
വാഹനത്തിരക്കിന്റെ ശ്വാസംമുട്ടലില്‍ അമര്‍ന്ന സിഗ്നല്‍പോയിന്റില്‍നിന്നാണ് കഥയുടെ ആരംഭം. മഞ്ഞ, ചുവപ്പ്, പച്ച വെളിച്ചങ്ങള്‍ തെളിയുമ്പോഴുള്ള ഭാവപ്രകടനങ്ങള്‍. പച്ചയുടെ അനുമതിയിലൂടെ തിക്കിത്തിരക്കി പായുന്ന കാല്‍നടക്കാര്‍. വരയന്‍കുതിരയുടെ തോല്‍ വിരിച്ചതുപോലുള്ള വഴി(സീബ്രാവര)യിലെ തിരക്ക് അവസാനിച്ചിരിക്കുന്നു. പിന്നെ കാറുകളുടെ പതുങ്ങിയ നീക്കം. ചിലവയുടെ വേഗം തടസ്സപ്പെടുത്തി ഒരു കാര്‍ പെട്ടെന്ന് നിശ്ചലമായി. യന്ത്രത്തകരാറ്, പെട്രോളില്ലാത്ത അവസ്ഥ, വൈദ്യുതിസര്‍ക്യൂട്ടുകളിലെ പിഴവ്... തുടങ്ങിയ പല കാരണങ്ങള്‍ പലതും നിരൂപിച്ചു. ആ കാറോടിച്ചയാള്‍ എല്ലാവരെയും സ്‌തംബ്‌ധരാക്കി ഞെട്ടിക്കുന്ന കാര്യം വ്യക്തമാക്കുംവരെ അത്തരം വിചാരങ്ങള്‍ തുടരുകതന്നെ ചെയ്‌തു. "എന്റെ കാഴ്‌ചശക്തി നഷ്ടപ്പെട്ടിരിക്കുന്നു'' എന്ന അയാളുടെ വെളിപ്പെടുത്തല്‍ പെട്ടെന്നായിരുന്നു. "..... ഞാന്‍ അന്ധനാണ്. കാറില്‍നിന്ന് പുറത്തേക്കിറങ്ങാന്‍ അവര്‍ സഹായിക്കുന്നതിനിടെ അയാള്‍ പറഞ്ഞു. ശരിക്കും നിരാശപൂണ്ടാണ് അയാള്‍ ഇത്രയും പറഞ്ഞത്. കണ്ണുനീര്‍ പുറത്തേക്ക് വന്നുകൊണ്ടിരുന്ന ആ കണ്ണുകള്‍ അയാളെ സംബന്ധിച്ചിടത്തോളം മരിച്ച അവസ്ഥയിലാണ്. അതിന് ഒന്നുകൂടി തിളക്കം വീണ്ടുകിട്ടിയപോലെ ഉണ്ടായിരുന്നു.....''

വീട്ടിലെത്തിച്ച മനുഷ്യനോട് ആ അന്ധന്‍ നിറഞ്ഞ നന്ദിവാക്കുകള്‍ പറഞ്ഞു. എന്നാല്‍ തികച്ചും അപരിചിതനായ ഒരാളെ അകത്തേക്കു ക്ഷണിക്കാന്‍ അയാള്‍ക്ക് താല്‍പ്പര്യമുണ്ടായില്ല. ലിഫ്‌റ്റിന്റെ താഴേക്കുള്ള ചലനശബ്‌ദം കേട്ട് ആശ്വാസത്തിന്റേതായ നെടുവീര്‍പ്പിടുകയും ചെയ്‌തു.
താക്കോല്‍പഴുത് തേടിയുള്ള കൈവിരലുകളുടെ ചലനം. പൂക്കള്‍ അലങ്കരിച്ചുവച്ച മണ്‍പാത്രം തട്ടിയിട്ടത്. വിരലിലേറ്റ മുറിവ്. ഡോൿടറുടെ ഫോണ്‍നമ്പര്‍ തിരക്കി ഭാര്യ ഡയറൿടറിയുടെ പേജുകള്‍ മറിച്ചുനോക്കുന്നതിന്റെ ഒച്ച- സ്വാഭാവികതയെല്ലാം തകിടംമറിയുകയായിരുന്നു. കണ്ണു ഡോൿടറുമായുള്ള സംഭാഷണങ്ങള്‍. തന്നെ വീട്ടില്‍ കൊണ്ടുവിട്ടയാള്‍ കാറിന്റെ താക്കോല്‍ അവിടെ വയ്‌ക്കാതെയാണ് പോയതെന്ന അറിവ്. ആ നല്ല സമരിയക്കാരന്‍ കാറുംകൊണ്ട് കടന്നുകളഞ്ഞിരിക്കയാണെന്ന ഞെട്ടല്‍. "..... അന്ധനായ മനുഷ്യന്റെ വീടിനടുത്തെത്തിയപ്പോള്‍ മാത്രമേ വളരെ സാധാരണമാംവിധം അങ്ങനെ ഒരു ആശയം അയാള്‍ക്ക് തോന്നിയുള്ളൂ. ശരിക്കും പറഞ്ഞാല്‍ പെട്ടെന്നൊരു ലോട്ടറിക്കാരനെ കാണുമ്പോള്‍ ടിക്കറ്റെടുക്കാന്‍ തോന്നുന്നതുപോലെ...''

പോര്‍ച്ചുഗലില്‍ അസിന്‍ ഹഗ ഗ്രാമത്തിലെ കര്‍ഷകകുടുംബത്തില്‍ പിറന്ന സരമാഗോ ക്ളേശകരങ്ങളായ മുള്‍വഴികളിലൂടെയാണ് നടന്നത്. 12-ാം വയസ്സില്‍ സ്‌കൂള്‍വിദ്യാഭ്യാസം അവസാനിപ്പിച്ച് കാര്‍ മെക്കാനിക്കായി. പിന്നെയും കഠിനമായ പരീക്ഷണങ്ങള്‍. പലതരം തൊഴിലുകള്‍. പത്രപ്രവര്‍ത്തകനും കോപ്പിയെഴുത്തുകാരനുമായാണ് സാഹിത്യാഭിരുചിയുടെ തുടക്കം. പിന്നെ പ്രതിഭാസ്‌പര്‍ശമേല്‍ക്കാത്ത സാഹിത്യമേഖല ഒന്നുമുണ്ടായില്ല. കവിത, കഥ, നോവല്‍, യാത്രാവിവരണം, നാടകം- എന്നിങ്ങനെ ഒഴുകിപ്പരന്നു രചനാപരിശ്രമങ്ങള്‍. 1947ല്‍ ആദ്യ നോവല്‍ പുറത്തിറങ്ങി. പിന്നെ രണ്ടുപതിറ്റാണ്ടിനോടടുത്ത മൌനമായിരുന്നു. കവിതാസമാഹാരം പുറത്തിറക്കിയാണ് ആ നിശ്ശബ്‌ദഘട്ടം മറികടന്നത്.
നിത്യരോഗങ്ങളുടെ പിടിയിലമര്‍ന്ന സരമാഗോവിന്റെ അന്ത്യം സ്‌പെയിനിലെ കാനറി ദ്വീപിലായിരുന്നു. പോര്‍ച്ചുഗലിലെ അതിയാഥാസ്ഥിതിക സര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങളെയും ഏറ്റുമുട്ടലുകളെയും വിമര്‍ശങ്ങളെയും തുടര്‍ന്ന് അദ്ദേഹം ഏതാനും വര്‍ഷമായി അവിടെയായിരുന്നു താമസം. 1991ല്‍ പ്രകാശിതമായ 'സുവിശേഷം യേശുക്രിസ്‌തുവിന്റെ വാക്കുകളില്‍' എന്ന നോവല്‍ ഭരണകൂടത്തെയും മതയാഥാസ്ഥിതികത്വത്തെയും ഏറെ പ്രകോപിപ്പിച്ചു. യൂറോപ്യന്‍ സാഹിത്യപുരസ്‌ക്കാരത്തിന് സരമാഗോവിന്റെ പേര് ശുപാര്‍ശചെയ്യാതെയായിരുന്നു പ്രതികാരം. ഇതില്‍ പ്രതിഷേധിച്ചാണ് രാജ്യംവിട്ടത്. അദ്ദേഹത്തിന്റെ ശവസംസ്‌ക്കാര ചടങ്ങില്‍ പ്രസിഡന്റ് അനിബാല്‍ കവാകോ സില്‍വ കരുതിക്കൂട്ടി പങ്കെടുക്കാതിരുന്നതില്‍നിന്ന് വിരോധത്തിന്റെ ആഴം മനസ്സിലാക്കാം. യൂറോപ്യന്‍ സാഹിത്യസമ്മാനത്തിന് തടസ്സമുയര്‍ത്തിയ കാലത്ത് സില്‍വ പ്രധാനമന്ത്രിയായിരുന്നുവെന്നത് മറ്റൊരു കഥ. യേശുവിനെക്കുറിച്ചുള്ള കൃതിക്കെതിരെ കത്തോലിക്ക യാഥാസ്ഥിതികരും പരുഷമായി പ്രതികരിച്ചിരുന്നു. വത്തിക്കാന്‍പത്രം മരണവേളയില്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത് കനത്ത ശകാരപദംകൊണ്ടായത് നിസ്സാരമല്ല. ജനപ്രിയ തീവ്രവാദി, മതവിരുദ്ധ പ്രത്യയശാസ്‌ത്രകാരന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ അതില്‍ കയറിക്കൂടിയത് യാദൃച്‌ഛികവുമല്ല.
കല്ലുചങ്ങാടം, പേരറിയാത്ത ദ്വീപിന്റെ കഥ, ഇടവേളകളില്ലാത്ത മരണം, റിക്കാഡോ റീസ് മരിച്ച കൊല്ലം, ഗുഹ, ലിസ്‌ബണ്‍- ഉപരോധചരിതം തുടങ്ങിയവ സരമാഗോവിന്റെ വിഖ്യാത കൃതികളാണ്. മുപ്പതിലധികം ഭാഷയിലായി ഇവയുടെ ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റുപോയത്. മരണത്തെക്കുറിച്ച് 2005ലെഴുതിയ നോവല്‍ 'അന്ധത'യുടെ മറ്റൊരു മുഖമാണെന്നു തോന്നും. പെട്ടെന്ന് മരണം നിന്നുപോയ പേരില്ലാത്ത ആ രാജ്യത്തിന്റെ അന്തര്‍സംഘര്‍ഷമാണ് അതില്‍.
1969ല്‍ പോര്‍ച്ചുഗീസ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായ സരമാഗോ സ്വേച്‌ഛാധിപത്യത്തിനെതിരായ പോരാട്ടങ്ങളില്‍ സജീവമായി പങ്കെടുത്തു. കടുത്ത നിരോധനത്തിന്റെ ഘട്ടങ്ങളിലും പരസ്യനിലപാടെടുക്കുകയുമുണ്ടായി. ഇക്കാലത്തെ ഓര്‍മിപ്പിച്ച് അദ്ദേഹമെഴുതിയത് ചെറുഫലിതത്തിന്റെ മേമ്പൊടിയോടെയാണ്. "ജനങ്ങള്‍ പറയുമായിരുന്നു ഞാന്‍ നല്ലവനാണ്. എന്നാല്‍ ഒരു കമ്യൂണിസ്റ്റായിപ്പോയി. ഇപ്പോഴത്തെ പ്രതികരണം- കമ്യൂണിസ്റ്റാണെങ്കിലും നല്ലവനാണ്.'' വലിയ വ്യത്യാസമില്ലെന്നു തോന്നുന്ന അതിന്റെ ഊന്നല്‍ തള്ളിക്കളയാനാകില്ല.
കമ്യൂണിസ്റ്റ് ആഭിമുഖ്യം ആരോപിച്ച് സരമാഗോവിനു നേരെ പല പ്രതികാരനടപടിയും ഉണ്ടായി. അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന പത്രത്തില്‍നിന്ന് പുറത്താക്കിയാണ് തുടക്കം. ആ നടപടിയെ സരമാഗോ പിന്നീടു വിലയിരുത്തിയത് ശ്രദ്ധേയമായിരുന്നു: "ആ ചിന്ത ഉദയംചെയ്‌ത മനസ്സിനോട് ഏറെ നന്ദിയുള്ളവനാണ്. അന്നത്തെ പുറത്താക്കലാണ് എന്നെ ഉടച്ചുവാര്‍ത്തത്. അങ്ങനെ പുതിയ മനുഷ്യനായി. അത് എഴുത്തിന്റെ മണ്ഡലത്തിലും ശക്തി നല്‍കുന്നതായിരുന്നു''.
പലസ്‌തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടത്തിയ ഇടപെടലുകളിലൂടെയും സരമാഗോവിന്റെ ഖ്യാതി ലോകമാകെ വ്യാപിച്ചു. 2002ല്‍ യാസര്‍ അറഫാത്തിനെ സന്ദര്‍ശിച്ചശേഷം ഇസ്രയേലി അതിക്രമങ്ങളെ അദ്ദേഹം തുറന്നെതിര്‍ക്കുകയുണ്ടായി. ഔഷ്വിറ്റ്സ് നാസി പീഡനമുറികളെ മനസ്സില്‍ തെളിച്ചുകൊണ്ടുവരുന്നതാണ് ഇസ്രയേലി അധിനിവേശമെന്നാണ് സരമാഗോ അന്ന് പ്രതികരിച്ചത്.
തന്റെ ഒരക്ഷരം, വാക്ക്, വാചകങ്ങള്‍, പേജ്, പുസ്‌തകം, കൃതികള്‍... അവയിലെല്ലാം പരന്നുനില്‍ക്കുന്ന കഥാപാത്രങ്ങളില്ലെങ്കില്‍ താന്‍ ഒരിക്കലും ഇതുപോലെ ആകുമായിരുന്നില്ലെന്നാണ് ഒരിക്കല്‍ എഴുത്തിലെ ആ പ്രക്ഷോഭകാരി വികാരപരമായി പറഞ്ഞത്. സാമൂഹ്യപ്രശ്‌നങ്ങളോടും പ്രതിഭാസങ്ങളോടും നിറഞ്ഞ പ്രതിബദ്ധതയോടെ ഇടപഴകിയ സരമാഗോ പകര്‍ച്ചവ്യാധിയെപ്പോലെ പടരുന്ന ജനവിരുദ്ധാശയങ്ങളെ തുറന്നുകാട്ടിക്കൊണ്ടിരിക്കയായിരുന്നു.
*****
അനില്‍കുമാര്‍ എ വി, കടപ്പാട് :ദേശാഭിമാനി വാരാന്തപ്പതിപ്പ്
1 comment:
1969ല്‍ പോര്‍ച്ചുഗീസ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായ സരമാഗോ സ്വേച്‌ഛാധിപത്യത്തിനെതിരായ പോരാട്ടങ്ങളില്‍ സജീവമായി പങ്കെടുത്തു. കടുത്ത നിരോധനത്തിന്റെ ഘട്ടങ്ങളിലും പരസ്യനിലപാടെടുക്കുകയുമുണ്ടായി. ഇക്കാലത്തെ ഓര്‍മിപ്പിച്ച് അദ്ദേഹമെഴുതിയത് ചെറുഫലിതത്തിന്റെ മേമ്പൊടിയോടെയാണ്. "ജനങ്ങള്‍ പറയുമായിരുന്നു ഞാന്‍ നല്ലവനാണ്. എന്നാല്‍ ഒരു കമ്യൂണിസ്റ്റായിപ്പോയി. ഇപ്പോഴത്തെ പ്രതികരണം- കമ്യൂണിസ്റ്റാണെങ്കിലും നല്ലവനാണ്.'' വലിയ വ്യത്യാസമില്ലെന്നു തോന്നുന്ന അതിന്റെ ഊന്നല്‍ തള്ളിക്കളയാനാകില്ല.
കമ്യൂണിസ്റ്റ് ആഭിമുഖ്യം ആരോപിച്ച് സരമാഗോവിനു നേരെ പല പ്രതികാരനടപടിയും ഉണ്ടായി. അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന പത്രത്തില്‍നിന്ന് പുറത്താക്കിയാണ് തുടക്കം. ആ നടപടിയെ സരമാഗോ പിന്നീടു വിലയിരുത്തിയത് ശ്രദ്ധേയമായിരുന്നു: "ആ ചിന്ത ഉദയംചെയ്‌ത മനസ്സിനോട് ഏറെ നന്ദിയുള്ളവനാണ്. അന്നത്തെ പുറത്താക്കലാണ് എന്നെ ഉടച്ചുവാര്‍ത്തത്. അങ്ങനെ പുതിയ മനുഷ്യനായി. അത് എഴുത്തിന്റെ മണ്ഡലത്തിലും ശക്തി നല്‍കുന്നതായിരുന്നു''.
Post a Comment