകളെ എതിര്‍ക്കുന്നവരെ ക്രൂരമായി പീഡിപ്പിക്കുന്നു. ഛത്തീസ്ഗഢിലും മറ്റും മാവോയിസ്റുകളെ നേരിടുന്നതിന്റെ പേരില്‍ ഭരണകൂടം ആദിവാസികളെ അടിച്ചമര്‍ത്തുന്നു. ഇത്തരം കടന്നാക്രമണങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. നിരപരാധികളായ ആദിവാസികള്‍ മാവോയിസ്റുകള്‍ക്കും ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിനും മധ്യേ ഞെരിഞ്ഞമരുകയാണ്. ആയിരക്കണക്കിന് ആദിവാസികുടുംബങ്ങളാണ് പീഡനം അനുഭവിക്കുന്നത്, ആദിവാസി വനിതകളെ സുരക്ഷാഭടന്മാര്‍ ലൈംഗികമായി ഉപദ്രവിക്കുന്നു.
ആദിവാസികളുടെ താല്‍പ്പര്യമാണ് തങ്ങള്‍ സംരക്ഷിക്കുന്നതെന്ന മാവോയിസ്റുകളുടെ അവകാശവാദത്തെ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ ചോദ്യംചെയ്യും. ഒറീസയില്‍ ഖനിത്തൊഴിലാളികളുടെ പ്രിയങ്കരനായ നേതാവ് തോമസ് മുണ്ടെയെ മാവോയിസ്റുകളാണ് വധിച്ചത്. തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രക്ഷോഭത്തിന് ധീരമായ നേതൃത്വം നല്‍കിയ അദ്ദേഹത്തെ ഇല്ലായ്മ ചെയ്തതുകൊണ്ട് നേട്ടം ആര്‍ക്കാണെന്ന ചോദ്യം പ്രസക്തമാണ്. സുന്ദര്‍ഗഞ്ചില്‍ ആറുമാസം മുമ്പ് മാവോയിസ്റ് ആക്രമണത്തെതുടര്‍ന്ന് 300 ആദിവാസികള്‍ക്ക് സ്വന്തം ഭൂമി വിട്ടുപോകേണ്ടിവന്നു. ജാര്‍ഖണ്ഡിലും മാവോയസ്റുകളും വ്യവസായികളും തമ്മില്‍ ഇത്തരം ഇടപാടുകള്‍ നടക്കുന്നു. പശ്ചിമബംഗാളില്‍നിന്നുള്ള പ്രതിനിധികള്‍ക്ക് മാവോയിസ്റ് അതിക്രമത്തിന്റെ ഒട്ടേറെ അനുഭവങ്ങള്‍ പങ്കിടാനുണ്ട്.
കേന്ദ്രസര്‍ക്കാര്‍ പട്ടികവര്‍ഗ ഉപപദ്ധതിപ്രകാരം ചെലവിടുന്ന തുക ഓരോവര്‍ഷവും വെട്ടിക്കുറയ്ക്കുകയാണ്. മുന്‍വര്‍ഷത്തെ ശതമാനത്തിന്റെ കണക്കില്‍നോക്കുമ്പോള്‍ 2010-11ല്‍ 23,311 കോടി രൂപയാണ് ചെലവിടേണ്ടത്, എന്നാല്‍ ഇതിന്റെ പകുതിപോലും വകകൊള്ളിച്ചിട്ടില്ല.
എന്നാല്‍, ഇടതുപക്ഷ സര്‍ക്കാരുകള്‍ ആദിവാസിക്ഷേമ നയങ്ങളാണ് അനുവര്‍ത്തിക്കുന്നത്. പശ്ചിമബംഗാള്‍ ജനസംഖ്യയില്‍ 5.5 ശതമാനമാണ് ആദിവാസികള്‍. പക്ഷേ, ഭൂമിവിതരണത്തിന്റെ 19 ശതമാനം ഗുണഭോക്താക്കളും ആദിവാസികളാണ്. ബംഗാളില്‍ 1.75 ലക്ഷം ആദിവാസി വൃദ്ധജനങ്ങള്‍ക്ക് മാസം 750 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നു. ഇവ ഉദാഹരണം മാത്രം.
ജനസംഖ്യയില്‍ 30 ശതമാനം വരുന്ന ആദിവസികള്‍ക്കായി ത്രിപുര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ വടക്കു കിഴക്കന്‍ മേഖലയ്ക്ക് മാത്രമല്ല, രാജ്യത്തിനു തന്നെ വഴി കാട്ടുന്നതാണ്. ത്രിപുര സര്‍ക്കാരിന്റെ ആദിവാസിക്ഷേമ നടപടികളെ കേന്ദ്രത്തൈന്റെ നിരവധി റിപ്പോര്‍ട്ടുകളില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. വനാവകാശനിയമം മികച്ച രീതിയില്‍ നടപ്പാക്കിയതിന്റെ ഖ്യാതിയും ത്രിപുരയ്ക്ക് അവകാശപ്പെടാം.
കേരളത്തിലെ ജനസംഖ്യയില്‍ 1.28 ശതമാനം വരുന്ന ആദിവാസികള്‍ക്ക് കിടപ്പാടം നല്‍കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സുപ്രധാന നടപടി സ്വീകരിച്ചു. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഭൂമി ലഭിച്ചു. ആദിവാസി ഭൂസമരത്തില്‍ പോലീസ് ഇടപെടരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇത്തരത്തില്‍ 3000 കുടുംബത്തിന് ഭൂമി കൈവശമുണ്ട്. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആദിവാസികള്‍ക്കെതിരെ എടുത്ത കള്ളക്കേസുകള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്‍വലിച്ചു. വാര്‍ധക്യകാല പെന്‍ഷന്‍, വിധവ പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യവും ആദിവാസികള്‍ക്ക് ലഭിക്കുന്നു.
റാഞ്ചിയില്‍ 2002ല്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ തുടക്കമിട്ടതുപോലെ ആദിവാസികളുടെ വന്‍ പോരാട്ടങ്ങള്‍ക്ക് ഈ ദേശീയ കണ്‍വന്‍ഷന്‍ രൂപം നല്‍കും. ആദിവാസി സമൂഹത്തിന്റെ അവകാശ പോരാട്ടങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുന്നതില്‍ പ്രധാന നാഴികക്കല്ലായി ഈ കണ്‍വന്‍ഷന്‍ മാറും.
*
വൃന്ദ കാരാട്ട്
Friday, June 11, 2010
ആദിവാസികളുടെ അവകാശങ്ങള്‍
Subscribe to:
Post Comments (Atom)
1 comment:
ആദിവാസികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് 12നും 13നും ഡെല്‍ഹിയില്‍ നടക്കുന്ന ദേശീയ കണ്‍വന്‍ഷനില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 230 പ്രതിനിധികള്‍ പങ്കെടുക്കും. ചെറുത്തുനില്‍പ്പിന്റെയും പോരാങ്ങളുടെയും അനുഭവങ്ങള്‍ പങ്കിടാനും അടിയന്തരാവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ഭാവിപരിപാടി ആവിഷ്കരിക്കാനുമാണ് കണ്‍വന്‍ഷന്‍. ആദിവാസി സമൂഹത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ഏകോപിപ്പിക്കാനുമുള്ള നടപടികളും ചര്‍ച്ചചെയ്യും. ഇന്ത്യയിലെ ആദിവാസിസമൂഹത്തിന്റെ മുന്നേറ്റത്തിനും ദേശവ്യാപകപോരാട്ടങ്ങള്‍ക്കുമായി "ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ച്'' എന്ന സംഘടനയുടെ രൂപീകരണവും കണ്‍വന്‍ഷന്റെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കര്‍ഷകരുടെയും തൊഴിലാളികളുടെയും ജന്മിത്വവിരുദ്ധ, മുതലാളിത്തവിരുദ്ധ സംഘടിത പ്രസ്ഥാനങ്ങള്‍ക്കുള്ള പ്രാധാന്യം ആദിവാസിസമൂഹത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനുമുണ്ട്. തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും സാമൂഹ്യ-സാമ്പത്തിക സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ താരതമ്യംചെയ്യുമ്പോഴും ആദിവാസി സ്ത്രീകളും യുവാക്കളും വിദ്യാര്‍ഥികളും പട്ടികവിഭാഗങ്ങളില്‍തന്നെ ഏറ്റവും താഴ്ന്ന ശ്രേണിയിലാണ്. ആദിവാസിസമൂഹം ഇന്ന് നേരിടുന്ന കടന്നാക്രമണങ്ങള്‍ മനസിലാക്കാനുള്ള അവസരം സൃഷ്ടിക്കാനായി ഈ വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടനകളുടെ പ്രതിനിധികളെയും കണ്‍വന്‍ഷനിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
Post a Comment