Tuesday, June 22, 2010

ഇസ്രയേലും കടല്‍ക്കൊള്ളക്കാരും

രാജ്യാന്തര സമുദ്രാതിര്‍ത്തിയില്‍ ആയുധങ്ങളുമായി കപ്പലുകളില്‍ അതിക്രമിച്ചുകയറുക, ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കുകയോ അക്രമികളുടെ നാട്ടിലെ തുറമുഖത്തേക്ക് കപ്പല്‍ തിരിച്ചുവിടാന്‍ വിസമ്മതിക്കുകയോ ചെയ്യുന്നവരെ വധിക്കുക- ഇത്തരം പ്രവൃത്തികള്‍ കടുത്ത പാതകമാണ്. തീര്‍ച്ചയായും ഞാന്‍ ഉദ്ദേശിക്കുന്നത് സൊമാലിയ കടല്‍ക്കൊള്ളക്കാരെയാണ്. ഇത്തരം ഭീകരപ്രവൃത്തികള്‍ തടയാന്‍ നാം യുദ്ധകപ്പലുകളെ നിയോഗിക്കുകയും ചെയ്യുന്നു. ഇസ്രയേല്‍ പക്ഷേ, ഇതുപോലെ മോചനദ്രവ്യം ആവശ്യപ്പെടുന്നില്ല. അവര്‍ക്ക് യുദ്ധം ജയിക്കാന്‍ വേണ്ടത് മാധ്യമപ്രവര്‍ത്തകരുടെ പിന്തുണയാണ്.

ഗാസയിലേക്കു വന്ന തുര്‍ക്കി ദുരിതാശ്വാസകപ്പലില്‍ കടന്ന് ഇസ്രയേല്‍ കമാന്‍ഡോകള്‍ ഒമ്പതുപേരെ വധിച്ചു. പക്ഷേ, കപ്പലില്‍ ഉണ്ടായിരുന്നവരെ പാശ്ചാത്യമാധ്യമങ്ങള്‍ ' സായുധരായ സമാധാനപ്രവര്‍ത്തകര്‍' എന്ന് വിശേഷിപ്പിച്ചു. 'ജൂതവിരോധം മൂത്ത അക്രമികള്‍ ലോഹദണ്ഡുകള്‍കൊണ്ട് സഹജീവിയെ മര്‍ദിച്ചു'-മറ്റൊരു വാര്‍ത്ത. ഇതെനിക്ക് നന്നേ രസിച്ചു. അടികൊണ്ടതുകൊണ്ടാണല്ലോ സഹജീവിയെ തോക്കെടുത്ത് വെടിവച്ച് വീഴ്ത്തിയത്! എന്നാല്‍, തുര്‍ക്കി കപ്പലില്‍ നടന്ന കൂട്ടക്കൊലയില്‍ എനിക്ക് വ്യക്തിപരമായി അത്ഭുതമൊന്നും തോന്നിയില്ല.

ലബനനില്‍ നിരപരാധികളെ ഇസ്രയേല്‍സേന കൊന്നൊടുക്കിയതിന് ഞാന്‍ ദൃക്സാക്ഷിയാണ്. ക്വാനയില്‍ ഇസ്രയേല്‍സൈനികര്‍ 1996ല്‍ നടത്തിയ കൂട്ടക്കൊലയ്ക്കും ഞാന്‍ സാക്ഷിയായി, അന്ന് കൊല്ലപ്പെട്ട 106 പേരില്‍ പകുതിയിലേറെയും കുട്ടികളായിരുന്നു. നൊബേല്‍സമ്മാന ജേതാവ് ഷിമോ പെരസ് നയിച്ച അന്നത്തെ ഇസ്രയേല്‍ സര്‍ക്കാര്‍ അവകാശപ്പെട്ടത് കൊല്ലപ്പെട്ടവരില്‍ ഭീകരരും ഉണ്ടെന്നായിരുന്നു- പച്ചക്കള്ളം, പക്ഷേ ആര്‍ക്ക് പ്രശ്നം?

പിന്നീട് 2006ല്‍ ക്വാനയില്‍ വീണ്ടും കൂട്ടക്കൊല, 2008-09ല്‍ ഗാസയില്‍ ഏകദേശം 1300 പലസ്തീനികളെയാണ് വധിച്ചത്. അതില്‍ കൂടുതല്‍പേരും കുട്ടികളായിരുന്നു. പിന്നീട് വന്ന ഗോള്‍ഡ്സ്റോ റിപ്പോര്‍ട്ട് ഇസ്രയേല്‍ സൈന്യം(ഹമാസും) യുദ്ധകുറ്റകൃത്യം നടത്തിയതായി കണ്ടെത്തി. പക്ഷേ, ഈ റിപ്പോര്‍ട്ട് ജൂതവിരുദ്ധമാണെന്ന് ആരോപണമുണ്ടായി- പാവം ബഹുമാന്യനായ ഗോള്‍ഡ്സ്റോ, അദ്ദേഹം ദക്ഷിണാഫ്രിക്കക്കാരനായ ജൂതന്യായാധിപനാണ്. അദ്ദേഹത്തെ തിന്മ നിറഞ്ഞവനായി വിശേഷിപ്പിക്കാന്‍ ആളുണ്ടായി. ഒബാമഭരണകൂടം ഗോള്‍ഡ്സ്റോണിനെ വിളിച്ചത് 'വിവാദപുരുഷന്‍' എന്നാണ്.

തുടര്‍ന്നും സംഭവങ്ങളുണ്ടായി. ദുബായിലെ ഹോട്ടല്‍ മുറിയില്‍ ഹമാസ് നേതാവ് കൊല്ലപ്പെട്ടു, ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ വ്യാജപാസ്പോര്‍ട്ടുമായി എത്തിയ 19 ഇസ്രയേലികളാണ് അരുംകൊല നടത്തിയത്. അതിനോട് നമ്മുടെ വിദേശസെക്രട്ടറിയായിരുന്ന ഡേവിഡ് മിലിബാന്‍ഡിന്റെ ദയനീയ പ്രതികരണം... അദ്ദേഹം അതിനെ 'ഒരു സംഭവം' എന്നാണ് വിശേഷിപ്പിച്ചത്- ഹോട്ടല്‍മുറിയിലെ കൊലപാതകത്തെയല്ല, വ്യാജപാസ്പോര്‍ട്ട് ചമച്ചതാണ് വിവാദമായത്.

ഇപ്പോള്‍ ഒമ്പത് കപ്പല്‍യാത്രക്കാരെ 'ഇസ്രയേല്‍വീരന്മാര്‍' വധിക്കുകയുംചെയ്തു. അതിശയിപ്പിക്കുന്ന കാര്യം, മിക്ക പാശ്ചാത്യ മാധ്യമപ്രവര്‍ത്തകരും -ഞാന്‍ ഉള്‍പ്പടെ- ഇസ്രയേലി പത്രപ്രവര്‍ത്തകരെപ്പോലെ എഴുതുന്നതാണ്. പക്ഷേ, ഈ കൊലപാതകത്തെക്കുറിച്ച് പല ഇസ്രയേലിമാധ്യമപ്രവര്‍ത്തകരും എഴുതുന്നത് പാശ്ചാത്യമാധ്യമപ്രവര്‍ത്തകര്‍ക്ക് മാതൃകയാകേണ്ട ധൈര്യത്തോടെയാണ്.

ഇനി ഇസ്രയേല്‍ സൈന്യത്തിന്റെ കാര്യം. ഇന്നത്തെ ഇസ്രയേല്‍ സൈനികഘടനയെക്കുറിച്ച് ആമോസ് ഹാരെലിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് 'ഹാരെറ്റ്സ്' പത്രം പ്രസിദ്ധീകരിച്ചിരുന്നു. മുന്‍കാലങ്ങളില്‍ സൈനികരില്‍ ഏറിയപങ്കും ഇടതുപക്ഷ പാരമ്പര്യമുള്ളവരായിരുന്നു, ടെല്‍ അവീവില്‍നിന്നോ ഷാരോ തീരമേഖലയില്‍നിന്നോ ഉള്ളവര്‍. 1990ല്‍ സൈനികരില്‍ രണ്ടുശതമാനം മാത്രമേ യാഥാസ്ഥിതിക ജൂതരായി ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഇവര്‍ 30 ശതമാനത്തോളമായി. ഗോലാന്‍ ബ്രിഗേഡിലെ ഏഴ് ലഫ്. കേണല്‍മാരില്‍ ആറുപേരും ജൂതവാദികളാണ്. പല ബ്രിഗേഡുകളില്‍ 50 ശതമാനത്തോളം പ്രാദേശിക കമാന്‍ഡര്‍മാര്‍ 'സങ്കുചിത മതവിശ്വാസികളാണ്'. ഇവരുടെ മതവിശ്വാസത്തില്‍ തെറ്റൊന്നുമില്ല. എന്നാല്‍, ഇവരില്‍ ഏറിയപങ്കും വെസ്റ്ബാങ്കിന്റെ കോളനിവല്‍ക്കരണത്തെ അനുകൂലിക്കുന്നവരും സ്വതന്ത്രപലസ്തീന്‍ രാജ്യത്തെ എതിര്‍ക്കുന്നവരുമാണ്. അതെ, ഇസ്രയേല്‍സേന കുലീനതയിലും സാഹസികതയിലും മറ്റാര്‍ക്കും പിന്നിലല്ല! അവരെ സൊമാലിയന്‍ കൊള്ളക്കാരെന്ന് വിളിക്കരുത്.

*
റോബര്‍ട്ട് ഫിസ്ക്
(പ്രശസ്ത ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനായ റോബര്‍ട്ട് ഫിസ്ക് 'ദി ഇന്‍ഡിപെന്‍ഡന്റ്' പത്രത്തിന്റെ പശ്ചിമേഷ്യന്‍ ലേഖകനാണ്)
കടപ്പാട്: ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...