Tuesday, June 22, 2010

മരണം ഉണര്‍ന്നിരിക്കുന്നു

ഭോപാലിലെത്തുമ്പോള്‍ കണ്ണും കാതും ഞാനറിയാതെ കൂടുതല്‍ സൂക്ഷ്‌മമാവുന്നു. ഏതെങ്കിലും കോണില്‍നിന്ന് ദീര്‍ഘകാലമായി അടക്കിവച്ച നിലവിളി ഉയരുന്നുണ്ടോ? ഒരു ഞരക്കം. മീഥൈന്‍ ഐസോ സൈണേറ്റിന്റെ ഗന്ധം.

മുപ്പതുവര്‍ഷത്തെ പ്രവാസത്തിനിടെ കുറഞ്ഞത് 300 തവണയെങ്കിലും ഞാന്‍ ഭോപാലിലെത്തിയിട്ടുണ്ട്. കാരണം, നാട്ടിലേക്കുള്ള പ്രധാന പ്രവേശനകവാടം ഭോപാലാണ്. അവസാനം അവിടം സന്ദര്‍ശിച്ചത് 2010 ഏപ്രില്‍ 21ന്.

ഭോപാലിന്റെ കാര്യം ചോദിച്ചപ്പോള്‍ത്തന്നെ സഹപ്രവര്‍ത്തകന്‍ പ്രസന്നകുമാരന്‍പിള്ളയുടെ കണ്ണുകള്‍ തുടുത്തു. വിദൂരതയിലേക്കു നോക്കി കുറേനേരം ഒന്നും മിണ്ടാതിരുന്നു. എല്ലാം ഭയാനക സ്വപ്‌നം പോലെ തൊട്ടുമുന്നിലുണ്ട്.

ഭോപാലില്‍ ടൂര്‍ പോയ ഞാനും അവിടെക്കിടന്ന് മരിച്ചുപോയെന്നാ എന്റെ കമ്പനി അധികൃതര്‍ കരുതിയത്. അന്ന് ടെലിഫോണ്‍ സൌകര്യം തീരെ കുറവാ. ഇതെന്റെ രണ്ടാം ജന്മം. അതിശൈത്യവും മൂടല്‍മഞ്ഞും ഉണ്ടായിട്ടും ഭോപാലിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ വിഷവാതകം വ്യാപിച്ചു.

1984 ഡിസംബര്‍ മൂന്നിലെ തണുത്തുറഞ്ഞ നാലാം യാമം. ഉറക്കമുണരുമ്പോള്‍ ഇന്‍ഡോര്‍-ബിലാസ്‌പൂര്‍ തീവണ്ടി ഭോപാലില്‍നിന്ന് 90 കിലോമീറ്ററിപ്പുറം ഇറ്റാര്‍സി സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കയാണ്. മധ്യപ്രദേശ്-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ സിംഗറോളിയില്‍നിന്ന് കമ്പനിയുടെ ആവശ്യത്തിനും ഭോപാലിലെ സെക്രട്ടറിയറ്റില്‍ ജോലിചെയ്യുന്ന ബന്ധുക്കളെ കാണാനുമായാണ് ഞാന്‍ ടൂര്‍ തരപ്പെടുത്തിയത്. ഉറക്കത്തിനിടയിലും മനസ്സിലായി, രണ്ടു മൂന്നു മണിക്കൂറായി വണ്ടി സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കയാണെന്ന്. എന്തുപറ്റി? യാത്രികര്‍ പരസ്‌പരം അന്വേഷിക്കുന്നുണ്ട്. കാരണം ആര്‍ക്കുമറിയില്ല.

മരംകോച്ചുന്ന തണുപ്പിലേക്ക് ഞാന്‍ മെല്ലെ ഊര്‍ന്നിറങ്ങി, കൂലിയോട് കാര്യം തിരക്കി.

'അറിയില്ല സാബ്. ഭോപാല്‍ഭാഗത്തുനിന്ന് വണ്ടികളൊന്നും വരുന്നില്ല. സിഗ്നല്‍ കിട്ടുന്നില്ല. കാര്യമെന്താണെന്നറിയുന്നുമില്ല.'

വണ്ടി അകാരണമായി വൈകുന്നതിനാല്‍ സ്റ്റേഷനാകെ ബഹളമയം. അക്കാലത്താണെങ്കില്‍ റെയില്‍വേ കമ്യൂണിക്കേഷനുവേണ്ടി ഓവര്‍ഹെഡ് ടെലിഗ്രാഫ് സംവിധാനമാണ് ഉണ്ടായിരുന്നത്. ഫോണ്‍ അന്ന് ഒരു ആഡംബരവസ്‌തുവാണ്. "ലൈറ്റ്നിങ് കോള്‍' ബുക്ക് ചെയ്‌ത് വിളിക്കണമെങ്കില്‍ മണിക്കൂറുകള്‍ കാത്തിരിക്കണം.

'ഭോപാലിലെ സ്റ്റേഷന്‍ സൂപ്രണ്ട് കസേരയില്‍ ഇരുന്ന ഇരുപ്പില്‍ മരിച്ചു. സ്റ്റേഷനിലും പരിസരങ്ങളിലെ കുടിലുകളിലും കോളനികളിലുമുള്ളവര്‍ കൂട്ടമരണം വരിച്ചു.

അസ്ഥി തുളയ്‌ക്കുന്ന തണുപ്പാണ് പുറത്ത്. ദേഹമാസകലം ഒരു വിറയല്‍ പടര്‍ന്നുകയറി.

'ഓടിക്കോ... ഓടിക്കോ... വിഷവാതകം അന്തരീക്ഷത്തില്‍ പടര്‍ന്നു. ജനം പുഴുക്കളെപ്പോലെ ചത്തൊടുങ്വാ. ഓടിക്കോ.'

ആറേഴു മണിക്കൂര്‍ വൈകി ഇറ്റാര്‍സിയില്‍നിന്ന് ഒന്നരമണിക്കൂര്‍ ഓട്ടമുള്ള ഭോപാല്‍ സ്റ്റേഷനില്‍ വണ്ടി മെല്ലെ മുരണ്ടുനില്‍ക്കുമ്പോള്‍ കൂട്ടനിലവിളികള്‍ കാതുകളെ തുളച്ചു. ഒന്നും മനസ്സിലാകുന്നില്ല. പ്ളാറ്റ്ഫോമിലും പരിസരത്തും തലങ്ങും വിലങ്ങും ജഡങ്ങള്‍. ചിലര്‍ ഞെരങ്ങുന്നു. മൂളുന്നു. പിടഞ്ഞു നിമിഷങ്ങള്‍ക്കകം നിര്‍ജീവമായിത്തീരുന്നു. ഒരു വിങ്ങല്‍ തൊണ്ടയില്‍ കുരുങ്ങി.

ശബ്‌ദം പുറത്തുവരുന്നില്ല. ആരോടാ ചോദിക്കുക? ചുറ്റും ഒന്നിനുമേല്‍ ഒന്നായി ശവക്കൂമ്പാരങ്ങള്‍.

ശവത്തില്‍ ചവിട്ടാതെ ഒരുവിധം സ്റ്റേഷനില്‍നിന്നു പുറത്തുകടന്നപ്പോള്‍ ബേഡാഘട്ടില്‍നിന്നുമെത്തിയ വാനിലേക്ക് ആളുകളെ ജവാന്മാര്‍ തൂക്കിയെറിയുന്നു. ചുറ്റുപാടും മൃതപ്രായരും മരിച്ചവരും. എങ്ങനെയോ അറിഞ്ഞും കേട്ടും ആര്‍ത്തലച്ച് നിലവിളിച്ച് ഓടിവരുന്ന ജനസമുദ്രം. നെഞ്ചത്തടിച്ച്... പയ്യാരം പറഞ്ഞ് ഒച്ചത്തിലവര്‍ ആര്‍ത്തലച്ച് കരയുകയാണ്. മരിച്ചവരില്‍ അവരുടെ ഉറ്റവരും ഉടയവരും ഉണ്ടാവും.?

'ചേട്ടാ... ചേട്ടന്‍ മലയാളിയാണോ..

ആരോ എന്റെ കാലില്‍ തൊട്ടു. വിഷവാതകം ശ്വസിച്ച് കാഴ്‌ച നഷ്ടപ്പെട്ട മലയാളി ചെറുപ്പക്കാരന്‍.

'ചേട്ടനെങ്ങനെയെങ്കിലും എന്നെ സഹായിക്കണം. നാട്ടിലുള്ള അമ്മയോട് വിളിച്ചുപറയണം. കണ്ണിന്റെ കാഴ്ച പോയെങ്കിലും ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന്.'

സങ്കടക്കടല്‍ ഉല്‍ക്കടമായി. കണ്ണുനീര്‍ അടക്കാന്‍ കഴിയുന്നില്ല. ചുറ്റും എണ്ണമറ്റ കാഴ്‌ച നഷ്‌ടപ്പെട്ടവരും നിസ്സഹായരും കേഴുകയാണ്. എങ്ങനെ അവരെ സഹായിക്കും?

പുറപ്പെടാന്‍ നില്‍ക്കുന്ന നരകവണ്ടിയിലേക്ക് എങ്ങനെയോ ഞാനും വലിഞ്ഞുകയറി. വാഹനം മൃതപ്രായരായവരെയും വഹിച്ച് ആശുപത്രിയിലേക്ക്. റോഡരുകിലും കടത്തിണ്ണകളിലും ചാറ്റല്‍മഴയേറ്റ കരിയില കണക്കെ മനുഷ്യര്‍ വിറങ്ങലിച്ചുകിടക്കുന്നു. മാരകവിഷം ശ്വാസകോശത്തിനേല്‍പ്പിച്ച ക്ഷതംമൂലമാണ് ഏറെപ്പേരും ചത്തൊടുങ്ങിയത്. കണ്ണുകള്‍ ചുവന്നുതുടുത്ത് പുറത്തേക്കു തള്ളിയിരിക്കുന്നു. നിമിഷങ്ങള്‍ക്കകം അന്ധരായിത്തീര്‍ന്നവര്‍.

അപകടസൂചനയുടെ അറിയിപ്പ് മൈക്കിലൂടെ കേട്ട് പരിഭ്രാന്തരായി ഓടിയതിനാല്‍ അമിതവിഷം അകത്തുചെന്നതും കൂടുതല്‍ മരണത്തിനിടയാക്കി. കൊടും തണുപ്പും മൂടല്‍മഞ്ഞുംമൂലം വിഷവാതകം മണിക്കൂറോളം അന്തരീക്ഷത്തില്‍ തങ്ങിനിന്നത് മരണസംഖ്യ ഇരട്ടിയാക്കി.

ആശുപത്രികളില്‍ മരുന്നുകള്‍ കിട്ടാനില്ല. അടുത്ത പ്രദേശങ്ങളിലൊന്നും മരുന്നും പ്രാഥമിക ശുശ്രൂഷയും നല്‍കാന്‍പോലും മാര്‍ഗമില്ല.

ആശുപത്രിയുടെ കവാടത്തിലെത്തിയപ്പോള്‍ കണ്ട കാഴ്‌ച അതീവ ദയനീയം. തുരുതുരെ എത്തുന്ന വാഹനങ്ങളില്‍നിന്ന് മനുഷ്യരെ ചാക്കുകെട്ടു കണക്കെ വലിച്ചെറിയുന്നു. അതില്‍ മരിച്ചവരുണ്ട്; മൃതപ്രായരുമുണ്ട്.

ദീനവിലാപങ്ങള്‍ക്കിടയിലൂടെ ഒരഭ്യാസിയെപ്പോലെ ഞാന്‍ നടന്നു. മരണവെപ്രാളത്തിനിടെ ദാഹജലത്തിനായി കേഴുന്നവര്‍. പരിസരപ്രദേശങ്ങളിലെ കടകളില്‍നിന്ന് റൊട്ടിയും ആഹാരസാധനങ്ങളും നിര്‍ലോഭം വരുന്നുണ്ട്. ആ പ്രദേശത്തെ കടകളും ഭക്ഷണശാലകളും ആതുരര്‍ക്കായി തുറന്നിട്ടിരിക്കയാണ്. നാട്ടുകാരാണിപ്പോള്‍ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നത്. പക്ഷേ, അത് ഒന്നിനും തികയുന്നില്ല. അവിടെ തടിച്ചുകൂടിയവര്‍ക്കിടയില്‍ ഇപ്പോള്‍ ജാതിമത ദേഭമില്ല. മനുഷ്യത്വം മാത്രം. ജീവിച്ചിരിക്കുന്നവര്‍ അവരുടെ സമ്പാദ്യം മുഴുവന്‍ വീതിച്ചുകൊടുക്കാന്‍ തയ്യാറാണ്. എങ്ങനെയെങ്കിലും ഒരു ജീവനെ രക്ഷിച്ചെടുക്കൂ!!

നിലവിളികള്‍ അവസാനിക്കുന്നില്ല.

ജീവനെന്താണ് വില?

മരിച്ചവരെ അടക്കംചെയ്യാന്‍ സര്‍ക്കാര്‍ സഹായഹസ്‌തവുമായെത്തിയപ്പോള്‍ മുതലെടുക്കാനും ചില മനുഷ്യഹീനരെത്തി. എംപിയോ എംഎല്‍എയോ സാക്ഷ്യപ്പെടുത്തിയാല്‍ കിട്ടുന്ന ശവമടക്കിനുള്ള കാശു വാങ്ങാന്‍ ഓട്ടോറിക്ഷകളിലും മറ്റും എത്തി ശവം വിറ്റ് അന്യായമായി കാശ് ഈടാക്കാന്‍ ഒരുകൂട്ടര്‍. അങ്ങനെ കിട്ടുന്ന തുക അവര്‍ തുല്യമായി വീതിക്കുന്നു. മറ്റൊരു കൂട്ടര്‍ മൃതപ്രായരുടെ വിലപ്പെട്ടതെല്ലാം അപഹരിക്കാന്‍ തക്കംപാര്‍ക്കുന്നു.

ഡോൿടർമാരും നേഴ്‌സുമാരും രോഗി മരിച്ചെന്ന് സാക്ഷ്യപ്പെടുത്തുമ്പോള്‍ അവരെ തൂക്കിയെടുത്ത് വാഹനത്തിലേക്ക് നിര്‍ദാക്ഷിണ്യം വലിച്ചെറിയുന്നു.. മരിക്കാത്തവരും അക്കൂട്ടത്തിലുണ്ട്.

വിലാപവും വിളയാട്ടവും ഒരിക്കലും അവസാനിക്കുന്നില്ല രാജേട്ടാ... പഴയ വിഷാംശങ്ങള്‍ ഇപ്പോഴും ഭൂമിക്കടിയില്‍ അടിഞ്ഞുകൂടിക്കിടപ്പുണ്ട്. മഴവെള്ളത്തില്‍ കലര്‍ന്ന് അവ തടാകങ്ങളെയും ജലാശയങ്ങളെയും ദൂഷിതമാക്കുന്നു. ഭോപാലിന്റെ വിലാപം ഒരിക്കലും അടങ്ങുമെന്നു തോന്നുന്നില്ല. അംഗഭംഗമുള്ളവരും കാഴ്‌ചയില്ലാത്തവരും ഇന്നും ജനിച്ചുവീഴുമ്പോള്‍ ആ കണക്ക് അതാണ് ബോധ്യപ്പെടുത്തുന്നത്.

ഭോപാലില്‍നിന്ന് എഴുത്തുകാരന്‍ സുഹൃത്ത് ഷാബു എസ് ധരന്‍ ഫോണില്‍.

പ്രതികളെ തൂക്കിലേറ്റാന്‍ തിടുക്കംകൂട്ടുന്ന മരിച്ചവരുടെ ആശ്രിതരുടെ വേദനയ്‌ക്കും അന്ത്യമില്ല. അതുകൊണ്ടുതന്നെ കുറ്റവാളികളോടുള്ള പകയും കലിയും അവസാനിക്കുകയില്ല. ഈ അത്യാഹിതത്തില്‍ യഥാര്‍ഥത്തില്‍ മരിച്ചവരുടെ എണ്ണവും സര്‍ക്കാര്‍ നിരത്തുന്ന കണക്കും സത്യമാണോ? അല്ലെന്നാണ് ദൃൿസാക്ഷികള്‍ പറയുന്നത്. അതുകൊണ്ട് സഹായം ലഭിക്കാതെ ഇന്നും ഇരുട്ടില്‍ തപ്പുന്ന അശരണരുടെ എണ്ണം എത്രയോ ഇരട്ടിയാണ്.

'ഫാൿടറിയുടെ പരിസരത്തുള്ള ബസ്‌തികളിലും കുടിലുകളിലും ചേക്കേറിയവര്‍ പതിനായിരത്തില്‍പ്പരമാണ്. അവര്‍ക്ക് റേഷന്‍കാര്‍ഡോ വോട്ടവകാശമോ ഇല്ല. അവരുടെ കണക്കുകള്‍ എവിടെപ്പോയി?'- കെ ഹരിപ്രസാദ് ചോദിക്കുന്നു.

യൂണിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്‍ അമേരിക്കന്‍ അധിപനായിരുന്ന എണ്‍പത്തൊമ്പതുകാരന്‍ വാറന്‍ ആന്‍ഡേഴ്‌സന്‍ എന്ന പിടികിട്ടാപ്പുള്ളി. ആ നരാധമന്റെ കോമ്പല്ലുകള്‍ ഇന്നും അവിടുത്തെ അശരണരിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കുന്നു. അയാള്‍ ഇന്നും സസുഖം രമിക്കുകയും ചിരിക്കുകയും ചെയ്യുന്നു; തന്നെ മോചിപ്പിച്ച് രക്ഷിച്ച ഇന്ത്യന്‍ അധികാരിവര്‍ഗത്തിന്റെ പോഴത്തരങ്ങള്‍ അയവിറക്കി.

മണ്ണടിഞ്ഞവരെയും ഇനിയും നരകിച്ചുജീവിക്കുന്ന നരജന്മങ്ങളെയും ഓര്‍ക്കാതെ... ദുരന്തത്തില്‍നിന്നു കഷ്‌ടിച്ചു രക്ഷപ്പെട്ട് ഇന്നും നരകയാതന അനുഭവിക്കുന്ന ഹമീദബിമാരുടെയും സാവിത്രിയുടെയും ശാന്തിദേവിയുടെയും രോദനങ്ങള്‍ക്കും കാതു കൊടുക്കാതെ... ആഴത്തില്‍ തോണ്ടിയ കുഴികളിലേക്കു മരിച്ചവരോടൊപ്പം വലിച്ചുതള്ളിയ മൃതപ്രായരുടെ വിലാപങ്ങള്‍ക്കും കാതു കൊടുക്കാതെ... കൂട്ട ശവസംസ്‌ക്കാരം നടന്ന ചോളാ ശ്‌മശാനത്തിലെ സ്‌മൃതി ഉദ്യാനത്തിനരികില്‍ പാര്‍ക്കുന്ന ഫ്ളാറ്റ് നിവാസികളേ.. നിങ്ങളും കേള്‍ക്കാറുണ്ടോ ഇന്നും ആ ചുടുകാട്ടില്‍നിന്നുമുയരുന്ന ദീനരോദനങ്ങള്‍.

അടഞ്ഞ കണ്ണുകള്‍

'ഭോപാല്‍ കൂട്ടക്കൊലയിലെ പീഡിതര്‍ക്ക് നീതി ലഭിക്കണമെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനും വലിയ താല്‍പ്പര്യമൊന്നും ഉണ്ടായിരുന്നില്ല'- പീഡിതര്‍ക്കായി സമരംചെയ്യുന്ന അബ്‌ദുള്‍ ജബ്ബാര്‍ ഖാന്‍ പറയുന്നു.

'ജൂണ്‍ ഏഴിന്റെ കോടതിവിധി ഞങ്ങളെ അക്ഷരാര്‍ഥത്തില്‍ നിരാശയിലാഴ്ത്തി. കുറ്റവാളികളിലാരെയും ജയിലിലേക്കയച്ചില്ല. എന്നുമാത്രമല്ല, അവര്‍ക്ക് ഒരുമണിക്കൂറിനുള്ളില്‍ ജാമ്യവും ലഭിച്ചു. എന്തായാലും ഞങ്ങളുടെ പോരാട്ടം മരണംവരെ തുടരും. ഇപ്പോഴുള്ളതിനേക്കാള്‍ അതിശക്തമായി. സര്‍ക്കാര്‍ ഇതില്‍നിന്നു പാഠം പഠിക്കും. ഇത്തരം കൂട്ടക്കൊലകള്‍ ഒരിക്കല്‍ക്കൂടി നാടിനെ വേട്ടയാടിക്കൂടായെന്ന്.'

'ആരോപണങ്ങള്‍ക്കും അഴിമതിക്കും അന്തമില്ലാത്ത കാലത്ത് പുതിയ തെളിവുകളും ന്യായങ്ങളും നമുക്കു മുന്നില്‍ അനുദിനം നിരത്തിക്കൊണ്ടേയിരിക്കും. അമേരിക്കയ്‌ക്കു മുന്നില്‍ അടിയറവു പറഞ്ഞവരെന്ന് നാം മുദ്രകുത്തപ്പെട്ടിരിക്കുന്നു. അങ്ങനെയല്ലെങ്കില്‍ വാറന്‍ ആന്‍ഡേഴ്‌സന്‍ അറസ്റ്റിലായി 24 മണിക്കൂറിനുള്ളില്‍ മോചിപ്പിച്ചതും രാജ്യംവിടുന്നതിന് അനുമതി നല്‍കിയതും എന്തിനാണ് ?. അക്കാലത്ത് മധ്യപ്രദേശിലും കേന്ദ്രത്തിലും ഉണ്ടായിരുന്ന സര്‍ക്കാരിന്റെയും അതിന്റെ തലപ്പത്തുണ്ടായിരുന്നവരുടെയും ഒത്തുകളിയായിരുന്നില്ലേ അത് ?. ഒത്താശ ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. എങ്കില്‍ ഏതുവിധത്തിലാണ് പീഡിതരോട് സര്‍ക്കാര്‍ നീതികാട്ടിയത് ?.'

'1989-ല്‍ കേസ് ഒത്തുതീര്‍പ്പാക്കിക്കൊണ്ട് ദുരിതാശ്വാസമായി 713 കോടി രൂപ അനുവദിച്ചു. ആ തുക പീഡിതരായ ഒരു ലക്ഷം ജനങ്ങള്‍ക്കിടയില്‍ വീതിക്കാനായിരുന്നു തീരുമാനം. പിന്നീട് പല തിരിമറികളും നടന്നു. മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന അര്‍ജുന്‍സിങ്ങിന് മൂന്നുകോടി നല്‍കിയതായും പറയുന്നു. യൂണിയന്‍ കാര്‍ബൈഡ് പോലുള്ള ബഹുരാഷ്‌ട്ര കമ്പനികളുടെ അരങ്ങേറ്റത്തെ പോഷിപ്പിക്കാനാണത്രേ ധൃതിയില്‍ ഒത്തുതീര്‍പ്പു നടന്നത്.

ദുരന്തം കഴിഞ്ഞിട്ട് കാല്‍നൂറ്റാണ്ട് പിന്നിട്ടെങ്കിലും ഭൂമിക്കടിയില്‍ അടിഞ്ഞുകിടക്കുന്നതും അന്യാധീനമായിക്കിടക്കുന്ന യൂണിയന്‍ കാര്‍ബൈഡ് ഫാൿടറിപരിസരത്തുമുള്ള വിഷാംശം കലര്‍ന്ന രാസപദാര്‍ഥങ്ങള്‍ 150 വര്‍ഷംവരെ പ്രദേശത്തെ കുടിവെള്ളം മലിനപ്പെടുത്തുമെന്നും രോഗബാധകള്‍ നിലനില്‍ക്കുമെന്നുമാണ് ഈ രംഗത്ത് ഗവേഷണം നടത്തുന്നവരുടെ നിഗമനം. മുലപ്പാലില്‍വരെ ഇതിന്റെ വിഷാംശം കണ്ടെത്തിയതിനാല്‍ വരുംതലമുറകളിലും രോഗബാധ ഉണ്ടാകും.

അതെ, കാലം പുതിയ കഥകളും അറിവുകളുമായി മുന്നേറുമ്പോള്‍ ഭോപാലിന്റെ ദുരിതങ്ങള്‍ക്ക് ഒരിക്കലും അറുതിയുണ്ടാവില്ല. കൂട്ടമരണം ക്യാമറയില്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ രഘുറായിയുടെ അനേകം ചിത്രങ്ങള്‍ക്കിടയില്‍നിന്ന് ഒരു പിഞ്ചുകുഞ്ഞിന്റെ ഒരിക്കലും അടയാത്ത കണ്ണുകള്‍ നമ്മെ തുറിച്ചുനോക്കിക്കൊണ്ട് മന്ത്രിക്കുന്നു

*****

മൂയ്യം രാജന്‍, കടപ്പാട് : ദേശാഭിമാനി വാരാന്തപ്പതിപ്പ്

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ഭോപാലിലെത്തുമ്പോള്‍ കണ്ണും കാതും ഞാനറിയാതെ കൂടുതല്‍ സൂക്ഷ്‌മമാവുന്നു. ഏതെങ്കിലും കോണില്‍നിന്ന് ദീര്‍ഘകാലമായി അടക്കിവച്ച നിലവിളി ഉയരുന്നുണ്ടോ? ഒരു ഞരക്കം. മീഥൈന്‍ ഐസോ സൈണേറ്റിന്റെ ഗന്ധം.

Anonymous said...

മീഡിയ ടെററിസവും സെന്‍സേഷനിസവും ഭോപാല്‍ ട്രാജഡിയില്‍ നിന്നും വിരഹ കാവ്യങ്ങള്‍ പലതും രചിക്കുന്നു, ഈ കഥയിലെ വില്ലന്‍ ആന്‍ഡേര്‍സണ്‍ എന്ന സായിപ്പാണു അയാള്‍ക്കിപ്പോള്‍ തൊണ്ണൂറു വയസ്സുണ്ട്‌, കക്കൂസില്‍ പോകാനും സഹായം വേണം അയാളെ ആണു ഇനി ഇവിടെ കൊണ്ടു വന്നു വിചാരണ ചെയ്യണമെന്നു മുറവിളി കൂട്ടുന്നത്‌

ടീ വിയില്‍ കാണിക്കുന്നത്‌ അയാളുടെ ഒരു പഴയ ഫോട്ടോ ആണു, ഹെഡ്ലിയുടെ ബാലരമയിലെ പോലെ ഒരു ചിത്രമല്ലാതെ ഇന്ത്യന്‍ റോ അവിടെ പോയി ചോദ്യം ചെയ്തിട്ടും നമ്മള്‍ ഒരു പടവും കണ്ടിട്ടില്ല ഇനി ആന്‍ ഡേര്‍സണ്‍ ആണോ വില്ലന്‍?

ട്രാജഡി നടക്കുമ്പോള്‍ അയാള്‍ അമേരിക്കയില്‍ ആണു, അവിടെ നിന്നും വന്നതാണു യൂണിയന്‍ കാര്‍ബൈഡിണ്റ്റെ ചെയര്‍മാന്‍ എന്ന നിലയില്‍ ഭോപാല്‍ കാണാന്‍ , അയാള്‍ക്കു വരാതെ അവിടെ ഇരിക്കാമല്ലോ, യൂണിയന്‍ കാര്‍ബൈഡ്‌ ഇന്ത്യ ആണു ഭോപാല്‍ പ്ളാണ്റ്റിണ്റ്റെ ഉടമ അല്ലാതെ നിയമപരമായി യൂണിയന്‍ കാര്‍ബൈഡ്‌ അല്ല, അങ്ങിനെ വരുന്ന ഒരാളെ പിടിച്ചു ജയിലില്‍ ഇടാന്‍ ഒരു നിയമവും ഇല്ല, അതു രാജ്യാന്തര ബന്ധങ്ങളെ തന്നെ ബാധിക്കും


പക്ഷെ മീഡിയ എഴുതുന്നതും പറയുന്നതും കേട്ടാല്‍ തോന്നും ആന്‍ഡേര്‍സണ്‍ പാതി രാത്രിയില്‍ വാല്‍ വു തുറന്നു മീതൈല്‍ ഐസോ സൈനേറ്റ്‌ തുറന്നു വിട്ടു എല്ലാവരെയും കൊന്നു എന്നു!

ഇതിനേക്കാള്‍ ഒക്കെ കടുപ്പം ആണു , ഭോപ്പാലില്‍ മീഡിയ രണ്ടു മൂന്നു വല്യമ്മമ്മാര്‍ പ്ളക്കാര്‍ഡും പിടിച്ചു ഇരിക്കുന്ന പടം അല്ലാതെ അവിടെ ഒരു സമരമോ ജാഥയോ നടന്നിട്ടില്ല

നടന്നതെല്ലാം കേരളത്തിലാണു, ഏജീസ്‌ ഓഫെസിണ്റ്റെ മുന്നില്‍ ഡിഫിയുടെ ജാഥ അതില്‍ പങ്കെടുത്തവന്‍ ഒന്നും അന്നു ജനിച്ചിട്ടുപോലും ഇല്ല, ഭോപാല്‍ ഏതു സ്റ്റേറ്റിലാണോ എന്നു അറിയുമ്മോ എന്നുതന്നെ സംശയമാണ

കസബും അഫ്സല്‍ ഗുരുവും മദനിയും ഇവിടെ സസുഖം വാഴുന്നു അപ്പോഴാണു തൊണ്ണൂറു കഴിഞ്ഞ ആന്‍ഡേര്‍സണെ ഇവിടെ കൊണ്ടുവന്നു ശിക്ഷിക്കുന്നത്‌ എന്തെല്ലാം വിഡ്ഡിത്തം കേള്‍ക്കണം

Mohamed Salahudheen said...

തൊണ്ണൂറു കഴിഞ്ഞ ആന്‍ഡേര്‍സണെ അമേരിക്കയ്ക്കു വിട്ടുകൊടുത്തിട്ട് നമുക്ക് ബാലരമയോ മനോരമയോ വായിച്ചിരിക്കാം.