Sunday, June 20, 2010

ഫുട്ബാള്‍ - കലാപങ്ങളും ഉയിര്‍ത്തെഴുന്നേല്‍പുകളും

ഫുട്ബാള്‍ വെറുമൊരു കളി മാത്രമാണോ? കോടികള്‍ മാറിമറയുന്ന, പ്രൊഫഷണല്‍ ക്ളബ്ബുകളും പരസ്യവരുമാനവും ടെലിവിഷന്‍ ലൈവ് സംപ്രേക്ഷണങ്ങളും വിപണനങ്ങളും അടങ്ങിയ വ്യാപാരമാണോ അത്? അതോ, ചരിത്രവും ചരിത്രത്തിലെ തെറ്റുതിരുത്തലും പ്രതികാരങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള പ്രതീതി യുദ്ധങ്ങളും ഗോത്രത്തനിമയുടെ പുനരായനവും എല്ലാം ഇടകലരുന്ന ഒരു ചലനാത്മക പ്രതിഭാസമോ? ഫുട്ബാള്‍ സംഗീതവും നൃത്തവും നാടകവും പ്രണയവും വീരാരാധനയും രാജ്യസ്നേഹവും രാജ്യദ്രോഹവും എല്ലാമെല്ലാമാണോ? ഉത്തരങ്ങളുണ്ട്, പക്ഷെ ഇല്ല.

നൂറു കോടിയില്‍ പരം ജനങ്ങളധിവസിക്കുന്ന ഇന്ത്യയിലെ ഫുട്ബാള്‍ ഇത്രയും നിലവാരം കുറഞ്ഞതായതെന്തുകൊണ്ട്? ലോകകപ്പിന്റെ ക്വാളിഫയിംഗ് റൌണ്ടില്‍ വെച്ചുതന്നെ അത് നിഷ്ക്കരുണം തള്ളപ്പെടുന്നതെന്തുകൊണ്ട്? ഈ കളിക്കുറവുകാരുടെ രാജ്യത്ത് പക്ഷെ ഫുട്ബാള്‍ വമ്പിച്ച ഹരമായി മനുഷ്യരുടെ മനസ്സിലും ശാരീരികാനന്ദത്തിലും ഉള്‍ച്ചേര്‍ന്നതെങ്ങനെ? മലയാളത്തനിമയുടെ ഘടകവിസ്താരങ്ങളില്‍ എന്നും മാറ്റി നിര്‍ത്തപ്പെടുന്ന മലപ്പുറത്തുകാര്‍ക്കുള്ളത്ര ഫുട്ബാള്‍ ഭ്രാന്ത് കൊല്‍ക്കത്തക്കാര്‍ക്കു കൂടിയുണ്ടാവുമോ എന്ന് സംശയമാണ്. ഫുട്ബാള്‍ രക്തത്തിലും ധമനികളിലും നിരന്തരസാന്നിദ്ധ്യമായ ലോകജനതയുടെ കാഴ്ചകള്‍, കാഴ്ചപ്പാടുകള്‍, വികാരങ്ങള്‍, ഉത്ക്കണ്ഠകള്‍, ആഹ്ളാദങ്ങള്‍, നിരാശകള്‍ എല്ലാം പ്രതിഫലിക്കുന്ന ഒരര്‍ത്ഥത്തില്‍ ഏറ്റവും മാനുഷികമായ ഒരു കായികപ്രകടനം എന്ന നിലക്ക് ഫുട്ബാള്‍, ചരിത്രത്തില്‍ പരിഗണിക്കപ്പെട്ടതെങ്ങനെ എന്ന അന്വേഷണമാണ് നാം മുന്നോട്ട് കൊണ്ടു പോകേണ്ടത്. അത്തരമൊരന്വേഷണം ഏതൊരു ചരിത്ര/രാഷ്ട്രീയ വിദ്യാര്‍ത്ഥിക്കും മനുഷ്യസ്നേഹിക്കും പ്രയോജനപ്രദമായിത്തീരുകയും ചെയ്യും.

നിഷ്കളങ്കബാല്യം മുതല്‍ പൌരുഷത്തിന്റെ പക്വത നേടിയതുവരെയുള്ള രണ്ട് പതിറ്റാണ്ടുകാലം അര്‍ജന്റീനയുടെ ശുഭാപ്തി വിശ്വാസത്തിന്റെ പ്രതീകമായിരുന്നു മറഡോണ. മറഡോണയുടെ നിരാശയായിരുന്നു അര്‍ജന്റീനയുടെ ദുരന്തം. മറഡോണയുടെ ആഘോഷമായിരുന്നു അര്‍ജന്റീനയുടെ പ്രതാപം. ദൈവസമാനമായ ഇതിഹാസമായി അര്‍ജന്റീനക്കാരും ലാറ്റിന്‍ അമേരിക്കക്കാരും ലോകരാകെയും കൊണ്ടാടുന്ന മറഡോണയെ ക്കുറിച്ചറിയുന്നതുപോലും വിസ്മയാവഹമായ അനൂഭൂതിയാണുണര്‍ത്തുക. കാരണം, മറഡോണയുടെ ഇതിഹാസ കഥ പറയുക എന്നതിനര്‍ത്ഥം; അര്‍ജന്റീനയുടെ ലാറ്റിനമേരിക്കയുടെ കഥ പറയുക എന്നര്‍ത്ഥം; ലാറ്റിനമേരിക്കയുടെ രാഷ്ട്രീയം, സംസ്കാരം, സാമൂഹികമാറ്റം എന്നിവയും ഫുട്ബാളും തമ്മിലുളള അഭേദ്യമായ ബന്ധം പഠനവിധേയമാക്കുക എന്നര്‍ത്ഥം; പട്ടാള ഭരണം, സ്വേച്ഛാധിപത്യം, അഴിമതി, യുദ്ധം, തൊഴിലില്ലായ്മ എന്നിവ അര്‍ബ്ബുദം പോലെ ബാധിച്ച അര്‍ജന്റീനയുടെ ചരിത്രം പരിശോധിക്കുക എന്നര്‍ത്ഥം; എന്നതു തന്നെയാണ്. ലാറ്റിനമേരിക്കയെ സംബന്ധിച്ച് ഫുട്ബാള്‍ കളി ഒരു കളിമാത്രമല്ല സ്വത്വബോധത്തിന്റെയും സംസ്കാരത്തിന്റെയും വര്‍ഗ്ഗപരവും ലിംഗാധിഷ്ഠിതവും ദേശിയവും പ്രാമാണികവുമായ ആശയങ്ങളെ കാക്കുകയും പ്രബലപ്പെടുത്തുകയുമാണ് അത് ചെയ്തുപോരുന്നത് എന്നതാണ് വാസ്തവം. വത്തിക്കാനില്‍ അമ്മയോടും ഭാര്യയോടുമൊപ്പം മാര്‍പ്പാപ്പയെ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ ഡീഗോ മാറഡോണ മാര്‍പ്പാപ്പയോട് അപമാനകരമായി പെരുമാറിയതിനെക്കുറിച്ച് ഒരു ടെലിവിഷന്‍ ഇന്റര്‍വ്യൂവില്‍ സംസാരിക്കവേ, മാറഡോണ രണ്ടുതവണ പോപ്പിനെ 'പുലയാടി മോന്‍' എന്നു വിളിക്കുകയുണ്ടായി. എനിക്കു തന്ന ജപമാലക്ക് എന്താണ് പ്രത്യേകത എന്നു ചോദിച്ചപ്പോള്‍ അയാള്‍ എന്നെ കൊല്ലാന്‍ വന്നു, ആ പുലയാടി മോന്‍. എന്നിട്ടയാള്‍ പറഞ്ഞു, അത് ആശീര്‍വദിച്ച മാലയാണെന്ന്. അതെന്താ അങ്ങനെ, എനിക്ക് അറിയണമായിരുന്നു. എന്റെ അമ്മക്കും ഭാര്യക്കും ആശീര്‍വദിച്ച മാലകള്‍ പാടില്ലെന്നാണോ? (മാറഡോണ- ദൈവം, ചെകുത്താന്‍, രക്തസാക്ഷി - കെ വി അനൂപ് പേജ് 25). ഇപ്രകാരം, കത്തോലിക്കാ മതത്തിന്റെ ആത്മീയനേതാവിനെ കടുപ്പത്തിലുള്ള തെറി ലോകം മുഴുവന്‍ കാണ്‍കെ വിളിച്ചുപറഞ്ഞ മാറഡോണ, ലാറ്റിനമേരിക്കക്കാരുടെ മാത്രമല്ല, സാമ്രാജ്യത്വ വിരുദ്ധ ലോകജനതയുടെ ആകെയും ആരാധ്യപുരുഷനായി പിന്നീട് വളരുകയുമുണ്ടായി. മാറഡോണ ദൈവവും മതവുമായി പരിണമിച്ചതായും വ്യാഖ്യാനങ്ങളുണ്ട്.

1985ല്‍ നടന്ന ഹെയ്സല്‍ ദുരന്തത്തിന്റെ ഓര്‍മകള്‍ പുനര്‍ജനിപ്പിച്ചുകൊണ്ട്, കളിഭ്രാന്തും രാജ്യസ്നേഹവും കൂടിക്കലരുന്ന രക്തചലനത്തിലൂടെ ഇംഗ്ളീഷ് ആരാധകര്‍ മനുഷ്യത്വത്തിനും ജൈവസ്വഭാവത്തിനും അപ്പുറത്തുള്ള അഥവാ പരോക്ഷമായ ചില ഗോത്രസ്വഭാവം ജ്വലിപ്പിക്കുന്ന തെമ്മാടിത്തത്തിലേക്ക് വഷളാകുന്നതെങ്ങനെ എന്നന്വേഷിക്കുന്നതില്‍ അതീവ പ്രസക്തിയാണുള്ളത്. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അതിരുകള്‍ വികസിപ്പിക്കാനും ശ്രമിച്ച ഭരണാധികാരികള്‍ നൂറ്റാണ്ടുകളായി യുദ്ധത്തിനയച്ച ഒരു ജനതയുടെ അനന്തരതലമുറയുടെ പരമ്പരാഗതമായ ആക്രമണോല്‍സുകസ്വഭാവമാണ് ഇംഗ്ളീഷ് ഫുട്ബാള്‍ ഹൂളിഗാനിസത്തിന്റെ കാരണമെന്ന് സാമൂഹികവും നരവംശശാസ്ത്രപരവുമായ വേരുകള്‍ അന്വേഷിച്ചിട്ടുള്ള ചില ഗവേഷകര്‍ നിരീക്ഷിച്ചിട്ടുണ്ട്.

ലോകഫുട്ബാള്‍ ഭൂപടത്തിന്റെ അതിര്‍ത്തിരേഖക്കുള്ളിലേക്ക് ഇന്ത്യയുടെ നൂറുകോടി മക്കളില്‍ നിന്ന് കേവലം പതിനൊന്ന് പേരെ കടത്തിവിടാന്‍ ഇന്ത്യാമഹാരാജ്യത്തിന് സാധിക്കാതെ പോയതെന്തുകൊണ്ടെന്നത് വിദഗ്ദ്ധര്‍(?) കണ്ടുപിടിക്കട്ടെ. മലബാറില്‍ ജീവിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഞാന്‍ ഈ കളിക്കുറവില്‍ ആശ്വാസം കൊള്ളുന്നു. കാരണം, ഇപ്പോഴത്തെ സ്ഥിതിക്കു പകരം ഇന്ത്യക്കും പാക്കിസ്ഥാനും രണ്ട് പ്രബല ടീമുകളെ ലോകകപ്പിലേക്ക് ക്വാളിഫൈ ചെയ്യാന്‍ കഴിഞ്ഞിരുന്നു എന്നു കരുതുക. അപ്പോള്‍ ഓരോ തെരുവിലും അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ഉറുഗ്വേയുടെയും കാമറൂണിന്റെയും ജര്‍മനിയുടെയും ഇംഗ്ളണ്ടിന്റെയും ഫ്രാന്‍സിന്റെയും ഇറ്റലിയുടെയും പോര്‍ച്ചുഗലിന്റെയും ദക്ഷിണാഫ്രിക്കയുടെയും കൊടികളും ജഴ്സികളും ആരാധനയും വാഗ്വാദങ്ങളും വാതുവെപ്പുകളും തര്‍ക്കങ്ങളും അത്യാവശ്യം അടിപിടികളും നിറക്കാന്‍ ഈ നിഷ്കളങ്കരായ കളിഭ്രാന്തന്മാര്‍ക്ക് സാധിക്കില്ലല്ലോ! ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ നന്നായി കളിച്ചാലും അഭിനന്ദിച്ചാല്‍ വര്‍ഗീയകലാപം പൊട്ടിപ്പുറപ്പടുന്ന സാമുദായികസന്തുലനമാണല്ലോ ഇവിടെയുള്ളത്. യഥാര്‍ത്ഥത്തിലുള്ള സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കളി കാണാനുള്ള പശ്ചാത്തലം നിലനില്‍ക്കാന്‍ ഇന്ത്യക്കാര്‍ ഇനിയും നിലവാരം കുറഞ്ഞ കളി തന്നെ കളിച്ചു തുടരട്ടെ.

2006ലെ ലോകകപ്പിന്റെ ഓര്‍മകളില്‍ സജീവമായി നില്‍ക്കുന്നത് പക്ഷെ ഫ്രഞ്ച് ഫുട്ബാള്‍ ടീമിന്റെ നായകനായിരുന്ന സിനദീന്‍ സിദാന്‍, ഫൈനലില്‍ പ്രകോപിതനായി ഇറ്റാലിയന്‍ കളിക്കാരനായ മറ്റെറാസിയുടെ നെഞ്ചത്ത് തല കൂര്‍പ്പിച്ച് കുത്തിയത് ഏതു തരം തെറി കേട്ടിട്ടാണെന്നതിന്റെ ഗവേഷണമാണ്. ഫ്രാന്‍സും ഇറ്റലിയും തമ്മിലുള്ള ഫൈനല്‍ തൊണ്ണൂറു മിനുട്ടിന്റെ സാധാരണ സമയത്തില്‍ ഫലം കാണാഞ്ഞതുകൊണ്ട് അധികസമയത്തേക്ക് നീണ്ടു തുടരുകയായിരുന്നു. ഇരുപതു മിനുട്ട് അധികസമയകളിയും കഴിഞ്ഞു. 1-1 ഗോള്‍ നിലയില്‍ കളി അനിശ്ചിതത്വത്തില്‍ തന്നെ. വിജയസാധ്യത സമാസമം. ഫ്രഞ്ച് ടീമിന്റെ ക്യാപ്റ്റന്‍ സിനദീന്‍ സിദാന്‍ ദീര്‍ഘകാലത്തെ ഗംഭീരമായ കളിക്കാലത്തിനു ശേഷം വിരമിക്കുന്നതിനു തൊട്ടുമുമ്പുള്ള നിമിഷങ്ങളായിരുന്നു അവ. ടീം തോറ്റാലും ജയിച്ചാലും വീരോചിതമായ വിടവാങ്ങലിനു തൊട്ടുമുമ്പുള്ള ആ നിര്‍ണായകമുഹൂര്‍ത്തത്തില്‍ സ്വന്തം ടീമിന്റെ അമ്പതു ശതമാനം വിജയ സാധ്യത പോലും പാടെ ഇല്ലാതാക്കിക്കൊണ്ടും തന്റെ ഇത്രയും കാലത്തെ സല്‍പേരു കളഞ്ഞുകുളിച്ചു കൊണ്ടും ഉള്ള കടുത്ത കായികപ്രതികരണത്തിലേക്ക് സിദാനെ നയിച്ച എന്തു തരം തെറിയാണ് മറ്റെറാസി പറഞ്ഞിട്ടുണ്ടാവുക എന്ന കാര്യം വിസ്മയകരമായി തുടരുകയായിരുന്നു. എന്നാല്‍ ആ വിസ്മയത്തെ കൂടുതല്‍ പ്രശ്നസങ്കുലമാക്കുന്നത് അതിന്റെ രാഷ്ട്രീയവിവക്ഷകളായിരുന്നുവെന്നതാണ് സത്യം.

സീസോ എന്ന ഓമനപ്പേരിലറിയപ്പെടുന്ന സിനദീന്‍ സിദാന്‍ അള്‍ജീരിയന്‍ വംശജനായ മുസ്ളിമാണ്. 1998ലാദ്യമായി ഫ്രാന്‍സ് ബ്രസീലിനെ തോല്‍പിച്ച് ലോകകപ്പ് നേടിയത് സിദാന്റെ ഹെഡ്ഡിംഗിലൂടെ നേടിയ പ്രശസ്തമായ രണ്ടു ഗോളുകളിലൂടെയാണ്. 1998,2000,2003 എന്നീ വര്‍ഷങ്ങളില്‍ ഫിഫ വേള്‍ഡ് പ്ളെയര്‍ കിരീടം അദ്ദേഹത്തിന് ലഭിച്ചു. 2006ലെ ലോകകപ്പില്‍ സ്വര്‍ണപാദുകത്തിനും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഫ്രാന്‍സില്‍ നിലനില്‍ക്കുന്ന അള്‍ജീരിയന്‍ വംശജരുടെ അരക്ഷിതാവസ്ഥക്കും അവരുടെ കലാപങ്ങള്‍ക്കുമിടയിലാണ് സിദാന്‍ രാജ്യത്തിന്റെ ഗാംഭീര്യം ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്നതാണ് പ്രധാനം. അള്‍ജീരിയയുടെയും ഫ്രാന്‍സിന്റെയും ഇരട്ടപൌരത്വമുള്ള സിദാന്‍ ദരിദ്രമായ ജീവിതസാഹചര്യങ്ങളില്‍ നിന്നാണ് വളര്‍ന്നു വലുതായത്. ഇത്തരം ചുറ്റുപാടുകളില്‍ നിന്നു വന്നവര്‍ സാധാരണരീതിയില്‍ പെട്ടെന്ന് പ്രതികരിക്കുകയും കടുത്ത ഭാഷയില്‍ തെറി പറയുകയും ചെയ്യുന്നവരാണെന്ന് വരേണ്യമായി പരികല്‍പനയും രൂപകല്‍പനയും ചെയ്യപ്പെടുന്ന മനശ്ശാസ്ത്രതത്വങ്ങള്‍ നിര്‍വചിച്ചിട്ടുണ്ട്. അതനുസരിച്ച് ഇത്തരം പ്രദേശങ്ങളിലെ കുട്ടികളെ മര്യാദ (ബിഹേവിയറല്‍ സയന്‍സ്) പഠിപ്പിക്കാനായി പാതിരിമാരും മറ്റുമടങ്ങിയ മനശ്ശാസ്ത്രജ്ഞ-സന്നദ്ധസേവകര്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇത്തരം പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞത്, സിദാന്‍ ഇപ്രകാരം പ്രകോപിതനായത് ചേരിപ്രദേശത്തെ കുട്ടികളില്‍ ദുസ്വാധീനം ഉണ്ടാക്കുമെന്നാണ്. പക്ഷെ, സിദാന്റെ ദീര്‍ഘകാലത്തെ പെരുമാറ്റ ചരിത്രം പരിശോധിച്ചാല്‍ അദ്ദേഹം സാധാരണരീതിയില്‍ ഒരു പ്രകോപനത്തിനും വശംവദനാകാത്ത പക്കാ പ്രൊഫഷനല്‍ കളിക്കാരനായിരുന്നുവെന്ന് തെളിയും. എന്നിട്ടും സിദാനെ തന്റെയും രാഷ്ട്രത്തിന്റെയും വിജയസാധ്യതകളും ഇമേജും പാടെ നഷ്ടമാകുന്നതരം ആക്രമണത്തിനു പ്രേരിപ്പിച്ചത് ഏതു തരം തെറിയായിരിക്കും?

അധരചലനവിദഗ്ദ്ധയായ ജെസ്സീക്ക റീസ് ഈ ഏറ്റുമുട്ടലിന്റെ വീഡിയോദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചു വെളിപ്പെടുത്തിയതിന്‍ പ്രകാരം, ഇറ്റാലിയന്‍ ഭാഷയിലാണ് മറ്റെറാസി തെറി പറഞ്ഞിട്ടുള്ളത്. അത് സിദാന് നന്നായി മനസ്സിലാവും. കാരണം, യുവെന്റസ് ക്ളബില്‍ കളിച്ച കാലത്ത് ഇറ്റാലിയന്‍ ഭാഷ പഠിക്കാനും സംസാരിക്കാനുമുള്ള അവസരം അദ്ദേഹത്തിന് സിദ്ധിച്ചു. മറ്റെറാസി പറഞ്ഞതിപ്രകാരമായിരുന്നുവത്രെ: എടാ ഈ കളി നിന്നെപ്പോലത്തെ നീഗ്രോകള്‍ക്കുള്ളതല്ല. നീ ഭീകരവാദിയായ ഒരു വേശ്യയുടെ മകനാണെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം. മറ്റൊരു അധരചലനവിദഗ്ദ്ധന്‍ പറയുന്നത് സിദാന്റെ സഹോദരിയെ വേശ്യ എന്ന് ഒന്നിലധികം തവണ മറ്റെറാസി ആക്ഷേപിച്ചു എന്നാണ്. സിദാന്റെ പിതാവ് അള്‍ജീരിയയിലെ ഒരു ഫ്രഞ്ച് പക്ഷപാതിയായിരുന്നുവെന്ന ആക്ഷേപം മുമ്പുതന്നെ അദ്ദേഹം നിഷേധിച്ചിട്ടുള്ളതാണ്. സിദാനോടും ഫ്രഞ്ച് ടീമിനോട് മൊത്തത്തിലും ഇറ്റലിയിലെ പ്രബലമായ ഒരു വിഭാഗം തീവ്രമായ വംശീയവാശിയോടെയാണ് പെരുമാറിയിട്ടുള്ളത് എന്നതും വാസ്തവമാണ്. നീഗ്രോകളുടെയും കമ്യൂണിസ്റ്റുകളുടെയും മുസ്ളീംങ്ങളുടെയും സംഘമായ ഫ്രഞ്ച് ടീമിനെ പരാജയപ്പെടുത്തി ഇറ്റലിയുടെ ഗാംഭീര്യം പ്രഘോഷിക്കുക എന്ന് ഫാസിസ്റ് പാര്‍ടി നേതാവ് പ്രകോപനപരമാം വണ്ണം ആഹ്വാനം ചെയ്യുകയുണ്ടായി. ഫ്രഞ്ച് വംശജന്‍ ആയതില്‍ അഭിമാനിക്കുക എന്ന ആഹ്വാനത്തോടെ ഫ്രാന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് നാഷനല്‍ എന്ന വലതുപക്ഷ പാര്‍ടിയുടെ നേതാവ് ഴാങ് മേരി ലീ പെന്‍ ആയിടക്ക് നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ രണ്ടാമതെത്തുകയുണ്ടായി. സിദാനെപ്പോലെ അള്‍ജീരിയന്‍ വംശജനായ ഒരു മുസ്ളിം ഫ്രാന്‍സിന്റ പ്രതീകം ആയിത്തീരുന്നതില്‍ കടുത്ത അസഹിഷ്ണുതയാണ് ലീ പെന്‍ പ്രകടിപ്പിക്കുന്നത്. എന്നാല്‍ ലീ പെന്നിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ ഫ്രഞ്ച് പ്രസിഡണ്ട് ഴാക് ഷിറാക് പൂച്ചെണ്ടുകളും ആലിംഗനങ്ങളും കൊണ്ടാണ് സിദാനെ സ്വീകരിച്ചത്. ഹൃദയവും ലക്ഷ്യബോധവുമുള്ള ഒരു മഹാനാണ് സിദാന്‍ എന്ന് ഷിറാക് പ്രശംസിക്കുകയുമുണ്ടായി. ലോകത്ത് ഇന്നു നിലനില്‍ക്കുന്ന അമേരിക്കന്‍/സിയോണിസ്റ്/ഫാസിസ്റ് അധിനിവേശ മനോഭാവത്തിന്റെ പീഡിതശരീരമായാണ് സിദാന്‍ പ്രതീകവല്‍ക്കരിക്കപ്പെടുന്നത്. സിദാനെ തെറി പറഞ്ഞതിലും ആ തെറിയുടെ ഭാഷാഘടനയിലും അശ്ളീലധ്വനികളിലും ആഹ്ളാദിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു ഈ അധീശത്വത്തിന്റെ സാമാന്യബോധം എന്നു സാരം. സിദാന്‍ അപമാനിതനായി പുറത്താക്കപ്പെട്ടപ്പോള്‍ മുസ്ളിമും നീഗ്രോയും കമ്യൂണിസ്റ്റുമൊക്കെ അത്തരത്തിലേ പ്രതികരിക്കൂ, അതാണവന്റെ ജന്മസിദ്ധമായ വിധി എന്നു വ്യാഖ്യാനിക്കുകയും ചെയ്തു.

*
ജി. പി. രാമചന്ദ്രന്‍

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഫുട്ബാള്‍ വെറുമൊരു കളി മാത്രമാണോ? കോടികള്‍ മാറിമറയുന്ന, പ്രൊഫഷണല്‍ ക്ളബ്ബുകളും പരസ്യവരുമാനവും ടെലിവിഷന്‍ ലൈവ് സംപ്രേക്ഷണങ്ങളും വിപണനങ്ങളും അടങ്ങിയ വ്യാപാരമാണോ അത്? അതോ, ചരിത്രവും ചരിത്രത്തിലെ തെറ്റുതിരുത്തലും പ്രതികാരങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള പ്രതീതി യുദ്ധങ്ങളും ഗോത്രത്തനിമയുടെ പുനരായനവും എല്ലാം ഇടകലരുന്ന ഒരു ചലനാത്മക പ്രതിഭാസമോ? ഫുട്ബാള്‍ സംഗീതവും നൃത്തവും നാടകവും പ്രണയവും വീരാരാധനയും രാജ്യസ്നേഹവും രാജ്യദ്രോഹവും എല്ലാമെല്ലാമാണോ? ഉത്തരങ്ങളുണ്ട്, പക്ഷെ ഇല്ല.

നൂറു കോടിയില്‍ പരം ജനങ്ങളധിവസിക്കുന്ന ഇന്ത്യയിലെ ഫുട്ബാള്‍ ഇത്രയും നിലവാരം കുറഞ്ഞതായതെന്തുകൊണ്ട്? ലോകകപ്പിന്റെ ക്വാളിഫയിംഗ് റൌണ്ടില്‍ വെച്ചുതന്നെ അത് നിഷ്ക്കരുണം തള്ളപ്പെടുന്നതെന്തുകൊണ്ട്? ഈ കളിക്കുറവുകാരുടെ രാജ്യത്ത് പക്ഷെ ഫുട്ബാള്‍ വമ്പിച്ച ഹരമായി മനുഷ്യരുടെ മനസ്സിലും ശാരീരികാനന്ദത്തിലും ഉള്‍ച്ചേര്‍ന്നതെങ്ങനെ? മലയാളത്തനിമയുടെ ഘടകവിസ്താരങ്ങളില്‍ എന്നും മാറ്റി നിര്‍ത്തപ്പെടുന്ന മലപ്പുറത്തുകാര്‍ക്കുള്ളത്ര ഫുട്ബാള്‍ ഭ്രാന്ത് കൊല്‍ക്കത്തക്കാര്‍ക്കു കൂടിയുണ്ടാവുമോ എന്ന് സംശയമാണ്. ഫുട്ബാള്‍ രക്തത്തിലും ധമനികളിലും നിരന്തരസാന്നിദ്ധ്യമായ ലോകജനതയുടെ കാഴ്ചകള്‍, കാഴ്ചപ്പാടുകള്‍, വികാരങ്ങള്‍, ഉത്ക്കണ്ഠകള്‍, ആഹ്ളാദങ്ങള്‍, നിരാശകള്‍ എല്ലാം പ്രതിഫലിക്കുന്ന ഒരര്‍ത്ഥത്തില്‍ ഏറ്റവും മാനുഷികമായ ഒരു കായികപ്രകടനം എന്ന നിലക്ക് ഫുട്ബാള്‍, ചരിത്രത്തില്‍ പരിഗണിക്കപ്പെട്ടതെങ്ങനെ എന്ന അന്വേഷണമാണ് നാം മുന്നോട്ട് കൊണ്ടു പോകേണ്ടത്. അത്തരമൊരന്വേഷണം ഏതൊരു ചരിത്ര/രാഷ്ട്രീയ വിദ്യാര്‍ത്ഥിക്കും മനുഷ്യസ്നേഹിക്കും പ്രയോജനപ്രദമായിത്തീരുകയും ചെയ്യും.

Roby said...

മാറ്റെറാസിയോട് മരിച്ചാലും ക്ഷമ ചോദിക്കില്ല എന്ന് അടുത്ത കാലത്ത് ഒരു അഭിമുഖത്തില്‍ സിദാന്‍ പറയുകയുണ്ടായി. അന്ന് ഫ്രാന്‍സിന്റെ വിജയത്തിനായി, മാറ്റെറാസിയോടു പ്രതികരിക്കാതെയിരിക്കുകയും ഫ്രാന്‍സ് വിജയിക്കുകയും ചെയ്തിരുന്നുവെങ്കില്‍, താന്‍ പിന്നീടൊരിക്കലും സമാധാനത്തോടെ ഉറങ്ങില്ലായിരുന്നു എന്നു സിദാന്‍ പറഞ്ഞിരുന്നു. പേട്രിയോട്ടിസത്തിനും പ്രൊഫഷണലിസത്തിനും മുകളില്‍ സ്വന്തം ആത്മബോധത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞതുകൊണ്ടുകൂടിയാണു സിദാന്‍ വെറും കളിക്കാരന്‍ മാത്രമല്ലാതെ പോരാളിയായ മനുഷ്യനാകുന്നത്.