Thursday, June 3, 2010

തട്ടകമൊഴിഞ്ഞു


വിശപ്പിന്റെ തീരാവേദനയും പട്ടാളജീവിതത്തിന്റെ കാഠിന്യവും സര്‍ഗഭാവനയ്ക്ക് മുതല്‍ക്കൂട്ടാക്കിയ കോവിലന്‍ ചരിത്രത്തിലേക്കു മറഞ്ഞു. അനുഭവങ്ങളുടെ കരുത്തില്‍ എഴുത്തിന്റെ ചക്രവാളം വികസിപ്പിച്ച തലമുറയില്‍ ഒരു കണ്ണികൂടി മുറിഞ്ഞു. മലയാളസാഹിത്യത്തിന്റെ ശക്തിചൈതന്യമായി അരനൂറ്റാണ്ടിലേറെ നിറഞ്ഞുനിന്ന കോവിലന്‍ (വി വി അയ്യപ്പന്‍) കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനാണ് അന്തരിച്ചത്. 87 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഒരാഴ്ചയായി ചികില്‍സയിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച പകല്‍ 11ന് ഔദ്യോഗിക ബഹുമതികളോടെ പുല്ലാനിക്കുന്നത്തെ മുനിമടയിലുള്ള 'ഗിരി' വീട്ടുവളപ്പില്‍. പ്രൈമറി സ്കൂള്‍ അധ്യാപികയായിരുന്ന ശാരദയാണ് ഭാര്യ. അവര്‍ 1999ല്‍ അന്തരിച്ചു. മക്കള്‍: വിജയ, അജിതന്‍, അമിത. മരുമക്കള്‍: ബീന, അഡ്വ. ബാബു, അനി. വീട്ടിലും സാഹിത്യ അക്കാദമിയിലും പൊതുദര്‍ശനത്തിനു വച്ചു.

ഗുരുവായൂരിനടുത്ത് കണ്ടാണശേരിയില്‍ വട്ടംപറമ്പില്‍ വേലപ്പന്റെയും കൊടക്കാട്ടില്‍ കാളിയുടെയും മകനായി 1923 ജൂലൈ ഒമ്പതിന് ജനിച്ച അയ്യപ്പന്‍ പട്ടാളത്തില്‍ ജോലി ചെയ്യുമ്പോഴാണ് കോവിലന്‍ എന്ന തൂലികാനാമം സ്വീകരിച്ചത്. സൈനികനായിരിക്കെ സ്വന്തം പേരില്‍ എഴുതാന്‍ കഴിയാത്തതിനാലായിരുന്നു ഇത്. അയ്യപ്പന്‍ പിന്നീട് കണ്ടാണശേരിയെന്ന കുഗ്രാമംമുതല്‍ ഹിമാലയംവരെയുള്ള തന്റെ ജീവിതാനുഭവങ്ങള്‍ പൊള്ളുന്ന വാക്കുകളിലൂടെ മലയാളികള്‍ക്കായി കുറിച്ചിട്ടു. 2006ല്‍ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചു. 1998ല്‍ 'തട്ടക'ത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 1972ല്‍ 'തോറ്റങ്ങള്‍'ക്കും 1977ല്‍ ശകുനം എന്ന കഥാസമാഹാരത്തിനും കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. മുട്ടത്തുവര്‍ക്കി അവാര്‍ഡ്, എ പി കളയ്ക്കാട് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ കോവിലന് ലഭിച്ചിട്ടുണ്ട്. 1997ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി. കണ്ടാണശേരി എക്സല്‍ സിയര്‍ എല്‍പി സ്കൂള്‍, നെന്മിനി ഹയര്‍ എലിമെന്ററി സ്കൂള്‍, പാവറട്ടി സംസ്കൃത ദീപിക സംസ്കൃത കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം. 1942ല്‍ ഗാന്ധിജിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പഠനം നിര്‍ത്തി. തുടര്‍ന്ന് റോയല്‍ ഇന്ത്യന്‍ നേവിയില്‍ ചേര്‍ന്നു. '46ല്‍ നാവികകലാപത്തെത്തുടര്‍ന്ന് ജോലി അവസാനിപ്പിച്ച് മടങ്ങി. സ്വാതന്ത്ര്യലബ്ധിക്കുശേഷം പട്ടാളത്തില്‍ ചേര്‍ന്നു. സിഗ്നല്‍ കോറില്‍ റേഡിയോ മെക്കാനിക്കായിരുന്നു. കാൺപൂര്‍ ഐഐടിയിലെ എന്‍സിസി യൂണിറ്റില്‍ ഇന്‍സ്ട്രക്ടറായിരുന്നു. ഹവില്‍ദാര്‍ മേജറായി പട്ടാളത്തില്‍നിന്ന് പിരിഞ്ഞു. തുടര്‍ന്ന് കണ്ടാണശേരിയിലായിരുന്നു താമസം.

വിശപ്പില്‍നിന്ന് എഴുത്തിന്റെ അഗ്നി

അനുഭവങ്ങളുടെ തീച്ചൂളയിലാണ് കോവിലന്‍ ഉരുകിത്തെളിഞ്ഞത്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ കഥകളും നോവലുകളുമായി പാകപ്പെടുത്തുകയായിരുന്നു കോവിലന്‍. ദാരിദ്ര്യവും കഷ്ടപ്പാടുകളും ശ്വാസംമുട്ടിക്കുന്നൊരു ഗാര്‍ഹിക പശ്ചാത്തലത്തില്‍നിന്ന് വന്നതുകൊണ്ടാകാം അദ്ദേഹത്തിന്റെ എഴുത്തുകളും ആ വഴിയില്‍ സഞ്ചരിച്ചത്. ഗുരുവായൂരിനടുത്തുള്ള, കണ്ടാണശേരി എന്ന ഗ്രാമത്തില്‍ വട്ടംപറമ്പില്‍ വേലപ്പന്റെയും കാളിയുടെയും മകനായി 1923 ജൂലൈ ഒമ്പതിനാണ് പില്‍ക്കാലത്ത് കോവിലന്‍ എന്ന പേരില്‍ പ്രശസ്തനായ വി വി അയ്യപ്പന്റെ ജനനം.

പഠിക്കാനുള്ള അതീവ താല്‍പ്പര്യംമാത്രം കൈമുതലാക്കി കഷ്ടപ്പാടുകളോട് പൊരുതിക്കയറിയ അയ്യപ്പന്‍ കണ്ടാണശേരി എക്സല്‍സിയര്‍ എല്‍പി സ്കൂള്‍, നെന്‍മിനി ഹയര്‍ എലിമെന്ററി സ്കൂള്‍ എന്നിവിടങ്ങളില്‍നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പാവറട്ടി സംസ്കൃതകോളേജില്‍ 13-ാം വയസ്സില്‍ സംസ്കൃതംവിദ്വാന്‍ പ്രിലിമിനറിക്ക് ചേര്‍ന്നു. ഏഴു വര്‍ഷം അവിടെ പഠിച്ചു. അപ്പോഴാണ് 1942 ആഗസ്ത് ഒമ്പതിന് ഗാന്ധിജി അറസ്റ്റിലാകുന്നത്. ചെറുപ്പത്തിലേ ഭഗത്‌സിങ്ങിന്റെ ആരാധകനായിരുന്ന അയ്യപ്പനില്‍ സ്വാതന്ത്ര്യസമരാവേശം തിളച്ചുപൊന്തി. 19-ാമത്തെ വയസ്സില്‍ ക്ളാസ് ബഹിഷ്കരിച്ച് സ്വാതന്ത്ര്യസമരത്തില്‍ സജീവമായി. അതിനിടെ അമ്മ മരിച്ചു. പാടത്ത് പണിയെടുക്കുമ്പോള്‍ തലചുറ്റി വീണായിരുന്നു മരണം.

പാവറട്ടി സംസ്കൃതകോളേജില്‍ അക്കാലത്ത് അധ്യാപകനായിരുന്ന ചെറുകാടുമായുള്ള ബന്ധം യുവാവായ അയ്യപ്പന്റെ രാഷ്ട്രീയബോധത്തിന് വ്യക്തമായ ദിശാബോധം നല്‍കി. ഗുരു- ശിഷ്യബന്ധത്തിന്റെ ഔപചാരികതകള്‍ക്കപ്പുറത്തേക്ക് വളര്‍ന്ന ആ ബന്ധം അയ്യപ്പനെ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുപ്പിച്ചു. പില്‍ക്കാലത്ത് പ്രശസ്ത നിരൂപകനായിത്തീര്‍ന്ന പ്രൊഫ. എം എസ് മേനോന്‍ അന്ന് കോവിലന്റെ സഹപാഠിയായിരുന്നു. കോവിലനും എം എസ് മേനോനും മറ്റു സഹപാഠികളൂം ചേര്‍ന്ന് ചാവക്കാട് ഫര്‍ക്കയില്‍ വിദ്യാര്‍ഥി ഫെഡറേഷന്‍ രൂപീകരിച്ചു. തലപ്പിള്ളി താലൂക്കില്‍ തൊഴിലാളി യൂണിയന്‍ സംഘടിപ്പിക്കാനും നേതൃത്വം നല്‍കി. കഷ്ടപ്പാടുകള്‍ക്ക് അല്‍പ്പം ശമനമുണ്ടാക്കി.

തിരുവില്വാമലയ്ക്കടുത്ത് കൊണ്ടാഴിയില്‍ നെല്ലെടുപ്പു വിഭാഗം അസിസ്റന്റ് മാനേജരായി ജോലി കിട്ടിയെങ്കിലും അഴിമതിക്ക് കൂട്ടുനില്‍ക്കാന്‍ കഴിയാഞ്ഞതിനാല്‍ ഉപേക്ഷിച്ചു. 1943 ഫെബ്രുവരിയില്‍ നേവിയില്‍ ചേര്‍ന്നു. 1944ല്‍ പടക്കപ്പല്‍ പരിശീലനം പൂര്‍ത്തിയാക്കി. സബ് മറൈന്‍ ഡിറ്റക്ടര്‍ ഓപ്പറേറ്ററായിരുന്നു. ബര്‍മ, ബംഗാള്‍ ഉള്‍ക്കടല്‍, സിംഗപ്പുര്‍ എന്നിവിടങ്ങളില്‍ ജോലിചെയ്തു. ഇന്ത്യന്‍ പട്ടാളക്കാരോട് നിലനിന്ന വിവേചനത്തില്‍ പ്രതിഷേധിച്ച കോവിലന്‍ നാവിക സമരത്തില്‍ പങ്കാളിയായി. പിന്നീട് പിരിച്ചുവിടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തി പ്രൈവറ്റായി പഠിച്ച് എസ്എസ്എല്‍സി പാസായി. അധ്യാപകനാകാനുള്ള മോഹത്തിലാണ് എസ്എസ്എല്‍സി പാസായത്. തൃശൂര്‍ രാമവര്‍മപുരം അധ്യാപക പരിശീലനകേന്ദ്രത്തില്‍ പ്രവേശനത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. അധ്യാപകനാകാനും ബിരുദമെടുക്കാനും കഴിയാതെ പോയത് സ്വകാര്യ ദുഃഖമായി അന്ത്യം വരെ കോവിലന്‍ മനസ്സില്‍ കൊണ്ടുനടന്നിരുന്നു. കുറച്ചുകാലം മുണ്ടശ്ശേരിയോടൊപ്പം തൃശൂര്‍ മംഗളോദയത്തില്‍ പ്രവര്‍ത്തിച്ചു. മംഗളോദയവുമായുള്ള അടുപ്പം സാഹിത്യത്തെ ഗൌരവത്തോടെ സമീപിക്കാനുള്ള മാനസികാവസ്ഥ ഉണ്ടാക്കി.

കീഴാളഭാഷയുടെ ചടുലതയും താളവും : വി കെ ശ്രീരാമന്‍

താഴേക്കിടയില്‍പ്പെട്ടവന്റെ ജീവിതവും ഭാഷയും അധീശവര്‍ഗത്തിന്റെ സാഹിത്യത്തിനു മുകളില്‍ പ്രതിഷ്ഠിച്ച എഴുത്തുകാരനായിരുന്നു കോവിലന്‍. കീഴാളഭാഷയുടെ ചടുലതയും താളവും 'തോറ്റ'ങ്ങളില്‍ നിറഞ്ഞത് യാദൃച്ഛികമായിരുന്നില്ല. താന്‍ ജീവിച്ച ഭൂപ്രദേശവും അവിടത്തെ മനുഷ്യരുടെ വായ്മൊഴികളും ആചാരങ്ങളുമാണ് കോവിലന്‍ ആവിഷ്കരിച്ചത്. അദ്ദേഹം കഥ പറയാന്‍ തെരഞ്ഞെടുത്ത ലോകം 'ദണ്ഡദാസ'ന്മാരായ പീഡിതമനുഷ്യരുടേതായിരുന്നു. മരണവും വിവാഹവുംപോലുള്ള അടിയന്തര ജീവിത ആവശ്യങ്ങള്‍ക്കായി പുരയിടം ജന്മിക്ക് പണയപ്പെടുത്തിയശേഷം ജന്മിക്കുവേണ്ടി മുഴുവന്‍ കാലവും പണിയെടുക്കേണ്ടിവന്നവരെയാണ് അദ്ദേഹം 'ദണ്ഡദാസ'ന്മാര്‍ എന്ന് വിളിച്ചത്. ഈ അടിമത്തത്തിന്റെ ജീവിതപരിസരമാണ് അദ്ദേഹത്തിന്റെ എഴുത്തില്‍ നിറഞ്ഞത്. താന്‍ ജീവിച്ച, മഴയേറ്റ, വെയില്‍ കൊണ്ട മണ്ണും പരിസരവുമാണ് അദ്ദേഹം കൃതികളില്‍ ആവിഷ്കരിച്ചത്. അനുഭവിച്ച കൊടുംപട്ടിണിയുടെ നേരനുഭവവും അതിന്റെ സാമ്പത്തിക ശാസ്ത്രവുമാണ് അദ്ദേഹത്തെ അവസാനകാലത്തോളം നിയന്ത്രിച്ചത്. വിശപ്പ് ആദ്യം, കാമമൊക്കെ പിന്നീട് എന്ന് അദ്ദേഹം വിശ്വസിച്ചു. അനുരാഗലോലഭാവങ്ങള്‍ കോവിലന്റെ ഭാഷയില്‍ തെല്ലും കാണാനാകില്ല. അത്ര പരുക്കന്‍ ഭാഷയാണത്. ചന്തമില്ലായ്മയുടെ ഈ ചന്തമായിരുന്നു കേവിലന്റെ ഭാഷയുടെ കരുത്ത്. എന്നാല്‍, തന്റെ ഓരോ കഥയിലും വ്യത്യസ്ത രചനാസമ്പ്രദായം അദ്ദേഹം സ്വീകരിച്ചു. ആധ്യാത്മികതകൊണ്ട് ഒ വി വിജയനും കാല്‍പ്പനികതകൊണ്ട് എം ടിയും അരങ്ങ് വാണിരുന്ന കാലത്ത് പരുക്കന്‍ഭാഷകൊണ്ട് മലയാളസാഹിത്യത്തെ അമ്പരപ്പിക്കാന്‍ അദ്ദേഹത്തിനായി.

ചരിത്രത്തിനൊപ്പം

അക്ഷരങ്ങളുടെ ലോകത്ത് ആമഗ്നമാകുമ്പോഴും ചരിത്രത്തിന്റെ സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങാന്‍ സന്നദ്ധമായ ഹൃദയം കോവിലന്‍ എന്ന എഴുത്തുകാരനില്‍ മിടിച്ചുകൊണ്ടിരുന്നു. വാക്കിലും എഴുത്തിലും ജീവിതത്തിലും കോവിലനെ മറ്റുള്ളവരില്‍നിന്നു വ്യതിരിക്തനാക്കിയതും അതായിരുന്നു. പില്‍ക്കാലത്ത് എഴുത്തിന്റെ ഹിമവല്‍ശൃംഖങ്ങള്‍ കീഴടക്കിയ ആ ജീവിതത്തിന് സമരോത്സുകമായ ഭൂതകാലമുണ്ടായിരുന്നു.

പ്രൈമറിക്ളാസില്‍ പഠിക്കുമ്പോള്‍ത്തന്നെ കോവിലനില്‍ ദേശീയാവബോധം നാമ്പെടുത്തു. മീശപിരിച്ചുവച്ച ഭഗത്‌സിങ്ങിന്റെ ചിത്രം അദ്ദേഹത്തിന്റെ മനസ്സില്‍ മായാതെ കിടന്നു. 1942ല്‍ ഗാന്ധിജിയുടെ അറസ്റ്റിനെത്തുടര്‍ന്ന് ക്ളാസ്‌മുറി വിട്ടിറങ്ങി. 11 വയസ്സുള്ളപ്പോഴായിരുന്നു ഗുരുവായൂര്‍ സത്യഗ്രഹം. കേളപ്പന്‍, എ കെ ജി തുടങ്ങിയ പേരുകള്‍ നാട്ടുകാര്‍ക്ക് സുപരിചിതമായിത്തുടങ്ങിയ കാലം. സത്യഗ്രഹത്തിനുവേണ്ടി അരിയും മറ്റും പിരിക്കുന്നതിനുള്ള സ്ക്വാഡില്‍ കോവിലനും പങ്കാളിയായി. സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള ആദ്യ സങ്കല്‍പ്പം രൂപപ്പെടുന്നത് ഇക്കാലത്താണ്. 19-ാമത്തെ വയസ്സില്‍ സ്വാതന്ത്ര്യസമരത്തില്‍ കോവിലനും പങ്കുകൊണ്ടു. ശക്തമായ ഇടതുപക്ഷ പശ്ചചാത്തലമുള്ള പ്രദേശമായിരുന്നു കോവിലന്റെ തട്ടകമായ കണ്ടാണശേരി. ഇമ്പിച്ചിബാവ, ടി കെ കൃഷ്ണന്‍, പി കെ മണത്തില്‍ തുടങ്ങിയവരായിരുന്നു അവിടെ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കാന്‍ മുന്നിട്ടുനിന്ന് പ്രവര്‍ത്തിച്ചത്. അക്കാലത്ത് നടന്ന ചെത്തുതൊഴിലാളികളുടെ സമരത്തില്‍ കോവിലനും പങ്കെടുത്തു. പൊതുയോഗങ്ങളില്‍ പ്രാസംഗികനായി. ഇടങ്ങഴി കള്ളിന് മുക്കാല്‍ അണ കിട്ടണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. ഇതോടെ സഖാവ് എന്ന പേരുകിട്ടി. അന്ന് നിഷിദ്ധമായിരുന്ന വാക്കായിരുന്നു അത്.

പാവറട്ടിയില്‍ പഠിക്കുമ്പോള്‍ ചെറുകാടുമായി ഉണ്ടായ അടുപ്പം കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി കോവിലനെ കൂടുതല്‍ അടുപ്പിച്ചു. ചെറുകാട് നല്‍കിയ ലഘുലേഖകള്‍ ബനിയനുള്ളില്‍ ഇട്ടാണ് കോളേജിനു പുറത്തേക്ക് കൊണ്ടുവന്നത്. തേഭാഗയിലെ കര്‍ഷകസമരത്തെക്കുറിച്ചും മറ്റും അങ്ങനെയാണ് അറിയാന്‍ കഴിഞ്ഞത്. ചാവക്കാട് ഫര്‍ക്കയില്‍ വിദ്യാര്‍ഥി ഫെഡറേഷന്‍ രൂപീകരിക്കുന്നതിലും കോവിലന്‍ പങ്കാളിയായി. തലപ്പിള്ളി താലൂക്കിലെ തൊഴിലാളി യൂനിയന്റെ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു കോവിലന്‍. കേരളത്തിന്റെ എല്ലാക്കാലത്തെയും സാമൂഹ്യ- രാഷ്ട്രീയജീവിതത്തില്‍ അഗാധമായി സ്വാധീനിച്ചത് കമ്യൂണിസ്റ് പാര്‍ടിയാണെന്ന് കോവിലന്‍ ഉറച്ചുവിശ്വസിച്ചു. കവി രാവുണ്ണിയുമായി ദേശാഭിമാനി വാരാന്തപ്പതിപ്പിനുവേണ്ടി നടത്തിയ അഭിമുഖത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്വാധീനത്തെക്കുറിച്ച് കോവിലന്‍ ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട്.

വായിച്ച് വിളഞ്ഞ കൂനന്‍

ആദ്യത്തെ കഥകള്‍ എന്ന കഥാസമാഹാരത്തിനെഴുതിയ മുഖവുരയില്‍നിന്ന്

പാവറട്ടി സാഹിത്യദീപികാ സംസ്കൃതകോളേജില്‍ 13-ാം വയസ്സില്‍ ഞാന്‍ പഠിക്കാന്‍ ചേര്‍ന്നു, മഹാകവിയാകണമെങ്കില്‍ വിദ്വാന്‍ പാസാകണമല്ലോ. അച്ഛന്റെ തോളില്‍ പ്രൈമറി പള്ളിക്കൂടത്തിലേക്ക് സവാരിശീലിച്ച ഞാനും എന്റെ മോഹങ്ങളും കൂടെ ആറാറുനാഴിക നിത്യവും നടന്നു. ബ്രഹ്മകുളത്തെ കറമ്പിപ്പാല്‍ക്കാരികള്‍ വഴിമാറിനില്‍ക്കാത്ത എന്നെ നെടുവരമ്പത്തുവച്ചാട്ടി. അവരുടെ ആള്‍ക്കാര്‍ എന്നെ തല്ലാന്‍ വഴിയില്‍ കാത്തുനില്‍പ്പായി. അപ്പോള്‍ ഞാന്‍ വഴിമാറി. കണ്ടാണശേരിയില്‍നിന്ന് ചിറ്റാട്ടുകരയിലൂടെയും പാവറട്ടിക്കുപോകാം. ഒന്നോ രണ്ടോ നാഴിക കൂടുതല്‍ നടന്നാല്‍ മതി. വഴിനീളെ വായിച്ചുനടന്നിട്ടാണത്രേ, എനിക്കൊരു കൂനും ഉണ്ടായി. എന്നെ ഒന്നു നിവര്‍ത്തി നിര്‍ത്താന്‍ പട്ടാളപ്പരേഡുകളില്‍ പ്രഗത്ഭരായ ഉസ്താദുമാരും ഞാനും ധാരാളം പാടുപെട്ടിട്ടുണ്ട്. 1942 ആഗസ്തില്‍ സംസ്‌കൃതകോളേജിന്റെ മുറ്റത്തിറങ്ങി ഭാരത മാതാവിന് കീ ജെയ് വിളിച്ച് ഞാന്‍ പുറത്തുപോന്നു. അതൊക്കെ ഇന്ന് ചരിത്രം മാത്രമാകുന്നു. പക്ഷേ, ചരിത്രത്തില്‍ ഞാനില്ല, കഥകളില്‍ ഞാന്‍ ജീവിക്കുന്നു. ചരിത്രം നേതാവിന്റെയും സാഹിത്യം മനുഷ്യന്റെയുമാണല്ലോ.

വീട്ടില്‍ പൊറുതികിട്ടാത്തതുകൊണ്ട് എത്രയോ ദിവസം ഞാന്‍ അലഞ്ഞു നടന്നു. ഈ അലച്ചിലിനിടയ്ക്കാണ് തകര്‍ന്ന ഹൃദയങ്ങളുടെ കഥ മനസ്സില്‍ രൂപപ്പെട്ടത്. പത്തൊമ്പതാമത്തെ വയസ്സില്‍ തകര്‍ന്ന ഹൃദയങ്ങള്‍എഴുതി. തകര്‍ന്ന ഹൃദയങ്ങള്‍ക്കുമുമ്പ് രണ്ട് നോവലുകളെങ്കിലും ഞാനെഴുതി. രണ്ടും കളഞ്ഞുപോയി. രണ്ടാമത്തേതിന് സഹോദരന്‍ എന്ന് പേരിട്ടു. സഹോദരനെന്ന പേരില്‍ നോവല്‍ അച്ചടിച്ചിറക്കാന്‍ അനുമതി നല്‍കണമേ എന്ന് സഹോദരന്‍ അയ്യപ്പന് ഒരെഴുത്തും ഞാന്‍ വിട്ടു. എഴുത്ത് അവിടെ കിട്ടിയോ എന്തോ! അനുമതിയോ മറ്റ് വിശേഷങ്ങളോ സഹോദരന്‍ അയ്യപ്പന്‍ എന്നെ അറിയിച്ചില്ല. കണ്ടാണശേരിക്കാരന്‍ ഒരയ്യപ്പന്‍ തന്റെ സല്‍പ്പേരിനെതിരെ മത്സരിക്കാന്‍ വന്നതില്‍ സഹോദരന്‍ അയ്യപ്പന്‍ അസൂയപ്പെടുകയാണെന്നും അസൂയമൂത്തിട്ടാണ് മൌനം ഭജിക്കുന്നതെന്നും സങ്കല്‍പ്പകഥകള്‍ ഞാന്‍ കെട്ടിപ്പൊക്കി.

വയറിന്റെ നോവലിസ്റ്റെന്ന് നിങ്ങള്‍ എന്നെ വിളിക്കുമോ? വിശപ്പിന്റെ നോവലിസ്റ്റെന്ന് നിങ്ങള്‍ എനിക്കൊരു പേരു തന്നാല്‍ ഇന്നത്തെ നിലയ്ക്ക് ഞാന്‍ സംതൃപ്തനായിക്കൊള്ളും. ആഹാരം എത്ര തവണ കഴിച്ചാലും വീണ്ടും വിശക്കുന്നു എന്നിടത്താണ് ഇപ്പോള്‍ ഞാന്‍ എത്തിയിട്ടുള്ളത്. ജീവിതം വിശപ്പിന്റെ ഒരു തീരാക്കളിയാകുന്നു. ദൈവം മനുഷ്യനെ ശപിച്ചു. നിന്റെ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് നീയും നിന്റെ കുടുംബവും പുലരണം. ശപിച്ച് ദൈവം മനുഷ്യനെ ഭൂമിയിലേക്കിറക്കിവിട്ടു. ഇനി സ്വര്‍ഗം അവന്റെ സ്വപ്നങ്ങളില്‍മാത്രം. നിന്റെ ഉള്ളംകൈയിലെ വിയര്‍പ്പുകൊണ്ടെന്നല്ല, നെറ്റിയിലെ വിയര്‍പ്പുകൊണ്ടെന്നാണ് ശാപം. ഇതുകൊണ്ടാകണം, ബുദ്ധിജീവികള്‍ അധ്വാനിക്കുന്നവരുടെ കൂട്ടത്തില്‍പ്പെട്ടുപോയത്. കലയും കച്ചവടവും രാജ്യഭാരവും ആഹാരത്തിനുവേണ്ടിയുള്ള അധ്വാനമായി കലാശിച്ചത്. മഹാനായ അലക്സാണ്ടറും തിമൂറും കായംകുളം കൊച്ചുണ്ണിയും വിശപ്പിനെപ്രതി വിശകലനം ചെയ്യപ്പെടണം. നീയും നിന്റെ കുടുംബവും, കുടുംബത്തിന്റെ പരിധി വര്‍ധിക്കുമ്പോള്‍ രാഷ്ട്രമോ ലോകം തന്നെയോ അതിലൊതുങ്ങുന്നു. വിശപ്പിന്റെ ഒടുങ്ങാത്ത തീക്കളി കള്ളക്കളിയായിത്തീരുമ്പോള്‍ കള്ളനോട്ടും കരിഞ്ചന്തയും കള്ളക്കടത്തും കള്ളപ്പണവും പൊന്‍വാണിഭവും പെണ്‍വാണിഭവും മാന്യമായ തൊഴിലുകളായി ആദരിക്കപ്പെടേണ്ടിവരുന്നു.

ഇടതുപക്ഷ മാനവികതയുടെ കഥാകാരന്‍: പിണറായി

കേരളീയമണ്ണ് കഥാതട്ടകമാക്കിയ, ഇടതുപക്ഷ മാനവികതയെ മുറുകെ പിടിച്ച ഉയര്‍ന്ന സാമൂഹ്യവീക്ഷണമുള്ള കഥാകാരനായിരുന്നു കോവിലനെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ബാരക്കുകളിലെ മൌനദുഃഖങ്ങളെ മനോഹര കഥാശില്‍പ്പമാക്കിയ മലയാളിയുടെ പ്രിയപ്പെട്ട കഥാകാരന്റെ വേര്‍പാട് ഏറെ ദുഃഖിപ്പിക്കുന്നതാണ്. ഇത്രയധികം അനുഭവതീക്ഷ്ണതയും മൂര്‍ച്ചയുമുള്ള കഥാപാത്രങ്ങള്‍ മലയാളസാഹിത്യലോകത്ത് അപൂര്‍വമാണ്. കഷ്ടപ്പാടുകളോട് പൊരുതിക്കയറിയ ജീവിതത്തിന്റെ നേര്‍ക്കണ്ണാടികളായ കഥകളായിരുന്നു അദ്ദേഹത്തിന്റേത്. ഭഗത്‌സിങ്ങിന്റെ ആരാധകനായിരുന്ന അയ്യപ്പന്‍, 19-ാം വയസ്സില്‍ ക്ളാസ്മുറി ബഹിഷ്കരിച്ച് സ്വാതന്ത്ര്യസമരത്തില്‍ സജീവമായി. വിദ്യാര്‍ഥി ഫെഡറേഷന്‍ പ്രവര്‍ത്തകനായും ചെത്തുതൊഴിലാളിസമരത്തിലെ പങ്കാളിയായും തൊഴിലാളിസംഘടനാപ്രവര്‍ത്തകനായും മാറി. പിന്നീട് നാവികസേനയില്‍ ചേര്‍ന്നെങ്കിലും ഇന്ത്യന്‍ പട്ടാളക്കാരോട് ബ്രിട്ടീഷുകാര്‍ കാട്ടിയ വിവേചനത്തിനെതിരായ നാവികസമരത്തില്‍ പങ്കാളിയായി പിരിച്ചുവിടപ്പെട്ടു. സ്വാതന്ത്ര്യാനന്തരകാലത്ത് വീണ്ടും പട്ടാളത്തില്‍ ചേര്‍ന്നു. സമരോത്സുകമായ ഭൂതകാലത്തിന്റെ ഉടമയായ അയ്യപ്പന്‍, പട്ടാളക്കഥകളെഴുതുന്നതിന് കോവിലന്‍ എന്ന തൂലികാനാമം സ്വീകരിച്ചശേഷവും ഇടതുപക്ഷമനസ്സ് നിലനിര്‍ത്തി. പാടത്തു പണിയെടുക്കുമ്പോള്‍ തലചുറ്റിവീണു മരിച്ച അമ്മയും കേരളത്തിന്റെ സാമൂഹ്യമാറ്റത്തിന്റെ മുഖ്യചാലകശക്തിയായ കമ്യൂണിസ്റ്പ്രസ്ഥാനത്തിലെ പോരാളികളും കോവിലന്‍ കഥകളിലെ മികവുറ്റ കഥാപാത്രങ്ങളായി. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാളായിരുന്ന കോവിലന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം പിണറായി അറിയിച്ചു.

*
കടപ്പാട്: ദേശാഭിമാനി

കോവിലനു വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അക്ഷരങ്ങളുടെ ലോകത്ത് ആമഗ്നമാകുമ്പോഴും ചരിത്രത്തിന്റെ സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങാന്‍ സന്നദ്ധമായ ഹൃദയം കോവിലന്‍ എന്ന എഴുത്തുകാരനില്‍ മിടിച്ചുകൊണ്ടിരുന്നു. വാക്കിലും എഴുത്തിലും ജീവിതത്തിലും കോവിലനെ മറ്റുള്ളവരില്‍നിന്നു വ്യതിരിക്തനാക്കിയതും അതായിരുന്നു. പില്‍ക്കാലത്ത് എഴുത്തിന്റെ ഹിമവല്‍ശൃംഖങ്ങള്‍ കീഴടക്കിയ ആ ജീവിതത്തിന് സമരോത്സുകമായ ഭൂതകാലമുണ്ടായിരുന്നു.

കോവിലനു വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍