Sunday, June 13, 2010

സ്വത്വബോധത്തില്‍നിന്ന് വര്‍ഗ രാഷ്‌ട്രീയത്തിലേക്ക്: ഒരു ഗ്രാംഷിയന്‍ പരിപ്രേക്ഷ്യം

സ്വത്വരാഷ്‌ട്രീയത്തിന്റെ സ്വാധീനം ഇന്ന് പല ജനവിഭാഗങ്ങളിലും പ്രകടമാണ് - മധ്യവര്‍ഗവും തൊഴിലാളികളും കര്‍ഷകരും ബുദ്ധിജീവികളുമടക്കം. തല്‍ഫലമായി സ്വത്വരാഷ്‌ട്രീയമാണ് യഥാര്‍ഥമെന്ന് പ്രചരിപ്പിക്കപ്പെടുന്നു. കൊളോണിയല്‍വിരുദ്ധ സമരകാലത്ത് നാമ്പെടുത്ത ഈ പ്രവണത സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ശക്തിയാര്‍ജിക്കുകയും സമകാലീന രാഷ്‌ട്രീയത്തില്‍ അനിഷേധ്യമായ സാന്നിധ്യമായി മാറുകയും ചെയ്‌തിരിക്കുന്നു. ജനാധിപത്യപ്രക്രിയ സ്വത്വബോധത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുകയാണുണ്ടായത്. ജനങ്ങളുടെ രാഷ്‌ട്രീയ പിന്തുണ ലഭിക്കാന്‍ ജാതി, മതം, ഭാഷ തുടങ്ങിയ സ്വത്വബോധങ്ങളെ ഉപകരണമായി പലരും ഉപയോഗിച്ചു. ഈ സാധ്യത ഉരുത്തിരിഞ്ഞുവന്നത് സ്വത്വബോധം ഒരു സാമൂഹ്യ യാഥാര്‍ഥ്യമായി ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്നുപോന്നു എന്നതുകൊണ്ടാണ്. ജാതി മത പരിഷ്‌ക്കാരങ്ങളില്‍ ഊന്നിയ നവോത്ഥാനത്തിനോ, ലിബറല്‍ ആശയങ്ങളില്‍ വിശ്വസിച്ച ദേശീയസമരപ്രസ്ഥാനത്തിനോ പരമ്പരാഗത സ്വത്വബോധങ്ങളെ നിര്‍മാര്‍ജനംചെയ്യാന്‍ കഴിഞ്ഞില്ല. അവയില്‍ പലതും വര്‍ഗഘടനയെപ്പോലെയും വര്‍ഗാവബോധത്തെപ്പോലെയും സമൂഹത്തില്‍ നിലനിന്നുപോന്നു. സ്വാഭാവികമായും അവ സൃഷ്‌ടിച്ച സാമൂഹ്യാവബോധം സങ്കീര്‍ണവും വൈരുധ്യാത്മകവുമായിരുന്നു. ഈ സങ്കീര്‍ണതയും വൈരുധ്യങ്ങളും അവ സൃഷ്‌ടിച്ച ആശയബന്ധങ്ങളെ തിരിച്ചറിയാന്‍ വിഷമമുള്ളതാക്കിത്തീര്‍ക്കുന്നു.

സ്വത്വരൂപീകരണം ചരിത്രപരമായി ഉരുത്തിരിഞ്ഞ സാമൂഹ്യയാഥാര്‍ഥ്യമാണ്. അതിന്റെ വേരുകള്‍ ഉല്‍പാദനപ്രക്രിയയിലും തല്‍ഫലമായുണ്ടായ സാമൂഹ്യവ്യതിരിക്തതയിലും എത്തിനില്‍ക്കുന്നു. അതായത് മനുഷ്യചരിത്ര പ്രക്രിയയില്‍ അവബോധവൈവിധ്യങ്ങള്‍ വ്യത്യസ്‌ത ഘട്ടങ്ങളില്‍ പ്രത്യക്ഷപ്പെടുകയും സാമൂഹ്യബോധത്തിന്റെ ഭാഗമായോ ഒറ്റപ്പെട്ടോ നിലനില്‍ക്കുകയുംചെയ്യുന്നു. അവയുടെ അസ്ഥിത്വം അധികാരവും മേല്‍ക്കോയ്‌മയും പ്രതിരോധവുമൊക്കെയായി കെട്ടുപിണഞ്ഞുകിടക്കുന്നതാണ്. സ്വത്വരാഷ്‌ട്രീയത്തെ തിരിച്ചറിയണമെങ്കിലും ഈ സാമൂഹ്യയാഥാര്‍ഥ്യത്തെ വിശകലനവിധേയമാക്കേണ്ടിയിരിക്കുന്നു.

സ്വത്വരാഷ്‌ട്രീയത്തിന്റെ അടിത്തറ സമുദായം (Community) എന്ന സങ്കല്‍പനമാണ്. ഈ സങ്കല്‍പനത്തില്‍ സമുദായം വ്യതിരിക്തതകളില്ലാത്ത, ഏകതാനമായ, സര്‍വസമത്വമുള്ള സാമൂഹ്യഘടകമാണ്. വര്‍ഗം എന്നതിനു പകരമായി നവ കൊളോണിയല്‍ പഠനകേന്ദ്രങ്ങള്‍ മുന്നോട്ടുവെച്ച പരികല്‍പനയാണിത്. 1970കള്‍ക്കുശേഷം പടിഞ്ഞാറന്‍ സര്‍വകലാശാലകളില്‍ ഈ സങ്കല്‍പനത്തിന്റെ ചട്ടക്കൂട് ഉപയോഗിച്ചുകൊണ്ടുള്ള പഠനങ്ങള്‍ നടന്നു. ഇന്ത്യയെക്കുറിച്ചും കേരളത്തെക്കുറിച്ചും അത്തരം ഉദ്യമങ്ങള്‍ പലതുമുണ്ടായിട്ടുണ്ട്. തല്‍ഫലമായി സമൂഹത്തിന്റെ ഘടനയില്‍ തൊഴിലാളി, കര്‍ഷകന്‍, മുതലാളി എന്നീ സംവര്‍ഗങ്ങള്‍ (Catogories) പുറംതള്ളപ്പെടുകയും തല്‍സ്ഥാനത്ത് ജാതി, മത, ലിംഗ പരികല്‍പനകള്‍ അവരോധിക്കപ്പെടുകയും ചെയ്തു. ചില പണ്ഡിതന്മാര്‍ സമുദായങ്ങള്‍ക്ക് അവരുടേതായ നിയമമുണ്ടാക്കാനുള്ള അധികാരം ലഭ്യമാക്കണമെന്നും വാദിച്ചു. ഉത്തരാധുനികതയുടെ സന്തതിയായ ഈ അഭിപ്രായത്തിന് ഒരു തീവ്രപുരോഗമനസ്വഭാവം (accute radicalism) സിദ്ധിക്കുകയുംചെയ്തു. മുസ്ളിങ്ങളെയും ഹിന്ദുക്കളെയും സ്‌ത്രീകളെയുമൊക്കെ ആന്തരികമായ വ്യതിരിക്തതയും വൈരുദ്ധ്യങ്ങളുമില്ലാതെ പരിഗണിക്കുന്നതിലെ അപാകത മറച്ചുവെക്കുകയോ ചര്‍ച്ചചെയ്യപ്പെടാതിരിക്കുകയോ ചെയ്‌തു.

അതേ സമയത്തുതന്നെ സാമൂഹ്യ അവബോധമണ്ഡലത്തെ കണക്കിലെടുക്കുമ്പോള്‍ അതിന്റെ ഭാഗമായി നിലനില്‍ക്കുന്ന സ്വത്വബോധങ്ങളെ കാണാതിരുന്നുകൂടാ. പ്രത്യേകിച്ച് അവയുടെ പ്രത്യയശാസ്‌ത്രപരമായ സ്വാധീനം. സമൂഹത്തെ വര്‍ഗങ്ങളുടെ ആകത്തുകയായി പരിഗണിക്കുമ്പോള്‍ അവയില്‍ അന്തര്‍ധാരയായി, പ്രത്യയശാസ്‌ത്രമായി നിലനില്‍ക്കുകയും സ്വാധീനം ചെലുത്തുകയും ചെയ്യുന്ന ഘടകങ്ങളുണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ട്. അത്തരം സ്വത്വബോധങ്ങളെ മറികടക്കാന്‍ സഹായിക്കുന്നതാണ് വര്‍ഗബോധം. ഒന്നിന് പകരം മറ്റൊന്ന് എന്നത് തികച്ചും തെറ്റായ ധാരണയാണ്. വര്‍ഗബോധത്തിന് ബദലായി സ്വത്വബോധത്തെ പ്രതിഷ്ഠിക്കുമ്പോള്‍ വൈരുധ്യാത്മക സമീപനം നഷ്ടപ്പെട്ടുപോകുന്നു. വര്‍ഗസമീപനം സ്വത്വബോധത്തെ മറികടക്കാന്‍ വഴിതെളിയിക്കുന്ന സൈദ്ധാന്തിക പരിപ്രേക്ഷ്യമാണ്.

ഈ പരിതഃസ്ഥിതി സൃഷ്‌ടിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം എങ്ങനെയാണ് വിമര്‍ശനാത്മകമായി സ്വയം സ്വത്വത്തെ തിരിച്ചറിയുക എന്നതാണ്. അതിന്റെ പാതയെന്താണെന്ന് അന്റോണിയോ ഗ്രാംഷി ചൂണ്ടിക്കാണിക്കുകയുണ്ടായി- `Critical understanding of self taken place.... through a struggle of ``political hegemonies'' and of opposing direction, first in the ethical field and then in that of politics proper, inorder to arrive at the working out at a higher level of one`s own conception of reality'

ഗ്രാംഷിയുടെ നിരീക്ഷണത്തെ സൂക്ഷ്‌മവായനയ്ക്ക് വിധേയമാക്കുകയാണെങ്കില്‍ രാഷ്‌ട്രീയ മേല്‍ക്കോയ്‌മയ്‌ക്കുവേണ്ടിയുള്ള സംഘര്‍ഷങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നതായി കാണാം. കാരണം പ്രത്യേക രാഷ്‌ട്രീയ മേല്‍ക്കോയ്‌മയുടെ ഭാഗമാകുന്നത് പുരോഗമനാത്മകമായ അവബോധത്തിന്റെ ആദ്യപടിയാണ്. എങ്കില്‍ പുരോഗമന അവബോധത്തിന്റെ സ്വയമോ സമൂഹമോ ഭാഗമാകുന്നത് സ്വത്വബോധ രാഷ്‌ട്രീയത്തിലൂടെയല്ല. പക്ഷേ സ്വത്വബോധ രാഷ്‌ട്രീയത്തിന്റെ നിഷേധം സ്വത്വബോധത്തിന്റെ നിഷേധമല്ല. സ്വത്വബോധത്തെ കണക്കിലെടുത്തുകൊണ്ട്, വിമര്‍ശനാത്മകമായി സമീപിച്ചുകൊണ്ട്, ബദല്‍ സാംസ്‌ക്കാരികമേഖലകള്‍ തുറന്നിട്ടുകൊണ്ടുമാത്രമേ സ്വത്വബോധരാഷ്‌ട്രീയത്തെ മറികടക്കാന്‍ കഴിയൂ.

ജാതി മതസ്വത്വബോധങ്ങള്‍ ചരിത്രപരമായി രണ്ടുതരം ദൌത്യം നിറവേറ്റിയതായി കാണാം. ഒന്നാമതായി, നിലവിലുള്ള വ്യവസ്ഥയെ നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും. രണ്ടാമതായി, പുരോഗതിയുടെ വാതില്‍ തുറന്നുവയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും. പല പ്രസ്ഥാനങ്ങളിലും സമരങ്ങളിലും സ്വത്വബോധത്തിന്റെ ഈ രണ്ട് മുഖങ്ങളും കാണാം. മലബാര്‍ കലാപത്തില്‍ മതപുരോഹിതന്മാര്‍ കലാപത്തിനു നേതൃത്വം കൊടുത്തത് സുപ്രസിദ്ധമാണ്. അതേ സമയത്തുതന്നെ മതം ഒരു പ്രതിലോമശക്തിയായി പ്രവര്‍ത്തിക്കുകയുംചെയ്‌തു. പല ജാതിസംഘടനകള്‍ക്കും സംഭവിച്ചത് അതുതന്നെ.

പുരോഗമനശക്തികള്‍ നേരിടുന്ന അടിസ്ഥാനപരമായ പ്രശ്‌നം സ്വത്വബോധത്തെ സ്വീകരിക്കണമോ വേണ്ടയോ എന്നതല്ല. വ്യത്യസ്‌ത സ്വത്വബോധങ്ങളില്ലാത്ത ഒരു സമൂഹമില്ല. സ്വത്വബോധത്തെ കണ്ണടച്ച് നിഷേധിച്ചുകൊണ്ട് ആവിഷ്‌ക്കരിക്കേണ്ടവയല്ലതാനും. ഉദാഹരണമായി, ജാതി ഇന്ത്യന്‍ സമൂഹത്തില്‍ വളരെയേറെ സ്വാധീനം ചെലുത്തുന്ന ഒരു ഘടകമാണ്. അതിന്റെ പ്രവര്‍ത്തനവും സ്വാധീനവുമെല്ലാം വ്യത്യസ്‌ത പ്രദേശങ്ങളില്‍ വ്യത്യസ്‌തമാണ്. കേരളത്തില്‍ ജാതി ഒരു സാമൂഹ്യപ്രതിഭാസമെന്നതിനേക്കാള്‍ രാഷ്‌ട്രീയശക്തിയായി മാറിയിരിക്കുന്നു. ഉത്തരേന്ത്യയില്‍ 'ഉന്നത' ജാതികളുടെ മേല്‍ക്കോയ്‌മ നിലനില്‍ക്കുന്നു. അതുകൊണ്ട് ജാതിയും വര്‍ഗവും എങ്ങനെ കെട്ടുപിണഞ്ഞുകിടക്കുന്നു എന്നത് കണക്കിലെടുക്കുന്നത് അത്യന്താപേക്ഷിതമാണ്. അതിലൂടെ മാത്രമേ സ്വത്വബോധത്തില്‍നിന്ന് വിമുക്തിനേടാനും വര്‍ഗബോധം സൃഷ്‌ടിക്കാനും സാധ്യമാവുകയുള്ളൂ. ഉല്‍പാദനപ്രക്രിയയുടെ ഏതെങ്കിലുമൊരു ശ്രേണിയില്‍ സ്ഥാനവല്‍ക്കരിക്കുന്നതുകൊണ്ടുമാത്രം വര്‍ഗം രൂപംകൊള്ളുന്നില്ല; വര്‍ഗബോധമുണ്ടാക്കുക അനിവാര്യമാണ്. വര്‍ഗരൂപീകരണ പ്രക്രിയയ്‌ക്ക് വിഘാതമായി പലപ്പോഴും ഇടപെടുന്നത് സ്വത്വബോധങ്ങളാണ്. വിപുലമായ അര്‍ഥത്തില്‍ ഓരോ സമൂഹത്തിലും നടക്കുന്ന നിരന്തരമായ വര്‍ഗസമരങ്ങള്‍ ഈ പ്രക്രിയയുടെ ഭാഗമാണ്. പൂര്‍ണമായ വര്‍ഗബോധം ഒരുപക്ഷേ ഒരിക്കലുമുണ്ടായി എന്നുവരില്ല. സ്വത്വബോധത്തിന്റെ ജാതി, മത, ലിംഗ, ഭാഷാബോധങ്ങള്‍- അംശങ്ങള്‍ അവശേഷിക്കാത്ത മനുഷ്യമനസ്സുകളുണ്ടാവില്ല. പുരോഗമന സിദ്ധാന്തങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകതയുടെ ഒരു വശത്താണത്. ജനങ്ങളെ ധൈഷണികമായി സമ്പന്നമാക്കേണ്ടതിന്റെ പ്രാധാന്യത്തിന് ഗ്രാംഷി അടിവരയിടുന്നത് അതുകൊണ്ടാണ്.

മനുഷ്യന്റെ രണ്ടുവിധ "സൈദ്ധാന്തിക അവബോധ'' (Theorotical consciousness)ങ്ങളെ ഗ്രാംഷി വിശകലനംചെയ്യുന്നത് ഈ സന്ദര്‍ഭത്തില്‍ ഇങ്ങനെയാണ്: man-in-themass has two theorotical consciousness - one which is implicit in his activity and which in reality unite him with all his fellow workers in the practical transformation of the real world;and one superficially explicit or verbal which he has inherited from the past and uncritically absorbed. But this verbal conception is not without consequences. It holds together a specefic social group, it influences moral conduct and the direction of will, with varying efficacity,but often powerfully enough to produce a situation in which the contradictory state of consciousness does not permit of any action, any decision or any choice, and produces a condition of moral and political passivity. അത്തരമൊരു അരാഷ്‌ട്രീയവല്‍ക്കരണമാണ് സ്വത്വരാഷ്‌ട്രീയം നിര്‍വഹിക്കുന്നത്, സ്വത്വബോധപരമായ പ്രശ്നങ്ങളുമായി വര്‍ഗതാല്‍പര്യങ്ങളെ കൂട്ടിച്ചേര്‍ക്കാത്ത സന്ദര്‍ഭങ്ങളില്‍.

ഇന്ത്യയിലെ മുസ്ളിങ്ങളുടെ സ്ഥിതി ഇതിന് നല്ലൊരു ഉദാഹരണമാണ്. ഒരു ന്യൂനപക്ഷം എന്ന നിലയ്ക്ക് അവര്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ ആക്രമണത്തിന് ശരവ്യമാകാന്‍ സാധ്യതയുള്ളവരാണ്. വടക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലും അടുത്തകാലത്ത് ഗുജറാത്തിലും സംഭവിച്ചപോലെ. പക്ഷേ, അവരുടെ ഇടയില്‍ ഒരു വലിയവിഭാഗം പരമദരിദ്രരാണ്. കേരളത്തിലെ മുസ്ളിങ്ങളെക്കുറിച്ച് നടത്തിയ ഒരു പഠനത്തില്‍ ഏകദേശം പത്ത് ശതമാനത്തിന്റെ മാസവരുമാനം മുന്നൂറുരൂപയില്‍ കുറവാണെന്ന് ചൂണ്ടിക്കാണിക്കുന്നു. സ്വാഭാവികമായും മുസ്ളിം എന്ന സ്വത്വബോധത്തെ അപ്രസക്തമാക്കുന്ന മറ്റുപല ജീവിത യാഥാര്‍ഥ്യങ്ങളുമുണ്ട്. ആ യാഥാര്‍ഥ്യങ്ങളെ കണക്കിലെടുക്കാത്തതാണ് സ്വത്വബോധ രാഷ്‌ട്രീയം. അത് ഇന്ന് പ്രചാരം സിദ്ധിച്ചുകൊണ്ടിരിക്കുന്ന മധ്യവര്‍ഗപ്രേരിതമായ ജാതിമതലിംഗഭാഷാ പ്രസ്ഥാനങ്ങള്‍ക്കൊക്കെ ബാധകമാണ്.

സ്വത്വരാഷ്‌ട്രീയത്തില്‍ അത്തരമൊരു താല്‍പര്യം പതിയിരിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നതുകൊണ്ട് സ്വത്വബോധത്തിന്റെ പ്രാധാന്യത്തെ ചുരുക്കിക്കാണുന്നുവെന്നോ നിഷേധിക്കുന്നുവെന്നോ അര്‍ഥമാകുന്നില്ല. മറിച്ച് സ്വത്വബോധപ്രശ്‌നങ്ങളെ അഭിസംബോധനചെയ്യാതെ ഇടതുപക്ഷരാഷ്‌ട്രീയത്തിന് മുന്നോട്ടുപോകാന്‍ സാധിക്കുകയില്ല എന്നാണ് വിവക്ഷ. ഒരുപക്ഷേ, ഇതുവരെ ദേശീയതലത്തില്‍ വളരെയേറെ മുന്നോട്ടുപോകാന്‍ സാധിക്കാതെപോയത് ആധുനികവല്‍ക്കരിക്കപ്പെടാത്ത, യാഥാസ്ഥിതികമായ ഇന്ത്യന്‍ സമൂഹത്തില്‍, നിലനില്‍ക്കുന്ന സ്വത്വബോധപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും അവരെ സമരോന്മുഖരാക്കാനും കഴിഞ്ഞില്ലെന്നതാണ്. വാസ്‌തവത്തില്‍ സ്‌ത്രീസ്വത്വത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ ഇടതുപക്ഷമാണല്ലോ. ന്യൂനപക്ഷ അവകാശങ്ങള്‍ പൂര്‍ണമായും സ്വീകരിക്കുന്നവരും അവര്‍തന്നെ. ദളിതര്‍ ഇടതുപക്ഷം പ്രതിനിധാനംചെയ്യുന്ന നിസ്വവര്‍ഗത്തിന്റെ ഭാഗവും. അതുകൊണ്ട് സ്വത്വബോധത്തെ വര്‍ഗരാഷ്‌ട്രീയത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയേണ്ടതാണ്. ഉള്‍ക്കൊള്ളല്‍ പക്ഷേ അവയെ ദൃഢീകരിക്കാനോ ന്യായീകരിക്കാനോ അല്ല, സാമൂഹ്യ അവബോധ പരിവര്‍ത്തനത്തിനുള്ള ശ്രമമെന്ന നിലയ്‌ക്കാണ്. സ്വത്വബോധത്തില്‍നിന്ന് വര്‍ഗരാഷ്‌ട്രീയത്തിലേക്കുള്ള പരിണാമത്തിന് സൈദ്ധാന്തികമായ ഇടപെടലുകളും പ്രത്യയശാസ്‌ത്രപ്രവര്‍ത്തനവും അനിവാര്യമാണ്. അവ ശക്തമല്ലെങ്കില്‍ മധ്യവര്‍ഗം സ്വത്വബോധ ആശയങ്ങളിലേക്കും രാഷ്‌ട്രീയത്തിലേക്കും വഴുതിവീണുകൊണ്ടിരിക്കും. ഇന്ത്യയിലെ പ്രാന്തവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ അത്തരമൊരു പ്രവണത വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍ വര്‍ഗരാഷ്‌ട്രീയം കൈക്കൊള്ളേണ്ട നിരന്തരവും സങ്കീര്‍ണവുമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗൌരവപൂര്‍വമായ സൈദ്ധാന്തിക ചര്‍ച്ച ആവശ്യമാണ്.

*****

കെ എന്‍ പണിക്കർ, കടപ്പാട് : ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സ്വത്വരാഷ്‌ട്രീയത്തിന്റെ സ്വാധീനം ഇന്ന് പല ജനവിഭാഗങ്ങളിലും പ്രകടമാണ് - മധ്യവര്‍ഗവും തൊഴിലാളികളും കര്‍ഷകരും ബുദ്ധിജീവികളുമടക്കം. തല്‍ഫലമായി സ്വത്വരാഷ്‌ട്രീയമാണ് യഥാര്‍ഥമെന്ന് പ്രചരിപ്പിക്കപ്പെടുന്നു. കൊളോണിയല്‍വിരുദ്ധ സമരകാലത്ത് നാമ്പെടുത്ത ഈ പ്രവണത സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ശക്തിയാര്‍ജിക്കുകയും സമകാലീന രാഷ്‌ട്രീയത്തില്‍ അനിഷേധ്യമായ സാന്നിധ്യമായി മാറുകയും ചെയ്‌തിരിക്കുന്നു. ജനാധിപത്യപ്രക്രിയ സ്വത്വബോധത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുകയാണുണ്ടായത്. ജനങ്ങളുടെ രാഷ്‌ട്രീയ പിന്തുണ ലഭിക്കാന്‍ ജാതി, മതം, ഭാഷ തുടങ്ങിയ സ്വത്വബോധങ്ങളെ ഉപകരണമായി പലരും ഉപയോഗിച്ചു. ഈ സാധ്യത ഉരുത്തിരിഞ്ഞുവന്നത് സ്വത്വബോധം ഒരു സാമൂഹ്യ യാഥാര്‍ഥ്യമായി ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്നുപോന്നു എന്നതുകൊണ്ടാണ്. ജാതി മത പരിഷ്‌ക്കാരങ്ങളില്‍ ഊന്നിയ നവോത്ഥാനത്തിനോ, ലിബറല്‍ ആശയങ്ങളില്‍ വിശ്വസിച്ച ദേശീയസമരപ്രസ്ഥാനത്തിനോ പരമ്പരാഗത സ്വത്വബോധങ്ങളെ നിര്‍മാര്‍ജനംചെയ്യാന്‍ കഴിഞ്ഞില്ല. അവയില്‍ പലതും വര്‍ഗഘടനയെപ്പോലെയും വര്‍ഗാവബോധത്തെപ്പോലെയും സമൂഹത്തില്‍ നിലനിന്നുപോന്നു. സ്വാഭാവികമായും അവ സൃഷ്‌ടിച്ച സാമൂഹ്യാവബോധം സങ്കീര്‍ണവും വൈരുധ്യാത്മകവുമായിരുന്നു. ഈ സങ്കീര്‍ണതയും വൈരുധ്യങ്ങളും അവ സൃഷ്‌ടിച്ച ആശയബന്ധങ്ങളെ തിരിച്ചറിയാന്‍ വിഷമമുള്ളതാക്കിത്തീര്‍ക്കുന്നു.