Tuesday, June 15, 2010

അമേരിക്കയ്‌ക്ക് വേണ്ടാത്തത് ഇന്ത്യക്ക്

രാജ്യത്തെ വിദ്യാഭ്യാസമേഖലയിലാകെ അടിമുടി മാറ്റംവരുത്താന്‍ സാധ്യതയുള്ള നിരവധി നിയമനിര്‍മാണ നടപടികളുമായി കേന്ദ്രം മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കയാണ്. ഇവയില്‍ വിദ്യാഭ്യാസ അവകാശനിയമം, വിദേശ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്ന ബില്ല് തുടങ്ങിയവ വിമര്‍ശനപരമായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ ഗവേഷണ മേഖലയില്‍ വലിയ പ്രത്യാഘാതത്തിന് ഇടയാക്കാന്‍ പോകുന്ന പ്രൊട്ടക്ഷന്‍ ആന്‍ഡ് യൂട്ടിലൈസേഷന്‍ ഓഫ് പബ്ളിക് ഫണ്ടഡ് റിസര്‍ച്ച് ബില്ലിനെപ്പറ്റി (Protection and Utilisation of public funded intelectual property bill: PUPFIP Bill 2008) കാര്യമായ ചര്‍ച്ച നടന്നതായി കാണുന്നില്ല. 2008ല്‍ തയ്യാറാക്കുകയും വീണ്ടും പരിഗണനയ്‌ക്കെടുത്തിട്ടുള്ളതുമായ അതില്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം സ്വീകരിച്ച് നടക്കുന്നവയും വാണിജ്യപ്രാധാന്യമുള്ളവയുമായ ഗവേഷണങ്ങളുടെ ഫലം നിര്‍ബന്ധമായും പേറ്റന്റ് ചെയ്യേണ്ടതാണെന്ന് നിഷ്‌ക്കര്‍ഷിക്കുന്നു.

അമേരിക്കയില്‍ 1980ല്‍ നടപ്പാക്കുകയും വിവാദത്തെത്തുടര്‍ന്ന് മാറ്റങ്ങള്‍ക്കു വിധേയമാക്കപ്പെടുകയും ചെയ്‌ത ബേ-ഡോള്‍ ആക്ടിന്റെ (Bayh-Dole Act)ചുവടുപിടിച്ചാണ് ബില്‍ തയ്യാറാക്കിയിട്ടുള്ളത്. അമേരിക്കന്‍ സര്‍വകലാശാലയില്‍ നടക്കുന്ന ഗവേഷണങ്ങളുടെ ഫലമായുണ്ടാവുന്ന കണ്ടുപിടിത്തങ്ങള്‍ സര്‍ക്കാരാണ് പേറ്റന്റ് ചെയ്‌തുകൊണ്ടിരുന്നത്. ഇവയില്‍ വളരെ കുറച്ചു ശതമാനം കണ്ടുപിടിത്തങ്ങളെ മാത്രമേ ഉല്‍പ്പന്നങ്ങളാക്കി മാര്‍ക്കറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളു. അവിടുത്തെ സര്‍വകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നടക്കുന്ന ഗവേഷണങ്ങളുടെ നേട്ടം ചില ശാസ്‌ത്രജ്ഞര്‍ വന്‍കിട കമ്പനികളുമായി ചേര്‍ന്ന് വാണിജ്യവല്‍ക്കരിക്കാനും തുടങ്ങിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ബിര്‍ച്ച് ബേ, ബോബി ഡോള്‍ എന്നീ സെനറ്റര്‍മാര്‍ ചേര്‍ന്നു തയ്യാറാക്കിയ ആക്ട് പ്രാബല്യത്തില്‍ വന്നത്.

നല്ല ഉദ്ദേശ്യത്തോടെയാണ് നടപ്പാക്കിയതെങ്കിലും ബേ-ഡോള്‍ ആൿട് പ്രാബല്യത്തില്‍ വന്നതിനെത്തുടര്‍ന്ന് അമേരിക്കയിലെ സര്‍വകലാശാല ഗവേഷണവും ഗവേഷണഫലങ്ങളുടെ വാണിജ്യവല്‍ക്കരണവും നിരവധി പ്രതിസന്ധികളെ നേരിട്ടു തുടങ്ങി. സര്‍വകലാശാലകള്‍ പേറ്റന്റെടുത്തു കഴിഞ്ഞാലും അവയുടെ ഫലമായി ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വില്‍ക്കാനുള്ള ലൈസന്‍സ് കുത്തകക്കമ്പനികള്‍ക്ക് നല്‍കുകയാണ്. കമ്പനികളാവട്ടെ വന്‍ വിലയ്‌ക്കാണ് ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുക. ഔഷധവ്യവസായ രംഗത്താണ് ഇത് വലിയ പ്രത്യാഘാതങ്ങള്‍ക്കു കാരണമായത്. അമേരിക്കയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതു സ്ഥാപനങ്ങളിലെ ഗവേഷണഫലമായാണ് പല നവീന ഔഷധങ്ങളും കണ്ടുപിടിച്ചത്. എയ്‌ഡ്‌സിനുള്ള സിഡുവിഡിന്‍, സ്‌തനാര്‍ബുദത്തിനുള്ള ടാക്സോള്‍ തുടങ്ങിയ മരുന്നുകള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സറിലാണ് വികസിപ്പിച്ചെടുത്തിട്ടുള്ളതും. ഇവ മാര്‍ക്കറ്റ് ചെയ്യാന്‍ ലൈസന്‍സ് നേടിയ ബ്രിസ്റ്റോള്‍ മേയര്‍ തുടങ്ങിയ കമ്പനികളുടെ മരുന്നുകള്‍ സമ്പന്ന അമേരിക്കക്കാര്‍ക്കുപോലും താങ്ങാനാവാത്ത വിലയ്‌ക്കാണ് വിറ്റുവരുന്നത്.

നികുതിപ്പണം വിനിയോഗിച്ച് സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന ഗവേഷണഫലങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നാട്ടുകാര്‍ വീണ്ടും പണം മുടക്കേണ്ടിവരുന്നത് ശരിയല്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മരുന്നുകമ്പനികള്‍ക്കു പകരമായി ലോകാരോഗ്യസംഘടനയ്‌ക്ക് വിലകുറച്ച് ഔഷധങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ലൈസന്‍സ് നല്‍കണമെന്നാണ് ജനകീയപ്രസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്.

ബേ-ഡോള്‍ ആൿടിന്റെ മറ്റൊരു പ്രത്യാഘാതം സര്‍വകലാശാല ഗവേഷണമേഖലയുടെ സ്വതന്ത്രസ്വഭാവവും തനിമയും സത്യാന്വേഷണ അടിത്തറയും നിക്ഷ്പക്ഷതയും മുന്‍ഗണനാക്രമങ്ങളുമെല്ലാം അട്ടിമറിക്കപ്പെട്ടുവെന്നതാണ്. പേറ്റന്റ് ചെയ്ത മരുന്നുകമ്പനികളുമായി സാമ്പത്തികബന്ധം സ്ഥാപിക്കാനുതകുന്ന ഗവേഷണ മേഖലയ്‌ക്ക് ശാസ്‌ത്രജ്ഞരില്‍ പലരും ഊന്നല്‍ നല്‍കാന്‍ തുടങ്ങി. അടിസ്ഥാന ഗവേഷണങ്ങളെക്കാള്‍ പെട്ടെന്ന് സാമ്പത്തിക നേട്ടം കൈവരിക്കാന്‍ കഴിയുന്ന പ്രയുക്തഗവേഷണ മേഖലയ്‌ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ തുടങ്ങി. പേറ്റന്റ് നല്‍കുന്നതുവരെ ഗവേഷണ പുരോഗതി പ്രസിദ്ധീകരിക്കുന്നത് മാറ്റിവയ്‌ക്കാന്‍ തുടങ്ങിയതോടെ വിജ്ഞാനവ്യാപാനം തടസ്സപ്പെട്ടു. സര്‍വകലാശാലകളിലും മറ്റും അവശ്യം വേണ്ട അക്കാദമിക സുതാര്യത നഷ്ടപ്പെടുകയും പരസ്പരം സഹകരിച്ചുള്ള ഗവേഷണത്തിന്റെ സ്ഥാനത്ത് വ്യക്തികേന്ദ്രീകൃതമായ രീതികള്‍ നിലവില്‍വരാന്‍ തുടങ്ങുകയും ചെയ്തു. സര്‍വകലാശാലകളും ഗവേഷകരും വന്‍കിട കമ്പനികളുമായുള്ള അനഭിലഷണീയങ്ങളായ വാണിജ്യബന്ധം ശക്തിപ്പെടാന്‍ തുടങ്ങി.

ഔഷധ ഗവേഷണമേഖലയിലാണ് പ്രധാനമായും ബേ-ഡോള്‍ ആൿട് പ്രതിസന്ധി സൃഷ്‌ടിച്ചത്. ഈ രംഗത്തു നിലനില്‍ക്കുന്ന സ്ഥിതിവിശേഷത്തെ 90/10 എന്നാണ് വിശേഷിപ്പിക്കപ്പെടാറുള്ളത്. 10 ശതമാനം സമ്പന്നര്‍ക്ക് പ്രയോജപ്പെടുന്ന മേഖലകളിലെ ഗവേഷണങ്ങള്‍ക്കായാണ് 90 ശതമാനം തുകയും വന്‍കിട കമ്പനികള്‍ ചെലവിടുന്നതെന്നാണ് ഉദ്ദേശിക്കുന്നത്. പൊതു സ്ഥാപനങ്ങളിലെ ഗവേഷണഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഉല്‍പ്പാദനം നടത്താന്‍ കുത്തകകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതോടെ 90/10 പ്രവണത ശക്തിപ്പെടും. വന്‍കിട കമ്പനികളുടെ താല്‍പ്പര്യപ്രകാരം ഗവേഷണമേഖല തെരഞ്ഞെടുക്കാനും മുന്‍ഗണന നിശ്ചയിക്കാനും ശാസ്‌ത്രജ്ഞര്‍ നിര്‍ബന്ധിതരാകുന്നതുകൊണ്ടാണിത്.

സര്‍വകലാശാലകള്‍ക്കും ഗവേഷണസ്ഥാപനങ്ങള്‍ക്കും സാമ്പത്തിക സ്വയംപര്യാപ്‌തത കൈവരിക്കുന്നതിനും ഉദ്യോഗസ്ഥ നിയന്ത്രണങ്ങളില്‍നിന്നു മുക്തരായി സ്വയംഭരണാവകാശം നിലനിര്‍ത്തുന്നതിനും വ്യവസായസ്ഥാപനങ്ങളുമായുള്ള സാമ്പത്തിക സഹകരണത്തിലൂടെ സാധിക്കുമെന്നു വാദിക്കുന്നവരുമുണ്ട്. ബേ-ഡോള്‍ ആൿടിനെത്തുടര്‍ന്നുള്ള സ്ഥിതിഗതി വിലയിരുത്തിയ പല ഏജന്‍സികളും വെളിപ്പെടുത്തിയത് ഗവേഷണഫലങ്ങളുടെ പേറ്റന്റിലൂടെ മൊത്തം വരുമാനത്തിന്റെ ഏഴു ശതമാനം മാത്രമാണ് ഗവേഷണസ്ഥാപനങ്ങള്‍ക്കു ലഭിച്ചതെന്നാണ്. പേറ്റന്റ് രജിസ്‌ട്രേഷനും ഇതുമായി ബന്ധപ്പെട്ട് ഉടലെടുത്ത കേസുകള്‍ക്കും മറ്റുമായി വന്‍ തുക ചെലവിട്ട് സാമ്പത്തികപ്രതിസന്ധി നേരിട്ട നിരവധി സ്ഥാപനങ്ങളുമുണ്ട്. ഇന്ത്യയിലെ കൌണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ചിന്റെ (സിഎസ്ഐആര്‍) കീഴിലെ ഗവേഷണസ്ഥാപനങ്ങളുടെ അനുഭവവും മറിച്ചല്ല. 2004-2005 കാലത്ത് സിഎസ്ഐആര്‍ ഗവേഷണസ്ഥാപനങ്ങള്‍ക്ക് കമ്പനികളില്‍നിന്ന് അഞ്ചുകോടിരൂപ ലൈസന്‍സിനത്തില്‍ ലഭിച്ചെങ്കിലും ഇരട്ടി പേറ്റന്റ് ഫില്ലിങ്ങിനും മറ്റുമായി ചെലവിടേണ്ടിവന്നു.

ബേ-ഡോള്‍ ആൿട് സൃഷ്‌ടിച്ച അക്കാദമിക് സാമൂഹിക പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ള ജനകീയ സ്വഭാവമുള്ള ഇടപെടലുകളും അമേരിക്കയില്‍ നടക്കുന്നുണ്ട്. പേറ്റന്റ് ചെയ്ത ഉല്‍പ്പന്നങ്ങള്‍ ഒരു പ്രത്യേക കമ്പനിക്കു മാത്രമായി കുത്തക വിപണനാധികാരം നല്‍കുന്നത് ഒഴിവാക്കി ചെറുകിട കമ്പനികള്‍ക്ക് കുറഞ്ഞ ലൈസന്‍സ് ഫീസ് ഈടാക്കി നല്‍കലാണ് ഒരു രീതി. ഗവേഷണ ഫലങ്ങള്‍ പേറ്റന്റ് ചെയ്യുമെങ്കിലും എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന പൊതു വെബ് സൈറ്റുകളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും ലഭ്യമാക്കാനുള്ള ശ്രമവും നടന്നുവരുന്നുണ്ട്. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം മുന്നോട്ടുവച്ച വിജ്ഞാനത്തിന് സ്വാതന്ത്ര്യം എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ജനിതകവിവരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കി ഓപ്പണ്‍ ബയോളജി എന്നു വിളിക്കുന്ന വിജ്ഞാന പങ്കിടല്‍പ്രസ്ഥാനവും വളര്‍ന്നുവരികയാണ്.

ഗവേഷണഫലങ്ങളുടെ കുത്തകവല്‍ക്കരണത്തിനും വാണിജ്യവല്‍ക്കരണത്തിനുമെതിരെ നടക്കുന്ന പോരാട്ടങ്ങളില്‍നിന്നൊന്നും പാഠം ഉള്‍ക്കൊള്ളാതെയാണ് അമേരിക്കയില്‍ത്തന്നെ പരാജയപ്പെട്ട ബേ-ഡോള്‍ ആൿടില്‍ വെള്ളംചേര്‍ത്ത പതിപ്പ് ഇന്ത്യയില്‍ നടപ്പാക്കാന്‍ പോകുന്നത്. അടുത്തകാലത്ത് സാമൂഹ്യ പ്രതിബദ്ധതയുള്ള ശാസ്‌ത്രജ്ഞരും പൊതു സ്ഥാപനങ്ങളും ഗവേഷണത്തെ ജനകീയവല്‍ക്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അവഗണിച്ചാണിത്. ക്ഷയത്തിനു കാരണമായ ബാൿടീരിയയുടെ ജനിതകഘടന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച് ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍ മാതൃകകാട്ടിയിരിക്കയാണ്. കൌണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഓപ്പണ്‍ സോഴ്‌സ് ഡ്രഗ് ഡിസ്‌ക്കവറിയും ഔഷധ ഗവേഷണരംഗത്തെ വിവരവിനിമയം ജനാധിപത്യവല്‍ക്കരിക്കുന്നതിനും വിലകുറഞ്ഞ ഔഷധങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് ജനങ്ങള്‍ക്കെത്തിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ്.

അമേരിക്കയില്‍പ്പോലും ബേ-ഡോള്‍ ആൿടിന്റെ പരിമിതികള്‍ മുറിച്ചുകടക്കുന്നതിനും സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന ഗവേഷണഫലങ്ങള്‍ സ്വകാര്യമേഖല വാണിജ്യ താല്‍പ്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, ഗവേഷണ വിവരങ്ങള്‍ പൊതു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഓപ്പണ്‍ അൿസസ് രീതിക്ക് നിയമപ്രാബല്യം നല്‍കുന്ന കണ്‍സോളിഡേറ്റഡ് അപ്രോപ്രിയേഷന്‍ ബില്ലിന് പ്രസിഡന്റ് അനുമതി നല്‍കിക്കഴിഞ്ഞു.

*****

ഡോ. ബി ഇൿബാല്‍, കടപ്പാട് : ദേശാഭിമാനി വാരാന്തപ്പതിപ്പ്

2 comments:

വര്‍ക്കേഴ്സ് ഫോറം said...

നല്ല ഉദ്ദേശ്യത്തോടെയാണ് നടപ്പാക്കിയതെങ്കിലും ബേ-ഡോള്‍ ആൿട് പ്രാബല്യത്തില്‍ വന്നതിനെത്തുടര്‍ന്ന് അമേരിക്കയിലെ സര്‍വകലാശാല ഗവേഷണവും ഗവേഷണഫലങ്ങളുടെ വാണിജ്യവല്‍ക്കരണവും നിരവധി പ്രതിസന്ധികളെ നേരിട്ടു തുടങ്ങി. സര്‍വകലാശാലകള്‍ പേറ്റന്റെടുത്തു കഴിഞ്ഞാലും അവയുടെ ഫലമായി ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വില്‍ക്കാനുള്ള ലൈസന്‍സ് കുത്തകക്കമ്പനികള്‍ക്ക് നല്‍കുകയാണ്. കമ്പനികളാവട്ടെ വന്‍ വിലയ്‌ക്കാണ് ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുക. ഔഷധവ്യവസായ രംഗത്താണ് ഇത് വലിയ പ്രത്യാഘാതങ്ങള്‍ക്കു കാരണമായത്. അമേരിക്കയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതു സ്ഥാപനങ്ങളിലെ ഗവേഷണഫലമായാണ് പല നവീന ഔഷധങ്ങളും കണ്ടുപിടിച്ചത്. എയ്‌ഡ്‌സിനുള്ള സിഡുവിഡിന്‍, സ്‌തനാര്‍ബുദത്തിനുള്ള ടാക്സോള്‍ തുടങ്ങിയ മരുന്നുകള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സറിലാണ് വികസിപ്പിച്ചെടുത്തിട്ടുള്ളതും. ഇവ മാര്‍ക്കറ്റ് ചെയ്യാന്‍ ലൈസന്‍സ് നേടിയ ബ്രിസ്റ്റോള്‍ മേയര്‍ തുടങ്ങിയ കമ്പനികളുടെ മരുന്നുകള്‍ സമ്പന്ന അമേരിക്കക്കാര്‍ക്കുപോലും താങ്ങാനാവാത്ത വിലയ്‌ക്കാണ് വിറ്റുവരുന്നത്.

Anonymous said...

ഇന്ത്യയിലെ ഗവേഷണത്തെ പറ്റി ശ്രീ ഇക്ബാലിനു അറിയാത്തതല്ലല്ലോ , ഇവിടെ തൊണ്ണൂറ്റി ഒന്‍പതു ശതമാനം ഗവേഷണവും യു ജീ സി സ്കെയില്‍ കിട്ടാന്‍ വേണ്ടി കട്ട്‌ ആന്‍ഡ്‌ പേസ്റ്റ്‌ ടെക്നോളജി ഉപയോഗിച്ച്‌ നടാത്തുന്നതാണു ,അതായത്‌ മറ്റാരെങ്കിലും പ്റസിധീകരിച്ചത്‌ കോപ്പി അടിക്കുക, ഇപ്പോള്‍ ഇണ്റ്ററ്‍നെറ്റ്‌ ഉള്ളതിനാല്‍ ഇതു വളരെ എളുപ്പവും ആണു. ശ്രീമതി സിന്ധു ജോയിക്കു ഡോക്ടറേറ്റു കിട്ടിയത്‌, എങ്ങിനെയെന്നുള്ള വിഷയം , മറ്റൊരു ഡോക്ടറേറ്റിനു സ്കോപ്പുള്ളതാണു , ഇന്ത്യന്‍ ഗവേഷണം കൊണ്ട്‌ ഐ ഐ റ്റിയില്‍ പോലും കാര്യമായ പ്റയോജനം ഉള്ള എന്തെങ്കിലും മെഷീനോ എന്തിനു മണ്ണെണ്ണ ഒഴിക്കാനുള്ള ഒരു ചോറ്‍പ്പു പോലും ഉണ്ടക്കിയതായി അറിവില്ല, അമേരിക്കന്‍ മരുന്നു കമ്പനികള്‍ ചവച്ചു തുപ്പി കിട്ടിയ പേറ്റണ്റ്റ്‌ വച്ചുള്ള മരുന്നുകളേ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുള്ളു, ആയുറ്‍വേദം ആണു നമ്മള്‍ക്കു തനതായ ഗവേഷണം നടത്താന്‍ ചാന്‍സുള്ള മേഖല അവിടെയും ഡോകടറേറ്റു കിട്ടിയ ഗവേഷകന്‍മാറ്‍ പുതിയ ഒരു മരുന്നും കണ്ടു പിടിച്ചിട്ടില്ല , അക്കണക്കിനു ഇക്ബാല്‍ സറ്‍ ആവശ്യമില്ലാതെ ബേജാറാവുകയല്ലേ? ശ്രീ ബീ ഇക്ബാലിണ്റ്റെ ചിന്തകളാണു ആരോഗ്യവകുപ്പിലെ പുതിയ പല പരീക്ഷണങ്ങളെയും സ്വാധീനിച്ചിട്ടുള്ളത്‌, അതെല്ലാം കൂട്ടക്കുഴപ്പം ആണു, കേരളത്തിലെ പനിക്കു എന്തെങ്കിലും പ്റതിവിധി കണ്ടു പിടിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷകറ്‍ക്കു കഴിയുമോ?